Monday, December 11, 2023

ഭാര്യാം മനോരമാം ദേഹി ...

 ഭാര്യാം മനോരമാം ദേഹി മനോവൃത്താനുസാരിണീം

രൂപം ദേഹി ജയം ദേഹി യശോ ദേഹി ദ്വിഷോ ജഹി
കഴിഞ്ഞ ദിവസം ഈ ശ്ലോകാര്ഥത്തെ പോസ്റ്റിൽ സംശയമായി ചോദിച്ചിരുന്നു.. അവിടെ എഴുതുക ബുദ്ധിമുട്ടായി തോന്നിയതുകൊണ്ട് ഇവിടെ പുതിയ വിഷയമായി തന്നെ ഇടുന്നു...
ശ്ലോകത്തെ സാമാന്യാര്ഥത്തിൽ സ്വീകരിച്ചാൽ പുരുഷൻ ദേവിയോട് ചോദിക്കുകയാണ് എന്ന ദോഷമുണ്ട്. അതായത് സ്ത്രീ പുരുഷപ്രജ്ഞ ചിന്തിക്കണം. സാക്ഷാത് പരാശക്തിയായ അമ്മയെ സംബന്ധിച്ചിടത്തോളും പുരുഷനെന്നോ സ്ത്രീയെന്നോ ഭാവമേയില്ലായെന്നത് അര്ദ്ധനാരീശ്വരഭാവത്തിൽ തന്നെ നിസ്സംശയം ഉറപ്പിക്കാവുന്നതാണ്. പ്രത്യേകിച്ച് അര്ഗളമാണ്. അപ്പോൾ അവിടെ സാമാന്യാര്ഥത്തിൽ ഇതിനെ സ്വീകരിക്കുന്നത് യുക്തമല്ല.. പിന്നെ എന്താണ് എന്നാണെങ്കിൽ
ഭാര്യാ എന്നത് വന്നിരിക്കുന്നത് ഭൃ ധാതുവിൽ നിന്നാണ്. ധാരണേ പോഷണേ എന്നിങ്ങനെ രണ്ട് പ്രധാന അര്ഥങ്ങളാണ് ഇതിനുള്ളത്. ശരീരത്തിനും ഇന്ദ്രിയങ്ങള്ക്കും ബുദ്ധിയ്കും ബലമില്ലാത്തവര്ക്ക് ബ്രഹ്മജ്ഞാനത്തെ സാക്ഷാത്കരിക്കുവാൻ സാധ്യമല്ല. യോഗാദിസാധനകളാൽ ശരീരത്തിനും ഇന്ദ്രിയങ്ങള്ക്കും ശക്തി വര്ദ്ധിപ്പിക്കണമെന്ന് ആപ്യായന്തു മമാംഗാനി തുടങ്ങിയ ശാന്തിമന്ത്രങ്ങളും വ്യക്തമാക്കുന്നു. രൂപലാവണ്യബലവജ്രസംഹനനത്വാനി കായസംപത് എന്ന് യോഗസൂത്രം പറയുന്നു. രൂപം, ലാവണ്യം, ബലം, വജ്രസമാനമായ ദാര്ഢ്യം എന്നിവയാണ് കായസമ്പത്ത്. യോഗാദിസാധനകൾ ബ്രഹ്മസാക്ഷാത്കാരത്തി നു മുന്നോടിയുള്ള ചിത്തശുദ്ധിയ്കു് ഉപോത്ബലകങ്ങളാണ്. ബ്രഹ്മസാക്ഷാത്കാരത്തിനാ യി ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം പുഷ്ടിപ്പെടേണ്ടതാണ് .ഇതാണ് ഭാര്യാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മനോരമാ എന്നതിന് മനോ രമയതീതി. മനസ്സിനെ രമിപ്പിക്കുന്നത് എന്നര്ഥമാണ് മനോരമാ എന്നതിന്റെ അര്ഥം പറയുന്നത്. മനോജ്ഞം എന്നര്ഥത്തിൽ മനോ ജാനാതി ജ്ഞാപയതി തോഷയതീതി. മനസ്സുകൊണ്ട് അറിയുക മനസ്സിലാക്കുക തോഷിപ്പിക്കുന്ന എന്നെല്ലാമാണ് ഇതിനര്ഥം. ശരീരേന്ദ്രിയങ്ങളുടെ ഏതൊരു വികാരങ്ങളേയും അറിയുന്നത് മനസ്സു കൊണ്ടാണ്. വസ്തു മനഃ സംയോഗം ഏതൊരു ഇന്ദ്രിയവിഷയങ്ങളേയും അറിയാൻ ആവശ്യമാണ്. ഇന്ദ്രിയങ്ങളുടെ ചേഷ്ടകളെ ധരിക്കുന്ന മനസ്സ് പൂര്ണ്ണമായും ശുദ്ധമാകേണ്ടതാണ്. അല്ലാതെ മുകളിൽ പറയപ്പെട്ട ജ്ഞാനസ്വരൂപത്തെ അറിയുക സാധ്യമല്ല. മനസ് ശുദ്ധ ചൈതന്യസ്വരൂപിണിയായ ദേവിയെ അറിയുന്നതിനുപകരിക്കുന്ന ഉപാധിയാകുന്നു. ഈ ധൃതി ധാരണാ ഭാവമാണ് ഉപാസകനെ രാഗാദികളിൽ നിന്നുള്ള ദോഷഭാവത്തെ ദൂരീകരിക്കുന്നതിന് സഹായിക്കുന്നത്. അതായത് ശുദ്ധമായ ഇന്ദ്രിയവും മനസ്സും ആണ് ഉപാസകന്റെ ആധാരമായി നിൽക്കുന്നത്.
അപ്രകാരമുള്ള ചിത്തശുദ്ധയ്കനുയോജ്യമായ പുഷ്ടിയോടു കൂടി ശരീരേന്ദ്രിയങ്ങളേയും മനസ്സിനേയും നൽകിയാലും ഇതാണ് ആദ്യഭാഗം... എപ്രകാരമുള്ളത് എന്നു സംശയത്തിന് പറയുന്നു.
മനോവൃത്താനുസാരിണീം. ചിത്തത്തിന്റെ വൃത്തിയ്ക് അനുസരിച്ചുള്ളത്. ചിത്തത്തിന്റെ വൃത്തിയെന്നു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് വിഷയങ്ങളുടെ പരിണാമഭേദമാണ്. ഈ ചിത്തത്തിനഅറെ ഗതി അഥവാ വൃത്തി അഞ്ചു തരത്തിലാണ് പറയപ്പെടുന്നത്. പ്രമാണം, വിപര്യയം, വികല്പം, നിദ്രാ, സ്മൃതി ഇവയാണവ. വ്യത്യസ്തമായ അര്ഥതലം ഇവിടെ പറയാനാകും. (ഇവിടെ എഫ് ബി ആയതുകൊണ്ട് വ്യാഖ്യാനശൈലി കുറച്ചിട്ടുണ്ട്).
ഇപ്രകാരം പുഷ്ടിയോടു കൂടിയ ഇന്ദ്രിയങ്ങളും മനസ്സും ചിത്തവൃത്തിയ്കനുയോജ്യമായത് നൽകിയാലും എന്നു ദേവിയോടു പ്രാര്ഥനയാണ് ഇവിടെ ചെയ്യുന്നത്. 🙂🙏

No comments:

Post a Comment