Monday, December 11, 2023

പദാർഥനിരൂപണം - ഗ്രന്ഥവ്യാഖ്യാനത്തിലൂടെ

 പദാർഥനിരൂപണം - ഗ്രന്ഥവ്യാഖ്യാനത്തിലൂടെ

സംസ്കൃത പദങ്ങളെ മനസ്സിലാക്കികൊടുക്കുമ്പോൾ ഗുരുക്കന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് സിദ്ധവും സാധ്യവും. അതായത് ഒരു പദത്തിന്റെ അർഥം ബോധിപ്പിക്കുന്നതിനൊപ്പം തന്നെ അതിന്റെ ആന്തരികമായി സാധ്യമായ ഒരു കാര്യം കൂടി ആചാര്യൻ അതിൽ യോജിപ്പിച്ചിട്ടുണ്ടാകും. അതിനെ കൂടി മനസ്സിലാക്കി കൊടുത്താൽ മാത്രമേ അതിന്റെ ആശയം പൂർണമാകൂ.
ഉദാഹരണത്തിന് മധു എന്നതിന് തേൻ എന്ന അർഥം പറയുമ്പോൾ അതിന്റെ സിദ്ധമായ അർഥം ലഭിച്ചു കഴിഞ്ഞു. എന്നാൽ ഇതിനോട് ചേർത്ത് ഇതേ പദത്തിന് മറ്റൊരു അന്തരാർഥം കൂടി ആചാര്യൻ ഇതിനോട് യോജിപ്പിച്ചിട്ടുണ്ടാകും. മധു എന്നത് അവബോധനേ എന്ന അർഥത്തിലുള്ള മന് ധാതുവിൽ നിന്നുണ്ടായതാണ്. എന്തായിരിക്കും ഇതിന് കാരണം എന്നാണെങ്കിൽ, അത് പ്രകൃതിയുടെ ഗുണഭാവങ്ങളെ ആധാരമാക്കി ആചാര്യൻ വ്യക്തികൾക്ക് കൊടുക്കുവാൻ ശ്രമിക്കുന്ന തത്ത്വത്തെ സ്വീകരിച്ചിരിക്കുന്നതാണ്.
തേനീച്ച ഓരോ പൂക്കളിൽ നിന്നും തേൻ ശേഖരിച്ച് അത് സ്വയം അതിനെ സംസ്കരിച്ച് നമുക്ക് തരുന്നതാണ് നാം കഴിക്കുന്നതായ തേൻ. അതുപോലെ തന്നെ അവബോധനം, അഥവാ നാം മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതായ ജ്ഞാനം, അനേകം ഗ്രന്ഥങ്ങളിലൂടേയും, ആചാര്യന്മാരിലൂടേയും, പ്രകൃതിയിലൂടെയും ലഭ്യമായതിനെ സ്വീകരിച്ച്, അതിനെ യുക്തിയുക്തം സംസ്കരിച്ച് ഉണ്ടാക്കുന്നതാണ്. ഒരു തേനീച്ചയെ പോലെ തന്നെയാണ് നാം ജ്ഞാനത്തെയുണ്ടാക്കുന്നത്. ഇതെ തത്ത്വത്തെ ബോധിപ്പിക്കുന്നതിനാണ് മന് അവബോധനേ എന്നധാത്വർഥം മധു എന്നതിനോട് ചേർത്തു പറയാൻ കാരണം. ഇതേ രീതിയിൽ തത്ത്വങ്ങളെ യോജിപ്പിച്ചുകൊണ്ട്, ബ്രഹ്മാണ്ഡ പിണ്ഡാണ്ഡങ്ങളെ മേളനം ചെയ്യിക്കുന്നത് തന്നെയാണ് ഈ ഭാഷയുടെ മനോഹാരിതയും.
ഇതേ തത്ത്വമാണ് ഓരോ ഗ്രന്ഥങ്ങളിലും ഓരോ പദങ്ങളിലൂടെ ആചാര്യന്മാരു ചെയ്യുവാൻ ശ്രമിച്ചിരിക്കുന്നത്. ഈ തത്ത്വം കൂടി യോജിപ്പിക്കുമ്പോഴാണ് അതിന്റെ ആത്യന്തികമായ ഗുണം വ്യക്തികൾക്കു ലഭിക്കൂ. അതുകൊണ്ട് തന്നെ ഗ്രന്ഥവ്യാഖ്യാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് സ്ഥൂലമായ അർഥങ്ങളെ പറയുമ്പോൾ തന്നെ, ഈ തത്ത്വങ്ങളെ കൂടി നാം യോജിപ്പിക്കുന്നുണ്ടോ എന്നതാണ്. ആ അർഥതലങ്ങളെ മനസ്സിലാക്കാൻ കൂടിയാണ് നിരുക്താദികളെ കൂടി പരമ്പരയിൽ പഠിപ്പിക്കണം എന്നു പറയുന്നതിന് കാരണവും.
ശ്രീ ഗുരുഭ്യോ നമഃ
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം

No comments:

Post a Comment