Saturday, February 3, 2018

ബ്ലാക്ക് വെൽ പബ്ലിഷേഴ്സിന്റെ എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി

ആനചികിത്സാ ഗ്രന്ഥത്തിൽ ഇന്ന് ലഭ്യമായതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് അറിയപ്പെടുന്നത് ബ്ലാക്ക് വെൽ പബ്ലിഷേഴ്സിന്റെ എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി എന്ന ഗ്രന്ഥമാണ്.. ഇന്റർനാഷണൽ ലെവലിലുള്ള സ്കോളേഴ്സ് ആനകളെ കുറിച്ച് നടത്തിയ റിസര്ച്ച് പേപ്പേഴ്സ് ആണ് മുഴുവനായും ഇതിൽ ഉള്ളത്..
ഇതിൽ മിഷേൽ മില്ലർ എന്ന സ്കോളർ എഴുതിയതാണ് ആനകളുടെ നെർവസ് സിസ്റ്റത്തെ കുറിച്ച് . അദ്ദേഹം ആകട്ടെ, ഡിസ്നീസ് ആനിമൽ കിങ്ങ്ഡം, ഡിപ്പാര്ട്ട് മെന്റ് ഓഫ് വെറ്റിനറി സർവീസിൽ ആണ് . ഇതിൽ അദ്ദേഹം പറയുന്നത് there are 12 pairs of carnial nerves and 40 pairs of spinal nerves in the Asian elephant. റിസര്ച്ച് നോട്ടായതുകൊണ്ടാകാം നെർവസ് സിസ്റ്റത്തെ കുറിച്ച് അധികം പറഞ്ഞിട്ടില്ല ആകെ രണ്ട് പാരഗ്രാഫ് എഴുതി പിന്നീട് അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചാണ് പറയുന്നത്..
ഇനി നമുക്ക് രാമായണകാലീനമായ പാലകാപ്യം നോക്കാം..ഇതിൽ മര്മ്മവിദ്ധോദ്ധ്യായഃ എന്ന അദ്ധ്യായം തന്നെയുണ്ട്. ഇതിൽ ആനയുടെ കുംഭത്തിന്റെ അവിടെ തുടങ്ങി അതായത് പ്രവേപണം എന്ന മര്മ്മത്തിൽ തുടങ്ങി നൂറ്റി ഏഴു മര്മ്മങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. അതിനെ തന്നെ സദ്യപ്രാണഹരം, കാലാന്തര പ്രാണഹരം, സശല്യപ്രാണം, വൈഗുണ്യകരണെന്നും നാലുതരത്തിൽ വിഭാഗീകരിച്ച് അതിന്റെ സ്ഥാനം പറയുന്നു. പിത്തത്തിന്റെ അഥവാ തേജസ്സിന്റെ ഗുണത്തോടു കൂടിയത് സദ്യപ്രാണഹരങ്ങളായവയായും, പിത്തകഫ ഗുണത്തോടു കൂടിയത് കാലാന്തര പ്രാണഹരങ്ങളാണെന്നും, വായുവിന്റെ ഗുണമായത് സശല്യപ്രാണമെന്നും കഫഗുണമായത് വൈഗുണ്യകരമായും ആചാര്യൻ ലക്ഷണത്തോടു കൂടി വിശദീകരിച്ചു പറയുന്നു.
ഉദാഹരണത്തിന് സദ്യപ്രാണഹരങ്ങളായ മര്മ്മങ്ങളുടെ സ്ഥാനങ്ങളും അതിന്റെ ലക്ഷണത്തോടു കൂടി മുപ്പത്തിനാലെണ്ണമാണ് എന്ന് പറയുന്നുണ്ട്. ഇതുപോലെ മറ്റുള്ളതും.. കൂര്മ്മഭാഗം, ത്രസ്ഥി, തലസ്ഥന്ധികൾ, വിക്ഷോഭം ഉരസ്സ്, യതസ്ഥാനം, നിര്യാണം, കുംഭം, ക്ഷീരികം, പുരസ്കാരം ഇങ്ങിനെ ഇരുപത്തിയഞ്ചമര്മ്മങ്ങൾ ക്ഷതം പറ്റിയാൽ കാലാന്തരപ്രാണഹരണങ്ങളായി ഭവിക്കും..ഇതുകൂടാതെ സിരാമര്മ്മം, അസ്ഥിമര്മ്മം, ധമനീമര്മ്മം സ്നായു മര്മ്മം കോഷ്ഠമര്മ്മം സന്ധിമര്മ്മം സ്രോതോമര്മ്മം ദോഷമര്മ്മം എന്നിങ്ങനെ ആശ്രയാടിസ്ഥാനമായും ഇതിനെ വിവരിക്കുന്നു. സിരാമര്മ്മങ്ങളെ ആശ്രയിച്ചും സ്നായുക്കൾ നിറയപ്പെട്ട സ്ഥലത്തും മുറിക്കുമ്പോൾ ചിന്തിക്കേണ്ട വിഷയങ്ങളും ശസ്ത്രത്തെ പ്രയോഗിക്കേണ്ട രീതിയും വരെ ചികിത്സാ ഭാഗത്ത് വിവരിക്കുന്നുണ്ട്.
ഉദാഹരണത്തിന് ആനയുടേയും കുതിരയുടേയും മനുഷ്യന്റേയും എല്ലാം ശരീരത്തെ അറിഞ്ഞ് വേണം ശസ്ത്രപാതത്തെ ചെയ്യണമെന്ന് ഉപദേശിക്കുന്ന ആചാര്യൻ, മുറിക്കേണ്ടത് വ്രീഹീമുഖശസ്ത്രം കൊണ്ടും, ചുരണ്ടി ശരയാക്കൽ മണ്ഡലാഗ്രശസ്ത്രം കൊണ്ടും, സ്രവിപ്പിക്കേണ്ടത് കുഠാരശസ്ത്രം വസ്ത്രദന്തം ഇവ കൊണ്ടും ചെയ്യണം എന്നും പറയുന്നു. തുന്നൽ രണ്ടു വിധത്തിലുണ്ട്, അതാകട്ടെ ഗുണവത്തായിട്ടും ഗ്രന്ഥിമത്തായിട്ടും, സ്ഥിരവും അവകാശമുള്ള ദിക്കിൽ ഗ്രന്ഥിസീവനമാണ് വേണ്ടത്. മാംസളങ്ങളായ അവകാശങ്ങളുള്ള ദിക്കിലും ചലനങ്ങളിലുള്ള പ്രദേശങ്ങളിലും മൃദുവായ സന്ധികളിലും ഗുണസീവനം ആണ് വിധിച്ചിരിക്കുന്നത്. വയറ്റിലും, കഴുത്തിലും, പക്ഷങ്ങളിലുമുള്ള സന്ധികളിലും നാഗദന്ത സൂചികൊണ്ടുള്ള തുന്നലാണ് ഹിതകരം. യുദ്ധത്തിൽ വികൃതമാക്കട്ടെ ആനകള്ക്കും പെട്ടെന്ന് മുറിവ് പറ്റിയ ആനകള്ക്കും തുന്നൽ വിധിച്ചിട്ടുണ്ട്. അവകാശങ്ങളിലും സ്രവിക്കുന്ന ആനകള്ക്ക് സന്ധാനീയങ്ങളായ അഥവാ കൂടിചേരുവാനുതകുന്നവയാണ് ചെയ്യേണ്ടത്..ഇപ്രകാരം ശസ്ത്രക്രിയാ വിധിയും അതിന്റെ തുടര്ക്കാര്യങ്ങളും ആചാര്യൻ വ്യക്തമായി പറയുന്നു.
ഇനി ചോദ്യം എന്താണെന്ന് ആണെങ്കിൽ....
ആനകളുടെ ശരീരത്തിന്റെ ഓരോ ഭാഗത്തേയും, മര്മ്മങ്ങളേയും സൂക്ഷ്മതയോടു കൂടി മനസ്സിലാക്കി അതിന്റെ ആശ്രയങ്ങളെ വരെ ചിന്തിച്ച്, മര്മ്മങ്ങളേയും അതിനോടനുബന്ധിച്ചുള്ള ശസ്ത്രക്രിയാ കര്മ്മങ്ങളേയും, അനന്തരം ചെയ്യേണ്ട ശുശ്രൂഷ വരെ ഇത്രയും കൃത്യമായി പറയുന്ന ഗ്രന്ഥങ്ങളെല്ലാം ഉണ്ടായിട്ടും.. അതും രാമായണ കാലീനമായ പാലാകാപ്യത്തിൽ പോലും.. എന്തുകൊണ്ടാണ് ഏതൊ വിവരമില്ലാത്ത മഹര്ഷിമാർ എന്തോ വിവരമില്ലാതെ എഴുതിവച്ചതാണെന്ന് ഇതെല്ലാം എന്ന് കേള്ക്കേണ്ടിവരുന്നത്.. ഏതൊരു പുസ്തകം എടുത്താലും ഇത് സ്വദേശീയമോ വിദേശീയമോ ആകട്ടെ, ആനയുടെ വിഷയത്തിൽ ആരോടു സംസാരിച്ചാലും മാതംഗലീലയുടേയും പാലകാപ്യത്തിന്റേയും പേരു പറയും.. പക്ഷെ നമ്മുടേത് എന്ന് അഭിമാനിക്കേണ്ട ഗ്രന്ഥങ്ങൾ ഭാരതത്തിൽ തന്നെ ഉണ്ടെന്നിരിക്കെ ഇതെ വിഷയത്തിൽ ഇപ്പോഴും എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി, എലിഫന്റ് ഫൂട്ട്, എലിഫന്റ് ഫാക്റ്റ് ആന്റ് ഫെബിള്സ്, എലിഫന്റ് ആന്ഡ് ദെയർ ഡിസീസ് തുടങ്ങിയ ഗ്രന്ഥങ്ങൾ വാങ്ങി പഠിക്കേണ്ടി വരുന്നു എന്നതാണ് ഗതികേട്.. എന്തുകൊണ്ടാണ് ഇന്നും ഒരു കൃത്യമായ ഗ്രന്ഥം ഭാരതത്തിൽ ഈവിഷയത്തിലില്ലാത്തത്.. റിസർച്ച് വർക്കിന് സപ്പോർട്ടില്ലാത്തത്...
ആരോടാണ് ഇതൊക്കെ പറയേണ്ടത്..സാമാന്യര്ക്ക് താങ്ങാനാകുന്നതിലും വലുതാണ് ഇത്തരം റിസര്ച്ച് വര്ക്കുകൾ.. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവർ പോലും പുറകോട്ടു മാറുകയെ നിവര്ത്തിയുള്ളു.. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നത് സ്വീകരിച്ചുകൊണ്ട് വെറ്റിനറി സയന്സ് പഠിക്കുന്ന പ്രത്യേകിച്ച് ആനചികിത്സ പഠിക്കുന്ന വിദ്യാര്ഥികള്ക്കും ഒപ്പം ആനക്കും കുറച്ചു ഗുണകരമാകും എന്നു വിചാരിച്ച് എന്തെങ്കിലും ചെയ്യുക എന്നതേ നിവൃത്തിയുള്ളു.. ഹരി ഓം..

No comments:

Post a Comment