Monday, December 11, 2023

ഭാരതീയ വിജ്ഞാനധാരകളും ഇതിഹാസ പുരാണങ്ങളും

 ഭാരതീയ വിജ്ഞാനധാരകളും ഇതിഹാസ പുരാണങ്ങളും

ഭാരതീയവിജ്ഞാനധാരയിൽ ഏറ്റവും പ്രധാനമായി നാം പറയുന്നതാണ് ഇതിഹാസ പുരാണങ്ങളെ..പക്ഷെ മഹാഭാരതം കഥ.. രാമായണം കഥ... പുരാണ കഥകൾ....ഇങ്ങിനെയാകും നാം പഠിച്ചിട്ടുണ്ടാകുക....
ഇതി ഇഹ ആസം, ഇപ്രകാരം ഇവിടെ ഉണ്ടായിരുന്നത് എന്ന അർഥത്തിൽ ആണ് ഇതിഹാസത്തെ നാം കേൾക്കുന്നതും.... ഇവ യഥാർഥത്തിൽ കഥ മാത്രമാണോ....
എന്തുകൊണ്ടാകും ബൃഹത് കഥാ മഞ്ജരീ പോലെ കഥാ സരിത് സാഗരം പോലെ ഗ്രന്ഥം രചിച്ച ആചാര്യന്മാർ മഹാഭാരതത്തിനേയും രാമായണത്തിനേയും കഥയെന്നതിൽ പെടുത്താത്..
വളരെ വ്യക്തമാണ്.. ഇവ വെറും കഥ മാത്രമല്ല.. പിന്നെ എന്താണ് ഇവ..
ഇതിഹ പാരമ്പര്യോപദേശ ആസ്തേ അസ്മിൻ ഇതി. പാരമ്പര്യോപദേശത്തോടു കൂടിയത്..ധർമ്മം അർഥം കാമം മോക്ഷം ഇവയെ യോജിപ്പിച്ചുകൊണ്ട് പറയുന്ന ഉപദേശങ്ങളാണ് ഇതിഹാസങ്ങൾ. ഇതിഹ ഉപദേശപാരമ്പര്യം എന്ന സമാസത്തിൽ ഐതിഹ്യം എന്നു പറയുന്നതും ഇതിനെയാണ്. അല്ലാതെ വാക്യ പ്രബന്ധ രൂപമായ വെറും കഥകളെയല്ല..
പുരാണം എന്നാൽ പുരാ ഭവഃ, മുൻപ് സംഭവിച്ചത് എന്ന അർഥത്തിൽ ആണ് പ്രയോഗം സാമാന്യമായി കാണുക... ഇവിടെ, പുരാ നീയതേ ഇതി പുരാണം. പുരാ എന്നാൽ പുര ആഗ്രഗമനേ. അവിച്ഛേദേന ക്രിയാകരണേ. മുൻപിലേക്ക് നയിക്കുന്നത്, വിച്ഛേദമില്ലാതെ ക്രിയകളെ ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്നത്, നമ്മളെ നയിക്കുന്നത് എന്തോ അതാണ് പുരാണം.
ജീവിതത്തിൽ ഓരോ വ്യക്തികളും വ്യത്യസ്തമായിരിക്കും.. ചിലർക്ക് ചില വിഷയങ്ങൾ നേരിട്ട് പറഞ്ഞാൽ മനസ്സിലാകും. ചിലർക്ക് ഉദാഹരണം പറയുമ്പോഴാകും മനസ്സിലാകുക. ചിലർക്കാകകട്ടെ ചെയ്തു കാണിക്കുമ്പോഴാകും മനസ്സിലാക്കാനാകുക. ഇത്തരത്തിൽ വ്യത്യസ്ത ആളുകൾക്ക് ഉപയോഗമായ രീതിയിൽ വ്യത്യസ്തമായ കഥകളിലൂടെ ഉപദേശങ്ങളിലൂടെ വംശപ്രതിപാദനത്തിലൂടെ നമ്മളെ പുരാണം നയിക്കുന്നു..
മഹാഭാരതത്തിന്റെ ഉപദേശം ധർമ്മം ചര...ധർമ്മം ആചരിക്കൂ.. രാമായണത്തെ പറഞ്ഞാൽ രാമാദിവത് വര്ത്തിതവ്യം ന രാവണാദിവത്.. രാമനെ പോലെയാകണം രാവണനെ പോലെ ആകരുത്.. ഇവയെ പല തരത്തിൽ പല ഭാവത്തിൽ നമുക്ക് സ്വീകരിക്കാം.. പക്ഷെ ആത്യന്തികമായി നമ്മൾ നമ്മളുടെ ജീവിതത്തിൽ ഇവയിലൂടെ കിട്ടിയ ഗുണങ്ങളെ എങ്ങിനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.
ഉപാസനാ തലമാണെങ്കിൽ, ഉദാഹരണത്തിന് അന്നപൂർണയെ പൂജിക്കുന്ന വ്യക്തി മാതൃഭാവസ്വരൂപനാണ്.. ..സകലരേയും ഊട്ടുന്ന, പ്രകൃതിയിലെ സകലതിനോടും കരുണയോടു കൂടിയുള്ള ഭാവമാണ് ആ മാതൃഭാവത്തിന്റെ ആത്യന്തികമായ തലം.. ആ ഗുണം കൂടി ജീവിതത്തിലേക്ക് പകർത്തുന്നതാണ് ദേവതാ തലം...
ഇതുപോലെ ഓരോ ഗ്രന്ഥങ്ങൾക്കും അതിന്റെ ഉപദേശ തലം ഉണ്ട്... അതാണ് ഇതിഹാസവും പുരാണവും കഥയും വേറെ വേറെ തന്നെ പറയുന്നതിന് കാരണം.. ഓരോന്നിന്റേയും പ്രയോജനം വേറെ വേറെയാണ് എന്നാശയം...

No comments:

Post a Comment