Monday, December 11, 2023

ശ്യാമളാദണ്ഡകവും മാണിക്യവീണയും...

 ശ്യാമളാദണ്ഡകവും മാണിക്യവീണയും...

മാണിക്യവീണാമുപലാളയന്തീം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേന്ദ്രനീലദ്യുതികോമളാംഗീം
മാതംഗകന്യാം മനസാ സ്മരാമി.
മനോഹര ഗാനങ്ങൾ ആലപിച്ച് മണിവീണ മീട്ടിക്കൊണ്ട് ഇരിക്കുന്നവളും, മധുര ഭാഷിണിയും, ഇന്ദ്രനീലക്കല്ലിന്റെ നിറമുള്ള കോമള ഗാത്രത്തോടെ മതംഗ മഹർഷിയുടെ മകളായി പിറന്ന യുവസുന്ദരിയും ആയ ശ്യാമളാദേവിയെ ഞാൻ എപ്പോഴും സ്മരിക്കുന്നു.
ഇത് ഇന്ന് ലഭ്യമായ ഒരു വ്യാഖ്യാനമാണ്....
മാണിക്യം കൊണ്ടുണ്ടാക്കിയ വീണ വായിക്കുന്ന ദേവിയെ മാത്രമല്ല സാക്ഷാത് കാളിദാസൻ ഇവിടെ പറയുന്നത്. അതിലൂടെ ഒരു തത്ത്വം കൂടി ആചാര്യൻ പറയുന്നുണ്ട്...
മാണിക്യമെന്നാൽ മണിരിവ കായതി, മണ അവ്യക്ത ശബ്ദേ, കൈ ശബ്ദേ. അവ്യക്തമായി ശബ്ദിക്കുന്നത് ... ശരീരത്തിൽ ആദ്യം ഉണ്ടാകുന്നത് അവ്യക്തമായ ശബ്ദമാണ്.
ആകാശാഗ്നിമരുജ്ജാതോ നാഭേരൂർധ്വം സമുച്ചരൻ
മുഖേऽതിവ്യക്തമായാതി യഃ സ നാദ ഇതീരിതഃ.
അവ്യക്തമായ നാദം മുഖത്തിലാണ് വ്യക്തമാകുന്നത് ...
മണിയെ ഉദാഹരണമായി ആചാര്യൻ പറയുന്നതിന് കാരണം അത് ഉണ്ടാകുന്നത് ഉദരത്തിലായതുകൊണ്ടാണ്.
ഇതെ പോലെ വീണയെ ഉദാഹരണമായി പറയുന്നതിന് കാരണവും മറ്റൊന്നല്ല. അവ്യക്തമായ ശബ്ദത്തിലൂടെ നിങ്ങള്ക്ക് കൃത്യമായ ഒരു ആശയത്തെ വീണ പകർന്നു തരുന്നുണ്ട്.
വീണാ എന്നാൽ വേതി ശ്രോതും ചിത്തം വ്യാപ്നോതീതി ഇതി വീണാ. കേള്ക്കുന്നതിന് വേണ്ടി ചിത്തത്തിലേക്ക് വ്യാപിക്കുന്നത് എന്തോ അതാണ് വീണാ. വ്യാപ്ത്യർഥത്തിലാണ് ഇതിന്റെ പ്രയോഗം.
അവ്യക്തമായ ശബ്ദമായി ചിത്തത്തിലേക്ക് ഗമിച്ച്, വ്യക്തമായി കേൾക്കുന്നതിന് വേണ്ടി ശരീരത്തിലേക്ക് വ്യാപിക്കുന്നതാണ് നാദസ്വരൂപിണിയായ ദേവി. എങ്ങിനെ ഗമിക്കുന്നത്, ഉപലാളയന്തീ, ലല് ഈപ്സായാം. ഇച്ഛാ രൂപത്തിൽ അനുഗമിക്കുന്നത്.
ഇച്ഛാ ശക്തിയാൽ ഉണ്ടാക്കപ്പെടുന്ന അവ്യക്തമായ നാദം ആണ് ചിത്തത്തിലൂടെ പരാ പശ്യന്തീ മധ്യമാ വൈഖരീ രൂപത്തിൽ പ്രകാശിക്കുന്നത്.
ഇതെ കാരണം കൊണ്ട് തന്നെയാണ് ആ ദേവിയെ വാഗ്വിലാസിനിയായി പറയുന്നത്. വിലാസമെന്നാൽ ശ്ലിഷി സംസർഗേ. ദേവി വാക്കിനോട് ചേർന്നിരിക്കുന്നവളാണ്. വാഗർഥാവിവ സംപൃക്തൌ, വാക്കും അർഥവും പോലെ ചേർന്നിരിക്കുന്നവളാണ് ദേവി എന്നു വിളിക്കുന്നതിന് കാരണവും ഇതു തന്നെ.
സ്ഥൂലത്തേയും സൂക്ഷ്മത്തേയും അത്രയും മനോഹരമായാട്ടാണ് ഭാരതീയമായ ഓരോ കൃതികളിലും യോജിപ്പിച്ചിരിക്കുന്നത്. ഓരോ ആചാര്യന്മാരും ഉപയോഗിച്ചിരിക്കുന്ന മാധ്യമം ഓരോ ഗ്രന്ഥത്തിലും ഓരോ തരത്തിലായിരിക്കും. അത് പ്രത്യക്ഷം ആകാം അനുമാനം ആകാം ശാബ്ദമാകാം. ഇന്ന് അതിനെ സ്ഥൂലമായി മാത്രം ഉപയോഗിക്കുമ്പോൾ അതിന്റെ ആത്യന്തികമായ ലക്ഷ്യം ലഭ്യമാകുന്നില്ലായെന്നു മാത്രമല്ല അസ്പഷ്ടമായ ഗുണകരമല്ലാത്ത കൃതികളാണ് ഇതെല്ലാം എന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു.
അധികാരി വിഷയ സംബന്ധ പ്രയോജനത്തെ ആധാരമാക്കി ഓരോ കൃതികളേയും മനസ്സിലാക്കുവാൻ ശ്രമിക്കണം.. അതിനു അനുസരിച്ച് യുക്തിപൂർവം അർഥനിർധാരണത്തെ ചെയ്യണം..ഇതുമാത്രമാണ് ഈ കൃതികളുടെ ആശയത്തെ മനസ്സിലാക്കുവാനുള്ള ഏകമാർഗ്ഗം...

No comments:

Post a Comment