Monday, December 11, 2023

സംസ്കാരം.. ഒരു ചരിത്രപഠനം...

 സംസ്കാരം.. ഒരു ചരിത്രപഠനം...

ആചാര്യ ദേവോ ഭവ എന്നതാണ് ഞങ്ങൾ വിദ്യാർത്ഥികളുടെ സംസ്കാരം... അതു കൊണ്ട് തന്നെ ആചാര്യൻ ഏത് തരത്തിൽ പ്രതികരിച്ചാലും അദ്ധേഹത്തെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ ധർമ്മവും ആകുന്നു..... ഒരു ശത്രു വിനെ പോലെ അപഹസിച്ചു തോൽപിക്കപ്പെടേണ്ടവനുമല്ല ഒരു ആചാര്യൻ.. അതു കൊണ്ട് പോസ്റ്റ് വായിക്കുന്നവർ, മുകളിൽ പറഞ്ഞ തലത്തിൽ നിന്നു കൊണ്ടാണ് ഇതെഴുതിയത് എന്ന് ഓർത്ത് വായിക്കുക ..
(സുനിൽ പി. ഇളയിടം മാഷ് ഈ വീഡിയോയിൽ പറഞ്ഞ വാക്കുകൾ ഇപ്രകാരമാണ്.
സംസ്കാരം എന്ന വാക്ക് നാം ധാരാളമായി കേള്ക്കുന്നല്ലോ.. ഞാനീ വാക്കിന്റെ ചരിത്രം വെറുതെ തിരഞ്ഞുപോയപ്പോൾ മനസ്സിലാക്കിയ ഒരു കാര്യം 1923 മലയാളഭാഷയിൽ ഏറ്റവും മെച്ചപ്പെട്ട നിഘണ്ടു ശബ്ദതാരാവലി പുറത്തു വന്നപ്പോൾ ആ നിഘണ്ടുവിൽ സംസ്കാരം എന്ന വാക്കുണ്ട്.. ആ വാക്കിന് ശ്രീകണ്ഠേശ്വരം കൊടുത്തത് രണ്ടര്ഥമാണ്. ഒന്നു ഷോഡശ സംസ്കാരം. അതായത് ബ്രാഹ്മണരുടെ ദൈനംദിന ജീവിത ചര്യകൾ. രണ്ടാമത് ശവസംസ്കാരം. ഈ രണ്ടര്ഥമേയുള്ളു. നാം ഇന്നു സംസ്കാരം എന്നു പറയുന്ന ഒരു അര്ഥസൂചനയും 923 ൽ ഈ വാക്കിനില്ല. ശ്രീകണ്ഠേശ്വരത്തിന്റെ മകൻ പിൽകാലത്ത് 950 കളോട് ചേര്ന്ന് നിഘണ്ടു പരിഷ്കരിച്ചപ്പോഴാണ് വിദ്യാഭ്യാസവും മറ്റും കൊണ്ടും മനുഷ്യര്ക്ക് വരുന്ന മാനസികമായ ഗുണവിശേഷം എന്ന് ഒരു അര്ഥം എഴുതിചേര്ത്ത് നമ്മളിന്നു മനസ്സിലാക്കുന്ന അര്ഥത്തിലേക്ക് സംസ്കാരത്തെ കൊണ്ടുവന്നത്. പറഞ്ഞു വന്നതിന്റെ അര്ഥമെന്തെന്നു വച്ചാൽ ഇന്നു നാം പറയുന്ന സംസ്കാരത്തിന്റെ അര്ഥവിവക്ഷയ്ക് 75 വര്ഷത്തിനപ്പുറം പഴക്കമില്ല. പറയുമ്പോ നാം എന്താ പറയാ എന്ന് അറിയാമോ അയ്യായിരം കൊല്ലമുള്ള ഭാരതീയ സംസ്കാരമെന്നാണ്. മനോരാജ്യത്തിലെന്തിന് അര്ധരാജ്യം..)
ഞാനൊരു ചരിത്രകാരനല്ല അതുകൊണ്ട് ചരിത്രപരമായ അദ്ധ്യയനം നടത്തേണ്ടത് എങ്ങിനെയെന്ന് എനിക്ക് അറിയില്ല. പക്ഷെ മുകളിൽ പറഞ്ഞിരിക്കുന്ന പോലെ ഭാരതീയ സംസ്കാരത്തിലെ സംസ്കാരശബ്ദത്തിന് ഇന്നു കേള്ക്കുന്ന അര്ഥം ശ്രീകണ്ഠേശ്വരത്തിന്റെ മകൻ പുസ്തകത്തിൽ ചേര്ത്തപ്പോഴാണ് വന്നത് എന്നു പറഞ്ഞാൽ അതല്ലായെന്നു പറയാനുള്ള സ്വാതന്ത്ര്യം അഥവാ സംസ്കാരത്തിന്റെ അര്ഥത്തിലൊന്നായ അനുഭവം ഗുരുക്കന്മാരുടെ കൂടെ ഇത്രയും കാലം നടന്നതു കൊണ്ട് എനിക്കുണ്ടായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കാരണം സംസ്കാരം എന്നതിന് ഈ രണ്ടർത്ഥമല്ലാതെ വ്യത്യസ്ഥമായ അർത്ഥ തലങ്ങളെ ആചാര്യൻമാർ അനേകം ഗ്രന്ഥങ്ങളിലൂടെ കോശങ്ങളിലൂടെ പകർന്നു തന്നിട്ടുണ്ട് ..
ഒരു കഥയിലൂടെ നമുക്ക് ആരംഭിക്കാം...കഥയാണ് അതുകൊണ്ട് പ്രമാണം ചോദിക്കരുത്..
പണ്ട് ധ്രുപഥമഹാരാജാവും ദ്രോണരും അടുത്ത കൂട്ടുകാരായിരുന്നു. ഗുരുകുലവിദ്യാഭ്യാസം ചെയ്യുമ്പോൾ ഒരെ പാത്രത്തിൽ കഴിച്ച് ഒരു പായയിൽ ഉറങ്ങിയിരുന്ന സഹൃത്തുക്കൾ. ഇതിൽ ദ്രോണൻ ദരിദ്രനായിരുന്നു. ഗുരുകുലത്തിൽ താമസിക്കുമ്പോൾ ദ്രുപദൻ ദ്രോണന് ഒരു വാക്കുകൊടുത്തു.. ആ വാക്കിങ്ങനെയാണ്.. നമ്മളുടെ വിദ്യാഭ്യാസം കഴിഞ്ഞ് നീ നിന്റെ വീട്ടിലേക്കും ഞാൻ കൊട്ടാരത്തിലേക്കും പോകും. എന്നെങ്കിലും എന്തെങ്കിലും നിനക്ക് ആവശ്യമായി വന്നാൽ എനിക്കുള്ളതെല്ലാം നിന്റെ കൂടിയാണ്, എന്റ രാജ്യത്തിന്റെ പകുതി ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നു. കുറച്ച് കാലങ്ങള്ക്ക് ശേഷം ദ്രോണൻ ഒരുദിവസം രാജധാനിയിലെത്തി. ദൂരെ നിന്നു തന്നെ രാജഭടന്മാർ ദ്രോണനെ തടഞ്ഞു, അപ്പോൾ ദ്രോണൻ താൻ രാജാവിന്റെ സഹപാഠിയാണെന്നും സുഹൃത്താണെന്നും പറഞ്ഞു. പ്രാകൃതമായ വേഷത്തിൽ വന്ന അദ്ദേഹത്തെ കുറിച്ചുള്ളവിവരണം കേട്ടപ്പോൾ തന്നെ ദ്രുപദന് മനസ്സിലായി അത് ദ്രോണനാണെന്ന്. തന്റെ പകുതി രാജ്യം വേണമെന്നു പറയാനാകുമോ ദ്രോണൻ വന്നത് എന്ന സംശയത്തിൽ ഭയം നിമിത്തം ദ്രോണനെ അറിയില്ലായെന്നു പറയുകയും ഭടന്മാർ അദ്ദേഹത്തെതല്ലി ആട്ടിയോടിച്ചു അപാമാനിക്കുകയും ചെയ്തു. തുടർന്ന് പഞ്ചപാണ്ഡവന്മാരുടെ ശിക്ഷണം ഏറ്റെടുത്ത ദ്രോണൻ അർജുനനോട് ഗുരുദക്ഷിണയായി തന്നെ അപമാനിച്ച ദ്രുപദനെ കെട്ടി കൊണ്ടുവലിച്ചുകൊണ്ടുവരുവാൻ പറഞ്ഞു. ദ്രുപദനെ പിടിച്ചുകെട്ടികൊണ്ടു വന്ന് ദ്രോണന്റെ മുന്പിലിട്ടുകൊടുത്ത സമയം ദേഷ്യം നിമിത്തം ദ്രോണൻ കാലുപൊക്കി ദ്രുപദനെ ചവിട്ടാൻ തുനിഞ്ഞു.. ആ സമയം തന്റെ കയ്യിലെ വാൾ അര്ജുനൻ ദ്രോണന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു, ശത്രുവാണെങ്കിലും ശത്രു ബഹുമാനം അര്ഹിക്കുന്നു. അദ്ദേഹം ഒരു രാജാവാണ്. അതുകൊണ്ട് തന്നെ അദ്ധേഹത്തെ ചവിട്ടാൻ നോക്കുന്ന ആ കാല് ഞാൻ വെട്ടിയെടുക്കുന്നതാണ്. ആചാര്യനാണെങ്കിലും തെറ്റു ചെയ്യുന്ന ആചാര്യനെ തിരുത്തേണ്ടതും ധര്മ്മിഷ്ഠനായ സംസ്കാരസമ്പന്നനായ ഉത്തമശിഷ്യന്റെ കടമായാണ്. അര്ജുനൻ ദ്രോണനോടു ചെയ്ത അതേ തിരുത്തൽ വെറും വിദ്യാര്ഥികളായ ഞങ്ങൾ ഇവിടെ ചെയ്യുവാൻ ശ്രമിക്കുന്നു എന്നു മാത്രം.. തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക.
ഏതൊരു പദത്തിന്റെയും അര്ഥം നോക്കുന്നതിന് മുന്പ് ആ പദം എവിടെ പറഞ്ഞു എന്നാണ് നോക്കേണ്ടത് അതായത് വിഷയം. ഇവിടെ മഹാഭാരതമെന്ന വിഷയത്തെയാണ് പറയുന്നത്. മഹാഭാരതം ഇന്നു ലഭ്യമായതിൽ പ്രധാനം സംസ്കൃതഭാഷയിലുള്ളതാണ്.
അപ്പോൾ ആദ്യമേ തന്നെ അതിൽ നിന്നു തുടങ്ങാം. സംസ്കൃത ശബ്ദം വന്നിരിക്കുന്നത് സമ് എന്ന ഉപസര്ഗ്ഗവും കൃ ധാതുവിൽ നിന്ന് ക്ത സുട് ച എന്ന വ്യാകരണ പ്രക്രിയയിലൂടെയാണ്. വാചസ്പത്യകാരന്റെ അര്ഥം നോക്കിയാൽ കൃതസംസ്കാരേ പദാര്ഥേ വ്യാകരണ.. എന്നിങ്ങനെ അര്ഥം പറയുന്നു. അതായത് സംസ്കൃതം എന്ന പദം നോക്കിയാൽ പോലും സംസ്കാരശബ്ദം ലഭിക്കുമെന്നര്ഥം.
അടുത്തത് സംസ്കാരമാണ്.
ഒരു വ്യാകരണ വിദ്യാർത്ഥിയെന്ന നിലയിൽ ആദ്യമേ തന്നെ അതിന്റെ വ്യുത്പത്തിയാണ് പറയേണ്ടത് അതായത് സംസ്കാരശബ്ദം എങ്ങിനെയാണ് ഉണ്ടായത്. സം എന്ന ഉപസര്ഗ്ഗത്തിന്റെ കൂടെ കൃ എന്ന എന്ന ധാതുവും ഘഞ് പ്രത്യയവും ചേരുമ്പോഴാണ് സംസ്കാരം എന്ന വാക്കുണ്ടായിരിക്കുന്നത്. ഈ പറഞ്ഞിരിക്കുന്നത് പാണിനിയുടെ വ്യാകരണപ്രകാരമാണ് അതുകൊണ്ട് ഈ വാക്കും അത്രയും മുന്പുണ്ടായേ തീരൂ ...കാരണം നിരുക്തം ..
പ്രതിയത്നഃ, അനുഭവഃ എന്ന് കല്പദ്രുമകാരൻ സംസ്കാരത്തിന് പറയുമ്പോൾ മേദിനീകോശകാരൻ സംസ്കാരത്തിന് അര്ഥം പറയുന്നത് മാനസകര്മ എന്നാണ്.. അതായത് മനസുകൊണ്ടുള്ള കര്മ്മം. രചനാ എന്നു ജടാധരനും, പ്രയത്നവതീ എന്ന് ത്രികാണ്ഡശേഷകാരനും പറയുന്നു. മുകളിലെ പ്രതിയത്നത്തിന് അര്ഥം മനസ്സിലായില്ലായെങ്കിൽ പറയാം. ലിപ്സാ, വാഞ്ഛാ. ഇതിന് ഉദാഹരണത്തിന് മാഘത്തിൽ ഒരു ശ്ലോകമുണ്ട്
സുഗന്ധിതാമപ്രതിയത്നപൂർവാം വിഭ്രന്തി യത്ര പ്രമദായ പുംസാം.
ഇതിന് പ്രശസ്ത ടീകാകാരനായ മല്ലീനാഥൻ പറയുന്ന അര്ഥം യത്ര പുരി ന പ്രതിയത്നഃ സംസ്കാരഃ പൂർവോ യസ്യാസ്താം എന്നാണ്.
ഇവിടെ ശവസംസ്കാരമെന്നും ഷോഡശസംസ്കാരമെന്നും മാത്രമാണ് അര്ഥമുണ്ടായിരുന്നത് എങ്കിൽ എങ്ങിനെ അർത്ഥം പറയും.... .
സംസ്കാരത്തിന് വേറെ അര്ഥങ്ങളുണ്ടോയെന്ന് നമുക്ക് ഒന്നു ചരിത്രത്തിലൂടെ നോക്കാം...
ശ്രീമഹാഭാരതത്തിൽ തന്നെ അനേകം അവസരങ്ങളിൽ സംസ്കാരശബ്ദം വരുന്നുണ്ട്. അതിലൊരെണ്ണം മാത്രം എടുക്കാം.
ക്രമാദ്യോ വേദസംസ്കാരം പുണ്യം പ്രാപ്താ സനാതനം. പൂർവൈരാചരിതം രാജൻ മുനിഭിർബ്രഹ്മവാദിഭിഃ.
ബ്രഹ്മവാദികളായ മുനിമാരാൽ ആചരിക്കപ്പെട്ട് പ്രാപ്തമായതാണ് സനാതനമായ ഈ സംസ്കാരമെന്നു തന്നെയല്ലെ അര്ഥം പറയുന്നത്. ഇവിടെ പറയുന്ന സനാതനമായ സംസ്കാരം എഴുപത്തിയഞ്ചു വര്ഷം മുന്പു ഉണ്ടാക്കിയതാണോ.
ഇനി നമുക്ക് ന്യായ ദര്ശനത്തെ നോക്കാം....
സംസ്കാരത്തിനെ ന്യാശദര്ശനത്തിൽ ഗുണവിശേഷമായിട്ടാണ് പറയുന്നത്. അതാകട്ടെ മൂന്നു തരത്തിലാണ് പറയുക. വേഗാഖ്യ സംസ്കാരം മൂര്ത്തപദാര്ഥസ്ഥായീ എന്നു പറയും. ഇത് വേഗജന്യമെന്നും കര്മ്മജന്യമെന്നും രണ്ടുതരത്തിൽ. രണ്ടാമത്തെ സ്ഥിതിസ്താപകസംസ്കാരം, ഇതാകട്ടെ പൃഥിവിയുടെ ഗുണം ആണ്.ആതീന്ദ്രിയമായ സ്പന്ദനകാരണം എന്നും പറയും. മൂന്നാമത്തെ ഭാവനാഖ്യസംസ്കാരം ഇത് ആത്മാവിന്റെ അതിന്ദ്രീയഗുണമായിട്ടാണ് പറയുന്നത്. അതായത് നിശ്ചയജന്യവും സ്മരണ അഥവാ സ്മൃതിക്കെല്ലാം കാരണവും ഇതാണ്. ന്യായദര്ശത്തിൽ ഈ സംസ്കാരത്തിലധിഷ്ഠിതമായാണ് നിശ്ചയവും സ്മരണയും പ്രത്യഭിജ്ഞയുമെല്ലാം പറയണത്. കൂടുതലായി സംസ്കാരാര്ഥത്തെ മനസ്സിലാക്കാൽ ന്യായദര്ശനം നോക്കിയാൽ മതിയാകും. ഏറ്റവും കുറഞ്ഞത് അന്നംഭട്ടന്റെ തര്ക്കസംഗ്രഹമോ ദീപികാ വ്യാഖ്യാനമോ ധാരാളം.
അടുത്തത് ദശവിധ സംസ്കാരമാണ്. വിവാഹം ഗര്ഭാധാനം പുംസവനാദികളായവയെല്ലാം പറഞ്ഞിരിക്കുന്നത് യാജ്ഞവല്ക്യനുള്പ്പെടെയുള്ളവരാണ്. അതായത് ഇന്നോ ഇന്നലെയോ അല്ല സംസ്കാരശബ്ദം പറഞ്ഞിരിക്കുന്നത് സമൃതി കാലികമാണ് എന്നര്ഥം..
അദ്വൈതസിദ്ധിയെന്ന ഗ്രന്ഥത്തിൽ പറയുന്നു, ജ്ഞാനം സംസ്കാരം ജനയതി, വിനാ വ്യാപാരം വ്യവഹിതകാര്യജനനാക്ഷമത്വാത്. ഇതിലെ സംസ്കാരത്തിന് എന്താണര്ഥം.
മഹാനിർവാണ തന്ത്രത്തിൽ രണ്ടു ശ്ലോകങ്ങളെ ഉദ്ധരിക്കാം ഇവിടെ..
ഗുരുശ്ചേന്നാധികാരീ സ്യാത് ശുഭപൂര്ണാഭിഷേചനേ
തദാ അഭിഷിക്തകൌലേന സംസ്കാരം സാധയേത് പ്രിയേ
ഇതിൽ പറയുന്ന പൂര്ണ്ണാഭിഷേചനം സംസ്കാരം നരഃ സാധയേത് എന്നതുകൊണ്ട് ഏത് സംസ്കാരാര്ഥത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്..
ഇനി ദശരൂപകത്തെ നോക്കാം...
ന മധ്യേ സംസ്കാരം കുസുമമപി ബാലാ വിഷഹതേ
ന നിഃശ്വാസൈഃ സുഭ്രൂര്ജനയതി തരംഗവ്യതികരം
നവോഢാ പശ്യന്തി ലിഖിതമിവ മര്തുഃ പ്രതിമുഖം
പ്രരോഹദ്രോമാഞ്ച ന പിബതി ന പാത്രം ചലയതി
ഇതിലെ ന മധ്യേ സംസ്കാരം എന്നതിന് ശ്രീകണ്ഠേശ്വരത്തിലെ അര്ഥം വച്ചു ഒന്നു വിശദീകരിക്കാമോ.
ഇനി ഭാസനാടകത്തെ എടുക്കാം...
അനാഹാരേ തുല്യഃ പ്രതതരുദിതക്ഷാമവദനഃ
ശരീരേ സംസ്കാരം നൃപതിസമദുഃഖം പരിവഹൻ
ഇതിലെ സംസ്കാരമോ..
രാമായണത്തിലെ എടുക്കാം...
അഗ്നിഷ്ടോമാദിഭിർയജ്ഞൈരിഷ്ടവാനാപ്തദക്ഷിണൈഃ
അഗ്നിഹോത്രേണ സംസ്കാരം കേന ത്വം ന ലപ്സ്യസേ..
ഉത്തരരാമചരിതത്തിൽ ഒരു ചോദ്യമുണ്ട്
ദേവ്യൌ ശുഭാശീർവാദം വിതരതഃസാ ച കോ അനയോ ക്ഷത്രിയോചിതം സംസ്കാരം കരിഷ്യതി ഇതി പൃച്ഛതി. ക്ഷത്രിയന്മാര്ക്കു യോജിച്ചതായ സംസ്കാരത്തെ ചെയ്യുന്നു എന്നതു തന്നെയല്ലെ അര്ഥം. ഇവിടെ എന്താണ് ഈ സംസ്കാരം കൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ഷോഡശസംസ്കാരമാണോ ക്ഷത്രിയസംസ്കാരം.
ഭാരതീയമായ രസശാസ്ത്രത്തിൽ പെടുന്ന രസരത്നാകരമെന്ന ഗ്രന്ഥത്തിൽ അനുവാസനസംസ്കാരമെന്ന ഭാഗമുണ്ട്. ഉദാഹരണത്തിന്
യശോധരപ്രഭൃതയ ആചാര്യാഃ അനുവാസന സംസ്കാര.. മെന്നു തുടങ്ങി ഇമം സംസ്കാരം സമ്പാദയിതുമഷ്ടാംഗുലദീര്ഘാ മുഖേ സുവിസ്തൃതാ ചതുരംഗുലസമ്മിതാ എന്നിങ്ങനെ പറയുന്നു. ശ്രീകണ്ഠേശ്വരത്തിന്റെ സംസ്കാരശബ്ദാര്ഥം വച്ച് ഇതിനെ ഒന്നു നിര്ണ്ണയിക്കാമോ...
ആചാര്യഭാസർവജ്ഞന്റെ ന്യായഭൂഷണത്തിൽ
ജ്ഞാനഭിന്നസ്യ സംസ്കാരസ്യാശ്രിതത്വാനാശ്രിതത്വാനുപപത്തിഃ. അനുഭവജനിത സംസ്കാരാശ്രയോ അന്യത്രാപി തത് സംസ്കാരം കരിഷ്യതി. തത്സംസ്കാരാശ്രയ ബാഹുല്യാഗ്രഹണാത്. ഇവിടെയെല്ലാം പറയുന്ന സംസ്കാരാര്ഥമെന്താണ്.
ചോറു വെന്തോ എന്നു നോക്കാൻ ഇത്രയും ധാരാളമാണെന്നു തോന്നുന്നു..
ഭാരതീയ സംസ്കാരമെന്ന വാക്കിലെ സംസ്കാരശബ്ദത്തിന്റെ ചരിത്രം നോക്കുമ്പോൾ ശ്രീകണ്ഠേശ്വരത്തിലെ ഒരു പ്രസ്സിൽ അടിച്ച ഒരുകോശം മാത്രം നോക്കി ആകെ രണ്ടര്ഥം മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നതുകൊണ്ട് ബാക്കിയുള്ള അര്ഥം അന്പതിനുശേഷം ചേര്ത്തതാണെന്നും പറയുമ്പോൾ ഭാരതീയ ചരിത്രം ഒരു പുസ്തകത്തെ വച്ചാണോ ചിന്തിക്കേണ്ടത്.. ( കയ്യിൽ കാശില്ലെങ്കിൽ പേജ് കുറയ്ക്കാൻ അടുത്ത വോളിയത്തിൽ ആഡ് ചെയ്യാമെന്ന് ഇന്ന് പോലും പറയുന്നത് ആലോചിക്കണം. ) അന്പതിനു മുന്പ് എഴുതപ്പെട്ട ഗ്രന്ഥങ്ങളിലെ അര്ഥം എങ്ങിനെയാണ് പറയുക. വെറും എഴുപത്തിയഞ്ചു വര്ഷമേ പഴക്കമുള്ളു എന്നു പറയുന്നതിന് മുന്പ് ഭാരതത്തിലെ ഗ്രന്ഥസഞ്ചയങ്ങളെ വ്യത്യസ്ഥ വിഷയങ്ങളെ പ്രതിനിധാനം ചെയ്യുന്ന അനേകം കോശങ്ങളുണ്ട്....അതു കൂടി ഈ ചരിത്രത്തിൽ വരില്ലെ.... ഭാരതീയ സംസ്കാരമെന്ന വാക്കു പറഞ്ഞ് സംസ്കാര ശബ്ദത്തിന്റെ ചരിത്രം നോക്കുമ്പോൾ കേരളത്തിലെ ശ്രീകണ്ഠേശ്വരത്ത് അടിച്ച പുസ്തകം നോക്കിയാണോ ചരിത്ര നിർണ്ണയം നടത്തേണ്ടത് ...
കോശങ്ങളെ കുറിച്ച് കൂടുതലായി അറിയണമെങ്കിൽ ഇതെ പോലെയുള്ള അവസരത്തിൽ ഉപയോഗിക്കാനായി ഫെയ്സ് ബുക്കിൽ ഇട്ടിരുന്ന ഒന്നാണ് കോശസഞ്ചയം.. എന്റെ കയ്യിലുള്ളതിൽ 25% ആഡ് ചെയ്തിട്ടുള്ളു...
ഭാരതത്തിൽ ശ്രീകണ്ഠേശ്വരം നിഘണ്ടു ഇറങ്ങുന്നതിനു മുന്പ് പബ്ലിഷ് ചെയ്ത് അനേകം നിഘണ്ടുക്കളും കോശങ്ങളുമുണ്ട്.. ഒന്നു റഫർ ചെയ്തതിനുശേഷം ഇതിന്റെ ആവശ്യകത ഉണ്ടോയെന്നു കൂടി പറയൂ..
ഭാരതത്തിലെ ഒരു സാധാരണ വിദ്യാര്ഥിയെന്ന നിലയിൽ എന്റെ സംസ്കാരമെന്നത് ഇന്നലെ ഏതെങ്കിലും ഒരു വ്യക്തി പുസ്തകത്തിൽ ആഡ് ചെയ്തതുകൊണ്ട് കിട്ടിയതല്ല. ഗ്രന്ഥം എന്നത് ഉപാധിയാണെന്നും വിദ് ജ്ഞാനെ എന്നതാണ് ധാതുവെന്നും അതിന്റെ അര്ഥത്തെ ശ്രുതിയുക്തിപ്രമാണമെന്ന ആധാരത്തിൽ ആചാര്യന്മാർ ഗുരുശിഷ്യപാരമ്പര്യമായി പകര്ന്നു തന്നതാണ് ഭാരതീയ സംസ്കാരം. വേദവേദാംഗങ്ങളും, ധര്മ്മശാസ്ത്രം, മീമാംസാ, ന്യായം, പുരാണം, ആയുർവേദം, ധനുർവേദം, ഗാന്ധർവവേദം, അര്ഥശാസ്ത്രം തുടങ്ങി വിദ്യകളെ തന്നെയാണ് മാതാപിതാക്കളിലൂടെ പകര്ന്നു കിട്ടിയിരിക്കുന്നതും. ഭാരതീയ സംസ്കാരമെന്നു ഞാനുള്പ്പടെ വിശേഷിപ്പിക്കുന്നത് അതിനെയാണ്. അല്ലാതെ സംസ്കാരമെന്നത് ജാതിയോ മതമോ ചേരുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ആ സംസ്കാരത്തിൽ ജനിച്ചു വളര്ന്നതുകൊണ്ട് അതിനെ അഭിമാനത്തോടു കൂടി പറയുന്നു . ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി.. ശ്രീ ഗുരുഭ്യോ നമഃ

No comments:

Post a Comment