Monday, December 11, 2023

അദ്ധ്യാപനം …

 അദ്ധ്യാപനം …

അദ്ധ്യാപനം അഥവാ വിദ്യാദാനം എന്നത് മനോഹരമായ ഒരു കലയാണ് എന്നു തോന്നാറുണ്ട്. പഠിക്കുന്ന വിദ്യാര്ഥികൾക്ക് വിഷയത്തെ പ്രദാനം ചെയ്തുകൊണ്ട്, അവരിൽ പരസ്പരം വൈരം ഇല്ലാത്തവിധത്തിൽ യോജിപ്പിച്ചു കൊണ്ടു പോകുക എന്നതാണ് അദ്ധ്യാപനത്തിന്റെ കഴിവ്.
ഇത് എന്തുകൊണ്ടു പറയുന്നു എന്നാണെങ്കിൽ,
ഞാൻ ഗുരുനാഥന്റെ അടുത്ത് ഇരുന്ന് പഠിക്കുന്ന സമയം ഞങ്ങൾ പതിമൂന്നു പേരുണ്ടായിരുന്നു... അതിരാവിലെ പഠിക്കുവാൻ എത്തണം.. അതിൽ ഒരാൾ വന്നില്ലായെങ്കിൽ ബാക്കി ആർക്കും അന്നു ക്ലാസ്സില്ല. അന്നു വരെ ഗുരുനാഥൻ പഠിപ്പിച്ചത് നോക്കി സ്വാധ്യായം ചെയ്യാം.. അതിന് കാരണം ഗുരുനാഥൻ പറയുക, കൂടെ നടക്കണ നിങ്ങളുടെ സുഹൃത്തിന് എന്തു പറ്റിയെന്നറിയാത്തവരിൽ നിന്ന് എന്ത് ലോക കല്യാണമാണ് പ്രതീക്ഷിക്കേണ്ടത് എന്നതാണ്. കൂടെയുള്ള സുഹൃത്തിന് പനി വന്നാൽ പോലും അവനെ നോക്കി എത്രയും വേഗം ക്ലാസ്സിലേക്ക് എത്തിക്കേണ്ടത് കൂടെയുള്ളവരുടെ ഡ്യൂട്ടിയാണ്. അല്ലെങ്കിൽ അത്രയും ദിവസം ക്ലാസ് നഷ്ടമാകും. മടി പിടിച്ചിരിക്കുക എന്നത് ഇല്ല.. കാരണം മറ്റുള്ളവര്ക്ക് ക്ലാസ്സ് നഷ്ടമാകും എന്നു ഓരോരുത്തര്ക്കും അറിയാം...
ഇനി വിഷയത്തിലേക്ക് വന്നാൽ.. പഠിപ്പിച്ച കാര്യങ്ങൾ ചോദിക്കും എന്നതുറപ്പാണ്. നാം ചോദ്യത്തിന് ഉത്തരം പറയുകയും, കൂടെയുള്ളവൻ പറയാതിരിക്കുകയും ചെയ്താൽ, ചീത്ത അവനു മാത്രമല്ല നമുക്കും കിട്ടും. നിങ്ങൾക്ക് നന്നായി അറിയണ ഒരു വിഷയം സുഹൃത്തിന് മനസ്സിലായില്ല എങ്കിൽ എന്തുകൊണ്ട് അവനെ മനസ്സിലാക്കാൻ ശ്രമിച്ചില്ലായെന്നു പറഞ്ഞു ചീത്ത കേക്കും.. സ്വന്തം അലമാരയില് ഒളിച്ചു വക്കാന് വേണ്ടിയാണോ പഠിക്കണേ... വീണ്ടും ചോദ്യം..
ഓരോരുത്തര്ക്കും അവരുടേതായ വ്യക്തിഗതമായ വിധാനത്തെ കൊടുക്കുമ്പോഴും ഗുരുനാഥൻ ഞങ്ങളെ ഒരുമിച്ചു കൊണ്ടുപോയി.. ഒരു ശാസ്ത്രം അല്ലെങ്കിൽ ഒരു വിഷയം പഠിപ്പിക്കൽ മാത്രമല്ല അദ്ധ്യാപനം.. അത് ആ കുട്ടികളുടെ ജീവിതത്തിലേക്ക് എത്തിക്കുക കൂടിയാണ്.. അതും ആചരിച്ച് കാണിച്ച് അവരെ കൊണ്ട് ചെയ്യിച്ച് അനുഭവിപ്പിക്കണം... എന്നാലെ അത് അവര്ക്ക് മറ്റുള്ളവരിലേക്ക് പകരാനാകൂ...
ഈ രീതികൊണ്ട് ഉണ്ടായ ഗുണം എല്ലാവര്ക്കും എല്ലാം അറിയാമായിരുന്നു.. എനിക്ക് അറിയുന്നത് എന്റെ സുഹൃത്തിന്.. സുഹൃത്തിന് അറിയാമായിരുന്നത് എനിക്കും.. ആരും ആരുടേയും മുകളിലല്ലായിരുന്നു...ഒരാളുടെ ജയമോ പരാജയമോ എന്നത് ഞങ്ങള്ക്കിടയിലില്ലായിരുന്നു... പറഞ്ഞു വന്നത്.... എന്റെ ജയം ഒരിക്കലും എന്റെ മാത്രമായിരുന്നില്ല എന്റെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു... അതുകൊണ്ട് തന്നെ ജീവിതത്തെ നോക്കിയാൽ ഗുരുനാഥൻ ഞങ്ങള്ക്ക് തന്നത് ശാസ്ത്രത്തോടൊപ്പം കുറച്ച് നല്ല ബന്ധങ്ങളെ കൂടിയാണ്..
ഇതിന്റെ ഏറ്റവും വലിയ ഗുണം എന്നെ സംബന്ധിച്ചിടത്തോളം അദ്ധ്യാപനം എങ്ങിനെ ചെയ്യണം എന്നു മനസ്സിലാക്കലായിരുന്നു...
ഗുരുകുലങ്ങളിലെ ഈ രീതി ഇന്നത്തെ സാഹചര്യത്തിൽ, വിദ്യാര്ഥികളിൽ എല്ലാം സാധ്യമാകില്ലായെന്ന് അറിയാം.... കാരണം അച്ഛൻ, അമ്മ, ബന്ധുക്കൾ തുടങ്ങിയ മൊത്തം സമൂഹം ഇതിൽ പ്രധാന പങ്കുവഹിക്കണം.. .എന്നിരുന്നാലും ഇതിലെ കുറെ നല്ല കാര്യങ്ങൾ നമുക്ക് സ്വീകരിക്കാനാകും... അതിന്റെ ഗുണം കുറെ നല്ല വ്യക്തിബന്ധങ്ങള് കുട്ടികള്ക്ക് സമൂഹത്തില് ഉണ്ടാകും എന്നതാണ്.. ജീവിതത്തെ എങ്ങിനെ നോക്കികാണമെന്നു സ്വയം മനസ്സിലാക്കാനുമാകും...
ശ്രീ ഗുരുഭ്യോ നമഃ..

No comments:

Post a Comment