Monday, December 11, 2023

പഞ്ചതന്ത്രം... നീതിശാസ്ത്രത്തിൽ നിന്ന് കഥയിലേക്കൊരു യാത്ര..

 പഞ്ചതന്ത്രം... നീതിശാസ്ത്രത്തിൽ നിന്ന് കഥയിലേക്കൊരു യാത്ര..

കഥയെന്നു കേട്ടാൽ പഞ്ചതന്ത്രം...കുറുക്കനും കാക്കയും ഒട്ടകവും എല്ലാം നിറഞ്ഞു നിൽക്കുന്ന, അഞ്ചു തന്ത്രങ്ങളെ പറയുന്ന കഥ.. ഇതിനപ്പുറം ഈ ഗ്രന്ഥമെന്തെന്ന് ചോദിച്ചാൽ ....
യഥാർഥത്തിൽ പഞ്ചതന്ത്രം ഇതാണോ...
ഈ ഗ്രന്ഥത്തിൽ മംഗളശ്ലോകത്തിനുശേഷം ആചാര്യൻ പറയുന്നത്, സകല അർഥശാസ്ത്രങ്ങളുടേയും സാരത്തെ അഞ്ചു തന്ത്രങ്ങളിലൂടെ ശാസ്ത്രമായി രചിച്ചിരിക്കുന്നു എന്നാണ്.
അമരശക്തിയെന്ന രാജാവ് തന്റെ മൂന്നു പുത്രന്മാരെ നീതിശാസ്ത്രം അഭ്യസിപ്പിച്ച്, തന്റെ രാജ്യത്തെ പരിപാലിക്കുന്നതിന് അവരെ യോഗ്യരാക്കാൻ വേണ്ടി, പ്രത്യകിച്ച് ബുദ്ധിയെ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള വഴിയെ കുറിച്ച് മന്ത്രിമാരോട് ആലോചിച്ചു. അവരുടെ ഉപദേശപ്രകാരമാണ് വിഷ്ണുശർമനെ അതിന് നിർദേശിക്കുന്നത്.
എന്തിനു വേണ്ടിയാണ് ഇതെന്ന് അവരു തന്നെ പറയുന്നുണ്ട്...
പന്ത്രണ്ടു വർഷമാണ് വ്യാകരണത്തിന്റെ പഠന കാലം. തുടർന്ന് ധർമ്മശാസ്ത്രവും, അർഥശാസ്ത്രവും, കാമശാസ്ത്രാദികളും പഠിച്ചിനുശേഷമാണ് ധർമ്മാർഥ കാമരൂപമായ ശാസ്ത്രങ്ങളു പഠിക്കേണ്ടത്. അത് കുറഞ്ഞ സമയം കൊണ്ട് രാജകുമാരന്മാരെ അഭ്യസിപ്പിക്കുവാൻ സാധ്യമല്ലാത്തതിനാൽ ഈ ശാസ്ത്രങ്ങളുടെ സംക്ഷേപമെന്ന നിലയിൽ പുതിയ ഒരു ശാസ്ത്രപാഠനരീതി ചിന്തിക്കേണ്ടതാണ്. ഈ പാഠ്യപദ്ധതി നിർമിക്കുന്നതിന് വേണ്ടിയാണ് വിഷ്ണുശരർമ്മനിലേക്ക് രാജാവിനെ എത്തിക്കുന്നത്..
അതിന് രാജാവ് വിഷ്ണുശർമന് വാഗ്ദാനം ചെയ്യുന്നത്, ശാസനശതം അഥവാ നൂറു പ്രദേശം കൊടുക്കാമെന്നാണ്. രാജാവിന്റെ ആ വാക്കുകളെ തൃണവൽഗണിച്ച് വിഷ്ണുശർമ്മ രാജാവിനോട് പറയുന്ന വാക്കുകൾ ആണ് ഭാരതത്തിന്റെ വിദ്യാഭ്യാസപദ്ധതിയെ ഉയർത്തികാട്ടുന്നത്,
എന്റെ സത്യവചനം കേട്ടാലും. ഞാൻ വിദ്യയെ ക്രയവിക്രയം ചെയ്യാറില്ല അത് നൂറു പ്രദേശം തന്നാലും. പക്ഷെ പ്രജയെന്ന നിലയിൽ സ്വകർത്തവ്യം ആയതുകൊണ്ട്, താങ്കളുടെ പുത്രന്മാരെ ആറു മാസം കൊണ്ട് നീതിശാസ്ത്രജ്ഞന്മാരാക്കി മാറ്റിയില്ലായെങ്കിൽ ഞാൻ എന്റെ സ്വന്തം നാമം തന്നെ ത്യജിക്കുന്നതാണ്. ഇത് ഞാൻ ഏതെങ്കിലും അർഥത്തെ ആഗ്രഹിച്ച് പറയുന്നതല്ല. നിന്റെ പ്രാർഥനയുടെ സിദ്ധിക്കു വേണ്ടി ഞാൻ സരസ്വതീ എന്ന ക്രീഡയെ അഥവാ വിനോദത്തെ ചെയ്യാം. ഈ ദിവസം എഴുതിവച്ചുകൊള്ളു ആറു മാസത്തിനുള്ളിൽ താങ്കളുടെ പുത്രന്മാരെ നീതിശാസ്ത്രം പഠിപ്പിച്ച് മറ്റുള്ളവരെക്കാൾ ഉന്നതരാക്കി കാണിക്കാം..
ഇപ്രകാരം സകല ശാസ്ത്രസാരമായ, സകല വിദ്യകളേയും പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ ശൈലിയെയാണ്, മിത്രഭേദം, മിത്രപ്രാപ്തി, കാകോലൂകീയം, ലബ്ധപ്രണാശാ, അപരീക്ഷിതകാരകമെന്ന പേരിൽ അഞ്ച് തന്ത്രങ്ങളിലൂടെ രചിച്ചത്.
നീതിശാസ്ത്രം എന്നു വാചസ്പത്യമെന്ന കോശം നോക്കിയാൽ പോലും ഉശനസ്, കാമന്ദകൻ, പഞ്ചതന്ത്രം, നീതിസാരം, നീതിമാലാ, നീതിമയൂഖം, ഹിതോപദേശം, ചാണക്യനീതി തുടങ്ങിയ ഗ്രന്ഥങ്ങളാണ് പരാമർശിക്കുന്നത്.
സരസ്വതീ ദേവിയുടെ വാഗ്വിലാസരൂപമായ ക്രീഡ നടത്തിയ, ആ ആചാര്യനുദ്ദേശിച്ചിരിക്കുന്ന ഏതെങ്കിലും തലത്തിലേക്ക് ഈ ഗ്രന്ഥത്തെ ഇന്നു എത്തിക്കാനായിട്ടുണ്ടോ എന്നു ചോദിച്ചാൽ അഞ്ചു ശതമാനം പോയിട്ട് പഞ്ചതന്ത്രം എന്തിനാണ് എഴുതിയത് എന്നു പോലും ജനങ്ങളിലേക്ക് എത്തിയില്ലായെന്നതാണ് സത്യം.
ശാസ്ത്രഗ്രന്ഥങ്ങളെ ഏത് തരത്തിൽ കാണണം.. ഏതു തരത്തിൽ പഠിക്കണം.. ഏത് തരത്തിൽ പഠിപ്പിക്കണമെന്ന് കൃത്യമായ പദ്ധതിയുള്ളപ്പോഴാണ് ഈ അവസ്ഥ.
ഈ ഒരു ഗ്രന്ഥം മാത്രം മതി ഭാരതത്തിന്റെ ശാസ്ത്രത്തെ പൂർണമായും പഠിപ്പിക്കുവാൻ..(ദയവായി ശാസ്ത്രമെന്ന വാക്കിന് സയന്സ് എന്ന അര്ഥം ആണെന്ന് ചിന്തിച്ച് കമെന്റിടരുത് ) എന്നിട്ടും കുട്ടികളുടെ കഥയായി ഇന്നു ഇതിനെ മാറ്റിയെന്നതാണ് ഏറ്റവും വലിയ അത്ഭുതം. വ്യാകരണവും, നീതിശാസ്ത്രവും, ധര്മ്മശാസ്ത്രവും തുടങ്ങി നിത്യവിചാരം വരെ ഇത്രയും മനോഹരമായി യോജിപ്പിച്ചിരിക്കുന്ന മറ്റൊരു ഗ്രന്ഥം ഭാരതത്തിലുണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്.
ഭാരതത്തിലെ നീതിശാസ്ത്രത്തിൽ ഏറ്റവും ശ്രേഷ്ഠമെന്നു പറയപ്പെടുന്ന, ശാസ്ത്രസാരമെന്നു ആചാര്യൻമാരു തന്നെ വിശേഷിപ്പിക്കുന്ന പഞ്ചതന്ത്രത്തെ എന്തുകൊണ്ടാകും കഥയാക്കി മാറ്റിയത്..
ഭാരതീയ പാരമ്പര്യത്തെ കുറിച്ച് അഭിമാനം കൊള്ളുമ്പോഴും ചോദ്യചിഹ്നമാണ്.. ആരാണ് ഇതൊക്കെ ചിന്തിക്കുക... ചിന്തനീയം..

No comments:

Post a Comment