ഇന്നു ശ്രീ വിദ്യാനന്ദ തീർത്ഥപാദ സ്വാമികളുടെ ജയന്തിദിനം
ശ്രീവിദ്യാനന്ദതീർത്ഥാഖ്യം ശ്രീവിദ്യാനന്ദസംയുതം
വിദ്യാനന്ദ പ്രദായിനം
ശ്രീവിദ്യാഗുരുമാശ്രയേ
വിദ്യാനന്ദ പ്രദായിനം
ശ്രീവിദ്യാഗുരുമാശ്രയേ
1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് സ്വാമിജി ഭൂജാതനായത്. കൃഷ്ണന്‍ നായര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാനദീക്ഷാപൂര്‍വ്വവകമായ സന്ന്യാസം സ്വീകരിച്ച് അനുഗൃഹീതനായി. സ്വാമികളില്‍ നിന്നും യോഗജ്ഞാനവിഷയങ്ങളില്‍ സാമ്പ്രദായികമായ അറിവു വിപുലീകരിച്ചു. ശ്രീ ആത്മയോഗിനിയമ്മയില്‍ നിന്നും ഖേചരിവിദ്യ മുതലായ യോഗവിദ്യകള്‍ അഭ്യസിക്കുകയും ശ്രീ പന്നിശ്ശേരി നാണുപിള്ളയില്‍ നിന്നും സാമ്പ്രദായികവിദ്യകളില്‍ ധാര്‍ഢ്യം വരുത്തുകയും ചെയ്തു. തീര്‍ത്ഥപാദസ്വാമികളുടെ മഹാസമാധിക്കു ശേഷം തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനും കുലപതിയും ആയി. വാഴൂരിന്റെ ആദ്ധ്യാത്മികവും സാമൂഹികവുമായ വികസനത്തിനു സ്വാമിജി വഹിച്ച പങ്ക് വളരെ വലുതാണ്. ഗ്രന്ഥരചന, ശിഷ്യോപദേശം, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ സനാതനധര്‍മ്മം കേരളത്തിലുടനീളം അദ്ദേഹം പ്രചരിപ്പിച്ചു. സന്ന്യാസിമാരും ഗൃഹസ്ഥരുമായ നിരവധി ശിഷ്യരും സ്വാമിജിക്കുണ്ട്. ശ്രീതീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ (ജീവചരിത്രം), ഭഗവദ്ദര്‍ശനം, ഒരാഴ്ച ശ്രീ തപോവനസ്വാമിസന്നിധിയില്‍. ബ്രഹ്മവിദ്യ, പ്രണവോപാസന, ബ്രഹ്മദര്‍ശനം, ശാന്തിമന്ത്രങ്ങള്‍ (വ്യാഖ്യാനം), ഭക്തിസാധനകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാനകൃതികള്‍ നിരവധി ഗ്രന്ഥങ്ങള്‍ക്ക് പ്രൌഢഗംഭീരമായ അവതാരികകളും അദ്ദേഹം എഴുതിയിട്ടുണ്ട്. സ്വാമിജിയുടെ ജീവചരിത്രം ‘ഗുരുപാദസപര്യ’ എന്ന പേരിലും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം ‘തീര്‍ത്ഥവാണി’ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1984 ജൂണ്‍ 11നു വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ വച്ച് അദ്ദേഹം മഹാസമാധിയായി..
ശ്രീ ഗുരുഭ്യോ നമഃ
No comments:
Post a Comment