അഗ്നി... ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം. ഹോതാരം രത്നധാതമം
നിലവിളക്കിലെ തിരിയിൽ അഗ്നിതെളിയിച്ചാണ്
നാം നിത്യപൂജ തുടങ്ങുന്നത്.. പഞ്ചമഹായജ്ഞങ്ങളിൽ പെടുന്നതാണ്
അഗ്നിയജനം..പഞ്ചഭൂതങ്ങളിൽ ഒന്നായും അതേപോലെ തന്നെ അഷ്ടദിക്പാലകരിൽ
തെക്കുകിഴക്കേ ദിക്കിന്റെ അധിപനും ആയി അഗ്നിയെ നാം സ്വീകരിക്കുന്നു. ഏതൊരു ഹോമത്തിലും ദേവന്മാര്ക്ക് ഹവിസ്സിനെ
സ്വീകരിക്കുന്നതും അഗ്നിയാണ്.. അതുകൊണ്ട് തന്നെയാണ് നാം അഗ്നിസാക്ഷിയായി കര്മങ്ങളെ
അനുഷ്ഠിക്കുന്നതും..അഗ്നി ബ്രഹ്മാവിന്റെ മൂത്ത പുത്രനാണ് എന്നാണ് പുരാണം
പറയുന്നത്..അതേ പോലെ തന്നെ അഗ്നിയ്ക് സ്വാഹാദേവിയിൽ പാവകൻ, പവമാനൻ, ശുചിഃ
എന്നിങ്ങനെ മൂന്നു പുത്രന്മാരുണ്ട് .
അംഗയന്തി അഗ്യം ജന്മ പ്രാപയന്തി എന്ന
വ്യുത്പത്തി അനുസരിച്ച് ഗാര്ഹപത്യം,
ആഹവനീയം, ദക്ഷിണാഗ്നി, സമ്ണാഗ്നി, ആവസഥ്യ, ഔപാസനം എന്നിങ്ങിനെ ആറ് അഗ്നികളെ
പറയുന്നു. അഗി ഗതൌ, അതായത് അംഗതി ഊര്ധ്വം
ഗച്ഛതി ഇതി അഗ്നി എന്ന് അര്ഥസ്വീകരണം. ഒന്നുകൂടി
വ്യക്തമാക്കിയാൽ മേല്പോട്ടു പോകുന്നതുകൊണ്ട് എന്നര്ഥം. ഇതാകട്ടെ
തേജഃപദാര്ഥവിശേഷമാണ്..ഇതിന്റെ ഗുണമായി വായുകഫസ്തംഭശീതകംപനാശകത്വവും,
ആമാശയാജനകത്വവും, രക്തപിത്തപ്രകോപത്വവും ആണ് പറയുന്നത് എന്ന് രാജവല്ലഭൻ പറയുന്നു.
ഭാരതീയര്ക്ക് അഗ്നി ഒരു ഭാവം മാത്രമല്ല.. കര്മത്തിന്റെ വിശേഷരൂപമനുസരിച്ച് അഗ്നിയുടെ
നാമങ്ങളെ വ്യത്യസ്ഥമായി നാം പറയുന്നു..ലൌകികത്തിൽ അതായത് നവഗൃഹപ്രവേഷാദികളിൽ പാവകൻ
എന്ന അഗ്നി പ്രഥമമായി പറയുന്നു. മാരുതൻ എന്ന അഗ്നി ഗര്ഭാധാനത്തിലും, പുംസവനത്തിൽ
ചന്ദ്രനെന്ന അഗ്നിയും, ശ്രുംഗാകര്മത്തിൽ ശോഭനം എന്ന അഗ്നിയും, മംഗളം എന്ന അഗ്നി സീമന്തത്തിലും,
പ്രഗല്ഭം എന്ന അഗ്നി ജാതകര്മത്തിലും, നാമകരണത്തിൽ പാര്ഥിവനെന്ന അഗ്നിയും,
പ്രാശനത്തിൽ ശുചിയും, ചൂഡാകരണത്തിൽ സത്യനാമനെന്ന അഗ്നിയും, വ്രതാദേശത്തിലാകട്ടെ
അതായത് ഉപനയനത്തിലാകട്ടെ സമുദ്ഭവനെന്ന അഗ്നിയും, ഗോദാനത്തിൽ സൂര്യനെന്ന അഗ്നിയും,
കേശാന്തത്തിൽ സമാവര്ത്തനെന്ന അഗ്നിയും, വിസര്ഗത്തിൽ വൈശ്വാനരനെന്ന അഗ്നിയും,
വിവാഹത്തിൽ യോജകനെന്ന അഗ്നിയും,
ചതുര്ഥിയിൽ അതായത് വിവാഹാന്തത്തിൽ ശിഖി എന്ന അഗ്നിയും, ഹോമത്തിൽ
ധൃതിയും, പ്രായശ്ചിത്തത്തിൽ വിധുക്ഷയും,
പാകയജ്ഞത്തിൽ സാഹസനും, ലക്ഷഹോമത്തിൽ വഹ്നിയും, കോടിഹോമത്തിൽ ഹുതാശനും,
പൂര്ണാഹുതിയിൽ മൃഡനും, ശാന്തികര്മത്തിൽ വരദനും, പൌഷ്ടികത്തിൽ ബലദനും, ആഭിചാരത്തിൽ
ക്രോധാഗ്നിയും, വശ്യത്തിൽ ശമനനും, വരദാനത്തിൽ അഭിദൂഷകനും, കോഷ്ഠത്തിൽ ജഠരനും,
ക്രവ്യാദിയിൽ അമൃതഭക്ഷണനും, എന്നും 28 തരം അഗ്നിയെ പറയുന്നു.. അതായത് ഓരോ
അഗ്നിയുടേയും പ്രവര്ത്തനരീതിയെ നിരീക്ഷിച്ച് അറിഞ്ഞു ആചാര്യന്മാർ അതിനെ വേണ്ട
രീതിയിൽ സ്വാധീനിക്കാനുള്ള പദ്ധതിയും നിഷ്കര്ഷിച്ചിരിക്കുന്നു..
സംഗീതദര്പണമനുസരിച്ച്
നാദം എന്നതിലും അഗ്നിഭാവം തന്നെയാണ്....
ആത്മനാ പ്രേരിതം ചിത്തം വഹ്നിമാഹന്തി ദേഹജം
ബ്രഹ്മഗ്രന്ധിസ്ഥിതം പ്രാണം സ പ്രേരയതി പാവകഃ.
പാവകപ്രേരിതഃ സോऽഥ ക്രമാദൂര്ദ്ധ്വപഥേ ചരൻ.
അതിസൂക്ഷ്മധ്വനിം നാഭൌ ഹൃദി സൂക്ഷ്മം ഗലേ പുനഃ.
പുഷ്ടം ശീര്ഷേ ത്വപുഷ്ടഞ്ച കൃത്രിമം വദനേ തഥാ.
ആവിര്ഭാവയതീത്യേവം പഞ്ചധാ കീര്ത്യതേ ബുധൈഃ.
നകാരം പ്രാണനാമാനം ദകാരമനലം വിദുഃ.
ജാതഃ പ്രാണാഗ്നസംയോഗാത്തേന നാദോ അഭിധീയതേ.
രാമായണത്തിൽ അഗ്നിയുടെ സർവസാക്ഷിത്വത്തെ കുറിച്ച് പറയുന്നു,
ത്വമഗ്നേ സർവദേവാനാം ശരീരാന്തരഗോചരഃ.
ത്വം സാക്ഷീ മമ ദേഹസ്ഥസ്ത്രാഹി മാം ദേവസത്തമ.
അഗ്നി എന്നതിന് തീ എന്ന അര്ഥം അല്ലാതെ വ്യത്യസ്ത അര്ഥം
കാണാവുന്നതാണ്..വിഷ്ണു, സൂര്യൻ, അഗ്നികോണാധിപതിഃ എന്ന് അമരകോശകാരനും,
ചിത്രകവൃക്ഷഃ, രക്തചിത്രകഃ, ഭല്ലാതകഃ, നിമ്പുകഃ, പിത്തം, സ്വര്ഗം എന്നീ അര്ഥങ്ങൾ രാജനിഘണ്ടുവും
വിശധീകരിക്കുന്നു.
അന്നത്തിന്റെ പചനം മുതൽ ഇച്ഛാശക്തിയും, പ്രാണശക്തിയും ഇന്ദ്രിയശക്തിയും ദീര്‍ഘായുസ്സും
ബുദ്ധിവൃദ്ധിയും എല്ലാത്തിന്റേയും ആധാരവും
ഈ അഗ്നി തന്നെയാണ്.. സ്വയം പ്രകാശസ്വരൂപനായ
അഗ്നി നമ്മുടെ ഉള്ളിലെ അന്ധകാരത്തെ അകറ്റുന്നതിനൊപ്പം തന്നെ സ്വയം പ്രകാശിച്ച് തനിക്ക് ചുറ്റുമുള്ളതിനേ കൂടി വെളിച്ചത്തിലേക്ക്
നയിക്കുന്ന ഈശ്വരചൈതന്യത്തെ കൂടി നൽകുന്നു.. അതുകൊണ്ട് തന്നെ നിലവിളക്കു കൊളുത്തുമ്പോൾ
തീര്ച്ചയായും അഗ്നിയുടെ ഭാവത്തേയും അറിഞ്ഞു തന്നെ നിലവിളക്കു കൊളുത്തുക.. മനസ്സ് കൊണ്ടും ശരീരം കൊണ്ടും വാക്ക് കൊണ്ടും പ്രവൃത്തി
കൊണ്ടും ഈശ്വരചൈതന്യത്തെ അറിയുവാൻ ജഗത് സ്വരൂപിണിയായ ദേവി അനുഗ്രഹിക്കട്ടെ.. ഹരി ഓം..
No comments:
Post a Comment