Monday, December 11, 2023

ക്ഷേത്ര പുനരുദ്ധാരണ‌മോ ഉദ്ധരണമോ ?

 ക്ഷേത്ര പുനരുദ്ധാരണ‌മോ ഉദ്ധരണമോ ?

ഇന്ന് ദക്ഷിണേശ്വരത്തെ കാളീ ക്ഷേത്രത്തിലാണ്.
ഭാരതത്തിലെ അനേകം ക്ഷേത്രങ്ങളിലൂടെയും തീർഥ സ്ഥാനങ്ങളിലൂടേയും കുറച്ചു ദിവസങ്ങളായി യാത്ര ചെയ്യുകയാണ്. അപൂർവമായി കിട്ടുന്നതാണ് ഇത്തരം യാത്രകൾ എന്നതിൽ സംശയമില്ല..
പക്ഷെ ഇതിനൊപ്പം തന്നെ വ്യക്തിപരമായി അലട്ടിയതും ഈ യാത്രയാണ്.
അതിന് കാരണം ഇന്നു ക്ഷേത്രത്തെ സംരക്ഷിക്കുകയാണെന്ന് പറയുന്ന ക്ഷേത്രോദ്ധാരണ പ്രവൃത്തികളെ കാണുമ്പോഴാണ്. ഏകദേശം ഇരുപതു വർഷം മുന്പ് കണ്ട ക്ഷേത്രങ്ങളുടെ അവസ്ഥ ഇന്ന് കാണുമ്പോൾ പറയാൻ വാക്കുകളില്ല...
ഭദ്രീനാഥിലെ കുബേര ക്ഷേത്രത്തിലായാലും ഹരിയാനയിലെ കുരുക്ഷേത്രത്തിലായാലും, യുപിയിലെ ക്ഷേത്രങ്ങളിലായാലും ഇന്നു ക്ഷേത്ര പുനരുദ്ധാരണത്തിന് ഉപയോഗിക്കുന്നത് രാജസ്ഥാനി മാർബിളുകളാണ്. ഓരോ ദേശത്തും, ദേവനെ മാത്രമല്ല, അവിടെയുള്ള സംസ്കാരത്തെ പ്രകടമാക്കുന്ന ക്ഷേത്ര നിർമ്മിതികളും കൂടി കാണാനായിട്ടാണ് നാം പോകുന്നത്. അത് പല സ്ഥലത്തും പല തരത്തിലുള്ള സാധന സാമഗ്രികളെ വച്ചാണ് ഉണ്ടാക്കുക. അത് കല്ലാകാം, മരമാകാം, കരിങ്കല്ലുകളില് തന്നെയുള്ള കൊത്തു പണികളാകാം, ഇതെല്ലാം ചേര്ത്ത് കൊണ്ടുള്ളതുമാകാം. ചിലര് സിമന്റ് വച്ച് അല്ലെങ്കിൽ മണ്ണുകൊണ്ട്. അതാണ് ദേശജമായ വ്യത്യസ്തതകൾ. പക്ഷെ ഇന്ന് ജനങ്ങൾക്ക് സൌകര്യമൊരുക്കുന്നതെന്ന പേരിൽ മനോഹരമായ പഴയ നിർമ്മിതികളെ എല്ലാം തച്ചുടച്ച് ഒരു മാർബിൾ, അല്ലെങ്കിൽ ഒരു കോൺക്രീറ്റ് കെട്ടിടത്തിന്റെ തലത്തിലേക്ക് ക്ഷേത്രങ്ങളെ ഏകദേശം എത്തിച്ചിട്ടുണ്ട്.
ഒരു അൻപത് വർഷം കൂടി കഴിഞ്ഞാൽ, ഇത്തരത്തിൽ പോകുകയാണെങ്കിൽ ഏതെങ്കിലും ഒരു സ്ഥലത്തെ ക്ഷേത്ര ദർശനം മതിയാകും നമുക്ക്. കാരണം ക്ഷേത്ര വൈവിധ്യം എന്നത് ഭാരതത്തിലുണ്ടാകില്ല. മനോഹരമായ നിർമ്മിതികളെല്ലാം കളഞ്ഞ് മനോഹരമായ രാജസ്ഥാന് മാർബിളുകളായി മാറ്റപ്പെട്ടിട്ടുണ്ടാകും. അല്ലെങ്കിൽ കോംപ്ലക്സുകൾ. നൂറു വർഷം കഴിഞ്ഞ് സംസ്കാരത്തെ കുറിച്ച് റിസര്ച്ച് നടത്താൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ മുൻപിൽ ആകെ ഈ മാർബിളുകളുടെയും കെട്ടിടങ്ങളുടേയും കൂമ്പാരം മാത്രമാകും ഭാരതീയ സംസ്കൃതിയെന്നത്.
തീർച്ചയായും ക്ഷേത്ര പുനരുദ്ധാരണം ആവശ്യമാണ്. പക്ഷെ അത് ഉള്ളതിനെ തകർത്തു കൊണ്ടാകരുത്. അതിനെ അതേ രീതിയിൽ സംരക്ഷിക്കുകുയും തുടർന്ന് അത് നശിക്കാതെ നിലനിർത്തുന്നതിനെയുമാണ് പുനരുദ്ധാരണമെന്ന് പറയുന്നത്. അല്ലാതെ ഉള്ളതിനെ തകർത്ത് പുതിയത് ഉണ്ടാക്കിയാൽ ഒരിക്കലും പുനരുദ്ധാരണം ആകില്ലായെന്നത് എന്നാണ് ഈ ചെയ്യുന്നവർക്ക് മനസ്സിലാകുക.
കേരളത്തിൽ ആയാൽ പോലും ഇത്തരത്തിലുള്ള പുനരുദ്ധാരണം പകുതിയിലധികം ആയികഴിഞ്ഞു. കാവുകളും ക്ഷേത്രങ്ങളും മടപ്പുരകളും എല്ലാം വ്യത്യസ്തമായ ദേശ സംസ്കാരത്തെ പ്രകടമാക്കുന്നതാണ്. ഇന്നത്തെ പോലെ വലിയ ക്ഷേത്രങ്ങളുണ്ടാക്കാൻ കെല്പില്ലാത്തവരായിരുന്നില്ല ഈ കാവുകളുണ്ടാക്കിയവരാരും തന്നെ. ജ്യോതിഷമോ തന്ത്രമോ ശാസ്ത്രങ്ങളോ അറിയാത്തവരോ ആയിരുന്നില്ല. എന്നിട്ടും അങ്ങിനെയൊന്ന് ചെയ്തെങ്കിൽ അതിന് ആ ദേശത്തിനോട് ചേർന്ന് നിൽക്കുന്ന കാരണം ഉണ്ടാകും. ഈ ക്ഷേത്രത്തിൽ ആചാര്യന്മാർ ആ ദേശത്തിലെ തങ്ങളുടെ കലകളെയും ആചാരങ്ങളേയും വിചാരങ്ങളേയും എല്ലാം യോജിപ്പിച്ചിട്ടുണ്ട്. ആ കലകളും സംസ്കാരവും കൂടിയാണ് ഇത്തരത്തിലുള്ള പുനഃസൃഷ്ടിയിലൂടെ നശിക്കുന്നത്. അതിനെ അതിന്റെ തനിമയിലൂടെ നിലനിർത്തുന്നതിന് പകരം നേരേ വിപരീതമായി ആണ് ഇന്ന് ചെയ്യുന്നത് എങ്കിൽ അതിന് ഒരു വ്യക്തിയെയല്ല കുറ്റം പറയേണ്ടത് നാം ഓരോരുത്തരേയും തന്നെയാണ്.
എന്തായിരിക്കും നാളെകളുടെ അവസ്ഥ..എങ്ങിനെയാണ് വരും കാലങ്ങളിൽ നമ്മളുടെ കുട്ടികളെ സംസ്കാരത്തെ കാണിച്ചു കൊടുക്കുക. ഈ വൈവിധ്യങ്ങളാണ് മനോഹാരിതയെന്ന് ആരാണ് ആർക്കാണ് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഒരു കാവു കാണണമെന്ന് പറഞ്ഞാൽ. ഒരു ക്ഷേത്രം ഒരു കാവ് കൊട്ടം ഇവയുടെ വ്യത്യസ്തതകൾ എന്താണ് എന്ന് എങ്ങിനെയാണ് പറഞ്ഞു കൊടുക്കുക..
വ്യക്തിഗതമായ അനുഭവം, വീടിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ കാലങ്ങൾക്കു ശേഷം ചെന്നപ്പോൾ, അവിടെയുള്ള ആളു തരാൻ ശ്രമിച്ചത് തുളസീ തീർഥം. അവിടെ ചെറുപ്പം മുതൽ തൊഴുന്നവർക്ക് അറിയാം ഗുരുതിയാണ് അവിടെ തരുക എന്നത്. അവിലും മലരും ശർക്കരയും പഴവും ഇന്ന് അവിടെയില്ല. ദ്രവ്യം മാറി.. ദേവതാ ഭാവം സാത്ത്വികമാക്കാൻ വേണ്ടിയാണത്രേ.. ഒരു ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞാൽ എങ്ങിനെയാണ് ഇവിടെത്തെ ക്ഷേത്ര സംസ്കാരത്തെ മനസ്സിലാക്കാനാകുക.
ശരിക്കും നോക്കിയാൽ ഒരു കാലത്ത് ശത്രുക്കളാൽ ക്ഷേത്രം നാശോന്മുഖമായി എങ്കിൽ... ഇന്ന് എല്ലാം അറിഞ്ഞവരാണെന്ന് മേനി പറഞ്ഞു നടക്കുന്ന നാം തന്നെ സ്വന്തം സംസ്കാരത്തിന്റെ കടക്കൽ കത്തി വച്ചു കഴിഞ്ഞു. ഇത് ക്ഷേത്രോദ്ധാരണമാണോ ക്ഷേത്രോദ്ധരണമാണോ എന്ന് മാത്രമേ സംശയമുള്ളൂ..

No comments:

Post a Comment