Saturday, February 3, 2018

ശബരിമലയും അനുബന്ധവിഷയങ്ങളും...

ശബരിമലയും അനുബന്ധവിഷയങ്ങളും....

ഏകദേശം അന്പത്തിനാലു ദിവസം അതിശ്രദ്ധാപൂർവമായ വ്രതം എടുത്ത് തീര്ഥാടനത്തിനായി യാത്രയാവുക എന്നതാണ് ശബരിമലയെ സംബന്ധിച്ചുള്ള പ്രത്യേകതയായി കാണുന്നത്. 51 ദിവസം സാധാരണ വ്രതവും 3 ദിവസം നിഷ്ഠാപൂർവകമായ ഉപവാസവും കഴിഞ്ഞ് ഭഗവത് സന്നിധിയിൽ എത്തുക. തപം, ജപം, വ്രതം, അന്നദാനം, ദക്ഷിണ, ഒട്ടുവളരെ കാര്യങ്ങൾ സംയോജിപ്പിച്ച്  അനുഷ്ഠാനക്രമമായി രൂപപ്പെടുത്തിയിട്ടുള്ള ഒരു സങ്കെതമാണ് ശബരിമല.

വാച്യവും വ്യംഗ്യവും ലക്ഷണയും ചേര്ന്ന  ആദ്ധ്യാത്മികമായ തലത്തിലെ ഒരറിവിനെ   അവലംബിച്ചാണ് ഏതൊരു സിദ്ധാന്തം  ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഭാരതത്തിലുടനീളം ഇതിനൊപ്പം നിൽക്കുന്ന കലകളും സാഹിത്യസൃഷ്ടികളും നമുക്ക് കാണാനാകും. തീര്ഥാടനത്തിന് ഭാരതീയപാരമ്പര്യത്തിൽ അതീവ പ്രധാന്യം ഉണ്ട്. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും  തീര്ഥാടനത്തിന്റെ രൂപപ്പെടുത്തിയിട്ടുള്ള പ്രവര്ത്തനശൈലിയാണ്  ശാസ്താവിന്റെ സങ്കല്പത്തോടു കൂടി ശബരിമലയിലുളളത്.

ഒരു ഭാഗത്ത്  ശബരി മല സന്നിധാനത്തെ അവലംബിച്ചുള്ള വരുമാനം എല്ലാം വര്ദ്ധിക്കുമ്പോൾ  മറുവശത്ത് വനനശീകരണം, പരിസര മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ തകര്ച്ച, രോഗങ്ങളുടെ ആവിര്ഭാവത്തിനു ഉതകുമാറ് ആദ്ധ്യാത്മികതയെ മാറ്റി മറിക്കുന്ന വ്യാവസായിക താത്പര്യങ്ങൾ, വനപ്രദേശത്തിന് സമീപത്തു കൂടിയുള്ള വാഹനഗതാഗതം  ഈ മേഘലയെല്ലാം വികസിച്ചു വന്നു. ഈ വികാസം തീര്ഥാടനത്തേയും  അതിന്റെ വ്രതശുദ്ധിയേയും അതിന്റെ അന്തഃസത്തയേയും അതു മാനവന് നല്കാവുന്ന സമസ്തപ്രകൃതിയേയും ചേര്ത്തുവച്ചുള്ള അറിവിനേയും നശിപ്പിച്ചുകളഞ്ഞു എന്നുള്ളത് തീര്ച്ചയാണ്. ഈ ഒരു തലത്തിൽ നിന്നു ചിന്തിച്ചാൽ അനേക ദിശാ ബോധങ്ങളെ മാനവനു നൽകുന്നതാണ്  ശബരിമലയിലേക്കുള്ള ഈ തീര്ഥാടനം.

നയനങ്ങള്ക്ക് ആനന്ദത്തെ നൽകുന്ന നദികളെകൊണ്ടും മനോമോഹനങ്ങളായ ഉപവനങ്ങളെ കൊണ്ടും ശ്രദ്ധേയങ്ങളായ വന്യജീവികളെകൊണ്ടും മനോഹരമായ ഒന്നാണ് ശബരി മലയും പരിസര പ്രദേശങ്ങളും. പ്രാചീനകാലത്ത് പൊള്ളാച്ചി മല വഴി, മറ്റൊരു ഭാഗത്ത് വണ്ടി പെരിയാറിലൂടെ വഴി സീതക്കുളം മുതലായവ കടന്ന് പാണ്ടിതാവളം വഴി തമിഴകത്തു നിന്ന് ഒട്ടേറേ ഭക്തന്മാർ സന്നിധാനത്തിലെത്തിയിരുന്നു. ഘോരമായ വനപ്രദേശങ്ങളിലൂടെ പണ്ട് നടന്ന്  എത്തുമ്പോൾ  . കാനനഭംഗി ആസ്വദിച്ച്,  അനേകം വന്യ മൃഗങ്ങളെ കണ്ട് വനസമ്പത്തിനിടയിലൂടെ  വ്രതശുദ്ധിയുടെ അയ്യപ്പ നാമത്തിന്റെ ബലത്തിൽ മാത്രം സന്നിധാനത്തേക്കു എത്തുന്നവരായിരുന്നു ആ സമയത്തെ അയ്യഭക്തർ.

വൈദിക പാരമ്പര്യത്തിന്റേയും താന്ത്രികപാരമ്പര്യത്തിന്റേയും സംഗമഭൂമിയായിരുന്നു ശബരിമല. ഓരോ പൂജയിലും ദേവനിലേക്ക് ശക്തി പകര്ന്നു നല്കുന്ന തന്ത്രാരാധനയുടെ രഹസ്യങ്ങൾ തന്ത്രിയിൽ നിക്ഷിപ്തമായിട്ടുള്ള ക്ഷേത്രോപാസനാരീതി  ഇവിടെ പ്രത്യേകമാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച്  വാക്കും മനസ്സും കര്മ്മങ്ങളും തപം ചെയ്തു വേണമായിരുന്നു പ്രാചീന കാലങ്ങളിൽ ശബരി മലസന്നിധിയിലേയ്ക് യാത്രപോകാൻ.

ശബരിമല സന്നിധാനത്തിലേക്കുള്ള  ഭക്തന്റെ യാത്ര സ്വന്തം ആത്മാവിലൂടെയുള്ള തീര്ഥയാത്രയാണ്. പരിചയസമ്പന്നനും തപസ്വിയും വേദവേദാംഗങ്ങളിൽ പാരംഗതനുമായ ഉത്തമനുമായ ഒരു ഗുരുസ്വാമിയെ കണ്ടെത്തി കയ്യിൽ അഗ്നിച്ചമതയുമായി ഗുരുസ്വാമിയുടെ സവിധത്തിലെത്തി വീട്ടിൽ ചെന്ന് ശബരിമല അയ്യപ്പനെ ദര്ശിക്കുവാനുള്ള തന്റെ ഇംഗിതത്തെ അറിയിക്കുന്നു.  വ്രതശുദ്ധിക്കുള്ള ദീക്ഷയെ പ്രദാനം ചെയ്യുവാനുള്ള ആദ്യ ചടങ്ങെന്ന നിലയിൽ വസ്ത്രവും, ജപിക്കുവാനും കഴുത്തിലണിയുവാനും രുദ്രാക്ഷം കൊണ്ടും, ഭദ്രാക്ഷം കൊണ്ടും, തുളസി കമ്പ് ഭംഗിയായിചെത്തി മിനുക്കിയെടുത്തതുകൊണ്ടും, താമരയുടെ കുരുകൊണ്ടും പ്രകൃതിയോടിണങ്ങിയ ഉത്തമവിത്തുകൾ ഉത്തമമാല ശിഷ്യന് ഭക്തന് കഴുത്തിലണിയുന്നു. 54 ദിവസത്തെ ശ്രദ്ധേയമായ വ്രതം ആരംഭിക്കുന്നത് ഒന്നാം തീയതി ഈ മാലയിടുന്നോടെയാണ്. ഇന്ന് കാണുന്ന മാലയിട്ടുടനെപോലെയുള്ള പോക്കും തീര്ഥാടനവും ഏതാണ്ട് ടൂറിസത്തെ അനുസ്മരിപ്പിക്കുന്നതാണ്. അത് പ്രാചീനമാല്ല എന്നത് പ്രത്യേകം സ്മരണീയമാണ്.

തിരിച്ച് വീട്ടിലെത്തി അച്ഛനമമ്മമാരെ നമസ്കരിച്ച് ദക്ഷിണ നൽകി അവരുടെ അനുമതി ചോദിച്ച്  അവരെ വന്ദിക്കുന്നു. ഈ അച്ഛനമ്മമാരുടെ അനുമതി ഗുരുവിനു പോലും വേണമെന്നും, അതുപോലെ തന്നെ ശബരിമലയയ്കു പോകുന്ന ദിവസം വരേയും അവരെ വന്ദിക്കണം എന്നുമാണ് നീയമം. ഇത് കഴിഞ്ഞാൽ തങ്ങൾ വിവിധ മേഖലയിൽ ഗുരുവെന്ന് വിചാരിക്കുന്നവരെ കണ്ട് അവരെ വന്ദിച്ച് ദക്ഷിണ നൽകണം. നാം ശത്രുക്കളെന്ന് കരുതിയവർ, വെറുക്കുന്നവർ, തന്നോട് പിണങ്ങി നില്ക്കുവർ തന്നെ വിമര്ശിക്കുന്നവർ തന്റെ സ്വഭാവം ഇഷ്ടപ്പെടാത്തവരുമായ എല്ലാവരേയും സന്ദര്ശിച്ച്  മനസ്സിന്റെ ക്രോധവും അഹങ്കാരവും ഉള്പ്പെടുന്ന രാഗാദികളെ എല്ലാം നശിപ്പിച്ച് അവരെ സന്തോഷിപ്പിച്ച് അവരുടെ അനുമതി വാങ്ങിവേണം ശബരിമല യാത്രയ്കു തെയ്യാറാകുവാൻ.

ആ അനുമതി ലഭിച്ചാൽ പിന്നെ ബാഹ്യവും ആഭ്യന്തരവും ശുചിയായി ഇരിക്കണം എന്നാണ് വിധി. അന്നം സ്പര്ശിച്ചാല് കൈ കഴുകണം. വായില് തൊടുകയോ  മൂക്ക് ചെവി മുതലായ നവദ്വാരങ്ങളില് എവിടെയെങ്കിലും കൈ ചെല്ലുകയോ ചെയ്താൽ ബാഹ്യശൌചം ചെയ്യണം. എപ്പോഴെങ്കിലും മുത്രം ഒഴിക്കാനിടയായാൽ  ശൌചം വേണം. മലവിസര്ജനം ചെയ്താൽ കുളിക്കുക തന്നെ വേണം.  വ്രതത്തിന്റെ കാലഘട്ടത്തില് അല്ലാതെയും അതൊക്കെ പാലിക്കേണ്ടതു തന്നെയാണ് എന്നാല് വ്രതത്തില് അത് നിര്ബന്ധമാണ്. പ്രഭാതത്തിൽ ബ്രാഹ്മ മുഹൂര്ത്തത്തില്  ഉദയത്തിന് ഏഴര നാഴിക മുന്പ് എഴുന്നേറ്റ് മുങ്ങി ക്കുളിക്കണം. ശുദ്ധജലത്തിൽ മുങ്ങികുളിച്ച് പ്രകൃതിയുടെ എല്ലാ ചരാചരങ്ങളും നാമജപത്തിന്റെ ധ്വനിയുടെ  സ്പന്ദനമേറ്റുമാറ് സ്വാമിയെ ശരണം എന്ന് ഉറക്കെ ജപിക്കണം.   നിഷ്ഠാപൂർവകമായ ആന്തരശൌചം അനുഷ്ഠിക്കണം. പരുഷവചനങ്ങൾ അരുത് കുശുമ്പ് പറയരുത്, കള്ളം പറയരുത്, കക്കരുത്, ആരേയും ഒരു ജീവിയേയും ഉപദ്രവിക്കരുത്. ബ്രഹ്മചര്യം യാതൊരു ഒരു കാമവും കടന്നു വരാത്ത വിധത്തില്  അഷ്ടമൈഥുനങ്ങളും അരുത്. സ്പര്നശവും ദര്ശനവും, കേള്വിയും, അദ്ധ്യവസായവും എല്ലാം അടങ്ങുന്ന എട്ടു വിധങ്ങളായ മൈഥുനങ്ങളും വ്രത കാലത്ത് നിഷിദ്ധമാണ്. (അഷ്ടമൈഥുനാദികളും, വാനപ്രസ്ഥത്തിനു മുന്പുള്ള  ബ്രഹ്മചര്യാദി നിഷ്ഠകളെ കുറിച്ചും, വ്രതാദികളുടെ  കുറിച്ചും  അടുത്ത പോസ്റ്റില് വിശദീകരിക്കാം)

51 ദിവസത്തെ നിഷ്ഠാപൂർവകമായ ഈ വ്രതം കഴിഞ്ഞ് മൂന്നു ദിവസം ഒരിക്കലോടു കൂടി കൂടിയ വ്രതവും അനുഷ്ഠിക്കണം. അതിലെല്ലാം ശൌചം തുടങ്ങിയ ഈ നിഷ്ഠകളെല്ലാം അത്യന്താപേക്ഷിതമാണ്. അല്പവും മുടങ്ങാതെ അധികം ഉറങ്ങരുത്, ഉറക്കമിളക്കുകയും അരുത്. അധികം ആഹരിക്കരുത് അല്പവും കഴിക്കാതെയിരിക്കരുത്. അധികം കഴിക്കുന്നവൻ, ഒട്ടും കഴിക്കാത്തവൻ, അല്പവും ഉറങ്ങാത്തവന്, കൂടുതല് ഉറങ്ങുന്നവൻ ഇതൊന്നും വ്രതത്തിലല്ല. വ്രതനിഷ്ഠയോടു കൂടി  പാകത്തിനുറങ്ങി പാകത്തിനു ഭക്ഷണം കഴിച്ച് ബ്രഹ്മചര്യാദി വ്രതത്തോടു കൂടി ആര്ക്കും ആപത്ത് വരരുത് എന്നുള്ള വിചാരവുമായി യാതൊരു വിധ ആഗ്രഹങ്ങളും പുലര്ത്താതെ കാണുന്നതത്രയും അയ്യപ്പമയമായി കണ്ട് വ്രതം അനുഷ്ഠിക്കണം. ശബരിമല വ്രതം പോലെ നിഷ്ഠാപൂർവകമായ വ്രതം ഏതെങ്കിലും തീര്ഥാടനത്തിലുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു  പ്രാചീനർ അനുഷ്ഠിച്ചിരുന്നത്.  ക്ഷൌരമരുത്, താടിയും തലമുടിയും ഒക്കെ നീട്ടിവര്ത്തി ദീക്ഷാ പൂർവം തെയ്യാറെടുക്കുമ്പോള് ഏറ്റവും അധികം പ്രാധാന്യം ഈ വ്രതത്തിൽ കൊടുത്തത്  ബ്രഹ്മചര്യത്തിനാണ്.

ശബരിമലസന്നിധാനത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പ്രചരിപ്പിക്കുന്നത് ഇന്ന് സാധാരണയാണ്. സ്ത്രീയെന്ന സങ്കല്പത്തെ ആധുനികൻ കണക്കാക്കുന്നത് പ്രൌഢയും യൌവനയുക്തയുമായ സ്ത്രീയെ വച്ചുകൊണ്ടും,  കാമുകിയെ വച്ചുകൊണ്ടുമായതുകൊണ്ട് പ്രായം ചെന്ന വാര്ദ്ധക്യത്തിലെത്തിയ സ്ത്രീകളേയോ ബാല്യകാലത്തെയോ അവർ കണക്കിലെടുക്കുന്നില്ല. വര്ഷം തോറും ശബരിമലതീര്ഥാടനത്തിന്റെ ആരംഭകാലംമുതൽ ഘോരമായകാട്ടിലൂടെ എത്ര മാളികപ്പുറങ്ങൾ സഞ്ചരിച്ചിരുന്നു. അനുഷ്ഠാനത്തിന്റെ അന്തസത്തയെ തിരിച്ചറിഞ്ഞ്,  ഘോരവനത്തിലേക്ക് സിംഹവ്യാഘമൃഗങ്ങളെല്ലാമുള്ള ഒരു പാതയിലൂടെ പോകുമ്പോൾ  നിര്ബന്ധമായും ഉണ്ടാകേണ്ട വ്രതനിഷ്ഠയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് ഇത്. ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ കണക്കിലെടുത്താണ് തന്റെ പുത്രനെ തന്റെ പിതാവിനെ തന്റെ ഭര്ത്താവിനെ, തന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിനും തന്റെ സമാജത്തിന്റെ ഐശ്വര്യത്തിനും ഉതകുമാറ് നിഷ്ഠാ പൂർവകമായ ബ്രഹ്മചര്യത്തിലൂടെ പോകാൻ സഹധര്മ്മിണി പോലും സഹായിച്ച് വ്രതശുദ്ധി അവളും വരുത്തി കാത്തിരിക്കുന്നത്.  ഇവിടെ സ്ത്രീപുരുഷ മത്സരത്തിന്റേതല്ലാത്ത പുരുഷസമന്വയത്തിന്റെ സ്ത്രീപുരുഷത്യാഗത്തിന്റെ ബഹിസ്ഫുരണമാണ്  ശബരിമലവ്രതം. അല്ലാതെ  ഭോഗമാണ് ജീവിതമെന്ന് പഠിപ്പിക്കുന്ന ആധുനിക സംസ്കാരത്തിന്റെ,  മത്സരിപ്പിക്കുന്ന കഥകളും ആഡംബരങ്ങളും കാണിക്കുന്ന മാദ്ധ്യമ സംസ്കൃതിയുടെ, ആധുനിക വ്യാഖ്യാനങ്ങള്ക്ക് ചിന്തിക്കാനാകുന്നതല്ല ശബരിമലയുടെ താത്ത്വികതലം.

നൈഷ്ഠികബ്രഹ്മചര്യം അനുഷ്ഠിക്കുന്ന വ്യക്തി അന്പത്തിനാലു ദിവസവും തറയിലുറങ്ങണം. നാരായണ ഗുരുദേവന്റെ ഗുരുചര്യാപഞ്ചകം വായിച്ചുള്ളവര്ക്ക് അറിയാം. ഭുവനമേധിനീ മഞ്ചകാ, കൈതണ്ട തലയിണയായി വച്ച് ഭൂമിയെ ശയ്യയാക്കി ഉറങ്ങണം എന്നര്ഥം.  മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കാതെ ലളിതമായ ഭക്ഷണ പാനീയങ്ങൾ കഴിച്ച് ജീവിക്കണം. ശബരിമല സന്നിധാനത്തിലെത്തുന്നതിന്  ഉള്ള ദിവസംഅഥവാ ദൂരം കണക്കാക്കി വേണം യാത്രയ്കുള്ള സഞ്ചീകരണങ്ങൾ ചെയ്യാൻ. ഇത്രയും ദിവസത്തെ ബ്രഹ്മചര്യവും, തപസ്സും, സ്വാധ്യായവും കൊണ്ട്  വ്രതചര്യകൊണ്ട്  ശബരി മല യാത്രയ്ക് ഭക്തൻ  തെയ്യാറെടുത്തുവോ എന്നത് പരീക്ഷ ചെയ്തതിനുശേഷം മാത്രമാണ് കെട്ടു നിറക്കുവാൻ ഗുരുസ്വാമി അനുമതി നൽകുക. അതായത് പഞ്ചഭൂതാധിഷ്ഠിതമായ ശരീരം ഭൂമിയിലുറച്ചു നിൽക്കുമ്പോ കല്ലുകൊണ്ടോ മുള്ളുകൊണ്ടോ വേദനിക്കുമോ. ജലം ലഭിക്കാതെയിരിക്കുമ്പോൾ ബാഹ്യജലവുമായി താദാത്മ്യം പ്രാപിച്ചുവോ. ശരീരാഗ്നി ബാഹ്യാഗ്നിയോട്  ഏകമായ അവസ്ഥ ലഭിച്ചുവോ..

കെട്ടു നിറക്കലും ഈ പരീക്ഷണവുമെല്ലാം പടുക്കപന്തലിലാണ്. ശബരിമലയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് കെട്ടു മുറുക്കിയെടുക്കുവാൻ തെയ്യാറാക്കുന്നപന്തലിന്  പടുക്കപന്തലെന്ന് പറയുന്നു. പടുക്കെ പന്തലിന്റെ ഈശാന കോണിൽ വീട്ടുമുറ്റത്ത് ഏഴു കോൽ  ചതുരത്തിൽ തെയ്യാറാക്കിയിട്ടുള്ള സമൃദ്ധമായി അന്ന് നിലനിന്നിരുന്ന കവുങ്ങുകൾ വാരികളായി കീറി പുറം തോല് ചെത്തി വെടുപ്പാക്കി, വാഴത്തട മുറിച്ചു ചേര്ത്തുമെല്ലാം മനോഹരമായി പന്തൽ സഞ്ചീകരിക്കുമ്പോൾ ഗായത്രി മണ്ഡപം പോലെ സാങ്കല്പികമായ ശാസ്തൃ മണ്ഡപം അഥവാ ക്ഷേത്രം തെയ്യാറാക്കുന്നു. പീഠമലങ്കരിച്ച് ശാസ്താവിനെ  ആവാഹിച്ചിരുത്തി ഉടുമ്പാറ മലയും, തലപ്പാറ മലയും, കൊച്ചു കടുത്തയും, വലിയ കടുത്തയും നിലയ്കൽ തേവരും എല്ലാം പരിവാരങ്ങളായി അവയെയെല്ലാം വേണ്ട വിധത്തിൽ ആവാഹിച്ചിരുത്തുന്നു. ഈശാന കോണിൽ നല്ല ഒരു ആഴി സഞ്ചമാക്കി പ്ലാവ് പൂവം നാൽപാമരം അരയാൽ പേരാൽ അത്തി ഇത്തി ഇവയുടെ വിറക് ജ്വലിപ്പിച്ച് അഗ്നി ജ്വലിപ്പിച്ച് കനലാക്കി ആ കനലിൽ ഇറക്കി വ്രതശുദ്ധിയെ പരീക്ഷിക്കുന്നു. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ദീക്ഷയും അനുമതിയും കൊണ്ട് വ്രതശുദ്ധി വരുത്തിയ മനസ്സും ശരീരവും വാക്കുമായി അഗ്നിയിൽ ഇറങ്ങി തന്റെ തപസ്സിനെ അഗ്നി അംഗീകരിച്ചു എന്നുറപ്പാക്കി പുറത്തേക്കു വരുമ്പോഴാണ് ശബരിമല സന്നിധിയിലേക്ക് പോകുവാൻ ഗുരു അനുമതി കൊടുക്കുന്നത്.  അല്പം പോലും പൊള്ളലില്ല എന്ന് ഗുരു സ്വാമി ബോധ്യപ്പെട്ടാൽ മാത്രമേ കെട്ടുനിറക്കാനുള്ള അനുമതി ഗുരുസ്വാമി നൽകാറുള്ളു. ചെറുതായെങ്കിലും പൊള്ളലുണ്ട് എന്ന് തോന്നിയാൽ ഒരു വര്ഷത്തെ ദീര്ഘമായ വ്രതത്തിനു നിര്ദേശിക്കുകയും  ബാക്കിയുള്ളവര്ക്ക്  യാത്രയ്ക് അനുമതി നല്കി യാത്ര പുറപ്പെടുന്നു. വളരെ ചടങ്ങുകളോടു കൂടി കെട്ടു മുറുക്കുന്നു. ആദിവസത്തെ ഉടുക്കു കൊട്ടിയുള്ള പാട്ടും പ്രസിദ്ധങ്ങളായ ചടങ്ങുകളും കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു സാധാരണ ദൃശ്യമായിരുന്നു.

ഒന്നിനേയും നിന്ദിക്കാത്ത, ഏത് ചരാചരവും അയ്യപ്പനാണെന്നുള്ള കാഴ്ചയോടു കൂടിയ മനസ്സ്. തന്റെ വ്രതശുദ്ധിയെ സമൂഹമദ്ധ്യത്തിൽ വച്ചു പരീക്ഷിച്ചറിഞ്ഞ് അഹങ്കാരമില്ലാതെ വിനയാന്വിതനായിത്തീര്ന്ന് ബ്രഹ്മചര്യം അഹിംസയും അസ്തേയവും കൊണ്ട് വിനയാന്വിതനായ ഭക്തനുമാത്രമാണ് ശബരി മല സന്നിധാനത്തിലേക്ക് പ്രവേശനം. ഏതൊന്നിനേയും നിഷേധിക്കുകയും,   നിഷേധത്തെ അറിവായും,അതിനെ ശാസ്ത്രമായും ആ നിഷേധം തന്നെയാണ് ജീവിതം എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തെ നോക്കുമ്പോൾ സമാദരണീയമായ ത്യാഗത്തിന്റെ, സഹിഷ്ണുതയുടെ എല്ലാം ഏകമാണെന്ന ഉറപ്പോടു കൂടി ചരാചര ജഗത്തിലെ സമസ്തവസ്തുവും താന് തന്നെ എന്ന് അനുഭൂതിയോടു കൂടി ഒന്നിനേയും നിഷേധിക്കാതെ സഹിഷ്ണുതാ പൂർവം  ഗുരുവിനെ വന്ദിച്ച്  ആ പടുക്കപന്തലില് കെട്ടു നിറക്കാനൊരുങ്ങുന്നവനാണ് വ്രതനിഷ്ഠനായ അയ്യപ്പൻ.

ഇതിനു വിപരീതമായ മനുഷ്യമനസ്സുകളെ കടിഞ്ഞാണില്ലാതെ സഞ്ചരിക്കുവാൻ വിട്ട്, വിഷയവിശിഷ്ടമായ ലോകത്ത്  ബന്ധങ്ങളുണ്ടാക്കി, ആ ബന്ധങ്ങളോരോന്നു സ്വന്തം അഹങ്കാരത്തിൽ ശിഥിലമാക്കി,  ബാഹ്യാഭ്യന്തര ശുചിത്വമില്ലാതെ തപസ്സില്ലാതെ സ്വാധ്യായമില്ലാതെ ബ്രഹ്മചര്യ വ്രതമില്ലാതെ ചുറ്റുപാടുകളോട് ഇണങ്ങാതെ തനിക്ക് തന്പോങ്ങുന്നവനായി ധാര്ഷ്ട്യം തികഞ്ഞ ആധുനിക മനുഷ്യൻ അവനേയും അവന്റേയും ചുറ്റുപാടുകളേയും തകര്ത്തെറിഞ്ഞ് വളരുമ്പോൾ  ശബരിമലയിലാകട്ടെ സഹിഷ്ണുതയുടെ മൂര്ദ്ധന്യമായി അയ്യപ്പൻ വിരാജിക്കുന്നു.

ഉപാസനാ ക്രമത്തിൽ സായൂജ്യ ഭക്തിയെ ഉള്ക്കൊള്ളുന്നതിന് സാലോക്യ സാമീപ്യ ഭക്തികളുടെ തലങ്ങളിലൂടെ ഉള്ള യാത്രയാണ് ശബരിമലയാത്ര. ഭക്തോത്തമനായ ശിഷ്യൻ വ്രതകാലം  ഭഗവാന്റെ  ലോകത്തു കഴിയുകയാണ് സാലോക്യം. വ്രതകാലത്തിൽ തന്നെ മന്ത്രസ്വനങ്ങളാൽ ഭഗവത് സാമീപ്യമനുഭവിക്കുകയാണ് ചെയ്യുന്നത്. ശബരിമലശാസ്താവിന്റെ സന്നിധാനത്തിലേക്ക് പോകുമ്പോൾ പെരുമാറ്റത്തിലെ സമാനതകൊണ്ടും കാണുന്ന എല്ലാം ഭഗവത് സ്വരൂപമായി അയ്യപ്പനായി കാണുമ്പോൾ ഭഗവത് സാരൂപ്യമനുഭവിക്കുകയാണ് ഒരു ഭക്തൻ ചെയ്യുന്നത്. ആ സായൂജ്യപ്രാപ്തിയ്കുള്ള ആദ്യപടി കെട്ടു നിറയാണ്.

വ്രതം കഴിയുമ്പോൾ പുണ്യത്തിന്റെയും പാപത്തിന്റേയും കെട്ടുകൾ മുറുക്കിയെടുത്ത് മുന്നിൽ പൂർവസഞ്ചിചതമായ പുണ്യത്തിന്റേയും പിന്നിൽ തന്നെ നയിച്ച പൂർവ പൂർവ പാപങ്ങളുടേയും കെട്ട് നിറക്കുവാനൊരുങ്ങുന്നു.   കെട്ടുനിറയിൽ മകരവിളക്കിന് അഭിഷേകം ചെയ്യുവാനുള്ള നെയ്യാണ് തേങ്ങയിൽ നിറക്കുന്നത്. ലൌകിക ബന്ധങ്ങളുടെ മുഴുവൻ ഇരിപ്പിടമായ ഹൃദയഗ്രന്ഥിയുടെ ഭാവതലം ഒരുക്കുന്ന ഒന്നാണ് നെയ്യ്.  നല്ല മൂപ്പെത്തിയ നല്ല ചെന്തെങ്ങിന്റെ തേങ്ങയിൽ. ചെന്തെങ്ങ് എന്ന് കേള്ക്കുമ്പോൾ ഗൌളിഗാത്രം എന്ന് വിചാരിക്കരുത്. അതല്ല തൊലി ഉരിച്ചു കഴിഞ്ഞാൽ ചമുപ്പു നിറമുള്ള  പൊക്കമുള്ള തെങ്ങിന്റെ വര്ഗ്ഗത്തിൽ പെട്ടതാണ് ചെന്തെങ്ങ്. തേങ്ങ തുരന്ന് അതിൽ നിറക്കുകയാണ് പതിവ് ഇതിനെ സാമാന്യമായി മുദ്രാനിറക്കുകുയെന്ന് നാം പറയുന്നു. അതിൽ നിറച്ച നെയ്യ് ഇരുന്നു പാകമാകുമ്പോൾ അത് നല്ല അപൂർവമായ ഔഷധിയായിത്തീരും എന്നത്  പലപ്പോഴും നാം ചിന്തിക്കാത്ത വിഷയം.

കൊണ്ടുപോകാൻ സൌകര്യം നോക്കി ഏറ്റവും ചെറുതും വെയിറ്റ് കുറഞ്ഞതുമായ ശബരിമലയ്ക് വേണ്ടി പ്രത്യേകം തേങ്ങ തിരഞ്ഞെടുത്ത് വിൽക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഭക്തി ചടങ്ങായി മാറുന്നു എന്നത് കാലത്തിന്റെ വിഗതിയെന്ന് പറയാം.

ലക്ഷണമൊത്ത തേങ്ങ, വ്രതനിഷ്ഠകൊണ്ട് പൂര്ണനായി ആ ജഗദീശ്വരനുമായി ഒന്നുചേരുന്നു എന്ന് സങ്കല്പിച്ച് തന്നെ തന്നെ സമര്പ്പിക്കുന്നു എന്ന ഭാവമാണ് ഇവിടെ. നെയ്യഭിഷേകത്തെ മുന്നിൽ കണ്ട് ഭഗവാനു അഭിഷേകം ചെയ്യാവുന്നത്ര നെയ്യ് തന്റെ നെയ് തേങ്ങയിലുണ്ടായിരിക്കണം എന്നു സങ്കല്പിച്ച് ലക്ഷണമൊത്ത തേങ്ങ തുരന്ന് ഭക്തൻ ഗുരുവിന്റെ അനുഗ്രഹത്തോടു കൂടി നെയ്യ് എടുത്ത് ശരണം വിളികളോടു കൂടി നിറക്കുന്നു.   നെയ് തേങ്ങയിൽ നിറച്ച്  കോര്ക്ക് കൊണ്ട് അടച്ച്  അല്പം പോലും ചോര്ന്നു പോകാതെ പപ്പടം കൊണ്ട് ഒട്ടിച്ച് ആ നെയ്തേങ്ങയും. അവില് മലര് അരി മലര്പോടി ഇവയൊക്കെ നാഴി വീതം  ഒരു പലം മഞ്ഞൾ പൊടിച്ചത്.. കര്പ്പൂരം ഒരു റാത്തൽ ശര്ക്കര,  ഒരു ചുരിക, ഒരു ചാണ് കറുത്ത കച്ച  ഇവയെല്ലാം  മുന്കെട്ടിലും ഇവയെല്ലാം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന അവിടെ ആവാഹിച്ചിരുത്തിയിരിക്കുന്ന ദേവതകള്ക്കുള്ളതാണ്. ഒരു പലം കുരുമുളക്, ഇതാകട്ടെ വാവരെ സങ്കല്പിച്ചുള്ളതാണ്. ഇതെല്ലാം മുന്കെട്ടില്.. ഭക്തന് വഴിയാത്രയിൽ കഴിക്കാനുള്ളതെല്ലാം പിൻകെട്ടിലിട്ട് പുണ്യപാപ ചുമടെന്ന് വിശേഷിപ്പിക്കുന്ന ഇരുമുടി കെട്ട് സഞ്ചമാക്കുന്നു. ഇടക്കിടക്ക് ആവശ്യം വരുന്നത് തോൾ സഞ്ചിയിലും വച്ച് ഇവ നിറക്കുന്നതിന് പ്രത്യേകം പ്രത്യേകം സഞ്ചികള് സഞ്ജീകരിക്കുന്നു. ഇരുമുടിക്കെട്ടു കെട്ടി അച്ഛനമ്മമാര്ക്കും, പ്രായം ചെന്ന കാരണവന്മാര്ക്കും, നാട്ടില് തന്റെ പല മേഖലയിൽ ഗുരുക്കന്മാരെന്ന് സങ്കല്പിക്കുന്നവര്ക്കും എല്ലം ദക്ഷിണ നല്കി   ഗുരുവിന് ദക്ഷിണ നൽകി കെട്ടു തലയിലേറ്റുന്നു.. കമ്പിളി തലയിൽ വച്ച് കെട്ടു കമ്പിളിക്കു  മേൽ വച്ച്  കമ്പിളി മുന്നിലേക്ക് മടക്കിയിട്ട് കെട്ടുമെടുത്ത് യാത്രയാകുന്നു.

അച്ഛനമ്മമാരെ നമസ്കരിച്ച് ഗുരു കാരണവന്മാരെ വന്ദിച്ച്  അവര്ക്കെല്ലാം ദക്ഷിണ നല്കി ഗുരുവിന്റെ പാദാരവിന്ദങ്ങളെ പ്രണമിച്ച് ഓരോ തവണ കെട്ടെടുക്കുമ്പോഴും, ഓരോ തവണ കെട്ടു താത്തുമ്പോഴും എവിടെയെല്ലാം വിരി വക്കുന്നുവോ, അവിടെയെല്ലാം വച്ച് ഗുരുവിന്റെ പാദാരവിന്ദങ്ങളെ ഭക്തിയോടെ നമസ്കരിക്കുമ്പോൾ ഗുരുവിന്റെ പാദാന്തികത്തിൽ നിന്ന് ശിഷ്യന്റെ ശിരസിലേക്ക് പ്രവഹിക്കുന്ന പാദദീക്ഷയുടെ ശക്തിപാതരൂപമായ ഒരു മാസ്മരികമായ പ്രവാഹം ഉണ്ടാകുന്നു. ഈ വ്രതചര്യ സർവ നിഷേധിയായ മാനവനെ സർവവും സ്വീകരിക്കാൻ പ്രാപ്തമാക്കുന്ന കാനനയാത്രയ്ക് തെയ്യാറാക്കുന്നു.

കെട്ടു മുറുക്കി ഇരുമുടി കെട്ടുമേന്തി സ്വാമിയെ ശരണമയ്യപ്പാ എന്ന് അന്തരിക്ഷമെല്ലാം മുഖരിതമാക്കി  മന്ത്രം ജപിച്ച് കടന്നു പോകുമ്പോൾ സ്വാമികളുടെ അപാദാനങ്ങളത്രയും മന്ത്രങ്ങളായി മാറി ജപിച്ച് താന്താങ്ങളുടെ ദേശങ്ങളില് നിന്ന് നാനാവഴിയ്ക് പദയാത്രയായോ അന്ന് ലഭിക്കാവുന്ന വാഹനങ്ങളിലോ യാത്രയചെയ്ത് എരുമേലിയിൽ എത്തുന്നു.

കാലപാശ രൂപമായ സർവസംഹാരകമായ തൃഷ്ണയുടെ  കാമവും ക്രോധവും മദവും മോഹവും മാത്സര്യവും രൂപപ്പെടുത്ത മഹിഷി.  ആ മഹിഷിയെ വധിച്ചു എന്ന്  വിശ്വസിക്കപ്പെടുന്നു . മാനവന്റെ അന്തസ്ഥമായ കാമക്രോധാദികളാകുന്ന മഹിഷിയെ വധിച്ച എരുമക്കൊല്ലി അഥവാ എരുമേലി. മുഖ്യമായ വ്രതമതിന്റെ പരാകാഷ്ഠായിലേക്ക് ഉയരുന്നത് ഇവിടെ ഭക്തൻ ചെയ്യുന്ന പേട്ടതുള്ളലിൽ ആണ്. കന്നി അയ്യപ്പൻ സഞ്ജീകരിച്ചു കൊണ്ടുവന്ന ദണ്ഡും, രണ്ടാം കന്നി അയ്യപ്പന്റെ നേതൃത്വത്തിൽ കന്നി അയ്യപ്പന്മാർ തോളിലേറ്റി കരിമ്പടത്തിൽ ചേനയും ചേമ്പും കാച്ചിലും ഒക്കെയടങ്ങുന്ന സാധനങ്ങളു ദണ്ഡിൽകെട്ടി തോളിലേറ്റി ശരീരത്തിലാകെ കരിയും നിറങ്ങളും വാരിപൂശി അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം തോം എന്ന താളത്തിൽ പേട്ട തുള്ളുന്നു.

 അവാച്യമായ ആനന്ദാനുഭൂതിയുമായി നാദവും താളവും ശ്രുതിയും ചേര്ന്ന് പേട്ടതുള്ളി കഴിയുമ്പോഴേക്കും  പ്രാണനും അപാനനും വ്യാനൻ തുടങ്ങിയ  പഞ്ചപ്രാണങ്ങളും സമ്മേളിക്കുകയും മനസ്സ് തന്നെ വധിക്കാനിരിക്കുന്ന തന്റെ തന്നെ ഉള്ളിലിരിക്കുന്ന തന്റെ തന്നെ ഹിംസകനായ  വേട്ട മൃഗത്തെ കാമക്രോധാദികളെ ജയിച്ച് ജയഘോഷം മുഴക്കി അവര് തന്റെ ദണ്ഡിൽ കാമക്രോധാദികളെ കെട്ടി വരിഞ്ഞ് ആനന്ദ നടനം നടത്തുന്നു.

എരുമേലി പേട്ടയെ നാം സ്മരിക്കുമ്പോള് അമ്പലപ്പുഴക്കാരുടേയും ആലങ്ങാട്ടുകാരുടേയും പേട്ടയോടു കൂടിയാണ് പേട്ടതുള്ളല് അവസാനിക്കുന്നത്.  അമ്പലപ്പുഴക്കാരേയും ആലങ്ങാട്ടുകാരേയും കൂട്ടി നടത്തിയ യുദ്ധത്തിന്റെ സ്മരണകളാണ് നമ്മളില് ഉളവാക്കുന്നത്. അമ്പലപ്പുഴക്കാർ പേട്ടതുള്ളണമെങ്കിൽ അമ്പലപ്പുഴ തേവര് അഥവാ കൃഷ്ണൻ എഴുന്നള്ളിദര്ശിക്കാൻ ഉണ്ടാകണമെന്നതാണ് അവരുടെ സങ്കല്പം. പേട്ടയ്ക് തെയ്യാറെടുത്ത് എത്തി ആകാശത്തേക്ക് നോക്കുമ്പോൾ വട്ടമിട്ടു പറക്കുന്ന കൃഷ്ണപരുന്തിനെ കണ്ടാൽ ഗരുഡ വാഹനനായ വിഷ്ണു എഴുന്നള്ളിയിരിക്കുന്നു എന്നും പേട്ടയ്ക് അനുമതി തന്നിരിക്കുന്നു എന്നും പേട്ടയെ ദര്ശിക്കുന്നു എന്നും സങ്കല്പിച്ചു അമ്പലപ്പുഴക്കാരുടെ  പേട്ടയാണ്. ഉച്ഛയ്ക് നക്ഷത്രത്തെ ദര്ശിച്ച് പേട്ട തുള്ളുന്ന ആലങ്ങാട്ടുകാരും. അതോടെ പേട്ട കഴിയുന്നു. അത് അവസാനത്തെ നാളിലാണ്. പിന്നെ പേട്ടകെട്ടില്ല.

ഭക്തൻ കാമക്രോധാദികളെ മുഴുവൻ കടന്ന് അന്തഃരംഗം അതീവശുദ്ധയാക്കി പേട്ട തുള്ളി  ശരക്കോലേന്തി  ദണ്ഡേന്തി എരുമേലിയില് നിന്ന് തുടര്ന്നുള്ള യാത്രയിൽ പേരൂര്തോട് കടന്ന് കാളകെട്ടിയിലേക്ക് എത്തുമ്പോൾ കാളകെട്ടിയാശ്രമം അയ്യപ്പന്റെ സങ്കേതങ്ങളിൽ പ്രധാനമാണ്. കാളകെട്ടി കടന്ന്  അഴുതായറൊഴുകുന്ന അലസ. അഴുതയില് കുളിച്ച് കല്ലെടുത്ത് കല്ലിടാം കുന്നില് കയറി കല്ല് സമര്പിച്ച് വീണ്ടും ഉടുമ്പാറമല കരിമല കോട്ടപ്പടി യാത്ര തുടരുന്നു. പഴയ കാലത്ത് കരിയിലാംതോടിനു മുന്പ്  ആണ്  ആദ്യരാത്രിയിൽ താവളം അടി ഉണ്ടാക്കുന്നത്. നല്ല വേഗതയുള്ള ആളുകൾ കരിമല കയറിയിറങ്ങും. പെരിയാനവട്ടവും ചെറിയാനവട്ടവും സൂക്ഷിക്കേണ്ട ഇടങ്ങളായി ആണ് കരുതിപോന്നിരുന്നത്. കടുവയും പുലിയും ആനയും എല്ലാം ധാരാളമുണ്ടായിരുന്നു.

അവയിലൊന്നിനെ പോലും ഉപദ്രവിക്കാതെ ഒരു ചെടി പോലും പൂര്ണമായും നശിപ്പിച്ചുകളയാതെ കച്ചവടക്കണ്ണില്ലാതെ ഒരു തീര്ഥയാത്ര കഴിഞ്ഞു വരുമ്പോഴാണ് മണ്ണും വിണ്ണും സമ്മേളിക്കുന്ന പ്രകൃതിയും മനുഷ്യനും ചേര്ന്ന് രൂപാന്തരപ്പെടുന്ന അദ്വൈതാനുഭൂതിയെ ഭക്തൻ അനുഭവിക്കുക

പ്രകൃതിയോട് ഇണങ്ങുമ്പോല്  മനുഷ്യനുണ്ടാകുന്ന വിനയവും അവന് അറിയാത്ത അകപ്പൊരുളുകൾ അറിയുന്ന മുഹൂര്ത്തങ്ങളും ആണ്  വനയാത്രയുടെ പ്രത്യേകത.   ഷദ് സ്വപ്നേ എന്ന ധാതുവിൽ നിന്നുണ്ടായ സസ്യം എന്ന വാക്ക്.  ഇരുമുടിക്കെട്ടേന്തി നഗ്നപാതനായി പാദുകങ്ങളണിയാതെ കല്ലും മുള്ളും നിറഞ്ഞ കാന്തരത്തിലൂടെ കല്ലും മുള്ളും കാലിന് മെത്തയായി അഭയവരദനായ അയ്യപ്പനെ കാണുവാനുള്ള യാത്ര. ഭൂമി വരദാനമായി തന്ന ജീവനിലൂടെ ഭൂമിയെ നുകര്ന്ന് അരുവികളിൽ കുളിച്ച് ഫലമൂലങ്ങള് ഭക്ഷിച്ചും വനഭൂമിയിലൂടെ പർവതശൃംഗങ്ങളിലൂടെ വൃക്ഷലതാദികളേയും പക്ഷികളേയും  മൃഗസഞ്ജയങ്ങളേയും കണ്ട് ആ വനത്തിലൂടെ സഞ്ചരിക്കുന്ന ഓരോ മുഹൂര്ത്തത്തിലും ഭക്തൻ  തന്നെ തന്നെ തിരിച്ചറിയുന്നു. ക്രൂരമൃഗങ്ങളുടെ ഇടയിലൂടെ യാത്രചെയ്യുമ്പോൾ അയ്യപ്പമന്ത്രവും മലദൈവങ്ങളുമല്ലാതെ മറ്റൊന്നും ഇല്ലായെന്നും തന്റെ ജീവൻ തന്റെ കയ്യിലല്ല എന്ന്  ഉറപ്പിക്കുന്ന ഭക്തൻ താനെന്ന അഹങ്കാരത്തെ കളഞ്ഞ്  പ്രകൃതിയെ നമസ്കരിച്ച് യാത്ര തുടരുന്നു. ശബരിമല സന്നിധാനത്തിൽ ഭക്തിയും ജ്ഞാനവും സമ്മേളിക്കുന്നു. ജ്ഞാനം അതിന്റെ പരാ കാഷ്ഠയില് എത്തുന്നത് ഭക്തിയുടെ ലാവണ്യം കൊണ്ടാണ്.  ജ്ഞാനാദേവ തു കൈവല്യം  എന്ന് പറയുമ്പോൾ മോക്ഷകാരണസാമഗ്ര്യാം ഭക്തിരേവ ഗരീയസീ എന്ന് ശങ്കരൻ. അവാച്യമായ ആനന്ദാനുഭൂതിയെ നല്കി ഭക്തി സർവചരാചരാന്തസ്ഥനായ ഭഗവാനെ തൃണം മുതല് ഹിമവത് ശൃംഗം വരെ ഒരുപോലെ ദര്ശിച്ച് കടന്നുപോകുന്നു.

പുണ്യവും പാപവും തിരിച്ചറിഞ്ഞ് അതും പേറി പാപങ്ങളെ  കഴുകി കളയുന്ന അലസ യെന്നുപേരായ അഴുതാ നദിയില് കുളിച്ച്  ശാരീരകമായും മാനസികാമായും ഉറഞ്ഞു കൂടിയിട്ടുള്ള പാപങ്ങളെ അത്രയും കടക്കുവാൻ പര്യാപ്തമായ ഏഴു മലമടക്കുകളിലൂടെ കരിമല കയറി താഴ്വാരമായ പെരിയാന വട്ടത്തിലൂടെ ചെറിയാനവട്ടത്തിലൂടെ സ്വാമിയെ ശരണമയ്യപ്പാ തുടങ്ങിയ ശരണം വിളികളോടു കൂടി   മന്ത്രസ്വനങ്ങൾ  ഉതിര്ത്ത്  വിശുദ്ധമായ പമ്പയിലെത്തുന്നു.

സർവപാപ പരിഹാരാര്ഥം പമ്പയില് കുളിച്ച് പിതൃതര്പണം ചെയ്ത് പൂർവ പൂർവ പുണ്യങ്ങളുടെ ഫലമായി ലഭിച്ച പിതൃപൈമാതമഹ സംപ്രാപ്തമായ ഈ  ജീവന് ഇനിയും ബന്ധം വേര്പെടാത്ത സപ്തപിതാക്കളുടെ ഉദകക്രിയകൾ  മുഴുവന് ചെയ്ത്  തര്പണം ചെയ്ത് തൃപ്തി വരുത്തുന്നു.  അതിനുശേഷം യജ്ഞകര്മ്മത്തിൽ ശ്രദ്ധേയമായ അന്നദാനത്തെ ചെയ്യുന്നു.  സകല പ്രാപഞ്ചികവ്യാപാരങ്ങളും ജ്ഞാനാഗ്നിയില് ദഹിച്ചു നില്ക്കുന്ന  വിഭൂതി പോലെ പമ്പയിലെ അടുപ്പുകളിൽ സമസ്ത ഭാവങ്ങളും കത്തിച്ചാമ്പലായി എന്ന ഭാവത്തോടു കൂടി അതിൽ നിന്നെടുത്ത വിഭൂതിയും സ്വീകരിച്ച് സാധകൻ നീലിമലയിലേക്ക് പ്രവേശിക്കുന്നു.

പഴയ കാലത്ത് ശബരിമലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസാദം ഭസ്മം അഥവാ വിഭൂതിയാണ്. കൂവയുടെ ഇല കണ്ടിച്ച് അതിൽ പൊതിഞ്ഞാണ് വിഭൂതി നൽകിയിരുന്നത്.  പമ്പാസദ്യ കഴിയുമ്പോൾ കന്നി അയ്യപ്പന്മാർ എല്ലാ അടുപ്പിൽ നിന്ന് വിഭൂതി സ്വീകരിക്കുന്നു. ഏതെങ്കിലും ഒരു അടുപ്പിലെ അന്നം  അയ്യപ്പൻ കഴിച്ചതാണെന്നുള്ള സ്മരണയിലാണ് വിഭൂതിയെ സ്വീകരിക്കുന്നത്. അതിനനുസരിച്ച് ആ വിഭൂതി കൊണ്ടുവന്നത് വെള്ളത്തിൽ കുഴച്ചുരുട്ടി  അഗ്നിയിൽ വീണ്ടും സ്ഫുടം ചെയ്ത് ആ ഭസ്മം രോഗശാന്തിയ്ക് ഉള്ളിലേക്കും പുറമേക്കും ഉപയോഗിക്കാറുണ്ട്..

തന്റെ വിഷയ വാസനങ്ങളെ മുഴുവൻ കാമനകളെ മുഴുവൻ ശര്ക്കരയും അരിയും ചേര്ത്തരച്ച് ഉരുട്ടി ഉണ്ടാക്കിയ ഉണ്ടകൾ തന്റെ കാമതപ്തങ്ങളായ വൈകാരിക തലങ്ങളെ മുഴുവൻ ഇപ്പാച്ചികുഴിയിലും അപ്പാച്ചി കുഴിയിലും വലിച്ചെറിഞ്ഞ് ശുദ്ധമായ മനസ്സുമായി  ആജ്ഞാചക്രാന്തരാളസ്ഥനായ ഗുരുവിനെ  ആജ്ഞാ ചക്രത്തില് ദര്ശിച്ച്  വണങ്ങുവാന് ശബരിപീഠത്തിലെത്തി വണങ്ങി  വിവേകത്തിന്റെ ചിഹ്നമായ ശരക്കോലവിടെ അര്പ്പിക്കുന്നു. പിന്നീട് സഹസ്രാരപദ്മസ്ഥിതമായ ഉന്നതമായ ശ്രീഭൂതനാഥന്റെ തിരുസന്നിധിയിലേക്ക് അണയുന്നു. സന്നിധാനത്തിലേത്തി നെയ്യഭിഷേകം കഴിയുമ്പോൾ സർവ സമര്പണം ആയി.   നെയ് അഭിഷേകം ചെയ്യുമ്പോൾ സർവസമര്പണത്തിലൂടെ സാധകനും ജഗന്നിയന്താവും ഒന്നായിത്തീരുന്നു. സകല ചിത്തങ്ങളും വിക്ഷിപ്തങ്ങളും അടങ്ങി ഗ്രന്ധികളത്രയും എരിച്ച്,  ഭിദ്യതെ ഹൃദയഗ്രന്ഥി ഛിന്ദ്യന്തെ സർവ സംശയാഃ ക്ഷീയന്തെ അസ്യ കര്മാണി തസ്മിന്ന് ദൃഷ്ടേ പരാവരേ ആ പരാവരയെ ദര്ശിക്കുമ്പോൾ  ഹൃദയഗ്രന്ഥികൾ പൊട്ടുന്നു. സകല സംശയങ്ങളും ഛേദിക്കപ്പെടുന്നു. വാസനാബദ്ധങ്ങളായ എല്ലാ  കര്മ്മങ്ങളും ക്ഷയിക്കുന്നു. ആ പരബ്രഹ്മസ്വരൂപത്തെ തന്നിൽ തന്നെ ദര്ശിച്ച് സായൂജ്യം അടഞ്ഞ്  ഭക്തൻ മടങ്ങുന്നു. ഇതാണ് ശബരി മല സന്നിധാനത്തേക്കുള്ള യാത്രയുടെ ആത്മപ്രബോധനപരമായ താന്ത്രിക സംവേദനം.

മഞ്ഞൾപ്പൊടി  മാളികപ്പുറത്തിനും കറുത്ത കച്ചയും ചുരികയും കൊച്ചുകടുത്തയ്കും  വലിയ കടുത്തയ്കും കുരുമുളക് വാവര്ക്കും സമര്പിക്കുന്നു. പഴയകാലത്ത്  നെയ്യാടി കഴിഞ്ഞ  തേങ്ങ ആഴിയിൽ സമര്പ്പിക്കും. തിരക്കു കൂടുകയും കാലം മാറുകയും ഒക്കെ ചെയ്തപ്പോൾ  വ്യവസ്ഥകള്ക്കൊക്കെ ഇന്ന് മാറ്റമുണ്ട്. ശരണം വിളികളോടെ  ശബരിമലസന്നിധാനത്തിൽ നിന്ന് നടയിറങ്ങി വീട്ടിലെത്തി  മാലയൂരുന്നത് വരെ പടുക്കപന്തലിൽ കെടാവിളക്ക് ഉണ്ടാകും. വീട്ടിലെ അംഗങ്ങൾ ശബരിമലയിലേക്ക്  പോയ ഭക്തന്റെ ആയുരാരോഗ്യങ്ങള്ക്കെല്ലാം പ്രാര്ഥിച്ച് അവരും  വേണ്ട വ്രതനിഷ്ഠയോടു കൂടി കഴിയും. പാരസ്പര്യത്തിന്റേയും ജീവജാലങ്ങളെ മുഴുവൻ  സമുജ്വലമായി സംയോജിപ്പിക്കുന്നതിന്റേയും ഭക്തിയുടേയും ജ്ഞാനത്തിന്റേയും സന്ദേശം പകരുന്ന ശബരിമല തീര്ഥാടനവും വ്രതവും അതിശ്രദ്ധേയമായ ഒരു ഇതിവൃത്തമാണ്.

ഇത്രയും ശബരിമലക്ഷേത്രത്തിന്റെ താത്വികമായ അര്ഥതലങ്ങളിലൂടെ ആണ് പോയത് എങ്കില് ഇതിന്റെ ഒപ്പം തന്ന മറ്റൊരുതലവും കേരളത്തിൽ ശബരിമലയ്ക് ഉണ്ട്. അതുകൂടി അറിയേണ്ടത് അത്യാവശ്യമാണ്.

ഒരു ഭാഗത്ത്  ഐതിഹ്യങ്ങളും ചരിത്രങ്ങളും മറ്റൊരു തലത്തിൽ വ്രതം, ഉപവാസനം തുടങ്ങിയവയോടു ബന്ധപ്പെട്ട സങ്കേതങ്ങൾ ഇങ്ങിനെ പല പല ഐതിഹ്യവും കഥകളും ശബരിമലയെ കുറിച്ചും അതിന്റെ വികാസത്തെ കുറിച്ചും പരിണാമത്തേയും കുറിച്ചും ലഭ്യമാണ്.  എരുമേലി മുതൽ ഏതാണ്ട് സന്നിധാനം വരെ നീണ്ടു കിടക്കുന്ന അനേകം മലകളോടു കൂടിയ ഒരു ഭൂവിഭാഗം മുഴുവൻ ഉഉള്പ്പെടുന്നതാണ്. ജൈവവൈവിധ്യത്തിൽ ഏറ്റവും പ്രധാനമായ ഒന്നെന്ന നിലയിൽ  ഏതാണ്ട് സ്വാന്ത്ര്യദിനക്കാലം വരെ  ശബരി മലയും  പരിസരപ്രദേശങ്ങളും ഘോര വനം തന്നെയായിരുന്നു.

തമിഴ് നാട്ടില് നിന്ന് വരുന്ന ഭക്തന്മാര്ക്ക് പാണ്ടിത്താവളം വഴി വരുമ്പോൾ  അന്നത്തെ രാജഭരണ കാലത്ത് സർ സിപി ദിവാന്റെ പേരിൽ സത്രവും വഴിയിലുണ്ടാക്കിയിരുന്നു. സി പി സത്രം വഴിയുള്ള യാത്ര. എരുമേലിയും കടന്ന്  പേരൂർ തോട്,  കരിയിലാം തോട്, കാളകെട്ടി, അഴുതയാറ്,   കരിമല വഴിയിലൂടെ പമ്പ കടന്ന് നീലിമലയേറി അതിപ്രസിദ്ധമായ വഴിയിലൂടെ ഭക്തജനങ്ങൾ   ഘോരമായ വനപ്രദേശങ്ങളിലൂടെയാണ് പണ്ട് നടന്ന് എത്തിയിരുന്നത്.  ഘോരമായ കാനനത്തിലൂടെയുള്ള യാത്രയാണ്. കഴിയുന്നത്ര കാനനഭംഗിയെ നശിപ്പിക്കരുത് എന്ന്  അന്ന് ആളുകൾ കരുതിയിരുന്നു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അധികാരികളും, വനപാലകരും, ശബരി മലയോട് ചേര്ന്ന് വഴിത്താരയിൽ കച്ചവടം ഒരുക്കിയ കച്ചവടസംഘങ്ങളും ശബരി മലയെ അനുകൂലിക്കുകയും  എതിര്ക്കുകയും ചെയ്ത നാനാജാതി മതസ്ഥരായ ആളുകളും തീര്ഥാടനാവസരത്തെ മുതലെടുക്കുകയായിരുന്നോ എന്നതാണ് സത്യം. തീര്ഥാടനത്തേയും വികാസത്തേയും നോക്കി കാണുമ്പോൾ ചടങ്ങുകളെ മാറ്റി മറിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റം പൂജയിലും വിധാനത്തിലും തീര്ഥാടനത്തിലും ശബരിമലയോടുള്ള സമീപനത്തിൽ വന്നിട്ടുണ്ടെന്ന് നോക്കിയാല് അറിയുന്നതാണ്.

ഇന്നു നാം കാണുന്ന ശബരി മല സന്നിധാനം കണ്ടര് ശങ്കരര് എന്ന തന്ത്രി പ്രതിഷ്ഠിച്ചിട്ടുള്ള പുതിയ അയ്യപ്പ വിഗ്രഹം മാത്രമാണ്. പുനസൃഷ്ടിച്ച ക്ഷേത്രത്തിൽ പുനപ്രതിഷ്ഠക്കുള്ള വിഗഹത്തെ രൂപകല്പന ചെയ്തത് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന വിഗ്രഹം അടിസ്ഥാനപ്പെടുത്തിയാണ്. ഇത് ശ്രദ്ധേയമായ പരിണാമമാണ്. അതിനു മുന്പുള്ള പ്രാചീന വിഗ്രഹത്തിന്റേയും പ്രാചീനസങ്കല്പങ്ങളുടേയും തലം കേട്ടുകേള്വി മാത്രമായി മാറിയിട്ടുണ്ട്.    സപ്തലോഹത്തിന്റേയും പഞ്ചലോഹത്തിന്റേയും, നവപാഷാണത്തിന്റേയും,  സൌവീരാഞ്ജനത്തിന്റേയും, കാന്തക്കല്ലുകൊണ്ടുള്ള വിഗ്രങ്ങള്  ഭാരതീയക്ഷേത്രങ്ങിളിലേല്ലാം സുലഭമായിരുന്നു. നഷ്ടപ്പെട്ട വിഗ്രഹം നവപാഷാണമായിരുന്നു എന്നാണ് പ്രാചീനർ വിശ്വസിച്ചു പോന്നിരുന്നത്. പ്രാചീനകാലത്തെ വിഗ്രഹ മോഷങ്ങൾ, സമാന്തരമായി വിഗ്രാരാധനയ്ക് എതിരായുള്ള സ്വദേശികളുടേയും വിദേശീയരുടേയും കടന്നാക്രമണങ്ങൾ, കല്ലിനെ ആരാധിക്കുന്നു എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്ന യുക്തിവാദങ്ങളും. അറിഞ്ഞും അറിയാതേയും വിഗ്രഹ കൈമാറ്റങ്ങള്ക്കും മോഷണങ്ങള്ക്കും കൂട്ടു നില്കുകയാണ് ചെയ്തത്. പിന്നീട് അങ്ങോട്ടുണ്ടായ പുരോഗമനകാലത്ത് പുനപ്രതിഷ്ഠകളെല്ലാം വിഗ്രഹകൈമാറ്റത്തിന്റെ ഈ ദേശത്തുനിന്നു തന്നെ വിഗ്രഹം കടത്തികൊണ്ടുപോയതിന്റെ പാതയൊരുക്കുകയായിരുന്നു എന്ന് പലരും അറിഞ്ഞു തന്നെയില്ല.

വിഗ്രഹത്തിന്റെ പ്രതിഷ്ഠ അത്തം നാളിലാണ്. ചിത്തിര നാളിലാണ്  രാജാവ് ജനിച്ചത്. കര്ക്കിടത്തിലെ നിറപുത്തരി. ഇതു മൂന്നും തിരുവിതാംകൂർ രാജവംശത്തോടു ചേരുന്ന മൂന്നു ദിനങ്ങളാണ്. ഈ മൂന്നു ദിനങ്ങളിൽ ശബരി മലയിൽ പ്രത്യേക പൂജകളുണ്ട്. മുന്കാലത്ത് ജനുവരി ആറുമുതൽ പത്തൊന്പതുവരെ മാത്രമായിരുന്നു ആയിരുന്നു എങ്കില് ഇപ്പോ നാല്പത്തിയൊന്നു ദിവസവും പൂജയുണ്ട്. എല്ലാ മാസത്തിലും ഒന്നാം തീയതിയ്ക് അടുത്ത് അഞ്ചുദിവസം പൂജയുണ്ട്. വിഷു വിന് പ്രത്യേകമായി സംക്രമത്തിന്. പൂജാ രീതികള്ക്കും വ്യത്യാസം വന്നിട്ടുണ്ട്. പുതിയ വിഗ്രഹം വരുന്നതിനു മുന്പുള്ള പ്രാചീന ക്ഷേത്രത്തിൽ പീഠപൂജയും മൂര്ത്തിപൂജയും പ്രസന്ന പൂജയും എന്ന മൂന്നു പൂജ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്നു പൂജകളുടെ ബഹളമാണ്. പുതിയ പൂജാരീതികൾ പുതിയ സംവിധാനങ്ങൾ പുതിയ വഴിപാടുകൾ പുതിയ നിവേദ്യങ്ങൾ ഇവ എല്ലാം ശബരിമലയെ ഇന്ന് ആഗോള പ്രശസ്തിയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമായി പോലും വളര്ത്തി. പൂങ്കാവനം ഉള്പ്പെടെയുള്ള പ്രദേശങ്ങളെ മുഴുവൻ വനപ്രദേശങ്ങളെ മുഴുവൻ ഒരു പുതിയ സംസ്കൃതിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം വൈദേശികമായ ധനമിടപാടു സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നു വരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

ശബരിമലയിലെ ചടങ്ങുകളെല്ലാം  ആദ്യം മുതൽ അവസാനം വരെ കുറെ തറവാടുകളുടെ അവകാശം ആയിരുന്നു. മാളികപ്പുറത്തു നടത്തുന്ന ഗുരുതി അത് കുറുപ്പന്മാരുടെ അവകാശമായിരുന്നു. പേട്ടകെട്ടുന്നിടത്തും അവരുടെ അവകാശമുണ്ട്.  വെടി വഴിപാട് ഒരു കുടുംബത്തിന്റെ അവകാശം ആയിരുന്നു ഇപ്പോ അല്ല. അതിന്റെ കേസു നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഒരു ഭാഗത്ത് പശ്ചിമഘട്ടത്തേയും ശബരിമലയേയും പരിസരപ്രദേശങ്ങളേയും ഒരുപക്ഷെ ലോകത്തിലെ പന്ത്രണ്ട് അതിബൃഹത്തായ ജൈവവൈവിധ്യങ്ങളൊന്നിനേയും തകര്ക്കുവാനുള്ള ഗൂഢാലോചന. വൈദേശിക ശക്തികളുടെ അറിവോടും സമ്മതത്തോടും കൂടി ശബരിമലയേയും പരിസര പ്രദേശങ്ങളേയും  മാറ്റി മറിക്കുവാനുള്ള ആസൂത്രിതമായ മുന്നേറ്റം. അതായിരുന്നു ക്ഷേത്രം തകര്ക്കുന്നതിനു പിന്നിലുണ്ടായിരുന്നത്. അന്നത്തെ  സമുന്നതനായ കേശവമേനോന് ഏകാംഗ കമ്മീഷൻ വ്യക്തമായി എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മിനിസ്ട്രി ജനാധിപത്യപരമായി സത്യപ്രതിജ്ഞ ചെയ്യുന്നത് ശബരി മലയെ സംബദ്ധിക്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നത് എല്ലാവരും മറന്നു എന്നതാണ് സത്യം.

ശബരിമലയിലെ വിഗ്രഹം പ്രാചീനകാലത്തുള്ളത്  നവപാഷാണം കൊണ്ടുള്ള വിഗ്രഹമായതിനാൽ നെയ്യ് അഭിഷേകം ചെയ്യുമ്പോള് ഉദര രോഗം നിര്മ്മാര്ജ്ജനം ചെയ്യുന്ന ഔഷധമായിത്തീരുന്നു. രാസ പരിണാണപ്രക്രിയകളെ നന്നായി പഠിച്ചിട്ടുള്ള ഭാരതീയരസശാസ്ത്രജ്ഞന്മാർ അഥവാ ഋഷിമാർ രൂപപ്പെടുത്തിയ  ഔഷധക്കൂട്ടുകളോടു കൂടിയ വിഗ്രഹങ്ങൾ.  ഭസ്മവും, ശാക്തീയചന്ദനവും, അഭിഷേകം ചെയ്തെടുത്ത ജലവും പാലുമെല്ലാം നവപാഷാണത്തിലാകുമ്പോൾ അത്ഭുതമായ മരുന്നും കൂടിയാണ്. വളരെ വിപുലമായ ഒരു ഔഷധംസങ്കേതം ഈ രീതിയിലുള്ള ക്ഷേത്രങ്ങളോടു ചേര്ന്ന് വികസിച്ചു വന്നിരുന്നു. അപസ്മാരം വ ന്ന് വിഷമിക്കുമന്നവർ ഏറ്റൂമാനൂരിൽ പ്രദോഷകാലത്ത്  വിഗ്രത്തില് ആടിയ എള്ളെണ്ണ കുട്ടികളുടെ അപസ്മാരത്തിന് കൊടുത്ത്  എന്നെന്നേക്കുമായി അപസ്മാരം മാറിയത് വിശ്വാസ ചികിത്സയല്ല. ഏറ്റുമാനൂർ തന്നെയുള്ള നന്ദികേശ്വരന്റെ നെല്ല് പൃഷ്ഠ ഭാഗത്ത് നിന്നെടുത്ത്  അതു തൊലിച്ചു കഴിക്കുമ്പോൾ ഉദര രോഗങ്ങള്ക്കുണ്ടാകുന്ന പരിണാമം. പറവൂർ സരസ്വതീ ക്ഷേത്രത്തിലെ മുക്കുടി, മഞ്ഞപിത്തമുള്പ്പടെ മാറുംവിധം കുമാരനല്ലൂരിർ ആടിയ മഞ്ഞൾ, ഒക്കെ ശ്രദ്ധേയങ്ങളാണ്. കാത്യായനീ ക്ഷേത്രത്തിലെ വിഗ്രഹം അഞ്ജനകല്ലാണ്. തിരുവല്ലയിൽ ദര്ഭയും ശര്ക്കരയുമാണ്. ഉദാഹരണങ്ങളെത്ര വേണമെങ്കിലും ഈ അന്വേഷണത്തില് സുലഭമാണ്.  ഔഷധയോഗം വളരെ ശ്രദ്ധിച്ച്  രൂപപ്പെടുത്തി ഔഷധങ്ങളെ പ്രസാദങ്ങളാക്കി മാനവന്റെ വൈയക്തിക ജീവിതത്തിലും കൌഡുംബിക ജീവിതത്തിനും സഹായം നൽകി പോന്ന പൂജാ വിധാനങ്ങള്ക്ക് നേതൃത്വം നൽകിയ ഭാരതീയതന്ത്രാഗമങ്ങളുടെ അന്വേഷണോത്സുകതയില്ലാത്ത പ്രതികൂലമായ പഠനങ്ങളാണ് ഇന്നത്തെ  അധഃപതനത്തിന് കാരണം.

പശ്ചിമഘട്ടവും പ്രാന്തപ്രദേശങ്ങളും വിഷലിപ്തമായ കുടിയെറ്റത്തിന്റെ കൈകളിലേക്ക്  അമര്ന്നപ്പോൾ അന്നും ഇന്നും ഏറ്റവും അധികം എതിര്ക്കപ്പെട്ടിട്ടുള്ളതും ശബരിമലയാണ്. അതിന്റെ പ്രത്യാഘാതമായിരുന്നു വിഗ്രഹം കവര്ന്നതെങ്കിൽ ക്ഷേത്രത്തിൽ തീപിടിച്ചത് ഇന്നും ആ പ്രവര്ത്തനം മുന്നേറുന്നില്ലെ എന്ന് ഭരണാധികാരികളും ഗവേഷകരും അന്വേഷിച്ചറിയേണ്ടത്. ശബരിമലയെ കുറിച്ചുള്ള രണ്ട് പ്രസിദ്ധങ്ങളായ പുസ്തകങ്ങൾ ആംഗലേയഭാഷയിൽ ഇന്ത്യക്കാർ തന്നെ രചിച്ചിട്ടുണ്ട് വൈദ്യനാഥനും  രാധികാശേഖറും തന്റെ ഗുരുവിന്റെ നിര്ദേശപ്രകാരം യൂണിവേഴ്സിറ്റിയ്കു വേണ്ടി രാധികാ ശേഖർ എഴുതിയ തീസിസ് ആണ് ഒരു പുസ്തകം.

ശബരിമല  ശാസ്താവിന്റെ അപദാനങ്ങളോട് ബന്ധപ്പെട്ട കഥകളത്രയും വിചിത്രമെന്ന് പറയട്ടെ കേരളത്തിലെ ബ്രാഹ്മണ്യത്തോട് ചേര്ന്നല്ല ഐതിഹ്യങ്ങളായി രൂപം കൊണ്ട് വളര്ന്നിട്ടുള്ളത്.  നായർ ഈഴവ ഭവനങ്ങളോട് ചേര്ന്നാണ്.  അയ്യപ്പന് പഠിച്ചു  എന്ന് പറയുന്ന കളരികൾ അയ്യപ്പനു ഉറങ്ങി എന്ന് പറയുന്ന ഇടങ്ങളും എല്ലാം ഐതിഹ്യവും ചരിത്രവും  എല്ലാം കൂട്ടിചേര്ത്തു പഠിക്കുവാനൊരുങ്ങുമ്പോൾ നാം വിചിത്രമായി കാണുന്ന ഒന്നാണ് കേരളത്തിലെ നായർ ഈഴവ കുടുംബങ്ങളോടു ചേര്ന്നതാണ് എന്നുള്ളത്.  നായർ  ഈഴവ വിഭാഗങ്ങൾ സമീപകാലകേരളത്തിന്റെ സങ്കേതങ്ങളിൽ ശൂദ്രരാണ്. ശൂദ്രൻ പ്രതിഷ്ഠിക്കുന്ന ഇടങ്ങളിൽ ബ്രാഹ്മണൻ പൂജ ചെയ്താൽ പ്രായശ്ചിത്തം വേണമെന്ന് വൈദികത്തിന് വ്യാഖ്യാനം നൽകിയിട്ടുള്ള സായണൻ സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് പലരും വളരെ സൌകര്യപൂർവം മറക്കുന്നു. എരുമേലിയിൽ എത്തുമ്പോൾ നാം കാതുകളിൽ കേള്ക്കുന്നത് അയ്യപ്പന് ഉറങ്ങി എന്ന് പറയുന്ന, മഹിഷീ വധം കഴിഞ്ഞു ഉറങ്ങി എന്ന് പറയുന്ന ഒരു നായർ തറവാടാണ്.  ആ വീടിന് തീപിടിക്കുകയും  അതിനെ തുടര്ന്ന് ജ്യോതിഷപ്രശ്നവും അതിനെ തുടര്ന്ന്  പരിഹാരക്രിയകളും നടന്നു എന്നതാണ് അറിയപ്പെടുന്നത്. പരിഹാരക്രിയകള്ക്ക് എത്തിയിട്ടുള്ളതും ശബരിമലയോട് അതിന്റെ ഇതിഹാസത്തോടു ചേര്ന്ന ബ്രാഹ്മണ്യവുമാണ്. ഇത് കൃത്യമോ അല്ലയോ എന്ന് പരിശോധിച്ച് അറിയേണ്ടതാണ്.

ശബരി മല സന്നിധാനവും പൂങ്കാവനവും എല്ലാം അടങ്ങുന്ന വലിയ സങ്കേതമാണ് ചുരിമല. ചൂരിമല 1816 ൽ ബഞ്ജമിൻ വാണ്, പീറ്റർ കോസ്റ്റണ് ബ്രിട്ടീഷുകാരുടെ കാലത്ത്  നടത്തിയ സർവേയുടെ കൃത്യമായ വിവരങ്ങൾ നമ്മുടെ ഗവണ്മെന്റ് റെക്കോര്ഡുകൾ കയ്യിലുണ്ട് . അന്നും ചൂരിമല ഏറ്റവും വലിയതീര്ഥാടന സങ്കേതമായിരുന്നു ബ്രിട്ടീഷ് റെക്കോഡില്. എങ്ങിനെയാണ് ഈഘോരവനത്തെ അല്പം പോലും നശിപ്പിക്കാതെ തീര്ഥാടനം നടന്നത്. വിദ്യഭ്യാസം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു കാലഘടത്തിൽ ദാരിദ്ര്യം ഉണ്ടായിരുന്നു ഇന്ത്യയിൽ എന്ന്  വിശ്വസിക്കുന്ന ആധുനിക പണ്ഡിതന്മാരുടേയും ചിന്തകാരന്മാരുടേയും മുന്പിൽ ഈ ഘോരമായ വനപ്രദേശത്തെ അല്പം പോലും നശിപ്പിക്കാതെ സൂക്ഷിച്ചുകൊണ്ട് വനാന്തരത്തിലൂടെയുള്ള തീര്ഥാടനം. ശ്രദ്ധിക്കപ്പെടേണ്ടതാണ്.

നേരത്തെ കണ്ടപ്പോലെ പീറ്റർ കോസ്റ്റന്റേയും ബഞ്ജമിൻ വാണിന്റേയും 1816 ലെ സർവേയിൽ അച്ചന്കോയിൽ, അരക്കുളം, കക്കാട് മലയാളപ്പുഴ തുടങ്ങിയ കിഴക്കൻ ഭൂവിഭാഗങ്ങൾ. സഹ്യന്റെ മറുപുറത്ത് ഏതാണ്ട് ഏലത്തൂര് വരെ നീണ്ടു കിടക്കുന്ന ഭൂവിഭാഗവും ഉള്ക്കൊള്ളുന്ന ചൂരിമല എന്തുകൊണ്ട്, ഋഷീശ്വരസങ്കല്പങ്ങൾ തീര്ഥാടനത്തിനായി തിരഞ്ഞെടുത്തു. ലോകത്തിലെ അത്യപൂർവങ്ങളായ ഔഷധങ്ങളുടെ കേന്ദ്രഭൂമിയായിരുന്നു ഈ ഭൂപ്രദേശം. ഏതാണ്ട് അതീവ വ്യത്യസ്തങ്ങളായ ഋതുചംക്രമണത്തിന്റെ ഈ ഭൂവിഭാഗങ്ങളിൽ ഒരു ഭാഗത്ത് തണുപ്പും മറുവശത്ത് ചൂടും വേറൊരു ഭാഗത്ത് നൂൽമഴകളും സംകീര്ണമായ ലാസ്യതാണ്ഡവമാടി നിൽക്കുന്ന ഭൂപ്രകൃതിയുടെ സമുജ്ജ്വലരംഗവേദിയെ ജൈവവൈവിധ്യത്തിന്റെ അനന്ത കലവറയായിരുന്നു.  അനേകതരത്തിലുളള ജീവജാലങ്ങൾ അനേകായിരം ജനുസ്സുകളിൽ പെട്ട സസ്യ വൃന്ദങ്ങൾ..അവയുടെ പുഷ്പത്തിനും ഫലത്തിനും അവയുടെ തൊലിക്കും വേരിനും എല്ലാം മാനവചേതനയുടെ ഉള്ളിറകൾ വരെ  കടന്നുചെന്ന് പൂർവ പൂർവ പാപങ്ങളുടെ കറയത്രയും കഴുകി കളിഞ്ഞ് ആയുസ്സും ആരോഗ്യവും  നൽകി ജീവിപ്പിക്കുവാൻ കഴിയുമെന്നറിഞ്ഞ ഉത്തമമനുഷ്യർ.

ഇരുമുടികെട്ടും ഏന്തി  തീര്ഥാടനത്തിനായി ഈ വനഭൂമിയിലൂടെ എല്ലാം യാത്രചെയ്യുമ്പോൾ തപസ്സിന്റെ പവിത്രതകൊണ്ട് പതഞ്ജലി പറഞ്ഞ അഹിംസയുടെ, അഹിംസാ പ്രതിഷ്ഠായാം തത് സന്നിധൌ വൈരത്യാഗഃ, ഹിംസ്രജന്തുക്കളും വിഷം ചീറ്റുന്ന സര്പ്പങ്ങളും  മനോമോഹനങ്ങളായ തത്തകളും മാനുകളും ഹിംസ്രതയേറിയ സിംഹവും കടുവയും കാട്ടുപോത്തുമെല്ലാം അഹിംസാലുവിന്റെ മുന്പിലെത്തുമ്പോൾ വൈരം മറന്ന്  നിന്നുപോകുന്നു എന്നു പറഞ്ഞെങ്കിൽ  അത് തീര്ച്ചയായും ശബരിമലയെ സംബന്ധിച്ച് അത് അത്ഭുതമല്ലായെന്നതാണ് സത്യം.

ശബരമല വ്രതനിഷ്ഠയുടെ കാലങ്ങളിലാണ് അറിഞ്ഞോ അറിയാതേയോ മുല്ലപ്പെരിയാർ പ്രശ്നം  കേരളത്തിൽ സജീവമായത്.  തമിഴകവും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമേറിയ ശിലയാണ് ശബരിമല സന്നിധാനം പ്രതിനിധാനം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ പ്രശ്നങ്ങളെ ശബരിമല തീര്ഥാടനത്തിന്റെ സമയങ്ങളിൽ സജീവമാക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ മുൻകൈ എടുത്തുകാണുന്നു. കേരളത്തിലെ ജനങ്ങളേയും തമിഴ്നാട്ടിലെ ജനങ്ങളേയും ആത്മീയ സരണിയിൽ ഏറ്റവും അധികം ഒരുമിച്ചു നിര്ത്തുന്നത് അയ്യപ്പന്റെ ചരിത്രങ്ങളാണ്. ഈ സമയത്താണ് മുല്ലപ്പെരിയാൽ സജീവമാക്കികൊണ്ട് കേരളത്തിലെ മനസ്സുകളേയും തമിഴ്നാട്ടിന്റേയും മനുസ്സുകളേയും വാക്കുകളിൽ വിഷം പുരട്ടി മാദ്ധ്യമങ്ങൾ കളിക്കുന്നത്. ഇതിനും ഏതെങ്കിലും വലിയ ഫണ്ടുണ്ടോ എന്ന്   ഭരണാധികാരികളും ദേവസ്വം ഒക്കെ ആദ്യം അന്വേഷിക്കേണ്ടതാണ്. അയ്യപ്പഭക്തനാമാർ കരുതലോടു കൂടി ഇരിക്കേണ്ടതുമാണ്.

വ്യാവസായിക പ്രാധാന്യത്തോടു കൂടി ശബരിമലയെ കാണുന്ന ഹൈന്ദവ മുന്നേറ്റക്കാര്ക്കും, വ്യവസായികള്ക്കും, മറ്റൊന്നിലും ലഭിക്കാത്ത ധനം ലഭിക്കുമെന്ന്  കണക്കു കൂട്ടുന്ന സാമ്പത്തിക ചിന്തകന്മാര്ക്കും ശബരിമലയും അതിന്റെ പ്രാചീനതയും അതിൽ നടമാടിയിരുന്ന വ്രതങ്ങളും അത് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വേറിട്ടു  നിന്നിരുന്ന  കേരളത്തിന് നൽകിയിരുന്ന ഭാഗധേയവും തിരിച്ചറിയാനാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ നൂറുവര്ഷം കൊണ്ട് വ്യാവസായിക കൃഷിയെ സമുജ്വലിപ്പിച്ച് വളര്ത്തിയെടുത്ത കേരളത്തിന്റെ സമ്പത്ത്  ഒരു രോഗം വന്ന ജനതയാണ് എന്ന്  നാം മറക്കരുത്.

കഴിഞ്ഞ മണ്ഡലത്തിലെ മാത്രം വരുമാനം ശരിമലയിലെ മുപ്പതു കോടിയ്കു മുകലളിലാണ്. വാഹനങ്ങൾ ലേലത്തില് കൊടുത്തത് നേരിട്ട് സര്ക്കാരിനുള്ള വരുമാനം കോടികളാണ്. അതിര്ത്തി കടന്നുവരുന്ന വാഹനങ്ങള്ക്ക് ചെക്ക് പോസ്റ്റുകളിൽ വാങ്ങിയ തുക സര്ക്കാരിന്റെ കയ്യിലേക്ക് കിട്ടിയ തുക, കിമ്പളമായും വ്യക്തികൾ വാരികൂട്ടിയത് അനേക മടങ്ങുകളാണ്.  ശബരി മല സീസണ് തുറന്നു കഴിഞ്ഞാല് പൈനാപ്പിൾ, ഇടിച്ചക്ക, കപ്പ തുടങ്ങിയവ കേരളത്തിലൂടെ കടന്നുപോകുന്ന ഭക്തവൃന്തങ്ങള്ക്ക് ആഹാരമായി നല്കുമ്പോൾ കേരളീയൻ  നേടുന്നത് എത്രയോ കോടികളാണ് മോത്തമായി കണക്കൂക്കൂട്ടിയാൽ. കാസര്ഗോഡ് മുതൽ ശബരിമല വരെ, പാലക്കാടു ശബരിമല തുടങ്ങിയ എല്ലാ പാത നോക്കിയാലും മിക്കവാറും നോണ്  വെജിറ്റേറിയൻ ബോര്ഡ് മേൽ വരെ വെജിറ്റേറിയന് ഹോട്ടലെന്നെഴുതിവച്ച് നോണ് വേജിറ്ററേയിൽ ബോര്ഡ്ഡ് മാ്റ്റി കളിപ്പിച്ച് വരെ പണം സമ്പാദിക്കുന്ന കാലഘട്ടമാണ്.  പുസ്തകങ്ങൾ, അയ്യപ്പനെ സംബന്ധിക്കുന്നവയല്ല. ഭക്തിഗാനങ്ങൾ, കാസറ്റുകള്  ഇവയുടെ ഒക്കെ വില്പന വേറെ. എരുമെലി മുതല് സന്നിധാനം വരെ, വണ്ടിപെരിയാർ മുതൽ സന്നിധാനം വരെ ഒക്കെയുള്ള സ്ഥലങ്ങളിൽ ലേലത്തിനു കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ നിന്ന്  സര്ക്കാരിനു ഉണ്ടാക്കുന്ന സമ്പാദ്യവും, ലേലം കൊണ്ടവർ ഒരു വര്ഷം കൊണ്ടുണ്ടാക്കുന്ന സമ്പാദ്യവും എത്രയാണ്.  അയ്യപ്പനോടും ശബരിമല സങ്കേതത്തോടും ശബരിമലയിലേക്ക് എത്തുന്ന മറ്റ് ദേശക്കാരായ ഭക്തന്മാരോടും നന്ദി പൂർവം നാം പെരുമാറുന്നുണ്ടോ. അവരുടെ ഭക്തിയെ അംഗീകരിക്കുന്നുണ്ടോ. സഞ്ചരിക്കാനുള്ള പാത മനോഹരമാക്കുന്നുണ്ടോ..അവര്ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്ക്ക് ഇതര തീര്ഥാടന വേളകളിൽ കൊടുക്കുന്ന ആനുകൂല്യങ്ങളെന്തെങ്കിലും നാം കൊടുക്കുന്നുണ്ടോ.

റോഡ് വെട്ടുവാനും പ്രകതിയെ തകര്ക്കുവാനും നടന്നുപോകുന്നവന്ന്  പണമുള്ളതുകൊണ്ടും പ്രതാപൈശ്വര്യങ്ങളുള്ളതുകൊണ്ടും നേതാവായതുകൊണ്ടും നടക്കുവാന് കൂടിയ വഴിവേണമെന്ന് ചിന്തിക്കുമ്പോൾ നാലുപാത വെട്ടണമെന്ന് ചിന്തിക്കുമ്പോഴും ശബരിമല സന്നിധാനത്തിലേക്കുള്ള ഭക്തന്റെ യാത്രയ്ക് അല്ല വഴിവെട്ടുന്നത്. ഓരോ വിശാലമായ വഴിയും എന്നും വെട്ടുന്നത് പ്രകൃതിയേയും അദ്ധ്വാനിക്കുന്ന മനുഷ്യനേയും ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. സന്നിധാനത്തെ ബന്ധിപ്പിച്ച് ആധുനീക രീതിയിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഒരു പുരോഗതിയും ശബരിമലയ്കു വേണ്ടിയോ ഭക്തനുവേണ്ടിയാണെന്ന് അറിവുള്ളവരാരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഉപാസനയ്ക് വേണ്ടിയാണെന്ന് ഒരാളും പറയുമെന്ന് തോന്നുന്നില്ല.

സംഘടിത പ്രസ്ഥാനങ്ങൾ കെട്ടിപടുക്കുകയും  ഹൈവേയുണ്ടാക്കുകയും വാഹനങ്ങളുടെ ശബ്ദം കൊണ്ട് അന്തരിക്ഷം മുഖരിതമാകുമ്പോൾ ജന്തുവൃന്ദങ്ങൾ കോപാകുലരാകുകയും വാഹനവ്യൂഹങ്ങൾ പുറത്തേക്കു വിടുന്ന ശബ്ദമലിനീകരണവും കാര്ബണ് ഡൈ ഓക്സൈജഡും,  കാര്ബണ് മോണോക്സൈഡും കൊണ്ട് അന്തരിക്ഷം ചൂടു പിടിക്കുകയും പ്രകൃതിയുടെ ശാന്തി ഭഞ്ജിക്കുകയും മനുഷ്യ മനസ്സിലെ കാമക്രോധാദികളെ വേട്ടയാടി ശരക്കോലുമെന്തി വരുന്നതിനു പകരം വനത്തിലെ മൃഗങ്ങളെ തന്നെ വേട്ടയാടി കൊണ്ടുപോകുകയും വനസമ്പത്തു നശിപ്പിക്കുകയും മരങ്ങൾ കടത്തുകയും ജൈവവിഭവങ്ങളെ താറുമാറാക്കുകയും ജൈവ വൈവിധ്യമേഖലകളെ കടന്നാക്രമിക്കുകയും  മലനിരകളെ പർവതങ്ങളെ പൊട്ടിച്ചെടുക്കുകയും ചെയ്യുമ്പോൾ ദുരമൂത്ത മാനവന്റെ ദുരക്കു വേണ്ടി പ്രാചീനന്റെ സങ്കല്പങ്ങളേയും  ഭക്തിയേയും വഴിമാറ്റി തെളിച്ച് ബുദ്ധിരാക്ഷസന്മാരായ കച്ചവടക്കാർ   ഈ ഭൂമിയെ ഊഷര ഭൂമിയാക്കി മാറ്റുകയാണ്.

കേരളത്തിനു പുറത്ത് അയ്യപ്പൻ പാര്ടനറും മാനേജിങ്ങ് പാര്ടനറായും അനേകം സ്ഥാപനങ്ങളുണ്ട് എന്ന് കേരളീയന് അറിയേണ്ടതാണ്.  പാര്ടന് ഷിപ്പ് പ്രസ്ഥാനങ്ങളില് നിന്ന് ഒരു വര്ഷത്തെ വരുമാനം കണക്കെടുത്ത് അയ്യപ്പന്റെ വിഹിതവുമായാണ് പലപ്പോഴും പലരും കേരളത്തിലേക്ക്  ഭക്തർ എത്തുന്നത്. അന്പതു പൈസ വരെയുള്ള നാണയങ്ങളെ പിൻവലിച്ചിട്ടുണ്ട്. പക്ഷെ മലയാളി അതിന്റെ വിപണനം നടത്തുന്നത് ശബരി മല സമയത്താണ്. ഇന്നും ശബരിമലയിലിരിക്കുന്ന ഭിക്ഷക്കാര്ക്കു കൊടുക്കുന്നതും ഭണ്ഡാരങ്ങളിലോ ഭക്തിപൂർമോ അല്ലാതെയോ ചടങ്ങിലോ അര്പ്പിക്കുന്നത് ഇതാണ്. എന്നാല് തമിഴത്തു നിന്നും ആന്ധ്രയില്  നിന്നും ഒക്കെ വരുന്ന ഭക്തന്മാർ സർവസമര്പ്പണത്തിന് തെയ്യാറായാണ് വരുന്നത്. അവരോട് നീതി പുലര്ത്തുകയും അവരുടെ ഭക്തിയെ അംഗീകരിക്കുകയും നമുക്ക് പച്ചക്കറികളും അന്നസാമഗ്രികളും ലഭിക്കുന്നത് അവിടെത്തെ കൃഷിയിടങ്ങളിൽ നിന്നാണ് എന്നറിഞ്ഞ് അവരുടെ ഭക്തിസാന്ധ്രമായ ആഗമന വേളയിലെങ്കിലും  അവിടെ നിന്ന് കൊണ്ടുവരുന്ന അരിയും സാമഗ്രിയും വേവിച്ചു കൊടുക്കുമ്പോൾ അല്പം സ്നേഹത്തോടെ കൊടുക്കാവുന്ന വ്യവസ്ഥ ഈ കാലഘട്ടത്തിലെ ഭരണാധികാരികള് ഉണ്ടാകണം.

ഇരുമുടി കെട്ടുമേന്തി ശരണം വിളികളോടു പോകുന്ന അയ്യപ്പ ഭക്തന്മാരെ നിന്ദിക്കാതെ  മറ്റ് ഒന്നുംചെയ്യാൻ കഴിഞ്ഞില്ലായെങ്കിലും വ്രതനിഷ്ഠയോടു കൂടി പോകുന്നവരെ വളിച്ചതും പുളിച്ചതും കൊടുക്കുന്ന ഹോട്ടലുകളെ നീയന്ത്രിക്കുകയെങ്കിലും ചെയ്യുക.  ഈ ഒരു കാലഘട്ടത്തിലേക്ക് എങ്കിലും നമമ്മുടെ മദ്യവില്പനയെ നീയന്ത്രിക്കുകയും, എങ്കിലും ഗാന്ധിജിയുടെ സങ്കല്പങ്ങൾ നിറഞ്ഞ പശു ഹിംസ ഒഴിവാക്കിയാൽ അത് നല്ല മാറ്റമായിരിക്കും എന്ന് തോന്നുന്നു.

തീര്ഥാനത്തിന്റെ കാലത്തിലെങ്കിലും ആ പാതകളിലെങ്കിലും പ്ലാസ്റ്റിക് ഒഴിവാക്കുവാൻ, പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുവാൻ, ഫ്ലക്സ് ബോര്ഡുകളില്ലാതാക്കുവാനും ഏറ്റവും ചുരുങ്ങിയത് വ്രതത്തിൽ ഏറ്റവും പ്രധാന്യമുള്ള   ബ്രഹ്മചര്യത്തിന്റെ ഈ കാലത്ത് ആ വഴിയോരങ്ങളിൽ എങ്കിലും പലവിധ സാധനങ്ങൾ വില്കുന്നതിന് ലൈംഗികയെ ജ്വലിപ്പിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ഒഴിവാക്കുക എങ്കിലും ചെയ്യുവാൻ ഭരണാധികാരികൾ ചെയ്യുവാന് ശ്രമിക്കുക.

ഈ മണ്ണിന് നന്മയുടേയും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും  സന്ദേശം പകര്ന്നു തരുന്ന ആതിഥ്യമര്യാദകൊണ്ടും അന്യരെ സഹായിക്കുക കൊണ്ടും വ്രതനിഷ്ഠ കൊണ്ടും ബ്രഹ്മചര്യം കൊണ്ടുമൊക്കെ സങ്കല്പലോകങ്ങളിലേക്ക് ഒരു ജനതയെ മുഴുവൻ ഉണര്ത്തി  കൊണ്ടുപോകുമ്പോൾ ഈ വ്രതകാലം പരസ്പരസ്നേഹത്തിന്റെ പരസ്പര സാഹോദര്യത്തിന്റെ മതാതീതമായ നന്മയുടെ അടിത്തറ കെട്ടുന്നു. ഓരോ മതങ്ങളിലും കിടക്കുന്ന നന്മകളെ പൂര്ണമായും സംയോജിപ്പിച്ചുകൊണ്ടുള്ള എല്ലാ മതങ്ങള്ക്കും സമ്മതമാകും വിധമുള്ള ഒരു നന്മയുടെ വലിയ ഒരു മനസ് ഈ തീര്ഥയാത്രയിലുണ്ട്.   ജാതിമതചിന്തികള്ക്കുപരി സ്ത്രീപുരുഷ പാരസ്പര്യത്തെ അത്യുദാത്തമായ ബ്രഹ്മചര്യത്തിലന്വയിച്ച് മനുഷ്യമനസ്സിനെ കാമങ്ങളിൽ നിന്ന്  ഉന്നതമായ തപസ്സിലേക്ക് ഉയൽത്തുന്ന   അഭയവരദനായ അയ്യപ്പന്റെ പാദാന്തികത്തിൽ  ഭക്തിപ്രസ്രയപൂർവം പ്രണമിച്ച്  ഉപസംഹരിക്കുന്നു.  ശ്രീഗുരുഭ്യോ നമഃ.

ശബരിമലയെ കുറിച്ച്  നിര്മ്മലാനന്ദഗിരിസ്വാമിജിയുടെ അഭിപ്രായം എന്താണെന്ന് ഒരുപാടു സുഹൃത്തുക്കളു ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ അതേ പോലെ പകര്ത്തുക എന്നത് സാധ്യമല്ല. എന്നിരുന്നാലും എന്നാലാകുന്ന വിധം ആശയങ്ങളെയെല്ലാം  പകര്ത്തുവാൻ ശ്രമിച്ചിട്ടുണ്ട്.  ഇതിനോടൊപ്പം തന്നെ സ്വാമിജി വിശദീകരിച്ചിരുന്ന രസവിദ്യകളുള്പ്പെടുന്ന നാഥസംപ്രദായത്തെ കുറിച്ചും അടുത്ത പോസ്റ്റിൽ വിശദീകരിക്കാൻ ശ്രമിക്കാം. ഒപ്പം കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്ന വാനപ്രസ്ഥാദി വിഷയങ്ങള്ക്ക് മുന്പുള്ള ബ്രഹ്മചര്യാദികളെ കുറിച്ചും, അതിൽ വരുന്ന വ്രതാദികളെകുറിച്ചും, സന്യാസവിഭാഗങ്ങളെ കുറിച്ചും   അതിൽ ഉള്പ്പെടുത്താം.

2 comments:

  1. എരുമേലി പുത്തൻ വീട് നായർ തറവാട് അല്ല ശൈവ വെള്ളാള കുടുംബം ആണ്. കേരളത്തിലെ ജാതി വ്യവസ്ഥയെ പറ്റി അറിയില്ല എന്ന് തോന്നുന്നു

    ReplyDelete
  2. Good information thanks keep it up

    ReplyDelete