Monday, December 11, 2023

ആരിൽ നിന്നാണ് വിദ്യ സ്വീകരിക്കേണ്ടത് ?

 ആരിൽ നിന്നാണ് വിദ്യ സ്വീകരിക്കേണ്ടത് ?

ആദ്യമായി കുട്ടികൾക്ക് വിദ്യ പറഞ്ഞു കൊടുക്കുവാൻ യോഗ്യനാരാണ് ?
ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വന്ന ചോദ്യങ്ങളിൽ ഒന്നാണിത്...
വ്യക്തിഗതമായ എന്റെ അനുഭവം ആണ് ഇതിന് ഉത്തരമായി പറയാനുള്ളത്...
വർഷങ്ങൾക്കു മുൻപ് യൂണിവേഴ്സിറ്റിയിൽ ഒരു സമ്മേളനം നടന്നു... അതിനിടയിൽ നാട്യശാസ്ത്രത്തോട് ബന്ധപ്പെട്ട് അവതരിപ്പിച്ച പേപ്പറുകളിൽ സ്പഷ്ടത വരാത്തതുകൊണ്ട് ഡോ. കെ. കെ. ധവാനോട് ചോദിച്ചു... ഇവരൊക്കെ പറഞ്ഞതും, ഈ പുസ്തകത്തിൽ എഴുതിവച്ചേക്കണതും ശരിക്കും കൃത്യമാണോ ?
അതിന് മറുപടിയായി അടുത്ത ദിവസം അദ്ദേഹം എന്നെ കൊണ്ടുപോയത് ഹിമാചലിലെ ഒരു ചെറിയ പച്ചക്കറിക്കടക്കാരന്റെ മുൻപിലേക്കാണ്.. അറുപതോടടുത്ത് തോന്നിക്കുന്ന അദ്ദേഹത്തോട് എന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു, എന്റെ കൂടെയാണ് കുറച്ചു നാളായി.. നാട്യശാസ്ത്രത്തിൽ കുറെ സംശയങ്ങളുണ്ട്..പിന്നീട് രണ്ടുപേരും പേഴ്സണലായി കുറച്ചു സംസാരിച്ചു...
വൈകീട്ട് അദ്ദേഹത്തിന്റെ കൊച്ചു വീട്ടിൽ എനിക്ക് ഒരു റൂം കിട്ടി.. രാവിലെ 8 മണിക്ക് മുൻപ് ഭക്ഷണം കഴിച്ച് പച്ചക്കറി കടയിലേക്ക്... കുറെ ദിവസം പച്ചക്കറികച്ചവടം മാത്രം... പിന്നെ ഒരു ദിവസം ചോദ്യം വന്നു...ഇത്രയധികം പഠിച്ചതുകൊണ്ട് പച്ചക്കറി കച്ചവടം ബുദ്ധിമുട്ടാകണുണ്ടോ...
മറുപടി കൊടുത്തു ഇല്ല... രസം ഉണ്ട്... ഓരോ വ്യക്തികൾ.. ഓരോ അനുഭവങ്ങൾ.. ക്ലാസ്സിൽ പഠിപ്പിച്ചാൽ ഇതുപോലെ കിട്ടില്ല...
അദ്ദേഹം തുടർന്നു,
നാട്യം എന്നത് പ്രകൃതിയുടെ താളമാണ്.. അതിന്റെ മാനമാണ്..അതിന്റെ രസമാണ്. അതായി നർത്തകൻ സ്വയം മാറി അതിനെ പ്രകടിപ്പിക്കുകയാണ് നാട്യത്തിലൂടെ ചെയ്യുന്നത്. പ്രകൃതിയുടെ ഈ നാട്യത്തെ സ്വയം അനുഭവിച്ച് അതായി മാറാതെ, നാം ചെയ്യുന്നതെല്ലാം തന്നെ കാപട്യം ആയി മാറും.. ലോകത്തെ നാട്യമായി കാണൂ... ശാസ്ത്രം നമുക്ക് പുറകെ പഠിക്കാം..
ഞാൻ തുടർന്നു ഒൻപതു മാസം താമസിച്ചത് പച്ചക്കറി കടക്കാരന്റെ കൂടെയായിരുന്നില്ല... വെറും സ്കൂൾ വിദ്യാഭ്യാസം മാത്രം ഉള്ളുവെന്നു സ്വയം പറയുന്ന, പക്ഷെ നാട്യശാസ്ത്രമെന്ന മഹത് ഗ്രന്ഥത്തിലെ അയ്യായിരത്തിലധികം ശ്ലോകത്തെ തിരിച്ചും മറിച്ചും പറയാനറിയുന്ന, അതിനെ അറിഞ്ഞു അനുഭവിച്ചു അതിനെ നിത്യ ചര്യയിലേക്ക് മാറ്റിയ വ്യക്തിയോടു കൂടിയായിരുന്നു...ഇന്നും ഗുരുനാഥനെന്ന നിലയിൽ അദ്ദേഹം എന്റെ കൂടെയുണ്ട്...
പറഞ്ഞു വന്നത്...നാം കാണുന്നത്... നാം മനസ്സിലാക്കിയത് ആകില്ല യഥാർഥ്യം.. പക്ഷെ അത് മനസ്സിലാക്കാൻ ഒരെ ഒരു വഴി, നാം പ്രകൃതിയെ കാണുന്ന... മനസ്സിലാക്കുന്ന രീതി മാറ്റുക എന്നതാണ്.
ശാസ്ത്രത്തെ അറിഞ്ഞ്, അതിനെ ജീവിതത്തിൽ ആചരിച്ചു അതിനെ അനുഭവമാക്കി, അതായി നിൽക്കുന്നവരുടെ മുൻപിൽ നമസ്കരിക്കൂ.. അവരാണ് യഥാർഥ ഗുരുക്കന്മാർ.. അവരിൽ നിന്നാണ് നാം വിദ്യ സ്വീകരിക്കേണ്ടത്...
ആരുടെ മുൻപിൽ തന്റെ കുട്ടിയെ വിദ്യ സ്വീകരിക്കാൻ ഇരുത്തണമെന്നു ചോദിച്ചാൽ...
തിരിഞ്ഞു നോക്കൂ.. ഇത്തരത്തിൽ അനേകം പേർ നമ്മുടെ മുൻപിൽ... നമ്മുടെ മനസ്സിൽ ഉണ്ടാകും.. നമ്മളുടെ ഗ്രാമത്തിലുണ്ടാകും..
ആകെയുള്ള വ്യത്യാസം...
നാം മനസ്സിലാക്കിയ, നാം കാണാൻ ഇഷ്ടപ്പെടുന്ന രൂപമായിരിക്കില്ല അവർക്ക് ..നാം മനസ്സിലാക്കിയ വിഷയങ്ങളൊന്നും അവർക്ക് അറിയണമെന്നും ഉണ്ടാകില്ല.. പക്ഷെ അതിനേക്കാളുപരി നാം അക്കാഡമിക് തലത്തിൽ മാത്രം അറിഞ്ഞതിനെ, ജീവിതം കൊണ്ട് അറിഞ്ഞവരാകും.. ഏതൊരു പഠനവും ജീവിതത്തെ മുൻപോട്ടു നയിക്കാനാണ്.. അതുകൊണ്ട് തന്നെ ജീവിതത്തെ അറിഞ്ഞവരു തന്നെയാണ് യഥാർഥ ഗുരുക്കന്മാർ... നമ്മളുടെ കുട്ടിയെ അറിഞ്ഞ് അനുഗ്രഹിക്കാൻ അവരേക്കാൾ യോഗ്യർ വേറെ ആരും കാണില്ല..
ആരെ ഗുരുവാക്കണമെന്ന ചോദ്യത്തിനും ഇതേയുള്ളു ഉത്തരം...
ജീവിതം...അത് അറിഞ്ഞു ആചരിച്ചു അനുഭവിച്ചു പകരുന്നവരാണ് ഗുരുക്കന്മാർ.. വിദ്യ സ്വീകരിക്കേണ്ടത് അവരിൽ നിന്നാകണം.. അവരിൽ നിന്നേ ആകാവൂ...
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment