Monday, December 11, 2023

പട്ടിയും പട്ടിക്കൂടും...

 പട്ടിയും പട്ടിക്കൂടും...

ഇന്ന് കേരളത്തിലെ പഴയ ദേവതാ സംപ്രദായത്തെ കുറിച്ച് ഒരു ചര്ച്ച നടന്നു.. അപ്പോൾ മനസ്സിൽ ഇന്നത്തെ അവസ്ഥയെകുറിച്ച് ഉദാഹരണമായി പറയാൻ തോന്നിയതാണ്..പെട്ടെന്ന് പറഞ്ഞതായതുകൊണ്ട് തെറ്റുകളുണ്ടാകാം.. സദയം ക്ഷമിക്കുക...
ഒരു വീട്ടിൽ വലിയ ഒരു പട്ടിയുണ്ടായിരുന്നു.. അവിടെയുള്ളവരുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് എല്ലാവരുടേയും കൂടെ നടന്ന് വീടിനു കാവലമായി നിന്നിരുന്നു എന്നതു മാത്രമായിരുന്നില്ല അതിന്റെ പ്രത്യേകത ആ വീട്ടിലും അതുപോലെ പുറത്തും കയറിയിറങ്ങുവാനും, വീടിനകത്ത് കിടന്നുറങ്ങുവാനും ആ പട്ടിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു.
ഒരു ദിവസം ഒരു വ്യക്തി വീട്ടിലെ ഉടമസ്ഥനെ ഉപദേശിച്ചു.. വീടിനു പുറത്തേക്ക് പട്ടിയെ വിടുന്നത് നല്ലതല്ല. മറ്റു പട്ടികളുമായി ഇടിപിടിക്കും പ്രശ്നം ആകും. രാവിലെ നടക്കാൻ പോകുമ്പോൾ കടിക്കാൻ വരുന്ന വലിയ പട്ടികൾ പോലും നമ്മളുടെ പട്ടിയെ കണ്ടാൽ പേടിച്ചോടിയിരുന്നു എന്ന കാര്യമെല്ലാം ചിന്തിക്കുന്നതിനേക്കാൾ യുക്തിയായി തോന്നിയത് ആ ഉപദേശമാണ്. അതുകൊണ്ട് നിശ്ചയിച്ചു ഇനി പട്ടിയെ പുറത്തു വിടണ്ട. അങ്ങിനെ നമ്മളുടെ പട്ടിയ്ക് വേണ്ടി ഒരു മതിലു തന്നെ കെട്ടി..അവൻ വീടിന്റെ മതിലനകത്തായി.. ഗുണം കിട്ടിയത് വീട്ടിലുള്ളവർ മറ്റു പട്ടികളുടെ കടി മേടിക്കുന്നത് വീടിനകത്തു നിന്ന് ദയനീയമായി അവനു കാണുവാനുമായി..
കുറച്ചു കാലം കഴിഞ്ഞപ്പോൾ ഒരാളു വന്നു... സംസാരത്തിനിടയിൽ പട്ടികടന്നു വന്നു.. അതിനെ കണ്ടപ്പോൾ ചോദിച്ചു.. നല്ല പട്ടിയാണല്ലോ...എന്തൊക്കെയാണ് ഇതിന് കൊടുക്കുന്നത്.. വീട്ടുകാരു പറഞ്ഞു ഞങ്ങളു കഴിക്കണത് എല്ലാം കൊടുക്കും.. ഉപദേശം എത്തി, അങ്ങിനെയൊ.. പട്ടികള്ക്ക് അവരുടേതായ ഭക്ഷണ വ്യവസ്ഥയുണ്ട്. അതുമാത്രമേ കൊടുക്കാവൂ..നിങ്ങളു കഴിക്കണ ഭക്ഷണം കൊടുത്താൽ അവനു ഗുണകരമല്ല. അന്നു വരെ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടാണ് അവൻ ഇന്നത്തെ പോലെയിരിക്കുന്നത് എന്നെല്ലാം ഓര്ക്കുന്നത് എങ്ങിനെ, അതു മാത്രമല്ല വലിയ ആളുകളു പറഞ്ഞാൽ കേള്ക്കാതെ തരമില്ലാല്ലോ.. അങ്ങിനെ വീട്ടിലെ ഭക്ഷണം കഴിച്ച് അന്നു വരെ നല്ല രീതിയിൽ നടന്നിരുന്ന നമ്മളുടെ പട്ടിയ്ക് കടയിലെ ഡോഗ് സ്പെഷൽ ഭക്ഷണം സ്വാതന്ത്ര്യം ആയിക്കിട്ടി..
കുറച്ചു കാലം കഴിഞ്ഞപ്പോൾ അടുത്ത ഉപദേശം എത്തി.. വീടിന്റെ അകത്തു കയറ്റുന്നത് വീട്ടിലെ ആളുകളുടെ ആരോഗ്യത്തിനു ശരിയാവില്ല. എവിടെയൊക്കെ കയറിയിറങ്ങുന്നതാണ്.. അതുകൊണ്ട് വീട്ടിനകത്ത് കയറ്റണ്ട..പ്രത്യേകിച്ച് രോമം എല്ലാം വീണാലെന്തൊക്കെയാണ് വരുക എന്നു തന്നെയറിയില്ല.. പിന്നെ ഒരു അസൌകര്യവുമാണല്ലോ. ഇന്നലെ വരെ അവൻ എങ്ങിനെയാണ് വളര്ന്നത് എന്നതെല്ലാം മറന്നു, അങ്ങിനെ അതും സ്വീകരിക്കപ്പെട്ടു, അങ്ങിനെ നമ്മളുടെ പട്ടിയുടെ ഉറക്കം വീടിന്റെ ഒരു പ്രത്യേക ഭാഗത്തു മാത്രമായി, സ്വാതന്ത്ര്യം വീടിന്റെ ഗെയിറ്റുവരെയും..
വീണ്ടും കാലം പുരോഗമിച്ചു.. ഒരാളു വീട്ടിലേക്ക് വന്നു, പട്ടിയെ പേടിയുള്ള ആളാണ്.. അതുകൊണ്ട് അദ്ദേഹം പോകുന്നതിനു മുന്പ് ഒരു ഉപദേശം കൊടുത്തു.. ഒരുപാടു ആളുകൾ വരുന്ന വീടാണ്...എല്ലാവര്ക്കും ഇങ്ങിനെ പട്ടിയെ ഇഷ്ടമായി എന്നു വരില്ല.. അതുകൊണ്ട് പട്ടിയ്ക് കിടക്കുവാൻ വീടിനു പുറത്ത് ഒരു കൂടുണ്ടാക്കൂ.. അങ്ങിനെ നമ്മളുടെ പട്ടിയ്ക് വീണ്ടും സ്വാതന്ത്ര്യം കിട്ടി, അവൻ കൂടിനകത്തായി..
കുറച്ചു കാലം കഴിഞ്ഞപ്പോൾ അടുത്ത ചോദ്യം എത്തി.. നിങ്ങളു യാത്ര ചെയ്യുമ്പോൾ ഈ പട്ടിയെ എന്താണ് ചെയ്യുക.. അത് അടുത്ത സുഹൃത്തിന്റെ വീട്ടിലാക്കുകയാ പതിവ്. അല്ലെ ആരെയെങ്കിലും നിര്ത്തും. ശരിക്കും ഒരു പ്രശ്നം ആണ് എന്താ ചെയ്യാ. ഒരാളെ പട്ടിയെ നോക്കാൻ വച്ചു കൂടെ. അത് നല്ല ഐഡിയയാണല്ലോ.. ആരേയും ബുദ്ധിമുട്ടിക്കുകയും വേണ്ട. അങ്ങിനെ നമ്മളുടെ വീട്ടിലെ പട്ടിയെ നോക്കാൻ അവരു ഒരു വ്യക്തിയെ വച്ചു..
അങ്ങിനെ വീട്ടിൽ നിന്ന് സ്നേഹപൂർവം ഭക്ഷണം കഴിച്ചിരുന്ന പട്ടിയുടെ സ്വാതന്ത്ര്യം പൂര്ത്തിയായി.. രാവിലെ പട്ടിനോക്കണ ആളു പട്ടിക്കൂട്ടിൽ നിന്ന് അവനെ ഇറക്കി അവന്റെ വായ തുറക്കാൻ പറ്റാത്ത വിധത്തിൽ വായകെട്ടി കഴുത്തിൽ തുടൽ കെട്ടി നടത്താൻ കൊണ്ടു നടക്കും.. തിരിച്ചു കൂട്ടിൽ കയറ്റും.. മൂന്നു നേരവും കൃത്യമായി പട്ടിക്കുള്ള ഭക്ഷണവും കിട്ടും...കുളി.. അങ്ങിനെ നമ്മളുടെ പട്ടിയ്ക് സുഖമായ അവസ്ഥയായി..
ദിവസം കഴിഞ്ഞപ്പോൾ വീട്ടുകാര്ക്ക് പട്ടിയെ നോക്കണ ചിലവും പിന്നെ വീട്ടിൽ പട്ടിയുണ്ടായാലും ഇല്ലെങ്കിലും പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ലായെന്ന തോന്നലും അസൌകര്യവും എല്ലാം ആയപ്പോൾ ചിന്ത വന്നു എന്നാ ഈ പട്ടിയെ ആര്ക്കെങ്കിലും കൊടുത്താലോ..എന്തിനാ ഇങ്ങിനെയൊരു തലവേദന.. പ്രത്യേകിച്ച് ഒരു ഫ്രീഡം കിട്ടുന്നില്ല. അങ്ങിനെ പട്ടിയെ വീട്ടിൽ നിന്ന് മറ്റൊരാള്ക്ക് കൊടുക്കാമെന്നായി.. അങ്ങിനെ ഒരാള്ക്കു കൊടുത്തു..
അങ്ങിനെ വീട്ടിലെ ഭക്ഷണം കഴിച്ചു എല്ലാവരുടേയും സുരക്ഷ നോക്കി രാത്രി മുഴുവൻ കാവലു നിന്നിരുന്ന നമ്മളുടെ പട്ടിയെ ഒഴിവാക്കിയപ്പോൾ അവരെല്ലാം സ്വസ്ഥരായി...
ഇത് എന്തിനാ കഥയായി പറഞ്ഞതെന്നാകും ല്ലേ..
ഇന്ന് കേരളത്തിലെ പകുതിയിലധികം പരമ്പരാ ദൈവങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് ചോദിച്ചാൽ ഇതാണ്..
വീടിന്റെ അകത്ത് മച്ചിൽ ഭഗവതിയായും അകത്തളത്തിൽ ഭഗവതിയായും നമ്മളു കൊടുത്ത ഭക്ഷണം നൈവേദ്യമായി സ്വീകരിച്ച് നമ്മളുടെ കുടുംബത്തിലെ അംഗങ്ങളേയും വീടിനേയും രാ പകലെന്നില്ലാതെ കാവൽ നിന്നിരുന്ന അവരെല്ലാം തന്നെ ഇന്ന് എവിടെയാണെന്ന് ചിന്തിച്ചാൽ ഇതാണ് അവസ്ഥ..
നമ്മളുടെ അച്ഛനും അമ്മയും അനുഭവത്തിലൂടെ പകര്ന്നു തന്നെ എല്ലാ ഉപദേശങ്ങളേക്കാളും നമുക്ക് യോഗ്യമായി തോന്നിയത് ആരെങ്കിലും പറയുന്ന വാക്കുകളാണ്..
വീട്ടിൽ നാം വളര്ത്തിയിരുന്ന പട്ടിയുള്ളതുകൊണ്ട് മറ്റു പട്ടികൾ അടുത്തുപോലും വരില്ലായിരുന്നു..ഇന്നു, മറ്റു പട്ടികളുടെ കടികൊണ്ട് ആ അസുഖത്തിന് മരുന്നു മേടിക്കാൻ നടക്കുന്നവരായി നാം മാറി എന്നതാണ് ഇന്നത്തെ അവസ്ഥ.
അതിനേക്കാളും ഭീകരമായ അവസ്ഥയെന്തെന്നാണെങ്കിൽ ഇന്നലെ വരെ നമ്മള്ക്ക് കടി കിട്ടാഞ്ഞത് വീട്ടിലെ നാം വളര്ത്തിയിരുന്ന പട്ടിയുള്ളതുകൊണ്ടായിരുന്നു എന്ന് തിരിച്ചറിവു വരുമ്പോഴേക്കും പട്ടിയെവിടെയാണെന്ന് അറിയില്ലായെന്നു മാത്രമല്ല, വളര്ത്തിയ പട്ടിയേതാണെന്ന് പോലും അറിയാത്ത അവസ്ഥയായിക്കഴിഞ്ഞിട്ടുണ്ടാകും..
ശരിക്കും നമുക്ക് എവിടെയാണ് പിഴച്ചത് എന്നു ചോദിച്ചാൽ.. ഒരു തിരിഞ്ഞു നോട്ടം നാം ഓരോരുത്തര്ക്കും അത്യാവശ്യമായി തോന്നി...
ചിലര്ക്കു മുകളിലെഴുതിയിരിക്കുന്നത് ശരിയാണെന്ന് തോന്നാം... ചിലര്ക്ക് തെറ്റായും.. അത് വ്യക്തിഗതമാണ്. എന്നാലും അനേകം ആളുകളുടെ അവസ്ഥ നേരിട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒന്നാണ്.. തെറ്റായി തോന്നിയെങ്കിൽ സദയം ക്ഷമിക്കുക..ശ്രീ ഗുരുഭ്യോ നമഃ ഹരി ഓം..

No comments:

Post a Comment