എന്താണ് ജീവിതത്തിൽ കണ്ട അത്ഭുതം എന്ന് ഇന്ന് എന്നോട് ചോദിച്ചാൽ ഇപ്പോ ഞാൻ പറയുക മരണം കണ്ടിട്ടും താൻ ചിരഞ്ജീവിയാണെന്ന് വിചാരിക്കുന്ന മനുഷ്യർ എന്നാകില്ല...അതിനേക്കാളെല്ലാം ഉപരിയായി നാം നിത്യം കാണുന്ന, ചെയ്യുന്ന കാര്യങ്ങളാണ് കൂടുതൽ അത്ഭുതം ഉണ്ടാക്കുന്നത്..
സപിണ്ഡം വച്ച് ബ്രഹ്മസ്വരൂപത്തെ മനസ്സിലാക്കി സന്യാസം സ്വീകരിച്ച് തന്നിൽ നിന്ന് അഭേദ്യമായി മറ്റൊന്നും ഇല്ലായെന്നും താൻ തന്നെയാണ് ചരാചരജഗത്തെന്നും അറിയുന്ന സന്യാസിമാര്ക്ക് മറ്റെല്ലാം തന്നേക്കാൾ താഴെ...
കുണ്ഡലിനീ രൂപത്തിൽ ഇരിക്കുന്ന ജഗത് സ്വരൂപിണിയായ ദേവി തന്നെയാണ് ശിവശക്ത്യാത്മകമായ ഈ ജഗത്തെന്നറിയുന്ന യോഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
ഭക്തിമാര്ഗ്ഗത്തിൽ എല്ലാം ദേവതാഭാവത്തിൽ, സകലം ദേവീമയം ജഗത് എന്നറിയുന്ന ഭക്തിമാര്ഗ്ഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
വേദാന്തതത്ത്വ ഗ്രഹണത്തിലൂടെ താനും ഈ അനന്തമായ ജഗത്തും എല്ലാം ഒന്നാണെന്ന് മനസ്സിലാക്കി അദ്വൈതപീയൂഷത്തെ ആഹരിക്കുന്ന ജ്ഞാനമാര്ഗ്ഗിയ്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
സകലാനന്ദ സ്വരൂപിണിയായ ലളിതയാണ് ശ്രീചക്രസ്വരൂപമായി ത്രിപുരയായി ജഗത് സ്വരൂപിണിയായി വിലസിക്കുന്നത് എന്നു പറയുന്ന ദീക്ഷ സ്വീകരിച്ച തന്ത്രമാര്ഗ്ഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
യോഗമായാലും, തന്ത്രമായാലും വഴികാട്ടേണ്ട ഗുരുക്കന്മാർക്കാകട്ടെ താനല്ലാതെയുള്ള എല്ലാ ഗുരുക്കന്മാരും തന്നേക്കാൾ താഴെ...
യഥാര്ഥത്തിൽ ഈ മാര്ഗ്ഗങ്ങളെല്ലാം തന്നെക്കാൾ ചെറിയതായി ആരുമില്ലായെന്ന് സ്വയം ബോധിക്കുവാൻ വേണ്ടിയാണ്.. അതാണ് എല്ലാ പഠനത്തിന്റേയും ആത്യന്തികമായ ലക്ഷ്യവും.. ഈ ജഗത്തെല്ലാം തന്നെ ധര്മ്മത്തിന്റെ സ്വരൂപം തന്നെയാണ് എന്നതാണ് സത്യവും.. ധര്മ്മമൂലോ ശ്രുതിഃ.. ഇവിടെയുള്ള കൊച്ചു പുഴു പോലും അതിന്റെ ധര്മ്മം അനുഷ്ഠിക്കുന്നതുകൊണ്ടാണ് നമുക്ക് ജീവിക്കാനാകുന്നത്.. നമുക്കു കുടിക്കാൻ പാലു തരുന്ന ഒരു മൃഗത്തിൽ നിന്ന് നമുക്ക് എന്ത് വലിപ്പം ആണ് ഉള്ളത് എന്ന് ചിന്തിച്ചാൽ.. എന്നാലും നാം വലുതാണ്.. മരണം എന്ന അത്ഭുതം ഇത് നോക്കിയാൽ എത്ര ചെറുത്.. അല്ലെ.
No comments:
Post a Comment