Monday, May 26, 2014

യോനിതത്ത്വം..

യോനിതത്ത്വം..

പഠനസമയങ്ങളിലും അല്ലാതേയും സ്ഥിരമായി കേട്ടിരുന്ന ഒരു പ്രയോഗമാണ് യോനി എന്ന വാക്ക്.. സ്ത്രീശരീരത്തിലെ ഭാഗം എന്ന രീതിയിൾ ആണ് സാമാന്യരീതിയിൽ എല്ലാവരും കൂടുതൽ പ്രയോഗിക്കുന്നതും.. യോനി എന്ന വാക്കു പ്രയോഗിക്കുമ്പോൾ സ്ത്രീശരീരവര്ണന ആയി വിചാരിക്കുന്നവരും ഒരുപാടുപേരുണ്ട്.. പക്ഷെ പഠനസമയം ഈ വാക്കു പ്രയോഗിച്ച പലസ്ഥലത്തും സ്ത്രീ ശരീരം എന്നതിനേക്കാൾ വളരെ വ്യത്യസ്തരീതിയിൽ അര്ഥം തോന്നി. അതുകൊണ്ട് തന്നെ ആ വാക്കിന്റെ അര്ഥവ്യാപ്തി മനസ്സിലാക്കുന്നത് വളരെ രസകരമാകും..

അമരകോശത്തിൽ യോനി എന്ന വാക്കിന്
ഭഗം യോനിര്ദ്വയോഃ ശിശ്നോഃ മേംഢ്രോ മേഹനശേഫസീ. മുഷ്കോ അണ്ഡകോശോ വൃഷണഃ പൃഷ്ഠവംശാധരേ ത്രികം എന്ന് അര്ഥം പറയുന്നു. ഇതിലെ ഓരോ വാക്കുകളുടേയും അര്ഥം നോക്കിയാൽ

ഭഗം എന്നതിന് ഗുഹ്യം എന്ന് അര്ഥം. ഭഗം യോനിര്ദ്വയോഃ എന്നതിലെ ഭഗം എന്നത് ഭാവപ്രകാശകാരൻ രണ്ട് എന്നര്ഥത്തിലാണ് പറയുന്നത് അതായത് കടിപ്രദേശത്തെ രണ്ട് മാംസഭാഗങ്ങൾ ആണ് ഇ വിടെ ഉദ്ദേശിക്കുന്നത് എന്നും, അല്ല ഭഗവും ശിശ്നവും ആണ് എന്നും രണ്ട് അഭിപ്രായം കാണുന്നു. ശേഫസ് എന്നതിന് ശുക്ലപാതേ സതി ശേതേ(ഫേ) പതതി ഇതി ശേഫഃ എന്ന് അര്ഥം. ശിശ്നം, മേംഡ്രഃ, മേഹനം ശേഫം ഇവയെല്ലാം ശിശ്നത്തിന്റെ അര്ഥമായാണ് പറയുന്നത്. മുഷ്കം എന്നതിന് മുഷ്ണാതി വീര്യമിതി എന്നാണ് അര്ഥം, അതായത് അണ്ഡകോശം എന്ന് അമരകോശകാരൻ പറയുന്നു. ത്രികം ആകട്ടെ ത്രിഭിരസ്ഥിഭിര്ഘടിതം സ്ഥാനം ത്രികം എന്ന് പറയുന്നു. മൂന്ന് അസ്ഥികൾ ചേര്ന്ന സ്ഥലം എന്ന് സാമാന്യാര്ഥം..

അമരകോശ വ്യാഖ്യാനത്തിൽ ഭഗം യോനിഃ ദ്വേ സ്ത്രീണാമുപസ്ഥസ്യ എന്ന് വിശധീകരിക്കുന്നു. . ഇവിടെ പറയുന്ന ഉപസ്ഥ എന്ന വാക്കിന് ലിങ്ഗം, ഭഗം, ക്രോഡ എന്നും അര്ഥം. ക്രോഡത്തിനാകട്ടെ ഉരസ് , വക്ഷം എന്നാണ് അര്ഥം പറയുന്നത്. രാജനിഘണ്ടുവിൽ ഭോഗം എന്ന അര്ഥവുമുണ്ട്.

മുകളിൽ പറഞ്ഞ അര്ഥം കൂടാതെ ഇനി യോനിഃ എന്നതിന്റെ അര്ഥവ്യാപ്തി നോക്കുകയാണെങ്കിൽ യോനി എന്നതിന് യൌതി സംയോജയതി എന്നാണ് അര്ഥം. ആകരം എന്നും അര്ഥം പറയുന്നു.. ആകരം എന്ന് പറഞ്ഞാൽ ധാതുരത്നാദികളുടെ ഉത്പത്തിസ്ഥാനം എന്ന് അര്ഥം. ത്രികാണ്ഡശേഷത്തിൽ പ്രാണികളുടെ ഉത്പത്തിസ്ഥാനമായും യോനിയെ പറയുന്നു. യോനിയുടെ പര്യായമായി പ്രകൃതി, വരാങ്ഗം, ഉപസ്ഥം, സ്മരമന്ദിരം, രതിഗൃഹം, അധരം, അവാച്യദേശം, അപഥം, പുഷ്പീ, സംസാരമാര്ഗഃ, ഗുഹ്യം, സ്മരധ്വജം, രതികുഹരം, കലത്രം അധഃ, സ്മരകൂപം ഇങ്ങിനെ അര്ഥങ്ങളും പറയുന്നുണ്ട്.

ഈ പര്യായശബ്ദങ്ങളുടെ അര്ഥം കൂടി എടുത്താൽ യോനി എന്ന വാക്ക് സ്ത്രീശരീരത്തിലെ അംഗമായി മാത്രമല്ല പലതരത്തിൽ അര്ഥം ദ്യോതിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം..പുരുഷന്റെ ടെസ്റ്റിക്കിൾസിനു പറയുന്നതുപോലും അതെ വാക്കു തന്നെയാണ്. അതായത് യോനി എന്ന് പറഞ്ഞാൽ സ്ത്രീയുടെ ജനനെന്ദ്രിയം മാത്രമല്ല പുരുഷന്റേയും ആണ് . യോനി എന്ന് പറയുമ്പോൾ സ്ത്രീജനനേന്ദ്രിയത്തെ മാത്രമല്ല മറ്റ് അര്ഥങ്ങളേയും കണക്കാക്കണം എന്നര്ഥം. ശരീരവുമായി യാതൊരുബന്ധവുമില്ലാത്ത അര്ഥമായും യോനി എന്ന ശബ്ദം വരുന്നുണ്ട്..

ഉദാഹരണത്തിന് ലളിതാ സഹസ്രനാമത്തിലെ യോനിനിലയാ..യോനി എന്നതിന് പ്രകൃതി എന്ന് അര്ഥമുണ്ട്.. സ്ത്രീ യോനിയിൽ കാമാകര്ഷിണിയായി കുടികൊള്ളുന്നവൾ എന്നതിനേക്കാളും പ്രകൃതിയുടെ ആലയമായിരിക്കുന്നവൾ എന്നാകും ഒന്നുകൂടി ചേരുക. അതുകൊണ്ട് തന്നെ യോനി എന്ന വാക്കുകേൾക്കുമ്പോഴെ തെറ്റിദ്ധരിക്കാതെ മറ്റ് അര്ഥങ്ങളും കൂടി നോക്കുന്നത് നല്ലതായിരിക്കും.. ഹരി ഓം

No comments:

Post a Comment