Saturday, February 3, 2018

തന്ദൂരി... ഒരു അവലോകനം...

തന്ദൂരി... ഒരു അവലോകനം...
ഇന്ന് യാദൃശ്ചികമായിട്ടാണ് രണ്ടു മൂന്നു സുഹൃത്തുക്കൾ കാണാൻ വന്നത്.. പഴയഗ്രന്ഥങ്ങളെ കുറിച്ചും അവയുടെ പബ്ലിക്കേഷന്സിനെ കുറിച്ചും എല്ലാം സംസാരിക്കുന്നതിനിടയിൽ ആണ് ഒരാളുടെ പരിഹാസം വന്നത്.. ലോകത്ത് എന്ത് ഉണ്ടെങ്കിലും അതെല്ലാം നമ്മളുടെ ഗ്രന്ഥത്തിലുണ്ടായിരുന്നു എന്ന് പറയുന്നവരല്ലെ നിങ്ങൾ.. ഇനി ഇപ്പോ ഇന്ന് കഴിക്കണ തന്ദൂരിയും കുഴിമന്തിയും എല്ലാം നമ്മളുടെ പുസ്തകത്തിൽ ഉണ്ടെന്ന് പറയുമോ എന്ന്..
ഞാൻ ആസമയം ചിരിച്ചു കൊണ്ട് പറഞ്ഞു ഇതിന് പിന്നീട് മറുപടി തരാം..
സത്യം ലോകത്തിലെ എല്ലാ കാര്യവും ഭാരതത്തിലുണ്ടായിരുന്നു എന്ന് ഞാൻ പറയാറില്ല. കാരണം ഏതൊരു രാജ്യത്തിലെ ആളുകളും നമ്മളെ പോലെ തന്നെയാണ്.. അവരുടെ ആവശ്യത്തിന് വേണ്ട കാര്യങ്ങൾ അവരുണ്ടാക്കുവാൻ ശ്രമിക്കും.അത് സ്വാഭാവികമായ പ്രക്രിയയാണ്..
ഇനി തന്ദൂരിയെ കുറിച്ചാണ് എഴുതേണ്ടത്..തമാശക്ക് പോസ്റ്റിടുന്നതിനൊപ്പം തന്നെ വിഷയാസ്പദമായി കുറച്ചു കാര്യങ്ങൾ കൂടി എഴുതുമ്പോൾ അല്ലെ കൂടുതൽ ഗുണകരമാകൂ..
സാമാന്യമായി പച് എന്ന് ധാതുവിൽ നിന്നാണ് പാകം എന്ന പദം പ്രയോഗിക്കുന്നത്.. ഇതിന് പചനം ക്ലേദനം എന്നിങ്ങനെയൊക്കെ അരമകോശം പറയുന്നു. പക്ഷെ വിശേഷമായി പാകത്തെ പറയുകയാണെങ്കിൽ ഏഴുതരത്തിലാണ് പാകം ഉള്ളത്.
ഭര്ജ്ജനം തലനം സ്വേദഃ പചനം ക്വഥനം തഥാ.
താന്ദൂരം പുടപാകശ്ച പാകഃ സപ്തവിധോ മതഃ
അതായത് ഭര്ജ്ജനം, തലനം, സ്വേദം, പചനം, ക്വഥനം, താന്ദൂരം,പുടപാകം എന്നിങ്ങനെ പാകം ഏഴുതരത്തിലാണുള്ളത്.
അടുത്തത് ഇത് എന്താണെന്നാണ്.. സാമാന്യമായി മാത്രം എഴുതാം..
ഭര്ജ്ജനം കേവലപാത്രേ. തലനം സ്നേഹദ്രവ്യേ. സ്വേദനം അഗ്ന്യുത്താപേ. പചനം ജലേ. ക്വഥനം സിദ്ധദ്രവ്യരസഗ്രഹണേ. താന്ദൂരം ദ്വാരവദ്ധതപ്തയന്ത്രേ, പുടപാകഃ അധോര്ധ്വാഗ്നിതാപേ ജ്ഞേയഃ എന്ന് പാകരാജേശ്വരം.
കേവലം പാത്രത്തിലുള്ള ചോറു വേവിക്കുന്നത് ഭര്ജ്ജനം. സ്നേഹദ്രവ്യങ്ങളിൽ കാണപ്പെടുന്നതാണ് തലനം, ശരീരത്തിൽ നിന്ന് ചൂട് സ്വേദനം. ജലത്തിന്റെ ഭാവമാണ് പചനം. സിദ്ധങ്ങളായ ദ്രവ്യ രസഗ്രഹണത്തിൽ ക്വഥനവും. അടുത്തതാണ് താന്ദുരം- തന്ദുരേണ പാകയന്ത്രഭേദേന നിർവൃത്തം. അതായത് പാകം ചെയ്യുന്നതായ യന്ത്രത്തിൽ നിന്നുണ്ടാകുന്നത്. തന്ദൂപക്വേ മാംസഭേദം എന്ന് വിശേഷമായി പറയുന്നു. പുടപാകം എന്നതുകൊണ്ട് താഴെയും മുകളിലുമുള്ള അഗ്നി എന്ന് ശബ്ദാര്ഥചിന്താമണിയിൽ വ്യക്തമായി പറയുന്നു.
ഇപ്പോ ഏഴു പാകം മനസ്സിലായി കാണുമല്ലോ.. ഇതിലെ ആറാമത്തെയാണ് താന്ദൂരം.
ഇതിന്റെ സമാസം പറയുന്നു, തന്ദുരേണ പാകയന്ത്രഭേദേന നിർവൃത്തം. അതായത് പാകയന്ത്രത്തിൽ നിന്നു ഉണ്ടാക്കപ്പെട്ടത്. തന്ദൂരപക്വേ മാംസഭേദേ. തന്ദൂരത്തിൽ പാകമാക്കിയ മാംസത്തെയാണ് താന്ദൂരം എന്ന് പറയുന്നത്.
ഇനി ചുമ്മാ ഞാൻ പറയുന്നത് ആണെന്ന് വിചാരിക്കണ്ട. ഇതിന്റെ പാകവിധി പറയാം..
അംഗാരപൂര്ണഗര്ത്തേ യദലഗ്നമവലംബികം. സംസ്കൃത പിഹിതം മാംസം പക്വം താന്ദുരമുച്യതേ. സുസ്വാദു താന്തുരന്തു.
അംഗാരം എന്നാൽ തീജ്വാലയോടു കൂടിയ ഗര്ത്തത്തിൽ. അലഗ്നം എന്നാൽ ചേരാതെ. അവലംബിതം എന്നാൽ ആശ്രയിച്ച്. സംസ്കൃതം എന്നാൽ വേണ്ട രീതിയിൽ സംസ്കരിക്കപ്പെട്ടത് തെയ്യാറാക്കപ്പെട്ടത്. പിഹിതം എന്നാൽ മറക്കപ്പെട്ടത്. മാംസം എന്നാൽ മാംസം തന്നെ. പക്വം എന്നാൽ പചിക്കപ്പെട്ടത്. അതാണ് താന്ദുരം. അതായത് തീജ്വാലയോടു കൂടിയ ഗര്ത്തത്തിൽ അവയോടു ചേരാതെ എന്നാൽ അതിൽ ആശ്രയിച്ച് വേണ്ട രീതിയിൽ സംസ്കരിക്കപ്പെട്ട അല്ലെ തെയ്യാറാക്കപ്പെട്ട മറച്ച് വച്ച് പാകം ചെയ്ത മാംസം ആണ് താന്ദുരം. അതെങ്ങിനെയുള്ളതാണ് സുസ്വാദു താന്ദുരന്തു. വളരെ സ്വാദുള്ളതാണ് താന്ദുരം..
കഴിഞ്ഞിട്ടില്ല... ബാക്കിയുണ്ട്...
പചേത് ഗര്ത്തേ അന്തരീക്ഷസ്ഥം ലംബി സംഭാര സംഭൃതം. ചതുര്ദിങ് മണ്ഡലാകാരം പാര്ശ്വജ്വലിതാനലെ. വിപക്വം സുരഭി സ്വാദു താന്ദൂരമിതി കീര്തിതം
പചേത് ഗര്ത്തേ, ഗര്ത്തത്തിൽ പചിപ്പിക്കണം. എങ്ങിനെയുള്ളത്..അന്തരീക്ഷത്തിൽ നിന്ന് ലംബമായി പരിപൂര്ണമായി നല്ല രീതിയിൽ നിറച്ചതായിരിക്കണം. എങ്ങിനെയാണ് നാലുദിശയിലും മണ്ഡലാകാരത്തിൽ പാർശ്വങ്ങളിൽ ജ്വലിപ്പിച്ചതായ അഗ്നിയെ കൊണ്ട്. വിശേഷമായി പചിപ്പിച്ച അല്ലെ പാകം ചെയ്ത സുഗന്ധപൂരിതവും സ്വാദുള്ള ആ മാംസത്തെ ആണ് താന്ദൂരമെന്ന് പറയുന്നത്.
കഴിഞ്ഞില്ല..ഇനിയും ഉണ്ട് ഉണ്ടാക്കേണ്ട വിധം...
കോഥികായാം സംസംഭാരമലഗ്നമവലംബിതം. മാംസം പിധായ ബാഹ്യാഗ്നിജ്വാലയാ സ്വേദിതം വരം. താന്ദുരം രുചിദം മൃദുപഥ്യതമം സ്മൃതം.
ഇവിടെയും കോഥികയിൽ പൂര്ണമായി മറ്റുള്ളവയുമായി ചേരാതെ മാംസത്തെ കവർ ചെയ്ത് അല്ലെ മൂടി ബാഹ്യമായ അഗ്നിജ്വാലയിൽ വേവിച്ചെടുക്കുന്നത് ആണ് ഏറ്റവും രുചികരം. ഈ താന്ദുരം രുചിപ്രദവും മൃദുവും പഥ്യതമവും എന്ന് അറിയപ്പെടുന്നു.
ഇത് മാത്രം പോരല്ലോ.. ഒന്നു കൂടിയുണ്ട്..
സദ്യോഹതം നവം സ്ഥൂലമന്യഥാ ദോഷകാരണമിതി. അതായത് വളരെ പെട്ടെന്ന് ഹനിക്കപ്പെട്ടതും, പുതിയതും ആയിരിക്കണം ഈ മാംസം അല്ലെങ്കിൽ ദോഷകാരണമാകും.
ഇനി ഭാരതത്തിൽ തന്ദൂരിയുണ്ടായിരുന്നുവോ.. പചിപ്പിക്കുവാനുള്ള യന്ത്രം ഉണ്ടായിരുന്നുവോ.. കുഴിമന്ദിയുണ്ടായിരുന്നുവോ എന്ന് ചോദിക്കില്ലായെന്ന് വിചാരിക്കട്ടെ..
ഇത് എഴുതിയത് ഒരാളെ മോശമാക്കാനോ ഭാരതീയർ വലിയവരാണെന്നോ കാണിക്കാനല്ല. പരിഹസിക്കുന്നതിന് മുന്പെ സ്വന്തം പൈതൃകത്തെ കുറിച്ച് നല്ലരീതിയിൽ പഠിച്ച് മാത്രം സംസാരിക്കുക എന്നത് ആണ് ആദ്യം ചെയ്യേണ്ടത് എന്ന് കാണിക്കുവാൻ വേണ്ടിമാത്രമാണ്.. ശ്രീ ഗുരുഭ്യോ നമഃ.

ആയുർവേദം...ഇന്നലേയും ഇന്നും...

ആയുർവേദം...ഇന്നലേയും ഇന്നും...
പാലകാപ്യം എന്ന ഗ്രന്ഥത്തിന്റെ എല്ലാ കോപികളും എടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സർവേ ചെയ്യുവാൻ നോക്കിയത്.. അത്ഭുതം ആയി തോന്നിയത് മൃഗചികിത്സാ വിഭാഗത്തിൽ ഗവായുർവേദം, ശാലിഹോത്രസംഹിത, ജയദത്ത സൂരിയുടെ അശ്വവൈദ്യം, നകുലന്റെ അശ്വശാസ്ത്രം, ദീപാങ്കുരന്റെ അശ്വവൈദ്യം, പാലാകാപ്യമഹര്ഷിയുടെ പാലകാപ്യം, ഹസ്ത്യായുർവേദം എന്നിവയെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ആരും തന്നെ റിസര്ച്ച് ഓറിയന്റഡ് ആയി വര്ക്ക് ചെയ്യാത്തത് എന്നത് അത്ഭുതമായി തോന്നുന്നു.
ഉദാഹരണത്തിന് അശ്വചികിത്സയിൽ ചന്ദ്രവംശജനായ നളന് പൂര്ണജ്ഞാനം ഉണ്ടായിരുന്നതായി പറയുന്നു. അതെ വംശത്തിൽ ജനിച്ച പാണ്ഡവരിൽ ഒരാളായ നകുലനാണ് അശ്വചികിത്സ എന്ന ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇപ്പോൾ അശ്വചികിത്സാ ഗ്രന്ഥം പൂര്ണമായി ഹോഷിയാർപൂർ ഇന്സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ് എന്ന് മാത്രമല്ല ഈ ഗ്രന്ഥത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ സെലക്റ്റഡ് കാറ്റഗറിയിൽ ഉള്പ്പെടുത്തിയിട്ടുമുണ്ട്. ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് ജയദത്തന്റെ അശ്വവൈദ്യവും. കേരളത്തിലും അശ്വചികിത്സാ ഗ്രന്ഥങ്ങൾ ലഭ്യമാണ്.. കാലങ്ങള്ക്കമുന്പ് ഇത്രയധികം വികസിച്ചിരുന്ന, വൃക്ഷായുർവേദം തുടങ്ങി ഇതര വിഷയങ്ങളിൽ ഇന്നും ലക്ഷക്കണക്കിന് ഗ്രന്ഥസഞ്ചയങ്ങൾ ലഭ്യമാണ്. ആനചികിത്സയിൽ പോലും വ്യത്യസ്ത ആചാര്യന്മാരാൽ എഴുതപ്പെട്ട എന്തിന് ആനകളുടെ അസ്ഥി ചികിത്സാഗ്രന്ഥങ്ങൾ വരെയുണ്ട്..
ഏതൊരു വിഷയവുമാകട്ടെ പൂര്ണമായും തള്ളുന്നതിന് മുന്പ് വേണ്ടത് കാലത്തിനു അനുസരിച്ച് പരിഷ്കരിച്ച് അതിനെ ഉപയോഗിക്കേണ്ടതാണ്..പക്ഷെ ഭാരതത്തിൽ ഇത്രയധികം വളർന്നുവന്ന ആയുർവേദവിഭാഗത്തിന്റെ റിസര്ച്ച് കൂടുതൽ നടക്കുന്നത് ഭാരതത്തിനു പുറത്താണ് എന്നതാണ് വസ്തുത. ഈ വിഷയങ്ങളിൽ മാത്രമല്ല ഇന്ന് ലിറ്റററി രിസര്ച്ച് പൂര്ണമായും ഇല്ലാതായി കൊണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റികളിൽ നിന്നു കോപി പോലും ലഭ്യമാക്കുവാൻ ഉള്ള കഷ്ടപ്പാട് വേറേയും.. തുടര്ന്നുള്ള സമയങ്ങളിൽ ഇന്ന് ലഭ്യമായ ഗ്രന്ഥങ്ങളുതന്നെ നശിച്ചുപോയികൊണ്ടേയിരിക്കും.. എന്നിരുന്നാലും ഇത് റിസര്ച്ച് വിദ്യാര്ഥികള്ക്ക് കൊടുക്കില്ലായെന്നത് ഗതികേടിന്റെ മറ്റൊരു മുഖം..
എല്ലാ താളിയോല ഗ്രന്ഥങ്ങളിലും അത് എഴുതിയ വ്യക്തി പറയുന്ന ഒരു വാക്യമുണ്ട..
ഭഗ്നപൃഷ്ഠകടിഗ്രീവഃ സ്തബ്ധദൃഷ്ടിരധോ മുഖഃ. കഷ്ടേന ലിഖിതം ഗ്രന്ഥം യത്നേന പരിപാലയേത്.
സ്വന്തം നടുവും കഴുത്തും ഒടിഞ്ഞ പോലെവേദനയിൽ, സ്തബന്ധമായ ദൃഷ്ടിയോടു കൂടി കഷ്ടപ്പെട്ടെഴുതിയ ഈ ഗ്രന്ഥം യത്നത്തോടു കൂടി നീ പരിപാലിക്കണം.
വിദേശീയർ എഴുതുന്ന ഗ്രന്ഥങ്ങള്ക്ക് കൂടുതൽ വാല്യൂ കൊടുക്കുന്നവർ ഒരു നിമിഷം ഇവിടെയുള്ള വിദ്യാര്ഥികള്ക്ക് അതേ വിഷയം ചെയ്യുവാൻ അവസരം ഉണ്ടാക്കി കൊടുക്കുമായിരുന്നു എങ്കിൽ ഒരുപക്ഷെ ഇതിലും നല്ല വര്ക്കാകുമായിരുന്നു..സിനിമയിൽ പറയുന്നതുപോലെ ചാന്സ് കിട്ടിയാൽ മാത്രമല്ലേ സച്ചിൻ ടെണ്ടുൽക്കർ ആകൂ..ഇല്ലെങ്കിൽ റോഡിൽ തന്നെ.. കേരളത്തിലെ പ്രസിദ്ധരായ ഇന്സ്റ്റിറ്റ്യൂട്ടുകളെങ്കിലും ഈ വിഷയത്തിൽ മുന്പോട്ടു വന്നിരുന്നെങ്കിൽ... സ്വപ്നം കാണുമ്പോൾ എന്തിന് കുറക്കണം.. അല്ലെ..

ലെന്സ്..

ഇന്ന് ഒരു സിനിമ കണ്ടു.. ലെന്സ്..ഒരുപാടു ദിവസങ്ങള്ക്കു ശേഷമാണ് ഈ വിഷയത്തിൽ ഒരു പോസ്റ്റ് ഇടണമെന്നു തോന്നിയത്.. ഒരു ഭാര്യയടേയും ഭര്ത്താവിന്റേയും സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകര്ത്തി അത് അപ് ലോഡ് ചെയ്യപ്പെട്ടു.. അത് കണ്ട് പ്രഗ്നന്റ് ആയ സ്ത്രീ ആത്മഹത്യ ചെയ്യുന്നതിന് മുന്പ് പറയുന്ന ചില വാക്യങ്ങളുണ്ട്..ഒരു പക്ഷെ ആ ക്യാമറ ഇല്ലായിരുന്നുഎങ്കിൽ.. അത് അപ് ലോഡ് ചെയ്തില്ലായിരുന്നു എങ്കിൽ.. ഞങ്ങൾ സാധാരണ ജീവിതം ജീവിച്ചേനെ..നാളെ എന്റെ കുട്ടികൾ വളര്ന്നുവന്ന് ആ വീഡിയോ കാണും.. എനിക്ക് അത് സഹിക്കാൻ വയ്യ...അത് കാണുന്നതിന് മുന്പ് ഞാൻ എന്നെ കൊല്ലാൻ പോവുകയാണ്...എല്ലാവരോടും സോറി പറഞ്ഞ് ഒരു യാത്ര...അവസാനം ഒരു റിക്വസ്റ്രറ്. ദി വേള്ഡ് ഷുഡ് സീ ദിസ് വീഡിയോ...ഇത് നമ്മളോട് ഒരു അമ്മയോ ഒരു പെണ്കുട്ടിയോ പറയുന്നതാണോ.. എനിക്ക് തോന്നുന്നു, അല്ലായെന്ന്.. ഒരു നിമിഷത്തെ ആസ്വാദനത്തിന് വേണ്ടി ചെയ്യുന്ന കാര്യം ഒരു തലമുറയെതന്നെ നശിപ്പിക്കുന്നു...
ഇന്ന് കുട്ടികളെ പുറത്തേക്ക് വിടാൻ പോകട്ടെ വീട്ടിൽ പോലും ഭയമാണ് അച്ഛനമ്മമാര്ക്ക്.. എവിടെ ക്യാമറയുണ്ടാകുമെന്ന് സ്വയം വിശ്വസിക്കാൻ വയ്യ.. അമ്മയുടെ വീഡിയോ വരെ മകൻ കാശിനു വിൽക്കും..
കഴിഞ്ഞ ദിവസം ഒരു ഈ വിഷയത്തിൽ ഒരാൾ സംസാരിക്കുന്നതുകേട്ടു.. പെണ്കുട്ടികളുടെ പീഡനം.. ഇതെല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മൊബൈൽ തരാൻ പറഞ്ഞു.. സംശയത്തോടു കൂടിയ എന്നെ നോക്കിയപ്പോൾ, ഞാൻ പറഞ്ഞു അങ്ങയുടെ വീഡിയോസ് ഒന്നു നോക്കാനാണ്.. അദ്ദേഹത്തിന് കാര്യം മനസ്സിലായി.. സ്വന്തം ജീവിതത്തിൽ പകര്ത്താൻകഴിയാത്തവരാണ് സ്ത്രീസംരക്ഷണം..
പുതിയ ഒരു വീഡിയോ വന്നു എന്ന് ന്യൂസ് കേട്ടാൽ ആദ്യം ചെയ്യുക ഗൂഗിളിൽ കയറി തിരയുക എന്നതാകും.. എന്നിട്ട് അത് ഡൌണ് ലോഡ് ചെയ്ത് അത് കണ്ടു, സാധിക്കുമെങ്കിൽ അതു നാലു സുഹൃത്തുക്കളേയും കൂടി കാട്ടി പിന്നെ കമെന്റടിക്കും.. സ്ത്രീ സംരക്ഷണം. ഇന്ന് സ്ത്രീ സംരക്ഷണം എന്ന പേരിൽ സമരം നടത്തുന്നവരുടെ ലാപ് ടോപ്പും മൊബൈലും ഒന്നു ക്രോസ് ചെയ്താൽ മതിയാകും കിട്ടുന്നസമയം എത്ര പേര് ശരിക്കും സ്ത്രീ സംരക്ഷണം ചെയ്യുന്നുണ്ട് എന്ന്.
പതിനായിരക്കണക്കിന് വീഡിയോസ് ഇന്ന് ഗൂഗിളിൽ കിട്ടുന്നു എങ്കിൽ അതിന് ഒക്കെ കാരണം നമ്മളു തന്നെയാണ്.. ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും ഹോട്ടലിൽ അല്ലെ ഏതെങ്കിലും അവസരത്തിൽ സ്വന്തം വീട്ടിലോ തന്റെ സുഹൃത്തിന്റെ വീട്ടിലോ, ബന്ധുക്കളുടെ വീട്ടിലോ നമ്മളുടെ അമ്മയും പെങ്ങളും ഭാര്യയും കുട്ടിയും ഇതുപോലെ പെടും.. അവരുടെ വീഡിയോയും അപ് ലോഡ് ചെയ്യപ്പെടും..ഇതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ചിന്തിക്കുകയേ വേണ്ട.. കാരണം ഈ വീഡിയോ കാണുമ്പോൾ മാത്രം ഏത് ജാതിയിലുള്ളതാ പെണ്കുട്ടി എന്ന് ചിന്തിച്ചു കാണുന്ന ചരിത്രമില്ല..അങ്ങിനെ സ്വന്തക്കാരുടെ വീഡിയോ നെറ്റിൽ വരുമ്പോൾ കൈ കൊണ്ട് മുഖം മറച്ച് നമുക്ക് വീട്ടിൽ ഇരിക്കാനാകും....അല്ലെ അവർ ആത്മഹത്യ ചെയ്യുന്നത് നമുക്ക് കാണാം... അതുമല്ലെങ്കിൽ അത് കാണാൻ ധൈര്യമില്ലാതെ നമുക്ക് ആത്മഹത്യ ചെയ്യാം..അതുവരെ മറ്റുള്ളവരുടെ അമ്മമാരേയും കുട്ടികളേയും ഭാര്യമാരേയും കണ്ട് നമുക്ക് ആസ്വദിക്കാം.. ആസ്വദിച്ചിട്ട് രാവിലെ മുതൽ സ്ത്രീസംരക്ഷണവും എല്ലാം പറയാം.. കാരണം നമ്മളുടെ ആരും ഇതുവരെ പെട്ടിട്ടില്ലല്ലോ..
ഇന്ന് കേരളത്തിലെ 25 ശതമാനം വിദ്യാഭ്യാസം ഉള്ളവരു വിചാരിച്ചാൽ പോലും ഈ സെക്സ് സെക്റ്ററിനെ നശിപ്പിക്കാനാകും..ലോകം സ്വന്തം വിരൽ തുമ്പിലാണ് എന്ന് അഹങ്കരിക്കുന്ന നമ്മള്ക്ക് സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ പറ്റില്ലായെന്നാണോ. പറ്റും..പക്ഷെ നാം ചെയ്യില്ല..ആരാന്റെ അമ്മയ്ക് അല്ലെ ഭ്രാന്ത്.. സ്വന്തം വീടിന്റെ അടുത്തുള്ള കടയിൽ നിന്ന് സി ഡി വിക്കുന്നവരെ നമുക്ക് അറിയില്ലെ.. അത് ഡൌണ് ലോഡ് ചെയ്യുന്ന സുഹൃത്തുക്കളെ നമുക്ക് അറിയില്ലെ.. അറിയാം..പക്ഷെ വേണ്ട എന്ന് നാം പറയില്ല.. നാം കൂടെയിരുന്നു കാണും..വയറു നിറയണമെങ്കിൽ പതിനെട്ടു വയസ്സിൽ ചെറിയ കുട്ടിയെ കൂടി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കണം.. ഒരു ഹോട്ടലിൽ പോലും സെക്യൂരിറ്റിയില്ല.. മൈസൂര്ക്ക് വരുന്ന സുഹൃത്തുക്കൾ പറയുന്ന ഒരു കാര്യമുണ്ട്.. കൃഷ്ണ, നിന്റെ വീട് ഒഴിവുള്ളപ്പോൾ പറഞ്ഞാ മതി..അതുവരെ വെയിറ്റ് ചെയ്യാം. ഇന്ന് കുട്ടികളേയും ഭാര്യയേയും കൊണ്ട് ഹോട്ടലിൽ വിശ്വസിച്ച് താമസിക്കുവാൻ പറ്റില്ല..ഇത് ഒരു കുടുംബത്തിന്റെ അല്ല ഇത് റപ്രസന്റേഷനാണ്.. കാണാൻ ആളുകളുണ്ടെങ്കിൽ കാണിക്കുവാൻ ആളുകളുണ്ടാകും.. പക്ഷെ ഭയക്കേണ്ടത് അതിൽ നമ്മളുടെ സ്വന്തക്കാരും ഒരു ദിവസം കുടുങ്ങും എന്നതാണ്..ഇപ്പോൾ തന്നെ വൈകി എന്നതാണ് സത്യം..ചെയ്യാനാണെങ്കിൽ ഒരുപാട്.. ചോദ്യം പൂച്ചയ്ക് ആരു മണികെട്ടും.. ഓരോ വീഡിയോയും അപ് ലോഡ് ചെയ്യപ്പെടുമ്പോൾ നാം അത് കണ്ട് ആസ്വദിക്കുമ്പോൾ അതിനെ സപ്പോര്ട്ട് ചെയ്യുമ്പോൾ ഓര്ത്തുകൊള്ളുക.. നമ്മളുടെ ഊഴം പുറകെയുണ്ട്.. ഇന്നല്ലെയെങ്കിൽ നാളെ.

ജീവിതത്തിൽ കണ്ട അത്ഭുതം

എന്താണ് ജീവിതത്തിൽ കണ്ട അത്ഭുതം എന്ന് ഇന്ന് എന്നോട് ചോദിച്ചാൽ ഇപ്പോ ഞാൻ പറയുക മരണം കണ്ടിട്ടും താൻ ചിരഞ്ജീവിയാണെന്ന് വിചാരിക്കുന്ന മനുഷ്യർ എന്നാകില്ല...അതിനേക്കാളെല്ലാം ഉപരിയായി നാം നിത്യം കാണുന്ന, ചെയ്യുന്ന കാര്യങ്ങളാണ് കൂടുതൽ അത്ഭുതം ഉണ്ടാക്കുന്നത്..
സപിണ്ഡം വച്ച് ബ്രഹ്മസ്വരൂപത്തെ മനസ്സിലാക്കി സന്യാസം സ്വീകരിച്ച് തന്നിൽ നിന്ന് അഭേദ്യമായി മറ്റൊന്നും ഇല്ലായെന്നും താൻ തന്നെയാണ് ചരാചരജഗത്തെന്നും അറിയുന്ന സന്യാസിമാര്ക്ക് മറ്റെല്ലാം തന്നേക്കാൾ താഴെ...
കുണ്ഡലിനീ രൂപത്തിൽ ഇരിക്കുന്ന ജഗത് സ്വരൂപിണിയായ ദേവി തന്നെയാണ് ശിവശക്ത്യാത്മകമായ ഈ ജഗത്തെന്നറിയുന്ന യോഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
ഭക്തിമാര്ഗ്ഗത്തിൽ എല്ലാം ദേവതാഭാവത്തിൽ, സകലം ദേവീമയം ജഗത് എന്നറിയുന്ന ഭക്തിമാര്ഗ്ഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
വേദാന്തതത്ത്വ ഗ്രഹണത്തിലൂടെ താനും ഈ അനന്തമായ ജഗത്തും എല്ലാം ഒന്നാണെന്ന് മനസ്സിലാക്കി അദ്വൈതപീയൂഷത്തെ ആഹരിക്കുന്ന ജ്ഞാനമാര്ഗ്ഗിയ്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
സകലാനന്ദ സ്വരൂപിണിയായ ലളിതയാണ് ശ്രീചക്രസ്വരൂപമായി ത്രിപുരയായി ജഗത് സ്വരൂപിണിയായി വിലസിക്കുന്നത് എന്നു പറയുന്ന ദീക്ഷ സ്വീകരിച്ച തന്ത്രമാര്ഗ്ഗികള്ക്കും മറ്റെല്ലാം തന്നേക്കാൾ താഴെ...
യോഗമായാലും, തന്ത്രമായാലും വഴികാട്ടേണ്ട ഗുരുക്കന്മാർക്കാകട്ടെ താനല്ലാതെയുള്ള എല്ലാ ഗുരുക്കന്മാരും തന്നേക്കാൾ താഴെ...
യഥാര്ഥത്തിൽ ഈ മാര്ഗ്ഗങ്ങളെല്ലാം തന്നെക്കാൾ ചെറിയതായി ആരുമില്ലായെന്ന് സ്വയം ബോധിക്കുവാൻ വേണ്ടിയാണ്.. അതാണ് എല്ലാ പഠനത്തിന്റേയും ആത്യന്തികമായ ലക്ഷ്യവും.. ഈ ജഗത്തെല്ലാം തന്നെ ധര്മ്മത്തിന്റെ സ്വരൂപം തന്നെയാണ് എന്നതാണ് സത്യവും.. ധര്മ്മമൂലോ ശ്രുതിഃ.. ഇവിടെയുള്ള കൊച്ചു പുഴു പോലും അതിന്റെ ധര്മ്മം അനുഷ്ഠിക്കുന്നതുകൊണ്ടാണ് നമുക്ക് ജീവിക്കാനാകുന്നത്.. നമുക്കു കുടിക്കാൻ പാലു തരുന്ന ഒരു മൃഗത്തിൽ നിന്ന് നമുക്ക് എന്ത് വലിപ്പം ആണ് ഉള്ളത് എന്ന് ചിന്തിച്ചാൽ.. എന്നാലും നാം വലുതാണ്.. മരണം എന്ന അത്ഭുതം ഇത് നോക്കിയാൽ എത്ര ചെറുത്.. അല്ലെ.

ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി

ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി...അറിയാതെ പോകുന്ന ആചാര്യപരമ്പരകൾ...
കേരളത്തിൽ അസംഖ്യമായി കാണപ്പെടുന്ന സര്പാദി വിഷജന്തുക്കളുടെ ഉപദ്രവത്തെ തടുക്കുന്നതിനും പരിഹരിക്കുന്നതിനും വിഷചികിത്സയിൽ കുടുംബ പാരമ്പര്യം വഴിയും, ശിഷ്യപരമ്പരാമാര്ഗ്ഗമായും ഉപദേശപാടവം സിദ്ധിച്ച യോഗ്യരായ ആചാര്യന്മാരാർ കേരളത്തിൽ അനേകം പേരുണ്ട്. ജ്യോത്സ്നികാ എന്ന ഗ്രന്ഥം എഴുതിയതെന്നു പറയുന്ന പ്രസിദ്ധനായ കാരാട്ടു നമ്പുതിരിയും, അതുപോലെ കൊടുങ്ങല്ലൂരിൽ ചേന്നാട്ടു കൊച്ചുണ്ണിമേനോൻ ആശാന്റെ ശിഷ്യന്മാരായിരുന്ന അലങ്കാരത്തു നാരായണമാരാര്, രാമ മാരാര്, കൃഷ്ണൻ നായർ തുടങ്ങി അസംഖ്യം പേർ വിഷവൈദ്യവിഷയത്തിൽ മന്ത്രം കൊണ്ടും ഔഷധം കൊണ്ടും പ്രസിദ്ധി നേടിയവരാണ്.
ആന ചികിത്സാ ഗ്രന്ഥമായ പാലകാപ്യത്തിന്റെ പഠനത്തിനിടയിൽ ആണ് ആറാം തമ്പുരാന്റെ ഗുരുനാഥനായ ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി എന്ന പേരുകേട്ടത്. ആ സമയം പെട്ടെന്ന് ആ പേരു ഓര്മ്മ വന്നില്ലായെങ്കിലും അദ്ദേഹത്തിന്റെ വിഷവൈദ്യപാരമ്പര്യത്തെ കുറിച്ചും, വിഷവൈദ്യസാരസമുച്ചയം എന്ന ഗ്രന്ഥവും ഉണ്ണികൃഷ്ണമാമ കാണിച്ചു തന്നപ്പോഴാണ് പരിചിതമായ പേരുകളിലൊന്നാണെന്ന് മനസ്സിലായത്.. കാരണം വിഷചികിത്സാ പഠന സമയം ഉപയോഗിച്ചിരുന്നവയാണ് വിഷനാരായണീയം, ജ്യോത്സ്നിക, വിഷവൈദ്യസാരസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങൾ..
സംസ്കൃത പണ്ഡിതനും അതിലുപരി പഠന പാഠനത്തിൽ അദ്വിതീയനുമായിരുന്ന ചെറുകുളപ്പുറത്തു മനയ്കൽ കൃഷ്ണൻ നമ്പൂതിരി എന്ന വിഷവൈദ്യശിരോമണിയെ കുറിച്ച് പറയുവാൻ ഞാനളല്ലാത്തതുകൊണ്ട് തന്നെ യശശ്ശരീരനായ വൈദ്യമഠത്തിലെ വലിയ നാരായണൻ നമ്പൂതിരി അദ്ദേഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ചേര്ക്കുന്നതാകും ഉചിതം.
ചിരകാലത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സിദ്ധിച്ച വിജ്ഞാന സമ്പത്തിനെ അര്ഥികള്ക്കു പ്രദാനം ചെയ്യുക എന്ന സത്പ്രവൃത്തിയിൽ നിരതനായി ഒതുങ്ങിയ നിലയിൽ ജീവിക്കുന്ന ശ്രീ.ചെറുകുളപ്പുറം ആര്ക്കും ആദരണീയനും അനുകരണീയനും ആണ്. വേദത്തിൽ വൈദഗ്ദ്ധ്യം നേടുകയും സംസ്കൃതത്തിൽ നല്ല വ്യുത്പത്തിയും തര്ക്കം, പൂർവോത്തര മീമാംസകൾ എന്നീ ശാസ്ത്രങ്ങളിൽ തികഞ്ഞ പാണ്ഡിത്യവും അദ്ദേഹത്തിന് ഉണ്ട്. വൈദ്യശാസ്ത്രത്തിന്റെ സാമാന്യ ജ്ഞാനത്തിന് ശേഷം സുപ്രസിദ്ധനായ താമറ്റൂരു മനയ്കൽ നാരായണൻ നമ്പൂതിരിയുടെ അടുക്കൽ നിന്ന് വിഷവൈദ്യവും ബാലചികിത്സയും നിഷ്കര്ഷമായി പഠിക്കുകയും പരിചയിക്കുകയും ചെയ്തു. വിഷവൈദ്യത്തിൽ വളരെ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ചികിത്സാ പാടവം ഇദ്ദേഹത്തിന്റെ ഔഷധപ്രയോഗം കൊണ്ടു അസുഖം ഭേദമായവരുടെ അനുഭവം തന്നെ സാക്ഷിയാണ്. പാമ്പുകടിയേൽക്കാതിരിക്കുവാൻ വേണ്ടി ആറാം തമ്പുരാന് കല്ലു വച്ച മോതിരം ഉണ്ടാക്കികൊടുത്തതും ഇദ്ദേഹം തന്നെ. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പര മാത്രം മതിയാകും ഗുരുനാഥനെന്ന നിലയിൽ ഇദ്ദേഹത്തിന്റെ വൈശിഷ്ട്യം മനസ്സിലാക്കുവാൻ..സാക്ഷാത് ആറാം തമ്പുരാനും, വിഷസാരസമുച്ചയത്തിന്റെ തന്നെ ഭാഷാവ്യാഖ്യാനം രചിച്ച ശ്രീ. വള്ളൂരു മനയ്കൽ ചെറിയ ശങ്കരൻ നമ്പൂതിരിയും ഉള്പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പര.
കേരളത്തിലെ സരസ്വതീക്ഷേത്രമെന്നു പ്രസിദ്ധവും പുരാതനകാലം മുതൽ തന്നെ സുപ്രസിദ്ധവുമായ കൂടല്ലൂർ മനയ്കലെ ശിഷ്യപരമ്പരയിലെ പണ്ഡിതന്മാരിൽ ഏതാണ്ട് ഒടുവിലത്തെ വ്യക്തിയെന്നും വിശേഷിപ്പിച്ചുകൊണ്ടുമാണ് വലിയ നാരായണൻ നമ്പൂതിരി അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ആയുർവേദത്തിന്റെ എട്ടംഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷചികിത്സ. പലഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന വിഷവൈദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംഗ്രഹിച്ചു പഠനയോഗ്യമായ നിലയിൽ എഴുതിയ ചെറിയ സ്വതന്ത്രവിഷചികിത്സാ ഗ്രന്ഥം കൂടിയാണ് വിഷസാരസമുച്ചയം. മുന്നൂറിൽ പരം സംസ്കൃത ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ പൂർവാര്ദ്ധത്തിൽ വിഷത്തെ കുറിച്ചും ഉത്തരാര്ദ്ധത്തിൽ വിഷചികിത്സയെകുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. പ്രാചീന ഗ്രന്ഥങ്ങളിൽ സാമാന്യമായി വിഷചികിത്സയെ വിഷവിദ്യയെന്നും വിഷവൈദ്യമെന്നും രണ്ടായി പറയാറുണ്ട്. വിഷവിദ്യ മന്ത്രപ്രധാനമായതുകൊണ്ടും സാമാന്യമായി വിവരിക്കുക പതിവില്ല. പ്രത്യേകിച്ച് മന്ത്രങ്ങളിലുള്ള വിശ്വാസം കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ അതിനെ പറ്റി പറയുക എന്നത് വൃഥാലാപം എന്നതുമാത്രമല്ല, ആ വിഷയത്തിന്റെ സാധനാദികളിൽ പ്രവര്ത്തിക്കുന്നതിന് ആരും തന്നെ തെയ്യാറാകുന്നുമില്ലായെന്നതുമാണ് സത്യം.
മഹത്തുക്കളും ആചാര്യവര്യന്മാരുമായ അനേകായിരം പേര് സഞ്ചരിച്ച ഈ പന്ഥാവിലേക്ക് അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നപോലെ സഞ്ചരിക്കാൻ സാധിക്കുന്നു എങ്കിൽ അത് ആ പരമ്പരയുടേയും ജഗദീശ്വരിയായ അമ്മയുടേയും അനുഗ്രഹം മാത്രം. ശ്രീ ഗുരുഭ്യോ നമഃ.

ആനകളുടെ ദിനം... ഒരു തിരിഞ്ഞു നോട്ടം

ആനകളുടെ ദിനം... ഒരു തിരിഞ്ഞു നോട്ടം
ഇന്ന് ആനകളുടെ ദിനം ആയി ആചരിക്കുകയാണ്.. ഈ ദിവസങ്ങളിൽ ആന ചരിഞ്ഞു എന്നതാണ് വാര്ത്തകളായി കേള്ക്കുന്നതും.. ചിന്തിച്ചിട്ടുണ്ടോ അതിന്റെ കാരണം എന്താണെന്ന്..ഇതിന് കാരണം ആനകള്ക്ക് യോഗ്യമല്ലാത്ത രീതിയിൽ ഉള്ള ചര്യ എന്നു തന്നെയാണ് ഉത്തരം.ഏറ്റവും കുറഞ്ഞത് അവയുടെ ഭക്ഷണം മാത്രം നോക്കിയാൽ മതിയാകും എന്തുകൊണ്ട് ആന ചരിയുന്നു എന്ന് മനസ്സിലാക്കാൻ..ആനകളുടെ സാത്മ്യഭക്ഷണം അതായത് നിത്യം ഒരു ആനയ്ക് കിട്ടേണ്ടത് എഴുതാം.. വായിച്ചു നോക്കൂ..അവയെ കണ്ട് ആസ്വദിക്കുന്ന നാം ഇത് മനസ്സിലാക്കേണ്ടതാണ് ഒപ്പം അവയെ സംരക്ഷിക്കേണ്ടതും നമ്മളു തന്നെയാണ്..

ശരീരത്തിന് അനുസരിച്ച് ആണ് ആനകളുടെ ആഹാരവിധി... അതായത് ആനകളുടെ ഉയരത്തിന് അരത്നി പ്രമാണം ആചാര്യൻ പറയുന്നുണ്ട്.. ആനകളുടെ നെയ്യും മറ്റ് ഭക്ഷണപദാര്ഥങ്ങളും ആ അളവനുസരിച്ച് മാത്രമേ വിധിജ്ഞനായ വൈദ്യൻ കൊടുക്കാൻ പാടുള്ളു..
അതായത് ഉദാഹരണത്തിന് ഏഴ് അരത്നി (ഒരു മുഴം) ഉയരവും ഒനപതു നീളവും പത്ത് വണ്ണവും ഉള്ള അഗ്നിയുക്തനായ ആന ഏഴ് ദ്രോണം ഭക്ഷണം കഴിക്കണം. അഞ്ച് ഉയരവും, എട്ട് വണ്ണവും, ഏഴു നീളവും ഉള്ള യാതൊരു ആനയുണ്ടോ അഗ്നിയാൽ യുക്തനാവ ആ ആന അഞ്ച് ദ്രോണം ഭക്ഷണം കഴിക്കണം. നാലു ഉയരം ആറ് നീളം ഏഴ് അരത്നി വണ്ണം ഉള്ള ആനക്കും നാലു ദ്രോണം ഭക്ഷണം വിഹിതമാണ്. നീയമപ്രകാരം പറഞ്ഞാൽ അരാളം എന്ന വിഭാഗത്തിൽ പെടുന്ന ഗജത്തിന് പതിനാറ് ഇടങ്ങഴി എന്ന രീതിയിലാണ് ഭോജനവിധി. ആനകള്ക്ക് വൈദ്യൻ ദ്രോണപ്രമാണമനുസരിച്ച് മാത്രമേ ഭക്ഷണം നൽകാവൂ എന്ന അര്ഥം. അല്ലാതെ എതെങ്കിലും ഭക്തൻ കൊണ്ടു വന്ന സാധനം തോന്നിയ ആനയ്ക് കൊടുക്കുക എന്നത് യുക്തനായ ആനക്കാരന് ചേരുന്നതല്ല..
ഉണങ്ങിയവയുടേയും ലഘുക്കളായവയെല്ലാം നാല്പതു തുലാം തൂക്കം തീറ്റയായി നൽകണം. ഫലത്തോടു കൂടി നിൽക്കുന്ന ധാന്യങ്ങളാണ് എങ്കിൽ പത്തു തുലാം ആണ്. തൈലം ഉപ്പ് ഇവ കൂട്ടാതെ രാവിലെ വിധിയനുസരിച്ച് നൽകണം. നെയ്യ് ശര്ക്കര തൈര് മാംസം ഇവയോടു കൂടി പകുതി ഉപ്പു ചേര്ത്ത് നയ്യ് രസം ഇവ ചേര്ത്ത് കൊടുക്കണം. അതുപലെ മധുരാദികൾ നൽകുമ്പോഴും ഇതു തന്നെയാണ് രീതി..
വിവിധങ്ങളായ ത്വക്ക്, വള്ളി, ഫലം, വൃക്ഷഖണ്ഡങ്ങൾ, തളിര് എന്നിവയും, ചവര്പ്പ്, എരിവ്, കയ്പ്, ഉപ്പ്, പുളി, മധുരം തുടങ്ങിയ രസങ്ങളോടു കൂടിയവ ഋതുക്കളനുസരിച്ച് പ്രത്യേകം പ്രത്യേകം ആണ് ആനകൾ സേവിക്കുന്നത്.
ഇനി ആനകളുടെ സാമാന്യ ശൈലി പറയുകയാണെങ്കിൽ, വര്ഷമേഘങ്ങൾ വരുമ്പോൾ അഥവാ മഴക്കാലത്ത് വൃക്ഷഭംഗങ്ങൾ അഥവാ വൃക്ഷതലപ്പുകൾ വര്ജ്ജിക്കുന്നു. ഹേമന്തത്തിലും ഗ്രീഷ്മത്തിലും ആനകൾ അവ ഭക്ഷിക്കുകയും ചെയ്യുന്നു. വര്ഷക്കാലത്ത് കാട്ടിലുള്ള ഈന്തൽ, കണിക്കൊന്ന, ആരംപുളി, അത്തി, ഇത്തി, അരയാൽവൃക്ഷം, പുല്ല്, വെള്ളം തുടങ്ങിയവ ഭക്ഷിക്കുന്നു. അതുപോലെ ജാംഗലഭൂമിയിലേയും (വാതഭൂയിഷ്ഠമായ പ്രദേശം) ഭക്ഷണം കഴിക്കുന്നത് ഋതു അനുസരിച്ചാണ്. അല്ലാതെ എല്ലാം എല്ലായിപ്പോഴും കഴിക്കില്ല . പുല്ലുകൾ തിന്ന് സ്വച്ഛന്ദമായി വെയിലു സേവിച്ചുകൊണ്ട് പിടിയാനകളോടും കുട്ടികളോടും കൂടി സ്വൈരമായി രമിക്കുന്നു. സാത്മ്യത്തിന് ആവശ്യമായ ജലത്തെ കുടിച്ചുകൊണ്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ഇഷ്ടപ്പെട്ടവരുടെ കൂടെയുള്ള സേവനവും, ഉറങ്ങുന്ന സ്ഥലവും, ഭക്ഷണവും (കിടപ്പും ഊണും), മുങ്ങിക്കുളി, പൊടിയിടൽ, ശരീരത്തിലെ അടി, ഉറക്കവും ഉറക്കമൊഴിക്കലും കാരണം ആനകള്ക്ക് വ്യാധി ഉണ്ടാകുന്നില്ല.
കെട്ടിയഴിക്കുന്നതുകൊണ്ടുള്ള വ്യാകുലത കൊണ്ടും, പിടിയാനകളുടെ വിരഹം കൊണ്ടും, തീക്ഷ്ണമായ ഉഗ്രമായ വാക്കുകളെ കൊണ്ടും, ഏറ്റവും മര്ദ്ദിക്ക കൊണ്ടും, ഇഷ്ടമില്ലാത്ത ഭക്ഷണം, യാത്ര ഇവകളിൽ യോജിപ്പിക്ക കൊണ്ടും, ദുഷ്ടമായ സ്ഥാനങ്ങളിലുള്ള ഉറക്കം കാരണവും പീഡിപ്പിച്ച് ജോലി ചെയ്യിക്കുന്നതുകൊണ്ടും, മൈഥുനാദികളില്ലാത്തകൊണ്ടും കൊണ്ടുവരപ്പെട്ട ആനകൾക്ക് സാധ്യവും, യാപ്യവും അസാധ്യവുമായ ശരീരജമായ വ്യാധികൾകൊണ്ട് ആതുരനായി ഭവിക്കുന്നു. അതായത് ആനകള്ക്ക് അസുഖം വരുന്നു എങ്കിൽ അതിന് നാം തന്നെയാണ് കാരണം.
ആനകള്ക്ക് ജലം തന്നെയാണ് പ്രാണൻ. അതിൽ തന്നെയാണ് അത് ജീവിക്കുന്നും അത് തന്നെയാണ് അതിന്റെ ആശ്രയസ്ഥാനവും. ആ കാരണം കൊണ്ട് ജലം ആനകള്ക്ക് ഇഷ്ടം പോലെ കൊടുത്ത് പ്രസാദിപ്പിക്കണം എന്നതാണ് രീതി.. ഇതൊക്കെ നാം ചെയ്യുന്നുണ്ടോ..
ചെളി, ജലം, ശീകരം (വാതത്താൽ പ്രേരിതമാക്കപ്പെട്ട ജലകണം) തുടങ്ങിയവയാൽ പരിഷേചനം ചെയ്തില്ലായെങ്കിൽ ആ കാരണം കൊണ്ട് ആനകൾ കുഷ്ഠനായും അന്ധനായും ഭവിക്കും. ആനകൾ പ്രകൃത്യാ ഉഷ്ണപ്രകൃതികളാണ്. അതിന്റെ പരാഹാരാര്ഥം വെള്ളം, ചെളി, പൊടിമണ്ണ് ഇവയിൽ ഉള്ള വിഹാരങ്ങൾ ആനയ്ക് സന്തോഷത്തേയും ധാതുസാത്മ്യത്തേയും വരുത്തുന്നു. സാത്മ്യമായ ധാതുക്കൾ പൂര്ണമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു.
സാമാന്യമായി ആനകളുടെ രീതി നോക്കിയാൽ തന്നെ..രാവിലെ തന്നെ ചെവിവരെ വെള്ളത്തിൽ ഇവയെ പ്രവേശിപ്പിച്ച് ഇറക്കി നിര്ത്തണം. ശീതസാത്മ്യം കൊണ്ടുമാത്രമേ വനജങ്ങളായ ഇവയ്ക് നിത്യമായി സുഖം ലഭിക്കുകയുള്ളു. സൂര്യൻ മൃദുഭാവത്തെ പ്രാപിക്കുമ്പോൾ ജലത്തിൽ നീന്തിത്തുടിക്കുന്ന ആനകളെ യത്നത്തോടു കൂടി ജലത്തിൽ നിന്ന് കരയിലേക്ക് കൊണ്ടുവരണം. അതിനുശേഷം കെട്ടും തറിയിൽ ബന്ധിച്ചിരിക്കുന്നതായ ആനകള്ക്ക് ശതധൌതഘൃതം കൊണ്ട് ശരീരം മുഴുവൻ പിഴിഞ്ഞുവീഴ്ത്തണം.
ദിനത്തിന്റെ അവസാനം വേഗത്തിൽ യവാന്നം നെയ്യു ചേര്ത്ത് കൊടുക്കണം. ശരത് ഗ്രീഷ്മകാലം ഒഴിച്ച് മൂന്നു കാലങ്ങളിലും വര്ഷകാലത്തും പിഴിഞ്ഞുവീഴ്ത്തണം. വരിനെല്ല്, മുളംതല, തളിര്, പുല്ല്, താമരവളയം, വിവിധങ്ങളായ കരിമ്പുകൾ കൊണ്ട് യോഗ്യമായ രീതിയിൽ ഉപചരിക്കണം.
സുഖനിദ്രക്കായിട്ട് ആനകൾ ശയ്യയിലേക്ക് എപ്പോഴാണോ പോകുന്നത് അപ്പോൾ അവയ്ക് ശര്ക്കര ചേര്ത്ത വെള്ളം അഥവാ പാനകം കൊടുക്കണം. എപ്പോഴാണോ കുഡവം അഥവാ നാഴി ആകുന്നത് അതുവരെ പലം പലം അഥവാ പന്ത്രണ്ട് കഴഞ്ചു വര്ദ്ധിപ്പിക്കണം.
കുടിക്കുന്നതിനു വേണ്ടി വെള്ളം കൊടുക്കണം. അല്ലായെങ്കിൽ വിദാഹം ഉണ്ടാകും. ജലം കുടിക്കാത്തവര്ക്ക് ഗോമൂത്രം, ക്ഷീരം, മദ്യങ്ങൾ, ദീപനീയങ്ങളായവ യാതൊക്കെയുണ്ടോ അവയോ, തൈര്, ഗോതമ്പുകാടി, കള്ള് മട്ട് ഇവ കൊടുക്കണം. അല്ലായെങ്കിൽ ശ്ലേഷ്മം കോപിക്കും. ഉച്ചക്ക് ശര്ക്കര അരിപ്പൊടി ചേര്ത്ത് പതിനാറ് ഇടങ്ങഴി പരിണാമത്തിൽ കൊടുക്കണം. അരിപ്പൊടി നെയ്യിൽ ചേര്ത്ത് രാത്രി ഇട്ടുവച്ച് ഗ്രീഷ്മകാലത്ത് കുടിക്കണം.
ഇനി കൊടുക്കാണെങ്കിൽ സാമാന്യമായി എല്ലാ ആനകള്ക്കും ഒരുപോലെ ഭക്ഷണം കൊടുക്കാനും പാടില്ല..
ഇപ്രകാരം ആനയുടെ പ്രമാണങ്ങൾ ആചാര്യ പാലകാപ്യൻ പറയുന്നുണ്ട്.
ഇതെഴുതിയത് ഇതു മുഴുവൻ ആനയ്കു നാളെ മുതൽ ആരെങ്കിലും കൊടുക്കുമെന്ന് വിചാരിച്ചിട്ടല്ല.. ഇന്ന് ക്ഷേത്രങ്ങളിലും മറ്റ് ആഘോഷങ്ങളിലും ആനയെ കിലോമീറ്ററുകൾ നടത്തിച്ച് അവയെ ഉപയോഗിക്കുമ്പോൾ അതിന് ആവശ്യമായ കാര്യങ്ങൾ മിനിമം അസുഖം വരാതെ സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങൾ കൂടി ചെയ്യാൻ നാം ബാധ്യസ്ഥരാണ് എന്ന് കാണിക്കുവാനാണ്. കേരളത്തിൽ ദേവസ്വം ബോര്ഡുകള്ക്ക് ഈ മിണ്ടാപ്രാണിയെ സംരക്ഷിക്കുന്നതിനുള്ള ശേഷിയുണ്ടെന്നാണ് എന്റെ വിശ്വാസം.. ആനസംരക്ഷരെന്നു പറയുന്നവർ ആദ്യം ആനയുടെ നിത്യചര്യകളും അതിന് ലഭിക്കേണ്ട സംരക്ഷണം എന്തൊക്കെയാണ് എന്നു കൂടി പഠിക്കുന്നത് ആകും ഉചിതം. എന്നിട്ട് അത് കൃത്യമായി അവയ്ക് കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കുക.. ഗണപതിയുടെ ഭാവമായി അനുഗ്രഹം മേടിക്കുവാൻ ആനയ്കു മുന്പിൽ നിൽക്കുമ്പോൾ ആ പാവത്തിന് യോഗ്യമായ വ്യവസ്ഥയുണ്ടോ എന്ന് കൂടി അറിയേണ്ടത് നമ്മളുടെ ഉത്തരവാദിത്തം കൂടിയാണ്.. അല്ലെങ്കിൽ കാലങ്ങള്ക്കുള്ളിൽ ഓരോ ദിവസവും ആന ചരിഞ്ഞു എന്ന് വായിക്കേണ്ടി വരും.. ശ്രീ ഗണപതയേ നമഃ.. ശ്രീ ഗുരുഭ്യോ നമഃ

ശ്രീ മേഴത്തൂർ കുട്ടികൃഷ്ണൻ നായർ - ഒരു ബഹുമുഖപ്രതിഭ...

ശ്രീ മേഴത്തൂർ കുട്ടികൃഷ്ണൻ നായർ - ഒരു ബഹുമുഖപ്രതിഭ...
നിളാനദിയുടെ വിശാലമായ മണൽപുറത്തു വച്ച് മാമാങ്കം മാത്രമല്ല ജ്യോതിശ്ശാസ്ത്രത്തിൽ അസാമാന്യബുദ്ധിമാന്മാരും മഹാന്മാരും ആയ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ജ്യോതിഷത്തിന്റെ അപ്രകാരമുള്ള ശൃംഗലയിലെ ഒരു പ്രധാന കണ്ണിയാണ് ശ്രീ മേഴത്തൂർ കുട്ടികൃഷ്ണൻ നായർ.
മേഴത്തോളഗ്നിഹോത്രി 99 യാഗം ചെയ്ത പുണ്യപ്രദേശമായി അറിയപ്പെടുന്ന ഒന്നാണ് മേഴത്തൂർ. ഈ പരിപാവനമായ പ്രദേശത്തു തന്നെയാണ് പ്രസിദ്ധ ജ്യോതിഷ പണ്ഡിതനായിരുന്ന ശ്രീ. കുട്ടികൃഷ്ണൻ നായരുടെ ജന്മസ്ഥലം. പട്ടാമ്പിയിൽ ഗുരുവായൂർ റോഡിൽ ഏകദേശം 12 കിലോമീറ്റർ പോയാൽ കൂറ്റനാട് എന്ന പ്രദേശമായി. അവിടെ നിന്ന് തൃത്താലയിലേക്കുള്ള റോഡിൽ കൂടി മൂന്ന് കിലോമീറ്റർ പോയാൽ മേഴത്തൂരായി.
അമ്മത്തിൽ പുല്ലൂര് വളപ്പിൽ എന്ന കുടുംബത്തിൽ കൊല്ലവര്ഷം 1100 മാണ്ട് ചിങ്ങം 29ന്, 1924 സെപ്റ്റംബർ 13 തീയതി പൂരൂരുട്ടാതി നക്ഷത്രത്തിൽ അമ്മത്തിൽ പുല്ലൂർ വളപ്പിൽ അമ്മാളു അമ്മയുടേയും പുറയത്ത് ഏച്ചുനായരുടേയും മകനായി ശ്ര. കുട്ടികൃഷ്ണൻ നായർ ജനിച്ചു.
മേഴത്തൂർ സ്കൂളിൽ നിന്നും തൃത്താല സംസ്കൃത വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂര്ത്തിയാക്കി. പിന്നീട് കോരേത്ത് കുട്ടൻ നായരുടെ ശിഷ്യനായി ജ്യോതിഷം പഠിച്ചു. തുടര്ന്ന് കുറ്റിപ്പുറത്ത് കുട്ടിപ്പണിക്കരുടെ ശിഷ്യനായി ജ്യോതിഷപഠനം തുടര്ന്നു. മേഴത്തൂരിൽ നിന്നും കുറ്റിപ്പുറം വരെ നടന്നു ശാസ്ത്ര പഠനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം എത്രയായിരുന്നു എന്ന് ഇതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളു. ജ്യോതിഷത്തിന്റെ തുടര്ന്നുള്ള പഠനം എന്ന നിലയിൽ ആലൂർ കളരിക്കൽ വേലായുധപണിക്കർ എന്ന കുട്ടിപ്പണിക്കരുടെ കീഴിൽ പരമ്പരാനുസൃതമായി അഭ്യസിച്ചു.
ജ്യോതിഷപ്രശ്നകാര്യം എണ്ണമറ്റ സ്ഥലങ്ങളിൽ ഇദ്ദേഹം ചെയ്തിട്ടുണ്ട്. തൃക്കണ്ടിയൂർ, തൃക്കാവ്, തൃപ്രംകോട്, തിരുവില്വാമല, കാടാമ്പുഴ, തിരുവമ്പാടി, പാറമേക്കാവ്, തൃശ്ശൂർ വടക്കും നാഥക്ഷേത്രം, കൊടുങ്ങല്ലൂർ, ശ്രീരാമക്ഷേത്രം തൃപ്രയാറ്, പന്തളം മഹാദേവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ദേവപ്രശ്നത്തിനു പോയവയിൽ ചിലതു മാത്രമാണ്. കേരളത്തിനകത്തും പുറത്തും ആയ പല സ്ഥലങ്ങളിലും അഷ്ടമംഗല്യപ്രശ്നം വെയ്കുന്നതിൽ തന്റെ പ്രാഗത്ഭ്യം തെളിയിച്ച ആളുകൂടിയാണ് യശശ്ശരീരനായ കുട്ടികൃഷ്ണൻ നായർ.
ജ്യോതിഷത്തിൽ മാത്രമല്ല തന്ത്രം, വാസ്തു തുടങ്ങിയ വ്യത്യസ്തവിഷയങ്ങളിൽ പ്രാഗത്ഭ്യമുള്ളയാളുകൂടിയായിരുന്നു കുട്ടികൃഷ്ണൻ നായർ. പരൽപേര് അഥവാ കടപയാദി സംപ്രദായത്തിൽ വിശേഷരുചിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ ഇന്ന് കേരളത്തിൽ പ്രസിദ്ധനായ ജ്യോതിഷവിദ്വാനായി പറയുന്ന പാർളിയത്ത് ശ്രീ അച്ചുതൻ നായർ പ്രഥമസ്ഥാനീയനാണ്. വേങ്ങശ്ശേരി മോഹനപ്പണിക്കരും ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ പെടുന്നു.
അച്ഛനായ കുട്ടികൃഷ്ണൻ നായരുടെ ജ്യോതിശ്ശാസ്ത്ര പന്ഥാവിലേക്ക് പോകാനായില്ലായെങ്കിലും പൂമുള്ളി ആറാം തമ്പുരാന്റെ ശിഷ്യനായ ഉണ്ണികൃഷ്ണൻ വൈദ്യരുടെ കീഴിൽ അഭ്യസിച്ച കളരിയുടേയും, ഒപ്പം തന്നെ ആയുർവേദത്തിന്റേയും അന്തഃസത്ത നിലനിര്ത്തികൊണ്ടുപോകുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച പെരിങ്ങോടുള്ള ഗുരുകൃപ ഹോസ്പിറ്റലിന്റെ മാനേജിങ്ങ് ഡയറക്റ്ററായ കൃഷ്ണദാസ് ആണ് അദ്ദേഹത്തിന്റെ ഏക മകൻ.
കൃഷ്ണദാസിന്റെ മകനും കുട്ടികൃഷ്ണൻ നായരുടെ കൊച്ചുമകനും ആയ വിനോദ് മേനോൻ, അച്ഛാച്ചന്റെ പ്രഥമശിഷ്യനായ പാർളിയത്ത് ശ്രീ അച്ചുതൻ നായരുടെ ശിക്ഷണത്തിൽ ജ്യോതിഷത്തിലും, അതുപോലെ തന്നെ വാസ്തുവിദ്യയിലും കുട്ടികൃഷ്ണൻ നായരുടെ കാൽപാതകളെ തന്നെ പിന്തുടരുന്നു.
ജ്യോതിഷപരിഷത്തിന്റെ ജ്യോതിഷാചാര്യ ബഹുമതി ലഭിച്ച കുട്ടികൃഷ്ണൻനായർ ഗുരുവായൂരപ്പന്റെ വിനീത ഭക്തനായിരുന്നു. ഗുരുവായൂരപ്പന്റെ ദര്ശനം നടത്തി കാണിക്ക വെച്ചുമാത്രമേ അദ്ദേഹം മടങ്ങുക പതിവുള്ളു. ജഗത് സ്വരൂപിണിയായ മൂകാംബികാ ദേവിയുടെ പരമ ഭക്തനും കൂടിയായിരുന്നു കുട്ടികൃഷ്ണൻ നായർ. ശാസ്ത്രത്തെ അഭ്യസിച്ച് അതിനെ പൂര്ണമായി ജീവിതത്തിലേക്ക് പകര്ത്തി അത് ആചരിക്കുകയും ജീവിതത്തെ അതിന്റേതായ സരളതയിൽ സ്വീകരിച്ച് ആനന്ദിക്കുകയും ചെയ്ത വ്യക്തികൾ വളരെ കുറവായിരിക്കും. ചില ഗുരുചരണങ്ങളെ ജീവിത്തിലേക്ക് പകര്ത്തണമെന്ന് പറയാറുണ്ട്.. അനുകരണീയരുടെ പട്ടികയിൽ മാതൃകയായി കുട്ടികൃഷ്ണൻ നായരെന്ന ഈ വ്യക്തിപ്രഭാവം കാലങ്ങളുടെ കൊത്തൊഴുക്കിൽ പെടാതെ നിലനിൽക്കും എന്നതിൽ സംശയമില്ല.
ന ഛത്രം ന തുരുംഗമോ ന വദതാം വൃന്ദാനി നോ വന്ദിനാം
ന ശ്മശ്രൂണി, ന പട്ടബന്ധവസനം നഹ്യംബരാഡംബരം
അസ്ത്യസ്മാകമമന്ദമന്ദരഗിരി പ്രോദ്ധൂ തദുഗ്ദ്ധോദധി
പ്രോംഖദ്വീചി പരമ്പരാപരിണതാ വാണീ തു നാണീയസീ
എന്ന് ചൊല്ലിയ സാക്ഷാത് കാക്കശ്ശേരി ഭട്ടതിരിയുള്പ്പെട്ട, പരൽപേരു കൊണ്ട് സംഖ്യകൾ രേഖപ്പെടുത്തുന്ന സംപ്രദായം വരെ സംഭാവന ചെയ്ത, ഗണിതത്തിലും ജ്യോതിഷത്തിലും ആയുർവേദത്തിലും തന്ത്രത്തിലും അസാമാന്യരായ ആചാര്യ പരമ്പരകൾ കേരളത്തിലുണ്ടായിരുന്നു. ആ ഗുരുപരമ്പരയ്ക് പ്രണാമം. ശ്രീ ഗുരുഭ്യോ നമഃ.

ക്ഷേത്രപുനരുദ്ധാരണം....

ക്ഷേത്രപുനരുദ്ധാരണം....
കുട ഉണ്ടെങ്കിലും മഴ നനഞ്ഞു ക്ഷേത്രത്തിലേക്ക് ഓടിയിരുന്നവർ...അമ്പലക്കുളത്തിൽ നീന്തി തുടിച്ചിരുന്നവർ... ആൽമരത്തിന്റെ ചുവട്ടിൽ സൊറ പറഞ്ഞിരുന്നവർ.. വൈകിയിട്ട് ഇരുട്ടായതുകൊണ്ട് ഭയന്ന് കാവിൽ കയറാതെ നിന്നിരുന്നവർ... ഇന്നലെ നാം അനുഭവിച്ച അതേ വൈകാരികത ഇന്ന് അതെ ക്ഷേത്രത്തിൽ നമുക്ക് അനുഭവപ്പെടാറുണ്ടോ.. ഏതായാലും ഒരു ഇരുപത് വര്ഷം മുന്പ് വരെയുള്ള ക്ഷേത്രത്തിലെ ഓര്മ്മകൾ കൂടെയുള്ള ആളുകളുണ്ടെങ്കിൽ ഞാൻ എഴുതിയത് അവര്ക്ക് മനസ്സിലാകും..
ആലും മരങ്ങളും വെട്ടി ക്ഷേത്രങ്ങളെ ക്ഷേത്രപുനരുദ്ധാരണം എന്നപേരിൽ കോണ്ക്രീറ്റ് നടപ്പാതകളും ആസ്ബറ്റോസ് ഷീറ്റും ഒക്കെയിടുക.. താമസിക്കുന്നതിന് ഹോട്ടലുകളെ വെല്ലുന്ന ബിൽഡിങ്ങുകൾ... ക്ഷേത്രത്തിനകത്ത് വാസ്തുശാസ്ത്രവൈശാരദന്മാരായ ആചാര്യന്മാർ പ്രകൃതിക്ക് അനുയോജ്യമായി ഉണ്ടാക്കിയ മരത്തിലും കരിങ്കൽ തൂണുകളിലും വെള്ളിയും സ്വര്ണവും പൊതിയുന്ന പുതിയ ഭഗവത് സമര്പണം.. സ്വസ്ഥമായി ഇരിക്കാനാകുമായിരുന്ന ക്ഷേത്രത്തിൽ ഇന്ന് ചൂടുകൊണ്ട് ഇരിക്കാനാകാത്ത അവസ്ഥ.. ഇന്നത്തെ പുതിയ ട്രന്ഡ് ആണ് നക്ഷത്രവൃക്ഷങ്ങൾ.. ക്ഷേത്രത്തിൽ സ്വാഭാവികമായി വളരുന്ന മരങ്ങളെ വെട്ടിക്കളയുക എന്നിട്ട് അവിടെ നക്ഷത്ര വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുക..കാവുകൾ വെട്ടി പുതിയ ക്ഷേത്രം പണിത് പുല്ലുകൾ വച്ചു പിടിപ്പിക്കുക.. യഥാര്ഥത്തിൽ നാം പ്രകൃതിയെ ഉദ്ധാരണം ആണോ ഉദ്ധരണം ആണോ ചെയ്യുന്നത്. കാരണം ഉദ്ധരണത്തിന് ഉന്മൂലനം എന്നുകൂടി അര്ഥമുണ്ടല്ലോ..
ഈ കോണ്ക്രീറ്റിൽ കൂടിയും ടൈൽസിൽ കൂടിയും സ്വന്തം വീട്ടിലും നാട്ടിലും പാര്ക്കിലും ഒന്നും നമുക്ക് നടന്ന് മതിയായില്ലെ ..ആര്ക്കു വേണ്ടിയാണ് ഇത് ചെയ്യുന്നത്... ക്ഷേത്രത്തിനു വേണ്ടിയായിരുന്നു എങ്കിൽ ക്ഷേത്രത്തിന്റെ തനതായ നിര്മ്മിതിയെ കോട്ടം തട്ടാതെ ആ ക്ഷേത്രത്തിൽ വളരുന്ന വൃക്ഷങ്ങളും ചെടികളും അതിന്റെ പരിതസ്ഥിതിയും അതെ രീതിയിൽ നിലനിര്ത്തുക എന്നതല്ലെ വേണ്ടത്... പത്തുവര്ഷം മുന്പു പോയ ക്ഷേത്രത്തിൽ ഇപ്പോൾ പോയാൽ ഇത് പഴയ ക്ഷേത്രമാണോ എന്ന് സംശയം തോന്നിപോകും.. ഒരു മരം പോലും കാണില്ലായെന്നു മാത്രമല്ല എങ്ങോട്ടു നോക്കിയാലും ആയിരം വോള്ട്ടിന്റെ ബള്ബും കോണ്ക്രീറ്റില് വാര്ത്ത ബിൽഡിങ്ങുകളും.. നടപ്പാതകളും.. നാം പറയുന്നതോ, പുനരുദ്ധാരണം..
തീര്ച്ചയായും നാശോന്മുഖമായ ക്ഷേത്രങ്ങൾ അതിന്റെ തനിമയോടെ നിലനിര്ത്തി സംരക്ഷിക്കപ്പെടണം.. പക്ഷെ ഈ രീതിയിലുള്ള ക്ഷേത്രപുനരുദ്ധാരണം സ്വീകരണീയമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...
ഋതുഭേദങ്ങളെ ജനങ്ങളെ അറിയിച്ചിരുന്ന ഉത്സവങ്ങളും വേലകളും പരിതസ്ഥിതിയുടെ പ്രത്യക്ഷഭാവനകളെന്നു പറയുന്ന ക്ഷേത്രവും കുളവും വൃക്ഷലതാദികളെ എല്ലാം നശിപ്പിച്ച് ചെയ്യുന്ന ഈ പുനരുദ്ധാരണം എവിടെയാണ് എത്തുക..
വീട്ടിനടുത്ത് ഒരു കാവ്, കർക്കിടകം പേമാരിയായി കുത്തിയൊലിച്ചാർക്കുമ്പോഴും, ഇടി മിന്നലോടെ എത്തുന്ന ഇടവപ്പാതിയും, തുള്ളിക്കൊരുകുടംകണക്കെ വിണ്ണിൽ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങുന്ന തുലാവർഷവും ഈ കാവുകളിലുള്ള മരത്തിന്റെ വേരുകൾ തടഞ്ഞ് നിർത്തി ഭൂമിക്കടിയിലേക്ക് നീരൊഴുക്കുന്നു.അതിന്റെ സാക്ഷിപത്രമായി.കാവിന്റെ മുന്നിലുള്ള കുളവും,വീട്ടിൻ മുറ്റത്തെ കിണറും,വറ്റാക്കുളവും,വറ്റാക്കിണറും ആകുന്നു.... പതിനാറ് കെട്ടും,എട്ട് കെട്ടും, നാലു കെട്ടും ഒക്കെ പലയിടത്തും മൺ മറഞ്ഞുപോയി. അതോടൊപ്പം കാവുകളും കുളങ്ങളും ഇല്ലാതായി. പ്രകൃതിക്ക് ഒരുരൂപവും, ഭാവവും,താളവുമുണ്ട്. അത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടിക്കാലങ്ങളിൽ കണ്ടിരുന്ന ഇടവപ്പാതിയും, തുലാവർഷവുമൊക്കെ താളം തെറ്റിയിരിക്കുന്നു. വേനലാകുമ്പോൾ നാടും നഗരവും വറ്റി വരളുന്നു.. അതുവരാതെയെരിക്കാനാകട്ടെ ക്ഷേത്രപുനരുദ്ധാരണം.. കിളികളുടെ കളകൂജനം കൊണ്ട് നമ്മുടെ കാതുകൾക്ക് കുളിരു പകരട്ടെ... ഭൂമിയിൽ ജലം ഒലിച്ചിറങ്ങട്ടെ.... തൊടിയിലെ കുളവും,വീട്ട് മുറ്റത്തെ കിണറും ഒരിക്കലും വറ്റി വരളാതിരിക്കട്ടെ..... ക്ഷേത്രങ്ങൾ നമ്മുടെ സമ്പത്താണ്...അതിനെ ആ രീതിയിൽ തന്നെ സംരക്ഷിക്കണം.. അതു തന്നെയാകട്ടെ നമ്മുടെ ജീവന മന്ത്രവും ക്ഷേത്രപുനരുദ്ധാരണവും..
അതിനു വേണ്ടിയാകട്ടെ പുതിയ ദിനങ്ങൾ..

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

മഹാബലിയും പരശുരാമനെറിയാത്ത മഴുവും
വീണ്ടുമൊരു ഓണക്കാലം കൂടി വരവായി. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍.
അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്.
‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം)
അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?
‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’
‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’
ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.
“തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.
“നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.
“ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.
അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.
ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.
ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.
“മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”
വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു
“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.
അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.
ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

പക്ഷികളും മൃഗങ്ങളും... ഭാരതീയപഠനം..

പക്ഷികളും മൃഗങ്ങളും... ഭാരതീയപഠനം..
ആദ്യമായി കാമെറ കണ്ടുപിടിച്ചതു മുതല് ആധുനികമായ പല സംവിധാനങ്ങളും വന്നതുകൊണ്ട് തന്നെ ആനിമൽ സ്റ്റഡീസ് വളരെ എളുപ്പമായി.. ഇന്നാകട്ടെ അതിനുവേണ്ടിമാത്രം ചാനൽ ലഭ്യമാണ്..ഇതൊന്നുമില്ലാത്ത കാലത്ത് അതായത് യാത്രാ സൌകര്യമോ മറ്റ് ടെക്നിക്കലായ യാതൊരു സൌകര്യവുമില്ലാത്ത സമയം ഭാരതത്തിൽ ഈ വിഷയത്തിൽ എത്രമാത്രം സ്റ്റഡീസ് നടന്നിട്ടുണ്ട് എന്ന് ചിന്തിച്ചാൽ ...
ഭാരതത്തിൽ പതിമൂന്നാം സെഞ്ചറിയിൽ ഹംസദേവൻ എഴുതിയ ഗ്രന്ഥത്തിൽ എന്തൊക്കെയാണ് എഴുതിയിട്ടുള്ളത് എന്ന് നോക്കാം.. ഇവിടെ പക്ഷികളുടേയും മൃഗങ്ങളുടേയും വിശദമായ വിവരണങ്ങളുണ്ട് . അതിൽ പ്രധാനപ്പെട്ടത് നമുക്ക് നോക്കാം.. ആദ്യം സിംഹമാകട്ടെ..
സിംഹം ആറുതരത്തിലാണ്.. സിംഹം, മൃഗേന്ദ്രൻ, പഞ്ചാസ്യൻ, ഹര്യക്ഷൻ, കേസരി, ഹരി ഇവയാണവ. വെറുതെ ഇങ്ങിനെ ഓരോ പേരുകൾ പറയുകയാണെന്ന് വിചാരിക്കരുത്. ആദ്യം പറഞ്ഞ സിംഹം എങ്ങിനെയുള്ളതാണെന്ന് ചോദിച്ചാൽ വാലുകൾ നീളം കൂടിയും വളരെ ശക്തികൂടിയ നെർവ് സിസ്റ്റം ആണ്. ഗോള്ഡൻ കളറോടു കൂടിയതാണ്.. വളരെ സോഫ്റ്റായ മുടിയാണ് ശരീരത്തിലുണ്ടാകുക. നടക്കുമ്പോൾ തല മുകളിലേക്ക് ഉയര്ത്തിയാണ് നടക്കുക. മൃഗേന്ദ്രനാകട്ടെ വളരെ ഉച്ഛത്തിൽ അലറുന്ന ശീലത്തോടു കൂടിയവരാണ്. സാമാന്യം വിശപ്പില്ലാത്ത സമയം കളിക്കുന്നവരും വിശക്കുമ്പോൾ കുറച്ച് ദേഷ്യത്തോടു കൂടിയവരും ആണ് . ശരീരത്തിൽ പല സ്ഥലങ്ങളിലായി വ്യത്യസ്ത നിറത്തിലുള്ള കുത്തുകളും അതുപോലെ സ്വര്ണനിറത്തിലുള്ള കണ്ണുകളും വലിയ മീശയും ഇവയുടെ പ്രത്യേകതയാണ്. എന്നിങ്ങനെ ഓരോ നാമത്തിന്റേയും ഐഡന്റിഫിക്കേഷൻ കൂടി പറഞ്ഞാണ് ആചാര്യൻ പോയിരിക്കുന്നത്. ഇതുപോലെ മറ്റുള്ളവയുടെ പേരുകളും അവ എത്രതരത്തിലുണ്ട് നോക്കാം..
ടൈഗർ മൂന്നു വിധത്തിലാണ് ഉള്ളത്.. ശാര്ദൂല, ദ്വീപി, വ്യാഘ്ര..
ഹൈയന്സ് രണ്ട് തരത്തിലാണുള്ളത്.. തരക്ഷു , മൃഗദ.മൃഗദയെയാണ് നാം ലിയോപോര്ഡ്സ് എന്ന് നാം വിളിക്കുന്നത്. തരക്ഷു ബ്ലാക്കിഷ് റെഡ് ആണ് കളർ, ടൈഗറിനെ അപേക്ഷിച്ച് കുറച്ച് ചെറുതാണ്.
കരടി മൂന്നുതരത്തിലാണ്.. ഋക്ഷ, അച്ഛഭല്ലാ, ഭല്ലൂക.
റിനോസേഴ്ല്...രണ്ട് തരത്തിലാണ് ഉള്ളത്.. ഗന്ദക, ഖഡ്ഗ.
ഇനി ആനയുടെ ആണ്.. പതിമൂന്നുതരത്തിലാണ് ആനയെ പറയുന്നത്..ദന്തി, ദന്താവല, ഹസ്തി, ദ്വിരദ, ഗജ, ഭദ്രഗജ, മന്ദഗജ, മൃഗഗജ, സംകീര്ണഗജ, മതംഗജ, പദ്മി, ഇഭാ, സ്തംഭീരമ എന്നിവയാണവ
കുതിരകളാകട്ടെ ഏഴു തരത്തിലാണ്...തുരംഗ, അശ്വ, ഘോടക, അർവൻ, വഹ, ഗന്ധർവ, ഹയ എന്നിവയാണവ.
കാമൽസ് നാലു തരത്തിലാണ്..ഉഷ്ട്ര, ക്രാമെലക, ദസേരക, മഹംഗ
കഴുതകൾ മൂന്നു തരത്തിലാണ്..ഗര്ദ്ദഭ, ഖര, ഋഷഭ
പന്നികൾ മൂന്നു തരത്തിലുള്ളത് കാട്ടിലും എഴുതരത്തിലുള്ളത് നഗരങ്ങളിലും ആയിട്ടാണ് പറയുന്നത്..വരാഹ, സൂകര, കോല, പോത്രീ, കിടി, ദംഷ്ട്രീ, ഭൂദര, സ്വാവിത്, ഘൃഷ്ടി, സല്യ . അവസാനം പറഞ്ഞ മൂന്നെണ്ണം കാട്ടിലുള്ളതാണ്.
ബഫ്ഫല്ലോസ്.. അഞ്ചു തരത്തിലാണ്.. മഹിഷം, ലുലയാ, വഹദ്വിത്, കസര, സൈരിഭ
ബുള്ളോക്സ്- ഏഴുതരത്തിലുണ്ട്.. ഉക്ഷ, ബലീവര്ദ, ഋഷഭ, വൃഷ, അനഡ്വാൻ, മഹോക്ഷ, സൌരഭേയ,
അടുത്തത് പശുവാണ്.. ഗൌ, ധേനു
ആടുകൾ അഞ്ചു വിധത്തിലാണ്.. അജ, ഛാഗ, മേഷ, വൃഷേനി, ഏഡക
മാനുകളാകട്ടെ പതിനാലു തരത്തിലാണ്.. മൃഗ, കുരംഗ, , ഹരിണ, വടമൃഗ, കൃഷ്ണസാര, രുരു, ന്യന്കു, സഭര, രംകു, രോഹിതാക്ഷ, ഗോകര്ണ, ഏണ, ഗന്ധർവ ഇവയാണവ. ഇതോടൊപ്പം തന്നെ ഗന്ധർവ, സരഭ, രാമ, ശ്രീമര, ഗവയ എന്നിങ്ങനെയും മാനുകളുണ്ട്.
ശബര്മാർ നാലു തരത്തിലാണ്.. ചമര, കന്ദളീ, ചീന, പ്രിയക
ഇനി കുരങ്ങന്മാർ, എട്ടുതരത്തിലാണ്.. കപി, പ്ലവംഗ, സഖമൃഗ, വലീമുഖ, മര്കട, വാനര, കീസ, വേണുകാസ്
അടുത്തത് ജാക്കിള്സ്.. ആറുതരത്തിലാണ്.. ശൃഗാല, മൃഗധൂര്ത, വഞ്ജക, ക്രോഷ്ട്ര, ജംബൂക, ഫേരു ഇവയാണവ.
പൂച്ചകളെത്രതരത്തിലാണ് എന്നാണെങ്കിൽ അഞ്ചു തരത്തിലാണ് പറയുന്നത്..ബിഡാല, മാര്ജാല, ഓതു, അഖുഭുക്, മേഡക
എലികൾ.. നാലുതരത്തിലാണ്..ഉന്ദുരു, അഖു, മൂഷക, ചുച്ചുന്ദുരു,
പട്ടികളാകട്ടെ ശ്വാന, കുക്കുര, ശുനക, മൃഗദംസക, സാരമേയ, ഗ്രാമ്യമൃഗ,
ഇനി പക്ഷികളുടെ നോക്കിയാൽ...
ആദ്യം സ്വാൻ നോക്കാം.. ഹംസം, ചക്രാംഗ, മാനസവസി, രാജഹംസ, മല്ലികാക്ഷ, കദംബ, കളഹംസ
ഇനി ചക്രവാകപക്ഷി എന്നു പറയുന്നവ മൂന്നു തരത്തിലാണ്.. കോക, ചക്ര, രതംഗ
സാരസപക്ഷികളുയേും വലാകങ്ങളേയും നോക്കിയാൽ..
ഇന്ത്യൻ ക്രയിൻ പുഷ്കര, സാരസ. ബലാക, സാരംഗ, ചകോര, ബൃഹത് ചകോര, സരാരി, അതി,
ഗരുഡന്റെ ഭേദങ്ങളെ നോക്കിയാൽ..ഗരുഡ, വൈനതേയ, പന്നഗരി,
ഈഗിള്സിനെ നോക്കിയാൽ ഗൃധ്ര, ദക്ഷയാ, അതയി, ചില്ല
ഇനി ക്രയിനെന്റെ പേരുകൾ നോക്കിയാൽ ക്രൌഞ്ച, ബക, കഹ്വ, കുഞ്ച,
കാക്കകളാകട്ടെ പന്ത്രണ്ടു തരത്തിലാണ്.. കാക, കരട, ബലിപുഷ്പ, സകൃത്പ്രജ, ധ്വാക്ഷ, ആത്മഘോഷ, പരഭൃത്, വയസ, ചിരഞ്ജീവി, മൌകലി, ദ്രോണകാക, കാകോല
തത്തയാകട്ടെ മൂന്നു തരത്തിലാണ്.. ശുക, കീര, സരിക
കുക്കൂസ് നാലു തരത്തിലാണ്.. വനപ്രിയ, പരഭൃത്, കോകില, പിക
മയിലുകളാകട്ടെ ആറുതരത്തിലുണ്ട്.. മയൂര, ബര്ഹി, നീലകണ്ഠ, ഭുജംഗഭുക്, ശിഖവാല, കീകീ
അതായത് ആചാര്യന്മാർ ഓരോ ജീവികളേയും മനസ്സിലാക്കിയാണ് അവര്ക്ക് പേരുകൾ ഇട്ടിരിക്കുന്നത്..കാലങ്ങള്ക്കു മുന്പു തന്നെ അതിന്റെ വിശഷതകളെ തിരിച്ചറിഞ്ഞ് അതിനെ നമുക്ക് തിരിച്ചറിയുന്നതിനുവേണ്ടിയാണ് വാക്കുകളെ പ്രയോഗിച്ചിരിക്കുന്നത്.. അതായത് മര്കടൻ കപി വാനരെന്നു പറഞ്ഞാൽ എല്ലാം ഒന്നുമാത്രമാണ് ചിന്തിക്കരുത്. അതിന്റെ വിശേഷണം കൂടി മനസ്സിലാക്കണം.. ഇത് ഒരു ഗ്രന്ഥത്തെ മാത്രം ആധാരമാക്കി എഴുതിയതാണ്..ഇതുപോലെ കുതിരക്കും, പശുവിനും ആനയ്കും ഉള്പ്പടെ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഗ്രന്ഥങ്ങളുണ്ട് എന്ന് പറഞ്ഞാൽ എത്രയാകും പഠിക്കുവാൻ ശ്രമിച്ചിട്ടുണ്ടാകുക ..എല്ലാം ശരിയാകുമെന്നല്ല പക്ഷെ കാലത്തിനനുസരിച്ച് അവയെ മാറ്റം വരുത്തി ഉപയോഗിക്കാനായാൽ.. അത്രയെങ്കിലും റിസര്ച്ച് നടത്താനായിരുന്നെങ്കിൽ

ഗണപതിയും ശിവനും...

ഗണപതിയും ശിവനും...
ഗജാനനം ഭൂതഗണാദിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
ഇത് അറിയാത്തവർ ചുരുക്കമാകും.. കാരണം ശ്രീഗണപതിയെ നമിക്കണമെങ്കിൽ ആദ്യം നാം ചൊല്ലുന്ന ശ്ലോകങ്ങളിലൊന്നാണ് ഇത്..ഇതുചൊല്ലുന്ന സമയം എപ്പോഴും ചിന്തിച്ചിരുന്ന ഒന്നാണ് സൂക്ഷ്മമായ ഗണപതി എങ്ങിനെയാണ് ഈ കപിത്ഥഫലത്തിന്റെ സാരം ഭക്ഷിക്കുന്നത് എന്താണ് ഭൂതഗണാദിസേവിതം പറഞ്ഞിട്ട് പെട്ടെന്ന് കപിത്ഥഫലത്തെ ആചാര്യൻ പറയുന്നത്.... പാലകാപ്യം ചെയ്യുന്ന സമയം ആനയാണല്ലോ, വീണ്ടും അതെ സംശയം മുന്പിൽ.. എന്താകും യഥാര്ഥത്തിൽ അതിന്റെ അര്ഥം. ആരോടു ചോദിച്ചിട്ടും ഉത്തരം കിട്ടാതെ വന്നപ്പോൾ ക്ഷേത്രത്തിൽ ചെന്ന് ദേവിയോട് തന്നെ ചോദിച്ചു.. അവിടെ നിന്നിറങ്ങിയപ്പോൾ മനസ്സിൽ വളരെ രസകരമായി ചില അര്ഥങ്ങൾ തോന്നി.. ഇത് ശരിയാണെന്നോ സ്വീകരിക്കണമെന്നോ ഞാൻ പറയുന്നില്ല.... പക്ഷെ അര്ഥം ചിന്തിക്കുന്നത് രസകരമാണല്ലോ... വായിച്ചു നോക്കൂ.. ആദ്യം മുതൽ നോക്കാം..
ഗജാനനം എന്നതിൽ ഗജശബ്ദത്തിന് മദേ എന്നും സ്വനെ എന്നും രണ്ടര്ഥമാണുള്ളത്. ഇതിൽ സ്വനശബ്ദത്തിന് ശബ്ദം എന്നും ധ്വനിയെന്നോ അര്ഥം സ്വീകരിക്കാം. ആനനം എന്നാൽ അന് പ്രാണനെ പ്രാണനായിരിക്കുന്നത്. രണ്ടും ചേര്ത്താൽ നാദത്തിന്റെ സ്വരൂപം ആയിരിക്കുന്നത് സാക്ഷാത് പ്രണവസ്വരൂപം തന്നെയാണ്.. അതായിരിക്കുന്നത് സാക്ഷാത് ശിവൻ ആണ്.. അതാണ് നാദത്തിന്റെ പ്രാണനും..
ഭൂതഗണാദിസേവിതം.. ഭൂതശബ്ദം ശിവഭൂതവാചിയായോ പഞ്ചഭൂതമായോ സ്വീകരിക്കാം. സേവിതം എന്നതുകൊണ്ട് ആശ്രയിച്ചു നിൽക്കുന്നത് എന്നര്ഥം എടുത്താൽ ഇതിന് ആശ്രയമായിരിക്കുന്നവനാരോ അതാണ് എന്നര്ഥം. അതും നാദസ്വരൂപനായ ശിവൻ തന്നെ..
അടുത്ത് ആണ് എല്ലാവരേയും കുഴക്കുന്ന ഒന്ന് എന്താണ് കപിത്ഥജംബൂഫലസാരഭക്ഷിതം.. കപിത്ഥം എന്നതിന് ദധിത്ഥം എന്നാണ് അമരം..അതായത് ദധിവര്ണോ ദ്രവ്യാസ്തിഷ്ഠന്ത്യസ്മിന്നിതി.. തദ്ദ്രവസ്യ ദധിവര്ണത്വാത് തഥാത്വം.. അതായത് ദധിയുടെ വര്ണമായ ദ്രവം യാതൊന്നിലാണോ സ്ഥിതിചെയ്യുന്നത് അത്. എന്താ അത്... തിരയോടു ഒപ്പം പതഞ്ഞു പൊങ്ങുന്നത് എന്നാ .. പത തന്നെ ... അത് എങ്ങിനെയാണ് സ്ഥിതിചെയ്യുന്നത് .. അടുത്ത വാക്കു യോജിപ്പിച്ചു നോക്കൂ.. കപിത്ഥജംബൂ.. ജംബൂ ശബ്ദം ജമ് എന്ന ധാതുവിൽ നിന്നാണ്.. അതിന് രണ്ട് അര്ഥമാണുള്ളത് ജമ് അദനേ അതായത് ബന്ധനം എന്നും വ്യാപ്തം എന്നും.. അപ്പോൾ വെളുത്ത ദ്രവമായി വ്യാപിച്ചിരിക്കുന്നത് ആണ്.. വെളുത്ത വര്ണത്തോടു കൂടിയ ദ്രവം എന്തിലാണ് വ്യാപിച്ചിരിക്കുന്നത്.. ആലോചിച്ചു നോക്കു.. സംശയം എന്താ സമുദ്രം...
ഇനി ഇത് പോരാ കപിത്ഥശബ്ദത്തിന്റെ സമാസം തന്നെ വേണമെന്നാണെങ്കിൽ കാ ദുദകാത് ഭൂമിം പാതി ഉദ്ധരതി, അതായത് ജലം കൊണ്ട് ഭൂമിയെ രക്ഷിക്കുന്നത് അല്ലെങ്കിൽ ഉദ്ധരിക്കുന്നത് കപിത്ത്ഥം. എങ്ങിനെ വ്യാപിച്ച് .... അപ്പോഴും സമുദ്രം..
അടുത്ത വാക്കെന്താ ഫലസാരം..ഫലം എന്നാൽ ഫല നിഷ്പത്തൌ ഉണ്ടായത്..സമുദ്രത്തിൽ നിന്നുണ്ടായത്.. സമുദ്രത്തിൽ നിന്ന് എന്താണുണ്ടായത് സാരം, സാരം എന്നാൽ വിഷം.സമുദ്രത്തിൽ നിന്നുണ്ടായ വിഷം.. എന്താ ചെയ്തിരിക്കുന്നത് ഭക്ഷിതം.. ഭക്ഷിതം എന്നാൽ ഗിലിതം...ഗില് എന്നാൽ വിഴുങ്ങിയത്.. ഇനി ഒന്നു കൂട്ടിവായിച്ചു നോക്കൂ.. സമുദ്രത്തിൽനിന്നുണ്ടായ വിഷത്തെവിഴുങ്ങിയതാരാ..കാളകൂടവിഷത്തെ വിഴുങ്ങിയ സാക്ഷാത് ശിവൻ.. നീലകണ്ഠൻ... കപിത്ഥജംബൂഫലസാരഭക്ഷിതം ആരാ, നീലകണ്ഠൻ...
അടുത്തത് ഉമാ സുതം.. സുതം എന്നാൽ പുത്രനെന്നു മാത്രമല്ല അര്ഥം സംബദ്ധം എന്നു കൂടിയുണ്ട്.. അപ്പോ ആരാണ് ഉമയുമായി സംബദ്ധം ചെയ്തിരിക്കുന്നത് ആരാണ്, ശിവൻ...അടുത്തത് എന്താണ്.. ശോകവിനാശകാരണം.. എന്താണ് ശോകം.. ചിത്തവികലത...വിനാശം എന്നാൽ ധ്വംസം..കാരണം എന്നാൽ യേന വിനാ യന്ന ഭവതി തത്. യാതൊന്നില്ലാതെ ഒന്നും സംഭവിക്കില്ലയോ അത്.. സാക്ഷാത് പരാശിവനില്ലാതെ യാതൊന്നും നടക്കില്ല... അപ്പോ സകല ശോകങ്ങളേയും ധ്വംസനത്തിന് മൂലഭൂതമായി ഇരിക്കുന്നത് ആരാണ്... പ്രണവസ്വരൂപമായ ശിവൻ തന്നെ.. എന്താണ് നാം ചെയ്യാൻ പോകുന്നത്.. നമാമി. ഞാൻ നമസ്കരിക്കുന്നു.. ആരെയാണ് വിഘ്വേശരനെ.. സർവമംഗളമൂര്ത്തിയായി വിലസുന്ന ശിവന്റെ പാദപങ്കജത്തെ..
ആ ശിവൻ തന്നെയാണ് ശാന്തവും അനന്തവും അച്യുതവും പരാത്പരവും ജ്ഞാനമയവുമായി ഇരിക്കുന്നത്. അദ്വൈതവും അവ്യഗ്രവും അചിന്ത്യരൂപവും സാരവും അതല്ലാതെ മറ്റൊന്നല്ല.. യാതൊന്നാലാണോ ഈ വിശ്വം ഉണ്ടാകുന്നതും ലയിക്കുന്നതും സ്ഥിതിചെയ്യുന്നതും അതും അതേ പരമേശശക്തി തന്നെ. എപ്രകാരമാണോ ആകാശം മേഘത്തെ ധരിക്കുന്നത് അതുപോലെ ഈ വിശ്വത്തെ ധരിച്ചിരിക്കുന്നതും ആ പരമേശ്വരൻ തന്നെയാണ്.. സകലാനന്ദസ്വരൂപിണിയായ ദേവിയുമായി വാക്കും അര്ഥവുമെന്ന പോലെ ചേര്ന്നിരിക്കുന്ന ജഗത്തിന്റെ പിതാവായ സർവമംഗളസ്വരൂപനായ ആ പരമേശ്വരന്റെ പാദപങ്കജങ്ങളെ ഞാൻ ശിരസാ നമിക്കുന്നു.. ഹരി ഓം

എലിഫന്റ് ലോർ ഓഫ് ദി ഹിന്ദൂസ്

ഇന്ന് ഫ്രാങ്ക്ലിൻ എഴുതിയ എലിഫന്റ് ലോർ ഓഫ് ദി ഹിന്ദൂസ് എന്ന പുസ്തകം വായിക്കുകയായിരുന്നു.. മാംതഗലീലയെ ആധാരമാക്കിയാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഇതിൽ അദ്ദേഹം പ്രിഫേയ്സിൽ എഴുതിയ ഒരു സെന്റന്സാണ് എന്നെ അത്ഭുതപ്പെടുത്തിയത്.. The Hindus knew nothing of the internal anatomy of the elephant, to judge from the works known to me..
അത്ഭുതം തോന്നിയതിന് കാരണം എന്താണെന്നാണെങ്കിൽ ഒരു അദ്ധ്യായമുണ്ട് പാലകാപ്യത്തിൽ. അതിൽ ശിഷ്യൻ ചോദിക്കുന്ന ചില സംശയങ്ങളെ വായിച്ചുനോക്കൂ.. എന്നിട്ട് ഈ ചോദ്യത്തിനു മറുപടി പറയണ ആചാര്യന് വിവരമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് സ്വയം ചിന്തിച്ചാൽ മതി...
ഗര്ഭം എങ്ങിനെ സംഭവിക്കുന്നു.. സംഭവിച്ചത് എങ്ങിനെ ജീവിക്കുന്നു. ഗര്ഭസ്ഥ ശിശുവിന് ഏത് അവയവം ആദ്യമായുണ്ടാകുന്നു. മാതൃജമായത് ഏതൊക്കെയാണ്.. പിതൃജമായത് ഏതൊക്കെയാണ്.. എത്ര കൊമ്പുകളാണ്.. എത്ര നഖങ്ങളാണ്.. എത്ര മര്മ്മങ്ങളാണ്... വായു ഇരിക്കുന്ന സ്ഥലമേതാണ്.. ഏത് പേശിയിലാണ്.. മൂത്രമൊഴിക്കുന്നത് എങ്ങിനെയാണ്.. എഴുന്നേൽക്കുന്നതും കിടക്കുന്നതും ഇരിക്കുന്നതും എല്ലാം എങ്ങിനെയാണ്.. ആരാണ് ബാലൻ.. എത്ര രോമങ്ങളും കോശങ്ങളുമുണ്ട്.. എത്ര സ്രോതസ്സുകളുണ്ട്.. ഉറക്കം ഉണ്ടാകുന്നത് എങ്ങിനെയാണ്.. ഈ അദ്ധ്യായത്തിൽ ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലത് മാത്രമാണ് ഇത്.. ഇതിന്റെ വിശദമായ ഉത്തരമാണ് ഈ ഒരു അദ്ധ്യായത്തിന്റെ പ്രതിപാദ്യം..
ഇനി ആനകളുടെ ശരീരശാസ്ത്രത്തെ മാത്രം പറയുന്ന ഒരു അദ്ധ്യായമുണ്ട്..പ്രദേശവിജ്ഞാനം
ഉദാഹരണത്തിന്...പ്രദേശങ്ങളിൽ ആദ്യം അംഗുലി.. തുമ്പിയുടെ അറ്റത്തെഭാഗം ആണ് തുമ്പിക്കൈ.. അംഗുലിയുടെ ഉള്ഭാഗം വര്ത്മം.. അതിന്റെ തൊട്ട് സ്രോതസ്സ്. സ്രോതസ്സിന്റെ ഉള്ഭാഗം സ്രോതോന്തരം അഥവാ പുഷ്പകരം. പുഷ്കരത്തിന്റെ മദ്ധ്യത്തിൽ രാജി. അംഗുലിയുടെ മുകളിൽ ഗണ്ഡൂഷം. ഗണ്ഡൂഷത്തിന്റെ പാര്ശ്വഭാഗങ്ങളിൽ ശ്രീ. മുകളിൽ ബഹിഷ്കര്മം. ഇടത് ആകര്ഷം. വലത് പരികര്ഷം. പിന്ഭാഗത്ത് ഉപകര്ഷം തുമ്പിടുയെ നടുവിൽ സംഭോഗം.അതിന്റെ പാര്ശ്വഭാഗങ്ങളിൽ ഹസ്തബാഹു. ഉള്ഭാഗം സംഭോഗാന്തരം അതിനു മുകളിൽ ത്രിരാജി. ത്രിരാജിയുടെ മുകളിൽ പർവം. അതിനു മുകളിൽ പൃഥുഹസ്തം. പൃഥഹസ്തത്തിന്റെ ഉള്വശം അതിഹസ്തം. അതിന്റെ ഉള്വശം രാജികൾ. ഇങ്ങിനെ അംഗുലി മുതൽക്കുള്ള ആനയുടെ ഇരുപത്തിയെട്ടു പ്രദേശങ്ങളിൽ ചിലതാണ് മുകളിലെഴുതിയത്.... ഇതുപോലെ ഓരോന്നിനും അതായത് വായ്, കൊമ്പുകൾ, മുഖം, കണ്ണുകൾ ശിരസ്, ചെവി, കഴുത്ത് മാറിടം തുടങ്ങി ആനയുടെ സകല ശരീരാരവയങ്ങളേയും അകത്തേയും പുറത്തേയും പ്രത്യേകം പ്രത്യേകം പറയുന്നുണ്ട് ഈ ഗ്രന്ഥത്തിൽ..
നട്ടെല്ലിന്റെ പാര്ശ്വങ്ങളിൽ തത്പലം. വംശത്തിന്റെ മുകളിൽ കുവംശം. കുവംശത്തിന്റെ മദ്ധ്യത്തിൽ പശ്ചമാസനം. പശ്ചമാസനത്തിൽ നിന്ന് വെറെ ത്ര്യസ്ഥി. അതുകളുടെ രണ്ട് പാര്ശ്വങ്ങളിൽ ഉത്കൃഷ്ടം. അസ്ഥിയുടെ അറ്റത്ത് ലംഗൂലവംശം. ലാംഗൂലവംശത്തിന്റെ കീഴ്ഭാഗത്ത് ലാംശുലസന്ധി. ലാംശൂലസന്ധിയുടെ താഴെ പേചകം. പേചകത്തിന്റെ താഴെ ഗുദം. ഗുദത്തിന്റെ താഴെ കരീഷപ്രസ്രാവം.. ശരീരത്തിന്റെ മദ്ധ്യഭാഗത്ത് കക്ഷാഭാഗങ്ങൾ..അതിന്റെ വശങ്ങളിൽ കരണങ്ങൾ..പിൻകാലുകളിൽ പ്രതിബന്ധമായി പര്യുകങ്ങൾ.. പക്ഷങ്ങളുടെ മുകളിൽ അവതാരം...അതിന്റെ പിന്ഭാഗത്ത് കുക്ഷി. കുക്ഷിയുടെ മദ്ധ്യത്തിൽ നിഷ്കോശം.. അനന്തരം സകോശം. അതിനു മുകളിൽ മൃദുകുക്ഷി. വശത്തിന്റെ പിന്ഭാഗത്തെ ആശ്രയിച്ച് പക്ഷസന്ധി. ഇങ്ങിനെ നാല്പത്തിയഞ്ച് പ്രദേശങ്ങളും അവയുടെ പ്രവര്ത്തികളും..
ഇതെല്ലാം കാര്യകാരണ സഹിതം പറയുന്ന ആചാര്യന്മാര്ക്ക് ആനയുടെ ശരീരശാസ്ത്രം അറിയില്ലായെന്ന് തന്നെ പറയണം..
ഇവിടെ കൊണ്ടും തീര്ന്നിട്ടില്ല...
ആനയ്ക് മുഞ്ജ എന്ന കണ്ണുരോഗം വരാറുണ്ട്. സാമാന്യം ആയി ഈ വ്യാധി വന്ന് ചികിത്സ കൃത്യമായി ചെയ്തില്ലായെങ്കിൽ കണ്ണിന്റെ കാഴ്ച നശിക്കുകയാണ് പതിവ്.. ഇതിന് ആചാര്യൻ പറയുന്നത് ശസ്ത്രപ്രയോഗാദികൾ കൂടാതെ സുഖം പ്രാപിക്കുന്നതല്ല എന്നാണ്.. എങ്ങിനെയാണ് അത് ചെയ്യുന്നത് എന്നാണെങ്കിൽ... ആനയുടെ അമരവും നടയും കുറ്റിയിൽ ബന്ധവസ്സാക്കി കൊമ്പുമുതൽ വാൽ വരെ അനങ്ങാത്ത വിധത്തിൽ കെട്ടിയിട്ട് ബിഡിശം കൊണ്ട് കണ്ണ് അകത്തി നൂലു കൊണ്ട് കെട്ടിയ വ്രീഹിമുഖം എന്ന ശസ്ത്രം കൊണ്ട് കടക്കണ്ണിന്റെ ഭാഗത്തിൽ നൂലുപോലെ സഞ്ചരിക്കുന്ന കൃമിയെ എടുക്കണം എന്നാണ്.. തുടര്ന്ന് ശസ്ത്രം കൊണ്ട് വേധിച്ചതായ ഭാഗത്തെ കഴുകി അതിനെ വസ്ത്രം കൊണ്ട് എങ്ങിനെ മറക്കണമെന്നും ഉപചരിക്കണമെന്നും ആചാര്യൻ വിശദീകരിക്കുന്നു...
അതായത് രാമായണ കാലത്ത് ജനകമഹാരാജാവിന്റെ സമകാലീനനെന്നു വിശേഷിപ്പിക്കുന്ന രോമപാദരാജാവിന് ഉപദേശിക്കുന്ന പാലകാപ്യത്തിൽ പോലും ആനയുടെ ഓരോ ഭാഗത്തിലും വരുന്ന അസുഖങ്ങളെ കുറിച്ചും മരുന്നുകളും ഒപ്പം ശസ്ത്രക്രിയയും അതിന്റെ തുടര്ന്നുള്ള ഉപചരണവും വിശദീകരിക്കുമ്പോഴാണ് ഭാരതത്തിൽ ആനയുടെ ആന്തരികമായ അനാട്ടമി അറിയില്ലായെന്നു പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.. മാതംഗലീല, ഗജശാസ്ത്രം സോമദേവന്റെ യശസ്തിലകം, കൌടില്യന്റെ അര്ഥശാസ്ത്രം എന്നിവയെല്ലാം നോക്കിയപ്പോഴും ആന ചികിത്സയിലെ ആധികാരിക ഗ്രന്ഥമെന്നു ഭാരതത്തിൽ വിശേഷിപ്പിക്കുന്ന പാലകാപ്യം നോക്കാതെ ഭാരതത്തിൽ ഉള്ള റിസര്ച്ച് വര്ക്ക് വരെ നോക്കിയെന്നും, ആര്ക്കും തന്നെ ആനയുടെ ആന്തരികവിജ്ഞാനം ഇല്ലായെന്നു പറയുമ്പോഴാണ് അത്ഭുതം തോന്നുന്നത്..ആരേയും കുറ്റം പറയുവാനാകില്ല.. ഇതെല്ലാം ഉണ്ടായിട്ടും ഈ വിഷയത്തിലൊന്നും തന്നെ റിസര്ച്ച് നടത്താതത് നമ്മുടെ കുറവ്.. ആകെയുള്ള ആശ്വാസമെന്താണെന്ന് ആണെങ്കിൽ എഴുതിയ വ്യക്തി to judge from the works known to me..എന്ന് എഴുതിയിരിക്കുന്നതാണ്... അത് തന്നെ മഹാഭാഗ്യം...
കേരളത്തിൽ ആധുനിക ശാസത്രാനുസാരവും അതുപോലെ ഭാരതീയ പാരമ്പര്യത്തിലധിഷ്ഠിതമായി ഗജ ചികിത്സ നടത്തുന്നവരും ആയ ആന ചികിത്സകന്മാർ ഉണ്ടായിരിക്കെ ഇതെല്ലാം കാണാതെ പോകുന്നതാണ് ഏറ്റവും പരിതാപകരം..

അന്നപൂർണേ മഹാപൂർണേ...

അന്നപൂർണേ മഹാപൂർണേ...
ഓച്ചിറ പരബ്രഹ്മ മൂർത്തിയെ തെണ്ടികളുടെ ദൈവം എന്ന് വിളിച്ചു എന്നതാണ് ഇന്നത്തെ ഏറ്റവും കൂടുതൽ ഫെയ്സ് ബുക്ക് പോസ്റ്റ്..ഇതിനൊക്കെ ഉത്തരം പറയുക സാധ്യമല്ല.. ജീവിതാചരണം ആണ് ഇതിനൊക്കെയുള്ള ഒരെ ഒരു മാര്ഗ്ഗം.. അവര്ക്കെ ഇത് മനസ്സിലാകൂ..
പഠന സമയത്ത് 40 ദിവസം ഏറ്റവും കുറഞ്ഞത് ഭിക്ഷ എടുത്തു ജീവിക്കണമെന്നായിരുന്നു നീയമം. അത് സാമാന്യമായ ഭിക്ഷയെടുക്കലല്ല.. ഏഴു പേരുടെ അടുത്ത് മാത്രമേ ഭിക്ഷ ചോദിക്കാവൂ.. ആ ഏഴു പേരു ഭിക്ഷ തന്നില്ലായെങ്കിൽ പിന്നെ ഭിക്ഷ ചോദിക്കരുത്.. അതായത് അന്ന് പട്ടിണി കിടക്കണം.. ഇനി ആരെങ്കിലും ഒരു ദോശയാണോ റൊട്ടിയോ മാത്രമാണ് തന്നത് എങ്കിൽ അതുമാത്രമാകും അന്നത്തെ ഭക്ഷണം..പിന്നെ രണ്ടാമത് ആരോടും ചോദിക്കാൻ പാടില്ല.. ധരിക്കുന്നത് ഒറ്റവസ്ത്രമാണ്.. കൂടെ ഒരു കൊച്ചു തോര്ത്തും പിടിക്കാറുണ്ട്..അത് കുളിക്കുമ്പോൾ കുളിച്ച് കഴിഞ്ഞ് വസ്ത്രം കഴുകി ഉണങ്ങുന്നതുവരെ ഉടുക്കാൻ വേണ്ടിയാണ്..കിടക്കുന്നത് മുന്കൂട്ടി പറയുന്ന സ്ഥലത്താകരുത്...അന്നന്നു കിട്ടുന്നസ്ഥലത്ത് ഉറങ്ങണം.. രാത്രി ഉറങ്ങുന്ന സമയം തല തറയിൽ മുട്ടരുത്.. തലയിണ ഉപയോഗിക്കുകയുമരുത്... അപ്പോ ആകെയുള്ള വഴി കൈ എപ്പോഴും തലക്കു കീഴെ വക്കുക എന്നതാണ്..ഇതിന്റെ ഗുണം എന്താണെന്ന് ആണെങ്കിൽ കുറച്ചു നേരം ആകുമ്പോ കൈ കഴക്കും..നാം സ്വയം അറിയാതെ എണീക്കും.. ശ്വാന നിദ്ര എന്ന് കേട്ടിട്ടില്ലെ അതു പോലെയാകും നമ്മൾ.. ഇത് ചെയ്യുന്നത് കാശില്ലാത്ത സമയം അല്ല, മാസം അന്പതിനായരത്തിലധികം മാസശമ്പളം മേടിക്കുന്ന, ലക്ഷക്കണക്കിന് രൂപ എടിഎം കാര്ഡിൽ ഉള്ളപ്പോഴാണ്..
ഭിക്ഷ ചോദിക്കുവാൻ കൈ നീട്ടുമ്പോൾ, അന്ന് ഏഴു പേരുടെ അടുത്ത് നിന്ന് ഭിക്ഷ കിട്ടിയില്ല എങ്കിൽ നാം അന്ന് പട്ടിണിയാണെന്ന് നമുക്ക് നല്ല ബോധ്യം ഉണ്ടാകും..ഒരു ദിവസം ഭക്ഷണം കിട്ടാതെയാകുമ്പോൾ രാത്രി ചിന്തിക്കുക അടുത്ത ദിവസം എങ്കിലും കിട്ടണേയെന്നാണ്.. വിശപ്പിന്റെ വിളിയെന്താണെന്ന് അന്ന് രാത്രി മനസ്സിലാകും അതുപോലെ അന്നം എന്താണെന്നും.. ഭിക്ഷയായി ഒരു ചപ്പാതി കിട്ടുന്ന സമയം ഉണ്ടല്ലോ ലോകത്തെ ഏറ്റവും സ്വാദേറിയ ഭക്ഷണം നമുക്ക് അതാണ്.. ഉപ്പോ പുളിയോ ഒന്നും നോക്കാനുള്ള സമയം കിട്ടില്ല.. നാം അന്നുവരെ അറപ്പോടും വെറുപ്പോടും നോക്കിയവരുടെ അടുത്ത് നിന്നാണോ അന്നം മേടിച്ചത് എന്നു പോലും നാം നോക്കിയെന്നു വരില്ല..
ഒരു അസുഖം വന്നാൽ...ഒന്നു കാലിടറിയാൽ തീരുന്നതേയുള്ളു നാം നാം എന്റെ എന്റെ എന്നു വിളിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ.. ഒരു ദിവസം എങ്കിലും ജീവിതത്തിൽ അനുഭവിച്ചവനെ നാം ഉപയോഗിക്കുന്ന വാക്കിന്റെ യഥാര്ഥ അര്ഥം മനസ്സിലാകൂ..അത് മനസ്സിലായാൽ ഒരു വ്യക്തിയേയും നാം പിന്നെ ആ രീതിയിൽ നോക്കില്ല.. സ്വയം കഴിക്കുന്നതിനുമുന്പ് മുന്പിൽ അന്നം കഴിക്കാത്ത ഒരു പട്ടികുട്ടിയെ കണ്ടാൽ പോലും അന്നം കൊടുത്തെ നമുക്ക് കഴിക്കാനാകൂ.. അന്ന പൂര്ണേ മഹാപൂര്ണേ എന്ന് നാം വിളിക്കുന്നത് ഒരു വിഗ്രഹത്തെയല്ല വിശക്കുമ്പോൾ നമുക്ക് അന്നം തരുന്ന എല്ലാവരേയും കണക്കാക്കിയാണ് എന്ന് മനസ്സലാകണമെങ്കിൽ ഒന്നോ രണ്ടോ ദിവസം ആ രീതിയിൽ ജീവിച്ചു നോക്കണം. അപ്പോഴേ നാം കളയുന്ന അന്നത്തിന്റെ വില മനസ്സിലാകൂ..ഒപ്പം വിശപ്പിന്റെ വിലയും.. അതുപോലെ നാം ഇപ്പോ വിളിക്കുന്ന പേരിന്റെ അര്ഥതലങ്ങളും

നവരാത്രി..ഒരു വിചിന്തനം..

നവരാത്രി..ഒരു വിചിന്തനം..
നവരാത്രി ദിവസങ്ങളിലെ വ്യത്യസ്തങ്ങളായ ദേവതാ ഭാവങ്ങളെ ശരീരവിചിന്തനം ചെയ്യാനാകുമോ എന്ന് ഒരു സുഹൃത്ത് സംശയമായി ചോദിച്ചു....പ്രത്യേകിച്ച് ശൈലപുത്രിയേയും കൂഷ്മാണ്ഡയേയും എല്ലാം സൂക്ഷ്മമായി ചിന്തിക്കുക എന്നതും വിവരിക്കുക എന്നതും അസാധ്യവുമാണ്. ഓരോ തലമെത്തുമ്പോഴും ഗുരുനാഥന്മാരാണ് ഇതിലെ സൂക്ഷ്മതലങ്ങളെ നിർവചിച്ചു തരിക.. എഴുതുന്നതിനുള്ള പരിമിതിയുള്ളതുകൊണ്ട് തന്നെ വിഷയം പൂര്ണമാക്കുക സാധ്യവുമല്ല. എന്നിരുന്നാലും ഇതും തത്ത്വബോധത്തിനുള്ള വഴിയാണ് എന്ന് മനസ്സിലാക്കാനുപകരിക്കും.. വിഷയവ്യാപ്തിയുള്ളതുകൊണ്ട് തന്നെ പോസ്റ്റ് വലുതാകുക സ്വാഭാവികം..നാമാര്ഥം, ശബ്ദരൂപാര്ഥം, നാമൈകദേശാര്ഥം, സമസ്താര്ഥം, സഗുണാര്ഥം, നിഗര്ഭാര്ഥം, രഹസ്യാര്ഥം ഇങ്ങിനെ ഒരുപാടു തരത്തിൽ പറയാറുണ്ട്.. ഇവിടെ നാമാര്ഥവാചിത്വവും ശബ്ദരൂപാര്ഥവും ഏകദേശാര്ഥവും മാത്രമാണ് അറിയുന്നതുപോലെ യോജിപ്പിക്കുവാൻ ശ്രമിച്ചിട്ടുള്ളത്.. തെറ്റുസംഭവിച്ചു എങ്കിൽ അറിവുള്ളവർ സദയം ക്ഷമിക്കുക..
ദേവതാഭാവം പറയുന്നതിനു മുന്പ് ആദ്യമെ ചിന്തിക്കേണ്ടത് നവരാത്രി എന്താണ് എന്നാണ്..
നവരാത്രിവ്രതം എന്നാണ് പറയുന്നത്.. വ്രതം എന്നാൽ വ്രിയതെ ഇതി വ്രതഃ. വരിക്കുന്നതാണ് വ്രതം..സ്വയം വരിക്കുന്ന അല്ലെ വരിക്കപ്പെടേണ്ട ഒന്നാണ്.. ഇനി നവരാത്രം എന്ന ശബ്ദത്തെ നോക്കിയാൽ നവാനാം രാത്രീണാം സമാഹാരഃ. തത് സാധനത്വേനാസ്ത്യസ്യേതി. അതായത് ഒന്പതു രാത്രികലിലെ സാധനയാണ് നവരാത്രം എന്ന് മനസ്സിലാക്കാമല്ലോ..
ഇതിൽ ഒന്പതു ദേവിമാരെയാണ് പൂജിക്കുന്നത്.. ശൈലപുത്രീ, ബ്രഹ്മചാരിണീ, ചന്ദ്രഘണ്ടാ, കുഷ്മാണ്ടീ, സ്കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൌരീ, സിദ്ധിദാ, അവസാനത്തെ ദുര്ഗാ...ഇതിന്റെ തത്ത്വത്തെ യോജിപ്പിച്ചു നോക്കാം..
ആദ്യം ശൈലപുത്രിയാണ്.. ശൈലശബ്ദത്തെ പർവതമായി സ്വീകരിച്ചതുകൊണ്ടാണ് ആദ്യമേ സംശയം വരുക. നമുക്ക് വ്രതത്തെ ചിന്തിച്ചാൽ ചേരുക പർവതം അല്ല ജപാദികളാണ്.. അപ്പോൾ ശൈലശബ്ദം വ്രതാര്ഥവുമായി ചേരുമ്പോഴേ പൂര്ണമാകൂ.. ശീലം എന്ന വാക്കുകേട്ടുകാണുമല്ലോ.. അത് വന്നിരിക്കുന്നത് ഏതിൽ നിന്നാണ് എന്നറിയാമോ.. ശീല സമാധൌ. യഃ ശീലതി സദാ ധര്മ്മമിതി, അതായത് ആരാണോ എല്ലായിപ്പോഴും ധര്മ്മത്തെ ചെയ്യുവാൻ ശീലിക്കുന്നത് അതാണ് ശീലം. അത് സാമാന്യമായി പതിമൂന്നു തരത്തിലാണ്. ബ്രഹ്മണ്യതാ, ദേവപിതൃഭക്തതാ, സൌമ്യതാ, അപരോപതാപിതാ, അനസൂയതാ, മൃദുതാ അപാരുഷ്യം, മൈത്രതാ, പ്രിയവാദിത്വം, കൃതജ്ഞതാ, ശരണ്യതാ, കാരുണ്യം, പ്രശാന്തി എന്നിങ്ങനെ പതിമൂന്നു തരത്തിലാണ്.. ഇതാണ് ശീലം..ഇതിൽ നിന്നുണ്ടാകുന്ന ഭാവമാണ് ശൈലം. ഇനി ശീലത്തിന്റെ ധാത്വര്ഥരൂപമായ സമാധിയുയെ അര്ഥത്തെ നോക്കിയാൽ നോക്കിയാൽ ഏകാഗ്രതയോടു കൂടി മനസിന്റെ സ്ഥാപനം. ഇന്ദ്രിയ നിരോധനം എന്നു തന്നെ ആചാര്യന്മാർ പറയുന്നു. വ്രതത്തിന്റെ ആദ്യപടിയും അതു തന്നെ..അടുത്തത് പുത്രീ ശബ്ദമാണ്..
പുത്രീ ശബ്ദം സാമാന്യമായി പുത്രശബ്ദത്തെ പോലെ തന്നെ പൂ എന്ന ധാതുവിൽ നിന്നാണ് വന്നിരിക്കുന്നത്. പുത് എന്ന നരകത്തിൽ നിന്ന് ത്രാണനം ചെയ്യുന്നത് എന്നെല്ലാമാണ് ഇതിന് സാമാന്യം അര്ഥം പറയാറുള്ളത്..ശരിക്കും പൂ എന്ന ധാതുവിന് ശോധ എന്നാണ് അര്ഥം പറയുന്നത്, ശോധനം എന്നാൽ ശുദ്ധീകരണം.. എന്താണ് ആ ശുദ്ധീകരണം..പ്രത്യേകിച്ച് വ്രതഭാഗത്ത്...
അഭക്ഷ്യപരിഹാരസ്തു സംസര്ഗശ്ചാപ്യനിന്ദിതൈഃ.
സ്വധര്മ്മേ ച വ്യവസ്ഥാനം ശൌചമേതത് പ്രകീര്ത്തിതം.
സത്യശൌചം മനഃശൌചം ശൌചമിന്ദ്രിയനിഗ്രഹഃ.
സർവഭൂതദയാശൌചം ജലശൌചന്തു പഞ്ചമം
അതായത് ഭക്ഷ്യങ്ങളല്ലാത്ത വസ്തുക്കളെ കഴിക്കാതെ ഇരിക്കുക, നിന്ദ്യമായ സംസര്ഗത്തെ ഉപേക്ഷിക്കുക സ്വധര്മ്മത്തെ ആചരിക്കുക ഇവയാണ് ശൌചം. ഇതുകൂടാതെ സത്യം, മനസ്, ഇന്ദ്രിയനിഗ്രഹം, സർവഭൂതദയ, ജലം എന്നീ അഞ്ചു ശൌചങ്ങളോടു കൂടി പൂര്ണമായി ശുദ്ധിയുണ്ടാക്കുക.. അപ്പോൾ ആദ്യത്തെ ദിവസത്തെ വ്രതചര്യ എന്നതുകൊണ്ട് സമാധിസ്വരൂപമായ ശീലത്തെ സ്വീകരിച്ച് ശുദ്ധിയെ ഉണ്ടാക്കുക.
ദേവതാഭാവത്തിൽ ചിന്തിക്കുന്നവര്ക്ക് ദേവി ധരിച്ചിരിക്കുന്ന ഗുണസ്വരൂപത്തെ ആശ്രയിച്ചും ഇതിൽ യോജിപ്പിക്കാവുന്നതാണ്.. സാമാന്യമായി ദശഭേദത്തേയും വിശേഷഭേദത്തേയും ആശ്രയിക്കണമെന്നാണ് പറയുന്നത്. ഉദാഹരണത്തിന് ത്രിഗുണം, ശക്തി, ഖഡ്ഗം, ദുര്ഭേദ്യ, അനുഗ്രഹം, വിധി, മായാ, വിവരണം, വര്ണ്ണം, സംഹാരം എന്നിങ്ങനെ ഈ ഗുണങ്ങൾ പത്തുതരത്തി ലാണുള്ളത്. ത്രിഗുണം കൊണ്ട് ശൂലത്തെ ഗ്രഹിക്കുന്നു. പരശു കൊണ്ട് ശക്തിയേയും, ഈശ്വരപ്രതാപം ഖഡ്ഗം കൊണ്ടും, ദുര്ഭേദ്യസ്ഥലഗ്രഹണം വജ്രം കൊണ്ടും, ഈശ്വര ന്റെ അനുഗ്രഹം അഭയമുദ്രയെ കൊണ്ടും, വിധിയെ നാഗം കൊണ്ടും, മായയെ പാശം കൊണ്ടും, അംകുശം കൊണ്ട് വിവരണത്തേയും, വര്ണ്ണപദം കൊണ്ട് നാദത്തേയും, സംഹാരശബ്ദം കൊണ്ട് അഗ്നിയേയും ഗ്രഹിക്കുന്നു. ഇതുപോലെ ധരിച്ചിരിക്കുന്നതും വാഹനത്തേയും എല്ലാം ചിന്തിച്ച് അതിന്റെ തത്ത്വത്തെ ബോധിക്കണമെന്നാണ് നീയമം. എങ്ങിനെയെന്നാണെങ്കിൽ ദേവിയുടെ വാഹനം.. ഋഷഭം ആണ്.. ഋ ഗതൌ എന്നാണ്.... ഈ രീതിയിൽ ഗമനസ്വരൂപമായ വാതത്തെ യോജിപ്പിച്ച് തത്ത്വത്തെ സ്വീകരിച്ചുകൊള്ളണം.
രണ്ടാമത് ബ്രഹ്മചാരിണീ.. തപശ്ചരിണീ അപര്ണാ എന്നും ഉമയെന്നും വിളിക്കുന്നത് ഇതെ ദേവിയെ തന്നെയായി ആചാര്യന്മാരു പറയുന്നു.. വേദേഷു ചരതേ യസ്മാത് തേന സ ബ്രഹ്മചാരിണീ.. വേദമര്ഗ്ഗത്തിൽ ചരിക്കുന്നതിലാണ് ദേവി യെ ബ്രഹ്മചാരിണീ എന്ന് വിളിക്കുന്നത്.. വേദം എന്നാൽ ജ്ഞാനം തന്നെയാണ്..ജ്ഞാനത്തിൽ ചരിക്കണം..അപ്പോൾ സാധകൻ പൂര്ണമായി ജ്ഞാനത്തിൽ ചരിക്കണം.
ഇനി ബ്രഹ്മചര്യം എന്ന വ്രതഭാഗത്തെ ചിന്തിച്ചാൽ ബ്രഹ്മചര്യം...അതിന്റെ സ്വഗുണത്തോടു കൂടി ചരിക്കണം.. വ്രതത്തിൽ പാലിക്കേണ്ട നിബന്ധനകളുണ്ട്. ബ്രാഹ്മമുഹൂര്ത്തത്തിൽ ഉദയത്തിന് ഏഴര നാഴികമുന്പ് എഴുന്നേറ്റ് മുങ്ങിക്കുളിക്കണം. നിഷ്ഠാപൂർവകമായ ആന്തരശൌചം അനുഷ്ഠിക്കണം. പരുഷവചനങ്ങൾ ചെയ്യരുത്, കുശുമ്പ് പറയരുത്, കള്ളം പറയരുത്, കക്കരുത്, ഒരു ജീവിയേയും ഉപദ്രവിക്കരുത് തുടങ്ങിയവ അനുഷ്ഠിച്ച് അതിൽ ചരിക്കണം. ബാഹ്യശൌചത്തിൽ അന്നം സ്പര്ശിച്ചാൽ കൈ കഴുകണം, വായിൽ തൊടുകയോ മൂക്ക് ചെവി മുതലായ നവദ്വാരങ്ങളിൽ കൈ ചെല്ലുകയോ, മൂത്രം ഒഴിക്കുകയോ ചെയ്താൽ ശുദ്ധം ചെയ്യണം. മലവിസര്ജ്ജനം ചെയ്താൽ കുളിക്കുക. വ്രതകാലത്തിൽ ഇവ നിര്ബന്ധമായും വേണമെന്നാണ് നിഷ്കര്ഷ. ഇതാണ് ബ്രഹ്മചാരിണീ..
എങ്ങിനെ ചരിക്കണം എന്നത് ചോദ്യമാണ്. അതിന് തത്ത്വത്തെ യോജിപ്പിച്ചാൽ മതി.. ദേവി കമണ്ഡലുവും മാലയേയും ധരിച്ചിരിക്കുന്നു. ബ്രഹ്മചര്യം മാത്രം മതിയോ ജ്ഞാനത്തിന് .. അന്പത്തിയൊന്നു മുത്തുകളോടു കൂടിയ മാലയാണ് ധരിച്ചിരിക്കുന്നത്..അതാകട്ടെ അന്പത്തിയൊന്നക്ഷരം തന്നെ..അക്ഷരബ്രഹ്മത്തെ അറിയണം.. എന്താ ഗുണം അതിന്റെ..അപ്പോഴാണ് കമണ്ഡലു.. എന്താ ഈ കമണ്ഡലു.. കായതി ശബ്ദോ നിര്ഗച്ഛതി യതഃ യസ്മിൻ സതീത്യര്ഥഃ.. ശബ്ദം എവിടെ നിന്നാണോ പുറത്തു വരുന്നത് അതാണ് കമണ്ഡലു..ഒന്നു കൂടി പറഞ്ഞാൽ കസ്യ ശബ്ദസ്യ മണ്ഡം ലാതീതി കമണ്ഡലു.. ശബ്ദത്തിന്റെ ജ്ഞാനം കൊണ്ടുവരുന്നതാണ്..മണ്ഡം അറിയണേ ഇതാണ്, മന്യതേ ജ്ഞായതേ അനേന ഇതി മണ്ഡം. ശബ്ദാര്ഥം ജ്ഞാനം കൊണ്ടുവരുന്നത് എന്തോ അതാണ് കമണ്ഡലു.. വര്ണാത്മകവും ധ്വന്യാത്മകവും ആയവയെ കൊണ്ടാണ് ജീവൻ ജ്ഞാനം സമ്പാദിക്കുന്നത്...ഗായത്രി മുതൽ ഇങ്ങോട്ടുള്ള സകല മന്ത്രങ്ങള്ക്ക് ആധാരവും ഇതെ അന്പത്തിയൊന്നക്ഷരം തന്നെ.. അതു തന്നെ പൂര്ണജ്ഞാനത്തിനുള്ള മാര്ഗ്ഗവും.. അതാണ് ബ്രഹ്മചാരിണീ..
അടുത്തത് ചന്ദ്രഘണ്ടാ.. ചന്ദ്രശബ്ദം അര്ഥമാക്കുന്നത് ചന്ദയതി ആഹ്ലാദയതി, ചന്ദതി ദീപ്യതേ ഇതി ചന്ദ്രഃ. രണ്ട് ധാത്വര്ഥങ്ങളാണ് ചന്ദ്രശബ്ദത്തിന്റെ ചദി എന്ന ധാതുവിന് പറയുക. ആഹ്ലാദനം, ദീപ്തി. ഇവിടെ ചേരുക ദീപ്തി എന്ന അര്ഥമാണ്. എന്താ ഈ ദീപ്തി.. കാന്തിരേവ വയോഭോഗദേശകാലഗുണാദിഭിഃ. ഉദ്ദീപിതാതിവിസ്താരം പ്രാപ്താ ചേ ദ്ദീപ്തിരിച്യതേ. അതായത് വയസ്സ്, ഭോഗം, ദേശം കാലം ഗുണാദികളാൽ ഉദ്ദീപിതമായി വിസ്താരം പ്രാപിച്ചതിനെയാണ് ദീപ്തി എന്നു പറയുന്നത്.
ഘണ്ടാ എന്നാൽ സാമാന്യമായി പറയുക ശബ്ദം ഉണ്ടാക്കുന്ന കാംസ്യനിര്മ്മിതമായ വാദ്യം എന്നാണ്. എന്നാൽ ഹന് ഹിംസാ ഗത്യോഃ എന്നാണ് ഇതിന്റെ ധാതു.. അതായത് കൊല്ലുക. എന്തിനെയാണ് കൊല്ലുന്നത്.. ചന്ദ്രഘണ്ടാ.. മുകളിൽ പറഞ്ഞ പ്രകൃതിയുടെ ഉദ്ദീപന ഭാവങ്ങളായ വയസ്സ്, ദേശം, ഗുണാദി, രൂപങ്ങളായ സുഖദുഃഖാദികളേയും അതിന് കാരണമായ കാലത്തേയും കൊല്ലുന്നവളാണ് ചന്ദ്രഘണ്ടാ. ഉപാസനാ നിഷ്ഠനായ യോഗി പ്രകൃതിയിൽ നിന്ന് മാറി അന്തര്മുഖനായി തീരുന്ന അവസ്ഥ..അതാണ് ചന്ദ്രഘണ്ടാ.
അടുത്തത് കൂഷ്മാണ്ഡയാണ്.. സ്വാഭാവികമായും പ്രാണായമാദികൾ കൊണ്ട് പ്രകൃതിയുടെ ഭാവമായ ദേശകാലങ്ങളെ ജയിച്ച സാധകൻ അന്തര്മുഖനാകും.. കൂഷ്മാണ്ഡത്തിന് അര്ഥം കു ഈഷത് ഊഷ്മാ യസ്യ.. അധികം ഊഷ്മാവ് ഉണ്ടാകുന്നത് ആരിലാണോ. അണ്ഡം എന്നാൽ അമതി നിസ്സരതി. ഗമിക്കുന്നത്, അമ് ഗത്യാദിഷു.. എങ്ങിനെ ഗമിക്കുന്നത് സംയോഗെ ഗച്ഛതി ഇതി. എന്തിന്റെ സംയോഗം കൊണ്ടു ഗമിക്കുന്നത്, ഊഷ്മാവിന്റെ സംയോഗം കൊണ്ട് ഗമിക്കുന്നത്.. മൂലാധാരത്തിലെ കുണ്ഡലിനിയെ ഉണര്ത്തുന്നതിന് പ്രാണായാമം കൊണ്ട് തപിപ്പിക്കുകയാണ് സാമാന്യ രീതി.. അതിന്റെ തുടര്ച്ചയാണ് കുണ്ഡലിനീ സ്വരൂപിണിയായ ദേവിയുടെ ഗമനം.. മൂലാധാരസ്ഥിതയായ ദേവിയുടെ ഭാവം തന്നെയാണ് കൂഷ്മാണ്ഡരൂപിണിയായ ദേവി..
അതെങ്ങിനെയുള്ള സ്വരൂപത്തോടു കൂടിയതാണ് എന്നാണ് എങ്കിൽ.. അതാണ് സ്കന്ദമാതാ... സ്കന്ദശബ്ദത്തിന്, ഈശ്വരസ്യ രേതസ, രേതസാ സ്കന്ദതീതി സ്കന്ദ, ഈശ്വരന്റെ രേതസ്സ് ഗമിക്കുന്നത്, എങ്ങിനെയാണ് ഗമിക്കുന്നത് ഉത്പ്ലുത്യ ഗച്ഛതി.. എന്നാണ്..പ്ലുതത്തിന് അര്ഥം അശ്വത്തിന്റെ വേഗത്തിൽ ഗമിക്കുന്നത്..എങ്ങോട്ട് ഗമിക്കുന്നത് മുകളിലേക്ക്, ഉത്പ്ലുത്യ വളരെ വേഗത്തിൽ ഊര്ധ്വഗാമിയായി സഞ്ചരിക്കുന്നത്.. മാതാ എന്നാൽ മാ മാനെ വര്തനെ ച എന്നാണ്. വര്തതേ അനയേതി വര്തനം, വര്തിതും ശീലമസ്യേതി ഇതി. അങ്ങിനെ സ്ഥിതിചെയ്യുന്ന ശീലത്തോടു കൂടിയവൾ. മുകളിലേക്ക് ഗമിക്കുന്ന ശീലത്തോടു കൂടിയവളാണ് സ്കന്ദമാതാ.. അപ്പോ ഗമനശീലയായ കുണ്ഡലിനീരൂപിണിയായവളാണ് സ്കന്ദമാതാ...
എങ്ങിനെയാണ് ഗമിക്കുന്നത്.. അതാണ് കാത്യായനീ..
കാത്യായനീ- കതസ്യാപത്യം സ്ത്രീ, കതത്തിന്റെ പുത്രിയാണ് കാത്യായനീ എന്നെല്ലാമാണ് സാമാന്യമായി പറയുക. കാത്യായനസ്യേയം കാത്യായനീ.. എന്താണ് ഈ കതഃ. കതഃ എന്ന വാക്ക് കം തന് എന്നിവയിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.. കം എന്നതിന് ജലം എന്നും തന് എന്ന ശബ്ദം വിസ്തരിക്കുക എന്നുമാണ് അര്ഥം.. ജലമായി വ്യാപിക്കുക അഥവാ ഗമിക്കുക.....ശരീരത്തിൽ ലിംഗസ്ഥാനത്താണ് സ്വാധിഷ്ഠാനചക്രം സ്ഥിതിചെയ്യുന്നത്. സ്വാധിഷ്ഠാനശബ്ദത്തിന് ശക്തിയുടെ സ്വന്തം ഭവനം എന്നാണ് അർഥം. ഗുഹ്യാവയവത്തിന്റെ അടിയിൽ മൂലാധാരത്തിനുമുകളിലും നാഭിയുടെ ചുവട്ടിലുമായി ആറിതളുകളോടു കൂടി സ്വാധിഷ്ഠാനപദ്മം സ്ഥിതിചെയ്യുന്നു. പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ സ്ഥാനമായിട്ടാണ് സ്വാധിഷ്ഠാനത്തെ കല്പിക്കുന്നത്. സ്വാധിഷ്ഠാനത്തിൽ സൂക്ഷ്മഭൂതമായ ജലമായി ഗമിക്കുന്നവളായതിനാൽ ദേവിയെ കാത്യായനീ എന്ന് വിളിക്കുന്നു.
അതുകൊണ്ട് എന്താണ് ലഭിക്കുക... അതാണ് കാളരാത്രീ...
യോഗകുണ്ഡല്യുപനിഷത്തു പ്രകാരം മൂലബന്ധം തുടങ്ങിയവയോടു കൂടിയ പ്രാണായാമത്താൽ പ്രാണൻ സുഷുമ്നയിൽ ചെല്ലുന്നു. ഈ സുഷുമ്ന താമരനൂലിനേക്കാൾ കൃശമാണ്. പ്രാണൻ നിദ്രയിലായ കുണ്ഡലിനിയെ പ്രാപിക്കുകയും അതിന്റെ ഉഷ്ണത്താൽ കുണ്ഡലിനി മുകളിലേക്ക് ചലിക്കുകയും ചെയ്യുന്നു. മുകളിലേക്കു ചലിക്കുന്ന കുണ്ഡലിനി മണിപൂരകം, ആജ്ഞാ എന്നീ ആധാരങ്ങളിലൂടെ സത്ത്വരജസ്തമോഗുണവിശേഷമായ വിഷ്ണുഗ്രന്ഥി ബ്രഹ്മഗ്രന്ഥി രുദ്രഗ്രന്ഥി എന്നിവയെ ഭേദിക്കുന്നു. ബ്രഹ്മവിദ്യോപനിഷത്തു പ്രകാരം ബ്രഹ്മഗ്രന്ഥിരകാരേ ച എന്നതനുസരിച്ച് ബ്രഹ്മഗ്രന്ഥി അകാരത്തിലും വിഷ്ണുഗ്രന്ഥി ഹൃദയത്തിലും രുദ്രഗ്രന്ഥി പുരികങ്ങളുടെ മദ്ധ്യത്തിലും സ്ഥിതിചെയ്യുന്നു. അകാരം ബ്രഹ്മാവിന്റേയും ഉകാരം വിഷ്ണുവിന്റേയും മകാരം രുദ്രന്റേയും സ്ഥാനമാകുന്നു. ബ്രഹ്മഗ്രന്ഥി ഭേദിക്കുന്ന കുണ്ഡലിനീശക്തി സുഷുമ്നയ്കുള്ളിൽ വിദ്യുത്തിന്റെ രേഖപോലെ ശോഭിക്കുന്നു. കുണ്ഡലിനീശക്തി ഹൃദയത്തിലെ വിഷ്ണുഗ്രന്ഥിയെ ഭേദിച്ച് മുകളിൽ ആജ്ഞാചക്രത്തിലെത്തി അവിടെ രുദ്രഗ്രന്ഥിയെ പ്രാപിക്കുകയും അവിടെനിന്ന് രണ്ടു പുരികങ്ങളുടേയും മദ്ധ്യസ്ഥാനം ഭേദിച്ച് ചന്ദ്രമണ്ഡലത്തിലെത്തുകയും ചെയ്യുന്നു. ഗ്രന്ഥികളെയെല്ലാം ഭേദിച്ച് കുണ്ഡലിനീ ശക്തി സഹസ്രദളകമലത്തിലെത്തുന്നു. യോഗശാസ്ത്രപ്രകാരം സഹസ്രാരത്തിൽ കുണ്ഡലിനീശക്തി ശിവതത്ത്വവുമായി ഐക്യപ്പെടുന്നതിനെയാണ് മേളനം എന്നു വിളിക്കുന്നത്. ഈ മേളനത്താൽ സഹസ്രാരത്തിൽ നിന്ന് ആനന്ദരൂപമായ അമൃതു വര്ഷിക്കപ്പെടുന്നു.
കാലത്വത്തെ അഥവാ ശിവനോടു കൂടിയുള്ള മേളനത്തെ പ്രദാനം ചെയ്യുന്നവളാണ് കാളരാത്രി.. രാതി ദദാതി നിദ്രാദി സുഖം എന്നാണ് രാത്രിശബ്ദത്തിന്റെ അര്ഥം. എങ്ങിനെയുള്ള നിദ്രയാണെന്നാണെങ്കിൽ നിരിന്ദ്രിയാത്മപ്രദേശേ മനസോ അവസ്ഥാനം നിദ്രാ.. അതായത് ഇന്ദ്രിയാദികളിലൂടെ അല്ലാത്ത സുഖത്തെയാണ് ഇവിടെ ലഭ്യമാകുന്നത്. രാ ആദാനെ, കൊടുക്കുക എന്ന് ധാത്വര്ഥം. കാലസ്വരൂപനായി വാണരുളുന്നത് കാലകാലനായ പരമേശ്വരൻതന്നെയാണ്. ആ പരമേശ്വരസ്വരൂപവുമായുള്ള മേളനത്താലുണ്ടാകുന്ന അമൃതിനെ ആദാനം ചെയ്ത് ആനന്ദത്തെ പ്രദാനം ചെയ്യുന്നവളാണ് കാളരാത്രി..
അടുത്തത് മഹാഗൌരിയാണ്.. മഹ്യതേ പൂജ്യതേ ഇതി. മഹ് പൂജായാം... പൂജിക്കപ്പെടുന്നവളായി മാറുന്നു എങ്ങിനെ... ഗൌരിയായി.. എന്താണ് ഗൌരി.. അവ്യക്തമായ ശബ്ദത്തോടു കൂടിയവളായി.. അവ്യക്തശബ്ദം എന്നതുകൊണ്ട് നിർവചിക്കുവാൻ കഴിയാത്തതെന്നാണ് അര്ഥമാക്കുന്നത്. അനിരുക്തസ്വരൂപമായി ഉപാസിക്കപ്പെടുന്ന ശബ്ദമായി സ്ഥിതിചെയ്യുന്നത് ദേവി തന്നെയാണ്. അനിരുക്തസ്ത്രയോദശഃ സ്തോഭഃ സംചരോ ഹുംകാരഃ എന്ന് ഛാന്ദോഗ്യം പറയുന്നു. ഹുംകാരമെന്ന പതിമൂന്നാമത്തെ സ്തോഭം അനിരുക്തവും സഞ്ചരവും എന്ന് ഉപനിഷത് പറയുന്നത് ഇതേ തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്. ബ്രഹ്മസ്വരൂപിണിയായ ദേവി സകലതിനേക്കാളും അവ്യക്തവും സൂക്ഷ്മതരവും ആകുന്നു.
സമാധിയിൽ പ്രകാശിക്കുന്ന നിരുപാധിക ശിവസ്വരൂപത്തെ തന്നെയാണ് നാദാനുസന്ധാനത്തിലൂടെ സാധകൻ സാക്ഷാത്കരിക്കുന്നത്. മനസ്സും പ്രാണനും നാദത്തോടൊപ്പം ലയിക്കുന്ന ബ്രഹ്മരന്ധ്രം ജീവന്റെ തുരീയസ്ഥാനമാകുന്നു. മൂര്ദ്ധനി തുര്യം വ്യവസ്ഥിതം എന്ന് ശ്രുതി. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ് നാദാന്തത്തിൽ സ്ഥിതിചെയ്യുന്നത്. . ത്രിപുടിയുടെ അന്തത്തിൽ അഥവാ കേള്ക്കുന്നവൻ, കേള്ക്കപ്പെടുന്ന നാദം, കേള്വി എന്നിവയെ അതിക്രമിക്കുന്നിടത്താണ് ആത്മസ്വരൂപം സ്വയം പ്രകാശിക്കുന്നത്. ധ്വനിമയമായി ഗഗനം സ്ഫുരിക്കുമന്നാളണയുമതിങ്കലശേഷ ദൃശ്യജാലം, പുനരവിടെ ത്രിപുടിയ്ക് പൂര്ത്തി നൽകും സ്വനവുമടങ്ങുമിടം സ്വയം പ്രകാശം എന്ന് ശ്രീനാരായണഗുരുസ്വാമികൾ ആത്മോപദേശശതകത്തിൽ പറയുന്നതും ഇതെ തത്ത്വത്തെയാണ്. യോഗവിദ്യയാൽ ഇടമുറിയാത്ത തൈലധാരപോലേയും നീണ്ടു നിൽക്കുന്ന മണിനാദം പോലെയും നാദാഗ്രത്തിൽ പ്രണവം സ്ഥിതിചെയ്യുന്നു. അതറിയുന്നവനാണ് വേദജ്ഞൻ. തൈലധാരാമിവാച്ഛിന്നം ദീര്ഘഘണ്ഠാനിനാ ഭവേത് അവാച്യം പ്രണവസ്യാഗ്രം യസ്തം വേദ സ വേദവിത് എന്ന് ധ്യാനബിന്ദൂപനിഷത് പറയുന്നു. സാധകന്റെ തലമനുസരിച്ച് വ്യത്യസ്തമായ വിധത്തിൽ നാദത്തിന്റെ അനുഭവം ഉണ്ടാകുന്നു. യോഗികള്ക്ക് വ്യോമരന്ധ്രത്തിൽ കേള്ക്കപ്പെടുന്നതുമായ പ്രണവസ്വരൂപമായ നാദം അത്യന്തം സൂക്ഷ്മമാണ്. അത് ബാഹ്യപ്രയത്നത്താൽ ഉച്ഛരിക്കപ്പെടാവുന്നതല്ല. അത് വ്യഞ്ജനമോ സ്വരമോ അല്ല. കണ്ഠം, താലു ഓഷ്ഠം നാസിക ഇവ കൊണ്ടു വ്യക്തമാക്കാവുന്നതുമല്ല. മൂര്ധാവുകൊണ്ടും ദന്തം കൊണ്ടും ഉച്ഛരിക്കപ്പെടാവുന്നതുമല്ല. അഘോഷമവ്യഞ്ജനമസ്വരം ച അകണ്ഠതാല്വോഷ്ഠമനാസികം ച അരേഷജാതമുഭയോഷ്ഠവര്ജ്ജിതം യദക്ഷരം ന ക്ഷരതേ കദാചിത് എന്ന് അമൃതനാദോപനിഷത് പറയുന്നു. ഇപ്രകാരം അത്യന്തം സൂക്ഷ്മമായ നാദരൂപത്തിൽ യോഗികളിൽ അവ്യക്തസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളാണ് ഗൌരീ..
അടുത്തത് സിദ്ധിദാത്രീ..സിദ്ധി സിധ് എന്ന ധാതുവിൽ നിന്നാണ്.. എന്താണ് അതിനര്ഥം.. ഗതി ജ്ഞാനം.. ഇതെല്ലാമാണ് അര്ഥം.. അത് പ്രദാനം ചെയ്യുന്നവളാണ്.. സാധനാത് സിദ്ധിരിത്യുക്താ.. സാധകനും ദേവിയും ഒന്നായി മാറുന്ന അവസ്ഥ.. സിദ്ധിദാത്രീ..
യോഗസാധനയാൽ സകല ചിത്തവൃത്തികളും നിരോധിക്കപ്പെട്ട് ആനന്ദസ്വരൂപമായ ആത്മാവു മാത്രം ശേഷിക്കുന്നു. സമാധിയാൽ സകലവിധ വാസനകളാകുന്ന കുരുക്കുകളും നശിക്കുന്നു. ഛിദ്യതേ ഹൃദയഗ്രന്ഥി ക്ഷീയന്തേ ചാസ്യ കര്മാണി എന്ന് ശ്രുതി. യോഗസമാധിയുടെ ആത്യന്തികമായ ലക്ഷ്യം ചിത്തവൃത്തി നിരോധമാണ്. സമാധി എന്നത് സാധനയാണ് സാധ്യമല്ല. നിരോധിക്കപ്പെട്ട ചിത്തത്തിൽ ആത്മസ്വരൂപം തെളിഞ്ഞ കണ്ണാടിയിലെ പ്രകാശം പോലേയും തെളിഞ്ഞ ജലാശയത്തിലെ സൂര്യനെ പോലെയും ശോഭയോടു കൂടി പ്രകാശിക്കും. ഈ ആത്മതത്ത്വമായി പ്രകാശിക്കുന്നത്. ഷഡാധാരങ്ങള്ക്കും ഉപരിയായി ബ്രഹ്മാനന്ദരസസ്വരൂപിണിയായി അഖണ്ഡമായി സ്വയം ജ്യോതിസ്വരൂപിണിയായി സ്ഥിതിചെയ്യുന്ന ദേവി തന്നെയാണ്. സമാധിയിൽ പ്രകാശിക്കുന്ന ഈ തത്ത്വത്തെ നിര്ണയിക്കുന്നതാണ് മോക്ഷം. എല്ലാം ആത്മാവു തന്നെയെന്നുള്ള ജ്ഞാനത്തിലേക്കുള്ള ഒരു സാധനാ മാര്ഗമായാണ് ഇത് കാണേണ്ടത് എന്നര്ഥം..
സാക്ഷാത് ദുര്ഗാസ്വരൂപം...
ഭൂതാനി ദുര്ഗാ ഭുവനാനി ദുര്ഗാ നരാഃ സ്ത്രിയശ്ചാപി സുരാസുരാദികം. യദ്യദ്ധി ദൃശ്യം ഖലു സൈവ ദുര്ഗാ. ദുര്ഗാസ്വരൂപാദപരം ന കിഞ്ചിദിതി.. ഭൂതങ്ങളും ഭുവനങ്ങളും നരന്മാരും സ്ത്രീകളും സുരന്മാരും അസുരന്മാരും ഉള്പ്പടെ യാതൊന്നെല്ലാം കാണുന്നുവോ അതെല്ലാം തന്നെ ദുര്ഗ്ഗയാണ്.. ദുര്ഗാസ്വരൂപമല്ലാതെ മറ്റൊന്നും തന്നെയില്ലാത്ത അവസ്ഥ.. അതു തന്നെയാണ് ദേവതാഭാവത്തിലേക്ക് എത്തിയ സാധകന്റെ അവസ്ഥ..
ഛാന്ദോഗ്യത്തിലെ അഞ്ചാമദ്ധ്യായത്തിൽ ജാബാലപുത്രനായ സത്യകാമൻ വ്യാഘ്രപത്തിന്റെ പുത്രനായ ഗോശ്രുതിക്ക് പ്രാണദര്ശനത്തെ പറഞ്ഞു കൊടുക്കുന്നുണ്ട്. മന്ഥമെന്ന കര്മ്മത്തെയാണ് ആചാര്യൻ ഇവിടെ വിശദീകരിക്കുന്നത്. ദേവയാന പിതൃയാനപ്രാപ്തിരൂപമായ ആ മഹത്ത്വം വേണമെന്നാഗ്രഹിക്കുന്നവര്ക്കുമാത്രമാണെന്നും അത് വിഷയോപഭോഗത്തെ ആഗ്രഹിക്കുന്നവനുവേണ്ടിയല്ലായെന്നും ആചാര്യൻ നിഷ്കര്ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ ഊര്ധ്വരേതസ്സുകളായ നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് ആദിത്യസംബന്ധത്താൽ ഉത്തരായണോപലക്ഷിതമായ ദേവയാനമാര്ഗ്ഗമാണ് പ്രസിദ്ധമായി സ്വീകരിച്ചിരിക്കുന്നത്. പരമഹംസപരിവ്രാജകർ ചെയ്യുന്ന ബ്രഹ്മപ്രണവം പതിനാറ് മാത്രചേര്ന്ന് നാലവസ്ഥകളിൽ നാലു വീതം പതിനാറു വിധമാണ്. ജാഗ്രദാദി നാലു അവസ്ഥകൾ, സ്വപ്നാദി നാലവസ്ഥകൾ, സുഷുപ്ത്യാദി നാലവസ്ഥകൾ, തുരീയാദി നാലവസ്ഥകൾ ഇപ്രകാരം ബ്രഹ്മപ്രണവം പതിനാറു മാത്രയിൽ ആരൂഢമായിരിക്കുന്നു. അതിൽ തൊണ്ണൂറ്റിയാറ് തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു. അത് മൂന്നായി വിഭജിച്ച് മുപ്പത്തിരണ്ടു തത്ത്വങ്ങളുടെ സന്നികര്ഷമായ രൂപം സമ്പാദിച്ച് ജ്ഞാനത്താൽ വിശുദ്ധമായ ത്രിഗുണസ്വഭാവത്തോടു കൂടിയതാണെന്ന് മനസ്സിലാക്കി സൂര്യൻ ചന്ദ്രൻ അഗ്നി എന്നീ കലാരൂപമായി ഏകീഭവിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ അനുസന്ധാനം ചെയ്ത് നാഭി മുതൽ ബ്രഹ്മബില്വം വരെയുള്ള വിഭിന്നങ്ങളായ ഇരുപത്തിയേഴു തത്ത്വങ്ങളെ സംബന്ധിക്കുന്ന സാരം ഗ്രഹിച്ച് ഏകത്വം സ്ഥാപിച്ച് ഇടതു തോൾ മുതൽ വലത്തെ അരക്കെട്ട് വരെ ഭാവന ചെയ്ത് ചിത്ത ശുദ്ധിയാൽ രമിക്കുന്നു. ഇങ്ങിനെ ഉപാസിക്കുന്ന ബ്രഹ്മപ്രണവം തന്നെയാണ് പൂര്ണജ്ഞാനത്തിനും ദേവയാനമാര്ഗ്ഗത്തിനും ഏറ്റവും ശ്രേഷ്ഠമെന്നര്ഥം.
നവരാത്രിയിലെ ഒന്പതു ദിവസത്തെ സമാധിരൂപമായ വ്രതചര്യകൊണ്ട് സാധകൻ പൂര്ണമായ ദേവതാഭാവത്തിലേക്ക് എത്തുന്നു.. അതു തന്നെയാണ് ഈ ഒന്പതു ദിവസത്തെ വ്രതം കൊണ്ടുദ്ദേശിക്കുന്നതും.. ജ്ഞാനത്തിനുവേണ്ടിയാണ് നവരാത്രി എന്നു പറയുന്നതും അതേ കാരണം കൊണ്ടു തന്നെ.. സകലാനന്ദസ്വരൂപിണിയും സകലജ്ഞാനസ്വരൂപിണിയും സർവവേദാന്തസംവേദ്യയുമായ ആയ ജഗദീശ്വരി എല്ലാവര്ക്കും ജ്ഞാനവൈരാഗ്യങ്ങളെ പ്രദാനം ചെയ്യട്ടെ.. ഹരി ഓം

ബ്ലാക്ക് വെൽ പബ്ലിഷേഴ്സിന്റെ എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി

ആനചികിത്സാ ഗ്രന്ഥത്തിൽ ഇന്ന് ലഭ്യമായതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് അറിയപ്പെടുന്നത് ബ്ലാക്ക് വെൽ പബ്ലിഷേഴ്സിന്റെ എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി എന്ന ഗ്രന്ഥമാണ്.. ഇന്റർനാഷണൽ ലെവലിലുള്ള സ്കോളേഴ്സ് ആനകളെ കുറിച്ച് നടത്തിയ റിസര്ച്ച് പേപ്പേഴ്സ് ആണ് മുഴുവനായും ഇതിൽ ഉള്ളത്..
ഇതിൽ മിഷേൽ മില്ലർ എന്ന സ്കോളർ എഴുതിയതാണ് ആനകളുടെ നെർവസ് സിസ്റ്റത്തെ കുറിച്ച് . അദ്ദേഹം ആകട്ടെ, ഡിസ്നീസ് ആനിമൽ കിങ്ങ്ഡം, ഡിപ്പാര്ട്ട് മെന്റ് ഓഫ് വെറ്റിനറി സർവീസിൽ ആണ് . ഇതിൽ അദ്ദേഹം പറയുന്നത് there are 12 pairs of carnial nerves and 40 pairs of spinal nerves in the Asian elephant. റിസര്ച്ച് നോട്ടായതുകൊണ്ടാകാം നെർവസ് സിസ്റ്റത്തെ കുറിച്ച് അധികം പറഞ്ഞിട്ടില്ല ആകെ രണ്ട് പാരഗ്രാഫ് എഴുതി പിന്നീട് അതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചാണ് പറയുന്നത്..
ഇനി നമുക്ക് രാമായണകാലീനമായ പാലകാപ്യം നോക്കാം..ഇതിൽ മര്മ്മവിദ്ധോദ്ധ്യായഃ എന്ന അദ്ധ്യായം തന്നെയുണ്ട്. ഇതിൽ ആനയുടെ കുംഭത്തിന്റെ അവിടെ തുടങ്ങി അതായത് പ്രവേപണം എന്ന മര്മ്മത്തിൽ തുടങ്ങി നൂറ്റി ഏഴു മര്മ്മങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു. അതിനെ തന്നെ സദ്യപ്രാണഹരം, കാലാന്തര പ്രാണഹരം, സശല്യപ്രാണം, വൈഗുണ്യകരണെന്നും നാലുതരത്തിൽ വിഭാഗീകരിച്ച് അതിന്റെ സ്ഥാനം പറയുന്നു. പിത്തത്തിന്റെ അഥവാ തേജസ്സിന്റെ ഗുണത്തോടു കൂടിയത് സദ്യപ്രാണഹരങ്ങളായവയായും, പിത്തകഫ ഗുണത്തോടു കൂടിയത് കാലാന്തര പ്രാണഹരങ്ങളാണെന്നും, വായുവിന്റെ ഗുണമായത് സശല്യപ്രാണമെന്നും കഫഗുണമായത് വൈഗുണ്യകരമായും ആചാര്യൻ ലക്ഷണത്തോടു കൂടി വിശദീകരിച്ചു പറയുന്നു.
ഉദാഹരണത്തിന് സദ്യപ്രാണഹരങ്ങളായ മര്മ്മങ്ങളുടെ സ്ഥാനങ്ങളും അതിന്റെ ലക്ഷണത്തോടു കൂടി മുപ്പത്തിനാലെണ്ണമാണ് എന്ന് പറയുന്നുണ്ട്. ഇതുപോലെ മറ്റുള്ളതും.. കൂര്മ്മഭാഗം, ത്രസ്ഥി, തലസ്ഥന്ധികൾ, വിക്ഷോഭം ഉരസ്സ്, യതസ്ഥാനം, നിര്യാണം, കുംഭം, ക്ഷീരികം, പുരസ്കാരം ഇങ്ങിനെ ഇരുപത്തിയഞ്ചമര്മ്മങ്ങൾ ക്ഷതം പറ്റിയാൽ കാലാന്തരപ്രാണഹരണങ്ങളായി ഭവിക്കും..ഇതുകൂടാതെ സിരാമര്മ്മം, അസ്ഥിമര്മ്മം, ധമനീമര്മ്മം സ്നായു മര്മ്മം കോഷ്ഠമര്മ്മം സന്ധിമര്മ്മം സ്രോതോമര്മ്മം ദോഷമര്മ്മം എന്നിങ്ങനെ ആശ്രയാടിസ്ഥാനമായും ഇതിനെ വിവരിക്കുന്നു. സിരാമര്മ്മങ്ങളെ ആശ്രയിച്ചും സ്നായുക്കൾ നിറയപ്പെട്ട സ്ഥലത്തും മുറിക്കുമ്പോൾ ചിന്തിക്കേണ്ട വിഷയങ്ങളും ശസ്ത്രത്തെ പ്രയോഗിക്കേണ്ട രീതിയും വരെ ചികിത്സാ ഭാഗത്ത് വിവരിക്കുന്നുണ്ട്.
ഉദാഹരണത്തിന് ആനയുടേയും കുതിരയുടേയും മനുഷ്യന്റേയും എല്ലാം ശരീരത്തെ അറിഞ്ഞ് വേണം ശസ്ത്രപാതത്തെ ചെയ്യണമെന്ന് ഉപദേശിക്കുന്ന ആചാര്യൻ, മുറിക്കേണ്ടത് വ്രീഹീമുഖശസ്ത്രം കൊണ്ടും, ചുരണ്ടി ശരയാക്കൽ മണ്ഡലാഗ്രശസ്ത്രം കൊണ്ടും, സ്രവിപ്പിക്കേണ്ടത് കുഠാരശസ്ത്രം വസ്ത്രദന്തം ഇവ കൊണ്ടും ചെയ്യണം എന്നും പറയുന്നു. തുന്നൽ രണ്ടു വിധത്തിലുണ്ട്, അതാകട്ടെ ഗുണവത്തായിട്ടും ഗ്രന്ഥിമത്തായിട്ടും, സ്ഥിരവും അവകാശമുള്ള ദിക്കിൽ ഗ്രന്ഥിസീവനമാണ് വേണ്ടത്. മാംസളങ്ങളായ അവകാശങ്ങളുള്ള ദിക്കിലും ചലനങ്ങളിലുള്ള പ്രദേശങ്ങളിലും മൃദുവായ സന്ധികളിലും ഗുണസീവനം ആണ് വിധിച്ചിരിക്കുന്നത്. വയറ്റിലും, കഴുത്തിലും, പക്ഷങ്ങളിലുമുള്ള സന്ധികളിലും നാഗദന്ത സൂചികൊണ്ടുള്ള തുന്നലാണ് ഹിതകരം. യുദ്ധത്തിൽ വികൃതമാക്കട്ടെ ആനകള്ക്കും പെട്ടെന്ന് മുറിവ് പറ്റിയ ആനകള്ക്കും തുന്നൽ വിധിച്ചിട്ടുണ്ട്. അവകാശങ്ങളിലും സ്രവിക്കുന്ന ആനകള്ക്ക് സന്ധാനീയങ്ങളായ അഥവാ കൂടിചേരുവാനുതകുന്നവയാണ് ചെയ്യേണ്ടത്..ഇപ്രകാരം ശസ്ത്രക്രിയാ വിധിയും അതിന്റെ തുടര്ക്കാര്യങ്ങളും ആചാര്യൻ വ്യക്തമായി പറയുന്നു.
ഇനി ചോദ്യം എന്താണെന്ന് ആണെങ്കിൽ....
ആനകളുടെ ശരീരത്തിന്റെ ഓരോ ഭാഗത്തേയും, മര്മ്മങ്ങളേയും സൂക്ഷ്മതയോടു കൂടി മനസ്സിലാക്കി അതിന്റെ ആശ്രയങ്ങളെ വരെ ചിന്തിച്ച്, മര്മ്മങ്ങളേയും അതിനോടനുബന്ധിച്ചുള്ള ശസ്ത്രക്രിയാ കര്മ്മങ്ങളേയും, അനന്തരം ചെയ്യേണ്ട ശുശ്രൂഷ വരെ ഇത്രയും കൃത്യമായി പറയുന്ന ഗ്രന്ഥങ്ങളെല്ലാം ഉണ്ടായിട്ടും.. അതും രാമായണ കാലീനമായ പാലാകാപ്യത്തിൽ പോലും.. എന്തുകൊണ്ടാണ് ഏതൊ വിവരമില്ലാത്ത മഹര്ഷിമാർ എന്തോ വിവരമില്ലാതെ എഴുതിവച്ചതാണെന്ന് ഇതെല്ലാം എന്ന് കേള്ക്കേണ്ടിവരുന്നത്.. ഏതൊരു പുസ്തകം എടുത്താലും ഇത് സ്വദേശീയമോ വിദേശീയമോ ആകട്ടെ, ആനയുടെ വിഷയത്തിൽ ആരോടു സംസാരിച്ചാലും മാതംഗലീലയുടേയും പാലകാപ്യത്തിന്റേയും പേരു പറയും.. പക്ഷെ നമ്മുടേത് എന്ന് അഭിമാനിക്കേണ്ട ഗ്രന്ഥങ്ങൾ ഭാരതത്തിൽ തന്നെ ഉണ്ടെന്നിരിക്കെ ഇതെ വിഷയത്തിൽ ഇപ്പോഴും എലിഫന്റ് മെഡിസിൻ ആന്ഡ് സര്ജറി, എലിഫന്റ് ഫൂട്ട്, എലിഫന്റ് ഫാക്റ്റ് ആന്റ് ഫെബിള്സ്, എലിഫന്റ് ആന്ഡ് ദെയർ ഡിസീസ് തുടങ്ങിയ ഗ്രന്ഥങ്ങൾ വാങ്ങി പഠിക്കേണ്ടി വരുന്നു എന്നതാണ് ഗതികേട്.. എന്തുകൊണ്ടാണ് ഇന്നും ഒരു കൃത്യമായ ഗ്രന്ഥം ഭാരതത്തിൽ ഈവിഷയത്തിലില്ലാത്തത്.. റിസർച്ച് വർക്കിന് സപ്പോർട്ടില്ലാത്തത്...
ആരോടാണ് ഇതൊക്കെ പറയേണ്ടത്..സാമാന്യര്ക്ക് താങ്ങാനാകുന്നതിലും വലുതാണ് ഇത്തരം റിസര്ച്ച് വര്ക്കുകൾ.. അതുകൊണ്ട് തന്നെ എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവർ പോലും പുറകോട്ടു മാറുകയെ നിവര്ത്തിയുള്ളു.. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നത് സ്വീകരിച്ചുകൊണ്ട് വെറ്റിനറി സയന്സ് പഠിക്കുന്ന പ്രത്യേകിച്ച് ആനചികിത്സ പഠിക്കുന്ന വിദ്യാര്ഥികള്ക്കും ഒപ്പം ആനക്കും കുറച്ചു ഗുണകരമാകും എന്നു വിചാരിച്ച് എന്തെങ്കിലും ചെയ്യുക എന്നതേ നിവൃത്തിയുള്ളു.. ഹരി ഓം..