ഇന്ന് ഫ്രാങ്ക്ലിൻ എഴുതിയ എലിഫന്റ് ലോർ ഓഫ് ദി ഹിന്ദൂസ് എന്ന പുസ്തകം വായിക്കുകയായിരുന്നു.. മാംതഗലീലയെ ആധാരമാക്കിയാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഇതിൽ അദ്ദേഹം പ്രിഫേയ്സിൽ എഴുതിയ ഒരു സെന്റന്സാണ് എന്നെ അത്ഭുതപ്പെടുത്തിയത്.. The Hindus knew nothing of the internal anatomy of the elephant, to judge from the works known to me..
അത്ഭുതം തോന്നിയതിന് കാരണം എന്താണെന്നാണെങ്കിൽ ഒരു അദ്ധ്യായമുണ്ട് പാലകാപ്യത്തിൽ. അതിൽ ശിഷ്യൻ ചോദിക്കുന്ന ചില സംശയങ്ങളെ വായിച്ചുനോക്കൂ.. എന്നിട്ട് ഈ ചോദ്യത്തിനു മറുപടി പറയണ ആചാര്യന് വിവരമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് സ്വയം ചിന്തിച്ചാൽ മതി...
ഗര്‍ഭം എങ്ങിനെ സംഭവിക്കുന്നു.. സംഭവിച്ചത് എങ്ങിനെ ജീവിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന് ഏത് അവയവം ആദ്യമായുണ്ടാകുന്നു. മാതൃജമായത് ഏതൊക്കെയാണ്.. പിതൃജമായത് ഏതൊക്കെയാണ്.. എത്ര കൊമ്പുകളാണ്.. എത്ര നഖങ്ങളാണ്.. എത്ര മര്‍മ്മങ്ങളാണ്... വായു ഇരിക്കുന്ന സ്ഥലമേതാണ്.. ഏത് പേശിയിലാണ്.. മൂത്രമൊഴിക്കുന്നത് എങ്ങിനെയാണ്.. എഴുന്നേൽക്കുന്നതും കിടക്കുന്നതും ഇരിക്കുന്നതും എല്ലാം എങ്ങിനെയാണ്.. ആരാണ് ബാലൻ.. എത്ര രോമങ്ങളും കോശങ്ങളുമുണ്ട്.. എത്ര സ്രോതസ്സുകളുണ്ട്.. ഉറക്കം ഉണ്ടാകുന്നത് എങ്ങിനെയാണ്.. ഈ അദ്ധ്യായത്തിൽ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത് മാത്രമാണ് ഇത്.. ഇതിന്റെ വിശദമായ ഉത്തരമാണ് ഈ ഒരു അദ്ധ്യായത്തിന്റെ പ്രതിപാദ്യം..
ഇനി ആനകളുടെ ശരീരശാസ്ത്രത്തെ മാത്രം പറയുന്ന ഒരു അദ്ധ്യായമുണ്ട്..പ്രദേശവിജ്ഞാനം
ഉദാഹരണത്തിന്...പ്രദേശങ്ങളിൽ ആദ്യം അംഗുലി.. തുമ്പിയുടെ അറ്റത്തെഭാഗം ആണ് തുമ്പിക്കൈ.. അംഗുലിയുടെ ഉള്‍ഭാഗം വര്ത്മം.. അതിന്റെ തൊട്ട് സ്രോതസ്സ്. സ്രോതസ്സിന്റെ ഉള്‍ഭാഗം സ്രോതോന്തരം അഥവാ പുഷ്പകരം. പുഷ്കരത്തിന്റെ മദ്ധ്യത്തിൽ രാജി. അംഗുലിയുടെ മുകളിൽ ഗണ്ഡൂഷം. ഗണ്ഡൂഷത്തിന്റെ പാര്‍ശ്വഭാഗങ്ങളിൽ ശ്രീ. മുകളിൽ ബഹിഷ്കര്മം. ഇടത് ആകര്‍ഷം. വലത് പരികര്ഷം. പിന്‍ഭാഗത്ത് ഉപകര്ഷം തുമ്പിടുയെ നടുവിൽ സംഭോഗം.അതിന്റെ പാര്‍ശ്വഭാഗങ്ങളിൽ ഹസ്തബാഹു. ഉള്‍ഭാഗം സംഭോഗാന്തരം അതിനു മുകളിൽ ത്രിരാജി. ത്രിരാജിയുടെ മുകളിൽ പർവം. അതിനു മുകളിൽ പൃഥുഹസ്തം. പൃഥഹസ്തത്തിന്റെ ഉള്‍വശം അതിഹസ്തം. അതിന്റെ ഉള്‍വശം രാജികൾ. ഇങ്ങിനെ അംഗുലി മുതൽക്കുള്ള ആനയുടെ ഇരുപത്തിയെട്ടു പ്രദേശങ്ങളിൽ ചിലതാണ് മുകളിലെഴുതിയത്.... ഇതുപോലെ ഓരോന്നിനും അതായത് വായ്, കൊമ്പുകൾ, മുഖം, കണ്ണുകൾ ശിരസ്, ചെവി, കഴുത്ത് മാറിടം തുടങ്ങി ആനയുടെ സകല ശരീരാരവയങ്ങളേയും അകത്തേയും പുറത്തേയും പ്രത്യേകം പ്രത്യേകം പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ..
നട്ടെല്ലിന്റെ പാര്‍ശ്വങ്ങളിൽ തത്പലം. വംശത്തിന്റെ മുകളിൽ കുവംശം. കുവംശത്തിന്റെ മദ്ധ്യത്തിൽ പശ്ചമാസനം. പശ്ചമാസനത്തിൽ നിന്ന് വെറെ ത്ര്യസ്ഥി. അതുകളുടെ രണ്ട് പാര്‍ശ്വങ്ങളിൽ ഉത്കൃഷ്ടം. അസ്ഥിയുടെ അറ്റത്ത് ലംഗൂലവംശം. ലാംഗൂലവംശത്തിന്റെ കീഴ്ഭാഗത്ത് ലാംശുലസന്ധി. ലാംശൂലസന്ധിയുടെ താഴെ പേചകം. പേചകത്തിന്റെ താഴെ ഗുദം. ഗുദത്തിന്റെ താഴെ കരീഷപ്രസ്രാവം.. ശരീരത്തിന്റെ മദ്ധ്യഭാഗത്ത് കക്ഷാഭാഗങ്ങൾ..അതിന്റെ വശങ്ങളിൽ കരണങ്ങൾ..പിൻകാലുകളിൽ പ്രതിബന്ധമായി പര്യുകങ്ങൾ.. പക്ഷങ്ങളുടെ മുകളിൽ അവതാരം...അതിന്റെ പിന്‍ഭാഗത്ത് കുക്ഷി. കുക്ഷിയുടെ മദ്ധ്യത്തിൽ നിഷ്കോശം.. അനന്തരം സകോശം. അതിനു മുകളിൽ മൃദുകുക്ഷി. വശത്തിന്റെ പിന്‍ഭാഗത്തെ ആശ്രയിച്ച് പക്ഷസന്ധി. ഇങ്ങിനെ നാല്പത്തിയഞ്ച് പ്രദേശങ്ങളും അവയുടെ പ്രവര്‍ത്തികളും..
ഇതെല്ലാം കാര്യകാരണ സഹിതം പറയുന്ന ആചാര്യന്മാര്ക്ക് ആനയുടെ ശരീരശാസ്ത്രം അറിയില്ലായെന്ന് തന്നെ പറയണം..
ഇവിടെ കൊണ്ടും തീര്‍ന്നിട്ടില്ല...
ആനയ്ക് മുഞ്ജ എന്ന കണ്ണുരോഗം വരാറുണ്ട്. സാമാന്യം ആയി ഈ വ്യാധി വന്ന് ചികിത്സ കൃത്യമായി ചെയ്തില്ലായെങ്കിൽ കണ്ണിന്റെ കാഴ്ച നശിക്കുകയാണ് പതിവ്.. ഇതിന് ആചാര്യൻ പറയുന്നത് ശസ്ത്രപ്രയോഗാദികൾ കൂടാതെ സുഖം പ്രാപിക്കുന്നതല്ല എന്നാണ്.. എങ്ങിനെയാണ് അത് ചെയ്യുന്നത് എന്നാണെങ്കിൽ... ആനയുടെ അമരവും നടയും കുറ്റിയിൽ ബന്ധവസ്സാക്കി കൊമ്പുമുതൽ വാൽ വരെ അനങ്ങാത്ത വിധത്തിൽ കെട്ടിയിട്ട് ബിഡിശം കൊണ്ട് കണ്ണ് അകത്തി നൂലു കൊണ്ട് കെട്ടിയ വ്രീഹിമുഖം എന്ന ശസ്ത്രം കൊണ്ട് കടക്കണ്ണിന്റെ ഭാഗത്തിൽ നൂലുപോലെ സഞ്ചരിക്കുന്ന കൃമിയെ എടുക്കണം എന്നാണ്.. തുടര്‍ന്ന് ശസ്ത്രം കൊണ്ട് വേധിച്ചതായ ഭാഗത്തെ കഴുകി അതിനെ വസ്ത്രം കൊണ്ട് എങ്ങിനെ മറക്കണമെന്നും ഉപചരിക്കണമെന്നും ആചാര്യൻ വിശദീകരിക്കുന്നു...
അതായത് രാമായണ കാലത്ത് ജനകമഹാരാജാവിന്റെ സമകാലീനനെന്നു വിശേഷിപ്പിക്കുന്ന രോമപാദരാജാവിന് ഉപദേശിക്കുന്ന പാലകാപ്യത്തിൽ പോലും ആനയുടെ ഓരോ ഭാഗത്തിലും വരുന്ന അസുഖങ്ങളെ കുറിച്ചും മരുന്നുകളും ഒപ്പം ശസ്ത്രക്രിയയും അതിന്റെ തുടര്‍ന്നുള്ള ഉപചരണവും വിശദീകരിക്കുമ്പോഴാണ് ഭാരതത്തിൽ ആനയുടെ ആന്തരികമായ അനാട്ടമി അറിയില്ലായെന്നു പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.. മാതംഗലീല, ഗജശാസ്ത്രം സോമദേവന്റെ യശസ്തിലകം, കൌടില്യന്റെ അര്‍ഥശാസ്ത്രം എന്നിവയെല്ലാം നോക്കിയപ്പോഴും ആന ചികിത്സയിലെ ആധികാരിക ഗ്രന്ഥമെന്നു ഭാരതത്തിൽ വിശേഷിപ്പിക്കുന്ന പാലകാപ്യം നോക്കാതെ ഭാരതത്തിൽ ഉള്ള റിസര്‍ച്ച് വര്‍ക്ക് വരെ നോക്കിയെന്നും, ആര്‍ക്കും തന്നെ ആനയുടെ ആന്തരികവിജ്ഞാനം ഇല്ലായെന്നു പറയുമ്പോഴാണ് അത്ഭുതം തോന്നുന്നത്..ആരേയും കുറ്റം പറയുവാനാകില്ല.. ഇതെല്ലാം ഉണ്ടായിട്ടും ഈ വിഷയത്തിലൊന്നും തന്നെ റിസര്‍ച്ച് നടത്താതത് നമ്മുടെ കുറവ്.. ആകെയുള്ള ആശ്വാസമെന്താണെന്ന് ആണെങ്കിൽ എഴുതിയ വ്യക്തി to judge from the works known to me..എന്ന് എഴുതിയിരിക്കുന്നതാണ്... അത് തന്നെ മഹാഭാഗ്യം...
കേരളത്തിൽ ആധുനിക ശാസത്രാനുസാരവും അതുപോലെ ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമായി ഗജ ചികിത്സ നടത്തുന്നവരും ആയ ആന ചികിത്സകന്മാർ ഉണ്ടായിരിക്കെ ഇതെല്ലാം കാണാതെ പോകുന്നതാണ് ഏറ്റവും പരിതാപകരം..
No comments:
Post a Comment