ശ്രീ മേഴത്തൂർ കുട്ടികൃഷ്ണൻ നായർ - ഒരു ബഹുമുഖപ്രതിഭ...
നിളാനദിയുടെ വിശാലമായ മണൽപുറത്തു വച്ച് മാമാങ്കം മാത്രമല്ല ജ്യോതിശ്ശാസ്ത്രത്തിൽ അസാമാന്യബുദ്ധിമാന്മാരും മഹാന്മാരും ആയ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ജ്യോതിഷത്തിന്റെ അപ്രകാരമുള്ള ശൃംഗലയിലെ ഒരു പ്രധാന കണ്ണിയാണ് ശ്രീ മേഴത്തൂർ കുട്ടികൃഷ്ണൻ നായർ.
മേഴത്തോളഗ്നിഹോത്രി 99 യാഗം ചെയ്ത പുണ്യപ്രദേശമായി അറിയപ്പെടുന്ന ഒന്നാണ് മേഴത്തൂർ. ഈ പരിപാവനമായ പ്രദേശത്തു തന്നെയാണ് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന ശ്രീ. കുട്ടികൃഷ്ണൻ നായരുടെ ജന്മസ്ഥലം. പട്ടാമ്പിയിൽ ഗുരുവായൂർ റോഡിൽ ഏകദേശം 12 കിലോമീറ്റർ പോയാൽ കൂറ്റനാട് എന്ന പ്രദേശമായി. അവിടെ നിന്ന് തൃത്താലയിലേക്കുള്ള റോഡിൽ കൂടി മൂന്ന് കിലോമീറ്റർ പോയാൽ മേഴത്തൂരായി.
അമ്മത്തിൽ പുല്ലൂര് വളപ്പിൽ എന്ന കുടുംബത്തിൽ കൊല്ലവര്ഷം 1100 മാണ്ട് ചിങ്ങം 29ന്, 1924 സെപ്റ്റംബർ 13 തീയതി പൂരൂരുട്ടാതി നക്ഷത്രത്തിൽ അമ്മത്തിൽ പുല്ലൂർ വളപ്പിൽ അമ്മാളു അമ്മയുടേയും പുറയത്ത് ഏച്ചുനായരുടേയും മകനായി ശ്ര. കുട്ടികൃഷ്ണൻ നായർ ജനിച്ചു.
മേഴത്തൂർ സ്കൂളിൽ നിന്നും തൃത്താല സംസ്കൃത വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കി. പിന്നീട് കോരേത്ത് കുട്ടൻ നായരുടെ ശിഷ്യനായി ജ്യോതിഷം പഠിച്ചു. തുടര്ന്ന് കുറ്റിപ്പുറത്ത് കുട്ടിപ്പണിക്കരുടെ ശിഷ്യനായി ജ്യോതിഷപഠനം തുടര്ന്നു. മേഴത്തൂരിൽ നിന്നും കുറ്റിപ്പുറം വരെ നടന്നു ശാസ്ത്ര പഠനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം എത്രയായിരുന്നു എന്ന് ഇതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളു. ജ്യോതിഷത്തിന്റെ തുടര്ന്നുള്ള പഠനം എന്ന നിലയിൽ ആലൂർ കളരിക്കൽ വേലായുധപണിക്കർ എന്ന കുട്ടിപ്പണിക്കരുടെ കീഴിൽ പരമ്പരാനുസൃതമായി അഭ്യസിച്ചു.
ജ്യോതിഷപ്രശ്നകാര്യം എണ്ണമറ്റ സ്ഥലങ്ങളിൽ ഇദ്ദേഹം ചെയ്തിട്ടുണ്ട്. തൃക്കണ്ടിയൂർ, തൃക്കാവ്, തൃപ്രംകോട്, തിരുവില്വാമല, കാടാമ്പുഴ, തിരുവമ്പാടി, പാറമേക്കാവ്, തൃശ്ശൂർ വടക്കും നാഥക്ഷേത്രം, കൊടുങ്ങല്ലൂർ, ശ്രീരാമക്ഷേത്രം തൃപ്രയാറ്, പന്തളം മഹാദേവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ദേവപ്രശ്നത്തിനു പോയവയിൽ ചിലതു മാത്രമാണ്. കേരളത്തിനകത്തും പുറത്തും ആയ പല സ്ഥലങ്ങളിലും അഷ്ടമംഗല്യപ്രശ്നം വെയ്കുന്നതിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ച ആളുകൂടിയാണ് യശശ്ശരീരനായ കുട്ടികൃഷ്ണൻ നായർ.
ജ്യോതിഷത്തിൽ മാത്രമല്ല തന്ത്രം, വാസ്തു തുടങ്ങിയ വ്യത്യസ്തവിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ളയാളുകൂടിയായിരുന്നു കുട്ടികൃഷ്ണൻ നായർ. പരൽപേര് അഥവാ കടപയാദി സംപ്രദായത്തിൽ വിശേഷരുചിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ ഇന്ന് കേരളത്തിൽ പ്രസിദ്ധനായ ജ്യോതിഷവിദ്വാനായി പറയുന്ന പാർളിയത്ത് ശ്രീ അച്ചുതൻ നായർ പ്രഥമസ്ഥാനീയനാണ്. വേങ്ങശ്ശേരി മോഹനപ്പണിക്കരും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു.
അച്ഛനായ കുട്ടികൃഷ്ണൻ നായരുടെ ജ്യോതിശ്ശാസ്ത്ര പന്ഥാവിലേക്ക് പോകാനായില്ലായെങ്കിലും പൂമുള്ളി ആറാം തമ്പുരാന്റെ ശിഷ്യനായ ഉണ്ണികൃഷ്ണൻ വൈദ്യരുടെ കീഴിൽ അഭ്യസിച്ച കളരിയുടേയും, ഒപ്പം തന്നെ ആയുർവേദത്തിന്റേയും അന്തഃസത്ത നിലനിര്ത്തികൊണ്ടുപോകുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച പെരിങ്ങോടുള്ള ഗുരുകൃപ ഹോസ്പിറ്റലിന്റെ മാനേജിങ്ങ് ഡയറക്റ്ററായ കൃഷ്ണദാസ് ആണ് അദ്ദേഹത്തിന്റെ ഏക മകൻ.
കൃഷ്ണദാസിന്റെ മകനും കുട്ടികൃഷ്ണൻ നായരുടെ കൊച്ചുമകനും ആയ വിനോദ് മേനോൻ, അച്ഛാച്ചന്റെ പ്രഥമശിഷ്യനായ പാർളിയത്ത് ശ്രീ അച്ചുതൻ നായരുടെ ശിക്ഷണത്തിൽ ജ്യോതിഷത്തിലും, അതുപോലെ തന്നെ വാസ്തുവിദ്യയിലും കുട്ടികൃഷ്ണൻ നായരുടെ കാൽപാതകളെ തന്നെ പിന്തുടരുന്നു.
ജ്യോതിഷപരിഷത്തിന്റെ ജ്യോതിഷാചാര്യ ബഹുമതി ലഭിച്ച കുട്ടികൃഷ്ണൻനായർ ഗുരുവായൂരപ്പന്റെ വിനീത ഭക്തനായിരുന്നു. ഗുരുവായൂരപ്പന്റെ ദര്ശനം നടത്തി കാണിക്ക വെച്ചുമാത്രമേ അദ്ദേഹം മടങ്ങുക പതിവുള്ളു. ജഗത് സ്വരൂപിണിയായ മൂകാംബികാ ദേവിയുടെ പരമ ഭക്തനും കൂടിയായിരുന്നു കുട്ടികൃഷ്ണൻ നായർ. ശാസ്ത്രത്തെ അഭ്യസിച്ച് അതിനെ പൂര്ണമായി ജീവിതത്തിലേക്ക് പകര്ത്തി അത് ആചരിക്കുകയും ജീവിതത്തെ അതിന്റേതായ സരളതയിൽ സ്വീകരിച്ച് ആനന്ദിക്കുകയും ചെയ്ത വ്യക്തികൾ വളരെ കുറവായിരിക്കും. ചില ഗുരുചരണങ്ങളെ ജീവിത്തിലേക്ക് പകര്ത്തണമെന്ന് പറയാറുണ്ട്.. അനുകരണീയരുടെ പട്ടികയിൽ മാതൃകയായി കുട്ടികൃഷ്ണൻ നായരെന്ന ഈ വ്യക്തിപ്രഭാവം കാലങ്ങളുടെ കൊത്തൊഴുക്കിൽ പെടാതെ നിലനിൽക്കും എന്നതിൽ സംശയമില്ല.
ന ഛത്രം ന തുരുംഗമോ ന വദതാം വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രൂണി, ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരി പ്രോദ്ധൂ തദുഗ്ദ്ധോദധി
പ്രോംഖദ്വീചി പരമ്പരാപരിണതാ വാണീ തു നാണീയസീ
ന ശ്മശ്രൂണി, ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരി പ്രോദ്ധൂ തദുഗ്ദ്ധോദധി
പ്രോംഖദ്വീചി പരമ്പരാപരിണതാ വാണീ തു നാണീയസീ
എന്ന് ചൊല്ലിയ സാക്ഷാത് കാക്കശ്ശേരി ഭട്ടതിരിയുള്പ്പെട്ട, പരൽപേരു കൊണ്ട് സംഖ്യകൾ രേഖപ്പെടുത്തുന്ന സംപ്രദായം വരെ സംഭാവന ചെയ്ത, ഗണിതത്തിലും ജ്യോതിഷത്തിലും ആയുർവേദത്തിലും തന്ത്രത്തിലും അസാമാന്യരായ ആചാര്യ പരമ്പരകൾ കേരളത്തിലുണ്ടായിരുന്നു. ആ ഗുരുപരമ്പരയ്ക് പ്രണാമം. ശ്രീ ഗുരുഭ്യോ നമഃ.
No comments:
Post a Comment