Monday, December 11, 2023

യുക്തിയും അർഥതലങ്ങളും...

 യുക്തിയും അർഥതലങ്ങളും...

പലപ്പോഴും ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുമ്പോൾ ആചാര്യന്മാരു വിഷയാസ്പദമായി എഴുതിയിരിക്കുന്ന കാര്യത്തെ പറയാതെ, അതിലേക്ക് നമ്മളു മനസ്സിലാക്കിയ അർഥത്തെ യോജിപ്പിച്ച് പറയുക എന്നതാണ് ഇന്നു കണ്ടു വരുന്ന രീതി.
ഇതിന്റെ യുക്തിയെ മനസ്സിലാക്കുവാൻ ഉദാഹരണമായി ദേവീ മാഹാത്മ്യത്തിലെ ദേവിയുടെ സൃഷ്ടിയെ നോക്കാം. പുരാണത്തെ സ്വീകരിച്ചാൽ പ്രത്യക്ഷം അനുമാനം ശാബ്ദം എന്നിവയിൽ പ്രമാണപൂർവകമായി ചിന്തിച്ച് മനസ്സിലാക്കണം എന്നതാണ്.
ശംഭുവിന്റെ തേജസ്സിൽ നിന്ന് മുഖമുണ്ടായി... എന്താണ് മുഖം,
സപ്താംഗം മുഖമുച്യതേ.
ഓഷ്ഠൌ ച ദന്തമൂലാനി ദന്താ ജിഹ്വാ ച താലു ച
ഗലോ ഗലാദി സകലം സപ്താംഗം മുഖമുച്യതേ.
ഓഷ്ഠങ്ങളും, ദന്തങ്ങലും, ജിഹ്വയും, താലുവും, കഴുത്തും തുടങ്ങി ഏഴു അംഗങ്ങളും ചേർത്താണ് നാം മുഖമെന്നു വിളിക്കുന്നത്.
പക്ഷെ തുടർന്ന് വരുന്ന ശ്ലോകത്തിൽ പറയുന്നു, ദേവിക്ക് നാസിക കുബേരനും, പ്രജാപതി തന്റെ തേജസ്സിൽ നിന്ന് ദന്തങ്ങളും, പാവകൻ മൂന്നു കണ്ണുകളും, സന്ധ്യായുടെ സ്വന്തം തേജസ്സിൽ നിന്ന് പുരികങ്ങളും, ചെവി അനിലനിൽ നിന്നും കേശം യമനിൽ നിന്നുമുണ്ടായി എന്നു പറയുന്നു.
ചോദ്യം ആദ്യം ശംഭുവിൽ നിന്നുണ്ടായ ദേവിയുടെ മുഖത്തിലെന്താണ് ഉണ്ടായിരുന്നത്. പല്ലുകൾ, കണ്ണു, പുരികകൊടി, ചെവി, മൂക്ക് ഇവയില്ലാതെ മുഖം കൊടുത്തു എന്നാൽ എന്താണ് ഇവിടെ മുഖം കൊണ്ട് അര്ഥമാക്കിയത്..
അവളുടെ മുഖം ചന്ദ്രസദൃശമാണല്ലോ എന്ന ഉപമയിൽ എന്തായിരിക്കും മുഖമെന്നതിന് നാം അർഥം ഗ്രഹിക്കേണ്ടത്.
വിഷ്ണുവിൽ നിന്ന് ബാഹുക്കളുണ്ടായി. പക്ഷെ അടുത്തതിൽ വസുക്കളു കരാംഗുലികളു കൊടുത്തു എന്നു പറയുന്നു. ഇവിടെ വിഷ്ണുകൊടുത്ത കൈയ്യിൽ വിരലുകളില്ല. വഹിക്കുന്നത് എന്ന അർഥത്തില് ബാഹു എന്നു പറയണമെങ്കിൽ വിരലുകളു ചേർന്നാലെ സാധ്യമാകൂ. കക്ഷം തുടങ്ങി അംഗുലി പര്യന്തമായ അവയവമാണ് ബാഹു എന്നു അമരം വരെ പറയുന്നു. അങ്ങിനെയെങ്കിൽ ഇവിടെ പറയുന്നത് ഏത് ബാഹുവാണ്..
ബ്രഹ്മതേജസ്സിൽ നിന്നും പാദങ്ങളും അർകതേജസ്സിൽ നിന്ന് അതിന്റെ അംഗുലികളും ഉണ്ടായി. ഗമിക്കുവാൻ നാം ഉപയോഗിക്കുന്നത് എന്തോ അതാണ് പാദം. പദ്യതേ ഗമ്യതേ അനേന. അത് വിരലുകളില്ലാത്തതല്ല.. വിരലുകളില്ലാത്ത പാദങ്ങളാണ് ബ്രഹ്മാവ് കൊടുത്തത് എന്നു പറഞ്ഞാൽ അത് യുക്തിക്കു നിരക്കുന്നതുമാകില്ല..
ഇപ്രകാരം ഇവിടെ സ്ഥൂലമായ പദാർഥത്തെ ചിന്തിച്ചാൽ യുക്തിക്ക് നിരക്കാത്ത തരത്തിലേക്ക് ആചാര്യൻ എഴുതിയെന്നു തോന്നിപോകുക സ്വാഭാവികം. ചോദ്യം സ്ഥൂലമായ അർഥമാണോ സൂക്ഷ്മമായ മറ്റൊരു അർഥതലത്തെ ആചാര്യൻ യോജിപ്പിച്ചിരിക്കുന്നതാണോ, പ്രത്യക്ഷം അനുമാനം ശാബ്ദം എന്നിവയെ ചിന്തിച്ച് യുക്തിപൂർവം ഇവയെ മനനം ചെയ്യേണ്ടതാണോ...
ആചാര്യൻ ഏത് വിഷയത്തെയാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്... അത് ഏത് പദ്ധതിയിലാണ്.. ആർക്കുവേണ്ടിയാണ്. സൂത്രത്തിന്റെ പ്രത്യക്ഷം അനുമാനം ശാബ്ദം എന്നിപ്രകാരമുള്ള ഏത് തലത്തെയാണ് യോജിപ്പിച്ചിരിക്കുന്നത്. യുക്തിയില്ലാത്ത കുറെ കഥകളാണ് ഇവിടെ പറയുന്നത് എന്നു നമുക്ക് തോന്നുന്നതിന് കാരണം ഈ അർഥത്തെ തിരഞ്ഞെടുക്കുന്നതിലെ വ്യക്തതയില്ലായ്മയാണ്. മഹാഭാരതം കഥ, രാമായണം കഥ, പുരാണ കഥ എന്നിവയെന്നു നാം തന്നെ പറയുമ്പോൾ ഇതിന്റെ അർഥതലത്തെ നാം മനസ്സിലാക്കിയിട്ടില്ലായെന്ന് അറിയാതെ നാം തന്നെ പറയുകയാണ് ചെയ്യുന്നത്.. ശാസ്ത്രം എന്നതിന് ശാസ് അനുശിഷ്ടൌ എന്നാണ് അതായത് ഹിതോപദേശത്തെ ചെയ്യുന്നത് എന്താണോ അതാണ് നമുക്ക് ശാസ്ത്രം. യഥാർഥമായ ഒന്നിനെ ബോധിപ്പിക്കുന്നത്, നിരൂപണം ചെയ്യുന്നത്, കർത്തവ്യത്തെ ഉപദേശിക്കുന്നത് ഇതെല്ലാമാണ് നമുക്ക് ശാസ്ത്രം..
ഗുരുശിഷ്യസംവാദങ്ങളിലൂടെയാണ് പാരമ്പര്യം നിലനിൽക്കുന്നത്. യുക്തിയില്ലാത്തത് സാക്ഷാത് ബൃഹസ്പതി പറഞ്ഞാലും തള്ളണമെന്നാണ് പാരമ്പര്യം ഉപദേശിക്കുന്നതും.. കേട്ടിരിക്കുക എന്നതിൽ നിന്നും ചോദ്യങ്ങളു ചോദിക്കുന്ന തലത്തിലേക്ക് യുക്തിയെ തിരിച്ചു കൊണ്ടുവരാനാകണം..
സാധുവായ ശബ്ദങ്ങളിലൂടെ വ്യക്തികൾക്ക് അനുസരിച്ച് അധികാരി ലക്ഷണം അനുസരിച്ച് സൃഷ്ടിക്കപ്പെട്ട പുരാണങ്ങളും ഇതിഹാസങ്ങളും നീതിശാസ്ത്രങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും യോഗ്യമായ തലത്തിൽ മനസ്സിലാക്കി വേർതിരിച്ച് പറഞ്ഞുകൊടുക്കുക എന്നതാണ് ഇവിടെ നാം ചെയ്യേണ്ടത്..അതില്ലായെങ്കിൽ യുക്തിയ്കു നിരക്കാത്തതാണ് ഗ്രന്ഥങ്ങളിൽ പറയപ്പെട്ടിരിക്കുന്നത് എന്നു പറയുക സ്വാഭാവികമാകും..

No comments:

Post a Comment