Monday, December 11, 2023

കേരളവും തന്ത്രവും... ചില സംശയങ്ങള്....

കേരളവും തന്ത്രവും... ചില സംശയങ്ങള്....


കേരളം അനേകം മന്ത്രവാദ ക്രിയകളു നടന്നിരുന്ന സ്ഥലമാണ്. ക്ഷേത്രങ്ങളായാലും കുടുംബങ്ങളായാലും ഈ ക്രിയയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്നു എന്നതിൽ സംശയമില്ല. കുടുംബ ക്ഷേത്രങ്ങളും ഇതേ രീതിയിലുള്ളത് നമുക്ക് കേരളത്തിൽ കാണാം.

ഇന്ന് കുടുംബ ക്ഷേത്രങ്ങൾ ദേശ ക്ഷേത്രങ്ങളാക്കി മാറ്റുന്നുണ്ട്. അങ്കുരാദി പടഹാദി ധ്വജാദി തുടങ്ങി വ്യത്യസ്തതകളുള്ള ക്ഷേത്രങ്ങളെ പരസ്പരം മാറ്റി മറിക്കുന്നുണ്ട്. കൊടിമരം ഉണ്ടാക്കൽ, പുതിയ പ്രതിഷ്ഠകൾ, ക്ഷേത്രപുനരുദ്ധാരണമെന്ന പേരിൽ ശ്രീകോവിലിന്റേയും ക്ഷേത്രത്തിന്റേയും എല്ലാം പുനഃക്രമീകരണം എല്ലാം വളരെ കാര്യമായി നടക്കുന്ന സമയമാണല്ലോ. ഇതെല്ലാം കാണുമ്പോൾ വന്ന സംശയം ഇവിടെ എഴുതുകയാണ്. ( തന്ത്രമാണ്, അതുകൊണ്ട് വേദാന്ത വിഷയം ഇവിടെ യോജിപ്പിക്കരുത്).
ഭൂമിയുടെ കിടപ്പ്, ദൃഢത, ഗുണം, രുചി, നിറം, ഗന്ധം, അവിടെ മുളച്ചവൃക്ഷങ്ങൾ(ചെടികൾ) ഇവകളെ അറിഞ്ഞ് സുപത്മാ, സുഭദ്രാ, പൂർണ്ണാ, ധൂമ്രാ എന്നിങ്ങനെ നാലുതരത്തിൽ ഭൂമിനാമങ്ങൾ ആചാര്യന്മാർ തിരിച്ചു തിരിച്ചു പറയുന്നു. ഇവയെ നോക്കിയാൽ സുപത്മയിലെ ക്ഷേത്രത്താൽ ദുരിതരോഗാനർത്ഥങ്ങൾ നശിക്കുകയും, സുഭദ്രയിലെ ക്ഷേത്രത്താൽ സന്തോഷം ലഭിക്കുകയും, പൂർണ്ണയിലെ ക്ഷേത്രത്താൽ ധനധാന്യസമൃദ്ധി ഉണ്ടാവുകയും, ധൂമ്രയിലെ ക്ഷേത്രത്താൽ ദുഃഖത്തെ വർദ്ധിപ്പിക്കുകയും ആണല്ലോ ഫലം. അതിനെ ആധാരമാക്കിയാണല്ലോ ഓരോരുത്തർക്കും ഗുണം, കർമ്മം, ആധാരമാക്കി തത്തത്ഭൂമിയിലെ (ഗ്രാമത്തിലെ, ദേശത്തിലെ, സ്ഥാനത്തിലെ)അതാത് ദേവതകൾ ഉക്തഫലം നൽകുന്നത്.
അങ്ങിനെ ഉള്ള ഭൂമിയിൽ ദിശാസ്ഥാനങ്ങളിൽ വ്യക്തമായ കാരണത്തോടു കൂടി പൂർവം പറയപ്പെട്ട ഗുണത്തെ പ്രദാനം ചെയ്യുവാൻ യോഗ്യമായ വലിപ്പത്തിൽ നിർമ്മിക്കപ്പെടുന്നതു കൊണ്ടാണല്ലോ അമ്പലങ്ങൾക്ക് വലിപ്പ ചെറുപ്പവും വ്യത്യസ്തതകളും കാണുന്നത്.
ഇവിടെ സംശയം എന്താണെന്നാണെങ്കിൽ
കൃത്യമായ താന്ത്രിക വിധി പ്രകാരം ആചാര്യന്മാർ മേൽപ്പറഞ്ഞ ഗുണങ്ങളെ ലഭിക്കുവാൻ വ്യക്തമായ മൂലകാരണങ്ങളാൽ സൃഷ്ടിച്ചതായ ദേവാലയങ്ങളിൽ കാലാന്തരത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങൾ ഫലവൈപരീത്യമോ, ഫലന്യൂനതയോ സംഭവിപ്പിക്കില്ലെ ?
രണ്ടാമത്തെ സംശയം,
കേരളത്തിൽ മന്ത്രവാദ ക്രിയകൾ അനേകം ചെയ്തിരുന്നവരുണ്ട് എന്നതിൽ സംശയമില്ല. അവർ ക്രിയകൾ ചെയ്ത് ദുർദേവതകളെ അടക്കിയിരുന്നത് വൃക്ഷങ്ങളിൽ, അല്ലെങ്കിൽ കല്ലിൽ, അതുമല്ലെങ്കിൽ ദേവതാ ക്ഷേത്രങ്ങളുടെ പരിധിയിലായിരുന്നു. ഉദാഹരണത്തിന് ചോറ്റാനിക്കരയിൽ മരത്തിൽ തറക്കുന്നത് പോലെ.
ക്ഷേത്രത്തിന്റെ വ്യത്യസ്തങ്ങളായ പുനരുദ്ധാരണത്തിന് വേണ്ടി മരങ്ങളെ മുറിക്കാറുണ്ട്. ക്ഷേത്രത്തിലും, വ്യക്തിഗതമായ കുടുംബങ്ങളിലെ കാവുകളിലും ഉള്ള വൃക്ഷങ്ങളെ വെട്ടുമ്പോൾ ഇതിൽ അടക്കപ്പെട്ടിരിക്കുന്ന ദേവതകളെ കുറിച്ച് വെട്ടുന്നവർ ചിന്തിക്കാറുണ്ടോ. ദേശത്തിനും വ്യക്തികൾക്കും ദോഷകരമായി തോന്നുന്ന ദുർദേവതകളെ ആണല്ലോ നാം ഇത്തരത്തിൽ അടക്കിയിരുന്നത്. ആ വൃക്ഷം മുറിക്കുന്നതിന് ശേഷം, അതായത് ആധാരം നഷ്ടമായാൽ എന്താകും അതിന്റെ അവസ്ഥ ? അത് ദേശത്തിന് വ്യക്തികൾക്ക് ഗുണകരമാകുമോ ? ക്ഷേത്ര പുനരുദ്ധാരണം നടത്തുന്ന സമയം ഈ പരിധിയിൽ കല്ലിലും മരങ്ങളിലും കാലങ്ങൾക്കു മുന്പ് അടക്കിയിരുന്ന ബാധാ മൂർത്തികളെ ഏത് തരത്തിലാണ് നിയന്ത്രിക്കുന്നത് ?
മൂന്നാമത്തെ സംശയം,
ദേവാലയമാണല്ലോ നമ്മുടേത്. അതിന് കാവുകൾ, ക്ഷേത്രങ്ങൾ (അതിൽ തന്നെ ചെറുതും വലുതും, കൊടിമരമുള്ളതും അല്ലാത്തതും) തുടങ്ങി വ്യത്യസ്തമായ മാനങ്ങളുണ്ട്. ഇന്ന് ഇവയെയെല്ലാം തന്ത്രസമുച്ചയമെന്ന ഒരു ഗ്രന്ഥത്തെ ആധാരമാക്കി ഷഡാധാരപ്രതിഷ്ഠയിലേക്ക് പരിമിതപ്പെടുത്തുമ്പോൾ ഇന്നലെ വരെയുണ്ടായിരുന്ന പരിധി മാറും. അതായത് മുന്പ് ഏത് കാരണത്തിന് വേണ്ടിയാണോ ആചാര്യന്മാർ ക്ഷേത്രത്തെ വ്യത്യസ്ത സങ്കല്പത്തിൽ (അങ്കുരാദി പടഹാദി ധ്വജാദി അല്ലെങ്കിൽ കാവുകൾ) സൃഷ്ടിച്ചത് അത് മാറും. ഒരു കാരണത്തിന് വേണ്ടിയാകുമല്ലോ തന്ത്രശാസ്ത്രത്തെ അറിഞ്ഞവരായ ആചാര്യന്മാർ അത്തരത്തിൽ ക്ഷേത്രങ്ങളെയുണ്ടാക്കിയത്. അല്ലാതെ കൊടിമരം വക്കാനോ, വലിയ ക്ഷേത്രം നിർമ്മിക്കാനോ, അങ്കുരാദികളായ പ്രതിഷ്ഠാ പദ്ധതി അറിയാത്തവരോ അല്ലായിരുന്നല്ലോ അവരാരും.
ഇവിടെ വരുന്ന ചോദ്യം, ആചാര്യന്മാർ വ്യക്തമായ കാരണങ്ങളോടു കൂടി പരിധി വച്ച് സൃഷ്ടിച്ചതായ ദേവാലയങ്ങളെ മാറ്റാൻ വിധിയുണ്ടോ ?. ഇനി മാറ്റിയാൽ പൂർവാചാര്യന്മാർ പരിധി നിർണയിച്ചത് മാറും. മാറിയാൽ ഇന്നലെ വരെ ആ ക്ഷേത്രത്തിലെ മൂർത്തിയുടെ പരിധിയിൽ ഉണ്ടായിരുന്ന, മുകളിൽ പറയപ്പെട്ട തരത്തിൽ ദേവാലയ സ്ഥാനത്ത് ബന്ധിക്കപ്പെട്ടിരുന്ന ദുർമൂർത്തികൾ പരിധിയിൽ നിന്ന് അതായത് ബന്ധനസ്ഥാനത്തു നിന്ന് പുറത്താകില്ലെ ?
ഇത്തരത്തിൽ ഉണ്ടാക്കിയ ഒന്നിനെ മാറ്റുമ്പോൾ അത് മാറ്റിയവർക്കും, അതിന്റെ തുടർച്ചയായി ദേശത്തിനും ഗുണകരമാകുമോ ?
ഗോപുരാന്തർഗതമായ ദേവഭൂമി ഒരേ ഒരു ദേവതയ്ക്കേ പാടുള്ളൂ എന്നല്ലെ നിയമം ( ഭൂപരിഗ്രഹമന്ത്രം നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളുവല്ലോ). കാലാന്തരത്തിൽ സംരക്ഷിക്കപ്പെടാനായി പൂജിക്കപ്പെട്ടിരുന്ന ദേവതകളെയ്യം, പുതിയ ദേവതകളേയും പരിധിക്ക് അകത്തു കൊണ്ടു വന്നത് കാണാം. ഇത് ഏത് തരത്തിലാണ് സാധ്യമാകുന്നത് ? ഏത് ആവശ്യത്തിന് വേണ്ടിയാണോ പ്രധാന മൂർത്തിയുടെ ദേവാലയത്തെ നിർമ്മിച്ചത് അതിന് നേർവിപരീതമായ ഫലത്തെയല്ലെ ഇത് പ്രദാനം ചെയ്യുക ?
അറിവുള്ളവർ ഈ വിഷയത്തെ കുറിച്ച് പ്രമാണ പൂർവ്വം വിശദീകരിക്കാമോ 🙏
( ചോദ്യം, അചാര്യന്മാർ കാര്യ കാരണത്തോട് കൂടി നിർമ്മിച്ച ക്ഷേത്രങ്ങളെ നാശത്തിലേക്ക് പോകാതെ അതേ പോലെ നിലനിർത്തുന്നതാണോ പുനരുദ്ധാരണം, അതോ മാറ്റുന്നതാണോ? )
ശ്രീ ഗുരുഭ്യോ നമ:
അഭിനവ ബാലാനന്ദ ഭൈരവ
ശാരദാ പ്രതിഷ്ഠാനം

No comments:

Post a Comment