Wednesday, May 21, 2014

സഹസ്രനാമ വ്യാഖ്യാനത്തിലൂടെ..



ജോലിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് വ്യാഖ്യാനം എഴുതി തീര്ക്കാനുള്ള സ്ഥലം മനസ്സിലാഗ്രഹിച്ചപ്പോൾ ചേച്ചിയേയും ചേട്ടനേയും പോലെ ഉള്ള രണ്ടുപേരുള്ളതുകൊണ്ടാണ് ഞാൻ നിലമ്പൂർ തിരഞ്ഞെടുത്തത്. പക്ഷെ പുസ്തകത്തിന്റെ പകുതിയിലധികം നാമങ്ങൾ എഴുതി തീര്ക്കാൻ സ്ഥലമാഹാത്മ്യം കാരണമാണെന്നുള്ള ഓര്മ ഇരുന്ന് എഴുതുന്നതിന്റെ വലതുവശത്തുള്ള ചാരുകസേരയിലിരുന്നിരുന്നവരാരൊക്കെയാണ് എന്നന്വേഷിക്കാൻ കാരണമായി.

നൂറിലധികം വര്ഷം പഴക്കമുള്ള നിലമ്പൂർ വൈദ്യശൈല വിഷവൈദ്യചികിത്സയിലെ പ്രഗത്ഭനായിരുന്ന രാമവാര്യരുടെ ഗൃഹം കൂടിയാണ്. വൈദ്യപാരമ്പര്യമനുസരിച്ച് മാനവേദൻ മഹാരാജാവിന്റെ അടുക്കൽ വിഷവൈദ്യപഠനത്തിനെത്തിയ രാമവാര്യർ പഠനത്തിലും പ്രയോഗത്തിലുമുള്ള കഴിവുകൊണ്ട് രാജാവിന്റെ ഇഷ്ടതോഴനായി. വിഷവൈദ്യപഠനം കഴിഞ്ഞു മഹാരാജാവിന്റെ അഭ്യര്ഥന മാനിച്ച് നിലമ്പൂരിൽ തന്നെ വൈദ്യവൃത്തി ആരംഭിച്ചു. ഇപ്പോഴുള്ള വൈദ്യശാല കൊച്ചിമഹാരാജാവ് തന്നെ ദേശസേവനത്തിനായി തുടങ്ങിവയ്കുകയും ദേശത്തിന്റെ വിളക്കുപോലെ പരമദേവീഭക്തനായ അദ്ദേഹം ആതുരസേവനം നടത്തിപോരുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ ശ്രീനിവാസനും പിതാവിനെ പോലെ തന്നെ അതേ പാത തുടര്ന്നു. ഇപ്പോൾ അതേ പാതയിൽ തന്നെ മൂന്നാം തലമുറയിലുള്ളവരും, മുത്തശ്ശനായ രാമവാര്യരുടെ ആതുരസേവനമാണ് ആയുർവേദം എന്ന ഉപദേശം കാത്തുസൂക്ഷിച്ചുകൊണ്ട് ആയുർവേദത്തെ ധന്വന്തരീ മൂര്ത്തിയായി പൂജിക്കുന്നു.

സ്വാമി മൃഢാനന്ദസരസ്വതി സ്വന്തം ഗ്രന്ഥരചനയ്ക് വേണ്ടി തിരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ഇതെന്നറിഞ്ഞപ്പോഴാണ് ആദ്യമെ തോന്നിയത് അത്ഭുതമാണ്. പക്ഷെ വൈദ്യമഠം വലിയനാരായണൻ നമ്പൂതിരി ഉൾപ്പടെ ഇപ്പോഴത്തെ ചിദാനന്ദപുരിസ്വാമിജി വരെയുള്ള പ്രഗത്ഭന്മാരുടെ നിരയാണ് നിലമ്പൂരിൽ ഞാനിരുന്ന എഴുതുന്ന സ്ഥലത്തിനെന്ന് മനസ്സിലായപ്പോഴാണ് ഞാനെന്തിനാണ് ഗുരുപാരമ്പര്യവും ദേവീഭക്തന്മാരുടെ ആലയവുമായ നിലമ്പൂർ വൈദ്യശാല തന്നെ തിരഞ്ഞെടുത്തത് എന്ന് മനസ്സിലായത്.

200 വര്ഷത്തിലധികം പഴക്കമുള്ള മൈസൂർ മഹാരാജാക്കന്മാരുടെ ഗുരുപാരമ്പര്യമുള്ള ശ്രീകുന്ദൂർമഠത്തിലിരുന്നു ഇതെഴുതുമ്പോൾ, പലപ്പോഴും എന്തുകൊണ്ട് മൈസൂരെത്തി എന്ന എന്റെ ചോദ്യത്തിന് ഇപ്പോഴത്തെ ഇവിടെത്തെ മഠാധിപതിയും ശൈവിസത്തിലേയും വേദാന്തത്തിലേയും അവസാനവാക്കെന്ന് കര്ണാടകയിൽ പറയുന്ന ശിവബസവസ്വാമിജിയുടെ വാക്കുകൾ ഇപ്പോൾ ഓര്മവരുന്നത്, എല്ലാത്തിനും ഉത്തരം കാലം നൽകുന്നവരെ ക്ഷമയോടെ ഇരിക്കുക. കാലദേശാദിവര്ത്തിയാണ് ദേവി എന്നതുപോലെ കാലദേശാദികൾക്കുപരിയായി നിൽക്കുന്ന ഗുരുപാരമ്പര്യമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ..ഓരോ ദിവസത്തേയും അനുഭവം ജഗത്സ്വരൂപിണിയായ ദേവിയുടേയും ഗുരുപരമ്പരയുടേയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടെന്നുള്ള ഉറപ്പും, ലളിതാസഹസ്രനമാത്തിന്റെ വ്യാഖ്യാനം എഴുതുവാനുള്ള ശക്തിയും പകര്ന്നു തരുന്നു.. ദേവീ നാമം എല്ലാവരിലും എത്തിക്കാൻ ഞാനൊരു നിമിത്തമായി തീരുന്നു എന്നതുതന്നെ ദേവിയുടെ അനുഗ്രഹം. ഹരി ഓം.

No comments:

Post a Comment