Monday, December 11, 2023

രാജനീതി പാഠനവും ചതുരംഗവും...

 രാജനീതി പാഠനവും ചതുരംഗവും...

ഇന്ന് ഫെ്സ് ബുക്ക് തുറന്നാൽ ചെസ്സിനെ കുറിച്ചാണ് എല്ലാവരും എഴുതുന്നത്. ഭാരതീയ ശാസ്ത്രത്തിൽ ഇതിനെ ബുദ്ധിബല ക്രീഡയെന്നാണ് വിളിക്കുന്നത്.
ഭാരത ദേശത്തിൽ ശശിനാഥനെന്ന ആളുടെ പുത്രനായ വ്രജലാലാണ് ഈ കളിയെ ഉത്പന്നമാക്കിയത് എന്നാണ് പറയുന്നത്.
പുരാ ശ്രീ ശശിനാഥാഖ്യോ വിദ്വാന്വിപ്രഃ സുബുദ്ധിമാൻ
തത്പുത്രോ വ്രജലാലാഖ്യഃ പിതൃവദ്ഗുണവാനഭൂത്.
എന്നിങ്ങനെ ഈ കളിയുടെ ഉത്പത്തി ആചാര്യൻ വിശദീകരിക്കുന്നു.
പ്രത്യക്ഷമായ യുദ്ധം ചെയ്യാതെ തന്നെ രാജനീതിയെ പഠിപ്പിക്കാനാകുമോ എന്ന രാജാവിന്റെ ആഗ്രഹം ഹേതുവായി വ്രജലാൽ യുദ്ധസ്വരൂപമായ കളിയെ ഉണ്ടാക്കിയെന്നാണ് പറയുന്നത്.
നാഗൌ കോണേഷ്വനുഗജപഥാശ്വൌ സമീപേ തയോഷ്ട്രൌ മധ്യേ മന്ത്രീ നരപതിവരൌ
പത്തയശ്ചാഗ്രഭാഗേ , എന്നിങ്ങനെ കരുക്കളെ വക്കുന്നത് വിശദീകരിച്ചിരിക്കുന്നു.
ചെസ്സിൽ ആദ്യത്തെ കാലാളിന്റെ ഗതി രണ്ടായിട്ടും, ഒന്നായിട്ടും കളിക്കുന്ന സംപ്രദായവുമുണ്ട്.
പദയുഗ്മമിതീഹ സംപ്രദായഃ പദഗോന്യോപി പരൈഃ പ്രവർത്ത്യതേത്ര എന്നു പറഞ്ഞുകൊണ്ട് ഇതിനെ വിവരിക്കുന്നു.
ശത്രുരാജാവിനെ വധിക്കുന്നതിനുള്ള വ്യത്യസ്തങ്ങളായ ചക്രവ്യൂഹത്തേയും അതു ചെയ്യുന്നതിനുള്ള മൂന്നു തരത്തിലുള്ള നീതി തലങ്ങളെയും (അസ്തോമോര, സാനുഖാനാ, അസ്തുഖാനാ) ആണ് ആചാര്യൻ ഇതിലൂടെ വിശദീകരിക്കുന്നുണ്ട്.
ചതുരംഗം തുടങ്ങി ക്രീഡകളുടെ നീതിശാസ്ത്രത്തെ ഫെയ്സ് ബുക്കിലൂടെ എഴുതുക സാധ്യമല്ല. എന്നിരുന്നാലും അതിന്റെ ആശയത്തെ ഇപ്രകാരം യോജിപ്പിക്കാം.
രാജാവിന്റെ ഗുണമാണ് ഇവിടെ ചതുരംഗത്തിന്റെ കാതൽ. രാജാവ് ഏത് സ്ഥലത്തായാലും ഋജുവായിട്ടോ വക്രഗതിയായിട്ടോ സഞ്ചരിച്ചാലും, ധൈര്യത്തോടും ബുദ്ധിയോടും പ്രതാപത്തോടും കൂടി ഇരുന്ന് പ്രജാപാലനത്തെ ചെയ്യണം. കാരണം കീർത്തിയോടു കൂടി ദേവതുല്യനായി ഇരിക്കണം. അപ്പോഴാണ് രാജ്യപദവിയ്ക് യോഗ്യനായി തീരുക. ആരുണ്ടായാലും ഇല്ലെങ്കിലും സ്വന്തം സംരക്ഷണം ചെയ്തുകൊണ്ട് ധീരതയോടു കൂടി മുന്നോട് നടക്കുന്നതിനു വേണ്ടിയാണ് വക്രഗതിയേയും സരള ഗതിയേയും രാജാവിന് പ്രദാനം ചെയ്തിരിക്കുന്നത്.
രാജാവ് വിചാരം ചെയ്യാതെ യുദ്ധം ചെയ്യാനിറങ്ങിയാൽ ശത്രുവിനാൽ പ്രജകളോടു കൂടി വധിക്കപ്പെടും. കാര്യത്തിന് അനുസരിച്ച് മുന്നോട്ടും പിന്നോട്ടും രാജാവ് വക്കേണ്ടതാണ്. ഇവിടെ വ്യാഘ്രമാണ് രാജാവിന്റെ ഉപമ.
പ്രധാനിയെന്ന തരത്തിൽ മന്ത്രിയാണ് പ്രജകളുടെ ആധാരം. മന്ത്രി സരളമാർഗ്ഗവും വക്രമാർഗ്ഗവും അറിയുന്നവനാകണം. ദൂരദൃഷ്ടിയുള്ളവനും, ശൂരനും ആയവനാണ് പ്രധാനിയാകന് യോഗ്യനാകൂ. എത്രയാണോ സഞ്ചരിക്കേണ്ടത് അത്രയും മാത്രം സഞ്ചരിക്കുക, തന്റെ തീക്ഷ്ണമായ ഗതികാണിക്കുകയല്ല പ്രധാനി ചെയ്യേണ്ടത്, രാജാവിന്റേയും രാജ്യത്തിന്റേയും പാലനമാണ് പ്രധാനം എന്നറിയുന്നവനാകണം പ്രധാനി. തന്റെ ശക്തിയിൽ ഉന്മത്തനാകാതെ ഉത്തമ സമയത്തും വിപത്തികാലത്തും സ്വന്തം വൃത്തി സമാനമായി വക്കുക. തന്റെ ശൂരത്വം പ്രകടിപ്പിക്കുന്നതല്ല തന്റെ ധർമ്മം. പ്രജകളുടെ നാശത്തെ വരുത്താതെ, പാലനവും അതോടൊപ്പം രാജ്യരക്ഷയുടേയും ഉത്തരവാദിത്തം ചിന്തിച്ച് പ്രവർത്തിക്കണമെന്നാശയം.
ഉഷ്ട്രമാകട്ടെ എല്ലായിപ്പോഴും നാലു ഭാഗത്തേക്കും സഞ്ചരിക്കുന്ന വക്രഗതിയോടു കൂടിയവനാണ്. ഇതിന്റെ ശബ്ദമാകട്ടെ ഭയത്തെ പ്രദാനം ചെയ്യുന്നതാണ്. അനേക ദോഷങ്ങളുണ്ടെങ്കിലും, ഉത്തമമായ ഒരു ഗുണം കൊണ്ട് സകല ദോഷത്തേയും ഇല്ലാതാക്കാനാകും. ഉഷ്ട്രത്തെ പോലെ രാജാവ് തന്റെ കൂടെയുള്ളവരുടെ ഗുണത്തെ വേണ്ടത് വേണ്ട സമയത്ത് വേണ്ട രീതിയിൽ ഉപയോഗിക്കേണ്ടതാണ്.
അനേകം പശുക്കളുണ്ടെങ്കിലും ഉയർന്നുള്ള ഗതിയാണ് അശ്വത്തിന്റെ ഗുണം. സകലരുടേയും മുകളിലൂടെയുള്ള അതി ശീഘ്രത്തോടു കൂടിയ ഗതിവേഗമാണ് ശത്രുക്കളെ നാശത്തിലേക്ക് നയിക്കുന്നത്. ശ്രദ്ധിക്കേണ്ടത് അശ്വം എല്ലായിപ്പോഴും ചഞ്ചല ചിത്തനാണ്. അധികം ക്രോധവും, അധികം ആഹാരവും, അധികം ചലനവും അശ്വത്തിന്റെ സ്വഭാവമാണ്. നീയന്ത്രിക്കപ്പെട്ടതായ അശ്വം എപ്രകാരമാണോ ശത്രുക്കളെ നാശത്തിലേക്ക് നയിക്കുന്നത് അതെ പോലെ നേർവിപരീതമായ അവസ്ഥ ഉത്തമനായ രാജാവിനെ നാശത്തിലേക്ക് നയിക്കുന്നതാണ്. അതുകൊണ്ട് രാജാവ് അശ്വത്തെ നിയന്ത്രിക്കുന്നതുപോലെ വ്യക്തികളെ നിയന്ത്രിച്ച് രാജ്യരക്ഷയെ ചെയ്യണം.
വക്രത്വവും സരളത്വവും ദുഷ്ടന്മാർക്കും സത്പുരുഷന്മാർക്കും ഉള്ള സ്വാഭാവിക ഗുണമാണ്. ഹസ്തിയുടെ ഗതി സരളവും, സർപത്തിന്റെ ഗതി വക്രത്വവുമാണ്. ആനയുടെ സ്വഭാവം സഹജതയാണ്, അതിനെ സ്വീകരിക്കുക. സരളമായ ചിത്തത്തോടു കൂടി തീക്ഷ്ണമായ ഭാഷണം ചെയ്താലും ദുഃഖം ഉണ്ടാകുന്നില്ല. അതുപോലെ സ്വന്തം ചിത്തത്തെ സരളമായി നിർത്തുകയും, അതുപോലെ തന്നിലേക്ക് വരുന്ന ശത്രുഭാവത്തെ ആനയെ പോലെ തടയുകയും ചെയ്യുക.
ഭടന്മാർ എല്ലായിപ്പോഴും ശത്രക്കളെ നേരേ നേരിടുന്നവരാണ്. അവർ ഒരിക്കൽ വച്ച കാൽ പിന്നോട്ട് വക്കാറില്ല. ഏതൊരു കാര്യവും ആലോചിച്ച് മാത്രം ചെയ്യുക, ചെയ്ത കർമ്മത്തെ തിരിച്ചെടുക്കുക സാധ്യമല്ല. അതായത് ആലോചിക്കാതെ ചെയ്യുന്ന ഏതൊരു കർമ്മവും നാശത്തിലേക്ക് നയിക്കും. ആലോചിച്ചു ചെയ്യുന്ന ഏതൊരു കർമ്മവും തന്നെ ജയത്തിലേക്ക് നയിക്കും.
ഇതുപോലെ ഓരോന്നിന്റേയും നീക്കങ്ങളെ ജീവിതത്തിലെ തത്ത്വങ്ങളോടു യോജിപ്പിച്ചാണ് ക്രീഡയെ ഭാരതീയ പാരമ്പര്യം യോജിപ്പിച്ചിരിക്കുന്നത്.
അതിന്റെ ഗുണങ്ങളേയും അതിലൂടെ എങ്ങിനെയാണ് നീതിശാസ്ത്രത്തെ യോജിപ്പിക്കേണ്ടത് എന്നും വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ ലഭ്യമാണ്. സോമേശ്വരന്റെ മാനസോല്ലാസം തുടങ്ങി ക്രീഡാ കൌശലവും, നീലകണ്ഠന്റെയും മറ്റ്‌ ആചാര്യന്മാരുടേയും അനേകം ഗ്രന്ഥങ്ങൾ ക്രീഡകൾക്കു മാത്രം ലഭ്യമാണ്.
ഈ ക്രീഡ മാത്രമല്ല, ഭൂധര ക്രീഡാ, വന ക്രീഡാ, ആന്ദോളനക്രീഡാ, ബാലുകാക്രീഡാ, പ്രഹേലികാ ക്രീഡാ, പാശക ക്രീഡാ, വരാടികാക്രീഡാ, വീരക്രീഡാ തുടങ്ങി അനേകം പാരമ്പര്യ രീതിയിലുള്ള ക്രീഡകൾ ഇത്തരത്തിൽ ഭാരതത്തിൽ ലഭ്യമാണ്. നമ്മളുടെ പാരമ്പര്യത്തിൽ കളിയിൽ പോലും നീതിശാസ്ത്രത്തേയും രാജ്യതന്ത്രത്തേയും പഠിപ്പിക്കുന്നതിനുള്ള ഉപായങ്ങളെ യോജിപ്പിച്ചാണ് പോയിരുന്നത് എന്നു കാണാം..
പ്രജ്ഞാനന്ദാ എന്ന കുട്ടി ഇന്ന് ഭാരതത്തെ മുന്പിൽ നിന്ന് നയിക്കുമ്പോൾ ബുദ്ധിബല ക്രീഡാ എന്ന പേരും അന്വർഥമാകുന്നു. ഈ പ്ര ജ്ഞാ രൂപമായ ആനന്ദം തലമുറകളിലേക്ക് പകരാനാകട്ടെ.... അഭിനന്ദനങ്ങൾ 🙏
ഇനിയും ഭാരതത്തിന്റെ മണ്ണിൽ ഇതുപോലെയുള്ള പ്രജ്ഞാശേഷിയുള്ള കുട്ടികൾ ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കാം..
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment