Saturday, February 3, 2018

ശബരിമലയുടെ പൊരുള്‍ശബരിമലയുടെ പൊരുള്‍

ധര്മ്മശാസ്താവ്  ഇരിക്കുന്ന ശബരിമലയെ കുറിച്ചാണല്ലോ ഇപ്പോഴത്തെ ചര്ച്ച.
അതുകൊണ്ട് ആദ്യം നമുക്ക് ശാസ്താവ് എന്ന നാമത്തിന്റെ അര്ഥം ആദ്യം നോക്കാം..
ഷഡഭിജ്ഞഃ ദശബലോ അദ്വയവാദീ വിനായകഃ, മുനീന്ദ്രഃ ശ്രീഘനഃ ശാസ്താ മുനിഃ എന്നിങ്ങനെയാണ് ശാസ്താ ശബ്ദത്തിന് പര്യായം അമരകോശകാരൻ പറയുന്നത്. ആരാണ് ഷഡഭിജ്ഞൻ. ദിവ്യമായ ചക്ഷു, ദിവ്യമായ ശ്രോത്രം, പൂർവനിവാസാനുസ്മൃതിഃ, പരചിത്തതത്ത്വജ്ഞാനം, ആശ്രവക്ഷയഃ (ആശ്രയപ്രത്യക്ഷം), ഋദ്ധി (കായവ്യൂഹ സിദ്ധിയെന്നും പറയാറുണ്ട്) ഈ  ആറെണ്ണമുള്ളവരെയാണ് ഷഡഭിജ്ഞർ എന്ന് വിളിക്കുക. ഇതുപോലെ ശാസ്താവിനെ ദാന്തി, ക്ഷാന്തി ,ശീല, വീര്യം, ധ്യാനം, കാന്തി, ബലാ ഉപായഃ പ്രണിധി വിജ്ഞാനം എന്നിവയുള്ള ആളെന്ന നിലയിൽ ദശബലനെന്നും വിളിക്കുന്നു.  എല്ലാ ധര്മ്മങ്ങളേയും മനനം ചെയ്യുന്നതുകൊണ്ട് മുനിയെന്നും യോഗവിഭൂതിയോടു കൂടിയ നിരന്തരം  ഇരിക്കുന്നതുകൊണ്ട് ശ്രീഘനൻ എന്നും ശാസ്താവിനു പേരുണ്ട്. ശാസ്താവിന്റെ ഗുണമായ ദാന്തി അഥവാ തപസ്സിന്റെ ക്ലേശത്തെ സഹിക്കാൻ കഴിവുള്ളവനെന്ന അര്ഥത്തിൽ  തന്നെ ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പൻ ഒരു തപസ്വി അഥവാ യോഗിയാണെന്ന് ഉറപ്പിക്കാം.

ശബരിമലയിലേക്കു പോകുന്നു എന്നാണ് നാം പറയുക. എന്താണ് ഈ ശബരിമല..  ശബരശബ്ദത്തിന്റെ അര്ഥം ശവതി ഗച്ഛതി  വനമിതി ശബരഃ (ശവഃ ഗതൌ) അതായത് വനത്തിലേക്ക് ചരിക്കുന്നവരാണ് ശബരന്മാർ.

മല എന്നതിന്  മലതേ ധാരയതി (മല മല്ല ധാരണേ) അതായത് ധരിക്കുക എന്നര്ഥം.  ഇനി മല എന്നത് മലയാളാര്ഥ വാചകമാണെന്ന് ചിന്തിച്ചാലും മരങ്ങളേയും മലകളേയും (മണ്ണ് വെള്ളം തുടങ്ങിയവ)
എല്ലാം ധരിക്കുന്നതുകൊണ്ടാണ് മലയെന്ന് നാം പറയുന്നത്. ഇങ്ങിനെ നോക്കിയാൽ ശബരിമല എന്നതുകൊണ്ട് അര്ഥമാക്കുന്നത് വനത്തിലേക്ക് ചരിക്കുന്നവരെ ധരിക്കുന്ന സ്ഥലം   എന്നാണെന്ന് അര്ഥം ലഭിക്കുന്നു.

ഈ അര്ഥങ്ങളുടെ അടിസ്ഥാനത്തിൽ വേണം ബാക്കിയുള്ള വിഷയങ്ങളെ ചിന്തിക്കേണ്ടത്..ശബരിമലയെ കുറിച്ചു ഇന്ന് ഉന്നയിക്കുന്ന ചോദ്യങ്ങളിലേക്ക് പോകുന്നതിന് മുന്പ്   നമുക്ക്  അയ്യപ്പനെ കുറിച്ചും അതിനോട് അനുബന്ധിച്ചുള്ള വിഷയത്തെ കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

അയ്യപ്പൻ എന്ന വാക്കിന് അര്ഥം നോക്കിയാൽ ബ്രഹ്മചര്യവ്രതമനുഷ്ഠിക്കുന്ന വ്യക്തിയെന്നാണ്  ശബ്ദതാരാവലി പറയുന്നത്. ഗാര്ഹസ്ത്യനായ വ്യക്തി കാനനവാസനായ അയ്യപ്പന്റെ അടുത്തേക്ക് പോകുന്നതാണ്  ശബരിമലയാത്ര. ശബരി എന്ന വാക്കിന്റെ അര്ഥത്തെ നോക്കിയാൽ ഗാര്ഹസ്ത്യത്തിൽ നിന്ന് വാനപ്രസ്ഥത്തിലേക്കുള്ള യാത്രയാണ്  ശബരിമലയാത്രയെന്ന്  നമുക്ക് ഉറപ്പിക്കാമല്ലോ..

ഈ അര്ഥം ശരിയാണോ എന്ന് അറിയണമെങ്കിൽ കാനനവാസനായ അയ്യപ്പന്റെ അടുത്തേക്ക് അഥവാ ശബരിമലയാത്രയ്ക് പോകുമ്പോൾ നാം എന്താണ് ചെയ്യാറുള്ളത് എന്ന് ചിന്തിച്ചാൽ മതിയാകും. പക്ഷെ  അത് പറയുന്നതിന് മുന്പ് നമുക്ക് ഭാരതീയർ വാനപ്രസ്ഥാശ്രമത്തിലേക്ക് കയറുമ്പോൾ ചെയ്യുന്ന പദ്ധതികളെന്തെല്ലാമെന്ന് നോക്കാം. കാരണം അത് അറിഞ്ഞാൽ മാത്രമേ നാം ചെയ്യാറുള്ള കര്മ്മങ്ങളുടെ അര്ഥത്തെ പൂര്ണമായി മനസ്സിലാക്കാനാകൂ..

വാനപ്രസ്ഥം എന്നാൽ വനത്തിൽ താമസിച്ച് തപസ്സുചെയ്യുവാൻ ഉറച്ചവൻ എന്നോ വനഭൂമിയിൽ താമസിക്കുന്നവനെന്നോ പറയാം. ശരീരത്തിൽ വാര്ദ്ധക്യലക്ഷണവും, സ്വസന്താനത്തിനു സന്താനവും ഉണ്ടായി എന്ന് കാണുമ്പോൾ ഗൃഹസ്ഥൻ തപസ്സിനുവേണ്ടി വനത്തിലേക്ക് പോകണം എന്ന് സ്മൃതി അനുശാസിക്കുന്നു. വനത്തിലുള്ള ഫലമൂലാദികൾ ഭക്ഷിച്ചും കൃച്ഛ്ര ചാന്ദ്രായണാദിവ്രതങ്ങളും ബ്രഹ്മചര്യവും അനുഷ്ഠിച്ച് പിതൃക്കളേയും ദേവന്മാരേയും പൂജിച്ച് വേണം ജീവിക്കുവാൻ. ദിവസവും പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സന്ധ്യക്കും സ്നാനം ചെയ്യുക, ജടയും വല്കലവും ധരിക്കുക, ഭൂമിയിൽ ശയിക്കുക, മുതലായവ വാനപ്രസ്ഥന്റെ ചര്യകളായി പറയുക. ഇതിനെ നമുക്ക് ഒന്നു കൂടി വിശദീകരിച്ചു  നോക്കാം.

വാനപ്രസ്ഥൻ എല്ലാവിധത്തിലും പരിശുദ്ധനായി ബ്രഹ്മചര്യവ്രതം പരിപാലിക്കേണ്ടതാണ്. വീടുമായുള്ള മമത ഉപേക്ഷിച്ച് ഗ്രാമത്തിനു വെളിയിൽ നിര്ജ്ജനമായ വനപ്രദേശത്ത് കുടിലുണ്ടാക്കി അവിടെ ശാന്തനായി ഇരുന്നു തപസ്സു ചെയ്യണം. പിന്നീട് ഗ്രാമത്തിലോ വീട്ടിലോ പോകുവാൻ പാടില്ല. ഭാര്യയെ പുത്രനെ ഏല്പിച്ചിട്ടോ, അല്ലെങ്കിൽ ഭാര്യയേയും ഒന്നിച്ചോ വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കാവുന്നതാണ്. ഗ്രാമത്തിലുള്ളതും കൃഷിചെയ്തുണ്ടാക്കിയതുമായ സാധനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. വനത്തിലുണ്ടായ ധാന്യങ്ങളും ഫലമൂലാദികളം കൊണ്ട് ദേവന്മാരേയും അതിഥികളേയും  പൂജിച്ചിട്ടുവേണം ഭക്ഷണം കഴിക്കുവാൻ.അഗ്നിയിൽ വേവിച്ചതോ പാകം വരാത്തതോ ആയ ഫലമൂലാദികൾ മാത്രമേ ഭക്ഷിക്കാവൂ. ഫലമൂലാദികൾ സംഭരിച്ചുവച്ചത് ഉപയോഗിക്കരുത്. അപ്പോളപ്പോൾ വനത്തിൽ നിന്ന് കിട്ടുന്നത് സാധനങ്ങൾ കൊണ്ട് ഉപജീവിക്കണം. ദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. മീശയും കേശവും രോമങ്ങളും നഖങ്ങളും ക്ഷൌരം ചെയ്യരുത്. ഗൃഹസ്ഥാശ്രമത്തിൽ ചെയ്തിട്ടുള്ള പാപകര്മ്മങ്ങളുടെ പരിഹാരത്തിനും അന്തഃകരണപരിശുദ്ധിക്കും വേണ്ടിയാണ് വാനപ്രസ്ഥൻ തപസ്സുചെയ്യുന്നത്. വാനപ്രസ്ഥാശ്രമത്തിൽ ഇരുന്ന് ബ്രഹ്മജിജ്ഞാസ വര്ദ്ധിക്കുമ്പോൾ വാനപ്രസ്ഥൻ സന്യാസാശ്രമം സ്വീകരിക്കണമെന്നാണ് നിയമം. ഇത്രയുമാണ് വാനപ്രസ്ഥത്തിന്റെ അടിസ്ഥാന നിയമങ്ങൾ..

ഈ നീയമങ്ങളെ അനുശാസിക്കുന്നവരെ ശാസ്ത്രത്തിൽ വൈഖാനസന്മാർ, ബാലിഖില്യൻ, ഔഡുംബരൻ, ഫേണപൻ കുടീചകൻ, ബഹ്വോദൻ ഹംസൻ നിഷ്ക്രയൻ   എന്നിങ്ങനെ നാമങ്ങളിലൂടെയാണ് പറയുന്നത്. ഇത് എഴുതിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണെങ്കിൽ...

വൈഖാനസാ വാലിഖില്യൌഡുംബരാഃ ഫേണപാ വനേ. ന്യാസേ കുടീചകഃ പൂർവം ബഹ്വോദോ ഹംസ നിഷ്ക്രിയൌ എന്ന് ശ്രീഭാഗവതം പറയുന്നു. വനേ സ്ഥിതാശ്ചത്വാരഃ. തത്ര വൈഖാനസഃ അകൃഷ്ടപച്യവൃത്തയഃ. വാലിഖില്യാഃ നവേ അന്നേ ലബ്ധേ പൂർവ സഞ്ചിതാന്നത്യാഗിനഃ. ഔഡുംബരാഃ പ്രാതരുത്ഥായ യാം ദിശം പ്രഥമം പശ്യന്തി തത ആഹൃതൈഃ ഫലാദിഭിര്ജീവന്തഃ. ഫേണപാഃ സ്വയം പതിതൈഃ ഫലാദിഭിര്ജീവന്തഃ. കുടീചകഃ സ്വാശ്രമധര്മ്മപ്രധാനഃ. ബഹ്വോദഃ കര്മ്മോപസര്ജ്ജനീകൃത്യ ജ്ഞാനാഭ്യാസപ്രധാനഃ. ഹംസോ ജ്ഞാനാഭ്യാസനിഷ്ഠഃ. നിഷ്ക്രയഃ പ്രാപ്തതത്ത്വഃ എന്ന് ശ്രീധരസ്വാമി ഇതിനെ വ്യാഖ്യാനിക്കുന്നു.

സംസ്കൃതമായതുകൊണ്ട് ഇതിനെ മനസ്സിലാക്കുക സാമാന്യര്ക്ക് സാധ്യമല്ല. അതുകൊണ്ട് മലയാളത്തിൽ അര്ഥത്തെ നോക്കാം.. വൈഖാനസൻ എന്നതിന് അകൃഷ്ടപച്യവൃത്തനെന്നാണ്,   കലപ്പകൊണ്ട് ഉഴുത് എടുക്കാത്ത സ്ഥലത്തുണ്ടായ അതായത് സ്വയം വനത്തിൽ ഉണ്ടാകുന്നതായ ധാന്യം അഥവാ നീവാരാദികൾ കഴിക്കുന്നവർ. വാലിഖല്യനാകട്ടെ പുതിയ അന്നത്തെ ലഭിക്കുമ്പോൾ ആദ്യമേ തന്നെ സഞ്ചിതമാക്കിയ അഥവാ സ്വരുക്കൂട്ടിവച്ചിരുന്ന അന്നത്തെ ത്യാഗം ചെയ്യുന്നവനാണ്. ഔംഡുബരനാകട്ടെ രാവിലെ എണീറ്റ് ഏതൊരു ദിശയാണോ ആദ്യം കാണുന്നത് അവിടെ നിന്ന് ശേഖരിച്ച ഫലാദികള്കൊണ്ട് ജീവിക്കുന്നവരാണ്.  ഫേണപശബ്ദത്തിന് സ്വയം പതിതഫലാദി ജീവിതമുനിവിശേഷഃ എന്നാണ് അര്ഥം പറയുക അതായത് സ്വയം താഴെ വീണ ഫലാദികൾ കൊണ്ട് ജീവിക്കുന്ന മുനിമാരെന്നര്ഥം.  കുടീചകന്മാരാകട്ടെ സ്വാശ്രാമധര്മ്മപ്രധാനികളാണ്.  കുട്യാം പര്ണകുടീരേ ചകതേ തൃപ്തോനി വസതീതി അതായത് കുടിയിൽ അഥവാ കുടിരത്തിൽ വസിക്കുന്നവരാണ് കുടീചകന്മാർ. ബഹ്വോദന്മാരാകട്ടെ കര്മ്മത്തെ ഉപസര്ജനം ചെയ്തിട്ട് അതായത് സ്വകര്മ്മത്തെ അപ്രധാനമായി കണക്കാക്കിയിട്ട് ജ്ഞാനാഭ്യാസത്തെ പ്രധാനികളാക്കിയവരാണ്. ഹംസന്മാരാകട്ടെ ജ്ഞാനാഭ്യാസനിഷ്ഠന്മാരാണ് അതായത് പഠിച്ചതായ ശാസ്ത്രത്തെ ആചരിച്ച് നിഷ്ഠനേടിയവർ എന്നര്ഥം. നിഷ്ക്രയന്മാരാകട്ടെ പ്രാപ്തതത്വന്മാരാണ്. നിഷ്ക്രയശബ്ദത്തിന് നിഷ്ക്രീയതേ വിനിമീയതേ അനേനേതി. അതായത് എല്ലാത്തിൽ നിന്നും നിഷ്ക്രിയം അഥവാ വിട്ടുപോകുന്നവരെന്ന് സാമാന്യാര്ഥം.

ഇനി ശബരിമലയ്ക് പോകാൻ തെയ്യാറെടുക്കുന്ന അയ്യപ്പന്മാരുടെ വൃത്തികളെ ഇതേ തത്ത്വത്തിലൂടെ നോക്കാം.

ആദ്യമായി മുദ്രാധാരണം അഥവാ മാലയിടലും വസ്ത്രവും ആണ്. മുദ്ര എന്നതിന് ചിഹ്നം എന്നാണര്ഥം. ആചരണശീലത്വം കൊണ്ട് ഗുരുസ്വരൂപനായ വ്യക്തിയാണ് ഈ മാലയേയും  വസ്ത്രത്തേയും കൊടുക്കുന്നത്. സ്വാമിമാരുണ്ടാക്കുന്ന ഭക്ഷണം ആണ്  നാം ഭക്ഷണമായി കഴിക്കുന്നത്. അതായത്  അകൃഷ്ടപച്യനെന്നര്ഥം. കാലത്തിന്റെ ഗതിയിൽ ധാന്യം മാറിയെന്നു മാത്രം. ഭക്ഷണം പൂര്ണമായും ഗൃഹത്തിന്റെ പുറത്തോ അല്ലെങ്കിൽ ക്ഷേത്രത്തിലോ കുടിലുണ്ടാക്കി അവിടേയാണ് നാം താമസിക്കാറു പതിവ്. ഫലമൂലാദികളാണ് ഭക്ഷണം. സ്വകര്മ്മത്തിനു പ്രാധാന്യം കൊടുക്കാതെ     പുരാണാദികൾ നിത്യപാരായണം ചെയ്യുകയും  അതുപോലെ തന്നെ ഗുരുമുഖത്തു നിന്ന് മറ്റ് വിഷയങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു, അതായത് ബഹ്വോദരന്മാർ. നിശ്ചയിച്ചതല്ലാത്ത സ്ഥലത്തു പോയി ഭജന ചെയ്ത് അവിടെ നിന്ന് ലഭ്യമായ ഭക്ഷണം അഥവാ ഭിക്ഷയാണ് നാം സ്വീകരിക്കാറ്. അതായത് പഠിച്ചതും മനസ്സിലാക്കിയതുമായ ശാസ്ത്രത്തിന്റെ ആചരണം. നാം ഈ മാലയിട്ട സമയങ്ങളിൽ ചെയ്യുന്നത്  ലൌകികമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെ മാറ്റിയിട്ട് ഈശ്വരഭജനയും തത്ത്വാധിഷ്ഠിതമായ പഠനവും ആണ്. അതായത് ഹംസന്മാർ. ഇനി അടുത്തത്  ശബരിമലയ്ക് ഇറങ്ങുകയാണ്.. അതായത് നാം നിഷ്ക്രയന്മാരാകുന്നു. പൂര്ണമായ തത്ത്വത്തെ മനസ്സിലാക്കി വിരക്തിയോടു കൂടി നാം ശബരിമലയ്ക് ഇറങ്ങുന്നു. കാട്ടിലൂടെ പോകുമ്പോഴും കിട്ടുന്ന ഫലമൂലാദികൾ മാത്രമാണ്  സാമാന്യമായി കഴിക്കുക ഇവിടേയും ഫേണപന്മാരുടെ വൃത്തികളാണ് നാം ചെയ്യുന്നത്. ഈ രീതിയിൽ ചിന്തിച്ചാൽ  ശബരിമലയ്ക് മാലയിടുന്ന ഓരോ വ്യക്തിയും യഥാര്ഥത്തിൽ ചെയ്യുന്നത് ഭാരതത്തിലെ വാനപ്രസ്ഥത്തിന്റെ  ഈ എട്ടു പടികളാണ്.

അടുത്തത് മണ്ഡലവ്രതം ആണ്.  എന്താണ് ഈ വ്രതം..

വ്രതം എന്നാൽ നമ്മുടെ മനസ്സിൽ വരിക ജീവിതത്തിൽ നാം കേട്ടു വളര്ന്ന വ്രതങ്ങളുടെ പേരുകളാണ്. വ്രതത്തിന് ഭക്ഷണം എന്നാണ് ഉണാദികോശം പറയുന്നത്. വ്രതം, വ്രിയതേ ഇതി വരിക്കുന്നത് എന്നര്ഥം, പുണ്യജനക ഉപവാസാദികളെന്ന് പറയും. സാമാന്യമായി മണ്ഡലകാലത്തെ പറയുന്നത് 60 ദിവസമാണ്. അതായത് മണ്ഡലകാലം തുടങ്ങി മകരവിളക്കുവരെ കൃത്യമായി അറുപത്  ദിവസം നമുക്ക് കിട്ടുന്നു.  ഈ ദിവസങ്ങളിൽ ആണ് നാം വ്രതം എടുക്കുന്നത്.

ഭാരതത്തിൽ നിയമാനുസൃതമായി വാനപ്രസ്ഥർ ചാന്ദ്രായണം പ്രാജാപത്യം തുടങ്ങിയ കഠിനവ്രതങ്ങൾ അനുഷ്ഠിക്കാറുണ്ട്. ഗൃഹസ്ഥന്മാർ പാപപരിഹാരത്തിനോ സന്യാസപ്രവേശനത്തിനു മുന്പ് അതിന് അര്ഹത സമ്പാദിക്കുന്നതിനോ വേണ്ടിയാണ് ഈ തരത്തിലുള്ള വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രന്റെ വൃദ്ധിക്ഷയമനുസരിച്ച് ആഹാരം ക്രമപ്പെടുത്തുന്ന വ്രതമാണ് ചാന്ദ്രായണം. വ്രതം തുടങ്ങുന്ന ദിവസം പതിനഞ്ച് ഉരുള ചോറുണ്ണും, പിന്നീട് ഓരോ ഉരുള വീതം കുറച്ച് കറുത്ത വാവിൻ നാൾ ഉപവാസം അനുഷ്ഠിക്കും. പിന്നീട് ശുക്ലപക്ഷത്തിലെ പ്രഥമ നാൾ ഒരു ഉരുള ഉണ്ട് ക്രമേണ ഓരോ ദിവസവും ഓരോ ഉരുള  കൂട്ടി വെളുത്ത വാവു നാൾ പതിനഞ്ചു ഉരുള ഭക്ഷിക്കും. ഇതാണ് ചാന്ദ്രായണ വ്രതത്തിന്റെ സാമാന്യനീയമം. ഇതുപോലെ മാര്ക്കണ്ഡേയമഹര്ഷിയാൽ പറയപ്പെട്ട ചാന്ദ്രായാണ വ്രതവും, നാല്പതുദിവസത്തെ ഗോക്ഷീരം സേവിക്കുന്ന  സോമായനവ്രതം ഉള്പ്പെടെയുള്ളവയെ സായൂജ്യപ്രദാനം എന്നാണ് പറയുന്നത്. അതായത് മണ്ഡലകാലത്തെ വ്രതം കൊണ്ട് ഭക്ഷണത്തെ നീയന്ത്രിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇങ്ങിനെ ശാരീരികവും മാനസികവുമായ എല്ലാ തെയ്യാറെടുപ്പോടും കൂടി നാം ശബരിമലയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു.  ഈ വ്രതവൃത്തികളെ നോക്കിയാൽ പുരുഷന്മാർ  സ്ത്രീകളെ നോക്കാതെ അവര്ക്കു വേണ്ടി മാത്രം ഉണ്ടാക്കിയ വ്രതനിഷ്ഠകളല്ല പറയുന്നത് എന്നത് സ്പഷ്ടം.  പ്രത്യേകിച്ച് മാര്ക്കണ്ഡേയ മഹര്ഷിയെ പോലെയുള്ള ഒരു അതിശ്രേഷ്ഠനായ വ്യക്തി പുരുഷനെ മാത്രം ചിന്തിച്ച് സ്ത്രീകളെ പൂര്ണമായും അവഗണിച്ച് കൊണ്ട് വ്രതത്തെ നിശ്ചയിക്കുമെന്ന് ചിന്തിക്കുക അസാധ്യം.

അടുത്തത് പതിനെട്ടു പടികളാണ്.. ഇതിനെ തത്ത്വപരമായും വിദ്യാസ്വരൂപത്തിന്റെ ദൃഷ്ടിയിലും നമുക്ക് പറയാവുന്നതാണ്.

പ്രകൃതിതത്ത്വങ്ങളാകുന്ന പഞ്ചകോശങ്ങളാൽ മറക്കപ്പെട്ട ആത്മസ്വരൂപം തന്നെയാണ് ശബരിമലയിലെ അയ്യപ്പവിഗ്രം. അല്ലെങ്കിൽ പ്രസ്തുത ആത്മസ്വരൂപത്തെ ഉത്ബോധിപ്പിക്കുകയും അതിനെ സാക്ഷാത്കരിക്കാനുള്ള മാര്ഗ്ഗത്തെ നിര്ദ്ദേശിക്കുകയുമാണ് ഈ യാത്രയിലൂടെ ചെയ്യുന്നത്. ആത്മസാക്ഷാത്കാരത്തിന് പതിനെട്ടു വിദ്യകളെയാണ് നാം പറയാറ്. വിദ്യാ ഹ്യഷ്ടാദശൈവ തു എന്ന് വിഷ്ണുപുരാണവും പറയുന്നു. അംഗാനി വേദശ്ചത്വാരോ മീമാംസാ ന്യായവിസ്തരഃ. ധര്മ്മശാസ്ത്രം പുരാണഞ്ച വിദ്യാഹ്യേതാശ്ചതുര്ദ്ദശ. ആയുർവേദോ ധനുർവേദോ ഗന്ധർവവശ്ചേതി തേ ത്രയഃ. അര്ഥശാസ്ത്രം ചതുര്ഥം തു വിദ്യാഹ്യഷ്ടാദശൈവ തു. അതായത് നാലുവേദങ്ങൾ, ശിക്ഷ, കല്പം വ്യാകരണം നിരുക്തം ഛന്ദസ് ജ്യോതിഷം, മീമാംസാ, ന്യായം വിസ്തരം, ധര്മ്മശാസ്ത്രം, പുരാണം, ആയുർവേദം, ധനുർവേദം, ഗന്ധർവവേദം, അര്ഥശാസ്ത്രം എന്നിവയാണ്  ഈ വിദ്യകൾ.  ഇതിനെ അഷ്ടാദശവിദ്യാ എന്നാണ് സാമാന്യം പറയുക. പതിനെട്ടു പടികളേറുക എന്നതുകൊണ്ട് ഈ പതിനെട്ടു വിദ്യകളെ അറിഞ്ഞ് അതിലൂടെ  ആത്മജ്ഞാനത്തെ മനസ്സിലാക്കുക എന്നര്ഥം.

ഇതിനെ തത്ത്വാര്ഥമായി സ്വീകരിച്ചാൽ ആദ്യത്തെ അഞ്ചുപടികൾ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്. ആറുമുതൽ പത്തുവരെയുള്ള പടികൾ വാക്ക് , പാണി, പാദം, പായു, ഉപസ്ഥം, എന്നീ അഞ്ചു കര്മ്മേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്നു.  ശ്രോത്രം, ത്വക്ക്, ചക്ഷുസ്,   ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, മനനാത്മകതത്ത്വമായ മനസ്സിന്റേയും, ബോധാത്മകതത്ത്വമായ ബുദ്ധിയുടേയും പ്രതീകങ്ങളാണ്. 5 പഞ്ചഭൂതങ്ങൾ, 5 കര്മ്മേന്ദ്രിയങ്ങൾ, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണ രണ്ട് എന്നിങ്ങനെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിനുള്ളത്. പതിനെട്ടാമത്തേത് ജീവാത്മാവാണ്.   ഇങ്ങിനെ പതിനെട്ടു പടികളിലൂടെ നാം   തത്ത്വത്തെ അറിയുന്നവൻ   ആണ് യോഗിയാകുന്നത്.

ആദ്യം പറഞ്ഞ ശാസ്താ ശബ്ദത്തിന്റെ കൂടെ ധര്മ്മ  എന്ന് കൂടി ചേര്ത്താൽ    ‘ധർമ്മസ്യ ശാസനഃകർത്താ ഇതി ധർമ്മശാസ്താ’ എന്ന് ധർമ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാൽ ധരിക്കപ്പെടുന്നതാണു ധർമ്മം (ധരതി ലോകാൻ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധർമ്മം. സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധർമ്മം. ധർമ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധർമ്മത്തിന്റെ പത്ത് ലക്ഷണങ്ങൾ. ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധർമ്മം അനുഷ്ഠിക്കുന്നതിലൂടെ ധർമ്മശാസ്താവിലേക്കു നാം എത്തുന്നു. അതായത് പൂര്ണമായും ദശബലയുക്തനും ഷഡഭിജ്ഞനുമായ യോഗിയാകുന്നു എന്നര്ഥം. ഈ ധർമ്മാനുഷ്ഠാനം പ്രായോഗികവല്ക്കരിക്കപ്പെട്ടത് അതായത് യോഗിയാകാനുള്ള പ്രവൃത്തികളാണ് നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം.

അടുത്തത് മാളികപ്പുറത്തെ അമ്മയെ കുറിച്ചാണ്..

അയ്യപ്പനെന്ന ചരിതത്തിന്  പുരാണങ്ങളൊന്നും തന്നെ തെളിവായി ഇല്ലാതിരിക്കുമ്പോൾ നമുക്ക് ആശ്രയം തന്ത്രയുക്തിമാത്രം ആണ്. ബ്രഹ്മസ്വരൂപത്തിലിരിക്കുന്ന ധര്മ്മശാസ്താവ്  അഥവാ യോഗി, ഒരു കന്യകയായ ദേവിയ്ക് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ അദ്വൈതത്തിന്റെ അടിസ്ഥാനതത്ത്വം ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ച് ഭക്തനായ അയ്യപ്പൻ ഗാര്ഹസ്ഥ്യത്തേയും സകല ലൌകിക വിഷയത്തേയും കളഞ്ഞാണ് ധര്മ്മശാസ്താവിന്റെ അടുത്തേക്ക് എത്തുന്നത്. അപ്പോൾ ദശബലയുക്തനായ  സാക്ഷാത് ശ്രീഘനനായ അയ്യപ്പൻ വൈവാഹിക കാര്യത്തിന് വാക്കുകൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് യുക്തമാകില്ല .

രണ്ട് മാളികപ്പുറത്തമ്മയെന്നാണ് നാം വിളിക്കുന്നത്..
പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്.  പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത്.  ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. അസദ് വാ ഇദമഗ്രമാസീത്,  തതോ വൈ സദജായത- ഈ ജഗത്  ഉത്പത്തിയ്കു മുന്പ്  അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു, അതിൽ നിന്നാണ്  നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത്  ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു.

ഗുരുപരമ്പര വഴിയാണ്  ശാസ്ത്രജ്ഞാനം ഉപാസകരിലെത്തുന്നത്. മുന്പു പറഞ്ഞ ശാസ്ത്രോപദേശത്താൽ അവിദ്യ നീങ്ങി തത്ത്വബോധമുദിച്ച് സാധകൻ യോഗസ്വരൂപത്തിൽ ആത്മാവിനെ സാക്ഷാത്കരിക്കുന്നു. സകലപ്രാണികളുടേയും ജന്മത്തിന് കാരണം അവയുടെ പോഷകശക്തിയും മായയാകുന്ന പ്രകൃതിയാണ്. പ്രകൃതി എന്റെ ഗര്ഭാധാനസ്ഥാനമാകുന്നു, അതിൽ ഞാൻ ഗര്ഭത്തെ നിക്ഷേപിക്കുന്നു, അതിൽ നിന്ന് ബ്രഹ്മാവ് മുതലായ സകലഭൂതങ്ങളുടേയും ഉത്പത്തിയുണ്ടാകുന്നു എന്ന് ഗീത പറയുന്നു. മമ യോനിര്മഹത് ബ്രഹ്മ തസ്മിൻ ഗര്ഭം ദധാമ്യഹം എന്ന് ഗീതയും മായാം തു പ്രകൃതിം വിദ്യാൻ മായിനം ച മഹേശ്വരം തസ്യാവയവഭൂതേസ്തു വ്യാപ്തം സർമിദം ജഗത് യോ യോനിം യോനിമധിതിഷ്ഠത്യേകോ യസ്മിൻ ഇദം സം ച  വിചൈതി സർവം എന്ന് ശ്വേതാശ്വതരവും പറയുന്നു.  പരമേശ്വരസ്വരൂപം തന്നെയായ ദേവി തന്റെ മായാശക്തിയാൽ സകലഭൂതങ്ങളുടേയും ഉത്പത്തിയെ ചെയ്യുന്നു.  അതായത് സാക്ഷാൽ ജഗദീശ്വരിയായി സ്ഥിതിചെയ്യുന്നവളായി മാളികപ്പുറത്തമ്മയെ സ്വീകരിക്കുന്നതല്ലെ യുക്തമാകുക.

അയ്യപ്പനെ തൊഴുതിട്ടാണ് നാം  മാളികപ്പുറത്തമ്മയെ തൊഴുന്നത്.  സാമാന്യമായി യോഗി എന്നതിന് യുജ് മേളനെ എന്നാണ് അര്ഥം. രണ്ടിന്റെ മേളനം എന്നര്ഥം.  പുര്ണമായും ആത്മസ്വരൂത്തെ അറിഞ്ഞ് അതായത് ശിവം ഭൂത്വാ ശിവം യജേത് എന്ന ഭാവത്തിലാണ് നാം മാളികപ്പുറത്തമ്മയെ കാണാൻ പോകുന്നത്.

യോഗശാസ്ത്രപ്രകാരം  സഹസ്രാരത്തിൽ കുണ്ഡലിനീശക്തി ശിവതത്ത്വവുമായി ഐക്യപ്പെടുന്നതിനെയാണ് മേളനം എന്നു വിളിക്കുന്നത്.      ഇതുതന്നെയാണ് ഖേചരി മുതലായ യോഗവിദ്യകളുടെ ഫലവും. ഈ മേളനത്താൽ സഹസ്രാരത്തിൽ നിന്ന്  ആനന്ദരൂപമായ അമൃതു വര്ഷിക്കപ്പെടുന്നു എന്നും യോഗികൾ പറയുന്നു.   യോഗദര്ശനപ്രകാരം കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോൾ ചിത്തവൃത്തിനിരോധരൂപമായ സമാധിയെ യോഗികൾ പ്രാപിക്കുന്നു.

സമാധിയുടെ ഫലരൂപമായ ആനന്ദത്തെ പ്രാപിക്കുവാൻ കുണ്ഡലിനിയുടെ ഷഡാധാരഭേദനവും സഹസ്രാരപദ്മത്തിലെ മേളനവും സഹായിക്കും. യോഗസാധനയാൽ സകല ചിത്തവൃത്തികളും നിരോധിക്കപ്പെട്ട്  ആനന്ദസ്വരൂപമായ ആത്മാവു മാത്രം ശേഷിക്കുന്നു. സമാധിയാൽ സകലവിധ വാസനകളാകുന്ന കുരുക്കുകളും നശിക്കുന്നു. ഛിദ്യതേ ഹൃദയഗ്രന്ഥി ക്ഷീയന്തേ ചാസ്യ കര്മാണി എന്ന് ശ്രുതി. നിരോധിക്കപ്പെട്ട ചിത്തത്തിൽ ആത്മസ്വരൂപം തെളിഞ്ഞ കണ്ണാടിയിലെ പ്രകാശം പോലേയും തെളിഞ്ഞ ജലാശയത്തിലെ സൂര്യനെ പോലെയും ശോഭയോടു കൂടി പ്രകാശിക്കും. ഈ ആത്മതത്ത്വമായി പ്രകാശിക്കുന്നത്  ഷഡാധാരങ്ങള്ക്കും ഉപരിയായി ബ്രഹ്മാനന്ദരസസ്വരൂപിണിയായി അഖണ്ഡമായി സ്വയം ജ്യോതിസ്വരൂപിണിയായി സ്ഥിതിചെയ്യുന്ന ദേവി തന്നെയാണ്. സമാധിയിൽ പ്രകാശിക്കുന്ന ഈ തത്ത്വത്തെ നിര്ണയിക്കുന്നതാണ് മോക്ഷം. എല്ലാം ആത്മാവു തന്നെയെന്നുള്ള ജ്ഞാനത്തിലേക്കുള്ള ഒരു സാധനാ മാര്ഗമായാണ് യോഗദര്ശനം പ്രതിപാദിക്കപ്പെടുന്നത്. യോഗത്തിലൂടെ അതിന്റെ ലക്ഷ്യമായ ചിത്തവൃത്തിനിരോധം നേടുന്ന സാധകൻ പരമലക്ഷ്യമായ ബ്രഹ്മാത്മൈകത്വവിജ്ഞാനമാകുന്ന സമ്യക് ജ്ഞാനത്തിൽ എത്തുന്നു.

പട്ടബന്ധത്തിൽ ഇരിക്കുന്ന സിദ്ധപാരമ്പര്യത്തെ കണക്കാക്കിയാൽ നാദാനുസന്ധാനവും സാധനയായി  ഉപയോഗിക്കാറുണ്ട്. മുമുക്ഷുക്കളെ ബ്രഹ്മപദത്തിൽ എത്തിക്കാനുള്ള സാധനയാണ് നാദാനുസന്ധാനമെന്ന്  യോഗതാരാവലിയിൽ ശ്രീ ശങ്കരഭഗവദ്പാദർ പറയുന്നു. ഈശ്വരപ്രസാദത്താലാണ് മനസ്സ് പ്രാണനോടു കൂടി ചിദാകാശരൂപമായ സഹസ്രാരത്തിൽ ലയിക്കുന്നത്. നാദാനുസന്ധാന നമോസ്തു തുഭ്യം ത്വാം സാധനം തത്ത്വപദസ്യ ജാനേ ഭവത്പ്രസാദാത്  പവനേന സാകം വിലീയതേ വിഷ്ണുപദേ മനോ മേ എന്ന് യോഗതാരാവലീ. നാദാനുസന്ധാനത്തിൽ പ്രണവത്തെ നാദരൂപത്തിൽ ഉപാസിക്കുമ്പോൾ പ്രാണനോടൊപ്പം മനസ്സ്  ശിരസ്സിലുള്ള സഹസ്രാരപദ്മത്തിൽ വിലയിക്കുന്നു. ഇങ്ങിനെ വിലയിക്കുന്ന മനസ്സ് ഈശ്വരാകാരമായി പരിണമിക്കുന്നു.   സമാധിയിൽ പ്രകാശിക്കുന്ന നിരുപാധിക ശിവസ്വരൂപത്തെ തന്നെയാണ് നാദാനുസന്ധാനത്തിലൂടെ സാധകൻ സാക്ഷാത്കരിക്കുന്നത്. മനസ്സും പ്രാണനും നാദത്തോടൊപ്പം ലയിക്കുന്ന ബ്രഹ്മരന്ധ്രം ജീവന്റെ തുരീയസ്ഥാനമാകുന്നു. മൂര്ദ്ധനി തുര്യം വ്യവസ്ഥിതം എന്ന് ശ്രുതി. നാദാനുസന്ധാനത്തിലൂടെ ത്രിപുടിയടങ്ങി സമാധിയിൽ ശിവസ്വരൂപസാക്ഷാത്കാരം നേടുന്ന സാധകൻ സ്വയം ബ്രഹ്മസ്വരൂപമാകുന്നു. ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി എന്ന് ശ്രുതി പ്രകാരം സാധകനും ബ്രഹ്മസ്വരൂപിണിയുമായ ദേവിയുമായി ഭേദമില്ല. നാദാനുസന്ധാനത്താൽ ബ്രഹ്മാനുഭവത്തിലെത്തുന്ന സാധകൻ പരമഗതിയടയുന്നു അഥവാ യോഗയുക്തനായിത്തീരുന്നു.  സാധകൻ ദേവിയുടെ സ്വരൂപം തന്റെ സ്വരൂപം തന്നെയാണെന്ന്  ഉറപ്പു വരുത്തുമ്പോൾ കൈവല്യത്തെ പ്രാപിക്കുന്നു.  അതായത് സ്വയം ലയിക്കുന്നു.. ഇതുകൊണ്ടാകണം യോഗിയായ അയ്യപ്പനും ലയിച്ചു എന്ന് പറയുന്നത്..
ശബരിമലയിലെ പ്രതിഷ്ഠ സിദ്ധതതാപസന്മാരുടെ പാരമ്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത്  നിര്മ്മലാനന്ദഗിരി സ്വാമിജിയും ശരി വയ്കുന്നു. അദ്ദേഹത്തിന്റെ സിദ്ധസംപ്രദായത്തെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മമായ  പഠനം മറ്റൊരു പോസ്റ്റായി തന്നെ ഇടുന്നതാണ്. യോഗപട്ടാസനത്തിലുള്ള ശാസ്താവിന് സമാനമായ സിദ്ധ അഗസ്ത്യവിഗ്രഹം തിരുവനന്തപുരം മ്യൂസിയത്തിലുണ്ട്. യോഗപട്ടം യോഗമാര്ഗ്ഗത്തേയും ചിന്മുദ്ര ബ്രഹ്മാത്മൈക്യമാകുന്ന ജ്ഞാനത്തേയും സൂചിപ്പിക്കുന്നു. യോഗജ്ഞാനസമന്വയത്തിലൂടെ മോക്ഷത്തിലേക്ക്  ഉള്ള യാത്രയാണ് ശബരിമലയാത്ര. ഗാര്ഹസ്ത്യത്തിൽ നിന്നു വാനപ്രസ്ഥത്തിലേക്കും അതിൽ നിന്ന് സന്യാസത്തിലെത്തി ജീവന്മുക്തിയിലേക്കുള്ള യാത്രയെന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഇത്രയും വിഷയങ്ങളെ മനസ്സിൽ വച്ചുകൊണ്ട് ഇനി ചോദ്യങ്ങളെ നോക്കാം.. സ്ത്രീകള്ക്ക് എതിരായി ആണോ ശബരിമലയിൽ ആചാരം ഉണ്ടാക്കിയത്..

സാമാന്യമായി ക്ഷേത്രത്തിലെ ആചാരങ്ങളെ നോക്കിയാണ് നാം ഇതു പറയുന്നത്.. ആദ്യം നാം ചെയ്യേണ്ടത് മുന്പ് ശബരിമലക്ഷേത്രം എല്ലാ ക്ഷേത്രങ്ങളേയും പോലെയാണോ എന്താണ് വ്യത്യസ്തതകൾ എന്ന് ചിന്തിക്കണം..ദേശകാലബന്ധിതമായാണ് ആചാരങ്ങൾ നിശ്ചയിക്കുക..ഉത്തരേന്ത്യയിൽ ഗര്ഭഗൃഹത്തിനുള്ളിൽ സ്ത്ര്രീകളുള്പ്പടെയുള്ളവർ അഭിഷേകം ചെയ്യാറുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിലാകട്ടെ തിരുപ്പതി, ശബരിമല, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് സാധ്യമല്ല. കേരളത്തിനെ നോക്കിയാൽ ഓരോ ക്ഷേത്രത്തിലേയും ആചാര വിചാരങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തവും താന്ത്രികവുമായി ചേര്ന്ന് പോകുന്നതുമാണ്.  മദ്യം, മാംസം തുടങ്ങിയവ നേദിക്കുന്ന ക്ഷേത്രങ്ങൾ, സ്ത്രീകൾ മാത്രം പൂജിക്കുന്ന ക്ഷേത്രങ്ങൾ, സ്ത്രീകൾ മാത്രം പ്രത്യേകമായി ചെയ്യുന്ന പൊങ്കാല തുടങ്ങിവയുള്ള ക്ഷേത്രം തുടങ്ങി വ്യത്യസ്ത ആചാരങ്ങൾ കാണാനാകും. ഇങ്ങിനെ നോക്കിയാൽ ക്ഷേത്രസങ്കല്പത്തിൽ നാം അനുഷ്ഠിക്കുന്ന ഏതൊരു ആചാരവും ഓരോ ദേശത്തിന്റേയും തനതായ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ദേശകാലങ്ങളെ കണക്കാക്കിയും അതിന്റെ പ്രയോജനത്തേയും നോക്കിയാണ്  ഉണ്ടാക്കിയത് എന്ന് മനസ്സിലാകും.. ആ ക്ഷേത്രത്തിലെ പ്രധാനമായ മൂര്ത്തിയെ ആധാരമാക്കിയാണ് ഇത് നിശ്ചയിക്കപ്പെടുന്നതും. അല്ലാതെ ജനങ്ങളെ നോക്കി അല്ല അങ്ങിനെ ആയിരുന്നു എങ്കിൽ മുത്തപ്പനുള്പ്പടെയുള്ള മൂര്ത്തികള്ക്ക് നാം നിശ്ചയിച്ചിരിക്കുന്ന ആചാരവിചാരങ്ങളുടെ സാധൂകരണം ബുദ്ധിമുട്ടാകും.. ഇങ്ങിനെ ചിന്തിച്ചാൽ ശബരിമലയിലുള്ള ആചാരവും സ്ത്രീവിരുദ്ധമായി ഉണ്ടാക്കിയ ആചാരമല്ലാ എന്നും അവിടെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മൂര്ത്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് ഉറപ്പിക്കാം.

ചോദ്യം രണ്ട് - സ്ത്രീകളെ കണ്ടു കഴിഞ്ഞാലോ കൂടെ നിന്നാലോ വ്രതം എടുത്തിരിക്കുന്ന അയ്യപ്പന്  രാഗം അഥവാ കാമം വരുമോ എന്നതാണ്..
ഒന്നു ചിന്തിച്ചുനോക്കൂ, കേരളീയ വസ്ത്രധാരണരീതി എന്ന് പറഞ്ഞ് കാണുന്നത് സെറ്റ് സാരിയും ബ്ലൌസും ആണ്. അതാകട്ടെ അടുത്തകാലത്തുമാത്രം ഉണ്ടായതാണ്.  എന്റെ അമ്മുമ്മ പോലും ഒറ്റസാരിയുടുത്ത് ആണ് ഞാൻ കണ്ടിട്ടുള്ളത്.. പെണ്കുട്ടികളുടെ കൂടെ ഓടിനടന്ന് കളിച്ചിരുന്ന ഒരു കാലം ഓര്ത്താൽ മാത്രം മതിയാകും ഇതു മനസ്സിലാക്കുവാൻ..പ്രത്യേകിച്ച്  പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്കുട്ടികൾ വരെ മേൽവസ്ത്രം ഇട്ടിരുന്നില്ല..ഒരു പഴയ മൂവി മാത്രം കണ്ടാൽ മതിയാകും ഇത് ശരിയാണോ എന്ന് മനസ്സിലാക്കാൻ..  അപ്പോൾ സ്ത്രീകളുടെ മാറിടം കണ്ടാൽ ഒന്നും കാമം വരുന്ന കാലവും അല്ലായിരുന്നു അത്.  അപ്പോ  ആ കാലത്തെ മുൻനിര്ത്തി ഉണ്ടാക്കിയ ഒരു ആചാരത്തിൽ സ്ത്രീകളെ കാണുമ്പോൾ കാമം വരും എന്ന കാരണത്താൽ ആണ് അവരെ   റെസ്ട്രിക്റ്റ് ചെയ്തിരുന്നത് എന്ന് പറയുന്നതും യുക്തിയാകില്ല.

അടുത്തത് രജസ്വലയായ വിഷയം ആണ്. രണ്ട് തലത്തിൽ നോക്കാം ഒന്നു അയ്യപ്പന്മാര്ക്ക് രജസ്വലയായ സ്ത്രീയുടെ സമ്പര്ക്കം അശുദ്ധിയുണ്ടാക്കുമോ എന്നാണ്. രജസ്വലത്വം എന്താണ് എന്ന് ആണ്കുട്ടികള് മനസ്സിലാക്കുന്നത് പോലും ഇന്നത്തെ പരസ്യകമ്പനികൾ കാരണമാണ്. അല്ലാതെ പഴയ കാലത്ത്  ഇത് എന്താണ് എന്ന്  ആണ്കുട്ടികൾക്ക് പോലും കൃത്യമായി അറിയില്ലായിന്നു എന്നതാണ് സത്യം. ഈ വിഷയം പൊതുജനമദ്ധ്യത്തിൽ സംസാരിക്കാറുമില്ല..എന്തിന് ഇരുപത് വര്ഷം മുന്പ്  ടിവിയിൽ ഒരു പരസ്യം പോലും കാണാനാകില്ല പിന്നെയാണോ. പെണ്കുട്ടികൾ സ്വയം പിൻവാങ്ങുകയാണ് പതിവ് അല്ലാതെ ആണ്കുട്ടികൾ ആരും തന്നെ ആ വിഷയത്തിൽ കൈകടത്താറില്ല. പ്രത്യേകിച്ച് യോഗമാര്ഗ്ഗത്തിലേക്ക് പോകുന്ന അതും വാനപ്രസ്ഥികളായ ബ്രഹ്മചാരികള്ക്ക് ഇത് വിഷയവുമാകില്ലായെന്ന് ഉറപ്പ്. അത് വച്ചുനോക്കിയാൽ രജസ്വലത്ത്വമല്ല കാരണമെന്ന് ഉറപ്പല്ലെ..

അടുത്ത ചോദ്യം രജസ്വലത്വം കൊണ്ട് അയ്യപ്പന് എന്തെങ്കിലും സംഭവിക്കുമോ എന്നതാണ്.  തത്ത്വമസി പൊരുളെന്ന് വിളിക്കുന്ന അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഇത് ബാധകമേയല്ല. ആത്മസാക്ഷാത്കാരം നേടിയ ഒരുവന്  ബ്രഹ്മനിഷ്ഠ തന്നെയാണ് ബ്രഹ്മചര്യം. അവിടെ സ്ത്രീപുരുഷ ഭേദങ്ങളുമില്ല. നിത്യാനിത്യവസ്തു വിവേകം തുടങ്ങിയവ മനസ്സിലാക്കിയ സാമാന്യവ്യക്തിപോലും ഇതിനുപരി ചിന്തിക്കുമ്പോൾ സാക്ഷാൽ യോഗിരൂപത്തിൽ വിരാജിക്കുന്ന ധര്മ്മശാസ്താവിന്  സ്ത്രീപുരുഷ ലിംഗ വേവചനം ചിന്തിക്കുക സാധ്യവുമല്ല. സ്ത്രീകൾ കയറാതെയിരിക്കാനുള്ള കാരണം ഇതുമല്ല.

ബ്രഹ്മനിഷ്ഠനായി അഥവാ യോഗിയായി മാറാൻ ശ്രമിക്കുന്ന സാധകൻ സന്യാസാശ്രമത്തിലേക്ക് ഉള്ള പ്രവേശനമെന്ന രീതിയിൽ വാനപ്രസ്ഥം അനുഷ്ഠിക്കാറുണ്ട്. അതിന്റെ ഭാഗമായി വ്യാവഹാരികദൃഷ്ടിയിൽ ബ്രഹ്മചര്യം അനുഷ്ഠിക്കാറുമുണ്ട്. അതായത് ദീക്ഷാപൂർവകമായ മാലയിട്ട സാധകനാണ് ബ്രഹ്മചര്യം നോക്കുന്നത് അല്ലാതെ  പ്രതിഷ്ഠാരൂപമായ അയ്യപ്പനല്ല. പലപ്പോഴും അയ്യപ്പനാകുവാൻ ശ്രമിക്കുന്ന സാധകനേയും സാക്ഷാൽ ധര്മ്മശാസ്താവായ അയ്യപ്പനേയും കൂട്ടികുഴക്കുമ്പോഴാണ് പ്രശ്നം വരുന്നത്.

ഇനി നമുക്ക് ഇപ്പോഴത്തെ കര്മ്മഭാഗത്തെ നോക്കാം.. ആദ്യകാലങ്ങളിൽ ശബരിമലയിൽ ഇന്നത്തെ പോലെ പൂജ ചെയ്യുന്നവരുണ്ടായിരുന്നില്ല. പോകുന്നവർ ഭഗവാന് സ്വയം പൂജ ചെയ്യുകയാണ് പതിവ്. കാരണം സ്ഥിരമായി ഇത്രയും നിഷ്ഠയെടുത്ത് പോകുന്നവർ വിരളം. പ്രത്യേകിച്ച് ഒരു കാലത്ത് ശബരിമലക്ക് പോകുമ്പോൾ തിരിച്ചു വരുമോ എന്ന് പോലും നിശ്ചയമില്ലാത്ത ഒരു യാത്രയായാണ് കണക്കാക്കിയിരുന്നത്. സ്ത്രീകളെ കയറ്റാത്തത് അവരുടെ അശുദ്ധിയെ കാരണമാക്കിയാണ് എന്നാണ് ഇന്ന് പറയുന്നത്. വാനപ്രസ്ഥത്തിലേക്ക് ഇറങ്ങുമ്പോൾ ചെയ്യേണ്ടി വരുന്ന  പൂർവാചരണത്തിലെ പ്രത്യേകിച്ച് കാട്ടിലോ വീടിനുപുറത്തോ കുടിലിൽ താമസിച്ച് ചെയ്യേണ്ട കടുത്ത നിഷ്ഠയാകണം  സ്ത്രീകൾ കയറാതെയിരിക്കാനുള്ള പ്രധാന കാരണം. അല്ലാതെ അവരുടെ രജസ്വലത്ത്വമല്ല. പഴയകാലത്ത് പുലിയും കടുവയും ആനയും എല്ലാം ഉള്ള കാട്ടിലൂടെ യാത്ര മാത്രമായിരുന്നു ശബരിമലയിലേക്ക് ഉണ്ടായിരുന്നത്. ഇതും സ്ത്രീകൾ കുറയുവാനുള്ള കാരണമാകണം. പൂർവക്രമത്തിൽ പറയുന്ന നിഷ്ഠകൊണ്ട്  മനോബലത്തെ സ്വാംശീകരിച്ചവനും,  ബലസ്വരൂപനും ആയ യോഗിയ്ക്  സ്ത്രീകളുടെ സാമീപ്യം കാമത്തെ ഉണ്ടാക്കും എന്നതുകൊണ്ടല്ല ശബരിമലയിൽ സ്ത്രീകളെ കയറ്റാത്തത് എന്ന് ഈ വിഷയങ്ങളെ നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളു. അങ്ങിനെയുണ്ടാകണമെങ്കിൽ ആദ്യം ഉണ്ടാകേണ്ടത് ഹരിദ്വാറിലും, ഋഷികേശിലും, പരശുരാമകുണ്ഡിലും എല്ലാം ആണ്.. കാരണം സ്ത്രീകൾ കുളിക്കുന്നതുപോലും പുരുഷന്മാരുടെ മുന്പിൽ തന്നെയാണ്. യാതൊരു പൂർവ വ്രതങ്ങളും ഇല്ലാതെ പോയിട്ടും അവിടെയില്ലാത്ത മാനസിക പ്രശ്നം ഇവിടെയുണ്ടാകുമെന്ന് പറയുക സ്വീകാര്യമല്ല.  ശുദ്ധമായ ഭാവത്തോടു കൂടി നിൽക്കുന്ന വാനപ്രസ്ഥാശ്രമത്തിലുള്ള വ്യക്തിയ്ക്  അതുകണ്ടിട്ട് യാതൊരു മാനസികവൈകല്യവും തോന്നില്ല എന്നര്ഥം.  ഭാര്യയോടു കൂടി വാനപ്രസ്ഥത്തിനു പോകുവാൻ വിധിയുമുണ്ട്. ധൃതരാഷ്ട്രരും ഗാന്ധാരിയും എല്ലാം ഉദാഹരണമാണ്.  ഇവിടെ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം അവിടെത്തെ ആചാരത്തെ പാലിക്കുന്നവര്ക്ക് പോകാം എന്നതാണ് നിഷ്ഠ.  ഇന്ന് ശബരിമലയ്കു പോകുന്നവരു പോലും ഈ നിഷ്ഠകളെ  അനുഷ്ഠിക്കുന്നില്ലായെന്നത് വേറെ കാര്യം. സ്ത്രീകള്ക്ക് വാനപ്രസ്ഥത്തിലെ എട്ടു കടമ്പകൾ ബുദ്ധിമുട്ടായതുകൊണ്ട് പോകാതിരുന്നതിനെ സ്ത്രീകള്ക്ക് പ്രവേശനമേ പാടില്ലായെന്ന് ആക്കി എന്നതാകാനാണ് സാധ്യത. അക്കമഹാദേവിയെ പോലെ ആചാരങ്ങളെ ആചരിച്ച്  വാനപ്രസ്ഥാശ്രവും സന്യാസവും നേടിയ മഹദ് ചൈതന്യവതികളായ സ്ത്രീകൾ തന്നെ ഇതിനു ഉദാഹരണമാണ്.  സ്ത്രീകൾ പോകരുത് എന്നല്ല, പോകുമ്പോഴുണ്ടാകുന്ന നിഷ്ഠകളാണ്  ഇവിടെ പ്രശ്നമായി വരുന്നത് എന്നര്ഥം.

ആദ്യകാലങ്ങളിൽ കുട്ടികളേയും കൊണ്ടുപോകാറുണ്ടെന്നതിന് തെളിവില്ല. പ്രത്യേകിച്ച്  വ്രതാചരണം കുട്ടികള്ക്ക് സാധിക്കാറില്ലായെന്നതു തന്നെ കാരണം. പമ്പ വഴി ശബരിമലയ്ക് പോകുവാനുള്ള വഴി വന്നതിനുശേഷം മാത്രമാണ് ഈ രീതിയിലുള്ള ഒരു ശബരിമലയാത്ര പ്രസിദ്ധമായത്.  അതിനു മുന്പ് ഇവിടെ വ്രതത്തോടു കൂടിയ വ്യക്തികൾ മാത്രമേ പോകാറുള്ളു. കാരണം അയ്യപ്പശരണം മാത്രമാണ് കടുവയും പുലിയും ആനയും ഉള്ള കാട്ടിൽ അവരുടെ ശരണം ആയി ഉണ്ടായിരുന്നത്. എപ്രകാരമാണോ കദളീവനം തീര്ഥസ്ഥാനം ആണെങ്കിൽ പോലും യോഗികൾ മാത്രം പോകാൻ ഇഷ്ടപ്പെടുന്നത് അതുപോലെയാണ് ശബരിഗിരിയും എന്നുറപ്പിക്കാം. ശരീരബോധമില്ലാതെ പൂര്ണവൈരാഗ്യത്തോടു കൂടിയവരാണ് ശബരി ഗിരിനാഥനെ ദര്ശിച്ചിരുന്നവരെന്ന് സാരം.

ഇനി വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യമാണ്...
എം എം ഹിൽസ് അഥവാ മഹാദേശ്വരൻപെട്ട എന്നറിയപ്പെടുന്ന ക്ഷേത്രം കര്ണാടകയിലെ വീരശൈവരുടെ പ്രധാന പൂജാക്ഷേത്രങ്ങളിൽ ഒന്ന്.. നമ്മുടെ അയ്യപ്പനെ പോലെ തന്നെ അവിടേയും പുലിപുറത്താണ് മഹാദേശ്വരന്റേയും യാത്ര..ഞാനറിഞ്ഞിടത്തോലം ഇവിടെത്തെ വിശേഷത അവിടെ പൂജിക്കുന്നത് വൈദികരല്ല..അവര്ക്ക് ശിവലിംഗത്തിൽ പൂജിക്കാൻ ഗര്ഭഗൃഹത്തിൽ പ്രവേശനമില്ല..ശിവലിംഗത്തിൽ പൂജ നടത്തുന്നത് പണ്ട് മുതലെ അവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗമാണ്.. വൈദികർക്ക്  ഗര്ഭഗൃഹത്തിന്റെ മുന്പിൽ ഇരിക്കാൻ സ്ഥലമുണ്ട് അവിടെയിരുന്ന് വേണം വേദം ചൊല്ലാൻ..ഇവർ വേദം ചൊല്ലുകയും അതിനു അനുസരിച്ച് അവിടെയുള്ള വനവിഭാഗത്തിലെ ആളുകൾ അകത്ത് പൂജചെയ്യുകയും ചെയ്യും.. ഭഗവാന് പൂക്കളും ബാക്കികാര്യങ്ങളുമെല്ലാം തന്നെ ആ വിഭാഗം തന്നെയാണ് ചെയ്യുന്നത്.. ഭക്തജനങ്ങള്ക്കാകട്ടെ പുറത്തു നിന്നു തൊഴണം.. അതായത് വൈദികരു  ഇരിക്കുന്നതിനു തൊട്ടു മുന്പുള്ള ഭാഗത്തു വരെ ചെല്ലാം.. ഇതാണ് അവിടെത്തെ പദ്ധതി.. അതായത് ഏത് വൈദികരേക്കാളും അവിടെ പ്രധാനികൾ അവിടെത്തെ ആ വനവാസി വിഭാഗമാണ്..അതായത് അവിടെ മൂന്നു വിഭാഗമുണ്ട്.. ഒന്നു പൂജിക്കുന്ന വനവിഭാഗക്കാരെന്ന് പറയുന്നവർ.. രണ്ട് വൈദികർ.. മൂന്നു ഭക്തർ.. അവിടെ പൂജിക്കുന്നവര്ക്ക് എന്തെങ്കിലും കൂടുതൽ അധികാരം ഉണ്ടെന്നോ അല്ലെങ്കിൽ എന്തുകൊണ്ട് എനിക്ക് ചെയ്തു കൂടായെന്നോ ചോദിക്കുക സാധ്യമല്ല.. അത് ആ ക്ഷേത്രത്തിന്റെ കാലങ്ങളായി ചെയ്തുപോരുന്ന അല്ലെ അനുഷ്ഠിച്ചു വരുന്ന തനതായ സംസ്കാരമാണ്..  അതിനെ മനസ്സിലാക്കി നമസ്കരിക്കുക അത്രയേ ഒള്ളു നമുക്ക് ചെയ്യാനാകു..

ഏതൊരു ക്ഷേത്രത്തിനും അതിന്റേതായ നിയമങ്ങളുണ്ട് അത് അവിടത്തെ പ്രതിഷ്ഠയുടെ ഭാവത്തെ അനുസരിച്ചാണ് നിശ്ചയിക്കുക. ഓരോ ക്ഷേത്രത്തിലും അതുകൊണ്ട് തന്നെ ആചാരവും വ്യത്യസ്തമായിരിക്കും..അതിനെ അതിന്റേതായ രീതിയിൽ നാം സ്വീകരിക്കാറുമുണ്ട്. ശബരിമല  ക്ഷേത്രത്തിൽ നാം സ്വീകരിച്ചിരിക്കുന്നത് വാനപ്രസ്ഥാശ്രമം എന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ ആ പദ്ധതിയെ പൂര്ണമായി ഉള്കൊണ്ട് ആകണം അവിടെത്തെ നീയമങ്ങളെ നിശ്ചയിച്ചിരിക്കുന്നതും. കാലങ്ങളാൽ കറുത്ത പൂച്ചയെ കെട്ടിയിടുന്ന പോലെ ആചാരങ്ങളും വിചാരങ്ങളും കൂട്ടിചേര്ക്കപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ യുക്തിയുക്തമായി അതിനെ ചിന്തിച്ച്  സ്വയം മനസ്സിലാക്കുക എന്നു മാത്രമാണ് ഇവിടെ കരണീയം.

No comments:

Post a Comment