Monday, December 11, 2023

കേരളം - നീതിശാസ്ത്രവും മന്ത്രിയും....

 കേരളം - നീതിശാസ്ത്രവും മന്ത്രിയും....

“മന്ത്രീ ഭക്തഃ ശുചിഃ ശൂരോഽനുകൃതോ ബുദ്ധിമാന് ക്ഷമീ ।
ആന്വീക്ഷിക്യാദികുശലഃ പരിച്ഛേദീ സുദേശജഃ ॥
മന്ത്രജാതകര്ത്തവ്യനിശ്ചയകര്ത്താ..
ഇത് മന്ത്രിയുടെ ലക്ഷണമാണ്..
മേധാസുസ്ഥിരഭാഷണ ഗുണപരാഃ എന്നെല്ലാമാണ് ആചാര്യന്മാരു മന്ത്രിയ്കു വേണ്ട ഗുണത്തില് പറയുന്നത്..
ധീസചിവഃ, ധീസഖഃ എന്നെല്ലാമാണ് ഇതിന് പര്യായമായിപറയുന്നത്..
അതായത് ഇവിടെ ബൂുദ്ധിമാത്രമല്ല മന്ത്രിക്കു പറഞ്ഞിരിക്കുന്നത്.. ധീ കൂടി വേണമെന്നാണ്.. അതായത് ചിന്തിച്ച് പ്രവര്ത്തിക്കുന്നവന്...അതുമാത്രമാണോ പോരാ.. നല്ല മേധ വേണം.. ഏതൊരു വിഷയം അത് എത്ര വ്യത്യസ്തമായാലും അതു കേട്ട് അതിന്റെവിഷയത്തെ വേണ്ടും വണ്ണം മനസ്സിലാക്കാൻ കഴിവുള്ളവനാകണം. സർവം ബഹുശ്രുതം വിഷയീകരോതി ഇതി. ധാരണവതീ ബുദ്ധി... എന്ന് പറയാൻ കാരണം ഇതാണ്..
സുസ്ഥിരഭാഷണത്തോടു കൂടിയവനാകണം.. മാറ്റി മാറ്റി വിഷയത്തെ പറയുന്നവനാകരുത്.. ഒരു വിഷയത്തെ പറയുമ്പോൾ അതിന്റെ ഗുണദോഷങ്ങളേയും അതിലൂടെ വരാൻ സാധ്യതയുള്ള കാര്യങ്ങളേയും മുൻ കൂട്ടി മനസ്സിലാക്കാൻ ആ വ്യക്തിയ്കു കഴിയണം. അതു പറയുമ്പോഴും യുക്തിയുക്തവു ഭംഗിയോടും കൂടി ആളുകളോടു പറയണം. അതായത് തന്റെ കൂടെ നിൽക്കുന്നവരിൽ ഒരിക്കലും സംശയം വരുത്തുന്ന രീതിയിലോ ഭിന്നിപ്പു വരുന്ന രീതിയിലോ സംസാരിക്കരുത്. നീതിശാസ്ത്രത്തെ വ്യക്തമായി മനസ്സിലാക്കി ഏതൊരുഭാഷയലായാലും സുവ്യക്തമായി കവികളെ പോലെ സംസാരിക്കണമെന്നാണ് സാമാന്യമായ മന്ത്രിയുടെ ലക്ഷണത്തെ പറയുക..
കേരളത്തിൽ ഇന്നു നാം കാണുന്ന പരാജയത്തെ നോക്കിയാൽ അതിനു പ്രധാന കാരണം നേതൃസ്ഥാനത്തുള്ള വ്യക്തികളുടെ അസ്ഥാനത്തുള്ള വാക്കുകളും, അതിലൂടെ സംഭവിച്ച ഭിന്നിപ്പുമാണ്. ആരു ആരുടെ കൂടെയാണെന്ന് വ്യക്തമായി മനസ്സിലാക്കാനാകാത്ത തരത്തിൽ പരസ്പരം സ്വാഭിപ്രായം പറയുമ്പോൾ സംഭവിക്കുക കൂടെ നിൽക്കുന്നവർ പോലും അന്തം വിട്ടു നിൽക്കും..നേതൃസ്ഥാനത്തോടു സംശയം ജനിക്കും..മന്ത്രിമാരും പൌരപ്രമുഖരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആശയ സംവാദവും പോരും നടത്തിയപ്പോൾ മറന്നു പോയത് പുറത്തു ഒരു കൂട്ടം വ്യക്തികൾ അതു നോക്കി നിൽക്കുന്നുണ്ട് എന്നതാണ്.. അവിടെയാണ് ഇത്തരം കാര്യങ്ങളെ മനസ്സിലാക്കി പ്രവര്ത്തിക്കുവാനുള്ള മന്ത്രിയുടെ യുക്തിഭദ്രതയില്ലായ്മ കഴിവില്ലായ്മ ചിന്തിക്കേണ്ടത്.. ആരു സംസാരിക്കണം എങ്ങിനെ സംസാരിക്കണം.. അതിനു യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുത്ത് ആ വ്യക്തി മാത്രം സംസാരിക്കുക എന്നതാണ് നീതി ശാസ്ത്രത്തിന്റെ രീതി..
നീതിശാസ്ത്രത്തിൽ വ്യക്ത്യഭിപ്രായം ഇല്ലെ എന്നു ചോദിച്ചാൽ ഉണ്ട്, അങ്ങിനെയെങ്കിൽ ആ പദവിയിൽ ഇരിക്കരുത് എന്നുമാത്രം..അപ്പോൾ ഒരാള്ക്ക് വ്യക്തിയായി മാത്രം സംസാരിക്കാം..രാജാവിന്റെ മന്ത്രിയാണെങ്കിൽ രാജാവിനൊന്നും മന്ത്രിയ്കൊന്നും പൌരപ്രമുഖര്ക്കു വേറൊന്നു ആകുക സാധ്യമേയല്ല.. യോഗ്യനായ രാജാവിന് യോഗ്യരായ മന്ത്രിയും അതുപോലെ പ്രവര്ത്തകരും വേണം.. അപ്പോഴേ ജയം സാധ്യമാകൂ.. നമുക്ക് ഇല്ലാത്തതും അതാണ്..
ജയിക്കുവാനുള്ള സാധ്യതയെ നശിപ്പിക്കുവാൻ വ്യക്തികളുടെ വാക്കുകള്ക്കാകുമെന്ന് പരീക്ഷണ നിരീക്ഷണത്തിലൂടെ തെളിയിച്ച ആചാര്യന്മാരു തന്നെയാണ് സുസ്ഥിരഭാഷണമെന്നും, അതുപോലെ അധികം സംസാരിക്കരുത് എന്നും പറയുന്നത്. മന്ത്രി എന്ന് പറയുന്നതു തന്നെ അതുകൊണ്ടാണ്.. ഗുപ്തഭാഷണേ എന്നാണ് ധാത്വര്ഥം. അധികം സംസാരിക്കാതെ ഇരിക്കുക പറയുന്നത്, വ്യക്തമായും സ്ഫുടമായും ഇരിക്കുക.. അതും എന്തു സംസാരിക്കണം, രാജാവിന് അനുകൂലമായി സംസാരിക്കണം.. ചിദാനന്ദപുരി സ്വാമിജി പറഞ്ഞതുപോലെ മന്ത്രി രാജാവാണെന്നു തെറ്റിദ്ധരിച്ചു സ്വയം രാജാവിനെ പോലെ സംസാരിക്കുവാൻ ശ്രമിക്കുന്നതാണ് നമ്മുടെ പരാജയം..അപ്പോൾ ഓരോ വ്യക്തികളും താൻ രാജാവാണെന്നും മന്ത്രിയാണെന്നും തെറ്റിദ്ധരിച്ചാലുള്ള അവസ്ഥയെന്താകും..
ഇത്തരം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി ചെയ്തിരുന്നു എങ്കിൽ ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ വിജയം ബി ജെ പി യ്ക് കിട്ടുമായിരുന്നു.. അതുപോലെ തന്നെ നേരേ തിരിച്ചു കമ്മ്യൂണിസ്റ്റുകാരുടെ പരാജയവും അതു തന്നെയാണ്.. സ്ഥാനത്തും അസ്ഥാനത്തുമുള്ള വാക്കുകൾ.. അതു അവരുടെ അടിത്തറ തന്നെയിളക്കി.. നേരേ ബുദ്ധിമാനായ ഒരുത്തൻ ഒന്നും പറയാതെ പുറകിൽ നിന്നു.. അതുകൊണ്ട് ജയിക്കുകയും ചെയ്തു.. എത്ര സംസാരിക്കുന്നു എന്നതല്ല എന്തു സംസാരിക്കുന്നു ആരു സംസാരിക്കുന്നു എത്ര യുക്തിപൂർവം സംസാരിക്കുന്നു എന്നതെല്ലാമാണ് നീതിശാസ്ത്രത്തിൽ പ്രധാനം. കാരണം പറയാത്തവരെ അല്ല നാം ഓര്ക്കുക പറഞ്ഞവരെയാണ് ഓര്ക്കുക. നമ്മളെ വേദനിപ്പിച്ച അവരുടെ വാക്കുകളേയും..
ധര്മ്മത്തിന്റെ മൂര്ത്തീഭാവമെന്നു പറയുന്ന വിദുരൻ പോലും ആചാര്യന്മാരുടെ മുന്പിൽ ഉപദേശം ചോദിച്ചു തന്നെയാണ് സംസാരിച്ചിരുന്നത്..വസിഷ്ഠനും കൃപനും തുടങ്ങി ആചാര്യന്മാരുടെ ആവശ്യകതയും ഇതിനൊക്കെ തന്നെ..പ്രശ്നങ്ങളുണ്ടാക്കിയിട്ട് അതു തീര്ക്കാനല്ല ആചാര്യന്മാരുടെ അടുത്തു പോകേണ്ടത്, വേണ്ട സമയത്ത് എങ്ങിനെ പ്രവര്ത്തിക്കണമെന്നു ചോദിച്ചു മനസ്സിലാക്കി രാജ്യത്ത് പ്രശ്നങ്ങളുണ്ടാകാതെ ഇരിക്കുവാനാണ് അവരുടെ ഉപദേശം സ്വീകരിക്കേണ്ടത്....
ഭാരതീയ സംസ്കാരത്തെ കുറിച്ചു പറയുന്നവർ മിനിമം നമ്മുടെ കൌടില്യന്റെ അര്ഥശാസ്ത്രത്തേയോ, അല്ലെങ്കില് വിദുരനീതിയോ കാമാന്ദകീയമോ എടുത്തു നാലഞ്ചു അദ്ധ്യായമെങ്കിലും മറിച്ചു നോക്കുവാൻ സമയം കണ്ടെത്തിയിരുന്നു എങ്കിൽ എന്നു ആശിച്ചു പോകുന്നു..
ഭാരതമെന്നാൽ അഭിമാനപൂരിതമാകണം പക്ഷെ ജീവിതത്തിൽ ആചരിച്ചുകൊണ്ടാകരുത് എന്നു മാത്രം.. ഇതാണല്ലോ ഇപ്പോഴത്തെ നമ്മുടെ പ്രധാന സവിശേഷത... ഇതൊക്കെ നേരില് കാണുമ്പോഴാണ് ആചാര്യന്മാരെത്ര ആഴത്തിൽ മനുഷ്യ മനസ്സിനെ അറിഞ്ഞുട്ടുണ്ടെന്നു മനസ്സിലാക്കാനാകുന്നത്.. നാളെയെങ്കിലും ഇതു ശ്രദ്ധിക്കുമെന്ന് വിശ്വസിക്കാം.. 🙂🙏

No comments:

Post a Comment