Monday, December 11, 2023

ഗുരുനാഥൻ...

 ഗുരുനാഥൻ...

ഒരു ദിവസം മൂകാംബികയിൽ ഇരിക്കുമ്പോഴാണ് ഒരു സുഹൃത്തു സംസാരമധ്യേ ചോദിച്ചത്.. ഗുരുനാഥൻ എന്നാൽ ആരാണ്.
ശാസ്ത്രത്തിൽ അനേകം അർഥങ്ങളുണ്ട് ഗുരു എന്ന വാക്കിന്.. അന്ധകാരത്തെ നീക്കുന്നാൾ...ധർമ്മത്തെ ഉപദേശിക്കുന്ന വ്യക്തി..വേദാദി ശാസ്ത്രങ്ങളെ ഉപദേശിക്കുന്നയാൾ..
ഇതെല്ലാം തന്നെ ഗുരുനാഥന്റെ ഗുണങ്ങളാണ്... പക്ഷെ ഗുരുനാഥനാരാണ് എന്നറിയാൻ, എന്താണ് സ്വന്തം ജീവിതത്തിൽ ഗുരുനാഥൻ ചെയ്തത് എന്നു ഒന്നു ആലോചിച്ചാൽ മതി..അതാണ് ഗുരു ശബ്ദത്തിന്റെ ധാത്വർഥമായി ആചാര്യന്മാർ യോജിപ്പിച്ചിരിക്കുന്നതും...
ഗുരു എന്നതിന്റെ ധാതു ഗൃൃ ആണ്... അതിന് വിജ്ഞാനേ... ശബ്ദേ.. നിഗരണേ...ഈ മൂന്നു അർഥങ്ങളാണ് പ്രധാനമായി പറയുന്നത്..
വിശേഷമായിട്ടും സാമാന്യമായിട്ടും നമ്മളെ വിഷയങ്ങളെ ബോധിപ്പിക്കുന്നതാണ് വിജ്ഞാനം... അത് ചെയ്യുന്നയാളാണ് ഗുരു...
ധ്വന്യവും വർണവും ആയി, നാം അന്തർമുഖമായും, അക്ഷരരൂപമായിട്ടും ഉണ്ടാക്കുന്ന ശബ്ദങ്ങളുടെ ഗുണദോഷത്തെ വിവേചിച്ച് പറഞ്ഞു തരുന്നയാൾ...
ഭക്ഷണത്തെയാണ് നിഗരണമെന്നു പറയുന്നത്.. ശരീരത്തിലേക്ക് നാം അന്നമായിട്ടും വിഷയങ്ങളായിട്ടും സ്വീകരിക്കുന്നത് എല്ലാം നിഗരണമാണ്. അതിലേത് ശുദ്ധം അതിലേത് അശുദ്ധം.. ഏത് സ്വീകരിക്കണം ഏത് സ്വീകരിക്കരുത് എന്നു പഠിപ്പിക്കുന്നവനാണ് ഗുരുനാഥൻ..
ഇനി ഇവയെ സ്വന്തം ജീവിതത്തിലേക്ക് യോജിപ്പിച്ചു നോക്കൂ...സ്വയം കഴിക്കുന്നതിനു മുന്നെ നമ്മളെ ഊട്ടിയ ആൾ.. ജീവിതത്തിൽ തന്റെ കുടുംബത്തിനു വേണ്ടി ചിലവഴിക്കുന്നതിനേക്കാൾ സമയം നമുക്ക് വേണ്ടി നീക്കിവച്ച ആൾ.. ജീവിതത്തെ എങ്ങിനെ കാണണമെന്നു ശാസ്ത്രത്തിലൂടെയും ആചരണത്തിലൂടെയും കാണിച്ച് ഉപദേശിച്ചു തന്ന ആൾ..
ഇനി ഒന്നു ആലോചിച്ചാൽ മാത്രം മതി ആരാണ് ഗുരുനാഥൻ എന്ന് മനസ്സിലാക്കാൻ.. ധർമ്മമായും...വാക്കായും...ജ്ഞാനമായും തന്റെ പ്രാണനിലൂടെ തന്നെ പോലെ മറ്റൊരു വൃക്ഷത്തെയുണ്ടാക്കിയവർ...ശിരസിനു മുകളിൽ ഗുരുപാദുകമായി ഇരുന്ന് നമ്മെ നാമാക്കുന്നവർ... സ്വന്തം കാലടി പാതകൾ ഒന്നും അവശേഷിപ്പിക്കാതെ നിശ്ശബ്ദമായി ശിഷ്യരിലൂടെ മാത്രം ജീവിച്ച് പ്രാണനെ വെടിയുന്നവർ...
ഇതേ കാരണം കൊണ്ട് തന്നെയാണ്, ഗുരുപരമ്പരയെന്നു നാം പറയുന്നത്.. പരം പരം പരം പരം...അവിച്ഛിന്നമായ ധാര പോലെ... നാം ഒരു കണ്ണാടി നോക്കിയാൽ നമ്മളോടൊപ്പം നാം ആരെ കാണുന്നുവോ അതാണ് ഗുരുനാഥൻ. .. നമ്മളെ നമ്മളാക്കിയ ഗംഗാ പ്രവാഹം...
ശ്രീ ഗുരുഭ്യോ നമഃ

No comments:

Post a Comment