Monday, May 26, 2014

സന്ധ്യാദീപംഗൃഹാനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സന്ധ്യാദീപം. വാസ്തു വിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതിൽ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലേയും സന്ധ്യാ സമയങ്ങളിലുമാണ് സാധാരണയായി നിലവിളക്ക് കൊളുത്താറുള്ളത്. सम्यक् एकाग्रतां प्राप्नुवन्ति धिया चित्तवृत्तयः यस्यां सा सन्ध्या। എന്നു വച്ചാൽ ഏറ്റവും കൂടുതൽ ഏകാഗ്രത കിട്ടുന്ന സമയം ആണ് സന്ധ്യാ സമയം. അതുകൊണ്ട് തന്നെ ആണ് ആ സമയം സന്ധ്യാജപം ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്..

സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കിൽ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. വെറും നിലത്തിരുന്ന് ധ്യാനം, ജപം ഇവ അരുത്. പുല്‍പ്പായ, കബളം, പലക അങ്ങനെ ഏതെങ്കിലും ഒന്നിലിരുന്നേ പാടുള്ളൂ. ധ്യാനം, ജപം ഇവകൊണ്ട് മനുഷ്യശരീരത്തിനു ലഭിക്കുന്ന ഊര്‍ജം നഷ്ടപ്പെടാത്തിരിക്കനാണിത്.

ഗൃഹത്തിൽ വിളക്കുവയ്ക്കുമ്പോൾ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികൾ വീതമിടണം. തിരികൾ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു. പ്രാണികളും മറ്റും ചാത്തുകിടക്കുന്നതും മുടിയിഴകൾ കെട്ടുപിണഞ്ഞുകിടക്കുന്നതും അശുദ്ധവുമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.
സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് പ്രാര്‍ഥിക്കുക

ശുഭം കരോതു കല്യാണം ആരോഗ്യം സുഖസമ്പദഃ, ദ്വേഷബുദ്ധി വിനാശായ- സന്ധ്യാദീപം നമോസ്തുതെ
ദീപോ ജ്യോതി പരം ജ്യോതി-ദീപോ ജ്യോതിർജനാര്‍ദ്ദന ദീപോ ഹരതു മേ പാപം ദീപോ ജ്യോതിർനമോസ്തുതേ......

നിലവിളക്കു പീഠത്തിനു മുകളിൽ പ്രതിഷ്ഠിക്കണം...നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും എന്നാണ് പറയുന്നത്..
ഏകവര്തിര്മഹാവ്യാധി, ദ്വിവര്ത്തിസ്തു മഹദ്ധനം, ത്രിവര്തിര്മോഹമാലസ്യം, ചതുർവര്തിര്മഹാരതിഃ., പഞ്ചവര്തിസ്തു ഭദ്രം സ്യാത്.
ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി മോഹവും ആലസ്യവും നാലുതിരി രതിയേയും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. തിരി കൊളുത്തുമ്പോൾ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു എടുക്കണം.. കിണ്ടിയിൽ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോൾ കിണ്ടിയുടെ വാൽ കിഴക്കോട്ടു വരണം.

എണ്ണമുഴുവൻ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാൻ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം. ഊതി അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. ഒരു ജ്വാലയെങ്കിൽ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളിൽ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളിൽ ശിവനുമെന്ന രീതിയിൽ ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാൽ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.

സന്ധ്യാദീപം കത്തിക്കുന്നതിൽ ഭാരതത്തിൽ ഓരോ സ്ഥലങ്ങളിലും ഓരോ ആചാരങ്ങളും പല അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്.. ഇതിൽ നിന്ന് വ്യത്യാസമായ അഭിപ്രായങ്ങളോ അറിവോ ഉണ്ടെങ്കിൽ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.

No comments:

Post a Comment