Monday, May 26, 2014

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 7

ലളിതാസഹസ്രനാമസ്തോത്രവ്യാഖ്യാനം. തുടര്ച്ച..ഭാഗം 7

ഇന്നലെ ത്രിപുരാം എന്ന് തുടങ്ങുന്ന ശ്ലോകത്തെ ലളിതാസഹസ്രനാമത്തിലേക്ക് അന്വയിപ്പിക്കാൻ സാധിക്കും എന്ന് പറഞ്ഞിരുന്നു..
നമുക്ക് ആദ്യം ശ്ലോകത്തിലെ വാക്കുകൾ ഏതൊക്കെയാണ് എന്ന് നോക്കാം..
ത്രിപുരാ, കുലനിധി, അരുണാ, കാമരാജ, വിദ്ധാങ്ഗീം, ത്രിഗുണ, നുതാ, ഏകാന്താ, ബിന്ദുഗാ, മഹാരംഭാ..
ഈ വാക്കുകളിലൂടെ നാം ഇന്നലെ പറഞ്ഞപോലെ ഒരു അര്ഥം സ്വീകരിക്കുന്നതിനൊപ്പം അതല്ലാതെ മറ്റൊരുതരത്തിലും നമുക്ക് സ്വീകരിക്കാം.. ആദ്യത്തെ വാക്കായ ത്രിപുര എന്നതിനെ അറിയണെ ആദ്യം കടപയാദി സംഖ്യാ എന്ത് എന്ന് നോക്കാം..

क = १ ट = १ प = १ य =१
ख = २ ठ = २ फ =२ र = २
ग = ३ ड =३ ब = ३ ल =३
घ = ४ ढ =४ भ =४ व = ४
ङ = ५ ण =५ म =५ श =५
च = ६ त =६ ष = ६
छ = ७ थ =७ स = ७
ज =८ ह = ८ द =८
झ = ९ ध = ९
ञ = ० न =०

ഇവയാണ് കടപയാദി സംഖ്യാ.. അംകാനാം വാമതോ ഗതിഃ എന്നത് അനുസരിച്ച് നാം സ്വീകരിക്കണം അതായത് ജയ എന്നത് സ്വീകരിക്കുകയാണെങ്കിൽ ജ എന്നത് 8, യ എന്നത് 1. നീയമമനുസരിച്ച് 81 എന്നതിനെ തിരിച്ചെഴുതുമ്പോൾ 18.. അതായത് ജയ എന്നതിന് 18 എന്നര്ഥം.

ഇതെ നിയമമനുസരിച്ച് ആദ്യത്തെ വാക്കിനെ സ്വീകരിക്കാം.. ത്രിപുരാ..അതായത് ത്രി പുരം . പ 1, ര 2 തിരിച്ചിടുമ്പോൾ 21. അതായത് ലളിതാസഹസ്രനാമത്തിൽ ത്രി എന്നതിൽ തുടങ്ങുന്നപേരുകൾ ത്രിനയന തുടങ്ങി ത്രികോണഗ എന്ന 21 എണ്ണമുണ്ട് എന്നര്ഥം.

രണ്ടാമത്തെ വാക്കാണ് കുലനിധി.. അതായത് കുല നിധി. ഇവിടെ കടപയാദിക്ക് പകരം ഭാരതത്തിൽ പ്രചരിച്ചിരുന്ന മറ്റൊരു സംഖ്യാസംപ്രദായത്തെ സ്വീകരിച്ചിരിക്കുകയാണ്..ഉദാഹരണത്തിന് नेत्रस्कन्दशिरोवसुद्विजनृपे संवत्सरे लिखितं पुस्तकम्. ഇത് യഥാര്ഥത്തിൽ വര്ഷത്തെ ആണ് കാണിക്കുന്നത്.. ആദ്യത്തെ വാക്ക് നേത്രം, പരമശിവന്റെ ചക്ഷുസ് ആണ് അതുകൊണ്ട് ഇവിടെ നേത്രം എന്നത് കൊണ്ട് 3. സ്കന്ധന്റെ ശിരസ് എന്നത് 6 ആണ്. വസു എന്നത് കൊണ്ട് അഷ്ടവസുക്കൾ 8 എന്നും, ദ്വിജനൃപ എന്നത് കൊണ്ട് 1 ഉം സ്വീകരിക്കുന്നു.. नेत्रस्कन्दशिरोवसुद्विजनृपे संवत्सरे എന്നതുകൊണ്ട് ഇവിടെ 3681 കിട്ടുന്നു.. സംഖ്യാനാം വാമതോ ഗതി അതുകൊണ്ട് അതിനെ തിരിച്ചിടുമ്പോൾ 1863 എഴുതിയ ഗ്രന്ഥം എന്ന് പറയുന്നു..

അതേ പോലെ ഇവിടെ നിധി എന്ന് പറഞ്ഞാൽ നവനിധി എന്ന അര്ഥം സ്വീകരിക്കുന്നു.. നവ ഗ്രഹദ്വാരനിധിപ്രദേശാ എന്ന് പറയുന്നു. അതായത് 9. കുലപദത്തിൽ തുടങ്ങുന്ന കുലാമൃതൈകരസിക എന്ന് തുടങ്ങി കുളരൂപിണി എന്ന് വരെ നാമങ്ങൾ 9 എന്നര്ഥം.

അടുത്തതാണ് അരുണ. അരുണ എന്നതിന് സൂര്യൻ എന്നര്ഥം. ആദിത്യൻ 12 എണ്ണമാണ്. അരുണാശ്രീയം എന്നത് കൊണ്ട് ശ്രീ എന്നതിൽ ആരംഭിക്കുന്ന 12 പേരുകൾ അതായത് ശ്രീമാതേ എന്ന് തുടങ്ങി ശ്രീശിവേ എന്ന് വരെയുള്ള 12 പേരുകൾ ശ്രീയിൽ തുടങ്ങുന്നത് ലളിതാസഹസ്രനാമത്തിൽ പറയുന്നു എന്നര്ഥം.

അടുത്തത് കാമരാജ. രാജ എന്നതിന് ജനപദം എന്ന അര്ഥത്തിൽ 16 ആണ്. അതായത് കാമപദത്തിൽ തുടങ്ങുന്ന കാമേശബദ്ധമാംഗല്യ എന്ന് തുടങ്ങി കാമകേളിതരംഗിത എന്ന 16 നാമങ്ങളെ ഉദ്ദേശിക്കുന്നു.

വി ദ്ധാംഗീ . വീണ്ടും ഇവിടെ കടപയാദി സംഖ്യാ സ്വീകരിക്കണം.. ധ എന്നത് കൊണ്ട് 9, ഗ എന്നത് കൊണ്ട് 3. ഇതിനെ തിരിച്ചെഴുതിയാൽ 39. അതായത് സഹസ്രനാമത്തിൽ വി എന്നതിൽ തുടങ്ങുന്ന വിശുക്രപ്രാണഹരണ എന്ന് തുടങ്ങി വിരാഗിണി എന്ന 39 നാമങ്ങളുണ്ട് എന്നര്ഥം സ്വീകരിക്കണം.

ത്രിഗുണാ. അതായത് ഗുണ എന്ന നാമത്തിൽ ഗുണനിധി ഗുണപ്രിയാ ഗുണാതീത എന്ന് മൂന്നുപേരുകൾ സഹസ്രനാമത്തിൽ തുടങ്ങുന്നു എന്നര്ഥം.

നി നുതാ. സംഖ്യാപ്രകാരം ന എന്നത് 0, ത എന്നത് 6. തിരിച്ചെഴുതുമ്പോൾ 60. അതായത് ലളിതാസഹസ്രനാമത്തിൽ നി എന്ന് തുടങ്ങുന്ന നിജാരുണ എന്ന് തുടങ്ങി നിരാലംബ വരെ 60 പേരുകളെ പറയുന്നു എന്ന് അര്ഥം സ്വീകരിക്കണം.

ഏകാന്താ. ഏകാന്ത എന്നതുകൊണ്ട് ത എന്നതിൽ തുടങ്ങുന്ന താംബൂലപൂരിതമുഖി എന്ന ഒരു പേരമാത്രം എന്നര്ഥം.

ബിന്ദുഗ. വീണ്ടും ഗ എന്നതുകൊണ്ട് 3 എന്നതുസ്വീകരിക്കണം. അതായത് ബിന്ദു എന്ന നാമത്തിൽ തുടങ്ങുന്ന ബിന്ദുമണ്ഡലവാസിനി ബൈന്ദവാസന ബിന്ദുതര്പണ സന്തുഷ്ടാ എന്നിങ്ങനെ 3 പേരുകൾ എന്നര്ഥം.

മഹാ രംഭാ. രംഭാ എന്നതിൽ ര എന്നത് കൊണ്ട് 2, ഭ എന്നതുകൊണ്ട് 4 തിരിച്ചെഴുതുമ്പോൾ 42. അതായത് മഹാ എന്നശബ്ദത്തിൽ തുടങ്ങുന്ന മഹാലാവണ്യ തുടങ്ങി മഹേശ്യ എന്ന് പറയുന്ന 42 നാമങ്ങൾ എന്നര്ഥം.

എല്ലാം ഒരുമിച്ച് പറയുകയാണെങ്കിൽ ത്രി എന്നതിൽ തുടങ്ങുന്ന 21 നാമങ്ങൾ, കുല എന്നതിൽ തുടങ്ങുന്ന 9 നാമങ്ങൾ, ശ്രീ എന്നതിൽ തുടങ്ങുന്ന 12 നാമങ്ങൾ, കാമ എന്നതിൽ തുടങ്ങുന്ന 16 നാമങ്ങൾ, വി എന്നതിൽ തുടങ്ങുന്ന 39 നാമങ്ങൾ, ഗു എന്നതിൽ തുടങ്ങുന്ന 3 നാമങ്ങൾ, നി എന്നതിൽ തുടങ്ങുന്ന 60 നാമങ്ങൾ, ത എന്നതിൽ തുടങ്ങുന്ന 1 നാമം, ബിന്ദു എന്നതിൽ തുടങ്ങുന്ന 3 നാമങ്ങൾ, മഹാ എന്നതിൽ തുടങ്ങുന്ന 42 നാമങ്ങൾ ഇവചെര്ത്ത് 206 നാമങ്ങളെ ആണ് ആദ്യത്തെ ശ്ലോകത്തിലൂടെ ആചാര്യൻ കാണിക്കുവാൻ ശ്രമിക്കുന്നത്. ലളിതാസഹസ്രനാമത്തിലെ നാമങ്ങളെ ഓര്ക്കുക എന്ന ക്ലിഷ്ടമായ കാര്യത്തെ ശ്ലോകരൂപത്തിലൂടെ സരളമാക്കുക എന്നതാണ് ഛലാക്ഷരസൂത്രങ്ങളിലൂടെ ഭാരതത്തിലെ ആചാര്യന്മാര് ചെയ്യുന്നത്.

ഈ അക്ഷരവിന്യാസം എന്തുകൊണ്ടെന്നും എന്താണ് ഇതിന്റെ പുറകിലെ രഹസ്യം എന്നും അത് എങ്ങിനെയെന്നും നാളെ തുടരാം. ഹരി ഓം.

No comments:

Post a Comment