Monday, May 26, 2014

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 3

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 3


നാദബ്രഹ്മമയീ...നാം ദേവിയെ എപ്പോഴും വിളിക്കുന്ന പേരുകളിൽ ഒന്നാണ്.. എന്താണ് നാദം..

നദ ശബ്ദേ ഭാവേ ഘഞ്.. നദ എന്ന ധാതുവിൽ നിന്ന് നാദഃ എന്ന പദം കിട്ടുന്നു.. ഇതിനു ധ്വനിയെന്നാണ് അര്ഥം..നാദത്തിന് പ്രധാനമായി അര്ദ്ധേന്ദ്രം, അര്ദ്ധമാത്രാ, സദാശിവൻ, തുരീയാ, വിശ്വമാതൃകലാ, പരാ ബ്രഹ്മസ്വരൂപവിശേഷം എന്നിങ്ങനെയാണ് അര്ഥം പറയുന്നത്..
ശാര്ങ്ഗദേവൻ പറയുന്നു..

ചൈതന്യം സർവഭൂതാനാം വിവൃത്തം ജഗദാത്മനാ
നാദബ്രഹ്മ തദാനന്ദമദ്വിതീയമുപാസ്മഹേ. എല്ലാ പ്രാണികളിലും ചൈതന്യമായും ചരാചരാത്മകമായ ജഗത്തിനുകാരണമായും ആനനന്ദസ്വരൂപമായും തന്നിൽ നിന്ന് ഭിന്നമായി മറ്റൊന്നില്ലാത്തതായും എങ്ങിനെ പ്രകാശിക്കുന്നുവോ അതുപോലെ നിത്യവും ഏകവും അഖണ്ഡാത്മകവുമായി നാദവും സകലപദാര്ഥങ്ങളേയും പ്രകാശിപ്പിക്കുകയും ശ്രുതിവര്ണാദിശബ്ദപ്രപഞ്ചത്തിനുകാരണമായുമിരിക്കുന്നു അങ്ങിനെയുള്ള നാദബ്രഹ്മത്തെ ഉപാസിക്കുന്നു എന്നാണ് ശ്ലോകാര്ഥം.

സർവലോകോദ്ഭവാത് പൂർവം യേന വ്യാപ്തം ചരാചരം നാദാത്മകം തദാകാശം ഭൂതാനപി കാരണം. ഈ ലോകമെല്ലാം ഉണ്ടാകുന്നതിന് മുന്പ് ഏതൊരു മഹത്തായ വസ്തുവാണോ സ്ഥാവരജംഗമമായ ഈ ലോകവും ആകാശവും മുഴുവൻ വ്യാപിച്ചിരുന്നത്.. ഏതാണോ ലോകവ്യവഹാരത്തിനു മൂലകാരണമായിരിക്കുന്നത് അതാണു നാദം.

നാദോത്പത്തിയെ കുറിച്ച് സംഗീതസമയസാരത്തിൽ പറയുന്നു, നാഭിക്കു താഴെ ലിംഗമൂലത്തിനു മുകളിലായി ത്രികോണാകൃതിയിൽ മൂലാധാരവുമായി ചേര്ന്നുനിൽക്കുന്ന ബ്രഹ്മഗന്ധിയെന്ന സ്ഥാനത്തു പ്രാണവായു എപ്പോഴും നിറഞ്ഞിരിക്കുന്നു.. ആ വായുവിൽ നിന്ന് ജഠരാഗ്നി യെന്ന ജ്വാല ജീവനുള്ള ശരീരത്തിൽ എപ്പോഴും കത്തികൊണ്ടിരിക്കുന്നു.. നാം ശ്വസിക്കുന്ന വായു മൂലാധാരത്തിലെത്തി ഈ ജ്വാലയിൽ തട്ടുമ്പോൾ നാദമുണ്ടാകുന്നു.

എങ്ങിനെ നാദം ഉണ്ടാകുന്നു എന്ന് സംഗീതരത്നാകരത്തിൽ ഒന്നുകൂടി വിശധീകരിച്ച് പറയുന്നു..ഒരു നാദം പുറപ്പെടുവിക്കണമെന്ന് ആത്മാവിനുതോന്നുമ്പോൾ അതിനുവേണ്ട പ്രയത്നം ചെയ്യാൻ അതു മനസ്സിനെ പ്രേരിപ്പിക്കുന്നു.. മനസ്സ് ആകട്ടെ ശരീരത്തിലുള്ള അഗ്നിയെ ഉണര്ത്തുന്നു..അഗ്നി പ്രാണവായുവിനെ പ്രേരിപ്പിക്കുന്നു.. ബ്രഹ്മഗ്രന്ഥിയിൽ സ്ഥിതിചെയ്യുന്ന ഈ മാരുതനാകട്ടെ ക്രമത്തിൽ മേല്പോട്ടുസഞ്ചരിച്ച് നാഭി ഹൃദയം കണ്ഠം മൂര്ധാവ് ആസ്യം എന്നിവയിൽ തട്ടി ധ്വനിയുണ്ടാക്കുന്നു.. നകാര: പ്രാണ ഇത്യാഹുര്‍ ദകാരശ്ചാനലോ മത: ജാത: പ്രാണാഗ്നി സംയോഗാത്‌ തേന നാദോ അഭിധീയതെ എന്ന പ്രമാണംസ്വീകരിച്ചാൽ പ്രാണാഗ്നിസംയോഗമാണ് നാദത്തിനുകാരണം..നകാരം പ്രാണവായുവിനേയും ദകാരം അഗ്നിയേയും കുറിക്കുന്നു എന്നര്ഥം..

നാഭേരൂര്ധ്വം ഹൃദി സ്ഥനാന്മാരുതഃ പ്രാണസംജ്ഞകഃ നദതി ബ്രഹ്മരന്ധ്രാന്തേ തേന നാദഃ പ്രകീര്തിതഃ എന്ന് അലങ്കാരകൌസ്തുഭവും പറയുന്നു..

സംഗീതദാമോദരം പറയുന്നു, പ്രാണവായുവിന്റേയും ദേഹാഗ്നിയുടേയും സംയോഗത്തിൽ ഉണ്ടാകുന്ന നാദമാണ് ഓംകാരമെന്നും പ്രണവമെന്നും പറയപ്പെടുന്നത്.. ഹൃദയം മുഴുവൻ വ്യാപിച്ചിരിക്കുന്ന അതിസൂക്ഷ്മമായ നാദത്തെ നാലു തരത്തിൽ പറയാം.. പ്രാണാഗ്നിസംയോഗത്താലുണ്ടാകുന്ന അതിസൂക്ഷ്മമായ നാദം പരാ, നാഭിക്കും മൂലാധാരത്തിനും മധ്യത്തിലുള്ള സൂക്ഷ്മനാദം പശ്യന്തീ, മൂലാധാരത്തിൽ നിന്നുള്ള നേര്ത്ത നാദം വൈഖരീ, മൂലാധാരം തൊട്ടു ഹൃദയം വരെ വ്യാപിക്കുന്ന നാദം മധ്യമാ. അതുകൊണ്ടുകൂടിയാണ് ദേവിയെ നാദരൂപിണിയായും വാഗീശ്വരിയായും നാം കല്പിക്കുന്നത്..

ഈ പ്രപഞ്ചം പഞ്ചഭൂതാത്മകമാണ് എന്ന് ഇന്നലെ പറഞ്ഞത് ഒന്നു കൂടി വിശധീകരിച്ചു പറഞ്ഞാൽ പഞ്ചമഹാഭൂതങ്ങളെ ഓരോന്നിനേയും തുല്യങ്ങളായ ഈ രണ്ടു ഭാഗങ്ങളായി വിഭജിച്ച് അവയില്‍ ആദ്യഭാഗങ്ങളായ (ഓരോന്നിന്റേയും പകുതി അംശങ്ങളെ) ഓരോന്നിനേയും നന്നാലാക്കി ആ നാലിനേയും മറ്റു ഭൂതങ്ങളുടെ പപ്പാതിയോടു ചേര്‍ത്തപ്പോള്‍ സ്വാംശം പകുതിയും മറ്റു നാലംശങ്ങള്‍ അരയ്ക്കാല്‍ ഭാഗം (മറ്റോരോ ഭൂതത്തിന്റെയും അരയ്ക്കാല്‍ഭാഗം) വീതം കൂടിയ പകുതിയും ചേര്‍ന്നു സ്ഥൂലഭൂതങ്ങൾ ഉണ്ടായി. (ദ്വിധാ വിധായ ചൈകൈകം ചതുര്‍ദ്ധം പ്രഥമം പുനഃസ്വസ്വേതരദ്വിതീയാംശൈര്‍യോജനാത് പഞ്ച പഞ്ച തേ). ഉദാ:- ആകാശത്തെ രണ്ടായി വിഭജിച്ച് അതില്‍ ഒരംശവും, വായ്വാദി ഭൂതങ്ങളുടെ അരയ്ക്കാല്‍ അംശം വീതവും ഒന്നിച്ചു ചേര്‍ന്നു സ്ഥൂലാകാശമുണ്ടാകുന്നു. ഇതുപോലെ എല്ലാഭൂതങ്ങളെക്കുറിച്ചുമുള്ള പഞ്ചീകരണം ഗ്രഹിച്ചുകൊള്ളണം എന്ന് അര്‍ത്ഥം.

ഈ ജീവനിൽ നിന്ന് നാദമുണ്ടായികൊണ്ടിരിക്കുന്നു.. ഈ നാദത്തിൽനിന്ന് അകാരം മുതൽ ഹകാരം വരെയുള്ള അക്ഷരങ്ങൾ സഞ്ജാതമാകുന്നു.. ഗീതം നാദാത്മകം വാദ്യം നാദവ്യക്ത്യാ പ്രശസ്യതേ തദ്വദ്വായുനാഗതം നൃത്യം നാദാധീനമതസ്ത്രയം. നാദേന വ്യജ്യതെ വര്ണഃ പദം വര്ണാത് പദാദ്വചഃ വചസോ വ്യവഹാരോ അയം നാദാധീനമതോ ജഗത് .. അക്ഷരങ്ങൾ ചേര്ന്ന് പദങ്ങളും പദങ്ങൾ ചേര്ന്ന് ലൌകികവും വൈദികവും ആയ വാക്യങ്ങളും വേദസാരമായ ഗായത്രീ തുടങ്ങിയ മഹാമന്ത്രങ്ങളും സകലശാസ്ത്രങ്ങളും ഉണ്ടായി.. ഭാഗവതം പറയുന്നു ഹൃദ്യാകാശാദഭൂത് നാദോ വൃത്തിരോധാദ്വിഭാവ്യതേ. തതോ അഭൂത് ത്രിവിധോംകാരോ യോ അവ്യക്തഃ പ്രഭവഃ സ്വരാദ്. ഇത്യാരഭ്യ തതോ അക്ഷരസമാമ്നായമസൃജദ്ഭഗവാനജഃ. ഞാൻ എന്നതിന് നാം സ്ഥിരമായി പ്രയോഗിക്കുന്ന അഹം എന്ന ശബ്ദമാകട്ടെ അകാരം മുതൽ ഹകാരം വരെയുള്ള അക്ഷരങ്ങളുടെ ആകെ തുകയാണ്.. അതായത് നാം അഹം അഹം എന്ന് പറയുമ്പോഴും ആ അക്ഷരബ്രഹ്മസ്വരൂപത്തെ തന്നെയാണ് പറയുന്നത് എന്നര്ഥം..

ധ്വനിയുടെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്ന് പറയുന്നു..എങ്ങിനെയാണോ മായ എപ്പോഴും ബ്രഹ്മത്തിൽ സംയുക്തമായിരിക്കുന്നത് അതുപോലെ നാദത്തോടു കൂടി കലയും സംയുക്തമായിരിക്കുന്നു.. പ്രണവത്തിൽ ഓ എന്നത് നാദം, അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേര്ന്നുണ്ടാകുന്ന ഓംകാരത്തിൽ ആകട്ടെ കലയെന്നതു സ്വയം വരുന്നു.. നാദബിന്ദുകലാദീ നമോ നമോ എന്ന് അരുണഗിരിനാഥൻ സൂചിപ്പിക്കുന്നത് ഇതിനെയാണ്.. നദ്യതെ അതായത് ധ്വനിപ്പിക്കപ്പെടുന്നത്, എന്നതുകൊണ്ട് നാദം എന്ന് മതംഗൻ നാദവ്യുത്പത്തി പറയുന്നു.കല്ലുപൊട്ടിക്കുന്നത്, മരം വെട്ടുമ്പോഴോ ഉണ്ടാകുന്ന ശബ്ദത്തിൽ കലാസംബന്ധമില്ലാത്തതിനാൽ അവയെ നാദമായി സ്വീകരിക്കാറില്ല.. ശിവശക്തിസംയോഗത്താൽ എങ്ങിനെയാണോ ക്രിയയുണ്ടാകുന്നത് അതുപോലെ കലസംബന്ധം കൊണ്ടുമാത്രമെ ശബ്ദത്തിനു നാദസ്വരൂപം ഉണ്ടാകു എന്നര്ഥം.. സൂക്ഷ്മം അതിസൂക്ഷ്മം വ്യക്തം അവ്യക്തം കൃത്രിമം എന്ന് ബൃഹദ്ദേശിയിൽ നാദത്തെ അഞ്ചായി വിഭജിച്ചിട്ടുണ്ട്..പാര്ശ്വദേവനും ശാര്ഗദേവനും വ്യക്തം അവ്യക്തം എന്നിവയ്ക് പകരം പുഷ്ടം അപുഷ്ടം എന്നിവയെ ആണ് സ്വീകരിക്കുന്നത്.. സൂക്ഷ്മത്തിനു നാഭിയും, അതിസൂക്ഷ്മത്തിനു ഹൃദയവും പുഷ്ടത്തിനു കണ്ഠവും അപുഷ്ടത്തിന് മൂര്ധാവും കൃത്രിമത്തിന് മുഖവും ഉത്പത്തിസ്ഥാനങ്ങളാണ്..

(നാദത്തിന്റെ ഇനിയുള്ള വ്യാഖ്യാനങ്ങളും അര്ഥഭേദങ്ങളും ഗ്രന്ഥവ്യാഖ്യാനത്തിലുൾപ്പെടുത്താം)..

നാദോപാസന എന്നത് ബ്രഹ്മാനന്ദനിലയമായ മോക്ഷം പ്രദാനം ചെയ്യുന്നു.. അതേ നാദോപാസന തന്നെയാണ് സാക്ഷാൽ ലളിതാസഹസ്രനാമത്തിലൂടെ നാം ചെയ്യുന്നത്.. അതായത് നാദരൂപിണിയായ ദേവിയെ നാദരൂപത്തിൽ തന്നെ ഭജിച്ചുകൊണ്ട് ആ ബ്രഹ്മത്തിൽ ലയിക്കുവാനാണ് ലളിതാസഹസ്രനാമപാരായണം ചെയ്യുന്നത് എന്നര്ഥം..അമ്മെ നാരായണ.. ഹരി ഓം..

No comments:

Post a Comment