Monday, May 26, 2014

അമ്മെ നാരായണ

അമ്മെ നാരായണ എപ്പോഴും പറയുമ്പോഴും അതിന്റെ യഥാര്ഥ അര്ഥം വാക്കുകളിലൂടെ പറയാനാകില്ല എന്നാണ് കേട്ടിരുന്നത്. ലളിതാസഹസ്രനാമം ഓരോ നാമങ്ങളുടെ അര്ഥം ലഭിക്കുമ്പോഴും അറിയണമെന്ന് തോന്നിയിരുന്ന വാക്കാണ് അമ്മ എന്നതിന്റെ റൂട്ടെന്താകാനാണ് സാധ്യത എന്നത്. അപ്പോഴാണ് അറിഞ്ഞോ അറിയാതേയോ അമമഃ എന്ന വാക്കിന്റെ അര്ഥം നോക്കിയത്. നാസ്തി മമേത്യഭിമാനോ ഗൃഹാദിഷു യസ്യ. തീര്ച്ചയായും അമ്മ എന്നത് മലയാളപദം ആണ്. സംസ്കൃതപദവുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. പക്ഷെ ഗൃഹത്തിൽ എന്റെ എന്ന അഭിമാനമില്ലാത്ത ആരാണോ അതാണ് അമമ എന്നര്ഥം കിട്ടിയപ്പോ തോന്നി ശരിക്കും ഇതുതന്നെയാകില്ലെ അമ്മ എന്നതിന്റെ അര്ഥവും. സ്വന്തം എന്നോ തന്റെ എന്നോ നോക്കാതെ എല്ലാം മറ്റുള്ളവര്ക്കു വേണ്ടി കൊടുത്ത് ജീവിക്കുന്ന അമ്മ എന്നതിനു ചേരുന്ന വാക്കു തന്നെയല്ലെ അമമ എന്ന സംസ്കൃതപദം. അമ്മ എന്ന പദത്തിന്റെ അര്ഥത്തേക്കാളും അതിന്റെ ഭാവം എന്തുകൊണ്ടാണ് ഇത്ര വലിയതായത് എന്ന് മനസ്സിലാകുക അതിന്റെ അര്ഥവ്യാപ്തി അറിയുമ്പോഴാണ്. അതു തന്നെയാകണം ലോകത്തെവിടെ പോയാലും ആ രണ്ടക്ഷരത്തിനു മുന്പിൽ എത്ര വലിയ വ്യക്തിയും തലകുനിക്കുന്നത്.. അമ്മേ നാരായണ.. ഹരി ഓം..

2 comments: