Monday, December 11, 2023

സ്ത്രീകളും ശാസ്ത്രാധ്യയനവും....

 സ്ത്രീകളും ശാസ്ത്രാധ്യയനവും....

കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിൽ എനിക്ക് വന്ന നാലഞ്ചു കോളുകളിലും അതുപോലെ മെസേജ് കളിലും ഒരു പ്രധാന ചോദ്യമായിരുന്നു ഇത്രയധികം ആളുകളുണ്ടായിട്ടും ഒരു സ്ത്രീയെ തന്നെ ശിഷ്യയാക്കിയത് എന്തിനാണ്. ഈ ചോദ്യത്തിന് കാരണം ചോദിച്ചപ്പോൾ, കേരളത്തിൽ മന്ത്രാധികാരം സ്ത്രീകൾക്ക് ഇല്ലായെന്നു ഉത്തരം കിട്ടി. എനിക്ക് തോന്നിയത് ഇതിന്റെ ഉത്തരം വ്യക്തിപരമായി ഒരാൾക്കായി കൊടുക്കേണ്ടതല്ല. മറിച്ച് സഹസ്രാനാമാദി സ്തോത്രങ്ങളു പോലും സ്ത്രീകള്ക്കു പാടില്ലായെന്ന് പറയുന്ന അനേകം പേർക്ക് കൊടുക്കേണ്ടതാണ് എന്നു തോന്നി. പ്രത്യേകിച്ച് ഇന്ന് എല്ലാവർക്കും ഉള്ള സംശയം ആണ് സ്ത്രീകൾക്ക് മന്ത്രാധികാരം ഉണ്ടോ എന്നത് ?
ഇവിടെ ഉത്തരമായി പറയേണ്ടത് പഴയകാലത്ത് സ്ത്രീകളു പുരുഷന്മാരെ പോലെ സുശിക്ഷിതരായിരുന്നോ അവരു മന്ത്രാധികാരത്തോടു കൂടിയവരായിരുന്നുവോ പുരുഷന്മാരുടെ അത്ര തന്നെ അവർക്ക് അധികാരമുണ്ടായിരുന്നുവോ എന്നെല്ലാമാണ്.
വൈദികകാലത്ത് പുരുഷന്മാരായ ആചാര്യന്മാരെ പോലെ തന്നെ സ്ത്രീകളും സുശിക്ഷിതരായിരുന്നു. ബ്രഹ്മയജ്ഞത്തിൽ ഋഷിമാരുടെ ഗണന ചെയ്തിരുന്ന പോലെ തന്നെ സുലഭാ, ഗാർഗീ, മൈത്രേയീ തുടങ്ങിയവരുദാഹരണം നാം കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.
പാണിനിയുടെ സൂത്രം , 4.1.49 സൂത്രം നോക്കിയാൽ ആചാര്യാ എന്ന പദവിക്ക് സ്ത്രീകളും അധികാരിണിയായിരുന്നു. പാണിനിയേയും പതഞ്ജലിയേയും ഉദ്ധരിച്ച് ചിന്തിച്ചാൽ, കഠ ചരണത്തിൽ അധ്യയനം ചെയ്തവരായ ഛാത്രയെ കഠീ (കഠേന പ്രോക്തമധീതേ യാ കഠപ്രോക്തമധീയാനാ) എന്നും, ഋഗ്വേദത്തിൽ ബഹ്വൃചമായ ചരണത്തിൽ അധ്യയനം ചെയ്തവരെ ബഹ്വൃചീ ( ബഹ്വ്യ ഋചോ അധേതവ്യാ യയാ, അധ്വര്യുനാമാധ്യേത്രീ സ്ത്രീ) എന്നും വിളിക്കുന്നു. ഇങ്ങിനെ അവരെ വിളിക്കുന്നത് അവരു വേദാധ്യയനം ചെയ്തിട്ടു തന്നെയല്ലെ.. ബഹ്വൃചസ്യ പത്നീ അഥവാ ഋഗ്വേദജ്ഞന്റെ പത്നി എന്ന വ്യാഖ്യാനം ഇവിടെ യോജിപ്പിക്കാനാകില്ല. കാരണം അങ്ങിനെ വന്നാൽ ശാസ്ത്രത്തിൽ അവ്യാപ്തിയെന്ന ദോഷം വരും.. പ്രത്യേകിച്ച് ഇതെ പോലെ ക്ഷത്രിയീ എന്നു സ്ഥലത്ത് ക്ഷത്രിയന്റെ പത്നിയെന്ന അര്ഥത്തിലു മാത്രം പ്രയോഗിച്ചാൽ ക്ഷത്രിയ കുലത്തിൽ ജനിച്ച സ്ത്രീകളാരും തന്നെ ക്ഷത്രിയരല്ലാതെയാകും.
ഇനി അങ്ങിനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഈ ഉദാഹരണത്തിലൂടെ പോയാൽ മതി..പാണിനീയ വ്യാകരണം അധ്യയനം ചെയ്തതായ സ്ത്രീകളെ പാണിനീയാ എന്നും, ആപിശലീ ആചാര്യന്റെ വ്യാകരണം അധ്യയനം ചെയ്തവരെ ആപിശലാ( ആപിശലമധീതേ ബ്രാഹ്മണീ ആപിശലാ, ഭാഷ്യം 2.1.14, 3). ഇതുപോലെ കാശകൃത്സ്ന ആചാര്യന്റെ ഗ്രന്ഥത്തെ പഠിച്ചതായ സ്ത്രീകളെ കാശകൃത്സ്നാ (കാശകൃത്സ്നാ പ്രോക്താ മീമാംസാ കാശകൃത്സ്നീ, താമധീതേ കാശകൃത്സ്നാ എന്നും വിളിക്കുമ്പോൾ അത് സ്ത്രീകള്ക്ക് ശാസ്ത്രാധ്യയനത്തിന് വിധിയുള്ളതുകൊണ്ട് തന്നെയല്ലെ.. ഗുരൂപദേശമില്ലാതെ പഠിക്കേണ്ട ഒന്നല്ലല്ലോ ഇതെല്ലാം.. പാണിനി ഛാത്രികളായ വിദ്യാർഥികൾക്കു വേണ്ടി മാത്രം ഛാത്ര്യാദയഃ ശാലായാം 6.2.86 സൂത്രം തന്നെ പറയുന്നുണ്ട്, ഇത് സ്ത്രീപ്രത്യയം തന്നെയല്ലെ പ്രയോഗിച്ചിരിക്കുന്നത്. അല്ലാതെ ഛാത്ര്യാദയഃ എന്നതുകൊണ്ട് പുരുഷന്മാരായ സ്ത്രീകൾക്കു വേണ്ടിയുള്ള ശാലയെന്ന അർഥത്തിലല്ലോ..
ഇനി വ്യക്തിഗതമായി ആരുടെയെങ്കിലും വാക്കുകളെ സ്വീകരിക്കുകയാണെങ്കിൽ ഡോ. പാണ്ഡുരംഗ വാമന കാണേ തന്നെ തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു, ഇത് വിചിത്രമായി കാര്യമാണ്,എന്താണെന്നാണെങ്കിൽ വര്ത്തമാനകാലത്തെ അപേക്ഷിച്ച് പ്രാചീന കാലത്ത് സ്ത്രീകളിൽ ശിക്ഷാ സംബന്ധന്ധിയായ വ്യവസ്ഥ ഉച്ചതരമായിരുന്നു. അപ്പോൾ സ്ത്രീകളു പഴയ കാലത്ത് വിദ്യയെ നല്ല രീതിയിൽ അഭ്യസിച്ചിരുന്നു എന്നു തന്നെയല്ലെ അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നത്.
മധ്യയുഗത്തിലെ മണ്ഡന മിശ്രന്റെ പത്നി മഹാവിദുഷിയെന്നു സമൂഹത്തിൽ ഉച്ചസ്തരമായി സ്വീകരിക്കപ്പെട്ടിരുന്നു. പത്താം ശതാബ്ദിയിൽ പറയുന്ന പ്രസിദ്ധ കവിയായ രാജശേഖരന്റെ പത്നി അവന്തി സുന്ദരീ ആ കാലഘട്ടത്തിലെ പരമ വിദുഷിയായിരുന്നു എന്ന് കർപൂര മഞ്ജരി ഉദ്ഘോഷിക്കുന്നു. വേണമെങ്കില് ഇതുപോലെ അനേകം ഉദാഹരണം നിരത്താം.. ഇവരെല്ലാം ശാസ്ത്രം തന്നെയല്ലെ പഠിച്ചത്...
ബാലന്മാർക്കും ബാലികമാർക്കും വേദാധ്യയനത്തിന് ഉപനയന സംസ്കാരമുണ്ടായിരുന്നു എന്നു മനസ്സിലാക്കാൻ ബ്രഹ്മചാരിണീ എന്ന ഒരു പദത്തിന്റെ അർഥം മനസ്സിലാക്കിയാൽ മതിയാകും. വേദത്തിൽ ചരിക്കുന്നവളെന്ന അർഥത്തിലാണ് ബ്രഹ്മചാരിണീ ശബ്ദം. വേദേഷു ചരതേ യസ്മാത്തേന സാ ബ്രഹ്മചാരിണീ എന്ന ദേവീ പുരാണം ഇതിനെ സാധൂകരിക്കുന്നു. ബ്രഹ്മാചാരികളെന്നത് പുരുഷനാണെങ്കില് ബ്രഹ്മചാരിണികളാകട്ടെ സ്ത്രീകളാകാതെ തരമില്ല തന്നെ.
ഇനി പരമ പ്രധാനമായ വേദത്തെ തന്നെ സ്വീകരിക്കണമെങ്കിൽ അഥർവേദത്തിലെ അധ്യായം 11 ൽ, 5 മത്തെ ബ്രഹ്മചര്യ സൂക്ത ത്തിലെ 18 മത്തെ മന്ത്രത്തില് കന്യകകൾക്കും ബ്രഹ്മചര്യത്തിനും വിദ്യാ ഗ്രഹണത്തിനും ശേഷം വിവാഹം ചെയ്യുവാൻ പറയുന്നു. 14.1.6 ൽ കന്യകക്ക് വിദ്യാലാഭവും ബുദ്ധിയേയും പ്രദാനം ചെയ്യണമെന്ന് ഉപദശിക്കുകയും ചെയ്യുന്നുണ്ട്.
കുമാര പ്രവ്രജിതാ, കുമാര താപസീ, കുമാര പണ്ഡിതാ, അധ്യേത്രീ, ആചാര്യാ ശതപൃഥിവീ, തുടങ്ങിയ സ്ത്രീശബ്ദവാചിയായ വിശേഷണങ്ങള് സ്ത്രീകളുടെ പദവികളെ സാധൂകരിക്കുന്നതാണ്.
ഇനി പുരുഷന്മാർക്ക് ഒപ്പം സ്ത്രീകൾക്ക് യജ്ഞാധികാരത്വത്തിന് അവകാശമുണ്ടോ എന്ന ചോദ്യത്തിന് പത്നിക്ക് പതിയുടെ കൂടെ യജ്ഞാദികൾക്ക് അവകാശം ഉണ്ടായിരുന്നു. മാർക്കണ്ഡേയ പുരാണം, 67.23 ൽ സ്ത്രീകളില്ലാതെ യജ്ഞകർമ്മത്തിന് പുരുഷൻ യോഗ്യനല്ലായെന്ന് വ്യക്തമായി പറയുന്നു. പത്നി പുരുഷന്റെ അർദ്ധാംഗമായി തൈത്തിരീയസംഹിതാ. 6.1.8.5, തൈത്തിരിയ. ബ്രാഹ്മ. 3.3.35 ഉദ്ഘോഷിക്കുന്നു. പാണിനി അഷ്ടാധ്യായിയിൽ 4.1.33 ൽ പതിയുടെ കൂടെ യജ്ഞം ചെയ്യുന്നതുകൊണ്ടും അതിന്റെ ഭാഗിയായതുകൊണ്ടും സ്ത്രീകളെ പത്നിയെന്നു വിളിക്കുന്നു എന്നാണ്. സ്ത്രീ ശിക്ഷയിൽ ശതപഥബ്രാഹ്മണത്തിൽ വ്രതോപനയനം വിധി കാണാം.
ഇനി യജ്ഞത്തിന് കൂടെയിരിക്കുവാൻ മാത്രമാണ് വിധിയെന്നു ആർക്കെങ്കിലും സംശയം തോന്നുന്നു എങ്കിൽ അതിന് ഉത്തരം അടുത്ത ഭാഗം നോക്കിയാൽ മതി..
ഋക് സംഹിതയിലെ 10 മത്തെ മണ്ഡലത്തിലെ അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതീ ഛന്ദസ്സില് 47 മന്ത്രങ്ങളോടു കൂടിയ വിവാഹസൂക്തത്തിന്റെ ദ്രഷ്ടാവാണ് ഈ ഋഷികാ സാവിത്രീ സൂര്യാ. ഇന്നും വേളി സമയത്ത് ചൊല്ലുന്ന സൂക്തം കൂടിയാണ് ഇത്. സ്ത്രീകളാൽ ദ്രഷ്ടമാക്കപ്പെട്ട സൂക്തങ്ങളെ വിവാഹത്തിനു വരെ ചൊല്ലാം.. പക്ഷെ സ്ത്രീകൾക്ക് മന്ത്രം ചൊല്ലാനും പാടില്ലാ. മന്ത്രാവകാശമില്ലാതെ ഇവരൊക്കെ എങ്ങിനെയാണ് ഋഷികയായത്. ഇതുപോലെ ആത്രേയീ വിശ്വവാരാ, ആത്രേയീ അപാലാ, കാക്ഷീവതീ ഘോഷാ, കാാമായനീ ശ്രദ്ധാ, വാക് സൂക്തത്തെ ദ്രഷ്ടാവായ വാഗാംഭൃണീ, വൈവസ്വതീ, ശചീ പൌലോമീ, സാർപരാജ്ഞീ തുടങ്ങി അനേകം മന്ത്രങ്ങളുടെ ദ്രഷ്ടാക്കളാണ് സ്ത്രീകളായിട്ടുണ്ട്. ഇവരെ എല്ലാം തന്നെ ഋഷികാ എന്ന പേരിലാണ് വിളിക്കുന്നത്. ഇനി സ്ത്രീകള്ക്ക് വേദമന്ത്രം ചൊല്ലുവാൻ അർഹതയുണ്ടോ എന്ന് പുരുഷൻ ചോദിച്ചാൽ തിരിച്ച് നിങ്ങളു ചൊല്ലുന്ന മന്ത്രം തന്നെ സ്ത്രീകളാൽ ദർശിക്കപ്പെട്ടതാണ് എന്നതാണ് ഉത്തരം.
ഇനി മറ്റ് ഗ്രന്ഥങ്ങളെ നോക്കിയാൽ ...
രാമന്റെ രാജ്യാഭിഷേകത്തിൽ കൌസല്യം സ്വയം അഗ്നിയിൽ മന്ത്രസഹിതമായി ആഹുതി അർപിക്കുന്നുണ്ട്. ബാലിയുടെ പത്നിയായ താരയെ മന്ത്രവിത് എന്നാണ് വിളിക്കുന്നത്. സൂര്യനേയും വായുവിനേയും ഇന്ദ്രനേയും വരെ ആവാഹനം ചെയ്തിരുന്ന പാണ്ഡവരുടെ മാതാവായ കുന്തീ സ്വയം അഥർവവേദത്തിൽ പാരംഗതയാണ്. സ്മൃതികാരകനായ യാജ്ഞവല്ക്യനോടാണ് സാക്ഷാത് ഗാർഗി ജനകന്റെ സദസ്സിൽ വാഗ്വാദം നടത്തിയത്. അത്രയും തന്നെ പോരെ ഇന്നത്തെ പോലെയല്ല സ്ത്രീകള്ക്ക് കൃത്യമായ വേദവേദാംഗാദി ശാസ്ത്രപഠനമുണ്ടായിരുന്നു എന്നു കാണുവാൻ..
ഇനി സ്ത്രീകളു വീട്ടിൽ ശാസ്ത്രം പഠിക്കുക മാത്രമാണ് ചെയ്തിരുന്നത് അവരു മറ്റുള്ളവരെ പഠിപ്പിക്കാറില്ലായിരുന്നു എന്ന് പറഞ്ഞ് അവരെ കുറച്ചു കാണണ്ട.. കാരണം അധ്യാപനം സ്ത്രീ നടത്തിയിരുന്നുവോ എന്ന് മനസ്സിലാക്കാൻ ആചാര്യാ എന്ന പദം നോക്കിയാൽ മതി..ഇന്നത്തെ അദ്ധ്യാപനാർഥമല്ല. മന്ത്രവ്യാഖ്യാ കർത്രീ എന്നാണ് അതിന് അർഥം. അതായത് വേദാദി ശാസ്ത്രാധ്യാപന കർത്രീ. ആരാണോ മന്ത്രത്തെ വ്യഖ്യാനിക്കുന്നത് അവരെയാണ് ആചാര്യാ എന്നു വിളിക്കുന്നത് എന്ന് തന്നെ അമരസിംഹൻ വരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.. ഇനിയും കൂടുതലു നോക്കണമെങ്കിൽ ഉപാധ്യായാപ്യുപാധ്യായീ എന്ന രണ്ടു പദങ്ങളു കൂടി നോക്കിയാൽ മതി.. സ്ത്രീകൾ സ്വയം പഠിക്കുക മാത്രമല്ല പഠിപ്പിക്കുകയും ചെയ്തിരുന്നു എന്നു മനസ്സിലാക്കാൻ...
സ്ത്രീകൾ സകല ശാസ്ത്രപാരംഗതകളായിരുന്നു എന്നതിന് കാരണം വാത്സ്യായനന്റെ അറുപത്തിനാലു കലകളും സ്ത്രീകളെ അഭ്യസിപ്പിച്ചിരുന്നു. അതു പഠിക്കണമെങ്കില് തീർച്ചയായും വേദ വേദാംഗാദി ശാസ്ത്രമില്ലാതെ സാധ്യമല്ലായെന്നത് സാമാന്യയുക്തിയാണ്. അതിന്റെ യുക്തിയറിയാൻ ഏറ്റവും കുറഞ്ഞത് നാട്യശാസ്ത്രമെങ്കിലും ഒന്നു മറിച്ചു നോക്കിയാൽ മതിയാകും. അത്തരത്തിൽ നോക്കിയാൽ നാട്യശാസ്ത്രത്തെ അഭ്യസിച്ചിരുന്ന ഭാരതത്തിലെ നർത്തകിമാരായി കണക്കാക്കുന്ന ദേവദാസികളു വരെ ഇന്നത്തെ ആളുകളേക്കാൾ ഏറ്റവും സുശിക്ഷിതരായിരുന്നു എന്നര്ഥം.
ഇനി സന്യാസത്തിൽ സ്ത്രീയുണ്ടോ എന്നതിന് സംശയം തോന്നുന്നു എങ്കിൽ പ്രവ്രജിതാ എന്ന ശബ്ദം നോക്കിയാൽ മതി. പ്രവ്രജിതസ്യ ലിംഗമിവ ജടാദികമസ്ത്യസ്യാ ഇതി, അതായത് പ്രവ്രജിതനായ വ്യക്തിയുടെ അടയാളമായ ജടാദികളുള്ള സ്ത്രീ എന്ന അർഥത്തിലാണ് പ്രവ്രജിതാ. ഏറ്റവും കുറഞ്ഞത് വാചസ്പത്യം നോക്കിയാൽ അർഥം കാണാം സന്യാസിനി എന്ന്. ആത്രേയിയെ താപസീ എന്നു തന്നെ ഉത്തരരാമചരിതത്തിൽ വിശേഷിപ്പിക്കുന്നത്. ഈ കാര്യത്തിലും സ്ത്രീകളെ കുറച്ചു കാണാൻ പറ്റില്ലായെന്ന്.
സ്ത്രീകളെ സമൂഹത്തില് എങ്ങിനെയാണ് കണ്ടിരുന്നത് എന്നതാണ് എങ്കിൽ മനുസ്മൃതി വ്യാഖ്യാനകാരനായ മേധാതിഥി മാതൃരൂപത്തിൽ പ്രാർഥിച്ചുകൊണ്ട് സർവതീർഥമയീ മാതാ എന്നാണ് വിവക്ഷിച്ചിരിക്കുന്നത്. മനുവാകട്ടെ അരക്ഷിതാ ഗൃഹേ രുദ്ധാഃ എന്നു പറഞ്ഞുകൊണ്ട്, സ്വയം സ്ത്രീ ഏത് തരത്തിലുള്ള സംബന്ധത്തോടു കൂടിയ പുരുഷനാൽ രക്ഷിക്കപ്പെട്ടാലം സ്വയം സ്വന്തം രക്ഷ ചെയ്യാനായില്ലായെങ്കിൽ ആ സ്ത്രീ എല്ലായിപ്പോഴും അരക്ഷിതയാണ് ന്ന് പറഞ്ഞു സ്വന്തം സുരക്ഷിതത്തിന് സ്വയം പ്രാധാന്യം നൽകുവാൻ ഉപദേശിക്കുന്നു. അപ്പോൾ സ്ത്രീകൾക്ക് പുരുഷനോട് ഒപ്പം തന്നെയല്ലെ ഭാരതീയ ആചാര്യന്മാരു സ്ഥാനം കൊടുത്തിരിക്കുന്നത്.
ഇനി സമൂഹത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യമാണ്. അതിന് നിയുക്തപുരുഷന്റെ സംഭോഗം കൊണ്ട് പുത്രോത്പത്തിയെന്ന നിയോഗമെന്ന വിശേഷത്തെ അറിഞ്ഞാൽ മതിയാകും. അതായത് ഭർത്താവ് മരിച്ചാലോ ഭർത്താവിന് പുത്രോത്പാദനത്തിൽ സാധ്യമല്ലാതെ വന്നാലോ അവരാൽ നിർദേശിക്കപ്പെടുന്ന അല്ലെങ്കിൽ സ്വയം യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കുവാൻ സ്ത്രീക്ക് അർഹതയുണ്ട്. മഹാഭാരതത്തിലെ വ്യാസന്റെ സന്താന ദാനവും, കുന്തിയുടെ സന്താനസ്വീകരണവുമെല്ലാം നിയോഗമാണ്. ഇന്ന് പോലും സസ്കാര സമ്പന്നരെന്നു വിളിക്കുന്ന നമുക്ക് അത് സാധ്യമാണോ എന്ന് ചിന്തനീയമാണ്. അത്രയും സ്വാതന്ത്ര്യവും ശിക്ഷയും ധർമ്മവ്യവസ്ഥയും നിലനിർത്തിയിരുന്ന സ്ത്രീകളുള്ള നാട്ടിലാണോ ഈ മന്ത്രാധീനത്തിന് അർഹമല്ലായെന്നു പറയേണ്ടത്.
ഇനി സ്ത്രീകളെ ബാലവിവാഹം നടത്തിയിരുന്നുവോ എന്നതാണ്. വസിഷ്ഠ സ്മൃതിയിലാകട്ടെ പതിനാറു വർഷം കുറഞ്ഞവരിൽ സംഭോഗാദികളു നിഷിദ്ധമായി പറഞ്ഞിരിക്കുന്നു. ( വസിഷ്ഠ സ്മൃതി 17.50. 51) .
ഇനി ബ്രാഹ്മണജാതിയ്കു മാത്രമേ മന്ത്രാധീനത്തിന് അർഹതയുള്ളു എന്നു ചിന്തിച്ചാൽ, അതായത് ജാതീയമായി സ്ത്രീകളെ മാറ്റിനിർത്തിയിരുന്നുവോ എന്നു ചിന്തിച്ചാൽ, വൃദ്ധഹാരീതം 3.6 ബ്രാഹ്മണനായാലും ക്ഷത്രിയനായാലും വൈശ്യനായാലും ശൂദ്രനായാലും സ്ത്രീയായാലും ശിക്ഷാ എന്നത് സത്ത്വഗുണാന്വിതനായാൽ യോഗ്യതയനുസരിച്ച് സ്വീകരിക്കാമെന്നു തന്നെയാണ് പറഞ്ഞിരിക്കുന്നത്.
ഇതിനെ സാധൂകരിക്കുന്നതിന് വർണം അനുസരിച്ച് വേദാധികാരിത്വം ബ്രാഹ്മണരല്ലാത്തവർക്ക് ഇല്ലായെന്നു പറയുന്നു എങ്കിൽ ആ വേദത്തെ വ്യസിച്ചിരിക്കുന്ന വ്യാസനെന്ന പരമാചാര്യൻ സ്വയം ബ്രാഹ്മണനല്ല. ജാതി മതഭേദമന്യെ ചൊല്ലുന്ന രാമായണം എഴുതിയ വാത്മീകി ബ്രാഹ്മണനല്ല. ബ്രാഹ്മണത്വത്തെ പ്രദാനം ചെയ്യുന്ന ഗായത്രി മന്ത്രത്തിന്റെ ദ്രഷ്ടാവായ വിശ്വാമിത്രൻ സ്വയം ക്ഷത്രിയനാണ് ബ്രാഹ്മണനല്ല. അധ്യാത്മവിദ്യയിലെ പ്രധാനമായ ഗീതയുപദേശിക്കുന്ന കൃഷ്ണൻ തുടങ്ങി ഭാരതത്തിലെ പതിനെട്ടു വിദ്യകളുടെ ആധാരമായി പറയുന്ന ആചാര്യന്മാരുടെ എണ്ണം നോക്കിയാൽ ബ്രാഹ്മണത്വം ജന്മസിദ്ധമായി ഉണ്ടായിരുന്നവരല്ല. ഭാരതത്തിലെ ഗ്രന്ഥങ്ങളുടെ രചനാകാരന്മാരെ നോക്കിയാലും അതു രചിച്ചവരിൽ ബ്രാഹ്മണത്വം നോക്കിയാൽ അതു പത്തു ശതമാനത്തിൽ താഴേയാകും. അതുകൊണ്ട് ജാതീയമായി ഭാരതത്തിൽ ഒരു വ്യത്യാസവുമില്ലായിരുന്നു, ഇവിടെ വർണ വ്യവസ്ഥയായിരുന്നു.. അതിനെ ജാതിയാക്കിയതാണ് ഇന്നത്തെ അധഃപതനത്തിന് കാരണം. പ്രത്യേകിച്ച് സ്ത്രീ ശിക്ഷയിൽ ശതപഥബ്രാഹ്മണത്തിൽ വ്രതോപനയനം വിധി വരെ നമുക്ക് കാണാം.
സ്വയം പുത്രന്മാരെ സുശിക്ഷിതരാക്കിയ മാർക്കണ്ഡേയ പുരാണത്തിലെ മദാലസോപാഖ്യാനം സ്ത്രീശിക്ഷയുടെ ആദര്ശരൂപമാണ്. മാർക്കണ്ഡേയൻ അത് ഭാരതീയ ധർമ്മശാസ്ത്രം എഴുതിയ ജൈമിനിയോടു പറയുമ്പോൾ സ്ത്രീകളെ ഏത് തരത്തിലാണ് ഭാരതീയ പാരമ്പര്യത്തിൽ സ്വീകരിച്ചിരുന്നത് എന്നു മനസ്സിലാക്കാനാകൂ.
സമൂഹത്തില് സ്ത്രീകളുടെ സ്ഥാനത്തെ ഒറ്റ സൂക്തം കൊണ്ട് ആചാര്യന്മാരു വിശദീകരിക്കുന്നുണ്ട്.
ഇഡേ രന്തേ ഹവ്യേ കാമ്യേ ചന്ദ്രേ ജ്യോതേऽദിതേ മഹി വിശ്രുതി. ഏതാ തേऽന്യേ നാമാനി ദേവേഭ്യോ മാ സുകൃതം ബ്രൂതാത് 8.43
സ്തുതി യോഗ്യയായതുകൊണ്ട് അവൾ ഇഡയാണ്. രമണീയയായതുകൊണ്ട് രന്തിയാണ്. ആഹ്വാനം ചെയ്യുവാൻ യോഗ്യയാവളാണ് അതുകൊണ്ട് ഹവ്യയാണ്. കമനീയയായതുകൊണ്ട് കാമ്യയായാണ്. ആഹ്ലാദകാരിണിയായതുകൊണ്ട് ചന്ദ്രായാണ്. പ്രകാശമയിയായതുകൊണ്ട് ന്യോതാവാണ്. ആത്മാ രൂപത്തിൽ പുത്രനിൽ അവിനാശിയായി സ്ഥിതിചെയ്യുന്നതുകൊണ്ട് അദിതിയാണ്. പ്രശസ്തയും വിജ്ഞാനമയിയായും സ്ഥിതിചെയ്യുന്നത് കൊണ്ട് സരസ്വതിയാണ്. പൂജനീയയായതു കൊണ്ട് മഹിയാണ്. ബഹുശ്രുതയായി പത്നിയായി അമ്മയായി സഹോദരിയായി ജ്യേഷ്ഠായായി പല തരത്തിൽ വിളിക്കുന്നത് കൊണ്ട് വിശ്രുതിയാണ്. അപാമാനത്തിന് അര്ഹയല്ലാത്തകൊണ്ട് അഘ്ന്യാവാണ്.
ഇതാണ് ഭാരതത്തിലെ സ്ത്രീകളെന്തെന്ന് ആചാര്യന്മാരു പറയുന്ന ഭാവം..
ജനനിയായ അമ്മ പരമാരാധ്യയാണ്. അതേ ജനനി തന്നെയാണ് പരമമായ ഗതി സ്വരൂപിണിയും. പരമമായ ഗുരുവും അതേ ജനനി തന്നെയാണ്. അതുകൊണ്ട് പരമമായ ദേവിയായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.
മാതാ പരം ദൈവതം.
ഇതു തന്നെയാണ് ഭാരതീയ പാരമ്പര്യം...
ഇനി നാം ചോദിക്കേണ്ടത് നമ്മളോടാണ് എവിടെയാണ് നമുക്ക് പിഴച്ചത്.. പിഴച്ചതോ നമ്മളെ പിഴപ്പിച്ചതോ.. യുക്തി സ്വന്തം..
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം

No comments:

Post a Comment