Monday, December 11, 2023

നിരുക്തവും പദാര്ഥങ്ങളും...

 

നിരുക്തവും പദാര്ഥങ്ങളും...


ഓരോ പദങ്ങളുടെയും അതിലൂടെ സംഭാവിതമായ അർഥങ്ങളെയും നിശ്ചയപൂർവം പറയുന്നതാണ് നിരുക്തം. ഏകൈകസ്യ പദസ്യ സംഭാവിതാ അവയവാർഥാഃ തത്ര നിഃശേഷേണോച്യന്ത ഇതി.

ഓരോ പദവും നമ്മൾ പ്രയോഗിക്കുന്നത് അതിന്റേതായ അർഥതലത്തെ മറ്റുള്ളവരെ ബോധിപ്പിക്കാനാണ്. ശാസ്ത്രത്തിൽ ഈ അർഥതലത്തെ ബോധിപ്പിക്കുന്നത്, സംശയലേശമില്ലാതെ നിശ്ചയപൂർവം പറയുന്നതിന് സഹായിക്കുന്നത് നിരുക്തമാണ്.
ഇതിനെ മനസ്സിലാക്കാൻ നമുക്ക് ചില ഉദാഹരണങ്ങളെ നോക്കാം...
ഗോത്രമെന്ന പദത്തെ ആദ്യം എടുക്കാം. ഇതിന് സാമാന്യാർഥത്തിൽ വംശം എന്ന് പറയും. ഗുങ് അവ്യക്ത ശബ്ദേ എന്നാണ് ഇതിന് ധാത്വർഥം. ഇതിന് മേഘമെന്നും അർഥം നിഘണ്ടുകാരൻ പറയുന്നു. മേഘങ്ങൾ, രശ്മികളാൽ തന്നിലേക്ക് സ്വീകരിച്ചതായ ജലത്തെ എപ്രകാരമാണോ വേണ്ട സമയത്ത് വർഷത്തെ ചെയ്ത് പാലനപോഷണത്തെ ചെയ്യുന്നത്, അതുപോലെ പരമ്പരാ പ്രാപ്തമായ ജ്ഞാനത്തെ വേണ്ട സമയത്ത് പകർന്നു നൽകി രക്ഷിക്കുന്നത് കൊണ്ടാണ് ഗോത്രമെന്ന് വിളിക്കുന്നത്. അതായത് ഓരോ ഗോത്രത്തിനും ആ ഗോത്രത്തിന്റേതായ ജ്ഞാനം ഉണ്ടാകും. ആ ജ്ഞാനത്തെ വേണ്ടവരിലേക്ക് മാത്രം വ്യാപരിപ്പിച്ച് സംരക്ഷിക്കുക ഹേതുവായിട്ടാണ് അതിനെ ഗോത്രമെന്നു വിളിക്കുന്നത്. ഗോത്രത്തിന് വംശം എന്ന അർഥം സ്വീകരിച്ചാൽ ഗോത്രമെന്ന അർഥത്തെ മനസ്സിലാക്കാൻ നമുക്ക് സാധ്യമാകാതെ വരും.
അടുത്തത്, സമുദ്രമെന്ന പദത്തെ നോക്കാം. നാം കടൽ എന്നാണ് പറയുക. എന്നാൽ സമുദ്രത്തിന് നിഘണ്ടു അനുസരിച്ച് അന്തരിക്ഷമെന്നാണ് അർഥം.
സമുദ്രവന്തി സംഗതാ ഊർധ്വം ദ്രവന്തി ഗച്ഛന്ത്യസ്മാദാപഃ എന്നിങ്ങനെയെല്ലാം സമാസം കാണാം. അതായത് ഇവിടെ നിന്നാണ് ജലം മുകളിലേക്ക് പോകുന്നത്, ജലം പുറത്തേക്കു വരുന്നത്, ഇവിടേക്കാണ് ജലം ഒഴുകുന്നത്, ഇവിടെയാണ് ജീവൻ മോദിക്കുകന്നത് എന്നിങ്ങനെ നിരുക്തകാരൻ സമുദ്രത്തിന് അന്തരിക്ഷമെന്ന അർഥത്തെ യോജിപ്പിച്ച് പറയുന്നു. സൂര്യന്റെ ചൂടുകൊണ്ട് ജലം നീരാവിയാകുന്നു. അതു തന്നെ താഴേക്ക് പതിക്കുന്നു എന്നു പറയുന്നത് തന്നെയാണ് നിരുക്തകാരനും പറഞ്ഞിരിക്കുന്നത്. എല്ലായിപ്പോഴും ജലത്തോട് ചേർന്നു നിൽക്കുന്നത് അന്തരിക്ഷമാണ്. അതുകൊണ്ട് സമുദ്രം.
അടുത്തത്, രവിയെന്ന പദത്തെ സ്വീകരിക്കാം.. രവിയുടെ അർഥമെന്താണ്, സൂര്യൻ എന്നാകും ഉത്തരം.... എന്നാൽ ഈ രണ്ടു പദങ്ങളും വേറെ വേറെയാണ്. പ്രകാശേന അവനാത് സ രവി സ്മൃതഃ എന്നാണ്. സ്വന്തം ധ്വനിയെ കൊണ്ട്, പ്രകാശത്തെ കൊണ്ട് സംരക്ഷിക്കുക ഹേതുവായിട്ടാണ് രവി. സൂര്യനാകട്ടെ, സുവതി കർമണി ലോകം പ്രേരയതി, ലോകത്തിൽ കർമ്മത്തിന് പ്രേരക കർത്താവായി ഇരിക്കുന്നത് ആരോ അത് സൂര്യൻ. സു ഗതൌ പ്രേരണേ വാ. കർമ്മത്തിന് പ്രേരണയായും, സംരക്ഷണവും രണ്ടു ഗുണങ്ങളെ ബോധിപ്പിക്കാനാണ് ഇവിടെ രണ്ടു പദങ്ങളെ ആചാര്യൻ പ്രയോഗിച്ചിരിക്കുന്നത്. അതായത് രവി സൂര്യനല്ല.
ആയുർവേദത്തിലെ പ്രധാന ഗ്രന്ഥമായ ചരകസംഹിതയെ നോക്കിയാൽ ചരിച്ചു കൊണ്ട് അഥവാ ഗമിച്ചു കൊണ്ട് എഴുതിയവനെന്ന അർഥമാണ് കാണുക. ചര ശബ്ദത്തിന്റെ അർഥം അദനേ ഗമനേ എന്നിവയാണ്. ഭക്ഷിക്കുന്നതായ കാര്യങ്ങളെ കുറിച്ചും, പ്രാണ രൂപമായ ഗതിയെ കുറിച്ചും ഉള്ള ഹിതകരമായ കാര്യങ്ങളെ പറയുന്ന ഗ്രന്ഥമായതുകൊണ്ട് ചരകസംഹിതാ. ചരിച്ചു കൊണ്ട് എഴുതിയത് അല്ല ചരകം.
ഇനി ഇന്ന് നാം കാണുന്ന ശൈലി ചിന്തിച്ചു നോക്കൂ. ഹരിയാരാണെന്നു ചോദിച്ചാൽ വിഷ്ണുവെന്ന് പറയും, വിധാതാവ് ആരാണെന്ന് ചോദിച്ചാൽ ബ്രഹ്മാവെന്ന് പറയും. രുദ്രനാരാണെന്ന് ചോദിച്ചാൽ ശിവനെന്നു പറയും. മിത്രനാരാണെന്നു ചോദിച്ചാൽ സൂര്യനെന്നു പറയും. യഥാർഥത്തിൽ വിഷ്ണു, ബ്രഹ്മാ, രുദ്രൻ, സൂര്യൻ തുടങ്ങിയ ഓരോ പദത്തിലൂടേയും ആചാര്യന്മാർ കൃത്യമായ അർഥതലങ്ങളെ ഉൾകൊള്ളിച്ചിട്ടുണ്ട്. അതിനെ മനസ്സിലാക്കാനാണ് ആ പദങ്ങളെ തന്നെ പ്രയോഗിക്കുന്നത്. പക്ഷെ ഇവിടെ അതിന് നേർവിപരീതമായി അമരത്തെയാണ് അർഥമായി തെറ്റിദ്ധരിച്ച് പ്രയോഗിക്കുന്നത്.
പ്രശ്നമാർഗ്ഗം എന്ന ഗ്രന്ഥത്തിലെ പ്രശ്ന ശബ്ദത്തിന് ഇന്ന് ചോദ്യം എന്നാണ് അർഥം സ്വീകരിക്കുന്നത്. പ്രശ്നശബ്ദത്തിന് പ്രച്ഛ ധാതുവിന്റെ ജ്ഞീപ്സാർഥമാണ്. അതായത് ജിജ്ഞാസാ, അറിയാനുള്ള ആഗ്രഹം. പ്രശ്നമെന്നാൽ ചോദ്യമല്ല. ചോദ്യമെന്നാൽ ചുദ് ധാതുവാണ്. അറിയാനുള്ള ആഗ്രഹം നിമിത്തം ചിത്തത്തെ പ്രേരിപ്പിക്കുന്ന ചോദനാ രൂപമായ അവസ്ഥയാണ്. ശാസ്ത്രത്തിൽ രണ്ടും രണ്ടാണ്.
ഈ അർഥവ്യത്യാസം തന്നെയാണ് പലപ്പോഴും ഗ്രന്ഥങ്ങളിലെവിഷയത്തെ മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത്..
ഇപ്രകാരം വിഷയങ്ങളെ മനസ്സിലാക്കണമെങ്കിൽ ഒരെ ഒരു വഴി നിരുക്തവും വ്യാകരണവും, അതിനെ എങ്ങിനെ യുക്തിപൂർവം പ്രയോഗിക്കണമെന്നു പഠിപ്പിക്കുന്ന തർക്കവും പഠിക്കുക എന്നതാണ്.
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment