Saturday, February 3, 2018

ആനചികിത്സാ ഗ്രന്ഥം- ഗജഗ്രഹണപ്രകാരം.

ആനചികിത്സാ ഗ്രന്ഥം- ഗജഗ്രഹണപ്രകാരം.
ആനകളുടെ പ്രദര്ശനത്തെ കുറിച്ച് പഴയ ഗ്രന്ഥങ്ങളിൽ ഉണ്ടോ എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ആയി പറയാവുന്ന ഗ്രന്ഥത്തിലൊന്നാണ് ഗജഗ്രഹണപ്രകാരം.
നരായണദീക്ഷിതനാൽ ആര്യാവൃത്തത്തിൽ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിൽ അഞ്ചു ആശ്വാസങ്ങളാണ് ഉള്ളത്. ആദ്യ ഇരുപത്തിയൊന്പത് ശ്ലോകങ്ങളിൽ ആനകളുടെ പ്രാധാന്യത്തെ കുറിച്ചും, അവയെ എങ്ങിനെയാണ് ഉപയോഗിക്കേണ്ടതിനെ കുറിച്ചും, അവയുടെ സംരക്ഷണത്തെ കുറിച്ചും ആണ് വിശദീകരിച്ചിരിക്കുന്നത്. തുടര്ന്നുള്ള അദ്ധ്യായങ്ങളിൽ പത്തു തരത്തിൽ ആനകളെ പിടിക്കുന്നത് എങ്ങിനെയെന്നും, ഏതൊക്കെ ദേശങ്ങളിലും, സ്ഥലങ്ങളിലാണ് ആനകളെ കാണുവാനാകുക എന്നതും, ആനകള്ക്കുള്ള ട്രയിനിങ്ങിനെ കുറിച്ചും, അവസാനഭാഗത്ത് ജനങ്ങളുടെ മുന്പിൽ ആനകളുടെ പ്രദര്ശനത്തെ കുറിച്ചും വ്യക്തമായി പറയുന്നു. .
പ്രധാനമായി രണ്ടുതരത്തിലുള്ള പ്രദര്ശനമാണ് ആചാര്യന്മാർ നിര്ദേശിച്ചിരിക്കുന്നത്. ഒന്നാമത്തെത് മാനുഷശൈലി. ഇതിൽ ആനകളുടെ വയസ്സനുസരിച്ചാണ് തരം തിരിച്ചു നിര്ത്തുന്നത്. ഇതിൽ ആറു വരികളും അതിൽ ഏറ്റവും ചെറിയ വയസ്സുള്ള ആനയെ ഏറ്റവും മുന്പിൽ നിര്ത്തുന്നു. തുടര്ന്നു വരുന്ന വയസ്സനുസരിച്ച് ബാക്കി വരികളിലേക്ക് ആനകളെ ചേര്ക്കുന്നു.
രണ്ടാമത്തെ രീതിയെ സുരാശൈലിയെന്ന് വിളിക്കുന്നു. ഇവിടെ ആനയുടെ വംശം അനുസരിച്ച് ആണ് തരം തിരിക്കുന്നത്. ഇത് ആന എവിടെ ജനിച്ചു എന്നതും ജാതിയുമാണ് പ്രധാനം. ഇതേ വിഭാഗത്തെ മിശ്രശൈലി എന്നും ശുദ്ധശൈലിയെന്നും വിളിക്കുന്നു. ഓരോ ദേശത്തേയും ആനകളെ തരംതരിക്കുകയും അവയെ അതിനനുസരിച്ച് പ്രദര്ശിപ്പിക്കുകയും ചെയ്യണം.
ഈ രണ്ടുതരത്തിൽ പറയപ്പെട്ട ആനകളുടെ പ്രദര്ശനം അഞ്ചു തരത്തിൽ ചെയ്യാവുന്നതാണ്. ആദ്യത്തേതിനെ ഗരുഡശൈലിയെന്ന് വിളിക്കുന്നു, ഇത് പരുന്തിന്റെ ആകൃതിയിലാണ്. ഇതിൽ ആറു വിഭാഗവും അതിൽ 198 ആനകളേയും നിര്ത്താനാകും. രണ്ടാമത്തെ വിഭാഗത്തിൽ മാരുത ശൈലിയാണ് അതായത് വായു. ഇതിൽ ആറു വരികളായി ആനകളെ നിര്ത്തുകയും ആദ്യത്തെ വരിയിൽ പതിനെട്ടു ആനകളും അവസാനവരിയിൽ നാല്പത്തിയെട്ടു ആനകളുമായാണ് യോജിപ്പിച്ചിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തെ ഭുജംഗമശൈലിയെന്നു വിളിക്കുന്നു. ഇതിൽ 125 ആനകളെ മൂന്നു വരികളിലായി നിര്ത്തുന്നു. നാലാമത്തെ ശൈലിയാണ് പശുശൈലി. ഇതിൽ ആറു വരികളിലായി 162 ആനകളാണുണ്ടാകുക. ഈ ശൈലിയ്ക് ഭൂശൈലിയെന്നും പേരുണ്ട്. അഞ്ചാമത്തെ വിഭാഗത്തിന് ഉള്ള പേരാണ് ശര ശൈലി അഥവാ അമ്പിന്റെ ശൈലി. ഇതിൽ 192 ആനകളെ നാലു വലികളിലായി നിര്ത്തുന്നു. ആനകളുടെ എണ്ണം അനുസരിച്ച് വിഭാഗീകരണത്തിൽ മാറ്റം വരുത്തി അവയെ പ്രദര്ശനത്തിന് നിര്ത്തുന്നു.
ഇപ്രകാരം ആനകളുടെ പ്രദര്ശനം എങ്ങിനെ ചെയ്യണമെന്ന് മനോഹരമായി ആചാര്യന്മാർ വ്യത്യസ്തഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്.. ആനകളുടെ അനാട്ടമിയേയും ഫിസിയോളജിയെ കുറിച്ചും വരെ അനേകം പുസ്തകങ്ങൾ ഭാരതത്തിലുള്ളപ്പോഴും ഈ വിഷയത്തിൽ ഒരു റിസര്ച്ച് വര്ക്കു പോലും ചെയ്യാതെ മാതംഗലീല, ഗജചികിത്സ എന്നീ രണ്ടു ഗ്രന്ഥങ്ങളെ മാത്രം നാം പറയുന്നു എന്നത് അത്ഭുതമുളവാക്കുന്നു.

No comments:

Post a Comment