Saturday, February 3, 2018

നവരാത്രി..ഒരു വിചിന്തനം..

നവരാത്രി..ഒരു വിചിന്തനം..
നവരാത്രി ദിവസങ്ങളിലെ വ്യത്യസ്തങ്ങളായ ദേവതാ ഭാവങ്ങളെ ശരീരവിചിന്തനം ചെയ്യാനാകുമോ എന്ന് ഒരു സുഹൃത്ത് സംശയമായി ചോദിച്ചു....പ്രത്യേകിച്ച് ശൈലപുത്രിയേയും കൂഷ്മാണ്ഡയേയും എല്ലാം സൂക്ഷ്മമായി ചിന്തിക്കുക എന്നതും വിവരിക്കുക എന്നതും അസാധ്യവുമാണ്. ഓരോ തലമെത്തുമ്പോഴും ഗുരുനാഥന്മാരാണ് ഇതിലെ സൂക്ഷ്മതലങ്ങളെ നിർവചിച്ചു തരിക.. എഴുതുന്നതിനുള്ള പരിമിതിയുള്ളതുകൊണ്ട് തന്നെ വിഷയം പൂര്ണമാക്കുക സാധ്യവുമല്ല. എന്നിരുന്നാലും ഇതും തത്ത്വബോധത്തിനുള്ള വഴിയാണ് എന്ന് മനസ്സിലാക്കാനുപകരിക്കും.. വിഷയവ്യാപ്തിയുള്ളതുകൊണ്ട് തന്നെ പോസ്റ്റ് വലുതാകുക സ്വാഭാവികം..നാമാര്ഥം, ശബ്ദരൂപാര്ഥം, നാമൈകദേശാര്ഥം, സമസ്താര്ഥം, സഗുണാര്ഥം, നിഗര്ഭാര്ഥം, രഹസ്യാര്ഥം ഇങ്ങിനെ ഒരുപാടു തരത്തിൽ പറയാറുണ്ട്.. ഇവിടെ നാമാര്ഥവാചിത്വവും ശബ്ദരൂപാര്ഥവും ഏകദേശാര്ഥവും മാത്രമാണ് അറിയുന്നതുപോലെ യോജിപ്പിക്കുവാൻ ശ്രമിച്ചിട്ടുള്ളത്.. തെറ്റുസംഭവിച്ചു എങ്കിൽ അറിവുള്ളവർ സദയം ക്ഷമിക്കുക..
ദേവതാഭാവം പറയുന്നതിനു മുന്പ് ആദ്യമെ ചിന്തിക്കേണ്ടത് നവരാത്രി എന്താണ് എന്നാണ്..
നവരാത്രിവ്രതം എന്നാണ് പറയുന്നത്.. വ്രതം എന്നാൽ വ്രിയതെ ഇതി വ്രതഃ. വരിക്കുന്നതാണ് വ്രതം..സ്വയം വരിക്കുന്ന അല്ലെ വരിക്കപ്പെടേണ്ട ഒന്നാണ്.. ഇനി നവരാത്രം എന്ന ശബ്ദത്തെ നോക്കിയാൽ നവാനാം രാത്രീണാം സമാഹാരഃ. തത് സാധനത്വേനാസ്ത്യസ്യേതി. അതായത് ഒന്പതു രാത്രികലിലെ സാധനയാണ് നവരാത്രം എന്ന് മനസ്സിലാക്കാമല്ലോ..
ഇതിൽ ഒന്പതു ദേവിമാരെയാണ് പൂജിക്കുന്നത്.. ശൈലപുത്രീ, ബ്രഹ്മചാരിണീ, ചന്ദ്രഘണ്ടാ, കുഷ്മാണ്ടീ, സ്കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൌരീ, സിദ്ധിദാ, അവസാനത്തെ ദുര്ഗാ...ഇതിന്റെ തത്ത്വത്തെ യോജിപ്പിച്ചു നോക്കാം..
ആദ്യം ശൈലപുത്രിയാണ്.. ശൈലശബ്ദത്തെ പർവതമായി സ്വീകരിച്ചതുകൊണ്ടാണ് ആദ്യമേ സംശയം വരുക. നമുക്ക് വ്രതത്തെ ചിന്തിച്ചാൽ ചേരുക പർവതം അല്ല ജപാദികളാണ്.. അപ്പോൾ ശൈലശബ്ദം വ്രതാര്ഥവുമായി ചേരുമ്പോഴേ പൂര്ണമാകൂ.. ശീലം എന്ന വാക്കുകേട്ടുകാണുമല്ലോ.. അത് വന്നിരിക്കുന്നത് ഏതിൽ നിന്നാണ് എന്നറിയാമോ.. ശീല സമാധൌ. യഃ ശീലതി സദാ ധര്മ്മമിതി, അതായത് ആരാണോ എല്ലായിപ്പോഴും ധര്മ്മത്തെ ചെയ്യുവാൻ ശീലിക്കുന്നത് അതാണ് ശീലം. അത് സാമാന്യമായി പതിമൂന്നു തരത്തിലാണ്. ബ്രഹ്മണ്യതാ, ദേവപിതൃഭക്തതാ, സൌമ്യതാ, അപരോപതാപിതാ, അനസൂയതാ, മൃദുതാ അപാരുഷ്യം, മൈത്രതാ, പ്രിയവാദിത്വം, കൃതജ്ഞതാ, ശരണ്യതാ, കാരുണ്യം, പ്രശാന്തി എന്നിങ്ങനെ പതിമൂന്നു തരത്തിലാണ്.. ഇതാണ് ശീലം..ഇതിൽ നിന്നുണ്ടാകുന്ന ഭാവമാണ് ശൈലം. ഇനി ശീലത്തിന്റെ ധാത്വര്ഥരൂപമായ സമാധിയുയെ അര്ഥത്തെ നോക്കിയാൽ നോക്കിയാൽ ഏകാഗ്രതയോടു കൂടി മനസിന്റെ സ്ഥാപനം. ഇന്ദ്രിയ നിരോധനം എന്നു തന്നെ ആചാര്യന്മാർ പറയുന്നു. വ്രതത്തിന്റെ ആദ്യപടിയും അതു തന്നെ..അടുത്തത് പുത്രീ ശബ്ദമാണ്..
പുത്രീ ശബ്ദം സാമാന്യമായി പുത്രശബ്ദത്തെ പോലെ തന്നെ പൂ എന്ന ധാതുവിൽ നിന്നാണ് വന്നിരിക്കുന്നത്. പുത് എന്ന നരകത്തിൽ നിന്ന് ത്രാണനം ചെയ്യുന്നത് എന്നെല്ലാമാണ് ഇതിന് സാമാന്യം അര്ഥം പറയാറുള്ളത്..ശരിക്കും പൂ എന്ന ധാതുവിന് ശോധ എന്നാണ് അര്ഥം പറയുന്നത്, ശോധനം എന്നാൽ ശുദ്ധീകരണം.. എന്താണ് ആ ശുദ്ധീകരണം..പ്രത്യേകിച്ച് വ്രതഭാഗത്ത്...
അഭക്ഷ്യപരിഹാരസ്തു സംസര്ഗശ്ചാപ്യനിന്ദിതൈഃ.
സ്വധര്മ്മേ ച വ്യവസ്ഥാനം ശൌചമേതത് പ്രകീര്ത്തിതം.
സത്യശൌചം മനഃശൌചം ശൌചമിന്ദ്രിയനിഗ്രഹഃ.
സർവഭൂതദയാശൌചം ജലശൌചന്തു പഞ്ചമം
അതായത് ഭക്ഷ്യങ്ങളല്ലാത്ത വസ്തുക്കളെ കഴിക്കാതെ ഇരിക്കുക, നിന്ദ്യമായ സംസര്ഗത്തെ ഉപേക്ഷിക്കുക സ്വധര്മ്മത്തെ ആചരിക്കുക ഇവയാണ് ശൌചം. ഇതുകൂടാതെ സത്യം, മനസ്, ഇന്ദ്രിയനിഗ്രഹം, സർവഭൂതദയ, ജലം എന്നീ അഞ്ചു ശൌചങ്ങളോടു കൂടി പൂര്ണമായി ശുദ്ധിയുണ്ടാക്കുക.. അപ്പോൾ ആദ്യത്തെ ദിവസത്തെ വ്രതചര്യ എന്നതുകൊണ്ട് സമാധിസ്വരൂപമായ ശീലത്തെ സ്വീകരിച്ച് ശുദ്ധിയെ ഉണ്ടാക്കുക.
ദേവതാഭാവത്തിൽ ചിന്തിക്കുന്നവര്ക്ക് ദേവി ധരിച്ചിരിക്കുന്ന ഗുണസ്വരൂപത്തെ ആശ്രയിച്ചും ഇതിൽ യോജിപ്പിക്കാവുന്നതാണ്.. സാമാന്യമായി ദശഭേദത്തേയും വിശേഷഭേദത്തേയും ആശ്രയിക്കണമെന്നാണ് പറയുന്നത്. ഉദാഹരണത്തിന് ത്രിഗുണം, ശക്തി, ഖഡ്ഗം, ദുര്ഭേദ്യ, അനുഗ്രഹം, വിധി, മായാ, വിവരണം, വര്ണ്ണം, സംഹാരം എന്നിങ്ങനെ ഈ ഗുണങ്ങൾ പത്തുതരത്തി ലാണുള്ളത്. ത്രിഗുണം കൊണ്ട് ശൂലത്തെ ഗ്രഹിക്കുന്നു. പരശു കൊണ്ട് ശക്തിയേയും, ഈശ്വരപ്രതാപം ഖഡ്ഗം കൊണ്ടും, ദുര്ഭേദ്യസ്ഥലഗ്രഹണം വജ്രം കൊണ്ടും, ഈശ്വര ന്റെ അനുഗ്രഹം അഭയമുദ്രയെ കൊണ്ടും, വിധിയെ നാഗം കൊണ്ടും, മായയെ പാശം കൊണ്ടും, അംകുശം കൊണ്ട് വിവരണത്തേയും, വര്ണ്ണപദം കൊണ്ട് നാദത്തേയും, സംഹാരശബ്ദം കൊണ്ട് അഗ്നിയേയും ഗ്രഹിക്കുന്നു. ഇതുപോലെ ധരിച്ചിരിക്കുന്നതും വാഹനത്തേയും എല്ലാം ചിന്തിച്ച് അതിന്റെ തത്ത്വത്തെ ബോധിക്കണമെന്നാണ് നീയമം. എങ്ങിനെയെന്നാണെങ്കിൽ ദേവിയുടെ വാഹനം.. ഋഷഭം ആണ്.. ഋ ഗതൌ എന്നാണ്.... ഈ രീതിയിൽ ഗമനസ്വരൂപമായ വാതത്തെ യോജിപ്പിച്ച് തത്ത്വത്തെ സ്വീകരിച്ചുകൊള്ളണം.
രണ്ടാമത് ബ്രഹ്മചാരിണീ.. തപശ്ചരിണീ അപര്ണാ എന്നും ഉമയെന്നും വിളിക്കുന്നത് ഇതെ ദേവിയെ തന്നെയായി ആചാര്യന്മാരു പറയുന്നു.. വേദേഷു ചരതേ യസ്മാത് തേന സ ബ്രഹ്മചാരിണീ.. വേദമര്ഗ്ഗത്തിൽ ചരിക്കുന്നതിലാണ് ദേവി യെ ബ്രഹ്മചാരിണീ എന്ന് വിളിക്കുന്നത്.. വേദം എന്നാൽ ജ്ഞാനം തന്നെയാണ്..ജ്ഞാനത്തിൽ ചരിക്കണം..അപ്പോൾ സാധകൻ പൂര്ണമായി ജ്ഞാനത്തിൽ ചരിക്കണം.
ഇനി ബ്രഹ്മചര്യം എന്ന വ്രതഭാഗത്തെ ചിന്തിച്ചാൽ ബ്രഹ്മചര്യം...അതിന്റെ സ്വഗുണത്തോടു കൂടി ചരിക്കണം.. വ്രതത്തിൽ പാലിക്കേണ്ട നിബന്ധനകളുണ്ട്. ബ്രാഹ്മമുഹൂര്ത്തത്തിൽ ഉദയത്തിന് ഏഴര നാഴികമുന്പ് എഴുന്നേറ്റ് മുങ്ങിക്കുളിക്കണം. നിഷ്ഠാപൂർവകമായ ആന്തരശൌചം അനുഷ്ഠിക്കണം. പരുഷവചനങ്ങൾ ചെയ്യരുത്, കുശുമ്പ് പറയരുത്, കള്ളം പറയരുത്, കക്കരുത്, ഒരു ജീവിയേയും ഉപദ്രവിക്കരുത് തുടങ്ങിയവ അനുഷ്ഠിച്ച് അതിൽ ചരിക്കണം. ബാഹ്യശൌചത്തിൽ അന്നം സ്പര്ശിച്ചാൽ കൈ കഴുകണം, വായിൽ തൊടുകയോ മൂക്ക് ചെവി മുതലായ നവദ്വാരങ്ങളിൽ കൈ ചെല്ലുകയോ, മൂത്രം ഒഴിക്കുകയോ ചെയ്താൽ ശുദ്ധം ചെയ്യണം. മലവിസര്ജ്ജനം ചെയ്താൽ കുളിക്കുക. വ്രതകാലത്തിൽ ഇവ നിര്ബന്ധമായും വേണമെന്നാണ് നിഷ്കര്ഷ. ഇതാണ് ബ്രഹ്മചാരിണീ..
എങ്ങിനെ ചരിക്കണം എന്നത് ചോദ്യമാണ്. അതിന് തത്ത്വത്തെ യോജിപ്പിച്ചാൽ മതി.. ദേവി കമണ്ഡലുവും മാലയേയും ധരിച്ചിരിക്കുന്നു. ബ്രഹ്മചര്യം മാത്രം മതിയോ ജ്ഞാനത്തിന് .. അന്പത്തിയൊന്നു മുത്തുകളോടു കൂടിയ മാലയാണ് ധരിച്ചിരിക്കുന്നത്..അതാകട്ടെ അന്പത്തിയൊന്നക്ഷരം തന്നെ..അക്ഷരബ്രഹ്മത്തെ അറിയണം.. എന്താ ഗുണം അതിന്റെ..അപ്പോഴാണ് കമണ്ഡലു.. എന്താ ഈ കമണ്ഡലു.. കായതി ശബ്ദോ നിര്ഗച്ഛതി യതഃ യസ്മിൻ സതീത്യര്ഥഃ.. ശബ്ദം എവിടെ നിന്നാണോ പുറത്തു വരുന്നത് അതാണ് കമണ്ഡലു..ഒന്നു കൂടി പറഞ്ഞാൽ കസ്യ ശബ്ദസ്യ മണ്ഡം ലാതീതി കമണ്ഡലു.. ശബ്ദത്തിന്റെ ജ്ഞാനം കൊണ്ടുവരുന്നതാണ്..മണ്ഡം അറിയണേ ഇതാണ്, മന്യതേ ജ്ഞായതേ അനേന ഇതി മണ്ഡം. ശബ്ദാര്ഥം ജ്ഞാനം കൊണ്ടുവരുന്നത് എന്തോ അതാണ് കമണ്ഡലു.. വര്ണാത്മകവും ധ്വന്യാത്മകവും ആയവയെ കൊണ്ടാണ് ജീവൻ ജ്ഞാനം സമ്പാദിക്കുന്നത്...ഗായത്രി മുതൽ ഇങ്ങോട്ടുള്ള സകല മന്ത്രങ്ങള്ക്ക് ആധാരവും ഇതെ അന്പത്തിയൊന്നക്ഷരം തന്നെ.. അതു തന്നെ പൂര്ണജ്ഞാനത്തിനുള്ള മാര്ഗ്ഗവും.. അതാണ് ബ്രഹ്മചാരിണീ..
അടുത്തത് ചന്ദ്രഘണ്ടാ.. ചന്ദ്രശബ്ദം അര്ഥമാക്കുന്നത് ചന്ദയതി ആഹ്ലാദയതി, ചന്ദതി ദീപ്യതേ ഇതി ചന്ദ്രഃ. രണ്ട് ധാത്വര്ഥങ്ങളാണ് ചന്ദ്രശബ്ദത്തിന്റെ ചദി എന്ന ധാതുവിന് പറയുക. ആഹ്ലാദനം, ദീപ്തി. ഇവിടെ ചേരുക ദീപ്തി എന്ന അര്ഥമാണ്. എന്താ ഈ ദീപ്തി.. കാന്തിരേവ വയോഭോഗദേശകാലഗുണാദിഭിഃ. ഉദ്ദീപിതാതിവിസ്താരം പ്രാപ്താ ചേ ദ്ദീപ്തിരിച്യതേ. അതായത് വയസ്സ്, ഭോഗം, ദേശം കാലം ഗുണാദികളാൽ ഉദ്ദീപിതമായി വിസ്താരം പ്രാപിച്ചതിനെയാണ് ദീപ്തി എന്നു പറയുന്നത്.
ഘണ്ടാ എന്നാൽ സാമാന്യമായി പറയുക ശബ്ദം ഉണ്ടാക്കുന്ന കാംസ്യനിര്മ്മിതമായ വാദ്യം എന്നാണ്. എന്നാൽ ഹന് ഹിംസാ ഗത്യോഃ എന്നാണ് ഇതിന്റെ ധാതു.. അതായത് കൊല്ലുക. എന്തിനെയാണ് കൊല്ലുന്നത്.. ചന്ദ്രഘണ്ടാ.. മുകളിൽ പറഞ്ഞ പ്രകൃതിയുടെ ഉദ്ദീപന ഭാവങ്ങളായ വയസ്സ്, ദേശം, ഗുണാദി, രൂപങ്ങളായ സുഖദുഃഖാദികളേയും അതിന് കാരണമായ കാലത്തേയും കൊല്ലുന്നവളാണ് ചന്ദ്രഘണ്ടാ. ഉപാസനാ നിഷ്ഠനായ യോഗി പ്രകൃതിയിൽ നിന്ന് മാറി അന്തര്മുഖനായി തീരുന്ന അവസ്ഥ..അതാണ് ചന്ദ്രഘണ്ടാ.
അടുത്തത് കൂഷ്മാണ്ഡയാണ്.. സ്വാഭാവികമായും പ്രാണായമാദികൾ കൊണ്ട് പ്രകൃതിയുടെ ഭാവമായ ദേശകാലങ്ങളെ ജയിച്ച സാധകൻ അന്തര്മുഖനാകും.. കൂഷ്മാണ്ഡത്തിന് അര്ഥം കു ഈഷത് ഊഷ്മാ യസ്യ.. അധികം ഊഷ്മാവ് ഉണ്ടാകുന്നത് ആരിലാണോ. അണ്ഡം എന്നാൽ അമതി നിസ്സരതി. ഗമിക്കുന്നത്, അമ് ഗത്യാദിഷു.. എങ്ങിനെ ഗമിക്കുന്നത് സംയോഗെ ഗച്ഛതി ഇതി. എന്തിന്റെ സംയോഗം കൊണ്ടു ഗമിക്കുന്നത്, ഊഷ്മാവിന്റെ സംയോഗം കൊണ്ട് ഗമിക്കുന്നത്.. മൂലാധാരത്തിലെ കുണ്ഡലിനിയെ ഉണര്ത്തുന്നതിന് പ്രാണായാമം കൊണ്ട് തപിപ്പിക്കുകയാണ് സാമാന്യ രീതി.. അതിന്റെ തുടര്ച്ചയാണ് കുണ്ഡലിനീ സ്വരൂപിണിയായ ദേവിയുടെ ഗമനം.. മൂലാധാരസ്ഥിതയായ ദേവിയുടെ ഭാവം തന്നെയാണ് കൂഷ്മാണ്ഡരൂപിണിയായ ദേവി..
അതെങ്ങിനെയുള്ള സ്വരൂപത്തോടു കൂടിയതാണ് എന്നാണ് എങ്കിൽ.. അതാണ് സ്കന്ദമാതാ... സ്കന്ദശബ്ദത്തിന്, ഈശ്വരസ്യ രേതസ, രേതസാ സ്കന്ദതീതി സ്കന്ദ, ഈശ്വരന്റെ രേതസ്സ് ഗമിക്കുന്നത്, എങ്ങിനെയാണ് ഗമിക്കുന്നത് ഉത്പ്ലുത്യ ഗച്ഛതി.. എന്നാണ്..പ്ലുതത്തിന് അര്ഥം അശ്വത്തിന്റെ വേഗത്തിൽ ഗമിക്കുന്നത്..എങ്ങോട്ട് ഗമിക്കുന്നത് മുകളിലേക്ക്, ഉത്പ്ലുത്യ വളരെ വേഗത്തിൽ ഊര്ധ്വഗാമിയായി സഞ്ചരിക്കുന്നത്.. മാതാ എന്നാൽ മാ മാനെ വര്തനെ ച എന്നാണ്. വര്തതേ അനയേതി വര്തനം, വര്തിതും ശീലമസ്യേതി ഇതി. അങ്ങിനെ സ്ഥിതിചെയ്യുന്ന ശീലത്തോടു കൂടിയവൾ. മുകളിലേക്ക് ഗമിക്കുന്ന ശീലത്തോടു കൂടിയവളാണ് സ്കന്ദമാതാ.. അപ്പോ ഗമനശീലയായ കുണ്ഡലിനീരൂപിണിയായവളാണ് സ്കന്ദമാതാ...
എങ്ങിനെയാണ് ഗമിക്കുന്നത്.. അതാണ് കാത്യായനീ..
കാത്യായനീ- കതസ്യാപത്യം സ്ത്രീ, കതത്തിന്റെ പുത്രിയാണ് കാത്യായനീ എന്നെല്ലാമാണ് സാമാന്യമായി പറയുക. കാത്യായനസ്യേയം കാത്യായനീ.. എന്താണ് ഈ കതഃ. കതഃ എന്ന വാക്ക് കം തന് എന്നിവയിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.. കം എന്നതിന് ജലം എന്നും തന് എന്ന ശബ്ദം വിസ്തരിക്കുക എന്നുമാണ് അര്ഥം.. ജലമായി വ്യാപിക്കുക അഥവാ ഗമിക്കുക.....ശരീരത്തിൽ ലിംഗസ്ഥാനത്താണ് സ്വാധിഷ്ഠാനചക്രം സ്ഥിതിചെയ്യുന്നത്. സ്വാധിഷ്ഠാനശബ്ദത്തിന് ശക്തിയുടെ സ്വന്തം ഭവനം എന്നാണ് അർഥം. ഗുഹ്യാവയവത്തിന്റെ അടിയിൽ മൂലാധാരത്തിനുമുകളിലും നാഭിയുടെ ചുവട്ടിലുമായി ആറിതളുകളോടു കൂടി സ്വാധിഷ്ഠാനപദ്മം സ്ഥിതിചെയ്യുന്നു. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ സ്ഥാനമായിട്ടാണ് സ്വാധിഷ്ഠാനത്തെ കല്പിക്കുന്നത്. സ്വാധിഷ്ഠാനത്തിൽ സൂക്ഷ്മഭൂതമായ ജലമായി ഗമിക്കുന്നവളായതിനാൽ ദേവിയെ കാത്യായനീ എന്ന് വിളിക്കുന്നു.
അതുകൊണ്ട് എന്താണ് ലഭിക്കുക... അതാണ് കാളരാത്രീ...
യോഗകുണ്ഡല്യുപനിഷത്തു പ്രകാരം മൂലബന്ധം തുടങ്ങിയവയോടു കൂടിയ പ്രാണായാമത്താൽ പ്രാണൻ സുഷുമ്നയിൽ ചെല്ലുന്നു. ഈ സുഷുമ്ന താമരനൂലിനേക്കാൾ കൃശമാണ്. പ്രാണൻ നിദ്രയിലായ കുണ്ഡലിനിയെ പ്രാപിക്കുകയും അതിന്റെ ഉഷ്ണത്താൽ കുണ്ഡലിനി മുകളിലേക്ക് ചലിക്കുകയും ചെയ്യുന്നു. മുകളിലേക്കു ചലിക്കുന്ന കുണ്ഡലിനി മണിപൂരകം, ആജ്ഞാ എന്നീ ആധാരങ്ങളിലൂടെ സത്ത്വരജസ്തമോഗുണവിശേഷമായ വിഷ്ണുഗ്രന്ഥി ബ്രഹ്മഗ്രന്ഥി രുദ്രഗ്രന്ഥി എന്നിവയെ ഭേദിക്കുന്നു. ബ്രഹ്മവിദ്യോപനിഷത്തു പ്രകാരം ബ്രഹ്മഗ്രന്ഥിരകാരേ ച എന്നതനുസരിച്ച് ബ്രഹ്മഗ്രന്ഥി അകാരത്തിലും വിഷ്ണുഗ്രന്ഥി ഹൃദയത്തിലും രുദ്രഗ്രന്ഥി പുരികങ്ങളുടെ മദ്ധ്യത്തിലും സ്ഥിതിചെയ്യുന്നു. അകാരം ബ്രഹ്മാവിന്റേയും ഉകാരം വിഷ്ണുവിന്റേയും മകാരം രുദ്രന്റേയും സ്ഥാനമാകുന്നു. ബ്രഹ്മഗ്രന്ഥി ഭേദിക്കുന്ന കുണ്ഡലിനീശക്തി സുഷുമ്നയ്കുള്ളിൽ വിദ്യുത്തിന്റെ രേഖപോലെ ശോഭിക്കുന്നു. കുണ്ഡലിനീശക്തി ഹൃദയത്തിലെ വിഷ്ണുഗ്രന്ഥിയെ ഭേദിച്ച് മുകളിൽ ആജ്ഞാചക്രത്തിലെത്തി അവിടെ രുദ്രഗ്രന്ഥിയെ പ്രാപിക്കുകയും അവിടെനിന്ന് രണ്ടു പുരികങ്ങളുടേയും മദ്ധ്യസ്ഥാനം ഭേദിച്ച് ചന്ദ്രമണ്ഡലത്തിലെത്തുകയും ചെയ്യുന്നു. ഗ്രന്ഥികളെയെല്ലാം ഭേദിച്ച് കുണ്ഡലിനീ ശക്തി സഹസ്രദളകമലത്തിലെത്തുന്നു. യോഗശാസ്ത്രപ്രകാരം സഹസ്രാരത്തിൽ കുണ്ഡലിനീശക്തി ശിവതത്ത്വവുമായി ഐക്യപ്പെടുന്നതിനെയാണ് മേളനം എന്നു വിളിക്കുന്നത്. ഈ മേളനത്താൽ സഹസ്രാരത്തിൽ നിന്ന് ആനന്ദരൂപമായ അമൃതു വര്ഷിക്കപ്പെടുന്നു.
കാലത്വത്തെ അഥവാ ശിവനോടു കൂടിയുള്ള മേളനത്തെ പ്രദാനം ചെയ്യുന്നവളാണ് കാളരാത്രി.. രാതി ദദാതി നിദ്രാദി സുഖം എന്നാണ് രാത്രിശബ്ദത്തിന്റെ അര്ഥം. എങ്ങിനെയുള്ള നിദ്രയാണെന്നാണെങ്കിൽ നിരിന്ദ്രിയാത്മപ്രദേശേ മനസോ അവസ്ഥാനം നിദ്രാ.. അതായത് ഇന്ദ്രിയാദികളിലൂടെ അല്ലാത്ത സുഖത്തെയാണ് ഇവിടെ ലഭ്യമാകുന്നത്. രാ ആദാനെ, കൊടുക്കുക എന്ന് ധാത്വര്ഥം. കാലസ്വരൂപനായി വാണരുളുന്നത് കാലകാലനായ പരമേശ്വരൻതന്നെയാണ്. ആ പരമേശ്വരസ്വരൂപവുമായുള്ള മേളനത്താലുണ്ടാകുന്ന അമൃതിനെ ആദാനം ചെയ്ത് ആനന്ദത്തെ പ്രദാനം ചെയ്യുന്നവളാണ് കാളരാത്രി..
അടുത്തത് മഹാഗൌരിയാണ്.. മഹ്യതേ പൂജ്യതേ ഇതി. മഹ് പൂജായാം... പൂജിക്കപ്പെടുന്നവളായി മാറുന്നു എങ്ങിനെ... ഗൌരിയായി.. എന്താണ് ഗൌരി.. അവ്യക്തമായ ശബ്ദത്തോടു കൂടിയവളായി.. അവ്യക്തശബ്ദം എന്നതുകൊണ്ട് നിർവചിക്കുവാൻ കഴിയാത്തതെന്നാണ് അര്ഥമാക്കുന്നത്. അനിരുക്തസ്വരൂപമായി ഉപാസിക്കപ്പെടുന്ന ശബ്ദമായി സ്ഥിതിചെയ്യുന്നത് ദേവി തന്നെയാണ്. അനിരുക്തസ്ത്രയോദശഃ സ്തോഭഃ സംചരോ ഹുംകാരഃ എന്ന് ഛാന്ദോഗ്യം പറയുന്നു. ഹുംകാരമെന്ന പതിമൂന്നാമത്തെ സ്തോഭം അനിരുക്തവും സഞ്ചരവും എന്ന് ഉപനിഷത് പറയുന്നത് ഇതേ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. ബ്രഹ്മസ്വരൂപിണിയായ ദേവി സകലതിനേക്കാളും അവ്യക്തവും സൂക്ഷ്മതരവും ആകുന്നു.
സമാധിയിൽ പ്രകാശിക്കുന്ന നിരുപാധിക ശിവസ്വരൂപത്തെ തന്നെയാണ് നാദാനുസന്ധാനത്തിലൂടെ സാധകൻ സാക്ഷാത്കരിക്കുന്നത്. മനസ്സും പ്രാണനും നാദത്തോടൊപ്പം ലയിക്കുന്ന ബ്രഹ്മരന്ധ്രം ജീവന്റെ തുരീയസ്ഥാനമാകുന്നു. മൂര്ദ്ധനി തുര്യം വ്യവസ്ഥിതം എന്ന് ശ്രുതി. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ് നാദാന്തത്തിൽ സ്ഥിതിചെയ്യുന്നത്. . ത്രിപുടിയുടെ അന്തത്തിൽ അഥവാ കേള്ക്കുന്നവൻ, കേള്ക്കപ്പെടുന്ന നാദം, കേള്വി എന്നിവയെ അതിക്രമിക്കുന്നിടത്താണ് ആത്മസ്വരൂപം സ്വയം പ്രകാശിക്കുന്നത്. ധ്വനിമയമായി ഗഗനം സ്ഫുരിക്കുമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം, പുനരവിടെ ത്രിപുടിയ്ക് പൂര്ത്തി നൽകും സ്വനവുമടങ്ങുമിടം സ്വയം പ്രകാശം എന്ന് ശ്രീനാരായണഗുരുസ്വാമികൾ ആത്മോപദേശശതകത്തിൽ പറയുന്നതും ഇതെ തത്ത്വത്തെയാണ്. യോഗവിദ്യയാൽ ഇടമുറിയാത്ത തൈലധാരപോലേയും നീണ്ടു നിൽക്കുന്ന മണിനാദം പോലെയും നാദാഗ്രത്തിൽ പ്രണവം സ്ഥിതിചെയ്യുന്നു. അതറിയുന്നവനാണ് വേദജ്ഞൻ. തൈലധാരാമിവാച്ഛിന്നം ദീര്ഘഘണ്ഠാനിനാ ഭവേത് അവാച്യം പ്രണവസ്യാഗ്രം യസ്തം വേദ സ വേദവിത് എന്ന് ധ്യാനബിന്ദൂപനിഷത് പറയുന്നു. സാധകന്റെ തലമനുസരിച്ച് വ്യത്യസ്തമായ വിധത്തിൽ നാദത്തിന്റെ അനുഭവം ഉണ്ടാകുന്നു. യോഗികള്ക്ക് വ്യോമരന്ധ്രത്തിൽ കേള്ക്കപ്പെടുന്നതുമായ പ്രണവസ്വരൂപമായ നാദം അത്യന്തം സൂക്ഷ്മമാണ്. അത് ബാഹ്യപ്രയത്നത്താൽ ഉച്ഛരിക്കപ്പെടാവുന്നതല്ല. അത് വ്യഞ്ജനമോ സ്വരമോ അല്ല. കണ്ഠം, താലു ഓഷ്ഠം നാസിക ഇവ കൊണ്ടു വ്യക്തമാക്കാവുന്നതുമല്ല. മൂര്ധാവുകൊണ്ടും ദന്തം കൊണ്ടും ഉച്ഛരിക്കപ്പെടാവുന്നതുമല്ല. അഘോഷമവ്യഞ്ജനമസ്വരം ച അകണ്ഠതാല്വോഷ്ഠമനാസികം ച അരേഷജാതമുഭയോഷ്ഠവര്ജ്ജിതം യദക്ഷരം ന ക്ഷരതേ കദാചിത് എന്ന് അമൃതനാദോപനിഷത് പറയുന്നു. ഇപ്രകാരം അത്യന്തം സൂക്ഷ്മമായ നാദരൂപത്തിൽ യോഗികളിൽ അവ്യക്തസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളാണ് ഗൌരീ..
അടുത്തത് സിദ്ധിദാത്രീ..സിദ്ധി സിധ് എന്ന ധാതുവിൽ നിന്നാണ്.. എന്താണ് അതിനര്ഥം.. ഗതി ജ്ഞാനം.. ഇതെല്ലാമാണ് അര്ഥം.. അത് പ്രദാനം ചെയ്യുന്നവളാണ്.. സാധനാത് സിദ്ധിരിത്യുക്താ.. സാധകനും ദേവിയും ഒന്നായി മാറുന്ന അവസ്ഥ.. സിദ്ധിദാത്രീ..
യോഗസാധനയാൽ സകല ചിത്തവൃത്തികളും നിരോധിക്കപ്പെട്ട് ആനന്ദസ്വരൂപമായ ആത്മാവു മാത്രം ശേഷിക്കുന്നു. സമാധിയാൽ സകലവിധ വാസനകളാകുന്ന കുരുക്കുകളും നശിക്കുന്നു. ഛിദ്യതേ ഹൃദയഗ്രന്ഥി ക്ഷീയന്തേ ചാസ്യ കര്മാണി എന്ന് ശ്രുതി. യോഗസമാധിയുടെ ആത്യന്തികമായ ലക്ഷ്യം ചിത്തവൃത്തി നിരോധമാണ്. സമാധി എന്നത് സാധനയാണ് സാധ്യമല്ല. നിരോധിക്കപ്പെട്ട ചിത്തത്തിൽ ആത്മസ്വരൂപം തെളിഞ്ഞ കണ്ണാടിയിലെ പ്രകാശം പോലേയും തെളിഞ്ഞ ജലാശയത്തിലെ സൂര്യനെ പോലെയും ശോഭയോടു കൂടി പ്രകാശിക്കും. ഈ ആത്മതത്ത്വമായി പ്രകാശിക്കുന്നത്. ഷഡാധാരങ്ങള്ക്കും ഉപരിയായി ബ്രഹ്മാനന്ദരസസ്വരൂപിണിയായി അഖണ്ഡമായി സ്വയം ജ്യോതിസ്വരൂപിണിയായി സ്ഥിതിചെയ്യുന്ന ദേവി തന്നെയാണ്. സമാധിയിൽ പ്രകാശിക്കുന്ന ഈ തത്ത്വത്തെ നിര്ണയിക്കുന്നതാണ് മോക്ഷം. എല്ലാം ആത്മാവു തന്നെയെന്നുള്ള ജ്ഞാനത്തിലേക്കുള്ള ഒരു സാധനാ മാര്ഗമായാണ് ഇത് കാണേണ്ടത് എന്നര്ഥം..
സാക്ഷാത് ദുര്ഗാസ്വരൂപം...
ഭൂതാനി ദുര്ഗാ ഭുവനാനി ദുര്ഗാ നരാഃ സ്ത്രിയശ്ചാപി സുരാസുരാദികം. യദ്യദ്ധി ദൃശ്യം ഖലു സൈവ ദുര്ഗാ. ദുര്ഗാസ്വരൂപാദപരം ന കിഞ്ചിദിതി.. ഭൂതങ്ങളും ഭുവനങ്ങളും നരന്മാരും സ്ത്രീകളും സുരന്മാരും അസുരന്മാരും ഉള്പ്പടെ യാതൊന്നെല്ലാം കാണുന്നുവോ അതെല്ലാം തന്നെ ദുര്ഗ്ഗയാണ്.. ദുര്ഗാസ്വരൂപമല്ലാതെ മറ്റൊന്നും തന്നെയില്ലാത്ത അവസ്ഥ.. അതു തന്നെയാണ് ദേവതാഭാവത്തിലേക്ക് എത്തിയ സാധകന്റെ അവസ്ഥ..
ഛാന്ദോഗ്യത്തിലെ അഞ്ചാമദ്ധ്യായത്തിൽ ജാബാലപുത്രനായ സത്യകാമൻ വ്യാഘ്രപത്തിന്റെ പുത്രനായ ഗോശ്രുതിക്ക് പ്രാണദര്ശനത്തെ പറഞ്ഞു കൊടുക്കുന്നുണ്ട്. മന്ഥമെന്ന കര്മ്മത്തെയാണ് ആചാര്യൻ ഇവിടെ വിശദീകരിക്കുന്നത്. ദേവയാന പിതൃയാനപ്രാപ്തിരൂപമായ ആ മഹത്ത്വം വേണമെന്നാഗ്രഹിക്കുന്നവര്ക്കുമാത്രമാണെന്നും അത് വിഷയോപഭോഗത്തെ ആഗ്രഹിക്കുന്നവനുവേണ്ടിയല്ലായെന്നും ആചാര്യൻ നിഷ്കര്ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ ഊര്ധ്വരേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് ആദിത്യസംബന്ധത്താൽ ഉത്തരായണോപലക്ഷിതമായ ദേവയാനമാര്ഗ്ഗമാണ് പ്രസിദ്ധമായി സ്വീകരിച്ചിരിക്കുന്നത്. പരമഹംസപരിവ്രാജകർ ചെയ്യുന്ന ബ്രഹ്മപ്രണവം പതിനാറ് മാത്രചേര്ന്ന് നാലവസ്ഥകളിൽ നാലു വീതം പതിനാറു വിധമാണ്. ജാഗ്രദാദി നാലു അവസ്ഥകൾ, സ്വപ്നാദി നാലവസ്ഥകൾ, സുഷുപ്ത്യാദി നാലവസ്ഥകൾ, തുരീയാദി നാലവസ്ഥകൾ ഇപ്രകാരം ബ്രഹ്മപ്രണവം പതിനാറു മാത്രയിൽ ആരൂഢമായിരിക്കുന്നു. അതിൽ തൊണ്ണൂറ്റിയാറ് തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. അത് മൂന്നായി വിഭജിച്ച് മുപ്പത്തിരണ്ടു തത്ത്വങ്ങളുടെ സന്നികര്ഷമായ രൂപം സമ്പാദിച്ച് ജ്ഞാനത്താൽ വിശുദ്ധമായ ത്രിഗുണസ്വഭാവത്തോടു കൂടിയതാണെന്ന് മനസ്സിലാക്കി സൂര്യൻ ചന്ദ്രൻ അഗ്നി എന്നീ കലാരൂപമായി ഏകീഭവിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ അനുസന്ധാനം ചെയ്ത് നാഭി മുതൽ ബ്രഹ്മബില്വം വരെയുള്ള വിഭിന്നങ്ങളായ ഇരുപത്തിയേഴു തത്ത്വങ്ങളെ സംബന്ധിക്കുന്ന സാരം ഗ്രഹിച്ച് ഏകത്വം സ്ഥാപിച്ച് ഇടതു തോൾ മുതൽ വലത്തെ അരക്കെട്ട് വരെ ഭാവന ചെയ്ത് ചിത്ത ശുദ്ധിയാൽ രമിക്കുന്നു. ഇങ്ങിനെ ഉപാസിക്കുന്ന ബ്രഹ്മപ്രണവം തന്നെയാണ് പൂര്ണജ്ഞാനത്തിനും ദേവയാനമാര്ഗ്ഗത്തിനും ഏറ്റവും ശ്രേഷ്ഠമെന്നര്ഥം.
നവരാത്രിയിലെ ഒന്പതു ദിവസത്തെ സമാധിരൂപമായ വ്രതചര്യകൊണ്ട് സാധകൻ പൂര്ണമായ ദേവതാഭാവത്തിലേക്ക് എത്തുന്നു.. അതു തന്നെയാണ് ഈ ഒന്പതു ദിവസത്തെ വ്രതം കൊണ്ടുദ്ദേശിക്കുന്നതും.. ജ്ഞാനത്തിനുവേണ്ടിയാണ് നവരാത്രി എന്നു പറയുന്നതും അതേ കാരണം കൊണ്ടു തന്നെ.. സകലാനന്ദസ്വരൂപിണിയും സകലജ്ഞാനസ്വരൂപിണിയും സർവവേദാന്തസംവേദ്യയുമായ ആയ ജഗദീശ്വരി എല്ലാവര്ക്കും ജ്ഞാനവൈരാഗ്യങ്ങളെ പ്രദാനം ചെയ്യട്ടെ.. ഹരി ഓം

No comments:

Post a Comment