Monday, May 26, 2014

സഹസ്രനാമവ്യാഖ്യാനത്തിലൂടെ ഒരു ചെറിയ യാത്ര.. നീലചികുര

സഹസ്രനാമവ്യാഖ്യാനത്തിലൂടെ ഒരു ചെറിയ യാത്ര..

വ്യാഖ്യാനം എഴുതുന്നതിനിടയിൽ ഗുരുതുല്യനായ ഒരു ദേവീ ഉപാസകനെ കാണാനായി.. എഴുതുന്നത് ലളിതാസഹസ്രനാമവ്യാഖ്യാനം ആണെന്ന് അറിഞ്ഞപ്പോഴുണ്ടായ കൌതുകം കൊണ്ടാകാം കാണാനാഗ്രഹത്തോടു കൂടി വന്നത്.. അദ്ദേഹം പുതിയതായി എന്താണ് മനസ്സിലാക്കാൽ സാധിച്ചത് എന്ന് ആരാഞ്ഞപ്പോൾ ഒരുപാടു എന്ന് പറഞ്ഞു..ഉദാഹരണം ചോദിച്ചപ്പോൾ നീലചികുര എന്ന നാമധേയം പറഞ്ഞു..അദ്ദേഹത്തിന് അതു കേട്ടപ്പോൾ അതിലെന്തു വ്യത്യസ്തമായി മനസ്സിലാക്കാനുള്ളത് എന്നായി, കാരണം നീല നിറത്തോടുകൂടിയ ചികുരത്തോടു അതായത് മുടിയോടു കൂടിയവൾ എന്ന് അത് വായിക്കുമ്പോഴെ അര്ഥം ലഭിക്കുന്നുണ്ടല്ലോ അതിലെന്താണ് പ്രത്യേകത.. ഇനി ശാസ്ത്രവിദ്യാര്ഥി ആയതുകൊണ്ട് പുതിയത് ഉണ്ടാക്കിയോ എന്ന് ഒരു പരിഹാസവും കൂടെ നൽകി കൊണ്ട് അദ്ദേഹം ചിരിച്ചു..

ഞാൻ സ്വന്തം അഭിപ്രായത്തെ അദ്ദേഹത്തോടു വിശധീകരിച്ചു. എങ്ങിനെയാണ് നീലചികുര എന്നതിന് കറുത്ത മുടി എന്ന് വരുക കാരണം ദേവിയുടെ രൂപ വര്ണന കഴിഞ്ഞ് നിഷ്ക്രോധ ക്രോധശമനി നിർലോഭാ ലോഭനാശിനി നിസ്സംശയാ സംശയഘ്നീ നിരാബാധാ നിര്ഭേദാ ഭേദനാശിനീ നിര്നാശാ നിഷ്ക്രിയാ എന്നുതുടങ്ങി ദേവിയുടെ ഗുണത്തെ പറയുന്നതിനിടയിൽ ദേവിയ്ക് കറുത്ത മുടിയുണ്ടായിരുന്നു എന്ന് സ്ഥൂലമായ രൂപവര്ണ പറയുന്നതിലെ ഔചിത്യമെന്താണ്.. ആചാര്യനു രൂപവും ഗുണവും തിരിച്ചറിയില്ലായിരുന്നു എന്നാണോ.. ആ ചോദ്യത്തിന്റെ അര്ഥം മനസ്സിലായതുകൊണ്ടാകാം അങ്ങിനെയെങ്കിൽ ശരിക്കുള്ള അര്ഥം എന്താകാനാണ് സാധ്യത എന്ന് അടുത്ത ചോദ്യം അദ്ദേഹത്തിൽ നിന്ന് വന്നത്..

നീലചികുര എന്നതിന് തീര്ച്ചയായും കറുത്ത മുടി എന്ന് തന്നെയാണ് അര്ഥം സ്വീകരിക്കുക സാമാന്യരീതിയിൽ.. പക്ഷെ പൂർവാപരം നോക്കുമ്പോൾ ആ അര്ഥത്തെ ഇവിടെ സ്വീകരിക്കാനാവില്ല എന്നതാണ് തോന്നിയത്.. ചികുരം എന്നതിന് ദോഷമനിശ്ചിത്യ വധബന്ധനാദേഃ കര്ത്താ എന്ന് അര്ഥം കാണുന്നു.. അതേ പോലെ നീലം എന്നതിന് സത്വഗുണോപേതം എന്നും അര്ഥം കാണുന്നുണ്ട്.. അത് സ്വീകരിക്കുകയാണെങ്കിൽ സത്വഗുണസ്വരൂപയായി ദോഷത്തെ ആധാരമാക്കാതെ തന്നെ അതായത് ഫലത്തിന് മുകളിൽ നിന്നുകൊണ്ട് ഒന്നുകൂടി വിശധീകരിച്ച് പറഞ്ഞാൽ കര്മഫലം ഏൽക്കാത്തവളയായി സ്ഥിതിസംഹാരം നടത്തുന്നവളാണ് ദേവി എന്ന് അര്ഥം ലഭിക്കും. പൂർവമായി പറഞ്ഞിരിക്കുന്ന നിഷ്പരിഗ്രഹാ, നിസ്തുലാ എന്നീ നാമങ്ങളും പരമായി വരുന്ന അപായമില്ലാത്ത എന്ന അര്ഥത്തിൽവരുന്ന നിരപായാ എന്ന നാമവും ഇതിനു കൃതമായി യോജിക്കുന്നുമുണ്ട്.. ഒരു പദത്തിന്റെ അര്ഥം സ്വീകരിക്കേണ്ടത് പൂർവാപരവും അര്ഥസ്വീകരണവും ഒക്കെ യോജിച്ചാകണം എന്നാണ് നിയമം.. അത് നോക്കുകയാണെ ഇവിടെ കറുത്ത മുടി എന്ന് സ്വീകരിക്കുക കഷ്ടമാകും കാരണം ഇതിനുമുന്പ് തന്നെ ദേവിയുടെ കേശവര്ണന വന്നിട്ടുമുണ്ട്..പുനരുക്തിദോഷം എന്ന ദോഷം ഇവിടെ വരാതിരിക്കുവാൻ അര്ഥസ്വീകരണം യുക്തിപൂർവമാകുകയും വേണം..ഇതേപോലെ പലസ്ഥലത്തേയും അര്ഥവ്യത്യാസം കാണിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടുകൂടി അത് സ്വീകരിക്കുക മാത്രമല്ല ഗ്രന്ഥരചനയ്ക് അദ്ദേഹത്തിന്റെ സഹായം എപ്പോഴുണ്ടാകും എന്ന് വാഗ്ദാനം ചെയ്ത് അനുഗ്രഹിച്ചിറങ്ങി... ചില സമയം ദേവി സ്വയം പലരൂപത്തിലും ഗുരുക്കന്മാരിലൂടെ അനുഗ്രഹിക്കുന്നതുപോലെ.. സകലതും ദേവീതന്നെയാണ് എന്ന അദ്ദേഹത്തിന്റെ ഉപദേശം തന്നെ സത്യം.. ഈ ജഗത്ത് ദേവി തന്നെയാണ്.. സകലം ദേവീ മയം.. ഹരി ഓം..

No comments:

Post a Comment