Monday, December 11, 2023

ഇതിഹാസവും രാമന്റെ അയനവും....

 ഇതിഹാസവും രാമന്റെ അയനവും....

ഇതിഹാസമെന്നാൽ ഇതിഹ ആസം എന്നാണ് സമാസം. ഇതിഹ എന്നാൽ പാരമ്പര്യോപദേശം. ഉപദേശം എന്നതിന് പല അർഥങ്ങളും മാനങ്ങളും നമുക്ക് പറയാം. എന്നാൽ സാമാന്യമായി ഇതിന് അനുശാസനം, ഹിതകഥനം എന്നെല്ലാമാണ് അർഥം.
എന്താണ് ഈ ഉപദേശം കൊണ്ടുദ്ദേശിക്കുന്നത്...
എന്ത് ചെയ്താലാണ് ജീവിതത്തെ ശുദ്ധമായി മുൻപോട്ടു കൊണ്ടുപോകാനാകുക? ഓരോ വ്യക്തികൾക്കും ഓരോ ധർമ്മമാണ്, അതെന്താണ്‌ ?... അതിന്റെ ഫലം ഏത് രീതിയിലാണ് വരുന്നത് ? എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ നേരിട്ടും, ഉദാഹരണങ്ങളിലൂടേയും ഉപദേശിക്കുന്നതാണ് ഭാരതീയമായ രീതി. ഇവിടെ വാത്മീകി തന്റെ കാവ്യത്വ ശൈലിയെ ഉപയോഗിച്ചു കൊണ്ട്, അതിന് യോഗ്യമായ പാത്രങ്ങളെ സ്വീകരിച്ച് ഈ ഉപദേശങ്ങളെ അതിലേക്ക് യോജിപ്പിച്ച് പറഞ്ഞിരിക്കുന്നു. ഇതാണ് രാമായണത്തെ ഇതിഹ എന്നു പറയുന്നതിന് കാരണം. ആസം എന്നാൽ ഉപവേശനേ അല്ലെങ്കിൽ ആധാരേ എന്നർഥം.
ധർമാർഥ കാമമോക്ഷാണാമുപദേശ സമന്വിതം
പൂർവവൃത്ത കഥായുക്തമിതിഹാസം പ്രചക്ഷതേ
ധർമ്മം അർഥം കാമം മോക്ഷം ഇവകളുടെ ഉപദേശങ്ങളോടു കൂടി, പൂർവം സംഭവിച്ചതായ കഥകളെ പറയുന്നതാണ് ഇതിഹാസം. ഈ പാരമ്പര്യോപദേശം ഏത് ഗ്രന്ഥത്തിലാണോ ലഭ്യമായിരിക്കുന്നത് ആ ഗ്രന്ഥത്തെയാണ് ഇതിഹാസം എന്നു വിളിക്കുന്നത്. ഇതെ അർഥത്തെ യോജിപ്പിച്ചാണ്, പാരമ്പര്യോപദേശ ആസ്തേ അസ്മിൻ എന്ന സമാസം ആചാര്യന്മാരു ഇതിഹാസത്തിനു പറയുന്നത്.
ഈ പാരമ്പര്യോപദേശമായ രാമായണത്തിൽ രാമന്റെ കഥയായിട്ടും, സീതായനം എന്ന പേരിൽ സീതയുടെ ഗതിയായിട്ടും നാം പറയുന്നത് കേട്ടിട്ടുണ്ട്.. അത് വ്യക്തിനിഷ്ഠമായ തലമാണ്..
രാമനെയാണോ രാമായണത്തിലൂടെ കാണാൻ ശ്രമിക്കുന്നത്.. അങ്ങിനെയാണെങ്കിൽ രാമസ്യ അയനം രാമായണം, രമന്തെ യസ്മിൻ സർവേ ജനാഃ ഗുണൈഃ ഇതി രാമഃ, യാതൊന്നിലാണോ സകല ജനങ്ങളും ഗുണങ്ങളെ കൊണ്ട് രമിക്കുന്നത് അത് രാമൻ.
ഇതിനെ തന്നെ അധ്യാത്മികഭാവത്തിൽ സ്വീകരിക്കണമെങ്കിൽ, അധ്യാത്മികേ തിഷ്ഠതി യഃ പരാത്മാ രാമോऽയതേ യത്ര ഹി തത്ത്വവിജ്ഞൈഃ, അധ്യാത്മ ഭാവത്തിൽ സ്ഥിതിചെയ്ത് പരമാത്മാ രൂപത്തിൽ എവിടെയാണോ രാമൻ ഗമിക്കുന്നത് അതാണ് രാമായണം.
സീതയുടെ ഗതിയായി രാമായണത്തെ കാണണമെന്നുള്ളവർക്ക് അതും ആകാം.. രാമായാഃ അയനം രാമായണം. രാമന്റെ പത്നിയായ രാമായുടെ അയനം ആണ് രാമായണം.
ശിവാഭേദ സ്വരൂപമായ ശക്തിയെന്ന പോലെ സ്വീകരിക്കണമെന്നുള്ളവർക്ക് അതും ആകാം, രാമശ്ച രാമാ ച രാമൌ, തയോഃ അയനം രാമായണം. രാമനും രാമായും ചേരുമ്പോൾ രാമൌ, അവരുടെ അഥവാ രാമന്റേയും സീതയുടേയും അയനമാണ് രാമായണം.
അനന്യാ ഹി മയാ സീതാ ഭാസ്കരേണ പ്രഭാ യഥാ, സൂര്യന്റെ പ്രഭയെ പോലെ സീത രാമനിൽ നിന്ന് അനന്യയാണ്. ഇതെ ആശയത്തെ, അനന്യാ രാഘവേണാഹം ഭാസ്കരേണ പ്രഭാ യഥാ, സീതയും രാവണനോട് പറയുന്നുണ്ട്.
അതായത് രാമനെന്ന വ്യക്തിയുടെ തലത്തില് രാമയാണത്തെ നോക്കുന്ന വ്യക്തിക്ക് രാമന്റെ അയനം എന്ന അര്ഥത്തെ സ്വീകരിക്കാം. രാമാ എന്ന അർഥത്തിൽ സീതയുടെ തലത്തിൽ രാമായണത്തെ സ്വീകരിക്കണമെന്നുള്ള വ്യക്തികൾക്ക് അത് സ്വീകരിച്ചു കൊണ്ട് രാമായണത്തെ സ്വീകരിക്കാം. രാമന്റേയും സീതയുടേയും അയന രൂപമായി സ്വീകരിക്കേണ്ടവർക്ക് അതും ഇവിടെ സ്വീകരണീയമാണ്. പുരുഷരൂപത്തിലും, സ്ത്രീ രൂപത്തിലും. അഭേദരൂപത്തിലും ഇവിടെ രാമായണത്തെ സ്വീകരിക്കാം എന്നാശയം.
ഉപദേശങ്ങളെ പറയുമ്പോൾ രണ്ട് തരത്തിൽ പറയും. എന്ത് ചെയ്താലാണ് ധർമ്മത്തിലൂടെ പുണ്യം സമ്പാദിക്കാനാകുക. നേർ വിപരീതമായി എന്ത് ചെയ്താലാണ് ജീവിതത്തിന്റെ പുണ്യം നശിച്ച് നാശത്തിലേക്ക് നയിക്കുക. ഈ രണ്ട് വിഷയങ്ങളെ, ഓരോ വ്യക്തിയിലും കാലം, ദേശം, അവസ്ഥ ഇവ മാറുന്ന സാഹചര്യത്തിൻ്റെ അടിസ്ഥാനത്തിൽ എങ്ങിനെ മാറ്റം വരുന്നു എന്നതാണ് ആചാര്യൻ പറയുക.. ഈ ഉപദേശങ്ങളെ എങ്ങിനെ ഏത് തരത്തിൽ നാം നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കണമെന്നത് വ്യക്തി നിഷ്ഠമാണ്. അതിനു വേണ്ടിയാണ് യുക്തിയെ ആചാര്യന്മാർ ന്യായശാസ്ത്രത്തിലൂടെ പഠിപ്പിച്ചു തരുന്നത്.
രാമായണം വായിക്കുമ്പോൾ ഇത് മനസ്സിൽ വച്ച്, എന്തിന് ആചാര്യൻ ഓരോ കാണ്ഡങ്ങളും പ്രത്യേകം പ്രത്യേകം കഥാപാത്രങ്ങളെ യോജിപ്പിച്ചു പറയുന്നു എന്ന് ആലോചിക്കുക.. ഉപദേശം മനനം കൊണ്ടെ പൂർണമാകൂ.. അതുകൊണ്ട് യുക്തിപൂർവം ചിന്തിക്കുക...

No comments:

Post a Comment