Monday, December 11, 2023

വെറുമൊരു മോഷ്ടാവാണോ രുദ്രൻ?!

 വെറുമൊരു മോഷ്ടാവാണോ രുദ്രൻ?!


‘നമോ നിഷംഗിണ ഇഷുധിമതേ തസ്കരാണാം പതയേ നമഃ’ - ശ്രീരുദ്രത്തിലെ ഒരു മന്ത്രഭാഗമാണ്. കള്ളന്മാരുടെ പതിയ്ക്കായിക്കൊണ്ട് നമസ്കാരം എന്നാണ് ഇതിന് അർഥം പറഞ്ഞുവരാറ്!
രുദ്രൻ എല്ലാവരുടേയും പതിയാണല്ലോ, അപ്പോൾ കള്ളന്മാരുടേയും പതിയായാൽ എന്താണ് കുഴപ്പം എന്നാവും ഇങ്ങനെ പറയുന്നവരുടെ ചിന്ത! അടുത്ത മന്ത്രഭാഗത്തിൽ വഞ്ചിക്കുന്നവരുടെ പതിയായിട്ടും രുദ്രനെ പറയും! ചതിയും വഞ്ചനയും ധർമ്മമല്ലെന്നുപദേശിക്കുന്ന ശാസ്ത്രത്തിൽ അതിൻ്റെ അധിപതിയായിട്ട് രുദ്രനെ പൂജിക്കുക; എന്തൊരു വിരോധാഭാസം! രുദ്രൻ പാപകർമ്മം ചെയ്യുന്നവരുടെ പതിയാകുമോ? ഇല്ല, അത് യുക്തിപൂർണ്ണവുമല്ല, സ്വീകാര്യവുമല്ല.
ദ്രവ്യഗുണകർമ്മസാമാന്യാദികളെ വേണ്ടത് വേണ്ട രീതിയിൽ യോജിപ്പിച്ച് യുക്തിപൂർവം അർഥത്തെ സ്വീകരിക്കണമെന്നാണ് പദാർഥവിജ്ഞാനീയത്തിൽ ആചാര്യന്മാർ പറയുന്നത്. അതനുസരിച്ച് ഇവിടെ എന്താവാം തസ്കരശബ്ദത്തിന് അർഥം? തത് കരോതി ഇതി, തനോതേർവാ എന്നാണ് തസ്കര ശബ്ദത്തിൻ്റെ അർഥം നിരുക്തം വിശദീകരിക്കുന്നത്. തനു വിസ്താരെ. ഇവിടെ വിസ്തരിക്കുന്നവനാണ് രുദ്രൻ. എന്താണ് വിസ്തരിക്കുന്നത്? സ്തൃ - ആച്ഛാദനേ, പ്രീതി രക്ഷാ പ്രാണനേ. ആച്ഛാദനേ - മറഞ്ഞിരിക്കുന്നതായ എന്താണോ ഉള്ളത് അതിനെ വിസ്തരിക്കുന്നവനാണ് രുദ്രൻ. പ്രീതി രൂപമായിട്ടും രക്ഷാരൂപമായിട്ടും പ്രാണരൂപമായിട്ടും വിസ്തരിക്കുകയാണ്; ആ വിസ്താരത്തിൻ്റെ അധിദേവതയാണ് രുദ്രൻ. നമ്മുടെ ശരീരത്തിൽ മറഞ്ഞിരുന്ന് ക്രിയകൾ ചെയ്യുന്ന ദേവതകളുടെ പതിയാണ്, പ്രാണനാണ് രുദ്രൻ എന്നാണ് ഇവിടെ ആശയം.
മറഞ്ഞിരുന്ന് വിസ്തരിപ്പിക്കുന്നതാണ് തസ്കരത്വം. മറഞ്ഞിരിന്നു തൻ്റെ പ്രവൃത്തി ചെയ്യുന്നു എന്ന ആശയം കൊണ്ടാണ് സ്ഥൂലമായി തസ്കരശബ്ദത്തിന് കള്ളനെന്ന അർഥം പറയുന്നത്. അതുകൊണ്ട് ശ്രീരുദ്രത്തിൽ ശിവൻ കള്ളനാണ് എന്നല്ല ആചാര്യനുദ്ദേശിച്ചിരിക്കുന്നത്; പ്രാണരൂപത്തിൽ ഇരിക്കുന്നതുകൊണ്ട് ശിവനെ കാണാനാകില്ലെന്നാണ് ഇവിടെ താല്പര്യം, അങ്ങനെ മറഞ്ഞിരുന്നുകൊണ്ട് പ്രാണസ്വരൂപനായ രുദ്രൻ എല്ലാ കർമ്മങ്ങൾക്കും അധിപതിയായി വർത്തിക്കുന്നു.
ആരംഭത്തിൽ പറയുന്ന, നിഷംഗിണ ഇഷുധിമതേ എന്നതിൻ്റെ അർഥം കൂടി നോക്കിയാൽ ഇതു കൂടുതൽ വ്യക്തമാകും. നിഷംഗിണനാണ്, സംഗം എന്ന അർഥത്തിലുള്ള 'സഞ്ജ്' ധാതുവാണ് ഇവിടെ, സംഗമില്ലാതെ ഇരിക്കുന്നവനാണ്, രുദ്രൻ. എന്തിനോടാണ് സംഗമില്ലാതിരിക്കുന്നത്? ഇഷുധിമതേ - ഇഷവോ ധീയന്തേ അത്ര. ഇഷു എന്നാൽ ഇഷ്യതി ഗച്ഛതീതി. ഇച്ഛാരൂപത്തിൽ ഗമിക്കുന്നതും ധരിക്കുന്നതും സാക്ഷാത് രുദ്രനാണ്; എന്നാൽ ഈ ഇച്ഛയിൽ അദ്ദേഹത്തിന് യാതൊരു സംഗവുമില്ല താനും.
ഇനി മുൻപ് സൂചിപ്പിച്ച വഞ്ചന എന്ന പദത്തിലേക്കും വരാം. ഇവിടെ വഞ്ചന എന്നാൽ മലയാളത്തിലെ വഞ്ചനയല്ല, വഞ്ച് ഗതൗ എന്നാണ് ധാത്വർഥം. ഗതിരൂപനായിരിക്കുന്നവൻ. ജഗത്തിനു മുഴുവൻ ഗതിയായും വ്യാപിച്ചും ഇരിക്കുന്ന പ്രാണനായിരിക്കുന്ന രുദ്രന് നമസ്കാരം എന്ന് മന്ത്രാർഥം.
ഒരു വറ്റു നോക്കിയാൽ ബാക്കി ചോറിൻ്റെ വേവറിയാം എന്നു പറയാറുണ്ട്. അതുപോലെ, ശ്രീരുദ്ര വ്യാഖ്യാനങ്ങളിലെ അർഥവ്യതിയാനം എത്രയെന്ന് ഈ ഒറ്റ വാക്കിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു. ഓരോ ഗ്രന്ഥത്തിൻ്റേയും അർഥതലത്തെ അതിൻ്റെ അധികാരി-വിഷയ-സംബന്ധ-പ്രയോജനം അനുസരിച്ച് അർഥനിർണയം ചെയ്യേണ്ടത് എത്രത്തോളം അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.

No comments:

Post a Comment