Monday, December 11, 2023

സൌന്ദര്യലഹരി....

 സൌന്ദര്യലഹരി....

ജഗത് സ്വരൂപിണിയായ ദേവിയുടെ സൌന്ദര്യത്തെ വർണിക്കുവാൻ സാക്ഷാത് പരമേശ്വരനു പോലും സാധ്യമല്ലായെന്നാണ് പറയുന്നത്... ഇവിടെ ചോദ്യം എന്താണ് ദേവിയുടെ വിവരിക്കുവാൻ പോലും സാധ്യമാകാത്ത സൌന്ദര്യം...
അന്തർമുഖസമാരാധ്യയും ശരീരത്തിൽ കുണ്ഡലിനീ സ്വരൂപത്തിൽ വിരാജിക്കുന്നവളെന്നും, ശിവശക്തിരൂപിണിയായ ശ്രീചക്രേശ്വരിയായിട്ടും, പ്രകൃതിരൂപിണിയായിട്ടും വിളങ്ങുന്ന ദേവിയെ ഏത് തരത്തിലാണ് സൌന്ദര്യമെന്ന പദത്തിലേക്ക് ആചാര്യൻ യോജിപ്പിച്ചിരിക്കുന്നത്....
ഇതിനെ വളരെ സരളമായി തന്നെ നമുക്ക് മനസ്സിലാക്കാനാകും...
ഒരു അമ്മയുടെ സൌന്ദര്യമെന്താണ്.. അത് സ്ഥൂലമായ ഒന്നാണോ തീർച്ചയായും അല്ല എന്നതിൽ നമുക്ക് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടതായി വരില്ല.. അപ്പോൾ ശ്രീമാതയായ സാക്ഷാത് പരമേശ്വരിയുടെ രൂപസൌന്ദര്യത്തെ ആചാര്യൻ ഏത് ഭാവത്തെയാണ് യോജിപ്പിച്ചിട്ടുണ്ടാകുക. സംശയമെന്താണ് അത് ആ മാതൃഭാവത്തെ തന്നെയായിരിക്കും..
അതെങ്ങിനെയാണ് ..
എന്താണ് ഒരു അമ്മയുടെ സ്വരൂപം...കരുണ.. ആർദ്രത... അത് ഒരു അമ്മയിലല്ലാതെ മറ്റാരിലാണ് കാണുക.. അതാണ് അമ്മയെ അമ്മയാക്കുന്നത്... അതു തന്നെയാണ് അമ്മയുടെ സൌന്ദര്യവും.. കരുണാമൂർത്തിയാണ് ദേവിയെന്നു പറയുമ്പോൾ തന്നെ അത് അമ്മയായിട്ടാണ് നാം പറയുന്നത്.. തന്നാൽ സൃഷ്ടിക്കപ്പെട്ടതിനോട്, മക്കളോട് ഒരു അമ്മയ്കുണ്ടാകുന്ന ചിത്തത്തിന്റെ ആർദ്രതയെയാണ് അത് പ്രകടമാക്കുന്നത്. ഇതു തന്നെയാണ് നമ്മുടെ അമ്മയെ കാണുമ്പോൾ ആ മാതൃഭാവത്തിന്റെ ആർദ്രതയെ കൊണ്ട്, അന്നം തരുമ്പോൾ എല്ലാം നമ്മുടെ ഉള്ളിൽ ചിത്തം ആർദ്രമാകുന്നത്... ഇതാണ് ഒരു അമ്മയുടെ സൌന്ദര്യം..
ഉന്ദ് ധാതുവിൽ നിന്നു വന്നിരിക്കുന്ന സൌന്ദര്യത്തിന്റെ അർഥവും ക്ലേദനത്തെ ഉണ്ടാക്കുന്നത് അഥവാ ആർദ്രമാക്കുന്നത് എന്നാണ്. ഇതിനോട് ലഹരിയെന്ന പദത്തിന്റെ തിരമാലകളെന്ന അർഥത്തെ യോജിപ്പിച്ചാൽ ഒരിക്കലും നിലക്കാത്ത തിരമാല പോലെ ലോകത്തിന് ആർദ്രതയെ, ജീവനെ പ്രദാനം ചെയ്യുന്ന ആ അമ്മയുടെ ആ മാതൃഭാവത്തെ ആചാര്യൻ യോജിപ്പിച്ചിരിക്കുകയാണ്...സൃഷ്ടിയിൽ ഒന്നു മാത്രമാണ് ഒരിക്കലും മായാതെ സ്ഥിരമായി നിൽക്കുന്നത് അത് പ്രകൃതിയുടെ ഈ മാതൃഭാവമാണ്.. അതാണ് അമ്മയുടെ സൌന്ദര്യവും...
ഇത് സ്ഥൂലമായ ഭാവത്തിൽ സ്വീകരിച്ചാൽ..എന്താണ് ഇതിന്റെ സൂക്ഷ്മമായ വശം ...
കൃത്യമായി സൃഷ്ടിക്കപ്പെട്ടുന്ന അംഗങ്ങളുടെ സന്നിവേശനമാണ് സൌന്ദര്യം എന്ന് നമുക്ക് അറിയാം. അത് സ്ഥൂലമായി സ്വീകരിക്കുമ്പോൾ നാം ബാഹ്യമായ അവസ്ഥയെ സ്വീകരിക്കുന്നു എന്നു മാത്രം. ഈ സുന്ദരശബ്ദത്തിന് സുഷ്ഠു ഉനത്തി ആർദ്രീകരോതി ചിത്തമിതി എന്നാണ് സമാസം. ചിത്തത്തെ ഏറ്റവും നന്നായി ആർദ്രീകരിക്കുന്നത് എന്തോ അതാണ് സൌന്ദര്യം. ഇവിടെ ദേവിയെങ്ങിനെയാണ് ചിത്തത്തെ ആർദ്രീകരിക്കുന്നത്.
ഷോഡശിയായി നാം പൂജിക്കുന്ന അതേ ദേവിയാണ് പതിനാറാമത്തെ കലയായി അമായിലൂടെ പ്രവേശിച്ച് പൂർവാഹ്നത്തിൽ അർക്കനിലും മധ്യാഹ്നത്തിൽ വനസ്പതിയിലും അപരാഹ്നത്തിൽ അപ്സുക്കളിലും പ്രവേശിച്ച് ജലരൂപത്തിൽ പ്രവേശിച്ച സോമന്റെ അമൃതകലയായി തൃണം ഗുല്മം ലതാ വൃക്ഷാദികളായ അന്ന സ്വരൂപിണിയായി മാറുന്നത്.
ഈ അന്നം ആണ് മനുഷ്യൻ കഴിക്കുമ്പോൾ, ശരീരത്തിൽ രസം ആയും രക്തമായും മാറി ആർദ്രതയെ പ്രദാനം ചെയ്യുന്നത്...അന്നത്തിന്റെ പരിണാമത്തിലൂടെ ശുക്രമായി ജീവന് ആധാരമായി ഇരിക്കുന്നത് അന്നമാണ്. അതായത് ദേവിയുടെ സോമകലയായ അന്നം തന്നെയാണ് നാം ആയി മാറുന്നത്. ഒരു അമ്മയുടെ ശരീരം തന്നെയാണ് നാം എന്നു പറയുന്നതുപോലെ ഇവിടെ പരമേശ്വരിയായ അന്നപൂർണ തന്നെയാണ് നാം. ഈ അന്നരസത്തിന്റെ പരിപാകമാണ് സമസ്ത കർമ്മങ്ങളുടേയും അതായത് ഇച്ഛാ ജ്ഞാന ക്രിയകളുടെയെല്ലാം ആധാരമായി സ്ഥിതിചെയ്യുന്നത്.
ഇതിനെ തന്നെയാണ് ആചാര്യൻ,
സർവോപമാദ്രവ്യസമുച്ചയേന യഥാപ്രദേശം വിനിവേശിതേന
സാ നിർമ്മിതാ വിശ്വസൃജാ പ്രയത്നാദേകസ്ഥസൌന്ദര്യാദിദൃക്ഷയേവ.
എന്ന പറയുന്നത്...
സ്വയം അന്നപൂർണയായി ഓരോ ദ്രവ്യങ്ങളേയും വേണ്ട വിധത്തിൽ വിനിവേശിച്ച് നിര്മ്മിക്കപ്പെടുന്ന വിശ്വത്തിന്റെ സൃഷ്ടിഭാവമാണ് സൌന്ദര്യം.
ഇതിലേക്ക് ലഹരിത്വം വരുമ്പോൾ മഹാതരംഗം എന്ന അർഥത്തിലുമാത്രമല്ല അതിന്റെ ആശയം വരുന്നത്.
ലേന ഇന്ദ്രേണവ ഹ്രിയതേ ഊർധ്വഗമനായ എന്നാണ് ലഹരീ എന്നതിന് അർഥം. ഇന്ദ്രനാൽ തന്നെ അഥവാ ഇന്ദ്രിയങ്ങളാൽ തന്നെ ഊർധ്വഗമനത്തിനു വേണ്ടി സ്വീകരിക്കപ്പെടുന്നതാണ് ലഹരി. അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമ്മേന്ദ്രിയങ്ങളും മനോ ബുദ്ധി ചിത്താഹങ്കാരങ്ങളും ചേർന്ന ഇന്ദ്രിയങ്ങളിലൂടെയാണ് ഈ സുഷ്ഠുവാകുന്ന ക്ലേദനത്തെ ദേവി ചെയ്യിക്കുന്നത്. തരംഗത്തിന് മൂന്നു അവസ്ഥയാണ് തരണേ പ്ലവനേ അഭിഭവേ. ഉണ്ടായി ഗമനം ചെയ്ത് ഇല്ലാതായി വീണ്ടും മറ്റൊന്നുണ്ടായി കൊണ്ടേയിരിക്കും. ഒരിക്കലും അവസാനിക്കാറേയില്ല. ഇതു തന്നെയാണ് പ്രകൃതിയുടെ സ്വരൂപം... ഇതാണ് ആത്യന്തികമായ ദേവിയുടെ ഭാവവും..
ഇതെ അർഥത്തിലുള്ള ഒരു പദം കൂടി നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്, ഓദനം അഥവാ ചോറ്. ഉന്ദ് ധാതുവിന്റെ പ്രയോഗമാണ് ഓദനശബ്ദം. ഓദനം എന്നു പറയുന്നതിന് കാരണം ശരീരത്തിൽ ക്ലേദനം ചെയ്യിപ്പിക്കുന്നത് കൊണ്ടാണ്. ശരീരത്തിൽ ആർദ്രതയെ കൊണ്ടു വരുന്ന സൌന്ദര്യത്തെ കൊണ്ടുവരുന്ന അന്നപൂർണത്വം.. അതാണ് ഭക്ഷണത്തെ നാം നമസ്കരിക്കുന്നതിന് കാരണം..
സൌന്ദര്യലഹരിയെന്ന വാക്കിന്റെ അർഥത്തിൽ തന്നെ പതിനാറാമത്തെ കലയായി സൃഷ്ടിരൂപിണിയായി അന്നപൂർണയായി ഇരിക്കുകയും അതേ സമയം തന്നെ ഗതി രൂപിണി ആയി നമ്മളിൽ ഗമിക്കുന്ന സാക്ഷാത് പരാശക്തിയെയാണ് ആചാര്യസ്വാമികൾ വിവരിച്ചിരിക്കുന്നത്. ദേവിയുടെ തന്നെ സ്വരൂപമായ അന്നത്താൽ പരിപാകമായ നാം തന്നെയാണ് ദേവി. ഈ സൌന്ദര്യത്തെ, നാം തന്നെയായിരിക്കുവന്ന ആ പരമേശ്വരിയെ എങ്ങിനെയാണ് വാക്കുകളിലൂടെ വിവരിക്കാനാകുക.. അമ്മയുടെ മാതൃഭാവത്തെ അനുഭവിക്കാനെ സാധ്യമാകൂ വാക്കുകളിലൂടെ എങ്ങിനെയാണ് നമുക്ക് പറയാനാകുക..
വാക്കുകളു അടങ്ങുന്നത് അവിടെയാണ്... സകല ജഗത്തിനേയും അന്നപൂർണയായി സൃഷ്ടിക്കുന്ന ആ പരമേശ്വരി നിങ്ങളുടെ ഹൃദയത്തേയും ആർദ്രീകരിക്കട്ടെ..
ശ്രീ ഗുരുഭ്യോ നമഃ...

No comments:

Post a Comment