പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമര്ഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്..ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം. ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.
ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..
ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവകാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..
ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ ബ്രാഹ്മീ മാഹേശ്വരി കൌമാരീ വൈഷ്ണവി വാരാഹി മാഹേന്ദ്രീ ചാമുണ്ഡാ മഹാലക്ഷ്മി എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.
ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ സർവസംക്ഷോഭിണി, സർവവിദ്രാവിണി, സർവാകര്ഷിണി, സർവവശങ്കരി, സർവോന്മാദിനി, സർവമഹാങ്കുശ, സർവഖേചരി, സർവബീജാ, സർവയോനി, സർവത്രിഖണ്ഡാ 10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.
മുത്തുസ്വാമി ദീക്ഷിതരുടെ ആദ്യ നവാവരണ കൃതി ഈ ഭൂപുരത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്. കമലാംബാ സംരക്ഷതു മാം എന്ന് തുടങ്ങുന്ന ഈ കൃതി ആനന്ദഭൈരവിരാഗത്തില്‍ തിശ്രത്രിപുട താളത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ത്രിപുരാദി ചക്രേശ്വരീ അണിമാദി സിദ്ധീശ്വരീ
നിത്യ കാമേശ്വരീ ക്ഷിതി പുര ത്രൈ-ലോക്യ മോഹന ചക്രവര്തിനീ പ്രകട യോഗിനീ എന്നിങ്ങനെ ചരണത്തില്‍ ഒന്നാമത്തെ ആവരണത്തെ വിവരിച്ചിരിക്കുന്നു. ഹൃദയകമലത്തില്‍ വസിക്കുന്ന കരുണാമയിയായ ജഗദീശ്വരി നമ്മെയെല്ലാം സംരക്ഷിക്കട്ടെ. കൃതി കേള്‍ക്കുവാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
കമലാമ്ബാ സംരക്ഷതു മാമ് - രാഗം ആനന്ദ ഭൈരവി - താളം തിശ്ര ത്രിപുട
(പ്രഥമാവരണ കീര്തനമ്)
പല്ലവി
കമലാമ്ബാ സംരക്ഷതു മാം
ഹൃത്കമലാ നഗര നിവാസിനീ അമ്ബ
അനുപല്ലവി
സുമനസാരാധിതാബ്ജ മുഖീ
സുന്ദര മനഃപ്രിയകര സഖീ
കമലജാനന്ദ ബോധ സുഖീ
കാന്താ താര പഞ്ജര ശുകീ
ചരണമ്
ത്രിപുരാദി ചക്രേശ്വരീ അണിമാദി സിദ്ധീശ്വരീ
നിത്യ കാമേശ്വരീ
ക്ഷിതി പുര ത്രൈ-ലോക്യ മോഹന ചക്രവര്തിനീ
പ്രകട യോഗിനീ
സുര രിപു മഹിഷാസുരാദി മര്ദിനീ
നിഗമ പുരാണാദി സംവേദിനീ
(മധ്യമ കാല സാഹിത്യമ്)
ത്രിപുരേശീ ഗുരു ഗുഹ ജനനീ
ത്രിപുര ഭഞ്ജന രഞ്ജനീ
മധു രിപു സഹോദരീ തലോദരീ
ത്രിപുര സുന്ദരീ മഹേശ്വരീ
No comments:
Post a Comment