Monday, December 11, 2023

ഗുരുവും അര്ഥതലങ്ങളും...

 ഗുരുവും അര്ഥതലങ്ങളും...

ഗുരുവെന്ന പദത്തിന്റെ അർഥതലങ്ങളെ കുറിച്ച് പറയേണ്ടതായ ആവശ്യകത തന്നെയില്ല..അനേകായിരം ഗുരുക്കന്മാർ ഇതിനുമുന്പ് തന്നെ അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.. ഗുരുക്കന്മാർ നാമരൂപാത്മകമായി പലതാകാം എന്നാൽ ശിരസ്സിനു മുകളിൽ വിളങ്ങുന്ന ഗുരുപാദുകം ഒന്നേയുള്ളു..

ഗുരുനാഥൻ വിദ്യാ വിനയ സമ്പന്നത്വത്തിന്റെ പ്രകടഭാവമായിരിക്കണം. എപ്പോഴാണോ തന്നിലൂടെ ഒരു വിദ്യാർഥിക്ക് ഉപദേശം കൊടുക്കുന്നത് അപ്പോൾ ആ വിദ്യാർഥിയുടെ പൂർവജന്മാർജിതമായ പുണ്യത്തിന്റേയും ഇച്ഛയുടേയും ബഹിർസ്ഫുരണം തന്നിലൂടെ സംഭവിക്കുന്നതാണെന്നും, അവരുടെ പരമ്പരയുടെ പുണ്യം വാഗ്ദേവതയായി തന്റെ നാവിൽ വിളങ്ങുന്നതാണെന്നും ഉള്ള ബോധമുള്ളവനായിരിക്കണം ഗുരു.
ഗുരു പകർന്നു തരുന്ന അറിവ് തനിക്ക് ഹിതമായത് ഗുരുവിലൂടെ വാഗ്ദേവത അനുഗ്രഹിക്കുന്നതാണെന്ന് തിരിച്ചറിവും അതിന്റെ വിനയവും ശിഷ്യനും ആവശ്യമാണ്. അതുകൊണ്ട് തന്നെ കാര്യവും കാരണവുമായിരിക്കുന്നത് ദേവി തന്നെയാണ്.
ഗുരുവും ശിഷ്യനും ഒരു അരണിയുടെ രണ്ടു ഭാഗമാണ്.. ആ അരണി കടയുമ്പോൾ ആണ് തീയുണ്ടാകുക.. രണ്ടു പേരും ഒരെ തലത്തിൽ ഒരെ ഭാവത്തിൽ പരസ്പര പൂരകമായി നിൽക്കുമ്പോഴാണ് അഗ്നി സംഭവിക്കുക.. നെരിപ്പിനെ നെരിപ്പിനാൽ നോണ്ട്രതൈ ദീക്ഷാ എന്ന തമിഴ് വചനം ഇതു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്..
ഇതിന്റെ പൂർണ്ണകർമ്മത്തെയാണ് നാം സത്കാരം എന്നു ഉപാസനാ തലത്തിൽ പറയുന്നത്. അതായത് ഗുരു ഒരു ശിഷ്യനെ സത്കരിക്കുകയാണ് ചെയ്യുക.. ദേവീ മാഹാത്മ്യത്തിൽ മുനിനാ തേന സത്കൃതഃ എന്ന പാദം കാണുമ്പോൾ സത്കാരമെന്ന അർഥമാണ് മനസ്സിലേക്ക് വരുക..സുമേധസ് എന്ന ശ്രേഷ്ഠനായ ഗുരുനാഥൻ എന്ത് സത്കാരമാകും എല്ലാം നഷ്ടപ്പെട്ടതായ സുരഥനു നൽകിയിട്ടുണ്ടാകുക.. ഇവിടെ സുരഥൻ നമ്മളെ ആണ് പ്രതിനിധാനം ചെയ്യുന്നത്. ഒരു ഗുരുനാഥൻ സ്വജീവിതത്തിൽ എന്ത് സത്കാരമാണ് നമുക്ക് ചെയ്തു തന്നിട്ടുള്ളത്.. സത്കൃത എന്ന പദത്തെ പ്രത്യേകം അറിയേണ്ടത് ആവശ്യമാണ്. സത്കൃതഃ എന്നത് കൃഞ് പ്രത്യയം വിധിച്ചതുകൊണ്ട് സുകൃത്, കര്മകൃത്, പാപകൃത്, മന്ത്രകൃത്, പുണ്യകൃത് എന്നിങ്ങനെ അഞ്ചു തലത്തിലാണ് അര്ഥം സ്വീകരിക്കുന്നത്. ഇതിനെ കുറച്ചു കൂടി വിശദീകരിച്ചു പറഞ്ഞാൽ അഞ്ചു തരത്തിലുള്ള കർമ്മങ്ങളെ ഒരു ശിഷ്യൻ ഗുരുവിന്റെ കൂടെ നിന്നു ചെയ്തു പഠിക്കേണ്ടതാണ് അഥവാ ഗുരുക്കന്മാർ ചെയ്യിപ്പിച്ച് പഠിപ്പിക്കുക പതിവാണ്..
ഒരു ആശ്രമത്തിൽ ഒരു ബ്രഹ്മചാരി അല്ലെ സാധകൻ ഗുരുസമക്ഷത്തിൽ ചെല്ലുമ്പോൾ ആ ആശ്രമത്തിലെ നിത്യാചാരങ്ങളായ സന്ധ്യാവന്ദനാദി നിത്യകർമ്മങ്ങളേയും അവിടെത്തെ നിത്യ ദേവതോപാസനകളേയും ചെയ്യേണ്ടതുണ്ട്. ഇതാണ് സുകൃത്.
അടുത്തത് കർമ്മകൃത് ആണ്. ആ ആശ്രമത്തിലെ കര്മ്മങ്ങളെല്ലാം വിറകു വെട്ടുന്നത്, ഗോക്കളെ നോക്കുന്നത്, അതിഥി ശ്രുശ്രൂഷയോ അവർക്ക് അന്നം ഉണ്ടാക്കുന്നത് തുടങ്ങി എല്ലാം ചെയ്യേണ്ടത് ശിഷ്യനാണ്. ഇതാണ് കർമ്മകൃത്.
പാപകൃത്, താൻ അറിഞ്ഞോ അറിയാതെയോ ചെയ്തതായ പാപകർമ്മങ്ങൾക്ക് പരിഹാരം ചെയ്യേണ്ടതാണ്. പൂർവം ചെയ്യപ്പെട്ടതായ അതായത് മാതൃജം, പിതൃജം' കുലജം, ധർമ്മജം ഇപ്രകാരം നമ്മിലേക്ക് വന്നതായ ഏതൊരു കർമ്മത്തിന്റേയും ഫലഭാഗമാണ് നാം അനുഭവിക്കുന്നത്. അത് പൂർണ്ണമായും ശുദ്ധമാകുമ്പോഴാണ് നിത്യകർമ്മങ്ങൾക്ക് ഫലമുണ്ടാകൂ. അതുകൊണ്ട് പരിഹാര വിധാനമായ കർമ്മങ്ങളാണ് പാപകൃത്.
മന്ത്രകൃത് എന്നതുകൊണ്ട് ഗുരുനാഥൻ നമ്മുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളേയും നമ്മുടെ വർണത്തിനും കുലത്തിനും അനുസരിച്ച് ജീവിതത്തിൽ നമ്മളെ ഉയർത്തുന്നതിന് യോഗ്യമായ മന്ത്രത്തെ ഉപദേശിച്ചു തരുന്നു. ആ ഉപദേശിച്ച മന്ത്രത്തെ സാധനാ തലത്തിൽ നിത്യം ജപിക്കേണ്ടതാണ് അതാണ് മന്ത്രകൃത്.
പുണ്യകൃത് എന്നതുകൊണ്ട് പുണ്യപ്രവർത്തികൾ ചെയ്യുവാൻ ശ്രമിക്കുക. പൂർവം പറയപ്പെട്ടതല്ലാതെ തന്നാലാകുന്ന വിധത്തിൽ പരോപകാരമായ കാര്യങ്ങളെ പുണ്യസമ്പാദനത്തിന് ചെയ്യുവാൻ ശ്രമിക്കുക.
ഇപ്രകാരമുള്ള സത് കര്മം അതായത് ഏറ്റവും യോഗ്യമായ പഞ്ചകർമ്മങ്ങളേയും ഗുരുനാഥൻ ശിഷ്യരെ കൂടെ നടത്തി ചെയ്യിക്കാറുണ്ട്. ഇതിന് നേർവിപരീതമായി നാം നടന്നാൽ അതായത് വ്യക്തിഗതമായി നിത്യാചാരം വിഹീനമായാൽ വ്യയം സംഭവിക്കുമെന്നാണ് പറയുക. വ്യയമെന്നാൽ നാശം. എന്തിന്റെ നാശമാണ്, ശ്രേഷ്ഠമായ എല്ലാത്തിന്റേയും നാശം സംഭവിക്കും. സ്മൃതിയും അനുകമ്പയും നഷ്ടമാകും. വിധിയാം വണ്ണം പഠിച്ചതായ എല്ലാം തന്നെ നഷ്ടമാകും. വ്യക്തിത്ത്വം തന്നെ നഷ്ടമാകുന്നു. സത്കർമ്മയുക്തമായ ശീലം നഷ്ടമായാൽ അതു നിന്ദയായി മാറും. പൂർവപിതാക്കന്മാരാലും പരമ്പരയാലും ഗുരുക്കന്മാരുടെ അനുഗ്രഹവും ഹേതുവായി സത്കർമ്മങ്ങളാൽ സഞ്ചിതമാക്കപ്പെട്ട പുണ്യം നാശത്തെ പ്രാപിക്കും.
ജീവിതത്തിൽ ആചരണത്തിലൂടെ തന്നെ ശിഷ്യനെ ഉയർത്തുക എന്നതാണ് ഉത്തമ ഗുരുവിന്റെയും ഏറ്റവും ഉത്തമമായ അദ്ധ്യാപനത്തിന്റേയും ദേവതാ പ്രസാദത്തിന്റേയും മാന്ത്രികത. അതാണ് പരമമായ ഗുരുപാദുകത്തിന്റെ മഹിമ.. ആ ഗുരുപരമ്പരയുടെ അനുഗ്രഹം ഗുരുക്കന്മാരുടെ രൂപത്തിൽ സകലരിലും വിളങ്ങാനിടവരട്ടെ...

No comments:

Post a Comment