Monday, May 26, 2014

അദ്വൈതസിദ്ധാന്തം

ഓം ശ്രീ ശിവമയം. ശ്രീ ഗുരുഭ്യോ നമ:

വേദാന്തവിഷയങ്ങളെ കുറിച്ച് ഒരു ജിജ്ഞാസുവിന്റെ ചോദ്യങ്ങളും അതായത് വാദങ്ങളും ആ വാദങ്ങൾക്കുള്ള മറുപടിയും എന്ന രീതിയിലാണ് ഈ കുറിപ്പ്. ഇതില്‍ പൂര്‍വ്വപക്ഷമായി വാദങ്ങളും ഉത്തരപക്ഷമായി അതിന്റെ ഖണ്ഡനവും ആണ്. യുക്തിഭദ്രമായ വേദാന്തദര്‍ശനത്തിന്റെ മഹിമ ഉപനിഷദ്‌ മന്ത്രങ്ങളിലൂടെയും ആചാര്യന്മാരുടെ വാക്കുകളിലൂടെയും സുവ്യക്തമാണ്.
എങ്കിലും നാസ്തികരുടെ സത്യാന്വേഷണ താത്പരതയും എന്നാല്‍ അതില്‍ ശരിയായരീതിയില്‍ എത്തിപ്പെടാന്‍ അവര്‍ക്കുള്ള പരിമിതിയും അറിഞ്ഞുകൊണ്ട് ,,,,അവര്‍ക്കുകൂടി നിജാവസ്ത ബോധ്യപ്പെടുത്താന്‍ കൂടി ഉധേഷിച്ചുള്ളതാണ്.. അതോടൊപ്പം ഈ വിഷയത്തെ അധികം പഠിക്കാത്തവരുടെ തെറ്റിധാരണ ഒഴിവാക്കുവാനും സര്‍വ്വോപരി വേദാന്തദര്‍ശനത്തിന്റെ മഹിമ സാധാരണ ജനങ്ങളില്‍ എത്തിക്കുവാനും വേണ്ടി ആകുന്നു.ഈ ഉദ്യമം..

_______________________________________________________________________
ജിജ്ഞാസു :വേദാന്തത്തിലെ മുഖ്യ സിദ്ധാന്തം അദൈ്വതമാണ്. ദൈ്വതവും സഗുണബ്രഹ്മവും വേദാന്തത്തിന്റെ ഭാഗമാണെങ്കിലും ശങ്കരാചാര്യരെ പോലുള്ളവര്‍ പിന്തുണച്ചത് നിര്‍ഗുണബ്രഹ്മമാണ്. അദൈ്വതം എന്നാല്‍ രണ്ടില്ല എന്നര്‍ത്ഥം. ആ ഒന്ന് ബ്രഹ്മമാണ്. ബ്രഹ്മം എന്തെന്ന് ആര്‍ക്കും വലിയ പിടിയില്ല. ബ്രഹ്മം അന്നമാണെന്നും ബോധമാണെന്നും ഭൗതികസത്തയാണെന്നും വാദങ്ങളുണ്ട്. എന്താണോ ഉള്ളത് അതാണ് ബ്രഹ്മം എന്ന് പറയുന്നതാവും എളുപ്പം. അതിന്റെ ശക്തിയോ ഗുണമോ എന്ന നിലയില്‍ മായ എന്ന മറ്റൊന്നിനെ കുറിച്ചും അദൈ്വതത്തില്‍ പരാമര്‍ശമുണ്ട്. ബ്രഹ്മം എന്ന
പാരമാത്ഥിക സത്യം തിരിച്ചറിയാനാവാതെ വരുന്നതിനാല്‍ വ്യവഹാരികസത്യമായ ജഗത്ത്(ഭൗതികലോകം) യഥാര്‍ത്ഥമായി നമുക്ക് തോന്നിപ്പിക്കുന്നതെന്തോ അതാണത്രെ മായ! അവിദ്യയാണ് മായയ്ക്ക് കാരണം. ബ്രഹ്മം നിര്‍ഗുണമാണെന്ന് ശങ്കരാചര്യരും കൂട്ടരും >>>>>>>

വക്താവ്: എന്താണോ ഉള്ളത് അത് ബ്രഹ്മം എന്ന് നാസ്തികന്‍ പറയുന്നു. ബ്രഹ്മം എന്നത് അദ്വൈതം ആണെന്ന വാദത്തെയാണ് പരിഹസിക്കുന്നത്. ബ്രഹ്മം അദ്വിതീയമായതിനാല്‍ രണ്ടാമതൊന്നില്ല. അതിനാല്‍ അറിയപ്പെടുക എന്നതിന് വിഷയമാകില്ല. അതിനാല്‍ ബ്രഹ്മം എന്തെന്ന് ആര്‍ക്കും പിടിയില്ല എന്ന വാദം അസാധുവാകുന്നു. കാരണം രണ്ടില്ലാത്ത ഒന്ന് മാത്രവും ഉള്ളതുമായ ബ്രഹ്മത്തെ അറിയേണ്ട ആവശ്യമില്ല. അത് ഉള്ളതാണ്.
_______________________________________________________________________
ജിജ്ഞാസു:പക്ഷെ സാത്വികം, രാജസം, താമസം തുടങ്ങിയ ത്രിഗുണങ്ങള്‍ അടങ്ങിയതാണ് ബ്രഹ്മം. അതായത് നിര്‍ഗുണബ്രഹ്മം സര്‍വഗുണസമുച്ചയം! ഏത്
ഗുണത്തിനും ഗുണിയോട്(ഗുണമുള്ളതെന്തോ അതാണ് ഗുണി) സമവായ ബന്ധമുണ്ടാകണം. സമവായം, അഗ്നിക്ക് ചൂട് എന്നപോലെ
റദ്ദാക്കാനാവാത്തതാണ്. അങ്ങനെയെങ്കില്‍ മായ ബ്രഹ്മത്തില്‍ തന്നെയുണ്ടാവണം. മായ ത്രിഗുണസംബന്ധിയാണ്. ആ നിലയ്ക്ക് ബ്രഹ്മത്തിന് നിര്‍ഗുണമാകാനാവില്ല. ബ്രഹ്മ നിര്‍ഗുണമാണെങ്കില്‍ അതിന് ത്രിഗുണത്തോട് സമവായബന്ധമില്ലെന്ന് വരുന്നു. അങ്ങനെയെങ്കില്‍ ത്രിഗുണം ബ്രഹ്മത്തിന്റെ ശക്തിയല്ല. എന്നാല്‍ അദൈ്വതവേദാന്തത്തിന് മായ ഇല്ലാതെ പറ്റില്ല. പ്രസവിക്കുന്തോറും കന്യകയാകുന്ന ബ്രഹ്മത്തെയാണ് അദൈ്വതവേദാന്തം അവതരിപ്പിക്കുന്നതെന്ന് പറയാം.>>>>>>>

വക്താവ്:: ത്രിഗുണങ്ങള്‍ അടങ്ങിയതാണ് ബ്രഹ്മം എന്നാ വാദം അറിവില്ലായ്മ കൊണ്ടാണ്. ഏകവും അദ്വിതീയവുമായതിനാല്‍ ബ്രഹ്മത്തില്‍ ഒന്നും അടങ്ങുവാനില്ല. ത്രിഗുണാത്മികാ എന്ന് മായയെ ആണ് പറയുക എന്ന് വേദാന്തവിഷയപരിജ്ഞാനം ഉള്ളവര്‍ക്ക് അറിയാം. ത്രിഗുണാത്മികാ എന്ന് ബ്രഹ്മത്തെ എങ്ങും വിശേഷിപ്പിച്ചിട്ടില്ല. അദ്വൈതവേദാന്തം വിവര്‍ത്തവാദത്തില്‍ ത്രിഗുണങ്ങള്‍ അടങ്ങിയത് ബ്രഹ്മം എന്നല്ല പറയുക മറിച്ചു വിവര്‍ത്തം ആണ് പറയുക. അവസ്ഥാന്തരഭാനന്തു വിവര്‍ത്തോ രജ്ജുസര്‍പ്പവത്. എന്ന് പ്രമാണം. നാസ്തികന്റെ വിഷയത്തിലുള്ള അജ്ഞതയാണ് ഇവിടെ വെളിവാകുന്നത്. വിവര്‍ത്തികാരണം അധിഷ്ഠാനവും, വിവര്‍ത്തകാര്യം ആരോപിതവുമാണ്. അധിഷ്ഠാനത്തില്‍ നിന്നു ഭിന്നമായി ആരോപിതവസ്തുവിന് മൂന്നുകാലത്തും സത്തയില്ലാത്തതിനാല്‍ അത് അസത്തുതന്നെയാണെന്നു നിര്‍ണ്ണയിക്കാം. കാര്യവും കാരണവും സമസത്തകളായിരിക്കണമെന്നുള്ള നിയമം ഉല്പത്തിവാദത്തിലല്ലാതെ വിവര്‍ത്ത വാദത്തില്‍ സംഗതമല്ല. രജ്ജുവും രജ്ജുസര്‍പ്പവും സമസത്തകളല്ലല്ലൊ. അതിനാല്‍ ബ്രഹ്മത്തില്‍ അജ്ഞാനത്താല്‍ കല്പിതമായ പ്രപഞ്ചം സ്വതന്ത്രസത്തയില്ലാത്തതിനാല്‍ അസത്തുതന്നെയാണെന്നു മനസ്സിലാക്കണം.
_______________________________________________________________________
ജിജ്ഞാസു:വേദാന്തത്തില്‍ അവിദ്യ/അജ്ഞാനം മായയുടെ ഹേതുവാണ്. അജ്ഞാനം കാരണമാണ് ജഗത്ത് ഉണ്ടെന്ന ഭ്രമകല്‍പ്പന ഉണ്ടാകുന്നത്. സര്‍വതും
ബ്രഹ്മമായതിനാല്‍ അജ്ഞാനവും അതു സംബന്ധിയായ ഭ്രമവും ബ്രഹ്മത്തില്‍ തന്നെയാണുള്ളതെന്ന് വ്യക്തം. അജ്ഞാനം ബ്രഹ്മത്തില്‍ ഇല്ലെങ്കില്‍ വേറെങ്ങുനിന്നും അതുണ്ടാകാന്‍ വഴിയില്ല.
നിര്‍ഗുണനായിരിക്കുന്ന ബ്രഹ്മം നിഷ്‌ക്രിയനാണെന്നതാണ് മറ്റൊരു വാദം. ബ്രഹ്മം ത്രിഗുണങ്ങള്‍ ചേര്‍ന്നതാണെന്നതിന് യാതൊരു തെളിവുമില്ലെങ്കിലും
ബ്രഹ്മം തന്നെയാണ് നാമരൂപങ്ങളായി വികസിക്കുന്നതെന്ന് വേദാന്തം ഉത്‌ഘോഷിക്കുന്നതിനാല്‍ നിഷ്‌ക്രിയബ്രഹ്മവും മതതമാശ തന്നെ.>>>>>>

വക്താവ്:: നാസ്തികന്റെ അജ്ഞത ഒരിക്കല്‍ കൂടി വെളിവാക്കുന്ന വാദങ്ങള്‍ ആണ് വീണ്ടും കാണാവുന്നത്. മായയുടെ ഹേതു അവിദ്യ എന്ന് പറയുമ്പോള്‍ മായ എന്താണെന്നോ അവിദ്യ എന്താണോ വാദിക്കുന്ന ആള്‍ക്ക് കൃത്യമായി നിശ്ചയമില്ല എന്ന് മനസ്സിലാകുന്നു. സര്‍വതും ബ്രഹ്മമായതിനാല്‍ അജ്ഞാനവും അതു സംബന്ധിയായ ഭ്രമവും ബ്രഹ്മത്തില്‍ തന്നെയാണുള്ളതെന്ന് വ്യക്തം എന്ന് നാസ്തികന്‍ വായിക്കുമ്പോള്‍
വിവര്‍ത്തത്തെ മറക്കുന്നു.അധിഷ്ഠാനത്തില്‍ നിന്നു ഭിന്നമായി ആരോപിതവസ്തുവിന് മൂന്നുകാലത്തും സത്തയില്ലാത്തതിനാല്‍ അത് അസത്തുതന്നെയാണെന്നു നിര്‍ണ്ണയിക്കാം. കാര്യവും കാരണവും സമസത്തകളായിരിക്കണമെന്നുള്ള നിയമം ഉല്പത്തിവാദത്തിലല്ലാതെ വിവര്‍ത്ത വാദത്തില്‍ സംഗതമല്ല. രജ്ജുവും രജ്ജുസര്‍പ്പവും സമസത്തകളല്ലല്ലൊ. അതിനാല്‍ ബ്രഹ്മത്തില്‍ അജ്ഞാനത്താല്‍ കല്പിതമായ പ്രപഞ്ചം സ്വതന്ത്രസത്തയില്ലാത്തതിനാല്‍ അസത്തുതന്നെയാണെന്നു മനസ്സിലാക്കണം. ഗുണങ്ങള്‍ ചേര്‍ന്ന് എന്ന വാദം മുന്‍പേ തന്നെ ഖണ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍
വീണ്ടും ആവര്‍ത്തിക്കുന്നില്ല.
_______________________________________________________________________
ജിജ്ഞാസു: ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി-ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മമാകുന്നു എന്ന് മറ്റൊരു പ്രമാണം. ബ്രഹ്മത്തെ അറിയുന്നവന്‍ ജഗത്തില്‍ നിലനില്‍ക്കുന്നു. ജഗത്തില്‍ അവനുണ്ട്-അല്ലെങ്കില്‍ അവന്‍ ജഗത്താണ്. അവനാണ് ബ്രഹ്മത്തെ അറിയുന്നത്. അപ്പോള്‍ ബ്രഹ്മത്തെ അറിയാന്‍ ജഗത്ത് വേണം. ബ്രഹ്മത്തെ അറിയാന്‍ വേണ്ടതെന്തോ അത് മിഥ്യയും മിഥ്യകൊണ്ട് അറിയുന്നതെന്തോ അത് സത്യവും എന്ന വാദം അസ്വീകാര്യമാണ്.>>>>>

വക്താവ്:: ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്നത് കൊണ്ട് ബ്രഹ്മത്തെ രണ്ടാമതായി അറിയുക എന്നല്ല. എകമേവാദ്വിതീയം ബ്രഹ്മ എന്നായതിനാല്‍ രണ്ടാമതായി അറിയപ്പെടെണ്ട ഒന്നില്ല. ഉള്ളതൊന്നു മാത്രമായതില്‍ ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്നതിനാല്‍ ബ്രഹ്മം അറിയപെടുകയല്ല മറിച്ച് അതായിത്തന്നെ നില്‍ക്കുന്നു എന്നെടുക്കണം. അതിനാല്‍ ബ്രഹ്മത്തെ അറിയുന്നവന്‍ ജഗത്തില്‍ നില്‍ക്കുന്നു എന്നാ വാദം അസാധുവാകും എന്തെന്നാല്‍ ബ്രഹ്മം ഏകവും അദ്വിതീയവുമാണ്.
_______________________________________________________________________
ജിജ്ഞാസു: നാനാത്വജഗത്ത് മിഥ്യയാണെങ്കില്‍ ബ്രഹ്മം മിഥ്യയാണ്. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം ഇവ നാലും ചേര്‍ന്നതാണ് ആത്മാവ് അഥവാ ബ്രഹ്മം എന്നു മാണ്ഡൂക ഉപനിഷത്ത് പറയുന്നു. നിര്‍ഗുണനിരാകാരമായ തുരീയം മാത്രം സത്യം ബാക്കിയൊക്കെ മിഥ്യ എന്ന വാദം ചപലം. ജഗത്ത് നാമരൂപാത്മകം. നാമം എന്നാല്‍ ശബ്ദബ്രഹ്മം. രൂപമെന്നാല്‍ രൂപബ്രഹ്മം. നാമരൂപാത്മകസഗുണ ബ്രഹ്മമാണ് ജഗത്. ബ്രഹ്മം സത്യമാണെങ്കില്‍ ബ്രഹ്മജന്യമായ, ബ്രഹ്മഭിന്നമല്ലാത്ത ജഗത്ത് മിഥ്യയാവുക അസാധ്യമാണ്. സ്ഥൂലവും സൂക്ഷ്മവുമായ ജഗത്തുണ്ട്. പക്ഷെ ഇല്ലാത്ത ജഗത്തില്ല.
ജഗത്തില്ലെങ്കില്‍ പിന്നെന്തുണ്ട് എന്ന് ഋഗ്വേദം (നാസദീയ സൂത്രം 10.129) ചോദിക്കുന്നു. ജഗത്ത് ഇല്ലാത്തതെങ്കില്‍ അതെങ്ങനെ മിഥ്യയാകും?!>>>>>

വക്താവ്:: അവസ്ഥാത്രയ രൂപത്തില്‍ പ്രപഞ്ചം എപ്പോഴും അനുഭവപ്പെടുന്നു എന്നാല്‍ സൂക്ഷ്മ നീരീക്ഷണത്തില്‍ ആ അവസ്ഥകള്‍ പരസ്പരം ബാധിക്കപ്പെടുന്നതിനാല്‍ അസത്തെന്നു നിര്‍ണ്ണയിക്കാം. പക്ഷേ ആ മൂന്നവസ്ഥകളുടേയും അനുഭവമില്ലാത്ത ഒരവസ്ഥയുടെ അനുഭവമുണ്ടെങ്കിലേ പ്രപഞ്ചം മുഴുവന്‍ അസത്താണെന്നു നിര്‍ണ്ണയിക്കപ്പെടുവാന്‍ കഴിയുകയുള്ളൂ എന്നായിരിക്കാം നിങ്ങളുടെ വാദം. അങ്ങനെയൊരവസ്ഥയുണ്ട്; അതാണ് തുരീയം. തുരീയം എന്ന പദത്തിന് നാലാമത്തേത് എന്നാണര്‍ത്ഥം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ഈ മൂന്നവസ്ഥകളെ അപേക്ഷിച്ചാണ് നാലാമത്തേത് തുരീയം -എന്ന നാമം വന്നു ചേരുന്നത്. ജാഗ്രദാദി മൂന്നവസ്ഥകളും ഉണ്ടായി നിലനിന്നു വിലയിക്കുന്നത് യാതൊരിടത്താണോ അതാണു പ്രജ്ഞാനസ്വരൂപമായ തുരീയം. അവസ്ഥാത്രയരൂപേണ പ്രതിഭാസിക്കുന്ന, ജഗത്തിനധിഷ്ഠാനമായും സാക്ഷിയായും വര്‍ത്തിക്കുന്ന, കൂടസ്ഥബ്രഹ്മചൈതന്യത്തേയാണ് ഉപനിഷത്തുകള്‍ തുരീയമെന്നു പറയുന്നത്. ‘ഈ തുരീയം ജാഗ്രദ്രൂപമായ സ്ഥൂലശരീരത്തെ താനെന്നഭിമാനിക്കുന്ന ബഹിഃപ്രജ്ഞനായ വിശ്വനോ സ്വപ്നരൂപമായസൂക്ഷ്മശരീരത്തെ താനെന്നഭിമാനിക്കുന്ന അന്തഃപ്രജ്ഞനായ തൈജസനോ, സുഷുപ്തിരൂപമായ കാരണശരീരത്തെ താനെന്നഭിമാനിക്കുന്ന പ്രജ്ഞാനഘനനായ പ്രാജ്ഞനോ അല്ല, പിന്നയോ, അദൃഷ്ടവും അവ്യവഹാരവും, അഗ്രാഹ്യവും, അലക്ഷണവും, അചിന്ത്യവും, അവ്യപദേശ്യവും, ഏകാത്മപ്രത്യയസാരവും, പ്രപഞ്ചോപശമവും, ശാന്തവും, ശിവവും, അദ്വൈതവുമാണ് ആ തുരീയം. ഇതിനേത്തന്നെയാണ് ആത്മാവെന്നറിയേണ്ടതും.’ എന്നു തുരീയത്തെ (ചതുര്‍ത്ഥം) മാണ്ഡൂക്യോപനിഷത്തില്‍ വരിച്ചിരിക്കുന്നു.ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ വഴി തുരീയം സത്തും ചിത്തും ആനന്ദവും അഖണ്ഡവും പൂര്‍ണ്ണവുമായ ബ്രഹ്മമാണെന്നും രജ്ജുവില്‍ സര്‍പ്പംപോലെ ആ ബ്രഹ്മത്തില്‍ അജ്ഞാനത്താല്‍ പ്രപഞ്ചം പ്രതിഭാസിക്കയാണെന്നും ഉപനിഷത്ത് ഉപദേശിക്കുന്നതായി മനസ്സിലാക്കണം,ഇവിടെ നാസ്തികന്‍ പറയുന്നു ബ്രഹ്മജന്യമായ ജഗത്ത് മിഥ്യയാകില്ല എന്ന്. വിവര്‍ത്തത്തെക്കുറിച്ച് ബോധമില്ലാത്തതിനാല്‍ ആണ് അങ്ങനെ വാദം. രജ്ജുവില്‍ കണ്ട സര്‍പ്പം രജ്ജുവില്‍ ജന്യമല്ല മറിച്ച് ആരോപിതമാണ്. അതിനാല്‍ അതിനു വാസ്തവികത ഇല്ല. അത് മിഥ്യ തന്നെ.
________________________________________________________________
ജിജ്ഞാസു: ബ്രഹ്മം കണ്ടതാര്? അനുഭവിച്ചതാര്? തിരിച്ചറിഞ്ഞതാര്? അവരാണ് ബ്രഹ്മജ്ഞാനികള്‍. ഹോമോ സാപിയന്‍സില്‍ അങ്ങനെയൊരു സവിശേഷ വിഭാഗം ഉണ്ടെന്ന് വെറുതെ സങ്കല്‍പ്പിച്ചേക്കുക. എങ്കില്‍ ജഗത്തായി നിലകൊണ്ട്, ജഗത്തില്‍ വസിച്ച്, ജഗത്ത് സംഭവാന ചെയ്ത ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് ബ്രഹ്മജ്ഞാനം ഉണ്ടായതെന്നതില്‍ തര്‍ക്കമില്ല. സമുദ്രത്തിലെ ഒരു ജലകണം സമുദ്രം മിഥ്യയാണെന്ന് വാദിക്കുന്നതെങ്ങനെ? ചക്കപ്പായസത്തിന് പ്‌ളാവ് മിഥ്യയാണെന്ന് വാദിക്കാനാവുമോ? ഇതാണ് ബ്രഹ്മവാദമെന്ന പരിഹാസ്യമായ യക്ഷിക്കഥ. ഇത്
യുക്തിസഹമായി സ്ഥാപിച്ചാണത്രെ ശങ്കരാചാര്യര്‍ വിശ്വവിജയം നേടിയത്!!
ബ്രഹ്മവും ജഗത്തും തമ്മിലുള്ള ബന്ധം അദൈ്വതവേദാന്തമനുസരിച്ച് വളരെ രസകരമാണ്. ബ്രഹ്മം പാരമാര്‍ത്ഥികസത്യമാണ്;ജഗത് മിഥ്യയും.ബ്രഹ്മാന്തര്‍ഗതമാണ് ജഗത്തെന്ന് ഗീത(10.42)യിലുണ്ട്. അതായത് ജഗത്ത് ബ്രഹ്മത്തില്‍ അടങ്ങിയിരിക്കുന്നു, ബ്രഹ്മത്തിനുള്ളിലാണത്. ബ്രഹ്മത്തിന് ഉള്ളിലുള്ള ഒന്ന് മിഥ്യയാവുകയില്ല. ഇനി, ദൈ്വതവാദമനുസരിച്ച് ബ്രഹ്മബാഹ്യമാണ് ജഗത്ത്. അതായത് ബ്രഹ്മവും ജഗത്തും രണ്ടാണ്. ബ്രഹ്മത്തിന് പുറത്ത് സ്വന്തം അസ്തിത്വത്തോടെ സ്ഥിതിചെയ്യുന്ന ജഗത്ത് മിഥ്യയാവുകയില്ലെന്ന് സാരം. >>>>>>

വക്താവ്:: ഒരു മാറ്റവുമില്ലാതെ മൂന്നു കാലത്തും നിലനില്ക്കുകയെന്നതാണ് സത്തിന്റെ ലക്ഷണം. അതു പ്രപഞ്ചത്തില്‍ സമന്വയിക്കുന്നില്ല. പ്രപഞ്ചം പ്രത്യക്ഷമാണെങ്കിലും ഉത്പത്തിയുള്ളതും, പരിണമിക്കുന്നതും, നശിക്കുന്നതും ആണെന്നനുഭവമുള്ളതിനാല്‍ എന്നും നിലനില്ക്കുന്നതല്ലെന്നും തീരുമാനിക്കാം. അതുകൊണ്ട് പ്രപഞ്ചം അസത്താകുന്നു. അസത്തെന്നത് ഒരിക്കലും (കാലത്രയത്തിലും) ഇല്ലാത്തതുമാകുന്നു. അതിന് ‘അനൃതം, മിഥ്യ’ തുടങ്ങിയ പല പേരുകളുമുണ്ട്.കര്‍ത്താവ് ഉപാദാനകാരണത്തെ ഗുണവിഭാഗം ചെയ്തു എന്നല്ലാതെ ഇല്ലാത്ത വസ്തുവിനെ ഉണ്ടാക്കുക എന്നുള്ളതു
സാദ്ധ്യമല്ല. മണ്ണുകൊണ്ടുണ്ടാക്കിയ കുടം പിന്നേയും മണ്ണായിക്കഴിഞ്ഞാല്‍ കുടം അസത്താകാതെയിരിക്കുക എന്നുള്ളതു പറ്റുന്നതല്ല. മണ്ണില്‍ കുടം പോലെ
തോന്നിയ ആകൃതി ഇല്ലാതെ പോയി എന്നല്ലാതെ കുടമെന്ന ഒരു വസ്തു ഉണ്ടായിരുന്നിട്ട് ഇല്ലാതെയായിപ്പോയതല്ല.ആകയാല്‍ ഇല്ലാത്തത് ഇല്ലാത്തതുതന്നെ. ഉള്ളതു ഉള്ളതു തന്നെ.
________________________________________________________________
ജിജ്ഞാസു :യത: പ്രവര്‍ത്തിര്‍ ഭൂതാനി(ഗീത 18.2) സര്‍വവ്യാപകമായ ഏതൊരു ചൈതന്യത്തില്‍ നിന്നാണോ ജീവികളുടെ കര്‍മ്മങ്ങള്‍ എല്ലാം ഉണ്ടാകുന്നത് അതാണ് ബ്രഹ്മം എന്ന് വിവക്ഷ. കര്‍മ്മം ബ്രഹ്മേച്ഛ മൂലമാണ്. വ്യക്തിക്ക് അതില്‍ യാതൊരു പങ്കുമില്ല. വ്യക്തികളിലൂടെ കര്‍മ്മം ചെയ്യുന്നത് ഈശ്വരനാണ്.
ബ്രഹ്മമെന്നാല്‍ വിശ്വാത്മാവ്, പരമാത്മാവ്, പാരമാര്‍ത്ഥികസത്യം. താനാണ് അതെന്ന് കൃഷ്ണന്‍. ശരി അങ്ങനെയെങ്കില്‍ അങ്ങനെ. അപ്പോള്‍ ശാസ്ത്രമനുസരിച്ച് ആത്മാവിന് ജനിമൃതികളില്ല. വിശ്വാത്മാവിന്റെ ശരീരത്തിലുള്ള പേരാണ് ജീവാത്മാവ്. രണ്ടും ഫലത്തില്‍ ഒന്ന്. ഭേദകല്‍പ്പന അവിദ്യ മൂലം. അര്‍ജ്ജുനന് ബന്ധുജനത്തെ വെട്ടിക്കൂട്ടാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണം ഈ അവിദ്യയാണ്. അഭേദകല്‍പ്പന ബ്രഹ്മജ്ഞാനം. ജഗത്ത് സ്വര്‍ണ്ണാഭരണം. സ്വര്‍ണ്ണത്തില്‍ നിന്ന് ആഭരണം എന്ന രൂപം മാറിപ്പോകുമ്പോള്‍ സ്വര്‍ണ്ണം ബാക്കിയാവുന്നു. സ്വര്‍ണ്ണമാണിവിടെ ബ്രഹ്മം, ആഭരണം ദൃശ്യ ജഗത്ത്. സ്വര്‍ണ്ണത്തില്‍ നിന്ന് വേറിട്ട വളയില്ല. വെറും നാമരൂപമാണ് ജഗത്തെന്ന വാദം അപഹാസ്യമാണ്. നാമരൂപങ്ങള്‍ ബ്രഹ്മമധ്യത്തിലാണെന്ന് ചന്ദോഗ്യം(8.14.1) പറയുന്നു.>>>>>>

വക്താവ്:: അസത്തു രണ്ടു വിധമുണ്ട്. അവയിലൊന്ന് നാമം മാത്രമുള്ളതും, മറ്റൊന്ന് നാമവും രൂപവും മാത്രമുള്ളതും അര്‍ത്ഥമില്ലാത്തതുമാകുന്നു.നാമമാത്രത്തിന് ഉദാഹരണം വന്ധ്യാപുത്രനാകുന്നു. ഒരിക്കലും പ്രസവിക്കാത്തവള്‍ക്കാകുന്നു വന്ധ്യ എന്ന നാമം. അപ്പോള്‍ വന്ധ്യക്കു പുത്രനില്ലെന്നായി. ആകയാല്‍ ‘വന്ധ്യാപുത്ര’ എന്നൊരു വെറും നാമമല്ലാതെ രൂപവും അര്‍ത്ഥവുമില്ല. ഇങ്ങനെ നാമ മാത്രമായ അസത്ത്
ഒരിക്കലും ആര്‍ക്കും അനുഭവപ്പെടാറില്ല. രണ്ടാമത്തേതിന് ഉദാഹരണം രജ്ജുസര്‍പ്പം, ശുക്തികാരജതം, കാനല്‍ജലം ) മുതലായവയാകുന്നു. ഇവയില്‍ രജ്ജുവും, ശുക്തികയും, കാനലും കാരണങ്ങളത്രേ. സര്‍പ്പവും, രജതവും ജലവും കാര്യങ്ങളുമാണ്. ഈ കാര്യങ്ങള്‍ക്ക് സര്‍പ്പമെന്നും, രജതമെന്നും ജലമെന്നുമുള്ള നാമങ്ങളും രൂപങ്ങളുമല്ലാതെ വാസ്തവത്തില്‍ അര്‍ത്ഥത്വം (സര്‍പ്പമെന്നും രജതമെന്നും ജലമെന്നുള്ള വസ്തുക്കള്‍) ഇല്ല. എങ്കിലും ഇവ പ്രത്യക്ഷം പോലെ പ്രതീതമാകാറുണ്ട്. രജ്ജുവാണെന്നുള്ള യഥാര്‍ത്ഥജ്ഞാനമില്ലാതിരുന്നതുകൊണ്ടാണ് അതിനെ പാമ്പെന്നു തെറ്റിദ്ധരിച്ചത്. രജ്ജുവാണെന്നുള്ള യഥാര്‍ത്ഥജ്ഞാനമുണ്ടാകുമ്പോള്‍ സര്‍പ്പമാണെന്നുള്ള തെറ്റിദ്ധാരണ നീങ്ങി രജ്ജുവിനെ രജ്ജുവാണെന്നു തന്നെ ധരിക്കുന്നു. അതായത് കാരണമായ കയറിനെ കയറെന്നറിഞ്ഞതിനുശേഷം കാര്യമായ പാമ്പ് തോന്നാതെ കയറുമാത്രം കാണപ്പെടുന്നു എന്നു താല്പര്യം.
________________________________________________________________
ജിജ്ഞാസു:കയറ് പാമ്പാണെന്ന് തോന്നുന്നത് ഭ്രമം-രജ്ജുസര്‍പ്പഭ്രമം. കയറില്‍ പാമ്പിനെ കാണുന്നത് മിഥ്യ. ആ മിഥ്യയാണ് ജഗത്ത് എന്ന വ്യാവഹാരിക
സത്യത്തെ ജനിപ്പിക്കുന്നത്. പക്ഷെ ഈ ഉദാഹരണം അബദ്ധവും ബാലിശവുമാണ്. രജ്ജുസര്‍പ്പഭ്രമം മാറിപ്പോകുന്നതാണ്, അത് ക്ഷണഭംഗുരമാണ്. പക്ഷെ
ജഗത്ത് അങ്ങനെ നീങ്ങിപ്പോകുന്ന ഒന്നല്ല, അത് നൈമിഷികവുമല്ല. ബഹ്മജ്ഞാനിക്കും ജഗത്ത് മറയുന്നില്ല. സത്യത്തില്‍ അവന്റെ ബ്രഹ്മജ്ഞാനം തന്നെ
ജഗത്താണ്.ബ്രഹ്മം നിഷ്‌ക്രിയവും നിര്‍ഗുണവുമെങ്കില്‍ അതില്‍നിന്ന് സക്രിയവും സഗുണവുമായ ജഗത്ത് എങ്ങനെ വരും? ഇല്ലാത്തത് ഉണ്ടാകില്ലെന്ന് ഗീത(നാസതോ
വിദ്യതേ ഭാവോ....). ബ്രഹ്മം നിര്‍ഗുണമെങ്കില്‍ സൃഷ്ടിയില്ല, കര്‍മ്മമില്ല. അര്‍ജ്ജുനന് കൊല്ലേണ്ട കാര്യമില്ല, കൃഷ്ണന് കൊല്ലിക്കേണ്ട കാര്യവുമില്ല.>>>>

വക്താവ്:: ജ്ഞാനികള്‍ക്ക് പ്രപഞ്ചപ്രതീതിയുള്ളതുകൊണ്ടു പ്രപഞ്ചം സത്താണെന്നുള്ള വാദം ഒരിക്കലും അനുഭവത്തിനു ചേര്‍ന്നതല്ല. നാമം മാത്രമുള്ളതും നാമവും രൂപവും മാത്രമുള്ളതും എന്ന് അസത്തു രണ്ടു വിധമുണ്ട്. ഇവയില്‍ നാമവും രൂപവും മാത്രമുള്ളതും രണ്ടുവിധത്തിലനുഭവപ്പെടാറുണ്ട്. അവയിലൊന്നു കാരണത്തെ അറിഞ്ഞു കഴിയുമ്പോള്‍ പ്രതീതി നശിക്കുന്നതും മറ്റൊന്നു കാരണത്തെ അറിഞ്ഞാലും പ്രതീതി നശിക്കാത്തതുമാണ്. കാരണസ്വരൂപം അനുഭവപ്പെടുമ്പോള്‍ നശിക്കുന്ന കാര്യങ്ങള്‍ രജ്ജുസര്‍പ്പം ശുക്തികാരജതം മുതലായവയും അറിഞ്ഞാലും നശിക്കാത്തവ കാനല്‍ജലം
ആകാശനീലിമ മുതലായവയുമാകുന്നു. പ്രപഞ്ചം രണ്ടാമത്തെയിനത്തില്‍പ്പെടും, ബ്രഹ്മസ്വരൂപം അനുഭവപ്പെട്ടാലും പ്രാരബ്ധവശാല്‍ പ്രപഞ്ചഭാനം ചില
ജ്ഞാനികള്‍ക്കും നിലനില്ക്കും. പക്ഷേ ആ അനുഭവത്തിലും അത് അസത്താണെന്നു തന്നെ അവര്‍ക്കറിയാം കാനലില്‍ ജലം തോന്നിയാലും അതിന്റെ വാസ്തവം അറിയാവുന്നവര്‍ക്ക് ആ ജലം മൂന്നു കാലത്തിലുമില്ലാത്തതാണെന്നുള്ളതിനാല്‍ ലേശം പോലും സംശയമുണ്ടാവുകയില്ലല്ലൊ.കര്‍ത്താവ് ഉപാദാനകാരണത്തെ ഗുണവിഭാഗം ചെയ്തു എന്നല്ലാതെ ഇല്ലാത്ത വസ്തുവിനെ ഉണ്ടാക്കുക എന്നുള്ളതു സാദ്ധ്യമല്ല. മണ്ണുകൊണ്ടുണ്ടാക്കിയ കുടം പിന്നേയും മണ്ണായിക്കഴിഞ്ഞാല്‍ കുടം അസത്താകാതെയിരിക്കുക എന്നുള്ളതു പറ്റുന്നതല്ല. മണ്ണില്‍ കുടം പോലെ തോന്നിയ ആകൃതി ഇല്ലാതെ പോയി എന്നല്ലാതെ കുടമെന്ന ഒരു വസ്തു ഉണ്ടായിരുന്നിട്ട് ഇല്ലാതെയായിപ്പോയതല്ല.ആകയാല്‍ ഇല്ലാത്തത് ഇല്ലാത്തതുതന്നെ. ഉള്ളതു ഉള്ളതു തന്നെ.



ജിജ്ഞാസു: സത്യമെന്ന് പറഞ്ഞാലും മിഥ്യയെന്ന് പറഞ്ഞാലും നമുക്ക് ജഗത്തേ ഉള്ളൂ. ജഗത്തില്ലെങ്കില്‍ നാമില്ല. ജ്ഞേയവും ഇന്ദ്രിയഗ്രാഹ്യവുമായ ജഗത്
സത്യമല്ലെങ്കില്‍ അജ്ഞേയവും ഇന്ദ്രിയഗ്രാഹ്യമല്ലാത്തതുമായ ബ്രഹ്മം സത്യമാകുന്നതെങ്ങനെ? സത്യം അറിയാനുള്ള മാനദണ്ഡമെന്താണ്?>>>>>>
വക്താവ്:: ഇന്ദ്രിയങ്ങള്‍ക്ക് വിഷയമാകുക, എക്കാലത്തും നിലനില്ക്കുക ഈ രണ്ടു ലക്ഷണം കൊണ്ടാണ് നിങ്ങളിപ്പോള്‍ സത്തിനെ നിര്‍വ്വചിക്കുന്നത്. പക്ഷേ പ്രപഞ്ചത്തിന് ഇന്ദ്രിയങ്ങള്‍ക്കു വിഷയമാകുക എന്നതുകൊണ്ടു എന്നും നിലനില്ക്കുക എന്ന ലക്ഷണം പറയുവാന്‍ പാടില്ല. എന്തെന്നാല്‍ വര്‍ത്തമാനകാലത്തെ അനുഭവം മാത്രമേ പ്രത്യക്ഷപ്രമാണം കൊണ്ടുണ്ടാകുകയുള്ളു. ഇന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുമ്പോള്‍ ജഗത്ത് ഇങ്ങനെയൊക്കെയിരിക്കുന്നു എന്നേ പറഞ്ഞുകൂടു. ജഗത്തിന്റെ വാസ്തവസ്വരൂപം ഇതുതന്നെ എന്നു സ്ഥാപിക്കാന്‍ ഈ സാക്ഷ്യം മാത്രം പോരാ. അപ്രകാരം സ്ഥാപിക്കുന്നത് കാമിലക്കാരന്‍ കാണാത്തപ്പോഴും പദാര്‍ത്ഥങ്ങള്‍ മഞ്ഞച്ചുതന്നെയിരിക്കും എന്ന് അയാള്‍ ശഠിക്കും പോലെയാണ്.മണ്ഡൂകങ്ങള്‍
വെള്ളാനയെക്കാണുന്നു. ഭ്രാന്തന്‍ ആന വരുന്നു എന്നു കണ്ടു പരിഭ്രമിച്ചോടുന്നു. ആ ആനകള്‍ക്ക് നമ്മേ സംബന്ധിച്ച് സത്തയില്ല. എല്ലാ തോന്നലും അവരവരുടെ സങ്കല്പ്പ്മാകുന്ന അടിസ്ഥാനത്തില്‍ ഉരുപ്പിടിക്കുന്നു.
________________________________________________________________
ജിജ്ഞാസു :കയറിനെ പാമ്പായോ പാമ്പിനെ കയറായോ തെറ്റിദ്ധരിക്കാം. പാമ്പും കയറും ഉള്ളതാണ്. രണ്ടും ജഗത്താണ്. ജഗത്തിനെ ജഗത്തായി മനസ്സിലാക്കുന്നത് മിഥ്യയല്ല. അതേസമയം അദൃശ്യവും അജ്ഞേയവും തെളിവില്ലാത്തതുമായ ബ്രഹ്മത്തെ ജ്ഞേയവും അനുഭവവേദ്യവും തെളിവുള്ളതുമായ ജഗത്തായി തെറ്റിദ്ധരിക്കുമെന്ന് പറയുന്നത് നിലവാരമില്ലാത്ത ഫലിതമാണ്. സത്യമെന്ന് പറയാനും മിഥ്യയെന്ന് പറയാനും ജഗത്തേയുള്ളൂ. ജഗത്തില്‍ മാത്രമേ അത്തരം പറച്ചിലുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുള്ളു. മസ്തിഷ്‌ക്കഗ്രാഹ്യമായ ജഗത്ത് മിഥ്യയാണെങ്കില്‍ മസ്തിഷ്‌ക്കഗ്രാഹ്യമല്ലാത്ത ബ്രഹ്മം സത്യമാകുന്നതെങ്ങനെ? ജഗത്ത് സഗുണമായിരിക്കെ നിര്‍ഗുണമായ ബ്രഹ്മമെങ്ങനെ പാരമാര്‍ത്ഥികമാകും? എല്ലാ ഗുണങ്ങളും(ത്രിഗുണങ്ങള്‍) ചേര്‍ന്നാല്‍ നിര്‍ഗുണമാകുമെങ്കില്‍ ഒരു ഗണവുമില്ലാത്തതിനെ എന്താണ് വിളിക്കുക?നിര്‍ഗുണം ഒരിക്കലും സഹജമായ സത്തയല്ല. അങ്ങനെയെങ്കില്‍ നിര്‍ഗുണത്തിലില്ലാത്തത് സഗുണബ്രഹ്മജഗത്തില്‍ വരില്ല. പക്ഷെ ബ്രഹ്മകഥ പ്രകാരം കാര്യങ്ങള്‍ അങ്ങനെയല്ല. >>>>>>>>>

വക്താവ്:ബ്രഹ്മം സത്യവും ജ്ഞാനവും അനന്തവും നിര്‍വ്വികാരവും പരിപൂര്‍ണ്ണവുമാകുന്നു.. അങ്ങനെയുള്ള ബ്രഹ്മത്തില്‍നിന്ന് ഭിന്നമായി ഒരു
പ്രപഞ്ചത്തിന്റെ ഉത്പത്തിയോ, ആബ്രഹ്മത്തിന്റെ പ്രപഞ്ചരൂപമായ പരിണാമമോ ശ്രുതിയ്ക്കും, യുക്തിക്കും അനുഭവത്തിനും യോജിച്ച ഒരു സിദ്ധാന്തമല്ല, ബ്രഹ്മത്തിന്റെ പൂര്‍ണ്ണതയും നിര്‍വ്വികാരതയുമാണതിനു കാരണം. അതിനാല്‍ ബ്രഹ്മത്തില്‍ നിന്നും പ്രപഞ്ചം ഉണ്ടായി എന്നുള്ള ശ്രുതി സ്മൃതിവാക്യങ്ങള്‍ക്ക്, അനാദിയായ അവിദ്യ-മായ-നിമിത്തം ആ ബ്രഹ്മം പ്രപഞ്ചമായി വിവര്‍ത്തിച്ചു എന്ന അര്‍ത്ഥമാണുള്ളതെന്നു മനസ്സിലാക്കണം. പ്രപഞ്ചം ബ്രഹ്മത്തിന്റെ വിവര്‍ത്തം – രജ്ജുവില്‍ സര്‍പ്പം പോലെ ബ്രഹ്മത്തില്‍ കല്പിതം – ആണെന്നു സമ്മതിച്ചാല്‍ പ്രപഞ്ചം അസത്താണെന്നു
സമ്മതിക്കണം. എന്തുകൊണ്ടെന്നാല്‍, വിവര്‍ത്തികാരണം അധിഷ്ഠാനവും, വിവര്‍ത്തകാര്യം ആരോപിതവുമാണ്. അധിഷ്ഠാനത്തില്‍ നിന്നു ഭിന്നമായി
ആരോപിതവസ്തുവിന് മൂന്നുകാലത്തും സത്തയില്ലാത്തതിനാല്‍ അത് അസത്തുതന്നെയാണെന്നു നിര്‍ണ്ണയിക്കാം. കാര്യവും കാരണവും
സമസത്തകളായിരിക്കണമെന്നുള്ള നിയമം ഉല്പത്തിവാദത്തിലല്ലാതെ വിവര്‍ത്ത വാദത്തില്‍ സംഗതമല്ല. രജ്ജുവും രജ്ജുസര്‍പ്പവും സമസത്തകളല്ലല്ലൊ.
അതിനാല്‍ ബ്രഹ്മത്തില്‍ അജ്ഞാനത്താല്‍ കല്പിതമായ പ്രപഞ്ചം സ്വതന്ത്രസത്തയില്ലാത്തതിനാല്‍ അസത്തുതന്നെയാണെന്നു മനസ്സിലാക്കണം.
________________________________________________________________
ജിജ്ഞാസു: ജാഗ്രത്തുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍ഗുണബ്രഹ്മമാണ് തുരീയമെങ്കില്‍,ജാഗ്രത്, സ്വപ്ന-തുരീയങ്ങളെക്കാള്‍ നിര്‍ഗുണമാണ് സുഷുപ്തി.
കാരണം സുഷുപ്തിയില്‍ ഒന്നുമില്ല,അഭാവം പോലും. സുഷുപ്തിയെക്കാള്‍ വലിയൊരു നിര്‍ഗുണാവസ്ഥയെല്ലെന്ന് പറയേണ്ടിവരും. അതായത് സുഖമായ ഗാഡനിദ്രയെ ബ്രഹ്മാവസ്ഥയെന്നു വിളിക്കേണ്ടി വരുമെന്ന് സാരം.ബ്രഹ്മം നിശ്ചലസത്തയാണെന്ന അദൈ്വതവാദവും കഥയില്ലായ്മയാണ്. ബ്രഹ്മശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മായയ്ക്ക് ചലനഗുണമുണ്ട്,മാറാന്‍ ശേഷിയുണ്ട്. ഈ രണ്ട് ഗുണവും ബ്രഹ്മത്തില്‍ തന്നെയുള്ളതാണ്. അങ്ങനെയെങ്കില്‍ ബ്രഹ്മം എങ്ങനെ നിശ്ചലസത്തയായി നിലകൊള്ളും?!! രജ്ജുവില്‍ പാമ്പിനെ ഭ്രമിക്കുന്നതുപോലെ ബ്രഹ്മത്തില്‍ ജഗത്തിനെ ഭ്രമിക്കുന്നു എന്ന് സ്ഥാപിക്കാനായി യോഗവാസിസ്ഷ്ഠത്തില്‍ 32000 ശ്‌ളോകങ്ങളിലായി
ശ്രമമുണ്ട്. ഗ്രന്ഥത്തിന്റെ അവസാനം ശ്രീരാമന്‍ വസിസ്ഷ്ഠനോട് ചോദിക്കുന്നു മുനേ, ഭൂതഭവിഷ്യ വര്‍ത്തമാനങ്ങളോട് കൂടിയ പ്രാണികള്‍ക്ക് നിത്യാനുഭവമായ ജഗത്ത് ജാതമായിട്ടില്ല എന്നെങ്ങനെ പറയാനാവുന്നു?ജഗത്ത് ഭ്രമമാണ്, സ്വപ്നം പോലെയാണ് എന്നായിരുന്നു വസിസ്ഷ്ഠന്റെ ആവര്‍ത്തിച്ചുള്ള മറുപടി. സൃഷ്ടിക്ക് മുമ്പ് ബ്രഹ്മം മാത്രമുള്ളപ്പോള്‍ ജഗത്തെ ബ്രഹ്മമായി ഭ്രമിച്ചതാരെന്നും ശ്വാശ്വതബ്രഹ്മം സ്വയം ജഗത്തായി രൂപപ്പെട്ടു എന്ന് സ്വീകരിച്ചാല്‍ പോരെ എന്നും രാമന്‍ ചോദിച്ചു. സര്‍ഗ്ഗം 190,30, 32, 34, 48, 190 എന്നിവിടങ്ങളില്‍ രാമന്‍ ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. തൃപ്തതികരമായ മറുപിട പറയാന്‍ വസിസ്ഷ്ഠന് കഴിഞ്ഞില്ലെന്ന് സര്‍ഗ്ഗം 190 വ്യക്തമാക്കുന്നു. ഇന്നും ശ്രീരാമന്റെ ചോദ്യങ്ങള്‍ക്ക് ജഗത്മിഥ്യാവാദികള്‍ക്ക് ഉത്തരമില്ല.>>>>

വക്താവ്:സുഷുപ്തിയില്‍ പ്രപഞ്ചത്തിലെ സ്ഥൂലവിഷയങ്ങള്‍ പ്രകാശിക്കുന്നില്ലെങ്കിലും പ്രപഞ്ചത്തിന്റെ ബീജഭൂതമായ അവിദ്യ അവിടെ അനുഭവപ്പെടുന്നുണ്ട്. ആ അവിദ്യയുടെ പരിണാമമാണ് സകലസൂക്ഷ്മസ്ഥൂല പ്രപഞ്ചവിഷയങ്ങളും. ആ വിഷയങ്ങളെല്ലാം സ്വകാരണമായ അവിദ്യയില്‍ ലയിക്കുന്ന അവസ്ഥയാണ് സുഷുപ്തി. അതിനു പ്രളയമെന്നുകൂടി ഒരു പേരുണ്ട്. അതിനാല്‍ പ്രപഞ്ചം കാരണരൂപത്തില്‍ – അജ്ഞാനരൂപത്തില്‍ – സുഷുപ്തിയിലുണ്ടെന്ന് തീരുമാനിക്കാം. ഈ സുഷുപ്തിയില്‍നിന്നുണര്‍ന്നുവരുന്ന മനുഷ്യന്‍, ‘ ഞാനിതുവരെ ഒന്നുമറിയാതെ ഉറങ്ങി’
എന്നോര്‍ക്കാറുണ്ടല്ലൊ. ആ ഓര്‍മ്മയ്ക്കു കാരണം സുഷുപ്തി കാലത്തിലെ അനുഭവമാണ്. അനുഭവമില്ലാത്ത ഒന്നിനെക്കുറിച്ച് സ്മരിക്കുവാന്‍ ആര്‍ക്കും
സാദ്ധ്യമല്ലല്ലൊ. ‘ഞാന്‍ ഒന്നു മറിയാതെ സുഖമായി ഉറങ്ങി’ എന്ന സ്മരണയില്‍ ‘ഞാന്‍’ ‘ഒന്നുമറിയായ്ക’, ‘സുഖം’ എന്നു മൂന്നു വിഷയങ്ങളുണ്ട്. ഇവയില്‍ അറിയായ്ക എന്നതാണ് അജ്ഞാനം (അവിദ്യ). ആത്മാവിനെ ആശ്രയിച്ചിരിക്കുന്ന ആഅവിദ്യ തന്നെയാണ് പ്രപഞ്ചത്തിന്റെ ഉപാദാനകാരണമെന്നു വേദാന്തശാസ്ത്രം ഉദ്‌ഘോഷിക്കുന്നു, അതിനാല്‍ കാരണപ്രപഞ്ചമെന്നുകൂടി അവിദ്യയ്ക്കു പേരു പറയാവുന്നതാണെല്ലൊ. ഈ ദൃഷ്ടിയില്‍, സുഷുപ്തിയില്‍ പ്രപഞ്ചാനുഭവമുണ്ട്. ഇല്ലെന്നുള്ള നിങ്ങളുടെ വാദം ശരിയല്ല. ഗുണത്തെ സംബന്ധിച്ച് നേരത്തെ വിശദമാക്കിയതിനാല്‍ വീണ്ടും പറയേണ്ട ആവശ്യമില്ല. മായ ബ്രഹ്മത്തിന്റെ സദ്ഭാവത്തെ ആശ്രയിച്ച് അതിന്റെ ചിദാനന്ദപൂര്‍ണ്ണഭാവത്തെ മറച്ചിരിക്കയാണെന്നുളളത് അനുഭവസിദ്ധമാണ്. എങ്ങനെയെന്നാല്‍, ഞാന്‍ ബ്രഹ്മത്തെ അറിയുന്നില്ല എന്നുള്ള അനുഭവം എല്ലാവര്‍ക്കുമുണ്ടല്ലോ. എന്നാല്‍ ബ്രഹ്മസാക്ഷാത്ക്കാരത്തില്‍ ഞാന്‍ സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മമാണെന്നുള്ള അനുഭവം ജ്ഞാനികള്‍ക്കുണ്ടാകുന്നു. ഈ രണ്ടനുഭവത്തേയും പരിശോധിച്ചു നോക്കുമ്പോള്‍ ഞാനെന്ന അനുഭവം രണ്ടവസ്ഥയിലും തുടര്‍ന്നു നില്ക്കുന്നതു കാണാം. എന്നാല്‍ അജ്ഞാനവസ്ഥയില്‍ സച്ചിദാനന്ദഭാവവും, ജ്ഞാനാവസ്ഥയില്‍ അജ്ഞതയും
സ്ഫുരിക്കുന്നില്ല. അതിനാല്‍ രണ്ടിടത്തും മാറാതെ തുടര്‍ന്നു നില്ക്കുന്ന ‘ഞാന്‍’ സാമാന്യമാണ്. എന്നാല്‍ സച്ചിദാന്ദപൂര്‍ണ്ണഭാവവും അജ്ഞതയും വിശേഷമാകുന്നു. ബ്രഹ്മം ഞാനെന്ന നിലയിലാണല്ലൊ അനുഭവമാകുന്നത്. ‘അഹം ബ്രഹ്മാസ്മി’ ‘അയമാത്മാബ്രഹ്മ’ മുതലായ വേദാന്ത മഹാവാക്യങ്ങള്‍, ആത്മാവും (ഞാനും) ബ്രഹ്മവും ഒരേ വസ്തുവാണെന്നു സ്ഥാപിച്ചിട്ടുണ്ട്.
________________________________________________________________
ജിജ്ഞാസു: അജാതവാദപ്രകാരം ജഗത്ത് ഉണ്ടായിട്ടേയില്ല. ഉണ്ടാകാത്ത ജഗത്തിലെ ഇല്ലാത്ത വ്യക്തികള്‍ക്കാണോ ഭ്രമം, മുക്തി, ബന്ധം ഇത്യാദി
സാധനകളുള്ളത്? ജഗത്ത് രജ്ജുസര്‍പ്പങ്ങളാണെങ്കില്‍ വ്യക്തികളും അങ്ങനെതന്നെ. രജ്ജുസര്‍പ്പങ്ങള്‍ക്കാണോ രജ്ജുസര്‍പ്പഭ്രമമുണ്ടാകുന്നത്?!!! രജ്ജുസര്‍പ്പമെന്ന ഭ്രമം ഭ്രമിക്കുന്നവന്റെ ബുദ്ധിയിലാണുണ്ടാകുന്നത്. ഈ ഭ്രമം മിഥ്യയല്ല. മറിച്ചായാല്‍ ഭ്രമം ഇല്ലെന്ന് വന്നുപോകും. പാമ്പും കയറും ഭ്രമവും മിഥ്യയല്ല. കയറിനെ പാമ്പെന്ന് ധരിച്ചതുകൊണ്ട് പാമ്പും കയറും ഭ്രമവും സത്യമല്ലാതാകുന്നില്ല;ഭ്രമം പോലുമുണ്ടാക്കാത്ത ബ്രഹ്മം എന്ന മനോസിദ്ധാന്തം സത്യാമാകുന്നുമില്ല. എല്ലാം ബ്രഹ്മമാണെങ്കില്‍ അതിന്റെ അംശമോ രൂപാന്തരമോ ആയ ജഗത് മിഥ്യയാകില്ല. ആണെങ്കില്‍ ബ്രഹ്മത്തിനാണ് മിഥ്യയുള്ളത്! ജഗത് മിഥ്യായാണെങ്കില്‍ ജഗത്തിന്റെ ഭാഗമായ തുരീയം സത്യമാകുന്നതെങ്ങനെ എന്നത് മറ്റൊരു ചോദ്യം.ഏകനായ ഞാന്‍ പലതായി തീരട്ടെ എന്ന് ബ്രഹ്മം സങ്കല്‍പ്പിച്ചു. അങ്ങനെ ബ്രഹ്മം ജഗത്തായ രൂപാന്തരപ്പെട്ടു എന്ന് തൈത്തരീയ ഉപനിഷത്ത്(2.6). ഉളളതിന് നാശമില്ലെന്ന് ഗീത(2.18). രൂപവും ഭാവവും മാറുമെന്നേയുള്ളൂ. അതായത് ബ്രഹ്മത്തിന് നാശമില്ല, ഉള്ളത് പരിണാമം മാത്രം. ബ്രഹ്മഭിന്നമായോ ജഗത്തോ ജഗത്ഭിന്നമായ ബ്രഹ്മമോ ഇല്ലെന്നാണിത് വ്യക്തമാക്കുന്നത്. >>>>>>>>>>

വക്താവ്: അജാതിവാദത്തെ കേട്ട് കൊള്ളൂ. ഒരു വസ്തുവുണ്ടാകണമെങ്കില്‍ അതു മുമ്പ് ഇല്ലാതിരിക്കണം. എന്നു വെച്ചാല്‍മുമ്പ് ഇല്ലാതിരുന്നിട്ടു പിന്നീടുണ്ടാകണം. അതായത് മുമ്പില്ലാതിരുന്നിട്ടേ ഉണ്ടാവുകയുള്ളൂ എന്നു സാരം. ‘ഇല്ലാതിരുന്നു’ എന്നത് ഭൂതകാലത്തേതും ‘ഉണ്ടായി’ എന്നത് വര്‍ത്തമാനകാലത്തേതുമാണ്. ഉത്പത്തി മുതല്‍ നാശം വരെയുള്ളതിനു സ്ഥിതിയെന്നാണ് പേര്. സ്ഥിതിയും നാശവും ഒന്നിച്ചിരിക്കാന്‍ പാടില്ല. അപ്രകാരം തന്നെ പ്രാഗഭാവവും സ്ഥിതിയും ഒന്നിച്ചിരിക്കാന്‍ പാടില്ല. അതുകൊണ്ട് ഉല്പത്തിയും സ്ഥിതിയും നാശവും പ്രത്യേകം പ്രത്യേകം
തന്നെയാണെന്നു തെളിയുന്നു. ഒരേ ക്ഷണത്തില്‍ അഭാവവും ഭാവവും ഇരിക്കയില്ല. ഘടോത്പത്തി ഉള്ളതു തന്നെ എങ്കില്‍ ഉണ്ടായിരുന്ന ഘടം ഉല്പന്നമായോ? അഥവാ ഇല്ലാതിരുന്ന ഘടം ഉല്പന്നമായോ എന്ന ആശങ്കയുണ്ടാകാം. ഉണ്ടായിരുന്ന ഘടം ഉല്പന്നമായി എന്നു പറയുന്നു എങ്കില്‍ അതു ശരിയല്ല. എന്തുകൊണ്ടെന്നാല്‍ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകാനിടയില്ല. അങ്ങനെ ഉണ്ടായി എന്നു പറയുന്നത് അസംഗതമാണ്.ഇനിയും ഇല്ലാതിരുന്ന ഘടം ഉണ്ടായി എന്നു വാദിക്കുന്നു എങ്കില്‍ ആ വാദവും സാധുവല്ല. എന്തെന്നാല്‍ ഇല്ലായ്മയും (പ്രാഗഭാവം) ഉത്പത്തിയും
വേറേവേറേ കാലത്തോടുകൂടിയതാണ്. ഇല്ലായ്മ ഭൂതകാലത്തോടും ഉല്പത്തി വര്‍ത്തമാനകാലത്തോടും കൂടിയതാകയാല്‍ അതു രണ്ടും ഒരേക്ഷണത്തില്‍
ഒന്നിച്ചിരിക്കുകയില്ല. അതുകൊണ്ടു ഘടം ഉത്പന്നമാകാനേ അവകാശമില്ലെന്നു തെളിയുന്നു.ഇനിയും നാശത്തെക്കുറിച്ചു ചിന്തിക്കാം. ഒരു വസ്തു നശിക്കണമെങ്കില്‍ അതിന്റെ സ്ഥിതി ഒരു ക്ഷണത്തിലും നാശം മറ്റൊരു ക്ഷണത്തിലും ആയിരിക്കണം, സ്ഥിതിയും നാശവും ഒരേ ക്ഷണത്തിലായിരിക്കയില്ലെന്നുള്ളതാണ് അതിനു കാരണം. ഒരു വസ്തു നശിക്കുമ്പോള്‍ സ്ഥിതി ചെയ്തതു നശിച്ചോ? അതോ ഇല്ലാതിരുന്നതു നശിച്ചോ? എന്നൊരു ചോദ്യം വരാം. സ്ഥിതി ചെയ്തതു തന്നെ നശിച്ചു എന്നായിരിക്കാം അതിനുത്തരം പറയേണ്ടിവരുന്നത്. പക്ഷേ സ്ഥിതിയും നാശവും ഒരേ ക്ഷണത്തിലിരിക്കായ്ക കൊണ്ട് സ്ഥിതിചെയ്ത പദാര്‍ത്ഥത്തിനു
നശിക്കാനവകാശമില്ലെന്നുള്ളതാണു സത്യം. എന്തുകൊണ്ടെന്നാല്‍ ഒരു ക്ഷണത്തില്‍ സ്ഥിതിചെയ്യുന്ന പദാര്‍ത്ഥം മറ്റൊരു ക്ഷണത്തില്‍ എങ്ങനെ നശിക്കും?
കാശിയില്‍ സ്ഥിതിചെയ്യുന്ന കുടം തിരുവനന്തപുരത്തുവെച്ച് നശിക്കുന്നതെങ്ങനെയാണ്? അതുകൊണ്ട് ഘടത്തിന്റെ നാശത്തിനേ അവകാശമില്ലെന്നു സിദ്ധിക്കുന്നു. അതിനാല്‍ ‘അസത്തു സത്താവുകയും സത്ത് അസത്താവുകയും ഇല്ല.’ എന്നുള്ള ന്യായം തന്നെ ഇവിടെയും അംഗീകരിക്കണം. ഇങ്ങനെ നോക്കുമ്പോള്‍ കാര്യത്തിന്റെ ഉല്പത്തിസ്ഥിതിനാശങ്ങള്‍ക്ക് ഒരു വിധത്തിലും അവകാശമില്ലെന്നു കാണാവുന്നതാണ്.
________________________________________________________________
ജിജ്ഞാസു:ജഗത്ത് ബ്രഹ്മമാണെന്നാണ് വൈദികഋഷിമാര്‍ പറഞ്ഞിട്ടുള്ളത്. ദൃശ്യജഗത്തിന് അപ്പുറം സൂക്ഷ്മചൈതന്യം വ്യാപിച്ചിരിക്കുന്നു എന്നേ പുരുഷസൂക്തവും മറ്റും പറയുന്നുള്ളു. ജഗത് ഭിന്നമായ ബ്രഹ്മം എന്നൊരാശയം അവിടെയെ വരുന്നില്ല. ശരീരത്തിലും ജഗത്തിലും വസിച്ച് ജഗത്തിലാണ് അവര്‍ ഏകത്വബ്രഹ്മം ദര്‍ശിച്ചത്. ജഗത്തിന്റെ ആധാരം ബ്രഹ്മമെങ്കില്‍ ബ്രഹ്മത്തിന്റെ ആധാരമെന്ത് എന്ന എല്‍.കെ.ജി ചോദ്യം ഒരിക്കലും റദ്ദാവുന്നില്ല.യോഗവാസിസ്ഷ്ഠം, ഗൗഡപാദകാരിക, അഷ്ടവക്രഗീത, ശങ്കരാചാര്യകൃതികള്‍ എന്നിവയില്‍ ജഗത്ത് മിഥ്യയാണ്. എന്നാല്‍ ചൈതന്യന്റെ ഭേദാഭേദ സിദ്ധാന്തം ജഗത്ത് സത്യമാണെന്ന് തുറന്നടിക്കുന്നു. വ്യാസമഹര്‍ഷിയുടെ സിദ്ധാന്തങ്ങളെ അവഗണിച്ച് ജഗത്ത് മിഥ്യ എന്നു വാദിച്ചതിന് ശങ്കരാചാര്യരെ അദ്ദേഹം ശകാരിക്കുന്നുമുണ്ട്.ശാസ്ത്രപ്രകാരം പ്രമാണങ്ങളുടെ മാനദണ്ഡം പ്രത്യക്ഷാനുഭവമാണ്. ഇതാകട്ടെ തെറ്റായ നിര്‍ണ്ണയരീതിയാണ്. ബ്രഹ്മം ഋഷിമാരുടെ അനുഭവമാണ്. നമ്മുടെ പ്രത്യക്ഷാനുഭവമായ ജഗത്ത് മിഥ്യയാണെങ്കില്‍ ഋഷിമാരുടെ പ്രത്യക്ഷാനുഭവമായ ബ്രഹ്മം സത്യമാകുന്നതെങ്ങനെ? തുരീയം സ്വപ്നം, സുഷുപ്തി തുടങ്ങിയ മൂന്നിന്റെയും ജ്ഞാനം വന്നു ഭവിക്കുന്നത് ജാഗ്രത്തിലാണ്. ജാഗ്രത്തില്ലെങ്കില്‍ ഒന്നുമില്ല. അനുഭവങ്ങളില്‍ പ്രഥമസ്ഥാനം അതിനാണ്. ജാഗ്രത്ത്
മിഥ്യയെങ്കില്‍ നിത്യജാഗ്രത്തായ ബ്രഹ്മമാണ് ഏറ്റവും വലിയ മിഥ്യ.>>>>>>>

വക്താവ്: ജാഗ്രത്ത് മാറി സ്വപ്നം അനുഭവിക്കപ്പെടുകയും ഈ രണ്ടും സുഷുപ്തിയില്‍ മറയുകയും അനന്തരം ഉണരുമ്പോള്‍ പ്രപഞ്ചം ഉദിച്ച് പ്രകാശിക്കുകയും ചെയ്തു കാണുന്നതില്‍ വ്യവസ്ഥയുണ്ടോ ഇല്ലയോ? ഈ മൂന്നവസ്ഥകള്‍ക്കും എന്തുഭേദം എന്നു നോക്കിയാല്‍ ജാഗ്രത്, സ്വപ്നം ഈ രണ്ടിലും അനുഭവിക്കപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ ഭേദം കാണപ്പെടുന്നില്ല. എന്നാല്‍ അനുഭവത്തില്‍ ഭേദം ഉണ്ട്. സ്വപ്നത്തില്‍ ഒരു ദേശത്ത് ചെന്ന് അവിടെ ചിലരാല്‍ ഉപചരിക്കപ്പെട്ടാല്‍ ആ അടയാളം ഉണര്‍ന്നശേഷം അവന്റെ സ്ഥൂലദേഹത്തില്‍ കാണാത്തതിനാല്‍ ഈ രണ്ടവസ്ഥകള്‍ക്കും ഭേദം
തോന്നാം. എന്നാല്‍ സ്വപ്നം വാസനാമയമാകയാലും വാസനയെന്നത് ജാഗ്രദനുഭൂതിയുടെ ദാര്‍ഢ്യമാകയാലും അത് സത്യമാകയില്ല. എന്തെന്നാല്‍, രഥഗജതുരഗപദാതികള്‍ മുതലായ വസ്തുക്കള്‍ (ന തത്ര രഥാ ന രഥയോഗാഃ (രഥഗജതുരഗാദികള്‍ സ്വപ്നത്തിലുണ്ടായി നശിക്കുന്നുയെന്നു ശ്രുതിയില്‍ പറയുന്നതിനാല്‍ സ്വപ്നം സ്വതന്ത്രയായ ഒരവസ്ഥയാണ് പക്ഷേ അവസ്ഥകള്‍ മൂന്നും പരസ്പരം ബാധിക്കപ്പെടുന്നതിനാല്‍ മിഥ്യയാണ്) എന്ന ശ്രുതിപ്രകാരം) അനുഭവിക്കപ്പെട്ട് ഉത്തരക്ഷണത്തില്‍ തിരോഭവിക്കുന്നു. നന്നായി ആലോചിക്കുമ്പോള്‍ കല്പന മാത്രമെന്നല്ലാതെ അതൊന്നും സത്യമാകയില്ല.അസത്യവസ്തുക്കളുടെ അനുഭവത്തെ ഒരവസ്ഥയായി പറയുന്നത് നീതിയാകയില്ല. ഈ സ്വപ്നാവസ്ഥ അസത്യവും ജാഗ്രദവസ്ഥസത്യവും ആയതുകൊണ്ട് ഈ രണ്ടവസ്ഥകള്‍ക്കും ഭേദമുണ്ടാകുന്നു എന്നു പറയാമെന്നുവരികിലും ജാഗ്രദവസ്ഥ വാസ്തവത്തില്‍ സത്യമായി സിദ്ധിക്കുന്ന പക്ഷം
അതു ശരിതന്നെ; സിദ്ധിക്കാത്തപക്ഷം ഭേദവും സിദ്ധിക്കയില്ല. അതെങ്ങനെയെന്നാല്‍ ജാഗ്രദവസ്ഥയില്‍ അനുഭവിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ സ്വപ്നാവസ്ഥയില്‍
കണ്ട പദാര്‍ത്ഥങ്ങളെക്കാളും ഭിന്നമല്ലാത്തതിനാല്‍ പദാര്‍ത്ഥഭേദം സിദ്ധിക്കയില്ല. അനുഭവഭേദം സിദ്ധിക്കാമെന്നാണെങ്കില്‍ അനുഭവമെന്നത് ഏതിന്റെ
വ്യാപാരമാണെന്നു നോക്കുമ്പോള്‍ കേവലം ബഹിഷ്‌ക്കരണങ്ങളുടേതുമല്ല അന്തഃകരണങ്ങളുടേതുമല്ല എന്നു കാണാം. ഇനിയും രണ്ടിന്റേയും
സംബന്ധബലത്താല്‍ വരുന്നതാണെങ്കില്‍ ഇവ സകലതും ജഡമാകയാല്‍ ആത്മപ്രകാശത്തെ അപേക്ഷിച്ചുതന്നെ മുന്‍പറഞ്ഞ അനുഭൂതി സിദ്ധിക്കണം.
അവനോ, ദ്രഷ്ടാവ്; മറ്റു സകലതും ദൃശ്യം. ദൃശ്യമെല്ലാം ഘടതുല്യം ജഡമാകയാല്‍ ഘടത്തിന് എങ്ങനെ ജാഗ്രദാദ്യവസ്ഥകള്‍ സിദ്ധിക്കയില്ലയോ
അതുപോലെ ഇവയ്ക്കും സിദ്ധിക്കയില്ല. ദ്രഷ്ടാവിന് ഉള്ളതാകാമെന്നാല്‍ അവസ്ഥകളെ അതിക്രമിച്ച് സാക്ഷിയായി നിന്നവനെ എങ്ങനെ സംബന്ധിക്കും.
മേലും ഈ അവസ്ഥകള്‍ സുഷുപ്തിയില്‍ കാണപ്പെടാത്തതിനാല്‍ ആത്മബന്ധം ഇല്ലാത്തവയാകും. ഈ ആത്മസംബന്ധത്തെ വിട്ട് ഏതു വസ്തുവും
എവിടെയും ഇരിക്കുന്നതായി സിദ്ധിക്കായ്കയാല്‍ അവസ്തുവും (അസത്യവസ്തു) ആകും. അതോ, തോന്നിയും കാണാതെ മറഞ്ഞും വിവേകത്താല്‍
ബാധിക്കപ്പെട്ടും ഉള്ളതാണ്. അധിഷ്ഠാനത്തില്‍ നിന്ന് കാലത്രയത്തിലും വേര്‍പെടാതെ ആ അധിഷ്ഠാനമായിട്ടു തന്നെ സിദ്ധിക്കും. സ്വപ്നദ്രഷ്ടാവായ ആത്മാവിനെക്കൂടാതെ സ്വപ്‌നോത്ഥാനസമയത്തില്‍ സ്വപ്നപ്രപഞ്ചം മുഴുവനും എങ്ങനെ വേര്‍പെടാതെ അവന്‍ മാത്രമായി ശേഷിക്കുന്നോ അങ്ങനെതന്നെ അവസ്ഥാത്രയ സാക്ഷിയായ ദ്രഷ്ടാവിനെക്കൂടാതെ അവസ്ഥാത്രയം മുഴുവനും വേര്‍പെടാതെ ആ ദ്രഷ്ടാവിന്റെ ദൃഗ്ധര്‍മ്മമാത്രമായി ശേഷിച്ചിരിക്കും. പൂര്‍വ്വമീമാംസകമതത്തില്‍ പറഞ്ഞ സ്വര്‍ഗ്ഗാദി ഫലഹേതുവായ അപൂര്‍വ്വവും ഈ ദൃഗ്ധര്‍മ്മത്തിലടങ്ങി ജാഗ്രത്സ്വപ്നാവസ്ഥകള്‍ക്ക് ഭേദത്തെ കല്പിക്കാന്‍ ശക്തിയില്ലാതെ നീങ്ങിപ്പോകും. ആകയാല്‍ വിവേചിക്കുന്നപക്ഷം ഈ ദൈ്വതപ്രപഞ്ചത്തേയും മനസ്സായതിനേയും മിഥ്യയെന്ന്
വിശ്വസിപ്പിക്കും. അപ്രകാരം തന്നെ മൃത്തികയില്‍ ഭവിച്ച ലോഷ്ടം, രത്‌നം ഈ രണ്ടും ഒരു വിധത്തിലും സാമ്യമില്ലാതെ ഭിന്നപദാര്‍ത്ഥങ്ങള്‍ പോലെ തോന്നിയാലും അധികപ്രകാശം കൊണ്ട് രത്‌നം വിവേകബുദ്ധിയില്‍ പ്രതിവ്യവഹാരത്തിന് വേറെ ആകാത്തതുപോലെ മനസ്സിന്റെ അജഡമായ ഒരു ഭാഗവും ദൃശ്യാംശത്തില്‍ അടങ്ങി അനാത്മവസ്തുവായിരിക്കകൊണ്ട് വിവേകബുദ്ധിയില്‍ ആത്മാവ് ഇവകള്‍ക്ക് അന്യമെന്നറിയുമാറ് സ്ഫുരിച്ചു നില്ക്കും.
________________________________________________________________
ജിജ്ഞാസു: ഗീതയിലെ വിശ്വരൂപദര്‍ശനപ്രകാരം വിശ്വമാണ് ബ്രഹ്മം. ആകാശത്തില്‍ വായു നിറഞ്ഞിരിക്കുന്നതുപോലെ ബ്രഹ്മത്തില്‍ ജഗത്തെന്ന് ഗീത(9.6) ആകാശം മുഴുവന്‍ വായു നിറഞ്ഞിരിക്കുന്നു എന്ന ഗീതാകാരന്റെ അജ്ഞത തല്‍ക്കാലം അവഗണിക്കുക. പ്രളയകാലത്ത് താന്‍ ജഗത്തിനെ ഉള്‍വലിക്കുകയും കല്‍പ്പാദിയില്‍ പുറത്തുവിടുകയും ചെയ്യുന്നുവെന്നും ഗീത(9.7) സമര്‍ത്ഥിക്കുന്നുണ്ട്. ചിലന്തിയും-ചിലന്തിനൂലും എന്ന ഉദാഹരണം ഉപനിഷത്തുകളിലുണ്ട്. ചിലന്തി സത്യമെങ്കില്‍ ചിലന്തി നൂല്‍ മിഥ്യയാകുന്നത് എങ്ങനെ എന്ന ചോദ്യം ഒരിക്കലും മരിക്കുന്നില്ലെന്നറിയുക.>>>>>>

വക്താവ്: ഗീത ഒന്‍പതാം അദ്ധ്യായം ആറും ഏഴും വാക്യം അര്‍ഥം ഇപ്രകാരമാണ്. എപ്രകാരമാണോ വായു ആകാശത്തില്‍ സംശ്ലേഷം കൂടാതെ ഇരിക്കുന്നത് അപ്രകാരം ആകാശം പോലെ സര്‍വവ്യാപി ആയ എന്നില്‍ ഈ ഭൂതങ്ങള്‍ സ്ഥിതി ചെയ്യുന്നു. പ്രലയകാലത്തില്‍ സകലഭൂതങ്ങളും ത്രിഗുനാത്മിക ആയ എന്റെ മായയെ പ്രാപിക്കുന്നു. സൃഷ്ടികാലത്തില്‍ അവയെ ഞാന്‍ വിശേഷമായി സൃഷ്ടിക്കുന്നു. ഇവിടെ ഭൂതങ്ങള്‍ പ്രാപിക്കുന്നത് ത്രിഗുണാത്മിക ആയ മായയെ ആണ്. ഇതില്‍ ഒന്നും സംസ്ലെഷം ഇല്ലാതെ ബ്രഹ്മം സ്ഥിതി ചെയ്യുന്നു. ഉള്ളതെന്ന് തോന്നിക്കുന്ന മായയില്‍ സ്ഥിതി
ചെയ്യുകയും ഉണ്ടായി ഇല്ലാതാവുന്നതായി കാണുന്ന ഭൂതങ്ങള്‍ വാസ്തവത്തില്‍ മിഥ്യ ആണെന്ന് ഗീത കൊണ്ട് തന്നെ സമര്‍ത്ഥമാക്കിയിരിക്കുന്നു. അതിനാല്‍ നാസ്തികന്റെ വാദങ്ങള്‍ അസാധുവായിരിക്കുന്നു.
_____________________________________________________________________________________________
വേദാന്തദര്‍ശനത്തെ വളച്ചൊടിക്കുവാനും തെറ്റായ പ്രചരണം നടത്തി ആക്ഷേപവാക്കുകളിലൂടെ ദര്‍ശനത്തെ പരിഹസിക്കാനും തെറ്റിധാരണകള്‍ സാമാന്യ ജനത്തില്‍ പരത്തുവാന്‍ ശ്രമിക്കുന്ന ഇത്തരം വാദങ്ങളെ ഖണ്ഡിച്ചു വിജയവൈജയന്തി മുഴക്കുന്നത് വേദാന്ത ശാസ്ത്രമാണ്. ഭാരതീയ ആചാര്യന്മാരുടെ അപാരമഹിമയ്ക്ക് മുന്നില്‍ സാഷ്ടാംഗപ്രണാമം. ഓം തത് സത്

2 comments:

  1. സത്യമേവ പരം ബ്രഹ്മ സത്യമേവ പരം തപ
    സത്യമേവ പരോ യജ്ഞ സത്യമേവ പരം ശ്രുതം
    സത്യം സുപ്തേഷു ജാഗർത്തി സത്യം ച പരമം പദം
    സത്യേനൈവ ധൃതാ പൃഥ്വീ സത്യേ സർവ്വം പ്രതിഷ്ഠിതം
    തപോ യജ്ഞശ്ച പുണ്യം ച ദേവർഷിപിതൃപൂജനേ
    ആപോവിദ്യാ ച തേ സർവ്വം സർവ്വം സത്യേ പ്രതിഷ്ഠിതം
    സത്യം യജ്ഞസ്തപോദാനം മന്ത്രാ ദേവീ സരസ്വതീ
    ബ്രഹ്മചര്യം തഥാ സത്യമോങ്കാര : സത്യമേവ ച
    സത്യേന വായുരഭ്യേതി സത്യേന തപതേ രവി
    സത്യേനാഗ്നിർ ദഹതി സ്വർഗ്ഗം സത്യേന തിഷ്ഠതി
    പാലനം സർവ്വദേവാനാം സർവ്വതീർത്ഥാവഗാഹനം
    സത്യേന വഹതേ ലോകേ സർവ്വമാപ്നോത്യസംശയം
    അശ്വമേധസഹസ്രം ച സത്യം ച തുലയാ ധൃതം
    ലക്ഷാണി ക്രതവശ്ചൈവ സത്യമേവ വിശിഷ്യതേ
    സത്യേന ദേവാ : പിതരോ മാനവോരഗരാക്ഷസാ :
    പ്രീയന്തേ സത്യത : സർവ്വേ ലോകാശ്ച സചരാചരാ :
    സത്യമാഹു പരം ധർമ്മം സത്യമാഹു പരം പദം
    സത്യമാഹു : പരം ബ്രഹ്മ തസ്മാത് സത്യം വദാ വദേത്.

    ReplyDelete