Saturday, February 3, 2018

ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി

ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി...അറിയാതെ പോകുന്ന ആചാര്യപരമ്പരകൾ...
കേരളത്തിൽ അസംഖ്യമായി കാണപ്പെടുന്ന സര്പാദി വിഷജന്തുക്കളുടെ ഉപദ്രവത്തെ തടുക്കുന്നതിനും പരിഹരിക്കുന്നതിനും വിഷചികിത്സയിൽ കുടുംബ പാരമ്പര്യം വഴിയും, ശിഷ്യപരമ്പരാമാര്ഗ്ഗമായും ഉപദേശപാടവം സിദ്ധിച്ച യോഗ്യരായ ആചാര്യന്മാരാർ കേരളത്തിൽ അനേകം പേരുണ്ട്. ജ്യോത്സ്നികാ എന്ന ഗ്രന്ഥം എഴുതിയതെന്നു പറയുന്ന പ്രസിദ്ധനായ കാരാട്ടു നമ്പുതിരിയും, അതുപോലെ കൊടുങ്ങല്ലൂരിൽ ചേന്നാട്ടു കൊച്ചുണ്ണിമേനോൻ ആശാന്റെ ശിഷ്യന്മാരായിരുന്ന അലങ്കാരത്തു നാരായണമാരാര്, രാമ മാരാര്, കൃഷ്ണൻ നായർ തുടങ്ങി അസംഖ്യം പേർ വിഷവൈദ്യവിഷയത്തിൽ മന്ത്രം കൊണ്ടും ഔഷധം കൊണ്ടും പ്രസിദ്ധി നേടിയവരാണ്.
ആന ചികിത്സാ ഗ്രന്ഥമായ പാലകാപ്യത്തിന്റെ പഠനത്തിനിടയിൽ ആണ് ആറാം തമ്പുരാന്റെ ഗുരുനാഥനായ ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി എന്ന പേരുകേട്ടത്. ആ സമയം പെട്ടെന്ന് ആ പേരു ഓര്മ്മ വന്നില്ലായെങ്കിലും അദ്ദേഹത്തിന്റെ വിഷവൈദ്യപാരമ്പര്യത്തെ കുറിച്ചും, വിഷവൈദ്യസാരസമുച്ചയം എന്ന ഗ്രന്ഥവും ഉണ്ണികൃഷ്ണമാമ കാണിച്ചു തന്നപ്പോഴാണ് പരിചിതമായ പേരുകളിലൊന്നാണെന്ന് മനസ്സിലായത്.. കാരണം വിഷചികിത്സാ പഠന സമയം ഉപയോഗിച്ചിരുന്നവയാണ് വിഷനാരായണീയം, ജ്യോത്സ്നിക, വിഷവൈദ്യസാരസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങൾ..
സംസ്കൃത പണ്ഡിതനും അതിലുപരി പഠന പാഠനത്തിൽ അദ്വിതീയനുമായിരുന്ന ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി എന്ന വിഷവൈദ്യശിരോമണിയെ കുറിച്ച് പറയുവാൻ ഞാനളല്ലാത്തതുകൊണ്ട് തന്നെ യശശ്ശരീരനായ വൈദ്യമഠത്തിലെ വലിയ നാരായണൻ നമ്പൂതിരി അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ചേര്ക്കുന്നതാകും ഉചിതം.
ചിരകാലത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സിദ്ധിച്ച വിജ്ഞാന സമ്പത്തിനെ അര്ഥികള്ക്കു പ്രദാനം ചെയ്യുക എന്ന സത്പ്രവൃത്തിയിൽ നിരതനായി ഒതുങ്ങിയ നിലയിൽ ജീവിക്കുന്ന ശ്രീ.ചെറുകുളപ്പുറം ആര്ക്കും ആദരണീയനും അനുകരണീയനും ആണ്. വേദത്തിൽ വൈദഗ്ദ്ധ്യം നേടുകയും സംസ്കൃതത്തിൽ നല്ല വ്യുത്പത്തിയും തര്ക്കം, പൂർവോത്തര മീമാംസകൾ എന്നീ ശാസ്ത്രങ്ങളിൽ തികഞ്ഞ പാണ്ഡിത്യവും അദ്ദേഹത്തിന് ഉണ്ട്. വൈദ്യശാസ്ത്രത്തിന്റെ സാമാന്യ ജ്ഞാനത്തിന് ശേഷം സുപ്രസിദ്ധനായ താമറ്റൂരു മനയ്കൽ നാരായണൻ നമ്പൂതിരിയുടെ അടുക്കൽ നിന്ന് വിഷവൈദ്യവും ബാലചികിത്സയും നിഷ്കര്ഷമായി പഠിക്കുകയും പരിചയിക്കുകയും ചെയ്തു. വിഷവൈദ്യത്തിൽ വളരെ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ചികിത്സാ പാടവം ഇദ്ദേഹത്തിന്റെ ഔഷധപ്രയോഗം കൊണ്ടു അസുഖം ഭേദമായവരുടെ അനുഭവം തന്നെ സാക്ഷിയാണ്. പാമ്പുകടിയേൽക്കാതിരിക്കുവാൻ വേണ്ടി ആറാം തമ്പുരാന് കല്ലു വച്ച മോതിരം ഉണ്ടാക്കികൊടുത്തതും ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പര മാത്രം മതിയാകും ഗുരുനാഥനെന്ന നിലയിൽ ഇദ്ദേഹത്തിന്റെ വൈശിഷ്ട്യം മനസ്സിലാക്കുവാൻ..സാക്ഷാത് ആറാം തമ്പുരാനും, വിഷസാരസമുച്ചയത്തിന്റെ തന്നെ ഭാഷാവ്യാഖ്യാനം രചിച്ച ശ്രീ. വള്ളൂരു മനയ്കൽ ചെറിയ ശങ്കരൻ നമ്പൂതിരിയും ഉള്പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പര.
കേരളത്തിലെ സരസ്വതീക്ഷേത്രമെന്നു പ്രസിദ്ധവും പുരാതനകാലം മുതൽ തന്നെ സുപ്രസിദ്ധവുമായ കൂടല്ലൂർ മനയ്കലെ ശിഷ്യപരമ്പരയിലെ പണ്ഡിതന്മാരിൽ ഏതാണ്ട് ഒടുവിലത്തെ വ്യക്തിയെന്നും വിശേഷിപ്പിച്ചുകൊണ്ടുമാണ് വലിയ നാരായണൻ നമ്പൂതിരി അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ആയുർവേദത്തിന്റെ എട്ടംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷചികിത്സ. പലഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന വിഷവൈദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംഗ്രഹിച്ചു പഠനയോഗ്യമായ നിലയിൽ എഴുതിയ ചെറിയ സ്വതന്ത്രവിഷചികിത്സാ ഗ്രന്ഥം കൂടിയാണ് വിഷസാരസമുച്ചയം. മുന്നൂറിൽ പരം സംസ്കൃത ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ പൂർവാര്ദ്ധത്തിൽ വിഷത്തെ കുറിച്ചും ഉത്തരാര്ദ്ധത്തിൽ വിഷചികിത്സയെകുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. പ്രാചീന ഗ്രന്ഥങ്ങളിൽ സാമാന്യമായി വിഷചികിത്സയെ വിഷവിദ്യയെന്നും വിഷവൈദ്യമെന്നും രണ്ടായി പറയാറുണ്ട്. വിഷവിദ്യ മന്ത്രപ്രധാനമായതുകൊണ്ടും സാമാന്യമായി വിവരിക്കുക പതിവില്ല. പ്രത്യേകിച്ച് മന്ത്രങ്ങളിലുള്ള വിശ്വാസം കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ അതിനെ പറ്റി പറയുക എന്നത് വൃഥാലാപം എന്നതുമാത്രമല്ല, ആ വിഷയത്തിന്റെ സാധനാദികളിൽ പ്രവര്ത്തിക്കുന്നതിന് ആരും തന്നെ തെയ്യാറാകുന്നുമില്ലായെന്നതുമാണ് സത്യം.
മഹത്തുക്കളും ആചാര്യവര്യന്മാരുമായ അനേകായിരം പേര് സഞ്ചരിച്ച ഈ പന്ഥാവിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നപോലെ സഞ്ചരിക്കാൻ സാധിക്കുന്നു എങ്കിൽ അത് ആ പരമ്പരയുടേയും ജഗദീശ്വരിയായ അമ്മയുടേയും അനുഗ്രഹം മാത്രം. ശ്രീ ഗുരുഭ്യോ നമഃ.

No comments:

Post a Comment