Monday, May 26, 2014

എന്താണ് ശ്രീവിദ്യോപാസന..

എന്തിനെയാണ് നാം ദേവി എന്ന് വിളിക്കുന്നത്..എന്താണ് ശ്രീവിദ്യോപാസന..

.സരളമായി പറഞ്ഞാൽ വാക്കിന് കാരണമായിരിക്കുന്ന ശക്തി എന്ന് ദേവിയെ പറയാം..ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ ഏതൊരു വിദ്യകൊണ്ടാണോ ശരീരാവസ്ഥയിൽ തന്നെ മനുഷ്യന്റെ ദോഷങ്ങൾ അസ്തമിച്ച് സംതൃപ്തിയും ആനന്ദവും അനന്തമായ സത്യത്തിന്റെ അനുഭവവും ഉണ്ടാകുന്നത് ആ വിദ്യയാണ് ദേവി. ശരീരം മനസ്സ് ഇന്ദ്രിയം അഹങ്കാരം ഇവ ചേര്ന്ന മായയിൽ ജീവിക്കുന്ന മനുഷ്യനെ തരണം ചെയ്യിക്കുന്നവളായ ദേവിയെ താര എന്നും പറയുന്നു.. ശ്രീശങ്കരാചാര്യർ തന്നെ പറയുന്നു എനിക്ക് ദേവിയുടെ പേരുതന്നെ അറിയില്ല കാരണം എല്ലാത്തിനും കാരണമായിരിക്കുന്ന ഒരാളെ എന്ത് പേരുപറഞ്ഞു വിളിക്കും.

ലളിതാസഹസ്രനാമത്തിൽ പറയുന്നു..സൃഷ്ടികര്ത്രി-ബ്രഹ്മരൂപാ, ഗോപ്ത്രി- ഗോവിന്ദരൂപിണി, സംഹാരിണി-രുദ്രരൂപാ, തിരോധാനകരി-ഈശ്വരി, സദാശിവ-അനുഗ്രഹദാ പഞ്ചകൃത്യപരായണ. ലൌകികങ്ങളായ സൃഷ്ടി സ്ഥിതി സംഹാരം തിരോധാനം ഇവയിൽ നിന്ന് രക്ഷിക്കുന്നതാണ് അനുഗ്രഹം.. സദാശിവയായ ദേവി അനുഗ്രഹദായിയാണ്.. ഈ ശരീരം ഉള്ളപ്പോൾ തന്നെ രക്ഷനേടുന്നതിന് വേണ്ടിയാണ് അമ്മയെ ആശ്രയിക്കുന്നത് എന്നര്ഥം..

സ്വരൂപത്തെ അറിഞ്ഞ് സ്വധര്മത്തെ ചെയ്യുമ്പോളാണ് വിദ്യാ സ്വരൂപിണിയായ ദേവിയെ മനസ്സിലാക്കാൻ സാധിക്കു..അത് അറിയുന്നതിനുള്ള മാര്ഗം കൂടിയാണ് ദേവി ഉപാസന.. കര്മം ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ഒരെ ഒരാൾ തന്നെ എന്നുള്ള സത്യം അറിയുവാനുള്ള വഴി... മുക്തി എന്നത് നേടി എടുക്കാനുള്ളതല്ല അത് നമ്മുടെ ഉള്ളിൽ തന്നെ ഉള്ളതാണ് എന്നുള്ള ബോധം..

തപസ്സ് എന്നത് ഗുഹയിലോ കാട്ടിലോ പോയി ഇരിക്കലല്ല.. ഞാൻ എവിടെ നിന്നു വന്നു എന്നറിഞ്ഞ് ശുദ്ധമായ ആ ശ്രോതസ്സിനെ തപസ്വികൾ അറിയുകയാണ് ചെയ്യുന്നത്.. തപസ്സ് എന്നത് ആ മൂലത്തിൽ അടങ്ങലാണ്..ശ്രീമാതാ എന്നുതുടങ്ങി ശിവശക്ത്യൈക്യരൂപിണി എന്ന് അവസാനിക്കുന്ന സഹസ്രനാമത്തിലൂടെ അമ്മയിലൂടെ അച്ഛനെ അറിയുവാൻ ശ്രമിക്കുകയാണ് നാം ചെയ്യുന്നത്.. ശിവയിലൂടെ ശിവസായൂജ്യം.. നാദം ബിന്ദു കല ഇവയിൽ ബിന്ദുസ്ഥാനത്തിരിക്കുന്ന ഞാൻ എന്ന ഭാവത്തെ നശിപ്പിച്ച് ശിവസായൂജ്യം നേടാനുള്ള മാര്ഗം ആണ് ഇത്.. ഉറങ്ങുന്നതിനും, എണീക്കുന്നതിനും, സ്മൃതിയ്കം ബുദ്ധിയ്കും എല്ലാത്തിനും കാരണഭൂതമായിരിക്കുന്ന ദേവി തന്നെയാണ് നാം എന്ന് അറിയുക..നാം കാണുന്ന പ്രപഞ്ചം ദേവിയുടെ പ്രത്യക്ഷസ്വരൂപം ആണ്.. സാധന ചെയ്യുന്നത് ചിത്തശുദ്ധിക്കാണ്.. ഇവിടെ വേണ്ടത് എന്തിനെയാണോ നാം ആശ്രയിക്കുന്നത് ആ ശക്തിയിലുള്ള ശരണാഗതിയാണ്..

न मोक्षस्याकांक्षा न च विभववात्र्छापि च न मे। न विज्ञानापेक्षा शशिमुखि सुखेच्छापि न पुन:। अतस्वां संयाचे जननि जननं यातु मम वै। मृडानी रुद्राणी शिवशिव भवानीति जपत:. 

എനിക്ക് മുക്തിയ്കുള്ള ആഗ്രവും ഇല്ല..സ്വത്ത് സമ്പാദിക്കണം എന്നുള്ള ആഗ്രവുമില്ല..അറിവു നേടണമെന്നുമുള്ള ആഗ്രവുമില്ല..സ്ത്രീസുഖമോ പുരുഷസുഖമോ അനുഭവിക്കണമെന്നുള്ള ആഗ്രവുമില്ല..ഞാൻ ഇനി ജനിക്കണ്ടിവന്നാലും കുഴപ്പമില്ല, എന്റെ മൂലസ്ഥാനമായ എന്റെ അച്ഛനും അമ്മയും ബന്ധുവും എല്ലാമായ ആ ശക്തിയെ ആശ്രയിച്ചുകൊണ്ട് ആ പേരു ജപിച്ചുകൊണ്ട് ആനന്ദമായി ഇരുന്നുകൊള്ളാം.. ഇതാണ് ദേവി ഉപാസന.

അമ്മയുടെ കയ്യിൽ പിടിച്ച് നാം നടക്കുന്നതിനു പകരും ജീവിതത്തിൽ എന്ത് സംഭവിച്ചാലും ആ അമ്മയുടെ ഇച്ഛതന്നെയാണ് എന്ന് സ്വീകരിച്ച് അമ്മയുടെ കയ്യിലേക്ക് സ്വയം അര്പിക്കുക.. ശരണാഗതി.. ഇതാണ് ഉപാസന...

No comments:

Post a Comment