Saturday, February 3, 2018

ആനയും ഗ്രഹബാധയും...

ആനയും ഗ്രഹബാധയും...
അജ്ഞാതവും കൗതുകകരവും വിചിത്രവും അവിശ്വസനീയമായ ഒരു ലോകമാണ് മാന്ത്രികം എന്നത്...ഷഡ്കര്മ്മവും ദുര്മ്മന്ത്രവാദങ്ങളുമെല്ലാം ചേരുമ്പോൾ ഇന്നും നമുക്ക് കൌതുകമാണ് ഈ വിഷയം..
നാം സ്ഥിരം കേള്ക്കുന്ന ഒടിയൻ, എസ്രാ തുടങ്ങിയ സിനിമാവിഷയങ്ങൾ കൂട്ടി വായിക്കുമ്പോൾ... പ്രത്യേകിച്ചും ആഭിചാരാദികൾ... ഈ വിഷയത്തെ ഇന്ന് എത്ര പേരു സ്വീകരിക്കുമെന്നത് മറ്റൊരു വിഷയമാണ്.
ആനകളും ഇതിൽ നിന്ന് വ്യത്യസ്തമല്ലായെന്നതാണ് രസകരമായ വസ്തുത. ഗ്രഹപീഡാ വിഷയങ്ങളായി തന്നെ വളരെ സൂക്ഷ്മമായ ഒരു അദ്ധ്യായം തന്നെയുണ്ട് പാലകാപ്യത്തിൽ.. ഇതിലു പറയുന്ന വിധാനത്തെ മനസ്സിലാക്കുക എന്നത് ദുസ്സഹമാണ് പ്രത്യേകിച്ച് ആഖ്യാനശൈലി വളരെ ഗുപ്തമാണ്..
മൃഗ, ഭാവബാഹുക, പ്രതാര, സ്വപിതി, പ്രമര്ദന, കാമാഖ്യ, വിന്യസ്തവ്യഥവിര, അരതിക, വണിജ്ജക എന്നിങ്ങനെയുള്ള ഗ്രഹപീഡകളേയും അതിന്റെ ലക്ഷണങ്ങളേയും നോക്കിയാൽ ഇന്ന് മന്ത്രവാദതിലകം, കക്ഷപുടം തുടങ്ങിയ ഗ്രന്ഥങ്ങളു പറയുന്ന ഷഡ്കര്മ്മവിധാനത്തിലും ദുര്മ്മന്ത്രവാദപടലാസ്പദമായ ലക്ഷണങ്ങളേയുമാണ് അവിടേയും വര്ണിച്ചിരിക്കുന്നത്. അതിന്റെ പരിഹാരങ്ങളേയും ക്രിയാ ഭാഗങ്ങളേയും നോക്കിയാലും വ്യത്യാസമില്ല..അതായത് മനുഷ്യരുടേയും ആനയുടേയും ക്രിയാഭാഗത്തിന് അധികം വ്യത്യാസം ഇല്ലായെന്നര്ഥം..
ഇനി മലയാളഭാഷയിൽ ഇതുണ്ടോ എന്നാണെങ്കിൽ കുറച്ചുകൂടി വ്യക്തമായ തെളിവുകൾ മലയാളത്തിൽ ലഭ്യമാണ്..
സംസ്കൃതത്തിൽ എഴുതപ്പെട്ട മന്ത്രങ്ങളും പരിഹാരകര്മ്മങ്ങളും ഉള്ളപ്പോൾ തന്നെ തനി നാട്ടുഭാഷയിലും ആനയുടെ വൈദ്യം ലഭ്യമാണ്.. ഓം നമോ ഭഗവതേ ശ്രീ മഹാപാർവതിയുടെ കണ്ഠസൂത്രം ധ്യാനിച്ചു കെട്ടുന്നേൻ വാക്കട്ടായ നിൽക്ക സ്വാഹാ തുടങ്ങി പറഞ്ഞുപോകുന്ന ശൈലി രസകരമാണ്.. ഇത്തരത്തിലുള്ള മന്ത്രങ്ങള്ക്ക് ഋഷിയും ഛന്ദസ്സും ഇല്ലായെന്നു ചിന്തിക്കരുത്.. ലവണകഋഷിയും പംക്തി ഛന്ദസ്സും സ്വാഹാ ദേവി എന്നിങ്ങനെ ക്രിയ പറഞ്ഞു, ഉരത്തിരുന്ത പാത്തിയിൽ വെളുത്തഴുന്ത വെള്ളപ്പമാതം പരൽ തന്ന ഹോരെ മറന്നു തന്നെ മറന്നു തന്നെ മറന്നു എന്നെ നിനന്ത എന്നിങ്ങനെ പറയുന്ന മന്ത്രം പന്തീരായിരം ഉരു ജപിക്കുവാനാണ് ക്രിയാ ഭാഗത്തിൽ പറയുന്നത്. ദൃഷ്ടിദോഷത്തിന് ഉപയോഗിക്കുന്ന ദുര്ഗ്ഗാമന്ത്രത്തേയും, ഓം നമോ ഭഗവതേ ചെമ്മലമേൽ ചെങ്കുറത്തി പെറ്റ മകൻ ചെങ്കുറ്റവൻ ചെമ്പെടുത്ത് ചെഞ്ചേലചുറ്റി ചൊവില്ലെടുത്ത് ചെഞ്ഞാൻ പൂട്ടേറ്റി ചെമ്മലമേൽ ചെന്ന് ചെം ശരം തൊടുത്ത് ചെമ്മാനൈതു എന്നിങ്ങനെ പറയുന്ന നീരു വറ്റിക്കുന്നതിനുള്ള മന്ത്രം മാത്രമല്ല അതിനുപയോഗിക്കുന്ന ദ്രവ്യങ്ങളെ വരെ വളരെ വ്യക്തമായി പറയുന്നു. അതായത് ഈ മന്ത്രവൈദ്യത്തിന് വളരെ കൃത്യമായ ക്രിയാപദ്ധതി നിലനിന്നിരുന്നു..
അതായത് സംസ്കൃതവും മലയാളവും അതുപോലെ തന്നെ തമിഴിന്റേതും ഉള്പ്പെടുന്ന മന്ത്രഭാഗത്തെ ഒരുപോലെ തന്നെ ഉപയോഗപ്പെടുത്തിയിരുന്ന ഒരു വിഭാഗം കേരളത്തിലുണ്ടായിരുന്നു. ചിറ്റമൃത് സേവിച്ചുകൊണ്ട് ചെയ്യുന്ന ശൂലിനീ മന്ത്രവും, കാര്യസാധനത്തിന് വേണ്ടി ശതാവരിക്കിഴങ്ങും ഇഞ്ചിയും എല്ലാം ഉപയോഗിച്ച് ചെയ്യുന്ന സർവസമ്മോഹനസ്വരൂപമായ മന്ത്രവിധാനവും, ഇത്തിരന്തന്നിൽ പാത്തിരന്തന്നിൽ ഒറങ്കിരുന്ത വെളുപ്പെ ഊക്കരേ എന്നിങ്ങനെ പറയുന്ന സ്വാധീനമന്ത്രങ്ങളും കേരളത്തിൽ ഒരു സമയം ഈ രീതിയിലുള്ള മന്ത്രവൈദ്യം ഉണ്ടായിരുന്നു എന്നതിന് ഉത്തമ ഉദാഹരണങ്ങളാണ്..
ഇവിടെ പഠിക്കുന്ന കുട്ടികള്ക്കുള്ള കടമ്പയെന്തെന്നാണെങ്കിൽ ഈ പഴയകാല മന്ത്രങ്ങളുടെ അടിസ്ഥാനം എങ്ങിനെയെന്നതു കണ്ടുപിടിക്കുകയെന്നതാണ്..സംസ്കൃതമന്ത്രങ്ങളുടെ രചനാശൈലിയെ മനസ്സിലാക്കാനുള്ള വിധാനങ്ങളുള്ളപ്പോൾ പഴയ മന്ത്രങ്ങളുടെ ഈ ശൈലീഭേദം തന്നെയാണ് നമ്മുടെ മുന്പിൽ പലപ്പോഴും ചോദ്യചിഹ്നമായി നിൽക്കുന്നത്..സംസ്കൃതമന്ത്രങ്ങള്ക്കാണ് കൂടുതൽ ശക്തിയെന്ന തോന്നലുകൊണ്ടോ പഠിപ്പിക്കാനുള്ള ആളുകളുടെ കുറവോ അതോ ക്രിയാപദ്ധതിയുടെ കാഠിന്യമോ ഈ തരത്തിലുള്ള ദേശഗതമായ മന്ത്രൌഷധവിധാനങ്ങൾ ഇന്ന് നഷ്ടമായികൊണ്ടിരിക്കുന്നു..
ആനചികിത്സാ ഗ്രന്ഥങ്ങളിൽ വളരെ പ്രാധാന്യത്തോടു കൂടി ആചാര്യന്മാർ കൊടുത്തിട്ടുണ്ട് എന്നതുതന്നെ ഈ വിഷയത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതാണ് എന്ന് തോന്നിപോകുന്നു. കാലാനുസൃതമായ മാറ്റങ്ങളെ സ്വീകരിച്ച് ഉപയോഗിച്ചിരുന്ന ദ്രവ്യങ്ങളെ കുറിച്ചെങ്കിലും മനസ്സിലാക്കിയാൽ അതു തന്നെ ഒരുപാടു ഗുണകരമാകുമെന്ന് തോന്നുന്നു.. എന്തായാലും ഒരിക്കലും അവസാനിക്കാത്ത ആശ്ചര്യമുള്ള വിഷയങ്ങളിലൊന്നാണ് ഇത്.. അനന്തം അജ്ഞാതം അവര്ണനീയം എന്ന വാക്കുകൾ തന്നെയാണ് ഇതിന് യോജിക്കുന്നതും.. ഹരി ഓം..

No comments:

Post a Comment