Saturday, May 31, 2014
കാമാക്ഷി കാമകോടി - രാഗം സുമദ്യുതി (സിംഹേന്ദ്രമധ്യമം) - താളം രൂപകം
ദേവീക്ഷേത്രങ്ങളില്‍ വളരെ പ്രസിദ്ധമാണ് കാഞ്ചി കാമാക്ഷി ക്ഷേത്രം. കാമാക്ഷിദേവിയെക്കുറിച്ച് ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ലളിതോപാഖ്യാനം മുതലായവയില്‍ വിശദമായി പ്രതിപാദിക്കുന്നു. കാമകോടി പീഠ നിവാസിനിയായ ദേവിയെക്കുറിച്ച് ശ്രീ മുത്തുസ്വാമിദീക്ഷിതര്‍ "കാമാക്ഷി കാമ കോടി പീഠ വാസിനി മാമവ" എന്ന പല്ലവിയോടെ അന്‍പത്തിയേഴാം മേളകര്‍ത്താ രാഗമായ സുമദ്യുതി അഥവാ സിംഹേന്ദ്രമധ്യമത്തില്‍ രൂപക താളത്തില്‍ കൃതി രചിച്ചിട്ടുണ്ട്. എല്ലാ കൃതികളിലും എന്ന പോലെ ഇതിലും ലളിതാസഹസ്രനാമം ലളിതാ ത്രിശതി എന്നിവയിലെ നാമങ്ങള്‍ കാണാം. കാമാക്ഷി, കൌമാരി, കമലാക്ഷി, കാമകലാ, കാത്യായനി തുടങ്ങിയ നാമങ്ങള്‍ ശാക്തസമ്പ്രദായത്തിലെ ഉത്കൃഷ്ടനാമങ്ങള്‍ ആണ്. ഇത് കൂടാതെ ദേവിയെ നാദബിന്ദുകലാ സ്വരൂപിണിയായി വര്‍ണ്ണിച്ചിരിക്കുന്നു. നാദം ബിന്ദു കല എന്നിവ സംഗീതത്തിലും നാദബ്രഹ്മോപാസനയിലും ശ്രീവിദ്യോപാസനയിലും അതീവ പ്രാധാന്യമുള്ള പദങ്ങളാണ്. ശിവശക്ത്യൈക്യസ്വരൂപസാക്ഷാത്കാരത്തെ കുറിക്കുന്ന ഈ പദങ്ങള്‍ സംഗീതം കൊണ്ടും ശ്രീവിദ്യോപാസന കൊണ്ടും എത്തിച്ചേരുന്നത് ഒരേ പരമപദത്തില്‍ തന്നെയെന്നു വ്യക്തമാക്കുന്നു . നാദബിന്ദുകലാദീ നമോ നമ എന്ന് അരുണഗിരിനാഥന്‍ പാടിയതും സ്മരണീയമാണ് . സിംഹേന്ദ്രമധ്യമം എന്നാ രാഗം ദീക്ഷിതപരമ്പരയില്‍ സുമദ്യുതി എന്നാണു അറിയപ്പെടുന്നത്.അതായത് സൗന്ദര്യത്താല്‍ ദീപ്തമായവള്‍ എന്നര്‍ത്ഥം. ദാഡിമീകുസുമപ്രഭാ എന്ന് ലളിതാസഹസ്രനാമം പറയുന്നു. ഈ കൃതിയില്‍ കുസുമ ദ്യുതി ഹേമാഭരണ ഭൂഷണി എന്ന് അനുപല്ലവിയില്‍ രാഗമുദ്ര തന്നെ പ്രയോഗിച്ചിട്ടുണ്ട് എന്നതും പ്രത്യേകതയാണ്.
കാമാക്ഷി കാമകോടി - രാഗം സുമദ്യുതി - താളം രൂപകം
പല്ലവി
കാമാക്ഷി കാമ കോടി പീഠ വാസിനി മാമവ
അനുപല്ലവി
കൌമാരി കുസുമ ദ്യുതി ഹേമാഭരണ ഭൂഷണി
(മധ്യമ കാല സാഹിത്യമ്)
സമസ്ത സാമ്രാജ്യ ദായിനി സദ്ഗുരു ഗുഹ ജനനി
ചരണമ്
കമലേശ സോദരി കമലാക്ഷി നാരായണി
നാദ ബിന്ദു കലാ സ്വരൂപിണി കാത്യായനി
(മധ്യമ കാല സാഹിത്യമ്)കാമ കലാ പ്രദര്ശിനി കല്യാണ ഗുണ-ശാലിനി
Friday, May 30, 2014
ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ.....
ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ, പകുതി വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ.. രാവിലെ ചൊല്ലാൻ സാധിച്ചില്ല അപ്പോ പ്രശ്നമാകുമോ..കുറെ നാളായി നിമയമമില്ലാതെ ലളിതാസഹസ്രനാമം ചൊല്ലണു, എന്തെങ്കിലും കുഴപ്പം വരുമോ.. എന്നിങ്ങനെ ചോദ്യങ്ങളുടെ നിരയാണ് ലളിതാസഹസ്രനാമം ചൊല്ലുന്നവര്ക്ക്.. സാധാരണക്കാരുടെ മനസ്സിൽ ഇപ്പോൾ ഭക്തിയേക്കാൾ ഭയമാണ്.. സ്വന്തം അമ്മയെ വിളിക്കുന്നതിനും ഭയം.. തെറ്റുമോ എന്ന് ഭയം.. എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം.. നീയമം കേൾക്കുമ്പോൾ ഭയം.. ഭക്തി ഇപ്പോൾ ഭയമായി മാറിയിരിക്കുന്നു.
ഇവിടെ രസകരമായ ഒരു കാര്യം ഓര്മിപ്പിക്കാം.. ജീവിതത്തിലും ഭക്തിയിലും ഇതു ഉപകാരപ്പെടുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അമ്മമാർ എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും.. ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. നാം എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..
വിറകുവെട്ടുകാരന്റെ മുന്പിൽ എപ്പോഴും നാമം ജപിക്കുന്ന നാരദൻ പോലും നമസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രവട്ടം നാം സഹസ്രനാമവും പൂജയും ചെയ്യുന്നു എന്നതല്ല, സ്വന്തം കര്‍മങ്ങൾ കഴിഞ്ഞ് ഒരു വട്ടമാണെങ്കിൽ പോലും അമ്മയെ മനസ്സറിഞ്ഞ് നമസ്കരിക്കുക. ശരണാഗതി എന്നാണ് പറയുക.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.. ഹരി ഓം..
വ്യാകുളിതാക്ഷരം : ഗൂഢഭാഷ അഥവാ കൂടഭാഷ....
വ്യാകുളിതാക്ഷരം : ഗൂഢഭാഷ അഥവാ കൂടഭാഷ....
ഈ ശ്ലോകങ്ങൾ കാണുമ്പോൾ കുറെ അക്ഷരങ്ങൾ മാത്രം ആണെന്നു തോന്നുന്ന എങ്കിൽ തെറ്റി.. നമ്മുടെ ഭാരതീയശാസ്ത്രത്തിലെ ഏറ്റവും പ്രധാനമായ കൂടം അഥവാ ഗൂഢഭാഷയിലെ വ്യാകുളിതാക്ഷരം എന്ന ഒരു രീതിയാണ് ഇത്.. പ്രധാനമായും തന്ത്രത്തിലെ പ്രധാന ഗ്രന്ഥങ്ങളിൽ ഈ രീതി ആണ് ഉപയോഗിച്ചുകാണുന്നത്.. പ്രധാനമായു താളിയോലഗ്രന്ഥങ്ങളിൽ ഈ രീതിയിലുള്ള പ്രയോഗം വളരെ അധികം പ്രയോഗിച്ചുകാണുന്നു... തന്ത്രം ജ്യോതിഷം , ഗണിതം ഇങ്ങിനെ പല പ്രധാനശാഖകളിലും ഇതെ രീതിയിലുള്ള ഗൂഢഭാഷ പ്രയോഗം നമ്മുടെ ആചാര്യന്മാർ ഉപയോഗിച്ചിരുന്നു...അത് ഡികോഡ് ചെയ്യണ്ട രീതിയും നമ്മുടെ ശാസ്ത്രത്തിലുണ്ട്..ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണം തന്ത്രരാജതന്ത്രം എന്ന ഗ്രന്ഥത്തിലെ ആണ്...
ഈ ശ്ലോകം വായിക്കണമെങ്കിൽ അക്ഷരവിന്യാസത്തിന്റെ കൃത്യമായ ഒരു കോഡ് അറിയണം... ഈ ശ്ലോകത്തിന്റെ കോഡ് 8-4-6-2-7-3-5-1 ആണ്.. എന്നുവച്ചാൽ ഈ ശ്ലോകം വായിക്കണമെങ്കിൽ ആദ്യം ഓരോ വരിയിലേയും അക്ഷരങ്ങളെ ആദ്യം ഈ സംഖ്യാപ്രകാരം ക്രമീകരിക്കണം. അതിനുശേഷം മാത്രമെ നമുക്ക് യഥാര്ഥ അര്ഥം ലഭിക്കു എന്നര്ഥം.. ഉദാഹരണത്തിന് ആദ്യവരി
वासरेषु तु तेष्वेवं सर्वापत्तारकं भवेत् । ब्रूहि पूजा विधानाय कल्पनञ्चासवस्य तु ।।
Thursday, May 29, 2014
ലളിതാസഹസ്രനാമം ചില സംശയങ്ങൾ..
ലളിതാസഹസ്രനാമം ചില സംശയങ്ങൾ..
ലളിതാസഹസ്രനാമം ശാക്തപദ്ധതിയനുസരിച്ചുള്ളപൂജയും പഞ്ചദശി ജപവും കഴിഞ്ഞു മാത്രമെ സ്തുതിക്കാൻ പാടുള്ളു അല്ലാതെ ചെയ്യുന്നത് നിഷിദ്ധമാണെന്നും ഇത് രഹസ്യമാക്കി വക്കേണ്ടതാണ് എന്നും കേട്ടു.
ലളിതാസഹസ്രനാമം ബ്രഹ്മാണ്ഡപുരാണാന്തര്ഗതമെന്നാണ് പറയുന്നത്. യഥാര്ഥത്തിൽ ബ്രഹ്മാണ്ഡപുരാണത്തിൽ ഇല്ല എങ്കിലും പുരാണാന്തര്ഗതമായി അതിനെ സ്വീകരിച്ചാൽ പുരാണം എന്നത് വ്യാസൻ സാധാരണക്കാര്ക്കുവേണ്ടി എഴുതിയതാണ് എന്നാണ് പറയുന്നത്. പുരാണത്തെ തന്ത്രരൂപമായി ആരും സ്വീകരിച്ച് കണ്ടിട്ടില്ല. അതേ പോലെ തന്നെ ലളിതാസഹസ്രനാമം പോലെ വ്യത്യസ്തസഹസ്രനാമങ്ങൾ ഓരോ പുരാണങ്ങളിലും ലഭ്യമാണ്. അങ്ങിനെ എങ്കിൽ ലളിതാസഹസ്രനാമത്തിനുമാത്രം എങ്ങിനെയാണ് തന്ത്രശാസ്ത്രപ്രകാരമായ നിയമം സ്വീകരിച്ചത്.
ഇനി ലളിതാസഹസ്രനാമം അങ്ങിനെ സ്വീകരിച്ചാൽ തന്നെ ശ്രീചക്രപൂജയിൽ പറയുന്ന ആവരണത്തിലെ നൂറിലധികം ഉള്ള ദേവിമാര്ക്ക് പ്രത്യേകം പ്രത്യേകം സഹസ്രനാമം ലഭ്യമാണ്. അതിനൊക്കെ ഈ നിയമം ബാധകമാണോ..അതോ ആവരണാദി സഹസ്രനാമങ്ങളെ കുറിച്ച് അറിയാഞ്ഞിട്ടാണോ സ്തുതിരൂപമായ പുരാണാന്തര്ഗതമായ ലളിതാസഹസ്രനാമത്തിന് ഈ നിയമം ഉണ്ടാക്കിയത്.
ശാക്തത്തിലെ ഏറ്റവും പ്രധാനമെന്ന് പറയുന്ന സ്തോത്രങ്ങളിലൊന്നാണ് ലളിതാസഹസ്രനാമം. ഈശ്വരസ്തുതി എന്നത് സാധാരണക്കാര്ക്ക് ഉള്ളതാണ്. മന്ത്രത്തിനും തന്ത്രത്തിനും നിയമങ്ങളെ സ്വീകരിക്കുമ്പോൾ സ്തോത്രങ്ങളെ രചിച്ചിരിക്കുന്നത് സാധാരണക്കാര്ക്ക് വേണ്ടിയാണ്. അങ്ങിനെയെങ്കിൽ ഈ സ്തോത്രോത്തിനുമാത്രം ആരാണ് തന്ത്രനിയമങ്ങളെ കല്പിച്ചത്.
ഇനി ഈ നീയമത്തെ സ്വീകരിക്കണമെങ്കിൽ ലളിതാസഹസ്രനാമം തന്ത്രവിഷയം മാത്രം കൈകാര്യം ചെയ്യുന്ന സ്തോത്രമാകണം. കൌളാചാരത്തിലെ ആചാര്യന്മാരിൽ പ്രധാനിയായ ഭാസ്കരറായന്റെ സംസ്കൃത വ്യാഖ്യാനമാണ് ഇന്ന് ലളിതാസഹസ്രനാമവ്യാഖ്യാനങ്ങളിൽ ലഭ്യമായ വ്യാഖ്യാനങ്ങളിൽ പ്രധാനം, അതോടൊപ്പം തന്നെ ഭട്ടനാരായണന്റേയും, ബാലതാപ വ്യാഖ്യാനവും, കാശ്മീർ ശാക്തത്തെ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്ന വ്യാഖ്യാനവും ആണ് മറ്റ് വ്യാഖ്യാനങ്ങൾ. ഈ ഗ്രന്ഥങ്ങളാണ് ലളിതാസഹസ്രനാമത്തെ തന്ത്രപ്രധാനമായി സ്വീകരിക്കാൻ കാരണം. ഇവിടെ പ്രധാനചോദ്യം എന്നത് ലളിതാസഹസ്രനാമം തന്ത്രപ്രധാനമായ വിഷയം മാത്രമാണോ പറഞ്ഞിരിക്കുന്നത് അതോ മറ്റ് വിഷയം കൂടി പറയുന്നുണ്ടോ എന്നതാണ്. ശാക്തസിദ്ധാന്തത്തെ അടിസ്ഥാനമാക്കി ദേവീഭക്തനായ ശ്രീ ഭാസ്കരറായൻ
ലളിതാസഹസ്രനാമത്തിലെ നാമങ്ങളെ വ്യാഖ്യാനിച്ചു. ശാക്തപദ്ധതിയനുസരിച്ച് വ്യാഖ്യാനിച്ച ഭാസ്കരറായന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടിയൂർ മഹാദേവശാസ്ത്രിയുടേയും, ബ്രഹ്മശ്രീ സുബ്രഹ്മണ്യ അയ്യരുടേയും മലയാള വ്യാഖ്യാനവും ആണ് ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്. ശാക്തപ്രധാനമായി പറയുന്ന അതെ ലളിതാസഹസ്രനാമത്തെ തന്നെ ആണ് ഇന്ന് ആയുർവേദാചാര്യന്മാരിൽ പ്രധാനിയായ നിര്മലാനന്ദഗിരിസ്വാമിജി ആയുർവേദരീതിയിൽ വ്യാഖ്യാനിക്കുന്നത്. അതെ സഹസ്രനാമത്തിൽ പ്രധാനമായി പറയുന്നത് യോഗദര്ശനം ആണ്. ഒപ്പം നാദരൂപിണിയായ ദേവിയെ സ്തുതിരൂപത്തിൽ വര്ണിച്ചുകൊണ്ട് സംഗീതം, അദ്വൈതദര്ശനം, ആയുർവേദം തുടങ്ങിയ വിഷയങ്ങളേയും വളരെ ഭംഗിയായ ഉൾകൊള്ളിച്ച് എഴുതിയിരിക്കുന്ന സ്വതന്ത്രഗ്രന്ഥമാണ്.
വിഷയപ്രതിപാദനത്തിലും ശാസ്ത്രയുക്തിയിലും മറ്റ് സ്തോത്രങ്ങളെ അപേക്ഷിച്ച് ല.സ.നാമത്തിന് പ്രാധാന്യം ഏറെയാണ്. വ്യാകരണത്തേയും ഛന്ദസ്സിനേയും ഭാരതീയചിന്തകളേയും ഉത്തമമായ രീതിയിൽ സംയോജിപ്പിച്ച് എഴുതിയിരിക്കുന്ന സ്തോത്രം കാണുക അസാധ്യം. . ലളിതാസഹസ്രനാമം ദേവീ ഉപാസനയ്ക് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് എന്നതിൽ സംശയമില്ല. പക്ഷെ അതേ സ്തോത്രത്തെ ദേവീനാമജപത്തിന് ആര്ക്കും ഉപദേശിക്കരുത് എന്നതും, ശ്രീവിദ്യോപാസകർ മാത്രമാണ് ലളിതാസഹസ്രനാമജപത്തിനര്ഹരെന്നും പറയുന്നത് യുക്തമാകുമോ എന്നത് വളരെ വലിയ ചോദ്യമാകും. യഥാര്ഥത്തിൽ പുരാണത്തിൽ ലഭ്യമല്ലാത്ത ലളിതാസഹസ്രനാമത്തിന് നിയമം പറയുമ്പോൾ 18 പുരാണങ്ങളിൽ യഥാര്ഥത്തിൽ ലഭ്യമായ സഹസ്രനാ്മങ്ങൾക്ക് ഇതെ നീയമങ്ങൾ പറയുന്നില്ല എന്നതും അത്ഭുതമാണ്. ഇനി മറ്റുള്ളവര്ക്ക് ഉപദേശിക്കരുത് എന്ന് പറയുന്ന ഓരോ തന്ത്രഗ്രന്ഥവും ലഭ്യമായത് ഓരോ ആചാര്യന്മാരും അന്ന് ഗ്രന്ഥരചന നടത്തിയതുകൊണ്ടാണ്. ദേവീനാമം ജപിക്കുന്നതിനും അമ്മയെ മനസ്സറിഞ്ഞ് വിളിക്കുന്നതിനും ഒരു നീയമവും ബാധകമല്ല എന്നത് ലളിതാസഹസ്രനാമങ്ങളിലൂടെ തന്നെ ആചാര്യൻ വളരെ വിശധമായി പറയുന്നു. ജഗത് സ്വരൂപിണിയായ ദേവിയാണ് എല്ലാം. അത് തന്നെയാണ് ലളിതാസഹസ്രനാമത്തിലൂടെ വര്ണിക്കുന്നതും. അമ്മയായി ദേവിയെ സ്വീകരിച്ച് ലളിതാസഹസ്രനാമം സ്തുതിച്ച് ശരണാഗതി ചെയ്യുന്നതിന് താന്ത്രികമായ ഒരു നീയമവും തടസ്സമാകില്ല. ഹരി ഓം
Subscribe to:
Posts (Atom)