Saturday, February 3, 2018

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

മഹാബലിയും പരശുരാമനെറിയാത്ത മഴുവും
വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.
അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’
‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’
ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.
“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.
“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.
“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.
അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.
ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.
ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.
“മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”
വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു
“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.
അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.
ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

No comments:

Post a Comment