Monday, December 11, 2023

ഔചിത്യ വിചാരം - നിത്യാചാരങ്ങളിൽ

 ഔചിത്യ വിചാരം - നിത്യാചാരങ്ങളിൽ

ഔചിത്യ വിചാര ചർച്ച എന്ന ക്ഷേമചന്ദ്രന്റെ ഗ്രന്ഥം ഒരു സാഹിത്യ വിഷയമായി പഠിക്കുകയല്ലാതെ അത് നിത്യജീവിതത്തിൽ ആരെങ്കിലും ഉപയോഗിക്കേണ്ടതാണെന്ന് പറയുന്നത് കേട്ടിട്ടില്ല..
ഭാരതത്തിൽ പാഠ്യപദ്ധതിയിൽ ഗുരുനാഥന്മാർ ആദ്യം ഉപദേശിക്കുന്നതുമാത്രമല്ല സ്വയം ആചരിച്ചും ആചരിപ്പിച്ചും പഠിപ്പിക്കുന്ന ഒന്നാണ് ഔചിത്യം.. വ്യക്തിഗതമായി എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് ഔചിത്യവിചാരചർച്ച.
ഇതിന് കാരണം എന്താണെന്നാണെങ്കിൽ, ഒരു വ്യക്തിയുടെ അത് ആരുമായി കൊള്ളട്ടെ ഗുണമെന്നു പറയുന്നത് ഔചിത്യം അതിന്റെ സീമയിൽ ഇരിക്കുമ്പോൾ മാത്രമാണ്. അപ്പോൾ മാത്രമേ ഏതൊരു ഗുണവും ആ വ്യക്തിക്ക് പൂർണമായ അലങ്കാരമായി മാറൂ.. ഉയർച്ചയെ പ്രദാനം ചെയ്യൂ..പഠിച്ചതും അറിഞ്ഞതും ഉൾപ്പെടെ താൻ സമ്പാദിച്ച ഏതൊന്നും ഔചിത്യത്തോടു കൂടി, ഉചിതമായ സ്ഥാനത്ത് ഉചിതമായ രീതിയിൽ പ്രയോഗിക്കുമ്പോഴാണ് അതിന് ഗുണമുണ്ടാകുന്നത്. അതായത് ഒരു വ്യക്തിയുടെ വാക്കുകൾ അർഥഗംഭീരത, അലങ്കാരം, വിഷയാസ്പദമായ ശരീരപ്രകടനം ഇവ മാത്രമല്ല, അത് പ്രയോഗിക്കുന്ന സമയം, പറയേണ്ട രീതി, ആരോട് പറയുന്നു എന്നുൾപ്പെടുന്ന അതിന്റെ ഔചിത്യത്തിൽ വരുമ്പോൾ മാത്രമേ ഏതൊന്നും പൂർണതയെ പ്രാപിക്കൂ. ഉചിതമല്ലാത്ത രീതിയിൽ, ഔചിത്യമില്ലാതെ പ്രയോഗിക്കുന്നതെന്തും അതിന്റെ നേർ വിപരീതമായ അവസ്ഥയെ മാത്രമേ അത് ചെയ്ത ആൾക്ക് പ്രദാനം ചെയ്യൂ എന്നാശയം.
ഔചിത്യത്തിന്റെ മര്യാദയാണ് ഗുണങ്ങളെ സ്വീകരണീയമാക്കുന്നത്.. അതില്ലാതെ ഒരു ഗുണവും ഗുണമാകില്ല.
ഉദാഹരണത്തിന് നാം ഓരോ വ്യക്തികളോടും സംസാരിക്കുന്ന രീതി.. ഓരോരുത്തരോടും സംസാരിക്കുമ്പോൾ വാക്കുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.. ഇനി വസ്തുക്കളാണെങ്കിൽ, ചെവിയിൽ അണിയേണ്ട ആഭരണം മൂക്കിൽ ധരിച്ചാൽ അത് നായികയായാൽ പോലും സൌന്ദര്യത്തെ വർദ്ധിപ്പിക്കുന്നില്ലായെന്നു മാത്രമല്ല അതിനെ പരിഹാസപാത്രമാക്കുക കൂടി ചെയ്യും.. ശൌര്യം പറയുന്ന സമയത്ത് ഔചിത്യം നോക്കാതെ ഭയപ്പെടുന്ന വ്യക്തിയെ ഉപമിച്ചാലും അവിടെ അനൌചിത്യമാണ്. ഇവിടെ വാക്കുകളു മാത്രമല്ല ശരീരത്തിന്റെ പ്രകൃതി വരെ ഉചിതമായിരിക്കണം.
ഇപ്രകാരം ഔചിത്യമെന്നത് എല്ലാത്തിലുമുണ്ട്.. ഓരോ ദിവസവും ചെയ്യുന്ന ഓരോ കർമ്മത്തിലും ഔചിത്യം പ്രധാനമാണ്. ഈ ഔചിത്യത്തിനെ അതായത് നാം മലയാളത്തിൽ പറയുന്ന ഉചിതമെന്ന വാക്കിനെ ആധാരമാക്കി മാത്രമാണ് ഔചിത്യ വിചാര ചർച്ചയെന്ന ഗ്രന്ഥം തന്നെ ഉണ്ടാക്കി അതിനെ എങ്ങിനെ നിത്യജീവിതത്തിലേക്ക് യോജിപ്പിക്കാമെന്നു ആചാര്യന്മാർ പറഞ്ഞു വച്ചിരിക്കുന്നത്..
പലപ്പോഴും അത്ഭുതം തോന്നുന്നത്.. ഇത്തരത്തിൽ അനേകായിരം ഗ്രന്ഥങ്ങൾ ലഭ്യമായിരിക്കെ എന്തുകൊണ്ട് ഇത്തരം ഗ്രന്ഥങ്ങൾ ഇന്നും സാധാരണക്കാർക്ക് അപ്രാപ്യമായിരിക്കുന്നു എന്നതാണ്...
പുരാണങ്ങളും, ഇതിഹാസങ്ങളും, വേദാന്ത ഗ്രന്ഥങ്ങളും പറയുന്നതിന് ഒപ്പം ഇത്തരം ഗ്രന്ഥങ്ങളെ കൂടി സാധാരണക്കാർക്കു വേണ്ടി പരിചയപ്പെടുത്തിയിരുന്നെങ്കിൽ...
✍️അഭിനവ ബാലാനന്ദഭൈരവ
🔥🔥 ശാരദാ പ്രതിഷ്ഠാനം 🔥🔥

No comments:

Post a Comment