ക്ഷേത്രപുനരുദ്ധാരണം....
കുട ഉണ്ടെങ്കിലും മഴ നനഞ്ഞു ക്ഷേത്രത്തിലേക്ക് ഓടിയിരുന്നവർ...അമ്പലക്കുളത്തിൽ നീന്തി തുടിച്ചിരുന്നവർ... ആൽമരത്തിന്റെ ചുവട്ടിൽ സൊറ പറഞ്ഞിരുന്നവർ.. വൈകിയിട്ട് ഇരുട്ടായതുകൊണ്ട് ഭയന്ന് കാവിൽ കയറാതെ നിന്നിരുന്നവർ... ഇന്നലെ നാം അനുഭവിച്ച അതേ വൈകാരികത ഇന്ന് അതെ ക്ഷേത്രത്തിൽ നമുക്ക് അനുഭവപ്പെടാറുണ്ടോ.. ഏതായാലും ഒരു ഇരുപത് വര്ഷം മുന്പ് വരെയുള്ള ക്ഷേത്രത്തിലെ ഓര്മ്മകൾ കൂടെയുള്ള ആളുകളുണ്ടെങ്കിൽ ഞാൻ എഴുതിയത് അവര്ക്ക് മനസ്സിലാകും..
ആലും മരങ്ങളും വെട്ടി ക്ഷേത്രങ്ങളെ ക്ഷേത്രപുനരുദ്ധാരണം എന്നപേരിൽ കോണ്ക്രീറ്റ് നടപ്പാതകളും ആസ്ബറ്റോസ് ഷീറ്റും ഒക്കെയിടുക.. താമസിക്കുന്നതിന് ഹോട്ടലുകളെ വെല്ലുന്ന ബിൽഡിങ്ങുകൾ... ക്ഷേത്രത്തിനകത്ത് വാസ്തുശാസ്ത്രവൈശാരദന്മാരായ ആചാര്യന്മാർ പ്രകൃതിക്ക് അനുയോജ്യമായി ഉണ്ടാക്കിയ മരത്തിലും കരിങ്കൽ തൂണുകളിലും വെള്ളിയും സ്വര്ണവും പൊതിയുന്ന പുതിയ ഭഗവത് സമര്പണം.. സ്വസ്ഥമായി ഇരിക്കാനാകുമായിരുന്ന ക്ഷേത്രത്തിൽ ഇന്ന് ചൂടുകൊണ്ട് ഇരിക്കാനാകാത്ത അവസ്ഥ.. ഇന്നത്തെ പുതിയ ട്രന്ഡ് ആണ് നക്ഷത്രവൃക്ഷങ്ങൾ.. ക്ഷേത്രത്തിൽ സ്വാഭാവികമായി വളരുന്ന മരങ്ങളെ വെട്ടിക്കളയുക എന്നിട്ട് അവിടെ നക്ഷത്ര വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുക..കാവുകൾ വെട്ടി പുതിയ ക്ഷേത്രം പണിത് പുല്ലുകൾ വച്ചു പിടിപ്പിക്കുക.. യഥാര്ഥത്തിൽ നാം പ്രകൃതിയെ ഉദ്ധാരണം ആണോ ഉദ്ധരണം ആണോ ചെയ്യുന്നത്. കാരണം ഉദ്ധരണത്തിന് ഉന്മൂലനം എന്നുകൂടി അര്ഥമുണ്ടല്ലോ..
ഈ കോണ്ക്രീറ്റിൽ കൂടിയും ടൈൽസിൽ കൂടിയും സ്വന്തം വീട്ടിലും നാട്ടിലും പാര്ക്കിലും ഒന്നും നമുക്ക് നടന്ന് മതിയായില്ലെ ..ആര്ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നത്... ക്ഷേത്രത്തിനു വേണ്ടിയായിരുന്നു എങ്കിൽ ക്ഷേത്രത്തിന്റെ തനതായ നിര്മ്മിതിയെ കോട്ടം തട്ടാതെ ആ ക്ഷേത്രത്തിൽ വളരുന്ന വൃക്ഷങ്ങളും ചെടികളും അതിന്റെ പരിതസ്ഥിതിയും അതെ രീതിയിൽ നിലനിര്ത്തുക എന്നതല്ലെ വേണ്ടത്... പത്തുവര്ഷം മുന്പു പോയ ക്ഷേത്രത്തിൽ ഇപ്പോൾ പോയാൽ ഇത് പഴയ ക്ഷേത്രമാണോ എന്ന് സംശയം തോന്നിപോകും.. ഒരു മരം പോലും കാണില്ലായെന്നു മാത്രമല്ല എങ്ങോട്ടു നോക്കിയാലും ആയിരം വോള്ട്ടിന്റെ ബള്ബും കോണ്ക്രീറ്റില് വാര്ത്ത ബിൽഡിങ്ങുകളും.. നടപ്പാതകളും.. നാം പറയുന്നതോ, പുനരുദ്ധാരണം..
തീര്ച്ചയായും നാശോന്മുഖമായ ക്ഷേത്രങ്ങൾ അതിന്റെ തനിമയോടെ നിലനിര്ത്തി സംരക്ഷിക്കപ്പെടണം.. പക്ഷെ ഈ രീതിയിലുള്ള ക്ഷേത്രപുനരുദ്ധാരണം സ്വീകരണീയമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...
ഋതുഭേദങ്ങളെ ജനങ്ങളെ അറിയിച്ചിരുന്ന ഉത്സവങ്ങളും വേലകളും പരിതസ്ഥിതിയുടെ പ്രത്യക്ഷഭാവനകളെന്നു പറയുന്ന ക്ഷേത്രവും കുളവും വൃക്ഷലതാദികളെ എല്ലാം നശിപ്പിച്ച് ചെയ്യുന്ന ഈ പുനരുദ്ധാരണം എവിടെയാണ് എത്തുക..
വീട്ടിനടുത്ത് ഒരു കാവ്, കർക്കിടകം പേമാരിയായി കുത്തിയൊലിച്ചാർക്കുമ്പോഴും, ഇടി മിന്നലോടെ എത്തുന്ന ഇടവപ്പാതിയും, തുള്ളിക്കൊരുകുടംകണക്കെ വിണ്ണിൽ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങുന്ന തുലാവർഷവും ഈ കാവുകളിലുള്ള മരത്തിന്റെ വേരുകൾ തടഞ്ഞ് നിർത്തി ഭൂമിക്കടിയിലേക്ക് നീരൊഴുക്കുന്നു.അതിന്റെ സാക്ഷിപത്രമായി.കാവിന്റെ മുന്നിലുള്ള കുളവും,വീട്ടിൻ മുറ്റത്തെ കിണറും,വറ്റാക്കുളവും,വറ്റാക്കിണറും ആകുന്നു.... പതിനാറ് കെട്ടും,എട്ട് കെട്ടും, നാലു കെട്ടും ഒക്കെ പലയിടത്തും മൺ മറഞ്ഞുപോയി. അതോടൊപ്പം കാവുകളും കുളങ്ങളും ഇല്ലാതായി. പ്രകൃതിക്ക് ഒരുരൂപവും, ഭാവവും,താളവുമുണ്ട്. അത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടിക്കാലങ്ങളിൽ കണ്ടിരുന്ന ഇടവപ്പാതിയും, തുലാവർഷവുമൊക്കെ താളം തെറ്റിയിരിക്കുന്നു. വേനലാകുമ്പോൾ നാടും നഗരവും വറ്റി വരളുന്നു.. അതുവരാതെയെരിക്കാനാകട്ടെ ക്ഷേത്രപുനരുദ്ധാരണം.. കിളികളുടെ കളകൂജനം കൊണ്ട് നമ്മുടെ കാതുകൾക്ക് കുളിരു പകരട്ടെ... ഭൂമിയിൽ ജലം ഒലിച്ചിറങ്ങട്ടെ.... തൊടിയിലെ കുളവും,വീട്ട് മുറ്റത്തെ കിണറും ഒരിക്കലും വറ്റി വരളാതിരിക്കട്ടെ..... ക്ഷേത്രങ്ങൾ നമ്മുടെ സമ്പത്താണ്...അതിനെ ആ രീതിയിൽ തന്നെ സംരക്ഷിക്കണം.. അതു തന്നെയാകട്ടെ നമ്മുടെ ജീവന മന്ത്രവും ക്ഷേത്രപുനരുദ്ധാരണവും..
അതിനു വേണ്ടിയാകട്ടെ പുതിയ ദിനങ്ങൾ..
No comments:
Post a Comment