Saturday, June 7, 2014

സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......

 സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......



ആയുര്‍വേദപ്രേമികള്‍ ആവേശപൂര്‍വം ഉരിയാടുന്ന പേരാണ് സുശ്രുതന്‍റേത്.കാരണം ആധുനിക ലോകത്ത് സുശ്രുതനോളം അംഗീകാരം കിട്ടിയ മറ്റൊരു ആയുര്‍വേദ ആചാര്യന്‍ ഇല്ല എന്നതുതന്നെ.എന്തായിരിക്കാം ചരകനോ വാഗ്ഭടനോ കിട്ടിയിട്ടില്ലാത്ത ആ അംഗീകാരത്തിന് കാരണം? സുശ്രുത സംഹിതയില്‍ അദ്ദേഹം വിവരിച്ചിരിക്കുന്ന പലതും ആധുനിക വൈദ്യവുമായി ചേര്ന്നു നില്‍ക്കുന്നു. ബൃഹത്ത്രയികള്‍ അന്നറിയപ്പെടുന്ന ചരക സുശ്രുത വാഗ്ഭടന്‍മാര്‍ അവരവരുടെ മേഘലകളില്‍ ആചാര്യന്മാര്‍ ആയിരുന്നു. കായ ചികിത്സയില്‍ ചരകനും ശല്യ ചികിത്സയില്‍ സുശ്രുതനും ആയിരുന്നു പ്രധാനികള്‍.ചരക സുശ്രുത ഗ്രന്ഥങ്ങളെ പഠിച്ച് അവയെ ക്രോടീകരിച്ച് കാലാനുസൃതമായി വാഗ്ഭടന്‍ തന്‍റെ അഷ്ടാംഗ സംഗ്രഹം എഴുതുകയും അതിന്‍റെ ഹൃദയഭാഗങ്ങളെ കോര്‍ത്തിണക്കി പഠിതാക്കള്‍ക്കായി അഷ്ടാംഗ ഹൃദയം എഴുതുകയും ചെയ്തു. സുശ്രുത സംഹിത അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ആയുര്‍വേദത്തിലെ അഷ്ട അംഗങ്ങളും (എട്ട് ശാഖകള്‍) വിവരിക്കപ്പെട്ടിരുന്നെങ്കിലും ശല്യ ചികിത്സയുടെ സാനിദ്ധ്യം സുശ്രുത സംഹിതയെ വേറിട്ടതാക്കി.
ശല്യതന്ത്രം
ശല്യ എന്ന വാക്കിനെ മനസിനും ശരീരത്തിനും ’ആബാധകര’മായത് എന്താണോ അത് എന്നാണ് ആചാര്യന്‍ തന്നെ സൂത്രസ്ഥാനത്തില്‍ വിവരിക്കുന്നത്. ശല്യതന്ത്രത്തിന്‍റെ നിര്‍വചനം പറയുന്ന ആദ്യത്തെ അധ്യായത്തില്‍തന്നെ ഉദാഹരണ സഹിതം ഇപ്രകാരം വിവരിക്കുന്നു.
"ശല്യതന്ത്രം എന്നുപറയുന്നത് ശരീരത്തിലുള്ള പലതരത്തിലുമുള്ള ശല്യങ്ങള്‍-പുല്‍നാമ്പുകള്‍,മരക്കഷ്ണങ്ങള്‍,മണല്‍,കല്ലുകള്‍,ലോഹത്തുണ്ടുകള്‍,മുടി,രോമം,നഖം,പഴുപ്പ്,ദുഷിച്ച വ്രണങ്ങള്‍,ഗര്‍ഭസ്ഥ മൃതശിശു,മുതലായ ’ശല്യ’ങ്ങളെ നീക്കം ചെയ്യുക,പലതരം ശസ്ത്രക്രിയ ഉപകരണങ്ങള്‍,മൂര്‍ച്ചയുള്ള ശസ്ത്രങ്ങള്‍,ക്ഷാരങ്ങള്‍,അഗ്നി മുതലായവ കൊണ്ടുള്ള ചികിത്സകള്‍, വ്രണചികിത്സ മുതലായവ വിവരിക്കുന്ന/പ്രയോഗിക്കുന്ന ശാസ്ത്രമാണ്".
മുകളില്‍ പറഞ്ഞ വിവരണപ്രകാരം ശല്യചികിത്സ എതെങ്കിലും വിധേന ശരീരത്തില്‍ കയറുന്ന അന്യ വസ്തുക്കള്‍ (forign bodies) ആകാം ഉദാഹരണത്തിന് അപകടങ്ങള്‍,യുദ്ധങ്ങള്‍ എന്നിവ മൂലം ശരീരത്തില്‍ തുളച്ച്കയറുകയോ വ്രണങ്ങളുണ്ടാക്കുകയോ ചെയ്യുന്ന വസ്തുക്കള്‍. മറ്റ് ചിലവ ശരീരത്തില്‍ തന്നെയുള്ള മുടി, നഖം മുതലായവ ശരീരത്തിലിരുന്ന് പഴുക്കുമ്പൊഴോ ഉള്ളിലേക്ക് കൊണ്ട്കയറുമ്പോഴൊ ശല്യം എന്ന പേരിന് അര്‍ഹമാകുന്നു. ഗര്‍ഭത്തിലിരിക്കുമ്പോള്‍ മരണപ്പെട്ടുപോകുന്ന ശിശുവോ ഭ്രൂണമോ പുറത്തുപോകാതെ ഇരിക്കുമ്പൊഴോ,ജീവനുള്ള ശിശു പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍ കുടുങ്ങി പുറത്തുവരാതെ അമ്മയുടെ ജീവന് ഭീഷണിയാകുമ്പൊഴോ അതും ശല്യമായി കണക്കാക്കപ്പെടുന്നു.
ഈ നിര്‍വചനത്തില്‍ നേരിട്ട് പറയാത്തതും എന്നാല്‍ ശല്യചികിത്സയുടെ അവിഭാജ്യ ഘടകവുമായ ഏതാനും വസ്തുതകള്‍ കൂടിയുണ്ട്.അവ അസ്ഥി സന്ധികളുടെ ഒടിവ്, കുഴതെറ്റല്‍ എന്നിവയുടെ ചികിത്സ,ശരീരമുഴകളുടെ നീക്കം ചെയ്യല്‍,മൂത്രാശയ കല്ലുകളുടെ ആഹരണ വിദ്യ,അര്‍ശസ്,ഫിസ്റ്റുല, മുതലായവയുടെ ചികിത്സ,അങ്ങനെ ധാരാളം ശസ്ത്രക്രിയ അനു ശസ്ത്രക്രിയ വിദ്യകള്‍ വിവരിച്ചിരിക്കുന്നു.കൂടാതെ ആധുനിക ലോകത്ത് സുശ്രുതാചാര്യന് ശസ്ത്രക്രിയയുടെ പിതാവ് എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്ന പ്ലാസ്ടിക് സര്‍ജറി എന്ന് വിളിക്കപ്പെടുന്ന സന്ധാന കര്‍മ്മ വിധി.ചെവി നഷ്ടപ്പെട്ടയാള്‍ക്ക് ചെവി തുന്നി ചേര്‍ക്കുക, മൂക്ക് നഷ്ട്ടപ്പെട്ടയാള്‍ക്ക് കവിളിലെ മാംസം മുറിച്ചെടുത്ത് മൂക്ക് പുനര്‍ന്നിര്‍മ്മിക്കുക തുടങ്ങിയ വിദ്യകള്‍.അങ്ങനെ നിരവധി ചികിത്സ വിധികള്‍കൊണ്ട് അനുഗ്രഹീതമാണ് സുശ്രുത സംഹിത.
ഇനി ഒരോന്നിലേക്കും കടന്നു ചെല്ലാം......
സുശ്രുത സംഹിതയുടെ താളുകളിലൂടെ ഒരു പ്രക്ഷിണം, ആചാര്യവന്ദനം......
.സുശ്രുതാചാര്യന്‍
ആത്രേയ സമ്പ്രദായമെന്നും ധന്വന്തരി സമ്പ്രദായം എന്നും ആയുര്‍വേദത്തെ രണ്ടായി തിരിക്കാം അതില്‍ സുശ്രുതന്‍ ധന്വന്തരി സമ്പ്രദായതിലെ പ്രധാനിയാണ്.കാശീ രാജാവായിരുന്ന ദിവോദാസ ധന്വന്തരിയുടെ ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.ജീവിത കാലഘട്ടം കൃസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു.
ഇന്ന് ലഭ്യമായ സുശ്രുത സംഹിത മുഴുവന്‍ സുശ്രുതന്‍ ഒറ്റക്ക് എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നില്ല. കാശീരാജാവിന്‍റെ ശിഷ്യന്മാര്‍ എല്ലാരും സ്വന്തമായ സംഹിതകള്‍ രചിച്ചു എന്നും അതിലൊന്നാണ് സുശ്രുത സംഹിത എന്നും സൂത്ര സ്ഥാനത്തില്‍ തന്നെ പറയുന്നുണ്ട്.എങ്കിലും സംഹിതയുടെ മുന്‍ പകര്‍പ്പുകള്‍ (editions) ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ കണക്കാക്കുന്നു.(വൃദ്ധ സുശ്രുതന്‍ എന്നൊരാളെപ്പറ്റി ഒരിടത്ത് വ്യാഖ്യാതാവായ ഡല്‍ഹണന്‍ പരാമര്‍ശിക്കുന്നതാണ് ഇതിനാധാരം.ഒരേ പേരില്‍ രണ്ടാചാര്യന്മാര്‍ ഉണ്ടാകുകയോ രണ്ട് ഗ്രന്ഥങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പൊള്‍ ആദ്യം ഉണ്ടായിരുന്ന ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍’വൃദ്ധ’എന്നുകൂടി ചേര്‍ത്തിരുന്നു.) സുശ്രുത സംഹിതയിലെ അവസാന അധ്യായങ്ങള്‍ അടങ്ങിയ ഉത്തരതന്ത്രം പൂര്‍ണമായും നഷ്ടപ്പെടുകയും പിന്നീട് നാഗാര്‍ജുനന്‍ എഴുതിച്ചേര്‍ത്തതുമാണ്.ഈ വിഷയത്തില്‍ മറ്റൊരു പോസ്റ്റിനുള്ള സാദ്ധ്യത കാണുന്നതിനാല്‍ വിവരണം തല്‍ക്കാലം നിര്ത്തട്ടെ.
ശസ്ത്രക്രിയ
ശസ്ത്രകര്‍മ്മം എന്ന വാക്കാണ് ആയുര്‍വേദത്തില്‍ പൊതുവെ പറയപ്പെടുന്നത്.ശസ്ത്രം എന്നു പറഞ്ഞാല്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ശസ്ത്രം കൊണ്ട് ചെയ്യുന്ന കര്‍മം ശസ്ത്രകര്‍മം. അടിസ്ഥാനമായ ശസ്ത്രകര്‍മങ്ങള്‍ എട്ടുവിധമായി സുശ്രുതന്‍ തിരിക്കുന്നു.
ഛേദനം(ഛേദിക്കല്‍,മുറിച്ചുകളയല്‍,excision) ഉദാഹരണത്തിന് മുഴകള്‍,ഗ്രന്ധികള്‍ മുതലായവ അല്‍പ്പം പോലും ബാക്കി നില്‍ക്കാതെ ഛേദിച്ച്കളയുക.
ഭേദനം (കീറല്‍,insision)പഴുപ്പ് നിറഞ്ഞ മുഴകള്‍, ശരീരഭാഗങ്ങള്‍ മുതലായവ കീറുക.
ലേഘനം (ഉരസല്‍,scraping)
വ്യധനം (തുളക്കുക,puncturing)
ഏഷണി (തുരക്കുക,probing)
ആഹാര്യം (പുറത്തേക്ക് എടുത്തുകളയല്‍,ആഗീരണം ചെയ്യുക,retraction,absorbtion)
വിസ്രാവണം (സ്രവിപ്പിച്ച് കളയുക,blood letting)
സീവനം (തുന്നല്‍,suturing)
മുകളില്‍ പറഞ്ഞ എട്ട് കര്‍മങ്ങള്‍ തന്നെയാണ് ഇന്നും സര്‍ജറിയുടെ അടിസ്ഥാനം എന്നറിയുമ്പോഴാണ് ശരിക്കും സുശ്രുതന്‍റെ മഹത്വം നമുക്ക് മനസിലാവുക.


(കോര്ട്ടസി -ജിഷ്ണു ചന്ദ്രൻ Jishnu Chandran)

3 comments:

  1. http://ayurvedamanjari.blogspot.in/2011/03/blog-post_25.html

    Than you for copy pasting Ayurveda Manjari

    ReplyDelete
  2. മരണത്തിനു മുമ്പേ കാണുന്ന സ്വപ്നങ്ങൾ.
    മരിച്ചവരെ ആലിംഗനം ചെയ്യുക. കഴുതപ്പുറത്തു യാത്ര ചെയ്യുക. വിഷാഹാരങ്ങൾ കഴിക്കുക. കടും ചുവന്ന മാലകൾ ധരിക്കുക. എണ്ണ തേച്ചു നഗ്നനായി നടക്കുക .കണ്ണാടിയിൽ നോക്കുമ്പോൾ തല ഇല്ലന്ന് തോന്നുക.എല്ലാം രണ്ടായി കാണുക. നിഴലിൽ തുളകൾ കാണുക.ചെവി പൊത്തിപിടിക്കുമ്പോൾ സാധാരണ ഉള്ള മുഴക്കം കേൾക്കാതിരിക്കുക. മരങ്ങളെ സ്വർണമായി കാണുക. നടക്കുന്ന സ്ഥലത്തു കാൽപാടുകൾ കാണാതിരിക്കുക.(ഭാഗവതം.10.29,30,31.,സുശ്രുത സംഹിത.30.21,22,23)

    ReplyDelete
  3. മരണത്തിനു മുമ്പേ കാണുന്ന സ്വപ്നങ്ങൾ.
    മരിച്ചവരെ ആലിംഗനം ചെയ്യുക. കഴുതപ്പുറത്തു യാത്ര ചെയ്യുക. വിഷാഹാരങ്ങൾ കഴിക്കുക. കടും ചുവന്ന മാലകൾ ധരിക്കുക. എണ്ണ തേച്ചു നഗ്നനായി നടക്കുക .കണ്ണാടിയിൽ നോക്കുമ്പോൾ തല ഇല്ലന്ന് തോന്നുക.എല്ലാം രണ്ടായി കാണുക. നിഴലിൽ തുളകൾ കാണുക.ചെവി പൊത്തിപിടിക്കുമ്പോൾ സാധാരണ ഉള്ള മുഴക്കം കേൾക്കാതിരിക്കുക. മരങ്ങളെ സ്വർണമായി കാണുക. നടക്കുന്ന സ്ഥലത്തു കാൽപാടുകൾ കാണാതിരിക്കുക.(ഭാഗവതം.10.29,30,31.,സുശ്രുത സംഹിത.30.21,22,23)

    ReplyDelete