Monday, December 11, 2023

നാട്യശാസ്ത്രത്തിലെ ഗ്രാമം

 നാട്യശാസ്ത്രത്തിലെ ഗ്രാമം


ത്രേതായുഗേ സംപ്രവൃത്തേ മനോർവൈവസ്വതസ്യ തു
ഗ്രാമ്യധർമ്മപ്രവൃത്തേ തു കാമലോഭവശംഗതേ
ഈർഷ്യാക്രോധാദി സമ്മൂഢേ ലോകെ സുഖിത ദുഃഖിതേ…
- ഭരതൻ്റെ നാട്യശാസ്ത്രത്തിലെ നാട്യോത്പത്തിയെന്ന ആദ്യ അദ്ധ്യായത്തിലെ ശ്ലോകമാണ്.
ഈ ശ്ലോകത്തിൻ്റെ അർഥം ആയി, ‘ആദ്യത്തെ കൃതയുഗം കഴിഞ്ഞ് ത്രേതായുഗം തുടങ്ങിയതോടെ ലോകം സ്വധർമ്മം വിട്ട് ഗ്രാമ്യധർമ്മങ്ങളിൽ പ്രവേശിച്ചു തുടങ്ങി. കാമത്തിനും ലോഭത്തിനും അടിപ്പെട്ടു. അസൂയകൊണ്ടും ക്രോധം കൊണ്ടും അന്ധമായി തീർന്നു. സുഖ ദുഃഖസമ്മിശ്രമായി ഭവിച്ചു,’ എന്നു പറഞ്ഞശേഷം, മലയാളത്തിലെ പ്രമുഖ നാട്യശാസ്ത്രവ്യാഖ്യാതാവായ കെ. പി. നാരായണ പിഷാരോടി ഗ്രാമം എന്താണെന്ന് വിശദീകരിക്കുന്നുണ്ട്.
‘വേദശാസ്ത്രാദികൾ പഠിക്കാത്ത ജനങ്ങൾ പാർക്കുന്ന പ്രദേശമാണ് ഗ്രാമം. അവരുടെ ധർമ്മമാണ് ഗ്രാമ്യധർമ്മം. ഗ്രാമീണർക്ക് സ്വധർമ്മങ്ങളും വിധർമ്മങ്ങളും ഒന്നും അറിഞ്ഞു കൂടാ. തനിക്കു തോന്നിയത് തൻ്റെ ധർമ്മം; അത്ര തന്നെ,’ എന്നാണ് ആ വിശദീകരണം.
ഈ വാക്കുകൾ വായിക്കുമ്പോൾ തോന്നുന്ന അത്ഭുതം, ഭാരതത്തിൽ ഏത് ഗ്രാമമാണ് ഇപ്രകാരം ശാസ്ത്രം പഠിക്കാത്തതായി, ധർമ്മമില്ലാത്തതായി നാട്യശാസ്ത്രകാരനായ ഭരതമുനി കണ്ടിട്ടുണ്ടാവുക എന്നതാണ്!
ഗ്രാമമെന്നതിന് അമരം പറയുന്നത്, ‘സമൌ സംവസഥ ഗ്രാമൌ,’ എന്നൊക്കെയാണ്. സമ്യക് വസന്ത്യസ്യേതി സംവസഥ. ഏറ്റവും ഉത്തമമായി താമസിക്കുന്ന സ്ഥലമാണ് സംവസഥ. പിന്നെ, ‘ഗ്രസ്യതേ ഭുജ്യതേ ഇതി ഗ്രാമ,’ ഭക്ഷിക്കുന്നതിനുള്ള സാധനോപാധിരൂപമായ വയലുകളാൽ സമൃദ്ധമായതുകൊണ്ടാണ് ഗ്രാമം എന്നു വിളിക്കുന്നത് എന്ന്. മറ്റൊന്ന്, ‘വേശ്മഭൂഃ’ - വേശ്മം എന്നാൽ സാമാന്യമായി ഗൃഹം എന്നു പറയും, അതുള്ള സ്ഥലമാണ് വേശ്മഭൂഃ. ഗൃഹിണികൾ താമസിക്കുന്ന സ്ഥലമായതുകൊണ്ട് ഇതിനെ വാസ്തു എന്നും അമരപദവൃത്തികാരൻ സമാസം യോജിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ഗ്രാമം എങ്ങനെയാണ് ധർമ്മമില്ലാത്തവർ താമസിക്കുന്ന സ്ഥലമാകുക?
‘സമൂഹവാചിനൗ ഗ്രാമൗ സ്വരശ്രുത്യാദിസംയുതൗ
യഥാ കുടുംബിനഃ സർവേ ഏകീ ഭൂത്വാ വസന്തി ഹി,’ എന്നാണ് ഭരതകോശം തന്നെ ഗ്രാമത്തെ നിർവ്വചിച്ചിരിക്കുന്നത്;
സമൂഹവാചിയാണ് ഗ്രാമശബ്ദം; അതാകട്ടെ സ്വരത്തോടും ശ്രുതിയോടും ചേർന്നു നിൽക്കുന്നതാണ്. അവിടെയാണ് കുടുംബങ്ങൾ എല്ലാം ഒരുമിച്ചു താമസിക്കുന്നത്, എന്ന്. വിപ്രന്മാരും വിപ്രഭൃത്യന്മാരും സമൃദ്ധകൃഷീവലന്മാരുമൊക്കെ താമസിക്കുന്ന സ്ഥലമാണ് ഗ്രാമമെന്ന് വാചസ്പത്യകാരനും പറയുന്നു.
ഗ്രാമമെന്നത് ധർമ്മവും ശാസ്ത്രാഭ്യാസവുമില്ലാത്തെ ഒരിടമാണെങ്കിൽ ഒരുപാട് ചോദ്യങ്ങൾ ഓരോ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോഴും ഉയർന്നു വരും. മഹാഭാരതത്തിലെ ഭീഷ്മപർവത്തിൽ,
‘ത്യജേദേകം കുലസ്യാർഥേ ഗ്രാമസ്യാർഥേ കുലം ത്യജേത്
ഗ്രാമം ജനപദസ്യാർഥേ ആത്മാർഥേ പൃഥിവീം ത്യജേത്,’ എന്ന ശ്ലോകത്തിലൂടെ, ‘കുലത്തെ ത്യജിച്ചും ഗ്രാമത്തെ സംരക്ഷിക്കണം’ എന്നുപദേശിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതുതന്നെ ഒന്നാമത്തെ ചോദ്യം.
പിന്നെ, ശാസ്ത്രത്തിൽ പറയുന്ന ശബ്ദഗ്രാമം, ഇന്ദ്രിയഗ്രാമഃ, ഭൂതഗ്രാമം, ഗുണഗ്രാമം എന്നീ പ്രയോഗങ്ങളെയെല്ലാം അപ്പോൾ ഏതുവിധത്തിൽ മനസ്സിലാക്കേണ്ടിവരും?
മറ്റൊന്ന്, ധാതുപാഠത്തിൽ പറയുന്ന ഗ്രാമശബ്ദത്തിൻ്റെ ‘ഗ്രാമ് ആമന്ത്രണേ’ എന്ന ധാത്വർഥവും ഗ്രാമശബ്ദത്തിൻ്റെ തന്നെ ‘ഗ്രസ്’ ധാതുവിൻ്റെ അർഥമായ ‘ഗ്രഹണേ, അദനേ’ എന്നിവയും ‘ഗ്രസ്യതേ ഭുജ്യത ഇതി ഗ്രാമ’മെന്ന സമാസത്തിൽ ‘ഗ്രസു അദനേ,’ എന്ന അർഥവും എങ്ങനെ യോജിപ്പിക്കും?
ഈ പാഠങ്ങളെല്ലാം മുന്നിൽ വച്ചു പരിശോധിക്കുമ്പോൾ, നാട്യശാസ്ത്രത്തിലെ മേല്പറഞ്ഞ ശ്ലോകത്തിൽ ‘ഗ്രാമ്യധർമ്മം’ എന്നു പ്രയോഗിച്ചിരിക്കുന്നത് മനുഷ്യർ താമസിക്കുന്ന ഗ്രാമത്തെ ആധാരമാക്കിയാവില്ല എന്നു വ്യക്തമാകും.
‘ഗ്രസ്’ ധാതുവിൻ്റെ ഗ്രഹണാർഥമാണ് ഇവിടെ ഭരതമുനി സ്വീകരിച്ചിരിക്കുന്നത്. ഗൃഹ്യന്തേ വിഷയാഃ യേന ഇതി.
ഇതേ അർഥത്തെ ധ്വനിപ്പിക്കുന്നതിന് വേണ്ടിയാണ് ഗ്രാമ്യധർമ്മമെന്നതിന് ഗ്രാമ്യസ്യ ഇതരാദേർധർമ്മഃ എന്നു സമാസം കല്പദ്രുമകാരൻ പറയുന്നത്. അതായത് വിഷയാദികളെ കാമത്തോടു കൂടി സ്വീകരിച്ച് ധരിക്കുന്നതാണ് ഇവിടുത്തെ ഗ്രാമ്യധർമ്മം.
വ്യവായോ ഗ്രാമ്യധർമ്മഃ - വിശേഷമായി അവായനം അധഃ സംശ്ലേഷണം വ്യവായഃ എന്നാണ് സമാസം. അന്നഭുക്തി രൂപമായിട്ടും പ്രാണരൂപമായിട്ടും തന്നിലേക്ക് സ്വീകരിക്കുന്നതെല്ലാം തന്നെ അധഃപതിച്ച അവസ്ഥയാണ് ഗ്രാമ്യധർമ്മം. ഇന്ദ്രിയങ്ങളും ഗുണങ്ങളും വാക്കുകളും ഉൾപ്പെടെ എല്ലാം അധഃപതിച്ച അവസ്ഥ.
‘ഗ്രാമ്യധർമ്മഃ കാമകേളീ രതിർനിധുവനം രതം’ എന്നു വൈജയന്തീ കോശവും പറയുന്നു. അതായത് ഇന്ദ്രിയങ്ങളിൽ നിയന്ത്രണമില്ലാതെ എല്ലാ അയോഗ്യമായ സ്ഥാനത്തും എല്ലാ വിഷയങ്ങളോടും സംഗം ചെയ്യുന്ന അവസ്ഥ.
ഗ്രാമ്യാഹാരം കഴിച്ചാൽ ശരീരദോഷങ്ങളുണ്ടാകും എന്നു ചരക സംഹിതയും പറയുന്നുണ്ട്. അതും ഗ്രാമത്തിലുണ്ടാക്കിയ ആഹാരം കഴിക്കുന്നതു കൊണ്ടല്ല; അന്നത്തിൻ്റെ ഗുണവിപര്യയത്തെ ആധാരമാക്കിയാണ്.
ഇങ്ങനെയല്ലാതെ ഗ്രാമമെന്നത് വേദശാസ്ത്രാദികൾ പഠിക്കാത്തവർ താമസിക്കുന്ന സ്ഥലമെന്ന അർഥം സ്വീകരിച്ചാൽ ശാസ്ത്രത്തിൽ അവ്യാപ്തി, അതിവ്യാപ്തി, അസംഭവാദി ദോഷം വരും. (ലക്ഷണം ലക്ഷ്യത്തിൽ കവിഞ്ഞ ഇടങ്ങളിലും ഇരിക്കുന്നത് അതിവ്യാപ്തി. ലക്ഷണം ലക്ഷ്യത്തിൽ എല്ലായിടത്തും ഇല്ലാതിരിക്കുന്നത് അവ്യാപ്തി. ലക്ഷണം ലക്ഷ്യത്തിൽ ഒരിടത്തും ഇല്ലാതിരിക്കുന്നത് അസംഭവം – നിജാനന്ദവിലാസം, ചട്ടമ്പിസ്വാമികൾ.)
വേദശാസ്ത്രാഭ്യാസത്തിൻ്റേയും സംസ്കാരത്തിൻ്റേയും കേളീനിലങ്ങളെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പുരാതനകേരളത്തിലെ 64 ഗ്രാമങ്ങളെക്കുറിച്ചും ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധ’മെന്ന കവിഭാവനയും അറിയാത്തയാളോ നിഷേധിക്കുന്നയാളോ അല്ല, കൊടിക്കുന്നു ഗ്രാമത്തിൽ ജനിച്ചുവളർന്ന കെ. പി. നാരായണപിഷാരോടി. എന്നിട്ടും ‘ധർമ്മഹീനരുടെ വാസസ്ഥാനമാണ് ഗ്രാമം’ എന്നൊക്കെ ഒരു ആധികാരിക ഗ്രന്ഥത്തിൽ പ്രസ്താവിക്കണമെങ്കിൽ, ഗുരുനാഥനെന്ന എല്ലാ ആദരവോടെയും തന്നെ പറയട്ടെ, ഒരു ശാസ്ത്രഗ്രന്ഥത്തിൻ്റെ തർജ്ജമയിലും വ്യാഖ്യാനത്തിലുമൊക്കെ പുലർത്തേണ്ട ശ്രദ്ധയും ഗൗരവവും അദ്ദേഹത്തിൽനിന്നുണ്ടായിട്ടില്ലെന്നുവേണം അനുമാനിക്കാൻ. അദ്ദേഹത്തിൻ്റെ നാട്യശാസ്ത്രം മലയാളം തർജ്ജമയിലെ ‘ഒറ്റപ്പെട്ട സംഭവ’വുമല്ല ഇത്. ആദ്യശ്ലോകത്തിൻ്റെ അർഥവിശദീകരണം മുതൽ ഗ്രന്ഥത്തിൻ്റെ വിഷയത്തിൽ നിന്നു വ്യതിചലിക്കുന്ന ഈ ലാഘവത്വം പ്രകടമാണ്.
നമ്മുടെ ഒട്ടുമിക്ക ശാസ്ത്രഗ്രന്ഥങ്ങളുടേയും പല ഭാഷകളിലുമുള്ള വിവർത്തനങ്ങളുടെ ഗതി ഇങ്ങനെയൊക്കെയാണ്. നാട്യശാസ്ത്രത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനമെന്ന പേരിൽ മൻമോഹൻ ഘോഷിനെപ്പോലുള്ളവർ എഴുതിവിട്ടിരിക്കുന്നതൊക്കെ അതിഭീകരമെന്നേ പറയാനാകൂ. ഇന്ന് ആയുർവേദകോളേജുകളിൽ പാഠപുസ്തകമായിട്ടുള്ള ചരകത്തിൻ്റെ ഇംഗ്ലീഷ് തർജ്ജമയിൽ ഗ്രാമ്യാഹാരം ‘Cooked food’ ആണ്!
ദൗർഭാഗ്യകരമായ സംഗതി ഒരു നൂറു വർഷത്തിനുശേഷം ഈ പുസ്തകങ്ങൾ ആധികാരികമായെടുത്ത് ഭാരതത്തിലെ ഗ്രാമം എന്നത് സ്വധർമ്മമെന്തെന്ന് അറിയാത്തവരും തനിക്കു തോന്നിയത് ചെയ്യുന്നവരുമായ ജനത താമസിച്ചിരുന്ന സ്ഥലമാണെന്ന ‘പഠന’ങ്ങൾ നമുക്കു കാണേണ്ടി വരും എന്നതാണ്. ശാസ്ത്രയുക്തിയില്ലാതെ ഇന്നലെകളിൽ എഴുതിയ ഇത്തരം ഗ്രന്ഥവ്യാഖ്യാനങ്ങളാണ് ഇന്നത്തെ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണമായി വരുന്നതും.

No comments:

Post a Comment